Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 10

3063

1439 ദുല്‍ഖഅദ് 27

ഉകൈദിര്‍

ഡോ. മുഹമ്മദ് ഹമീദുല്ല

(മുഹമ്മദുന്‍ റസൂലുല്ലാഹ്-66)

അഹ്‌സാബ് യുദ്ധസന്നാഹം മദീനക്കു നേരെ ഉയര്‍ത്തിയ ഭീഷണി ഒഴിഞ്ഞുപോവുകയും ദൂമതുല്‍ ജന്‍ദലിലെ അവസ്ഥകളെക്കുറിച്ച് വിവരം കൃത്യമായി ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഹിജ്‌റ ആറാം വര്‍ഷം മധ്യത്തില്‍ പ്രവാചകന്‍, തന്റെ കൂട്ടത്തിലെ വ്യാപാരപ്രമുഖനായ അബ്ദുര്‍റഹ്മാനുബ്‌നു ഔഫിനെ ദൂമതുല്‍ ജന്‍ദലിലേക്ക് അയക്കുന്നു- എഴുന്നൂറ് പേരോടൊപ്പം. ഒരുപക്ഷേ ഈ മേഖലയെക്കുറിച്ച് കൂടുതല്‍ അറിയുന്നയാള്‍ ഇബ്‌നു ഔഫായിരിക്കാം.1 കല്‍ബ് ഗോത്രക്കാരനായ അസ്വ്ബഗിനെ - അദ്ദേഹം ക്രിസ്ത്യാനിയായിരുന്നു- ചെന്നു കാണാനും അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനും ക്ഷണം സ്വീകരിക്കുന്ന പക്ഷം അദ്ദേഹത്തിന്റെ മകളെ വിവാഹം ചെയ്യാനുമായിരുന്നു ഇബ്‌നു ഔഫിനോട് നിര്‍ദേശിച്ചിരുന്നത്. അസ്വ്ബഗ് ഇസ്‌ലാം സ്വീകരിക്കുകയും അദ്ദേഹത്തിന്റെ മകള്‍ തുമാദിര്‍ അബ്ദുര്‍റഹ്മാനുബ്‌നു ഔഫിന്റെ മക്കളുടെ മാതാവായിത്തീരുകയും ചെയ്തു. കല്‍ബികള്‍ ഉകൈദിറിന്റെ എതിരാളികളായിരുന്നു. അതുകൊണ്ടാണ് അവരുമായി സഖ്യമുണ്ടാക്കിയത്. ഈ വിദൂരദേശത്ത് ഇങ്ങനെയൊരു മുസ്‌ലിം ശക്തികേന്ദ്രം സ്ഥാപിതമായതിനാല്‍ ഈ പ്രദേശത്തിനും മുസ്‌ലിം രാഷ്ട്രത്തിനുമിടയിലുള്ള ഭൂപ്രദേശങ്ങളില്‍ താമസിച്ചിരുന്ന ഗത്വ്ഫാന്‍ പോലുള്ള ശത്രു ഗോത്രങ്ങളുമായി ഒരു ശാക്തിക സന്തുലനത്തില്‍ എത്തിച്ചേരാന്‍- പ്രത്യേകിച്ച് തൊട്ടടുത്തുള്ള മാസങ്ങളില്‍- സാധ്യമായി എന്നത് വലിയ നേട്ടം തന്നെയാണ്. മറ്റൊന്നുകൊണ്ടും ഇത് ഇത്രത്തോളം സാധ്യമാവുമായിരുന്നില്ല.

ഇബ്‌നു ഹമ്പല്‍2, ഇങ്ങനെ എഴുതുന്നു എന്നത് ശരിയാണ്; 'ഉകൈദിറിനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രവാചകന്‍ ഒരു കത്തെഴുതി എന്ന് അദ്ദേഹത്തിന്റെ സേവകനായിരുന്ന അനസ് നമ്മോട് പറഞ്ഞിട്ടുണ്ട്.' പക്ഷേ ഗ്രന്ഥകാരന്‍ കത്തിന്റെ ഉള്ളടക്കമോ തീയതിയോ രേഖപ്പെടുത്തുന്നില്ല. മറ്റു ഗ്രന്ഥകാരന്മാരും ഇതിനെ പരാമര്‍ശിക്കുന്നില്ല. ഹി. ഏഴാം വര്‍ഷം ആദ്യത്തില്‍ പ്രവാചകന്‍ വിദേശ രാജാക്കന്മാര്‍ക്ക് കത്തെഴുതിയിരുന്നു. പക്ഷേ, ഇതിന് കാര്യമായ പ്രയോജനമൊന്നുമുണ്ടായില്ല. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ മക്കാവിജയത്തിന്റെയൊക്കെ ഫലമായി ഇസ്‌ലാമിക ഭരണകൂടത്തെ ആര്‍ക്കും അവഗണിക്കാനാവില്ലെന്ന സ്ഥിതിവിശേഷം വന്നുചേര്‍ന്നു. മാത്രമല്ല, ഖൈബര്‍ മേഖല പിടിച്ചടക്കിയതോടെ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അതിര്‍ത്തി ദൂമതുല്‍ ജന്‍ദലിനോട് അടുക്കുകയും ചെയ്തിരുന്നു. ഹി. ഒമ്പതാം വര്‍ഷം ഹാരിസതുബ്‌നു ഖത്വനും ഹമലു ബ്‌നു സഅ്ദാനയും നേതൃത്വം നല്‍കുന്ന ഒരു കല്‍ബ് ഗോത്ര പ്രതിനിധിസംഘം മദീനയിലെത്തുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. പ്രവാചകന്‍ ഹമലിന് ഒരു കൊടി കൈമാറുകയും ചെയ്തു. സൈനിക ഉത്തരവാദിത്തം നല്‍കിയതിന്റെ അടയാളമാണിത്. മറ്റേ ഗോത്ര നേതാവിന് ഒരു രേഖയും എഴുതി നല്‍കുന്നു. പക്ഷേ, അതിന്റെ ഉള്ളടക്കത്തില്‍ ചില പ്രശ്‌നങ്ങളുണ്ട്. എഴുതി നല്‍കിയ രേഖ ഇങ്ങനെ:

'ദൈവപ്രവാചകന്‍ മുഹമ്മദ് ദൂമതുല്‍ ജന്‍ദല്‍ നിവാസികള്‍ക്കും പരിസരത്തുകാര്‍ക്കും -അവിടെയാണ് ഹാരിസതുബ്‌നു ഖത്വന്റെ കീഴില്‍ കല്‍ബ് ഗോത്രം കഴിയുന്നത്- എഴുതി നല്‍കുന്നത്:

ഞങ്ങളുടേത് ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ വഴി നനക്കുന്ന ഭൂമിയാണ്; നിങ്ങളുടേത് ഈത്തപ്പനത്തോട്ടങ്ങള്‍ നിറഞ്ഞതാണല്ലോ. അരുവിയിലെ വെള്ളം നനക്കുന്ന തോട്ടങ്ങളാണെങ്കില്‍ നികുതി നല്‍കേണ്ടത് പത്തിലൊന്നാണ്; നീര്‍ത്തൊട്ടികളുണ്ടാക്കിയാണ് ജലസേചനം നടത്തുന്നതെങ്കില്‍ നികുതി ഇരുപതിലൊന്ന് മതി. നിങ്ങളുടെ മേഞ്ഞു തിന്നുന്ന കാലികളെ തിരിച്ചുവിളിക്കാന്‍ പറയില്ല. നിങ്ങള്‍ നമസ്‌കാരം നിര്‍വഹിക്കണം, സകാത്ത് നല്‍കണം, എല്ലാം വേണ്ട വിധത്തില്‍ തന്നെ. മേച്ചില്‍സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് തടയപ്പെടുകയില്ല. നിങ്ങളുടെ ഗൃഹോപകരണങ്ങള്‍ നികുതിക്ക് വിധേയവുമല്ല. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുകയാണ്. ഇതിനു പകരം നിങ്ങള്‍ ഞങ്ങളോട് കൂറു പുലര്‍ത്തണം, പരിപൂര്‍ണമായിത്തന്നെ. ഇതിനൊക്കെയും അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ഉറപ്പു നല്‍കപ്പെട്ടതാണ്. ഈ എഴുത്തിന് സാക്ഷി അല്ലാഹുവും മുസ്‌ലിംകളില്‍നിന്ന് അവിടെ ഹാജരുള്ളവരും.'3

ഔദ്യോഗിക സ്വഭാവമുള്ള ഈ കത്ത് അല്‍പം വിചിത്രമാണെന്ന് പറയേണ്ടിവരും. മുസ്‌ലിംകള്‍ക്കും കല്‍ബ് ഗോത്രക്കാര്‍ക്കുമിടയില്‍ യുദ്ധ പശ്ചാത്തലമൊന്നുമില്ല. കല്‍ബ് പ്രതിനിധിസംഘം മദീനയില്‍ പോകുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. അതിനാല്‍ അവരുടെ ഭൂമി പിടിച്ചെടുക്കുക പോലുള്ള പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുന്നില്ല. നാം വിവരിക്കാന്‍ പോകുന്നതുപോലെ, ഉകൈദിര്‍ ബന്ധനസ്ഥനാക്കപ്പെട്ടതിനു ശേഷം അയാളുമായുണ്ടാക്കിയ കരാറിന്റെ അതേ വാക്യങ്ങളാണ് ഈ രേഖയിലും കാണാനാവുക. കല്‍ബിലെ തന്നെ അവാന്തരവിഭാഗമായ ബനൂജിനാബിന് എഴുതിക്കൊടുത്ത കരാറിലെ - ഇതും ഇബ്‌നു സഅ്ദ് ഉദ്ധരിക്കുന്നുണ്ട്- അതേ വാചകങ്ങള്‍ നമുക്ക് മറ്റിടങ്ങളിലും കാണാന്‍ കഴിയുമെന്ന് സാന്ദര്‍ഭികമായി സൂചിപ്പിച്ചുകൊള്ളട്ടെ.4 പ്രവാചകന്‍ ഈ രേഖ എഴുതിക്കൊടുത്തത് ഖത്വനു ബ്‌നു ഹാരിസക്കാണ് (ഇത് നേരത്തേ പറഞ്ഞ ഖത്വന്റെ മകനാണോ, അതോ അയാള്‍ തന്നെയാണോ? പിതാവാര്, മകനാര് എന്ന ആശയക്കുഴപ്പമുണ്ട്). അതില്‍ ഭൂമി പിടിച്ചെടുക്കുന്നതിനെപ്പറ്റി ഒരു സൂചനയുമില്ല. ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുപോകുന്നതിന് ചരക്കു വാഹനമായി ഉപയോഗിക്കുന്ന മൃഗങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതല്ല എന്ന് അതില്‍ പ്രത്യേകം പറയുന്നുണ്ട്. മിക്കവാറും ഹി. ഒമ്പതാം വര്‍ഷമാവണം ഈ രേഖ തയാറാക്കിയിട്ടുണ്ടാവുക.

തബൂക്ക് പടയോട്ടത്തിന് ഏതാനും മാസങ്ങള്‍ കഴിഞ്ഞ് പ്രവാചകന്‍ ഖാലിദു ബ്‌നുല്‍ വലീദിന്റെ നേതൃത്വത്തില്‍ അവിടെനിന്ന് ഒരു സൈന്യത്തെ അയക്കുകയും അവര്‍ ഉകൈദിറിനെ ബന്ധനസ്ഥനാക്കുകയും ചെയ്യുന്നുണ്ട്. ഇബ്‌നു സഅ്ദ് പറയുന്നത്, ഉകൈദിര്‍ ക്രിസ്ത്യാനിയായിരുന്നുവെന്നും ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല എന്നുമാണ്. പക്ഷേ, ഗത്യന്തരമില്ലാതെ തന്റെ കോട്ട വിട്ടുകൊടുക്കാനും നികുതി നല്‍കാനും സമ്മതിച്ചിരുന്നു. പക്ഷേ, അതേ ഗ്രന്ഥകാരന്‍ തന്നെ, ഉകൈദിര്‍ ബിംബാരാധന ഉപേക്ഷിച്ച് ഇസ്‌ലാം സ്വീകരിച്ചിരുന്നുവെന്ന സൂചനയുള്ള കരാര്‍ രേഖയും ഉദ്ധരിക്കുന്നുണ്ട് (ബലാദുരി പറയുന്നത് ഇങ്ങനെയാണ്: ഉകൈദിര്‍ പ്രത്യക്ഷത്തില്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നു. പക്ഷേ, മുസ്‌ലിം സൈന്യം പിന്‍വാങ്ങിയപ്പോള്‍ അയാള്‍ പഴയതിലേക്കു തന്നെ തിരിച്ചുപോയി. പ്രവാചകന്റെ മരണശേഷം കലാപകാരികള്‍ക്കെതിരെയുള്ള നീക്കത്തിനിടെ ഖാലിദുബ്‌നുല്‍ വലീദ് തന്നെ ഉകൈദിറിനെ പിടികൂടുകയും വധിക്കുകയുമാണുണ്ടായത്). തബൂക്കാനന്തരം ഉണ്ടായ സംഭവങ്ങള്‍ ഇബ്‌നു സഅ്ദ് രേഖപ്പെടുത്തുന്നുണ്ട്. രാത്രി വേട്ടക്കിറങ്ങിയ ഉകൈദിറിനെ ഖാലിദുബ്‌നുല്‍ വലീദ് പിടികൂടി. അയാള്‍ക്ക് മുമ്പില്‍ വെച്ച ഉപാധികളായിരുന്നു; അയാളുടെ കോട്ടവാതിലുകള്‍ മുസ്‌ലിംകള്‍ക്കായി തുറന്നുകൊടുക്കണം. എങ്കില്‍ സ്വന്തം ജീവന്‍ രക്ഷിക്കാം. പിന്നെ മദീനയില്‍ ചെന്ന് പ്രവാചകനെ ചെന്നു കാണണം. അദ്ദേഹം യുക്തമായ തിരുമാനമെടുക്കും. മദീനയിലെത്തിയ ഉകൈദിറിന് നബി നല്‍കിയ കരാര്‍5പത്രത്തില്‍, സീലിന് പകരം തന്റെ നഖം കൊണ്ട് ഒരു വര വരക്കുകയാണ് നബി ചെയ്തതെന്ന് പറയപ്പെടുന്നു.6 ആ കരാര്‍പത്രം ഇങ്ങനെ:

'കാരുണ്യവാനും കരുണാനിധിയുമായ ദൈവനാമത്തില്‍ -

ദൈവപ്രവാചകന്‍ മുഹമ്മദ് ഉകൈദിറിന്, അദ്ദേഹം വിഗ്രഹങ്ങളെ ഉപേക്ഷിക്കാനും ഇസ്‌ലാമില്‍ അണിനിരക്കാനും തയാറായ സന്ദര്‍ഭത്തില്‍ എഴുതി നല്‍കുന്നത്. ഇതെഴുതുന്നത് ദൈവത്തിന്റെ ഖഡ്ഗം ഖാലിദു ബ്‌നുല്‍ വലീദിന്റെ സാന്നിധ്യത്തില്‍. ദൂമതുല്‍ ജന്‍ദലിനെയും പരിസര പ്രദേശങ്ങളെയും കുറിച്ചുള്ളതാണിത്.

ഞങ്ങളുടേത് വെള്ളം ശുഷ്‌കമായ ഉപേക്ഷിക്കപ്പെട്ട ഭൂമികളാണ്. ഞങ്ങളുടേത് ആയുധങ്ങളും പടയങ്കികളും കുളമ്പടിയൊച്ചകളും കോട്ടകൊത്തളങ്ങളുമാണ്.

നിങ്ങളുടെ ഭൂമി ഈത്തപ്പനകള്‍ നിറഞ്ഞതും ജലസ്രോതസ്സുകളാല്‍ കൃഷിചെയ്യപ്പെടുന്നതുമാണ്. നിങ്ങളുടെ മൃഗങ്ങളെ പുല്‍മേടുകളില്‍ മേയുന്നത് തടയില്ല. (വലിയ ഈന്തപ്പന മരങ്ങള്‍ക്കേ നികുതി ഈടാക്കുകയുള്ളൂ)7 നിങ്ങള്‍ കൃത്യസമയങ്ങളില്‍ നമസ്‌കാരം നിര്‍വഹിക്കുകയും വേണ്ട രീതിയില്‍ സകാത്ത് നല്‍കുകയും വേണം. അല്ലാഹുവിന്റെ പേരിലുള്ള ഉറപ്പാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. ഇതിനു പകരം, വ്യവസ്ഥകള്‍ നിങ്ങള്‍ നല്ല നിലയില്‍ പാലിക്കണം. ഈ എഴുത്തിന് സാക്ഷി അല്ലാഹുവും പിന്നെ ഇവിടെ ഹാജരുള്ള മുസ്‌ലിംകളും.'8

ഈ രേഖയുടെ ഒറിജിനല്‍ താന്‍ ദൂമതുല്‍ ജന്‍ദലിലെ ഒരു വയോധികന്റെ വീട്ടില്‍ കണ്ടുവെന്നും അതില്‍നിന്ന് താന്‍ പകര്‍ത്തിയതാണെന്നും അബൂ ഉബൈദ് അവകാശപ്പെടുന്നുണ്ടെങ്കിലും, നമുക്ക് തോന്നുന്നത് അബൂഉബൈദിന്റെ കാലമാവുന്നതിനു മുമ്പ് (അദ്ദേഹം മരണപ്പെട്ടത് ഹി. 224-ല്‍) തന്നെ കെട്ടിച്ചമക്കപ്പെട്ട ഒന്നാണിത് എന്നാണ്. അതായത് ഉകൈദിര്‍ മരിച്ച് ഏതാനും തലമുറ കഴിഞ്ഞപ്പോള്‍ തന്നെ ഇത് കെട്ടിച്ചമക്കപ്പെട്ടിരിക്കാം. ഇതിലെ വാക്യങ്ങള്‍ക്ക് ഹാരിസതുബ്‌നു ഖത്വന്‍ എന്നയാള്‍ക്കയച്ച കത്തിലെ വാക്യങ്ങളോടുള്ള സാദൃശ്യം ഇരു കത്തുകളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുണ്ട്.

ഈ രേഖയുടെ കാര്യം വിടാം. സാമൂഹിക താല്‍പര്യങ്ങളുള്ള ചില കാര്യങ്ങള്‍ പറയാം. പ്രവാചകനെ കണ്ടുമുട്ടുമ്പോള്‍ ഉകൈദിര്‍ ഇറാനിയന്‍ ചക്രവര്‍ത്തി സമ്മാനിച്ച സ്വര്‍ണകുരിശും പട്ടുവസ്ത്രങ്ങളും ധരിച്ചിട്ടുണ്ടായിരുന്നു.9 കോട്ട നഷ്ടപ്പെട്ട ശേഷം ഉകൈദിര്‍ ഹീറയില്‍ തന്റെ ബന്ധുക്കളുടെ അടുത്ത് അഭയം തേടി. അവിടെ അദ്ദേഹം മറ്റൊരു കോട്ട നിര്‍മിച്ചു; അതിനു ദൂമതുല്‍ ജന്‍ദല്‍ എന്നു പേരിട്ടു.10

 

ഉനൈന

കല്‍ബിന്റെ മറ്റൊരു താവഴിയാണ് ഉനൈന. ഹിജ്‌റ വര്‍ഷം ഏഴ്, പത്താം മാസം എട്ട് പേരടങ്ങുന്ന ഒരു ഉനൈന പ്രതിനിധിസംഘം മദീന സന്ദര്‍ശിച്ച് തങ്ങളുടെ ഇസ്‌ലാം സ്വീകരണം പ്രഖ്യാപിച്ചതായി ചരിത്ര കൃതികളില്‍ കാണാം. ഇവര്‍ വഴിക്കൊള്ളക്കാരായിരുന്നു. മദീനയില്‍ കുറച്ചു കാലം തങ്ങിയപ്പോഴേക്ക് അവരുടെ ആരോഗ്യം മോശമായി. പ്രവാചകന്‍ അവരെ തന്റെ പെണ്ണൊട്ടകങ്ങള്‍ മേയുന്ന മദീനയുടെ ഒരു പ്രാന്തപ്രദേശത്തേക്ക് അയച്ചു; ഒട്ടകപ്പാല്‍ കുടിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍. ആരോഗ്യം വീണ്ടെടുത്തപ്പോള്‍ ഈ സംഘം ഇടയനെ കൊന്ന് ഒട്ടകങ്ങളുമായി കടന്നുകളഞ്ഞു. അക്രമികള്‍ക്ക് പിന്നാലെ നബി ആളുകളെ വിടുകയും അവരെ പിടിച്ച് മദീനയിലേക്ക് കൊണ്ടുവരികയും ചെയ്തു. അര്‍ഹിക്കുന്ന ശിക്ഷ അവര്‍ക്ക് ലഭിച്ചു.11 കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതേ ഗോത്രശാഖയുമായി അനുരഞ്ജനത്തിന് പ്രവാചകന്‍ ശ്രമം നടത്തി. അവരുടെ നേതാവ് നിഅ്‌യ സുഹൈരിക്ക് ഒരു കത്തെഴുതി. ഇതയാളെ എത്രത്തോളം ചൊടിപ്പിച്ചു എന്ന് ചോദിച്ചാല്‍, നബിയുടെ കത്ത് മുദ്രണം ചെയ്ത തുകല്‍ കൊണ്ട് അയാള്‍ തന്റെ വെള്ളപ്പാത്രത്തിന്റെ ഓട്ടയടക്കുക വരെ ചെയ്തു. വളരെ അപ്രതീക്ഷിതമായി അയാളെത്തേടി ഒരു മുസ്‌ലിം സൈനിക വ്യൂഹമെത്തി. നിഅ്‌യ രക്ഷപ്പെട്ടെങ്കിലും അയാളുടെ മകന്‍ തടവുകാരനാക്കപ്പെട്ടു. പിന്നീട് നിഅ്‌യ ഇസ്‌ലാം ആശ്ലേഷിക്കാനായി മദീനയില്‍ ചെന്നപ്പോള്‍ പ്രവാചകന്‍ അയാള്‍ക്ക് തന്റെ മകനെ തിരിച്ചു നല്‍കുന്നുമുണ്ട്.12

തന്റെ മകളെ അബ്ദുര്‍റഹ്മാനുബ്‌നു ഔഫിന് വിവാഹം ചെയ്തുകൊടുത്ത അല്‍ അസ്വ്ബഗ് അല്‍ കല്‍ബിയെക്കുറിച്ച് നാം നേരത്തേ പറഞ്ഞു. അസ്വ്ബഗ് മരിച്ചപ്പോള്‍ അയാളുടെ മകന്‍ ഇംറുല്‍ ഖൈസിനെ പ്രവാചകന്‍ മേഖലയുടെ പുതിയ നേതാവായി പ്രഖ്യാപിച്ചു. പ്രവാചക വിയോഗത്തിന് തൊട്ടുടനെ ചില ഗോത്രങ്ങളെങ്കിലും കൂറുമാറിയെങ്കിലും ഇംറുല്‍ ഖൈസ് മുസ്‌ലിം പക്ഷത്ത് വിശ്വസ്തതയോടെ ഉറച്ച് നിലകൊണ്ടു.13 കല്‍ബ് എന്ന ഈ വലിയ ഗോത്രവുമായി കൂടുതല്‍ അടുത്ത വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാന്‍ പ്രവാചകന്‍ ഉത്സുകനായിരുന്നുവെന്ന് ചരിത്ര കൃതികളില്‍ പറയുന്നുണ്ട്. പ്രവാചകന്റെ അംബാസഡര്‍മാരില്‍ ഒരാളായ ദിഹ്‌യതുല്‍ കല്‍ബി തന്റെ സഹോദരിയെ പ്രവാചകന് വിവാഹം ചെയ്തുകൊടുക്കാന്‍ തയാറായെങ്കിലും മദീനയിലെത്തും മുമ്പ് ആ സഹോദരി മരണപ്പെടുകയാണുണ്ടായത്. തന്റെ മറ്റൊരു സഹോദരിക്കു വേണ്ടി അദ്ദേഹം വീണ്ടും വിവാഹാന്വേഷണത്തിന് തുനിഞ്ഞെങ്കിലും അവര്‍ മദീനയില്‍ എത്തും മുമ്പ് പ്രവാചകന്‍ ഇഹലോകവാസം വെടിഞ്ഞിരുന്നു.14

 

ജുദാം

ജുദാം ഗോത്രത്തെക്കുറിച്ചും ഏതാനും വാക്കുകള്‍. ഇവര്‍ക്കും ഇസ്‌ലാമുമായി എളുപ്പം ഒത്തുപോകാന്‍ കഴിഞ്ഞിരുന്നില്ല. ഈ നാടോടി ബദുക്കള്‍ പ്രാഗ് ഇസ്‌ലാമിക കാലത്ത് സകല വേണ്ടാത്തരങ്ങളിലും പങ്കാളികളായിരുന്നു. വളരെ ഇരുളടഞ്ഞതായിരുന്നു അക്കാലത്തെ അവരുടെ ചരിത്രം. ഒരു ഉദാഹരണം പറയാം. സൈദുബ്‌നു അംറുബ്‌നു നൗഫല്‍ എന്ന മക്കക്കാരന്‍ പ്രവാചകന്റെ ആഗമനത്തിനു മുമ്പ് വിഗ്രഹാരാധന ഉപേക്ഷിച്ച ആളാണ്. ദൈവിക മതങ്ങളെക്കുറിച്ച് പഠിക്കാനായി അദ്ദേഹം സിറിയയിലേക്ക് പുറപ്പെട്ടു. പക്ഷേ, ജൂതമതമോ ക്രിസ്തുമതമോ അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല. തിരിച്ച് നാട്ടിലേക്ക് മടങ്ങവെ ജുദാം ആവാസ ഭൂമിയിലെത്തിയപ്പോള്‍ അവര്‍ അദ്ദേഹത്തെ കൊന്നുകളയുകയാണുണ്ടായത്.15 തന്റെ യുവത്വകാലത്ത് പ്രവാചകന് പരിചയമുണ്ടായിരുന്നു സൈദിനെ. പ്രവാചകനായതിനു ശേഷവും അദ്ദേഹത്തെ ഓര്‍ക്കാറുണ്ടായിരുന്നു.

ഇവരുടെ ആവാസഭൂമി അറേബ്യയുടെ അങ്ങേയറ്റം വടക്കാണ്. ഇവരുടെ ഒരു ഗ്രാമമായ ഹിസ്വ്മയിലേക്ക് മദീനയില്‍നിന്ന് എട്ട് ദിവസത്തെ വഴിദൂരമുണ്ടായിരുന്നു.16 ഫലസ്ത്വീനിലെ അമ്മാന്‍, മആന്‍ എന്നിവിടങ്ങളിലൊക്കെ ഇവരെ കാണാമായിരുന്നു. ഹിജ്‌റ രണ്ടാം വര്‍ഷം നടന്ന ബദ്ര്‍ യുദ്ധകാലത്ത് ആ സമയം ഫലസ്ത്വീനിലായിരുന്ന അബൂസുഫ്‌യാന് അദ്ദേഹത്തെ പതിയിരുന്നാക്രമിക്കാന്‍ ഒരു മുസ്‌ലിം സൈനിക വ്യൂഹം പുറപ്പെട്ടിട്ടുണ്ടെന്ന് വിവരം നല്‍കിയത് ഒരു ജുദാം ഗോത്രക്കാരനായിരുന്നു.17 മദീനയില്‍നിന്ന് വളരെ വിദൂരത്തായതിനാല്‍ ഇസ്‌ലാമുമായി ഈ ഗോത്രക്കാര്‍ക്ക് നേരില്‍ ബന്ധമുണ്ടാകുന്നത് വളരെക്കഴിഞ്ഞാണ്.

ഹിജ്‌റ എട്ടാം വര്‍ഷം നടന്ന മുഅ്ത യുദ്ധത്തില്‍ ജുദാം ഗോത്രക്കാര്‍ ബൈസാന്റിയന്‍ പക്ഷത്തായിരുന്നു. അല്‍പ്പം കഴിഞ്ഞ് അംറുബ്‌നുല്‍ ആസ്വിനെ ഈ മേഖലയിലേക്ക് നയതന്ത്ര പ്രതിനിധിയായി നിയോഗിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ചെറു സംഘത്തിന് കടന്നുപോകേണ്ടിയിരുന്നത് ജുദാം മേഖലയിലൂടെയായിരുന്നു. അത് അപകടകരമാണെന്ന് തിരിച്ചറിഞ്ഞ അംറ് കൂടുതല്‍ പടയാളികളെ അയച്ചു തരാന്‍ പ്രവാചകനോട് ആവശ്യപ്പെടുകയും പ്രവാചകന്‍ അയച്ചുകൊടുക്കുകയും ചെയ്തു. സുല്‍സുല്‍ (ദാത്തുസ്സലാസില്‍) എന്ന സ്ഥലത്തു വെച്ച് ചെറിയൊരു ഉരസല്‍ മാത്രമേ ഉണ്ടായുള്ളൂ. അംറിന്റെ സംഘം സുരക്ഷിതരായി മദീനയില്‍ തിരിച്ചെത്തി.18

ഹിജ്‌റ ഒമ്പതാം വര്‍ഷം പ്രവാചകന്‍ തബൂക്കിലേക്ക് സൈന്യവുമായി ചെന്നപ്പോള്‍ എതിര്‍പക്ഷമായ ബൈസാന്റിയക്കാരുടെ കൂടെ അപ്പോഴും ഈ ഗോത്രക്കാരുണ്ടായിരുന്നു.19 അതേസമയം പ്രവാചകന്‍ തബൂക്കിലെത്തിയതറിഞ്ഞ് ജുദാം ഗോത്രത്തലവന്‍ മാലിക് അല്‍ ഔഫി (ഇദ്ദേഹം അഹ്മറിന്റെയോ ഉമറിന്റെയോ മകനാണ്) പ്രവാചകനെ കാണാന്‍ വരികയും ഇസ്‌ലാം സ്വീകരിക്കുകയും താഴെപ്പറഞ്ഞ കരാര്‍പത്രിക നേടിയെടുക്കുകയും ചെയ്തു:20

'ദൈവപ്രവാചകന്‍ മുഹമ്മദ് മാലികിനും അദ്ദേഹത്തെ പിന്‍പറ്റുന്ന മുസ്‌ലിംകള്‍ക്കും എഴുതി നല്‍കുന്നത്. ആര്‍ നമസ്‌കാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും മുസ്‌ലിംകളെ പിന്‍പറ്റുകയും പ്രാകൃതാചാരങ്ങളില്‍നിന്ന് വിട്ടുനി ല്‍ക്കുകയും യുദ്ധ മുതലുകളില്‍നിന്ന് അഞ്ചിലൊന്ന് ഏല്‍പ്പിക്കുകയും കടബാധിതര്‍(ഗാരിമീന്‍)ക്കുള്ള വിഹിതം നീക്കിവെക്കുകയും ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും സംരക്ഷണമുണ്ടായിരിക്കും.'

ഇവിടെ പ്രാകൃതാചാരങ്ങള്‍ കൊണ്ട് ഉദ്ദേശ്യം ബഹുദൈവത്വപരമായ അനുഷ്ഠാനങ്ങളാണ്. അതായത് ഇസ്‌ലാം ഉദ്ദേശിക്കുന്നത്, രക്ത ബന്ധത്തിന്റെയോ ദേശത്തിന്റെയോ ഭാഷയുടെയോ അടിസ്ഥാനത്തിലുള്ള ഒരു സമുദായമല്ല; ആ സമുദായത്തെ രൂപപ്പെടുത്തുന്നത് ഒരു ലോകവീക്ഷണമായിരിക്കണം. ജനനം പോലുള്ള യാദൃഛികതകള്‍കൊണ്ട് ലഭിക്കുന്ന ഒന്നാകരുത് 'ദേശത്വം' (ചമശേീിമഹശ്യേ) എന്നത്. അത് ഒരു വ്യക്തിയുടെ ബോധപൂര്‍വമായ തെരഞ്ഞെടുപ്പിലൂടെ ഉണ്ടാകുന്ന ഒന്നാകണം. മേല്‍ ചാര്‍ട്ടറില്‍ കടബാധിതരെക്കുറിച്ച പരാമര്‍ശവും ശ്രദ്ധയര്‍ഹിക്കുന്നു. ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന സാമൂഹിക സുരക്ഷ(9:60)യുടെ ഭാഗമായി ഇതിനെ കാണാം. അതിന്റെ വിശദാംശങ്ങള്‍ മദീനാ ഭരണഘടനയില്‍ ഉണ്ട്. ഇതനുസരിച്ച് സമൂഹത്തെ വിവിധ യൂനിറ്റുകളാക്കി വിഭജിച്ചിരിക്കും. ഈ ഗ്രൂപ്പില്‍ ആരെങ്കിലും വലിയ കടബാധ്യതയില്‍ കുടുങ്ങിയാല്‍ അതില്‍നിന്ന് ആ വ്യക്തിയെ രക്ഷപ്പെടുത്താനുള്ള ചുമതലയും പൊതുഖജനാവിന് വന്നുചേരും. ഈ ഗോത്രവും മേല്‍പ്പറഞ്ഞ സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കണമെന്ന സൂചനയാണ് മേല്‍ ചാര്‍ട്ടറില്‍ നല്‍കുന്നത്.

 (തുടരും)

 

 

കുറിപ്പുകള്‍

1. ഇബ്‌നു ഹിശാം പേ: 991-2, ഇബ്‌നു സഅ്ദ് 2/1, പേ: 64

2. ഇബ്‌നു ഹമ്പല്‍ III, 133, No. 2

3. വസാഇഖ് ചീ. 191

4. അതേ കൃതി No. 192

5. ഇബ്‌നു സഅ്ദ് 2/I പേ: 119-20

6. ഇതൊരു ബാബിലോണിയന്‍ രീതിയാണ്.

7. മഖ്‌രീസിക്ക് മാത്രമാണ് ഈ അഭിപ്രായം.

8. വസാഇഖ് ചീ. 190

9. അബൂഉബൈദ് No. 508

10. മഖ്‌രീസി I, 467, ഇബ്‌നു അസാകിര്‍ - ദിമിശ്ഖ്, I, 422

11. മഖ്‌രീസി I, 467

12. ഇബ്‌നു സഅ്ദ് 2/I, പേ: 67 ഇബ്‌നു ഹിശാം പേ; 998-9

13. വസാഇഖ് No: 235, മഖ്‌രീസി I, 4414

14. ഇബ്‌നു അസാകിര്‍ I, 432

15. മുഹബ്ബര്‍ പേ; 93, ഇബ്‌നു സഅ്ദ് VIII, 115

16. മുഹബ്ബര്‍ പേ: 93

17. യാഖൂത് - ബുല്‍ദാന്‍, ഹിസ്വ്മ (മുഹബ്ബര്‍ പേ: 983 നോക്കുക)

18. മഖ്‌രീസി I, 66

19. ഇബ്‌നു ഹിശാം, പേ; 984

20. മഖ്‌രീസി I, 446

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (3 - 7)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയസ്ഥൈര്യവും കര്‍മനൈരന്തര്യവും
കെ.സി സലീം കരിങ്ങനാട്