Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 17

3064

1439 ദുല്‍ഹജ്ജ് 05

ലിബറലിസം പെണ്ണിനെ വേട്ടയാടുന്ന ആണ്‍കോയ്മയുടെ പ്രത്യയശാസ്ത്രം

പി. റുക്‌സാന

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതി മുതല്‍ തന്നെ ഉദാരവാദം ജീവിത രീതിയായി ഉയര്‍ത്തിക്കാണിക്കപ്പെടുന്നുണ്ട്. മനുഷ്യന്റെ നിര്‍ണയാവകാശം, ശരീരത്തിന്റെ ഉടമസ്ഥാവകാശം, വ്യക്തി സ്വാതന്ത്ര്യം എന്നിവ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഏത് അധികാരത്തെയും ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നും അതിനെ മറികടന്നാലേ യഥാര്‍ഥ മനുഷ്യനാകാനാകൂ എന്നും വാദമുയര്‍ന്നു. ഈ ഘട്ടത്തില്‍ സമാന അടിത്തറകളില്‍ തന്നെയാണ് സ്ത്രീസ്വാതന്ത്ര്യവും സ്ത്രീവിമോചനവും സജീവ ചര്‍ച്ചകളിലേക്ക് വരുന്നത്. 

യൂറോ കേന്ദ്രീകൃതമായിരുന്നു ഇത്തരം ചര്‍ച്ചകള്‍. ലിബറലിസവും ഫെമിനിസവുമെല്ലാം അക്കാദമിക മേഖലയിലേക്ക് കടന്നുവരുന്നത് ഇങ്ങനെയാണ്. യൂറോപ്യര്‍ തങ്ങളുടെ അനുഭവങ്ങളിലും പരിചയത്തിലുമുള്ള സ്വാതന്ത്ര്യം, അവകാശം എന്നീ മാപിനികളുപയോഗിച്ചാണ് ഇത്തരം ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോയത്. ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള പ്രശ്നങ്ങളെ ഇതേ അളവുകോലുപയോഗിച്ച് പുരോഗമനവും പിന്തിരിപ്പനുമായി മുദ്രകുത്തി. തങ്ങളനുഭവിക്കുന്ന മതം, യുക്തി, നിയന്ത്രണങ്ങള്‍ ഇതെല്ലാമാണ് അവരുടെ സിദ്ധാന്തങ്ങളെ രൂപപ്പെടുത്തിയത്. സ്ത്രീ ചിന്തകര്‍ യൂറോപ്യന്‍ സാഹചര്യത്തില്‍ തങ്ങള്‍ ചിന്തിക്കുന്നതനുസരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകളെയും സ്ത്രീ പ്രശ്‌നങ്ങളെയും പഠിക്കാനും മനസ്സിലാക്കാനും ശ്രമിച്ചു. അതുകൊണ്ടുതന്നെ യൂറോകേന്ദ്രീകൃതമായ കൊളോണിയല്‍ ചിന്തകളുടെ സ്വാധീനം ഇത്തരം ചിന്തകളിലെല്ലാം കാണാന്‍ സാധിക്കും. 

യൂറോപ്യര്‍ അപരിഷ്‌കൃതരായി മാറ്റിനിര്‍ത്തിയ കറുത്ത വര്‍ഗക്കാര്‍, ലാറ്റിനമേരിക്കക്കാര്‍, മറ്റ് ഇന്റീജീനസ് വംശങ്ങള്‍, മുസ്ലിംകള്‍ ഇവരെല്ലാം സ്വാതന്ത്ര്യവും മനുഷ്യത്തനിമയും അനുഭവിക്കാത്തവരാണെന്ന നിഗമനത്തിലാണ് ഈ ചിന്തകളും പഠനങ്ങളുമെല്ലാം തുടങ്ങുന്നത്. ഇവരില്‍നിന്നുള്ള സ്ത്രീകളെല്ലാം അടിസ്ഥാനപരമായി തന്നെ അടിച്ചമര്‍ത്തപ്പെട്ടവരും പിന്നാക്കക്കാരുമാണെന്ന നിഗമനത്തില്‍നിന്നാണ് ഫെമിനിസവും അതിന്റെ പഠനങ്ങളും തുടങ്ങിയത്. മാത്രമല്ല, സാമൂഹികമായി വലിയ മൊബിലിറ്റിക്ക് സാധ്യതയുള്ള ഇസ്‌ലാമിനെ പോലുള്ള ആദര്‍ശങ്ങളുടെ സാധ്യതകളും മനസ്സിലാക്കാന്‍ ആധുനികതയുടെ ഉദാരവാദത്തിന് സാധിച്ചില്ല. കൊളോണിയല്‍ അധികാര സങ്കല്‍പങ്ങള്‍ക്കപ്പുറത്ത് പുതിയൊരു അറിവിനെയോ സംസ്‌കാരത്തെയോ ധാര്‍മികതയെയോ വികസിപ്പിക്കാന്‍ ഈ സ്വാധീനങ്ങള്‍ കാരണം ലിബറലിസത്തിന് സാധിച്ചില്ല. സ്ത്രീകളെയും അവരുടെ പ്രശ്നങ്ങളെയും സാധ്യതകളെയും വിലയിരുത്തുന്നതിലും ഇതേ പരാജയം സംഭവിച്ചു. 

യൂറോപ്പ് ഉയര്‍ത്തിയ ആധുനികതയിലും ഉദാര സ്വാതന്ത്ര്യത്തിലും തങ്ങളുടെ ഇടത്തെ കുറിച്ച് കറുത്ത വര്‍ഗക്കാരും വിശ്വാസികളും സ്ത്രീകളും തുടക്കം മുതല്‍ തന്നെ പ്രശ്നങ്ങളുന്നയിച്ചിരുന്നു. ഉദാഹരണത്തിന് ഫെമിനിസത്തിന്റെ കാര്യമെടുക്കുക. നിലവിലെ അധീശവ്യവസ്ഥക്ക് എതിരെന്ന നിലയില്‍ ഫെമിനിസ്റ്റ് ചിന്തകള്‍ക്കുണ്ടായിരുന്ന സാധ്യതയെ, കൊളോണിയല്‍ അധികാര ഘടനയില്‍ പരിമിതപ്പെടുത്തിയതിലൂടെ നഷ്ടപ്പെടുത്തുകയാണ് യൂറോപ്പിലെ ആദ്യകാല ഫെമിനിസ്റ്റുകള്‍ ചെയ്തത്. ആണധികാരത്തെ അംഗീകരിച്ചും നിലനിര്‍ത്തിയുമാണ് ഫെമിനിസം വികസിക്കുന്നതെന്നും ഫീമെയില്‍ നറേറ്റീവ്‌സ് ആണ് ഉണ്ടാകേണ്ടതെന്നും അന്നുതന്നെ സ്ത്രീപക്ഷവാദികള്‍ക്കിടയില്‍ വാദങ്ങളുയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ യൂറോകേന്ദ്രീകൃത ഫെമിനിസത്തിന്റെ സ്ത്രീയില്‍ തങ്ങള്‍ ഉള്‍പ്പെടുന്നില്ലെന്ന വാദവുമായി രംഗത്തെത്തി. തങ്ങളനുഭവിക്കുന്ന സാമൂഹിക, രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ വൈറ്റ് ഫെമിനിസത്തിന് അഭിമുഖീകരിക്കാനാവുന്നില്ലെന്നും അവര്‍ വാദിച്ചു. 

ബ്ലാക്ക് തിയറികളുടെ ഭാഗമായി തുടങ്ങിയ ഇത്തരം വിമര്‍ശങ്ങള്‍ സ്ത്രീയെന്ന സ്വത്വത്തെ കുറിച്ചുള്ള ചിന്തകള്‍ കൂടുതല്‍ സര്‍ഗാത്മകവും വൈവിധ്യമുള്ളതുമാക്കി. അതിലൂടെ മതത്തിന്റെയും വിശ്വാസത്തിന്റെയും പ്രത്യേകിച്ചും ഇസ്‌ലാമിന്റെ പശ്ചാത്തലത്തില്‍ നിന്ന് സ്ത്രീപക്ഷ വായനകളെ സമീപിക്കാനുള്ള പ്രവണതകള്‍ വികസിച്ചു. ആദ്യകാലത്ത് വൈറ്റ് ഫെമിനിസത്തിന്റെ സ്വാധീനം ഇത്തരം ഇസ്‌ലാമിക ചിന്തകളില്‍ കണ്ടിരുന്നെങ്കിലും ഡികൊളോണിയല്‍ സാധ്യതകളെ കുറിച്ച അന്വേഷണങ്ങള്‍ സോഷ്യല്‍ തിയറികളില്‍ വ്യാപകമായതോടെ വൈറ്റ് ഫെമിനിസത്തെ കൃത്യമായി മനസ്സിലാക്കാനും അതിന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് ഇസ്‌ലാമിക തിയോളജിയുടെയും പ്രാക്ടീസിന്റെയും പുതിയ സാധ്യതകള്‍ തേടാനും സാധിച്ചു. 

സ്ത്രീ സ്വാതന്ത്ര്യം, അവളുടെ ആവിഷ്‌കാരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ലിബറലിസം വലിയ വായില്‍ സംസാരിക്കാറുണ്ട്. ഇസ്ലാമടക്കമുള്ള മതങ്ങള്‍ അവര്‍ക്കു മേല്‍ അധികാരഘടനകള്‍ രൂപപ്പെടുത്തുന്നതിനാല്‍,  അത് തിരിച്ചറിഞ്ഞ് ആ ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞ് ഉദാരതയുടെ അനന്തവിശാലതയിലേക്ക് കുതിക്കാനുള്ള ആഹ്വാനങ്ങള്‍ കേരളത്തിലടക്കം പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറു്. ഉദാരവാദത്തിന്റെ തന്നെ ഭാഗമായുള്ള സ്വയം നിര്‍ണയാവകാശങ്ങളും ശരീരത്തിനു മേലുള്ള ഉടമാവകാശവും ലിബറലിസം രൂപീകരിച്ച പ്രത്യക്ഷമല്ലാത്ത അധികാര ഘടനയെ ചോദ്യം ചെയ്യുന്നതുപോലും ലിബറലുകള്‍ അംഗീകരിച്ചില്ല. മുസ്ലിം സ്ത്രീയുടെ പര്‍ദയിടാനുള്ള നിര്‍ണയാവകാശവും തന്റെ ശരീരം മറയ്ക്കാനുള്ള ഉടമാവകാശവും ചര്‍ച്ചയില്‍ വന്നപ്പോള്‍ ഇത് വ്യക്തമായതാണ്. ഇതെല്ലാം നിര്‍ണയിക്കുന്നത് മുസ്ലിം പുരുഷനാണെന്ന വാദമുയര്‍ത്തി മുസ്ലിം സ്ത്രീയെ വീണ്ടും ചിന്തിക്കാന്‍ ശേഷിയില്ലാത്തവളായി മനസ്സിലാക്കുകയാണിവിടെ ലിബറലുകള്‍ ചെയ്തത്. 

മുസ്ലിം പെണ്ണ് അവളുടെ ആവിഷ്‌കാരങ്ങളും ആസ്വാദനങ്ങളും പല രൂപത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും കേരളത്തിലെ ലിബറലുകള്‍ അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നു. തര്‍ത്തീലെന്ന പേരില്‍ ഖുര്‍ആന്‍ പാരായണത്തിന് പുതിയ ആവിഷ്‌കാരം നല്‍കിയ ഇസ്ലാമിക വിദ്യാര്‍ഥിനി പ്രസ്ഥാനം, തങ്ങളുടെ ധാര്‍മിക സദാചാര ചട്ടക്കൂടുകള്‍ക്കകത്തുനിന്ന് കാണുന്ന ലോകത്തെയും സൗന്ദര്യത്തെയും വരയിലൂടെ പ്രദര്‍ശിപ്പിച്ച കാന്‍വാസ്‌കാര്‍ഫ് എന്ന പരിപാടിയും സംഘടിപ്പിച്ചു. ഒരു പടികൂടി കടന്ന് തങ്ങളുടെ സാമൂഹിക-രാഷ്ട്രീയ ദൗത്യം നിര്‍വഹിക്കാന്‍ തെരുവുകളിലിറങ്ങുകയും ചെയ്തു. 

എന്നാല്‍ ഇതിനെയെല്ലാം നിരൂപണം ചെയ്തു മാത്രം ശീലിച്ച ലിബറലുകള്‍ അവരുടെ ലിബറലിടങ്ങളില്‍ തന്നെയുള്ള അധികാര ഘടനകള്‍ തിരിച്ചറിയുന്നില്ല. എവിടെയാണ് ഞങ്ങള്‍ക്കൊരു സേഫ് സോണ്‍ എന്നാണ് സ്ത്രീപക്ഷ ചിന്തകരും സ്ത്രീസ്വാതന്ത്ര്യം ആസ്വദിക്കുന്നു എന്ന് അഹങ്കരിക്കുന്നവരും ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. കുടുംബത്തിലും പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലും തങ്ങള്‍ക്ക് മേല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആണധികാര പ്രയോഗങ്ങളും ലൈംഗികാതിക്രമങ്ങളും തുറന്ന് പറഞ്ഞ് പ്രതിരോധം സൃഷ്ടിക്കാനുള്ള ശ്രമവും ഒപ്പം നടന്നുകൊണ്ടിരിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെയും  അവകാശങ്ങളെയും കുറിച്ച് സംസാരിച്ചവരും അതിനുവേണ്ടി നിലകൊണ്ടവരും അല്ലാത്തവരുമെല്ലാം അതൊക്കെ കൃത്യപ്പെടുത്താന്‍ സദാചാരത്തെയും ധാര്‍മികതയെയും കുറിച്ചുള്ള നിലപാടുകള്‍ വ്യക്തമാക്കേണ്ടി വന്നിരിക്കുകയാണ്. 

എല്ലായ്പ്പോഴും മുസ്ലിം സ്ത്രീയും ഇസ്ലാമും ചര്‍ച്ച ചെയ്യപ്പെട്ടതും അതേക്കുറിച്ച് തീര്‍പ്പിലെത്തിയതും ഇത്തരം നിര്‍ണയങ്ങളിലൂടെയാണ്. സദാചാരം, ധാര്‍മികത, ആണിന്റെ സ്വാതന്ത്ര്യം, ആസ്വാദനം, ശക്തിപ്രയോഗം, പെണ്ണുടല്‍, ലൈംഗികത, കീഴടക്കപ്പെട്ടവള്‍, ഒതുക്കപ്പെട്ടവള്‍ അങ്ങനെ ആശയപരിസരം വിശാലമാക്കപ്പെട്ടുകൊണ്ടേയിരുന്നു. ശിരോവസ്ത്രം, പര്‍ദ, വ്യക്തിനിയമം, പ്രണയം, പ്രവാചക വിവാഹം, ചേലാകര്‍മം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു.

സ്വതന്ത്ര ലൈംഗികത പാപമല്ലെന്നും പെണ്ണുടല്‍ മറച്ചുവെച്ചും മൂടിവെച്ചും രഹസ്യമാക്കി വെക്കുന്നതിനാലാണ് ആണ്‍നോട്ടങ്ങള്‍ അതിന്റെ മേല്‍ അതിക്രമിച്ചു കയറുന്നതെന്നുമായിരുന്നു വാദങ്ങള്‍. സ്ത്രീ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍, ശിരോവസ്ത്രവും പര്‍ദയും അണിഞ്ഞ സ്ത്രീശരീരം മതദേഹമായും മൃതദേഹമായും ചിത്രീകരിക്കപ്പെട്ടത് അങ്ങനെയാണ്. മറച്ചുവെക്കുക എന്നത് ആണധികാരവും തുറന്നിടല്‍ സ്വാതന്ത്ര്യവുമാണെന്ന വാദം ഫെമിനിസ്റ്റുകള്‍ക്കിടയില്‍ ശക്തിപ്പെട്ടു. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പെണ്ണിനാണെന്നും ശിരോവസ്ത്രം തെരഞ്ഞെടുക്കുന്നത് മുസ്ലിം സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണെന്നുമൊക്കെയുള്ള അവതരണങ്ങള്‍ ഒട്ടും വിശ്വസനീയമല്ലെന്നും പുരുഷ താല്‍പര്യങ്ങള്‍ക്കുള്ള ചൂട്ടു പിടിക്കലുകളാണെന്നും വിധിയെഴുതപ്പെട്ടു. സ്ത്രീകളുടെ വസ്ത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ ഒരു വശത്ത് മതാത്മക പുരുഷാധികാര പ്രയോഗമെന്ന് വിളിച്ചപ്പോള്‍, മറുവശത്ത് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെന്നും പഴഞ്ചന്‍ വാദങ്ങളെന്നും പരിഹസിച്ചു. സ്ത്രീകള്‍ ലെഗ്ഗിന്‍സും ജീന്‍സും ധരിക്കരുതെന്ന ഗായകന്‍ യേശുദാസിന്റെയും ജസ്റ്റിസ് ശ്രീദേവിയുടെയും അഭിപ്രായ പ്രകടനങ്ങള്‍ പോലും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളായിത്തീര്‍ന്നത് അങ്ങനെയാണ്. പുരുഷന്‍ ധരിക്കുന്ന വസ്ത്രവും അവന്റെ ഹാവ ഭാവങ്ങളും ആസ്വാദനമേഖലകളും മഹത്വവല്‍ക്കരിക്കപ്പെട്ടതും അവയെ അപ്പാടെ അനുകരിക്കുന്ന സ്ത്രീകള്‍ സ്വതന്ത്രകളായി വ്യാഖ്യാനിക്കപ്പെട്ടതും വിരോധാഭാസമായി ഇന്നും തുടരുന്നു.

മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് മതപാഠശാലാ ക്ലാസ്സില്‍ അധ്യാപകന്‍ നടത്തിയ പരാമര്‍ശം വത്തക്ക സമരത്തില്‍ കൊണ്ടെത്തിച്ചത് ഇത്തരം വാദങ്ങളുടെ തുടര്‍ച്ചയായിരുന്നു. പൊതു ഇടങ്ങളില്‍ ആണ്‍ശരീരങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം അതേ അളവില്‍ തങ്ങള്‍ക്കും അനുവദിക്കുക, അല്ലെങ്കില്‍ ആണ്‍ശരീരം തുറന്നുകാട്ടാനുള്ള അതേ സ്വാതന്ത്ര്യം തങ്ങള്‍ക്കും ലഭ്യമാക്കുക തുടങ്ങിയ ആഹ്വാനങ്ങളായിരുന്നു സമരത്തില്‍ ഉയര്‍ത്തപ്പെട്ടത്. പക്ഷേ, അപ്പോഴും സമരത്തെ അനുകൂലിച്ച് മാറ് തുറന്ന് മുഖംമൂടി ഫോട്ടോക്ക് പോസ് ചെയ്തത് സ്വാതന്ത്ര്യത്തെക്കുറിച്ച ചര്‍ച്ചകളെ വീണ്ടും ആശയക്കുഴപ്പത്തിലാക്കി. ആണ്‍ പെണ്‍ ശരീരങ്ങള്‍ തമ്മില്‍ ഘടനയിലും ധര്‍മത്തിലും വ്യത്യാസമു് എന്ന വസ്തുത അംഗീകരിക്കുന്നത് പെണ്‍ശരീരങ്ങള്‍ക്കുമേല്‍ ആണിന്റെ കടന്നുകയറ്റത്തിന്റെ കാരണമാണെന്ന വാദം ഇത്തരക്കാര്‍ ഉയര്‍ത്തിയിട്ടു്. എന്നാല്‍, ആ വാദത്തിലെ വസ്തുതാവിരുദ്ധതയും അപകടങ്ങളുമാണ് 'മീ ടൂ' കാമ്പയിനിലെ തുറന്നു പറച്ചിലുകളില്‍ കാണാന്‍ സാധിക്കുന്നത്. തങ്ങള്‍ അനുഭവിച്ച സെക്ഷ്വല്‍ ഹരാസ്മെന്റുകളില്‍ ഏറിയ പങ്കും സ്ത്രീ പുരുഷ ശരീരങ്ങള്‍ തമ്മിലുള്ള ജൈവികമായ വ്യത്യാസം തുറന്ന് കാട്ടുന്നതാണ് എന്നത് ഗൗരവപൂര്‍വം ശ്രദ്ധിക്കപ്പെടാതെ പോവുന്നു. 'ശിരോവസ്ത്രങ്ങള്‍ മാറിടത്തിലേക്ക് താഴ്ത്തിയിടുക' എന്ന വിശുദ്ധ ഖുര്‍ആന്റെ പരാമര്‍ശം ആര്‍ക്കും ഏതുവിധേനയും കണ്ടാസ്വദിക്കാന്‍ നിന്നുകൊടുേക്കണ്ടവളല്ല പെണ്ണ് എന്ന സദാചാരപരവും സ്ത്രീപക്ഷപരവുമായ നിലപാടിന്റെ പ്രഖ്യാപനമാണ്. തന്റെ ശരീരം തന്റേതാണെന്നും ഇഷ്ടമുള്ള രീതിയില്‍ ദര്‍ശിക്കാമെന്നുമുള്ള സ്വതന്ത്ര ലൈംഗികതാവാദത്തെയാണ് സദാചാരത്തിന്റെ ധാര്‍മിക വസ്ത്രം കൊണ്ട് ഖുര്‍ആന്‍ പ്രതിരോധിച്ചുനിര്‍ത്തുന്നത്.

ആണ്‍ പെണ്‍ ഇടപഴകലുകള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട് ഇസ്ലാം. പക്ഷേ, പൗരോഹിത്യത്തിന്റെ തിട്ടൂരങ്ങളില്‍ അപരവത്കരിക്കപ്പെടുന്ന സ്ത്രീയെ ഉയര്‍ത്തിക്കാട്ടി മുസ്‌ലിം സ്ത്രീ അടിമയാണെന്ന് വിധിയെഴുതാനാണ് ലിബറല്‍ സ്പേസിലെ 'സ്വാതന്ത്ര്യം നുകരുന്നവര്‍' പലപ്പോഴും ശ്രമിക്കുന്നത്. ഫാറൂഖ് കോളേജില്‍ ആണ്‍പെണ്‍ ഇരിപ്പിടങ്ങളെച്ചൊല്ലിയുള്ള വിവാദത്തില്‍ താലിബാനിസം, മൂരികള്‍, മദ്റസ പോലുള്ള പ്രയോഗങ്ങള്‍ കടന്നുവന്നത് ശ്രദ്ധിക്കുക. 'നിങ്ങള്‍ പുരുഷന്മാരോട് കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അത് രോഗമുള്ള ഹൃദയങ്ങളിലെ രോഗം അധികരിക്കാന്‍ കാരണമാകും. കാര്യങ്ങള്‍ വ്യക്തതയോടെ അവതരിപ്പിക്കുക' തുടങ്ങിയ ഖുര്‍ആനികാശയങ്ങള്‍ ഒരു പെണ്ണിന് നല്‍കുന്ന അന്തസ്സും പ്രൗഢിയും അനിര്‍വചനീയമാണ്. കാര്യങ്ങള്‍ പഠിച്ച് കൃത്യമായും വ്യക്തമായും അവതരിപ്പിക്കണമെന്നും വ്യക്തിത്വം അന്തസ്സുറ്റതാക്കണമെന്നുമുള്ള ആഹ്വാനത്തോടൊപ്പം, ചില പുരുഷന്മാരുടെ ഹൃദയങ്ങളില്‍ രോഗമുണ്ടാകുമെന്നും അത് അധികരിച്ചേക്കാമെന്നുമൊക്കെ  പുരുഷപക്ഷത്തെ പ്രശ്നവല്‍ക്കരിക്കുകയാണ് ഖുര്‍ആന്‍. ആ രോഗം വര്‍ധിപ്പിച്ച് അപകടത്തില്‍പെടാതിരിക്കുക എന്നത് പെണ്ണിന്റെ ബാധ്യതയാണെന്നും ഓര്‍മപ്പെടുത്തുന്നു.

മുഖ്യധാരാ വ്യവഹാരങ്ങളെ വിമര്‍ശനവിധേയമാക്കുകയും സവര്‍ണ ആണ്‍കോയ്മകള്‍ക്കെതിരെയും മുഖ്യധാരാ ഫെമിനിസത്തിനകത്തെ വരേണ്യതക്കെതിരെയും പൊരുതുകയും ചെയ്ത സ്ത്രീ പോരാളികളുടെ വെളിപ്പെടുത്തലുകളില്‍ അവര്‍ നേരിടുന്ന ആശയദാരിദ്ര്യവും മൂല്യരാഹിത്യവുമുണ്ട്. സ്വത്വനിര്‍ണയവും സ്ത്രീവിമോചനവും നിരന്തരം ഉദ്ഘോഷിച്ച് കൂടെ നിന്നവരില്‍നിന്നു തന്നെ അപമാനിക്കപ്പെട്ടതിന്റെ നീറ്റല്‍ ചെറുതല്ല. ലിബറല്‍ വാദങ്ങളുടെ പ്രത്യാഘാതങ്ങളായിക്കൂടി അതിനെ വായിച്ചേ മതിയാകൂ. വെളിപ്പെടുത്തലുകള്‍ ആര്‍ജവത്തില്‍നിന്നുമുണ്ടാകുന്നത് തന്നെയാണ്. പക്ഷേ, തങ്ങള്‍ പറയുകയും മറ്റുള്ളവരുടെ മേല്‍ പ്രയോഗിക്കുകയും ചെയ്ത അതേ ലിബറല്‍ ടൂളുകള്‍ തന്നെയാണ് പുരുഷകാമനകള്‍ പൂര്‍ത്തീകരിക്കാനായി അവരും ഉപയോഗിച്ചത് എന്ന് വെളിപ്പെടുത്തലുകളില്‍നിന്ന് വ്യക്തം. ഹഗ് ചെയ്യാന്‍ വരുന്നവനോടും മദ്യപിക്കാന്‍ കൂടെ വരുന്നോ എന്ന് ചോദിക്കുന്നവനോടും 'നോ' പറയുന്നത് 'കെട്ട' ധാര്‍മികതയും പേറുന്ന പഴഞ്ചന്‍ ആശയങ്ങളുമായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥ ലിബറല്‍ സ്ത്രീകള്‍ക്കുതന്നെയുണ്ടാകുന്നു.  'പ്രോഗ്രസീവ് ആശയങ്ങള്‍ പറഞ്ഞുകൊണ്ട് നിങ്ങള്‍ ബ്ലാക്ക്മെയില്‍ ചെയ്യപ്പെടുന്നു' എന്നാണ് ഇതിനെക്കുറിച്ച് രേഖാരാജ് പറയുന്നത്. ലിബറല്‍ വാദങ്ങള്‍ പുരുഷ ആസ്വാദനത്തിന് വളക്കൂറുള്ള മണ്ണ് സൃഷ്ടിച്ചുകൊടുക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നതെന്നാണ് ഇത് നല്‍കുന്ന പാഠം. അടുത്തിടപഴകിയവരില്‍നിന്നും 'കംഫര്‍ട്ട്' എന്ന് വിധിയെഴുതിയവരില്‍നിന്നും നേരിടേണ്ടിവന്ന 'അതിപുരോഗമന' വഷളത്തരങ്ങള്‍ ലിബറല്‍ ആശയപരിസരങ്ങളുടെ പുഴുക്കുത്തുകളിലേക്കാണ് വെളിച്ചം വീശുന്നത്. താനൊരു പുരുഷനാണ്, ഇതൊക്കെയും സര്‍വസാധാരണം എന്ന ലളിതവല്‍ക്കരണം ആസ്വാദനത്തിനായി പുരുഷന്‍ ഒരുക്കിവെച്ച കെണികളുടെ കൂടി പ്രഖ്യാപനമായിരുന്നു. ഇവിടെ ഇസ്‌ലാമിന്റെ സദാചാര മൂല്യങ്ങള്‍ പത്തരമാറ്റ് തിളക്കത്തില്‍ നമ്മെ വിസ്മയിപ്പിക്കുന്നു. 'നിങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തുക' എന്ന് ആദ്യം ആണിനോടും പിന്നീട് പെണ്ണിനോടും പറഞ്ഞ ഖുര്‍ആന്‍, ലൈംഗിക അരാജകവാദങ്ങളുടെ പ്രഥമ കവാടംതന്നെ അടച്ചുകളയുകയാണ് ചെയ്തത്. നോട്ടത്തില്‍നിന്ന് തുടങ്ങി ലൈംഗികച്ചുവയുള്ള സംസാരത്തിലേക്കും സ്പര്‍ശനത്തിലേക്കും പുരോഗമിക്കുന്ന ആണ്‍ പെണ്‍ സൗഹൃദങ്ങളെ ഏറെ കരുതലോടെയാണ് ഇസ്ലാം സമീപിക്കുന്നത്. സ്വന്തം ഇഛയോടും താല്‍പര്യങ്ങളോടുമുള്ള 

പോരാട്ടമാണ് ഏറ്റവും വലിയ ധര്‍മസമരമെന്ന് (ജിഹാദ്) പഠിപ്പിക്കുന്നു ഇസ്ലാം.

സദാചാരം, ധാര്‍മികത, ലൈംഗികാസ്വാദനം, മനുഷ്യ പ്രകൃതി ഇവയെല്ലാം നീതിയെയും കുടുംബ സാമൂഹിക ഭദ്രതയെയും മുന്‍നിര്‍ത്തിയാണ് ഇസ്ലാം കൃത്യപ്പെടുത്തിയിട്ടുള്ളത്. വ്യക്തിതലത്തില്‍ സദാചാര സീമകളെയും ആണ്‍പെണ്‍ ഇടകലരലിലെ അതിരടയാളങ്ങളെയും കൃത്യമായി നിര്‍ണയിച്ചു നല്‍കുന്ന ഇസ്ലാം ദാമ്പത്യത്തില്‍ പ്രണയത്തിനും ലൈംഗികതക്കും വലിയ പ്രാധാന്യവും കല്‍പിക്കുന്നുണ്ട്. പ്രേമവും കാരുണ്യവും ഞങ്ങള്‍ക്കിടയില്‍ ഊട്ടിയുറപ്പിക്കണമേ എന്ന പ്രണയസാന്ദ്രമായ പ്രാര്‍ഥനയാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് പങ്കാളിയുടെ തൃപ്തിയെക്കൂടി മുഖവിലക്കെടുക്കണമെന്നും ക്ഷമയും അവധാനതയും കാണിക്കണമെന്നും നിങ്ങള്‍ പക്ഷികളെപ്പോലെയാവരുതെന്നും പുരുഷനോട് ഉണര്‍ത്തുന്നുണ്ട് മുഹമ്മദ് നബി (സ). സ്ത്രീയെ പരിഗണിക്കാത്ത പുരുഷ ലൈംഗികതയെയാണ് ഇസ്‌ലാം ഇവിടെ നിരാകരിക്കുന്നത്. തന്റെ നല്ലപാതി തന്നെ കിടപ്പറയിലേക്ക് ക്ഷണിച്ചാല്‍ ക്ഷണം നിരസിക്കരുതെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ആ രാത്രി മുഴുവന്‍ അല്ലാഹുവിന്റെ മലക്കുകള്‍ അവള്‍ക്കെതിരെ ശാപപ്രാര്‍ഥന നടത്തുമെന്നും സ്ത്രീയെയും പഠിപ്പിക്കുന്നു. ആറ് വയസ്സായാല്‍ മക്കളെ മാതാപിതാക്കളില്‍നിന്ന് മാറ്റിക്കിടത്തണമെന്നും ഉച്ചയുടെയും രാത്രിയുടെയും വിശ്രമവേളകളില്‍ അനുവാദം കൂടാതെ മാതാപിതാക്കളുടെ കിടപ്പറകളില്‍ പ്രവേശിക്കരുതെന്നുമുള്ള പാഠങ്ങള്‍ മനുഷ്യന്റെ വികാരവിചാരങ്ങളെ യുക്തിഭദ്രമായി കൈകാര്യം ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രത്തില്‍ നിന്നുള്ളതാണെന്നു കാണാം. ഇതൊക്കെയും പഴഞ്ചനും കാലഹരണപ്പെട്ടതുമായ ആശയങ്ങളാണെന്ന് വ്യാഖ്യാനിക്കാന്‍ തിടുക്കം കാണിക്കുന്നവര്‍ക്കാണ് ചുംബന സമരങ്ങളെ പുരോഗമന പ്രതിരോധമായി വ്യാഖ്യാനിക്കേണ്ടി വരുന്നത്. സ്ത്രീവിരുദ്ധ രാഷ്ട്രീയത്തെയും അധികാരം കൈപ്പിടിയിലൊതുക്കിയ തീവ്ര വലതു രാഷ്ട്രീയത്തെയും എതിര്‍ക്കാനുള്ള സമരപരിപാടി എന്ന് ഉദ്ഘോഷിക്കപ്പെട്ട ചുംബന സമരത്തിന്റെ തുടര്‍ അനുഭവങ്ങള്‍ എത്ര വേഗത്തിലാണ് സ്ത്രീവിരുദ്ധ ഫാഷിസ്റ്റ് പ്രവണതകള്‍ക്കെതിരെയുള്ള പ്രതിരോധങ്ങളെ നിര്‍വീര്യമാക്കിയത് എന്നത് നാം കണ്ടതാണ്. 

ഏതാനും സ്ത്രീ പോരാളികള്‍ക്ക് സഹപ്രവര്‍ത്തകരില്‍നിന്നുായ ലൈംഗികാതിക്രമങ്ങളെ കുറിച്ച തുറന്നുപറച്ചിലുകള്‍ ഉയര്‍ത്തിയ സംവാദ പശ്ചാത്തലം സ്ത്രീ-പുരുഷ ബന്ധങ്ങള്‍, സദാചാരം, അതിരുകള്‍ എന്നിവയെ കുറിച്ചുള്ള ഗൗരവപ്പെട്ട ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (8 - 11)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസിയുടെ സുരക്ഷിതത്വം
പി.എ സെനുദ്ദീന്‍