Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 17

3064

1439 ദുല്‍ഹജ്ജ് 05

മണ്ണിട്ട് നികത്തിയ ചരിത്രങ്ങള്‍

മെഹദ് മഖ്ബൂല്‍

മണ്ണിട്ട് നികത്തിയ ചില ചരിത്രങ്ങളുണ്ട്. കഴിഞ്ഞ കാലത്തിന്റെ ഓര്‍മകളാകാന്‍ പോലും അര്‍ഹത കിട്ടാതെ പോയ ആ ചരിത്രങ്ങള്‍, അന്വേഷിക്കുന്ന മനുഷ്യര്‍ ഏതെങ്കിലുമൊരു കാലം ചികഞ്ഞെടുക്കുമെന്നതാണ് സത്യം. എഴുതപ്പെട്ടത് മാത്രം വിശ്വസിച്ച്, നിറം മാറ്റിയ ചരിത്രത്തെ പുണരാന്‍ മനസ്സ് സമ്മതിക്കാതെ നടന്നും ക്ഷീണിച്ചും ചോദിച്ച് കണ്ടെത്തിയും സത്യത്തിന് ഉറവ നല്‍കും ആ അന്വേഷികള്‍. അത്തരമൊരു ശ്രമമാണ് പെന്‍ഡുലം ബുക്‌സ് പുറത്തിറക്കിയ ശിഹാബ് പൂക്കോട്ടൂരിന്റെ 'ആലി മുസ്‌ലിയാര്‍' എന്ന പുസ്തകം. 

പിറന്ന നാടിന്റെ മോചനം കിനാവു കണ്ട് ജീവിതം മറന്ന് പൊരുതിയവര്‍ക്ക് നേരെ കണ്ണ് പൊത്തലായിരുന്നു മുഖ്യധാരാ ചരിത്രങ്ങള്‍ക്ക് പ്രിയം. മലബാറില്‍ ഉറവയെടുത്ത ബ്രിട്ടീഷുകാര്‍ക്കെതിരിലുള്ള പോരാട്ടത്തെ ലഹളയെന്നും കലാപമെന്നുമെല്ലാം പേരുമാറ്റി നോവിക്കുകയായിരുന്നു ചരിത്ര രചയിതാക്കള്‍ ചെയ്തത്. എഴുതപ്പെട്ട ചരിത്രം രൂപം കെടുത്തിയ അനേകരില്‍ ഒരാളായിരുന്നു ആലി  മുസ്‌ലിയാര്‍.

സുവനീറുകളിലും ഒറ്റപ്പെട്ട വ്യക്തികളുടെ പരിശ്രമങ്ങളിലും മാത്രം അവശേഷിക്കുന്ന ചരിത്ര സത്യങ്ങള്‍ മറനീക്കി കൊണ്ടുവരല്‍ ശ്രമകരമാണ്. പലയിടത്തായി  പൊടിപിടിച്ച് കിടക്കുന്ന സ്മാരകങ്ങളിലും പ്രാദേശിക വാമൊഴികളിലും വിശ്രമിക്കുന്ന ചരിത്രം അക്ഷരമാകുന്നു ഈ പുസ്തകത്തില്‍.

മുപ്പതോളം രാജ്യങ്ങളെ അധീനപ്പെടുത്തിയിട്ടുണ്ട് ബ്രിട്ടന്‍. മറ്റു രാജ്യങ്ങളില്‍ വിന്യസിച്ച സൈന്യത്തെ കൂടി മലബാറിലേക്ക് വിളിച്ചുവരുത്തേണ്ടി വന്നു ബ്രിട്ടന് എന്നതില്‍നിന്ന് ഊഹിക്കാവുന്നതേയുള്ളൂ മലബാറില്‍ അക്കാലത്ത് നടന്ന പോരാട്ടം. പക്ഷേ ആ പോരാട്ടവീറുകളെയെല്ലാം അവഗണിച്ചൊതുക്കുകയായിരുന്നു ചരിത്രമെഴുത്തുകാര്‍ ചെയ്തത്.

'രക്തമുറക്കുന്ന പീഡനപര്‍വങ്ങളേറ്റുവാങ്ങി രക്തസാക്ഷിത്വം വരിച്ച ആത്മാഭിമാനികളായ മാപ്പിളമാരെ പില്‍ക്കാലം ഓര്‍ത്തെടുത്തില്ല. ഓര്‍മകളത്രയും തെറ്റായ ചരിത്രനിര്‍മിതിയിലൂടെ രൂപപ്പെടുത്തിയ ഭീതിദമായ ഭാവനകള്‍ മാത്രമായിരുന്നു. സ്വാതന്ത്ര്യ സമരപാഠങ്ങളിലും സ്വാതന്ത്ര്യസമരനേതാക്കളിലും ഉള്‍പ്പെടാന്‍ അര്‍ഹതയില്ലാത്ത വെറും ലഹളക്കാര്‍!  പക്ഷേ യാഥാര്‍ഥ്യം മൂടല്‍മഞ്ഞുകളെ വകഞ്ഞുമാറ്റി തിളങ്ങിയപ്പോള്‍ കാലം കാത്തുവെച്ചത് തികഞ്ഞ അവഗണനകള്‍ മാത്രമായിരുന്നു' എന്ന് രോഷത്തോടെ എഴുതുന്നു ശിഹാബ് പൂക്കോട്ടൂര്‍.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍നിന്ന് അങ്ങനെയങ്ങ് കുടിയൊഴിപ്പിക്കാന്‍ പറ്റുന്ന അധ്യായമല്ല 'മലബാര്‍'. മലബാറിലെ മാപ്പിളമാര്‍ നിരവധി കാലം യൂറോപ്യന്‍ മേധാവിത്വത്തിനെതിരെ പൊരുതി. പറങ്കികളോട് ഏറ്റുമുട്ടി നമ്മുടെ നാടിനെ വിദേശികളില്‍നിന്ന് രക്ഷിക്കാന്‍ മലബാറിലെ കുഞ്ഞാലിമരക്കാര്‍മാരുടെ നേതൃത്വത്തില്‍ എത്രയോ മാപ്പിളമാര്‍ വീരമൃത്യു വരിച്ചിട്ടുണ്ട്. 1500 മുതല്‍ വിദേശ ശക്തികളോട് ഇടതടവില്ലാതെ പോരാടിയതിന്റെ ചരിത്രമുണ്ട് മലബാറിലെ മാപ്പിളമാര്‍ക്ക് പറയാന്‍. കേവലം ലഹളയായും കലാപമായും എടുത്തുചാട്ടമായും മതഭ്രാന്തായും ദേശീയ ചരിത്രമെഴുത്തും ബ്രിട്ടീഷ് ആഖ്യാനങ്ങളും മലബാറിലെ സമരങ്ങളെ അവഹേളിച്ചു. 

മാപ്പിളമാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരില്‍ നടത്തിയ ചാവേറാക്രമണത്തെ 'ഹാലിളകല്‍' എന്ന് പേരിട്ടതിനെപ്പറ്റിയും ഇതിനെ നേരിടാന്‍ 1849-ല്‍ മാപ്പിള ആക്റ്റ് കൊണ്ടുവന്നതിനെ പറ്റിയും പുസ്തകം പറയുന്നുണ്ട്.

ആലി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളെ അത്യധികം ഉന്മേഷത്തോടെ പുസ്തകം വിശദീകരിക്കുന്നു. കുഞ്ഞിക്കമ്മുവില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതും (വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയും കുഞ്ഞിക്കമ്മുവില്‍നിന്നാണ് വിദ്യാഭ്യാസം നേടിയത്) മക്കയില്‍ ഉപരി പഠനത്തിന് പോകുന്നതും ശേഷം ലക്ഷദ്വീപിലെ കവരത്തിയില്‍ മതാധ്യാപകനായി ജോലി ചെയ്യുന്നതുമെല്ലാം പുസ്തകത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്. 'മോല്യാരുപ്പാപ്പ' എന്നായിരുന്നു അദ്ദേഹത്തെ സാധാരണക്കാര്‍ വിളിച്ചിരുന്നത്. ആഹാരം കഴിക്കാന്‍ പോകുമ്പോള്‍ ദരിദ്രരുടെ വീടുകള്‍ക്ക് മുന്‍ഗണന നല്‍കിയ ആലി മുസ്‌ലിയാര്‍ പുകവലിയും വെറ്റിലമുറുക്കും ആദ്യം ശിഷ്യന്മാരിലും ക്രമേണ നാട്ടിലും നിരോധിച്ചു. അയിത്താചാരത്തെയും ജാതി മേധാവിത്വത്തെയും തുറന്നെതിര്‍ത്തു. അങ്ങനെയാണ് ജന്മിമാര്‍ക്ക് ആലി മുസ്‌ലിയാരോട് പകയുാകുന്നത്. ഉയര്‍ന്ന ജാതിക്കാര്‍ വരുമ്പോള്‍ ഇനിയൊരിക്കലും വഴിമാറി നടക്കരുതെന്നും ദൈന്യതയോടെയുള്ള പെരുമാറ്റം നിര്‍ത്തണമെന്നും ആലി മുസ്‌ലിയാര്‍ കുടിയാന്മാരോട് പറഞ്ഞു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെ ഹിന്ദു- മുസ്‌ലിം ലഹളയായി ചിത്രീകരിച്ച് ചരിത്രത്തെ വികൃതമാക്കാനുള്ള ബ്രിട്ടീഷ് ശ്രമങ്ങളെയും പുസ്തകം തുറന്നുകാട്ടുന്നു. ജാലിയന്‍ വാലാബാഗിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ അനേകമിരട്ടി ആളുകളാണ് മലബാറിലെ സ്വാതന്ത്ര്യ സമരങ്ങളില്‍ കൊല്ലപ്പെട്ടത്.

മലബാറിലെ പൂക്കോട്ടൂര്‍, പാണ്ടിക്കാട് പ്രദേശങ്ങളില്‍ നടന്ന പോരാട്ടത്തില്‍ കൊല്ലപ്പെട്ട തങ്ങളുടെ സൈനിക കമാന്റര്‍മാരെ ആരോരുമറിയാതെ മലപ്പുറത്ത് അടക്കം ചെയ്യാന്‍ ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിതരായത് തങ്ങള്‍ക്കുായ പരാജയവും നാശനഷ്ടങ്ങളും മറച്ചുവെക്കാനാകാമെന്ന് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. മണ്ണാഴങ്ങളില്‍ പതിഞ്ഞുകിടക്കുന്ന ചരിത്രസത്യങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നു എന്നതുകൊണ്ടു തന്നെയാണ് ഈ പുസ്തകമൊരു നന്മയാകുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (8 - 11)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസിയുടെ സുരക്ഷിതത്വം
പി.എ സെനുദ്ദീന്‍