Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 24

3065

1439 ദുല്‍ഹജ്ജ് 12

കരക്കെത്തിയപ്പോള്‍ അവര്‍ പറഞ്ഞു; 'നിങ്ങള്‍ നീലവസ്ത്രധാരികളായ മാലാഖമാരാണ്'

എം.എ അബ്ദുല്‍ കരീം, എടവനക്കാട്

അടിമാലിയിലെ ഒരു ആറംഗ കുടുംബം. അയല്‍ക്കാരോട് കുശലം പറഞ്ഞ് അന്തിയുറങ്ങാന്‍ അവര്‍ വീട്ടില്‍ കയറി. നേരം ഇരുട്ടി വെളുത്തപ്പോള്‍ നാട്ടുകാര്‍ സ്തംഭിച്ചുപോയി. വീട് നിന്നിരുന്ന സ്ഥാനത്ത് മണ്‍കൂന മാത്രം. വീടിന്റെ മേല്‍ക്കൂരയും വീട്ടിലെ വാഹനങ്ങളും ഒരിടത്ത് അടിഞ്ഞുകൂടിയിരിക്കുന്നു. വീട്ടുകാര്‍ മണ്ണിനടിയിലും. രണ്ട് കുട്ടികളടക്കം അഞ്ച് പേരെ പുറത്തെടുത്തു. ചേതനയറ്റ ശരീരങ്ങള്‍. ആ മൃതദേഹങ്ങള്‍ ഒരുമിച്ച് കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു. മൃതദേഹങ്ങള്‍ വേര്‍പ്പെടുത്തുന്ന രംഗം നെഞ്ച് പിളര്‍ക്കുന്ന കാഴ്ചയായിരുന്നു.

ഇതെഴുതുമ്പോള്‍ കേരളം പകച്ചുനില്‍ക്കുകയാണ്. പ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഒരുമിച്ച് താണ്ഡവമാടുന്നു. 1924-ലാണ് കേരളക്കര കണ്ട ഏറ്റവും വലിയ പ്രളയം സംഭവിച്ചത്. 1957-ലും '61-ലും വെള്ളപ്പൊക്കം നാശം വിതച്ചെങ്കിലും അവ അത്രത്തോളം ഭീകരമായിരുന്നില്ല. 94 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു പ്രളയം ദുരന്തം തീര്‍ക്കുമ്പോള്‍ നാട് വിറങ്ങലിച്ചു നില്‍ക്കുന്നു. നിലവിളികളും കൂട്ടക്കരച്ചിലുകളും സങ്കട വര്‍ത്തമാനങ്ങളും മാത്രമാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇതുവരെ കിട്ടിയ കണക്കനുസരിച്ച് 39-ല്‍ അധികം പേരുടെ ജീവന്‍ പൊലിഞ്ഞു. അര ലക്ഷത്തിലധികം ആളുകള്‍ വീടു വിട്ട് ഓടിപ്പോയി. അവര്‍ ഇപ്പോള്‍ താമസിക്കുന്നത് ദുരിതാശ്വാസ ക്യാമ്പുകളിലാണ്. 500-ലധികം ക്യാമ്പുകള്‍ സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നു. 12,906 വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നു. വര്‍ഷങ്ങള്‍ അധ്വാനിച്ച്, ചിലര്‍ പതിറ്റാണ്ടുകള്‍ വിയര്‍പ്പൊഴുക്കി പണിത വീടുകള്‍ നിമിഷ നേരംകൊണ്ട് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു. അവയില്‍ പലതും കടംവാങ്ങി കെട്ടിയുണ്ടാക്കിയതാണ്. സ്വന്തം കൂരകള്‍ വെള്ളത്തില്‍ ഒലിച്ചുപോകുന്നത് ചിലര്‍ക്ക് കാണേണ്ടിവന്നു. വീടുവിട്ടിറങ്ങുമ്പോള്‍ ജീവനും ധരിച്ച വസ്ത്രവും മാത്രമാണ് അവരുടെ കൂടെയുണ്ടായിരുന്നത്. നിത്യചെലവിന് ആകെയുണ്ടായിരുന്ന ഓട്ടോറിക്ഷകള്‍ മണ്ണിനടിയിലാണ്. പൂര്‍ണമായി തകരാത്ത വീടുകളില്‍ ചെളിയും മണലും കുമിഞ്ഞുകൂടി കിടക്കുന്നു. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, വീടിന്റെ രേഖകള്‍ തുടങ്ങിയവ ഒലിച്ചുപോയി. ടി.വി, ഫ്രിഡ്ജ്, മിക്‌സി തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളും ഉപയോഗശൂന്യമായി. മരങ്ങള്‍ കടപുഴകി വീണു. 3171 ഹെക്ടറുകളിലെ കൃഷി നശിച്ചു. ചില പാലങ്ങള്‍ രണ്ടായി മുറിഞ്ഞു. ദേശീയ റോഡുകളും പൊതുമരാമത്ത് റോഡുകളും 500 കിലോമീറ്ററിലധികം തകര്‍ന്നു. മലകളില്‍നിന്ന് കൂറ്റന്‍ പാറക്കല്ലുകള്‍ വീടുകള്‍ക്കു മുകളില്‍ പതിച്ചു. ഡാമുകളിലെ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നു. 26 വര്‍ഷത്തിനുശേഷം ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കപ്പെട്ടു. 2 ഡസന്‍ ഡാമുകള്‍ ഒരേസമയം വെള്ളം പുറത്തേക്കൊഴുക്കുന്നു. പല പ്രദേശങ്ങളും പൂര്‍ണമായും ഒറ്റപ്പെട്ടു.

ചരിത്രത്തിലാദ്യമായി പാലക്കാടിനെയും പ്രളയം തേടിയെത്തി. ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങിയ പ്രദേശങ്ങള്‍ ദുരിതത്തിലാണ്. മലയോര പ്രദേശത്ത് കഴിയുന്നവര്‍ അപകട മുനമ്പിലാണ്. പല ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടു.

 

പ്രകൃതി ദുരന്തത്തില്‍ പ്രതീക്ഷയുടെ കൈത്താങ്ങായി ഐ.ആര്‍.ഡബ്ല്യു

നാട് മഹാദുരന്തത്തില്‍ മുങ്ങിത്താഴുമ്പോള്‍, മനസ്സില്‍ നന്മ അവശേഷിക്കുന്ന എല്ലാവരും പരസ്പരം കൈകോര്‍ത്ത് രംഗത്തിറങ്ങിക്കഴിഞ്ഞു. മത-രാഷ്ട്രീയ ഭിന്നതകളൊക്കെ മാറ്റിവെച്ച് ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കൊപ്പം രാഷ്ട്രീയ സംഘടനകളും സന്നദ്ധ സംഘടനകളും ദുരിതബാധിതര്‍ക്കൊപ്പമു്. കഷ്ടപ്പെടുന്നവന്റെ കൈത്താങ്ങാവാന്‍ പ്രതിജ്ഞാബദ്ധരായ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ തുടക്കം മുതലേ ദുരിതബാധിത പ്രദേശങ്ങളില്‍ സജീവമാണ്. ദുരന്തഭൂമികളില്‍ അവര്‍ കര്‍മനിരതരായി ഓടി നടക്കുന്നു; പ്രസ്ഥാന കുടുംബത്തിലെ കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ.

ആഗസ്റ്റ് അഞ്ച് സായാഹ്നം മുതലാണ് മഴ കോരിച്ചൊരിയാന്‍ തുടങ്ങിയത്. അതുാക്കിയ ദുരന്തത്തില്‍നിന്ന് ഇതെഴുതുമ്പോഴും കുട്ടനാടും വയനാടും ഇടുക്കിയും മോചിതമായിട്ടില്ല. തുടങ്ങിവെച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ പിരിച്ചുവിടാന്‍ അധികൃതര്‍ തുനിയുമ്പോള്‍, എങ്ങനെ തിരിച്ചുപോകുമെന്നറിയാതെ ദയനീയമായി പകച്ചുനില്‍ക്കുകയാണ് യഥാര്‍ഥ ഇരകള്‍. ഇവര്‍ക്ക് കൈത്താങ്ങായി അവിശ്രമം പ്രവര്‍ത്തനനിരതരാണ് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരും യുവജന വിഭാഗമായ സോളിഡാരിറ്റിയും വിദ്യാര്‍ഥി വിഭാഗമായ എസ്.ഐ.ഒയും ഐ.ആര്‍.ഡബ്ല്യു സന്നദ്ധസംഘവും. 

ആലപ്പുഴയുടെ കിഴക്കന്‍ പ്രദേശങ്ങളും കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയും ഉള്‍പ്പെടുന്ന കുട്ടനാടിനെ അക്ഷരാര്‍ഥത്തില്‍ ഈ ദുരന്തം വെള്ളത്തില്‍ മുക്കി. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വനിതാ വളന്റിയര്‍മാര്‍ അടക്കമുള്ളവര്‍ ജീവന്‍ പണയപ്പെടുത്തി നെഞ്ചിനൊപ്പം വെള്ളത്തില്‍ നീന്തി വളരെ സാഹസികമായാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അതാണ് ഇവിടെ മരണ സംഖ്യ കുറയാന്‍ മുഖ്യ കാരണമായത്. പരിശീലനം നേടിയ വളന്റിയര്‍മാര്‍ വെള്ളം കയറിയ വീടുകളിലേക്ക് നീന്തിയെത്തി വീട്ടുകാരെ ആശ്വസിപ്പിച്ചു. വലിയ വള്ളങ്ങളില്‍ അവരെ ക്യാമ്പുകളില്‍ എത്തിച്ചു. കുട്ടനാട്ടിലെ അമ്പലപ്പുഴ, ആലപ്പുഴ, കായംകുളം, കഞ്ഞിപ്പാടം, ചമ്പക്കുളം, നെടുമുടി, പള്ളാത്തുരുത്തി എന്നിവിടങ്ങളില്‍നിന്ന് ദുരിതബാധിതരെ രാത്രി 12 മണിയോടെയാണ് ക്യാമ്പിലെത്തിക്കാന്‍ കഴിഞ്ഞത്. സര്‍ക്കാര്‍ ഏജന്‍സിയായ നാഷ്‌നല്‍ ഡിഫന്‍സ് ഫോഴ്‌സും രംഗത്തുണ്ടായിരുന്നു. ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍മാര്‍ രംഗത്തുണ്ടെന്ന് പള്ളാത്തുരുത്തിയില്‍നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വയര്‍ലസ് വഴി മേലുദ്യോഗസ്ഥരോട് പറയുന്നത് കേള്‍ക്കാമായിരുന്നു. 137 ക്യാമ്പുകളില്‍ 2000-ത്തോളം കുടുംബങ്ങളിലെ ആയിരക്കണക്കിന് ആളുകള്‍ക്ക്  കുടിവെള്ളവും ഭക്ഷണവും വസ്ത്രവും മരുന്നും എത്തിക്കുക വളരെ ശ്രമകരമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി മൗണ്ട് ഹിറ പട്ടാമ്പി, വിംസ് എറണാകുളം, ഇന്‍ഫോ പാര്‍ക്ക് എറണാകുളം, ജുമലുല്ലൈലി മലപ്പുറം കൂരിയാട്, ആലപ്പുഴയുടെ സ്വന്തം വോയ്‌സ് ഓഫ് റേഡിയോ, നീര്‍കുന്നം മസ്ജിദുല്‍ ഹിജാബ മഹല്ല് എന്നീ സംഘങ്ങള്‍ ഐ.ആര്‍.ഡബ്ല്യുവുമായി കൈകോര്‍ത്തതോടെ കാര്യങ്ങള്‍ എളുപ്പമായി. വലിയ ബോട്ടുകള്‍ ഓടിയെത്താത്ത ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയ ദ്വീപുകള്‍. അവിടെ കുടുങ്ങിപ്പോയ കുടുംബങ്ങളെ രക്ഷപ്പെടുത്തുന്നതിനാണ് ഐ.ആര്‍.ഡബ്ല്യു തുടക്കം മുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കുടിവെള്ളം പോലും കിട്ടാതെ ഒറ്റപ്പെട്ടുപോയ കുടുംബങ്ങള്‍ക്ക് ആലപ്പുഴയിലെ ജമാഅത്ത് പ്രവര്‍ത്തകര്‍ നടത്തുന്ന ഹുദാ ആശുപത്രിയിലെ ജലശുദ്ധീകരണ ശാലയില്‍നിന്ന് ജാറുകളില്‍ നിറച്ച സീല് ചെയ്ത ശുദ്ധജലം ഇടക്കിടെ എത്തിച്ചു. ക്യാമ്പുകളില്‍ ടാങ്കര്‍ ലോറി വഴിയും മറ്റും നിരന്തരം കുടിവെള്ളമെത്തിച്ചു ഐ.ആര്‍.ഡബ്ല്യുവും സോളിഡാരിറ്റിയും എസ്.ഐ.ഒയും നയിച്ച സംഘം. ഇത്ര കൃത്യമായും വ്യവസ്ഥാപിതമായും മറ്റു സംഘങ്ങള്‍ക്ക് പ്രവര്‍ത്തനം ആസൂത്രണം ചെയ്യാന്‍ സാധിച്ചിരുന്നില്ല.

രോഗപ്രതിരോധത്തിന്റെ ഭാഗമായി ഡോ. അബ്ദുസ്സലാം, ഡോ. ഒ. ബശീര്‍ എന്നിവരുടെ നേതൃത്വത്തില്‍ 7 ഡോക്ടര്‍മാരുടെ മെഡിക്കല്‍ സംഘവുമുായിരുന്നു. 10 മെഡിക്കല്‍ ക്യാമ്പുകള്‍ സജ്ജമാക്കി. ചികിത്സയും മരുന്നും കൃത്യമായി നല്‍കാന്‍ ക്യാമ്പ് അധികൃതര്‍ ശ്രദ്ധിച്ചു.

ദുരിതം വിതച്ച എല്ലാ പ്രദേശങ്ങളിലും ഐ.ആര്‍.ഡബ്ല്യു പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി. മലപ്പുറം അമ്പുമല കോളനിയില്‍ ഒറ്റപ്പെട്ടുപോയ പ്രദേശത്തെ വീട്ടുകാര്‍ക്ക് കുടിവെള്ളവും ഭക്ഷണവുമെത്തിക്കാന്‍ വളന്റിയേഴ്‌സ് നന്നെ പാടുപെട്ടു. ചെങ്കുത്തായ പ്രദേശത്ത് താമസിച്ചിരുന്ന ആദിവാസി കുടുംബങ്ങളെ തിരിഞ്ഞുനോക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഐ.ആര്‍.ഡബ്ല്യു വെല്ലുവിളി സ്വയം ഏറ്റെടുത്തു. പുഴക്കല്‍, നിലമ്പൂര്‍, നമ്പൂരിപ്പെട്ടി, ചെട്ടിയാംപാറ തുടങ്ങിയ പ്രദേശങ്ങളില്‍ ദുരന്തത്തില്‍പെട്ടവരെ മസ്ജിദുന്നൂറില്‍ താമസിപ്പിച്ചു. പള്ളിയില്‍ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കി. കരുവാരകുണ്ട് ജി.എല്‍.പി സ്‌കൂളിലെ ക്യാമ്പിലും പ്രവര്‍ത്തകര്‍ സജീവമായി. വീടുകളില്‍നിന്ന് വെള്ളം ഇറങ്ങിയതോടെ 300-ഓളം ജമാഅത്തെ ഇസ്‌ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവര്‍ത്തകരും അമല്‍ കോളേജിലെ നൂറിലധികം എന്‍.എസ്.എസ് വളന്റിയര്‍മാരും ചേര്‍ന്ന് വീടുകള്‍ ശുദ്ധീകരിച്ച് വാസയോഗ്യമാക്കി. എന്നാല്‍ മഴ തുടരുന്നതിനാല്‍ ചിലയിടങ്ങളില്‍ വീണ്ടും വെള്ളം കയറുകയാണ്. അതുകൊണ്ടുതന്നെ പല വീട്ടുകാരും ക്യാമ്പില്‍ തുടരുന്നു. വെള്ളവും ചളിയും നിറഞ്ഞ മൂലേപാടം പള്ളിയും പ്രവര്‍ത്തകര്‍ വൃത്തിയാക്കി.

സര്‍ക്കാറിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജനങ്ങള്‍ പുലര്‍ത്തിയ ജാഗ്രതയാണ് വയനാട്ടില്‍ അപകടത്തിന്റെ വ്യാപ്തി കുറച്ചത്. എന്നാല്‍ മുണ്ടേരിയില്‍ അപ്രതീക്ഷിതമായി ഉരുള്‍പൊട്ടി. വീടുകള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു. ടെറസില്‍ അഭയം തേടിയ 6 കുടുംബങ്ങളെ  ഐഡിയല്‍ റിലീഫ് വിംഗ് വിദഗ്ധ സംഘം വടം കെട്ടിയും ബോട്ട് ഉപയോഗിച്ചും രക്ഷപ്പെടുത്തി. പൊഴുതന, പനമരം, കോട്ടത്തറ, വെണ്ണിയോട്, മുള്ളംകുഴി, പാടിച്ചിറ, മീനങ്ങാടി തുടങ്ങിയ പ്രദേശങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുടിവെള്ളം, ഭക്ഷണം, വസ്ത്രം എന്നിവ വിതരണം ചെയ്തു. നിരവധി വീടുകള്‍ ശുചീകരിച്ച് വാസയോഗ്യമാക്കി.

രാത്രി 11 മണിയോടെയാണ് പാലക്കാട് സുന്ദരം കോളനിയില്‍ വെള്ളം കയറിയത്. ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍. ഐ.ആര്‍.ഡബ്ല്യുവിന്റ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. മോഡല്‍ ഹൈസ്‌കൂളിലെ 3 ബസ്സുകളില്‍ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഒലവക്കോട് ഗായത്രി മണ്ഡപം, എം.ഇ.എസ് സ്‌കൂള്‍, മോയന്‍സ് ഗേള്‍സ് സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് കമ്പിളിയും പായയും സാമൂഹിക പ്രവര്‍ത്തകനായ അലവി ഹാജി നല്‍കി. സ്ഥലത്തെ വിവിധ സാമൂഹിക സംഘടനകള്‍  ചേര്‍ന്നതോടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലായി.

അതിനിടയില്‍ റോസ് ഗാര്‍ഡന്‍ കോളനി പൂര്‍ണമായും വെള്ളത്തിലായിക്കഴിഞ്ഞിരുന്നു. കോളനിവാസികളെ സുരക്ഷിത സ്ഥാനത്തെത്തിക്കുക ശ്രമകരമായിരുന്നു. മൊത്തം വെള്ളത്തില്‍ മുങ്ങിയ പ്രദേശത്തെ കോളനിവാസികളെ വടം കെട്ടിയും ലൈഫ് ജാക്കറ്റ് ധരിപ്പിച്ചും ബിരിയാണി ചെമ്പുകളില്‍ ഇരുത്തിയുമൊക്കെയാണ് ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍മാര്‍ കരക്കെത്തിച്ചത്. മരണം മുന്നില്‍ കണ്ട് പകച്ചുനിന്നവരില്‍നിന്ന് കരക്കെത്തിയപ്പോള്‍ ഉയര്‍ന്ന നെടുവീര്‍പ്പ് 'നിങ്ങള്‍ നീലവസ്ത്രധാരികളായ മാലാഖമാരാണ്' എന്നായിരുന്നു. നാലു ക്യാമ്പുകളിലായി നൂറുകണക്കിന് ദുരിതബാധിതര്‍ക്ക് കുടിവെള്ളവും ഭക്ഷണവും വസ്ത്രവും മരുന്നും നല്‍കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും രംഗത്തുണ്ടായിരുന്നു.

 

'ഇവരാണ് സാര്‍ ഞങ്ങളുടെ രക്ഷകര്‍'

ഇടുക്കി ഡാം തുറന്നതോടെ ഇരമ്പിയെത്തിയ ചെളിവെള്ളം ആയിരക്കണക്കിന് മനുഷ്യരെയാണ് എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്. ഇവിടെ, കുന്നുകരയിലെ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പ് കെ.വി തോമസ് എം.പി സന്ദര്‍ശിച്ചു. ആ സന്ദര്‍ഭത്തില്‍ ഐ.ആര്‍.ഡബ്ല്യു വളന്റിയേഴ്‌സിനെ ചൂണ്ടി ക്യാമ്പ്‌വാസികള്‍ അദ്ദേഹത്തോട് പറഞ്ഞു: 'ഇവരാണ് സാര്‍ ഞങ്ങളുടെ രക്ഷകര്‍'. ഒമ്പത് മണിക്കു വെള്ളം കയറിയപ്പോള്‍ തന്നെ മൂന്ന് ആംബുലന്‍സുകളുടെ അകമ്പടിയോടെ ഐ.ആര്‍.ഡബ്ല്യു സംഘം അവിടെ ഓടിയെത്തിയിരുന്നു. എല്ലാവരെയും മുന്‍കൂട്ടി തയാറാക്കിയ ക്യാമ്പിലേക്ക് സുരക്ഷിതമായി മാറ്റുകയും ചെയ്തു.

15 ക്യാമ്പുകളിലായി 4000-ത്തോളം ദുരിതബാധിതരാണ് ഇവിടെ എത്തിയത്. അടിയന്തിരമായി രോഗികളെയും പ്രായമായവരെയും ആശുപത്രിയിലും മറ്റും എത്തിക്കേണ്ടതുണ്ടായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ സര്‍ക്കാര്‍ ഏജന്‍സികളും ഭരണകര്‍ത്താക്കളും പകച്ചുനിന്നപ്പോള്‍ ഐ.ആര്‍.ഡബ്ല്യു വിന്റെ ആംബുലന്‍സ് രക്ഷക്കെത്തി.

മുഖ്യമന്ത്രിയുടെ ക്യാമ്പ് സന്ദര്‍ശന സമയം. സര്‍ക്കാര്‍ ആംബുലന്‍സ് സംവിധാനമടക്കം സ്ഥലത്തുണ്ടായിരുന്നിട്ടും ക്യാമ്പില്‍നിന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് രോഗിയെ കൊണ്ടുപോകാന്‍ അവര്‍ തയാറായില്ല. പിന്നീട് സമീപത്തുള്ള ക്യാമ്പിലെ ഐ.ആര്‍.ഡബ്ല്യു ആംബുലന്‍സ് വിളിച്ചുവരുത്തുകയായിരുന്നു.

ഉരുള്‍പൊട്ടലിന്റെ ഭീകര താണ്ഡവത്തില്‍ ഒരു വീട്ടിലെ 5-ഉം മറ്റൊരു വീട്ടിലെ 3-ഉം ജീവനുകള്‍ പൊലിഞ്ഞു. കിടപ്പാടമടക്കം ഒലിച്ചുപോയതു കണ്ട് ജീവിതത്തിനും മരണത്തിനും നടുവില്‍ കഴിയുകയാണ് ഇടുക്കിയിലെ, പ്രത്യേകിച്ച് അടിമാലിയിലെയും പരിസര പ്രദേശങ്ങളിലെയും മനുഷ്യര്‍. ഇടുക്കി ഡാം തുറക്കുക കൂടി ചെയ്തതോടെ കുടിവെള്ള സ്രോതസ്സുകളൊക്കെയും അഴുക്കുചാലുകളായി മാറി. യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് കിണറുകള്‍ ശുദ്ധിയാക്കി കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ഐ.ആര്‍.ഡബ്ല്യു ഇവിടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കമ്പിളി വിതരണവും ഭക്ഷണ വിതരണവുമായി സോളിഡാരിറ്റിയും സജീവമാണ്. ബധിരരും മുകരുമായവരുടെ പൂര്‍ണമായും തകര്‍ന്ന വീടിന്റെ നിര്‍മാണമടക്കമുള്ള കാര്യങ്ങള്‍ സോളിഡാരിറ്റി ഏറ്റെടുത്തത് അവര്‍ക്ക് ആശ്വാസമായി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (12 - 15)
എ.വൈ.ആര്‍

ഹദീസ്‌

ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന വിശ്വാസം
കെ.സി ജലീല്‍ പുളിക്കല്‍