Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 10

3063

1439 ദുല്‍ഖഅദ് 27

പ്രീ-പ്രൈമറി വിദ്യാഭ്യാസം ആത്മീയമാകുമ്പോള്‍

സുശീര്‍ ഹസന്‍

കുഞ്ഞ് ഒരത്ഭുതമാണ്. മനുഷ്യന്‍ (അബ്ദ്) എന്ന മഹാത്ഭുതത്തിന്റെ തുടക്കം. അത്ഭുതങ്ങള്‍ സര്‍വസാധാരണമായിരിക്കില്ലല്ലോ; ലോകാത്ഭുതങ്ങളെ കുറിച്ച് നാം പറയുന്നത് പോലെ (സ്വയം തന്നെ മഹാത്ഭുതമായ മനുഷ്യന്‍ നിര്‍മിച്ചതിനെയാണ് നാം ലോകാത്ഭുതം എന്ന് വിശേഷിപ്പിക്കുന്നതെന്നോര്‍ക്കുക). Identical Twins പോലും സമരൂപികളല്ല. ആയതിനാല്‍ ഓരോ കുഞ്ഞും ഭിന്നാത്ഭുതമായി നമുക്ക് ദൃഷ്ടാന്തങ്ങള്‍ പകര്‍ന്ന് നല്‍കുന്നു. Germinal Stage  (ബീജാങ്കുരണ ഘട്ടം-2 വാരം), Embryonic Stage  (ഭ്രൂണ ഘട്ടം - 2 മാസം), Fetal Stage (ഗര്‍ഭ ഘട്ടം - 3-9 മാസങ്ങള്‍),Infancy (ശൈശവ ഘട്ടം - 2 വര്‍ഷം), Childhood (ബാല്യം 3-10 വര്‍ഷം), Adolescence (കൗമാരം 11-21) - ഇവയാണ് വളര്‍ത്തപ്പെടുന്ന ഘട്ടങ്ങള്‍. തര്‍ബിയത്തിന്റെയും തഅ്ദീബിന്റെയും ഘട്ടങ്ങള്‍. പ്രപഞ്ച സ്രഷ്ടാവും മാതാവ്, പിതാവ്, അധ്യാപകന്‍, സമൂഹം എന്നീ രക്ഷിതാക്കളും ചേര്‍ന്നാണ് വളര്‍ത്തുക എന്ന പ്രക്രിയ നടത്തുന്നത്. അപ്പോള്‍ കുഞ്ഞ് വളരുന്നു എന്ന് നാം പറയുന്നു.

ശാരീരികവും ആത്മീയവുമായാണ് വളരുന്നത്. ശരീര വളര്‍ച്ച അതിനാവശ്യമായ ജൈവ ഘടകങ്ങളെ സ്വാംശീകരിച്ച് നടക്കും. അതോടൊപ്പം ആത്മീയാംശങ്ങള്‍ ശരീരവളര്‍ച്ചയുടെ പൂര്‍ണതക്കും സന്തുലിതത്വത്തിനും അത്യാവശ്യവുമാണ്. എങ്കിലും വലിയ അളവില്‍ വളര്‍ച്ച പദാര്‍ഥപരമാണ്. ആത്മീയ വളര്‍ച്ച എന്നു പറയുന്നത് ബുദ്ധി, വികാരം, സാമൂഹിക ശേഷികള്‍ എന്നിവയുടെ ആകത്തുകയാണ്. ശരീരം ദൃശ്യമാണ്. ആത്മാവും അതിന്റെ ഘടകങ്ങളും ദൃശ്യമല്ലാത്തത് കൊണ്ടുതന്നെ അദൃശ്യമായ ഒരു ശക്തി അതിലൊക്കെ ഉള്‍ച്ചേര്‍ന്നതായി നമുക്ക് മനസ്സിലാക്കാന്‍ എളുപ്പമാണ്. ആ അദൃശ്യ ശക്തിയാണ് വിശ്വാസമാകുന്ന ഊര്‍ജം പകരുന്നത്. ആത്മവിശ്വാസം അതിലൊരംശവും ദൈവവിശ്വാസം അതിന്റെ പൂര്‍ണതയുമാണ്.

ശരീരാവയവങ്ങള്‍ക്ക് അവയുടെ ധര്‍മം നിര്‍വഹിക്കാന്‍ ഊര്‍ജമായി വായു, വെളിച്ചം, ഭക്ഷണ-പാനീയങ്ങള്‍ എന്നിവ പോലെ ആത്മാവിനും ഊര്‍ജം ആവശ്യമുണ്ട്. ബുദ്ധിയുടെയും വികാരങ്ങളുടെയും ശേഷികളുടെയും വളര്‍ച്ചക്ക് ആത്മവിശ്വാസവും ദൈവവിശ്വാസവും ചേര്‍ന്ന അറിവും തിരിച്ചറിവും ലഭിക്കുമ്പോള്‍ ആത്മാവ് അതിന്റെ ധര്‍മം നിര്‍വഹിക്കുന്നു. അതിനെ നമുക്ക് ധാര്‍മികത എന്ന് വിളിക്കാം. മനുഷ്യന്റെ ധാര്‍മികതയുടെ വളര്‍ച്ചക്കാവശ്യമായ ഊര്‍ജം പകരുന്ന കൃത്യത്തെ വിദ്യാഭ്യാസം എന്നും വിശേഷിപ്പിക്കാം. അതിനാല്‍Morality, Ethics എന്നിവയൊക്കെ അഭ്യസിക്കപ്പെടുന്ന എല്ലാറ്റിലും വേര്‍പിരിയാതെ ഉായിരിക്കും.

പഠനമാണ് വിദ്യാഭ്യാസത്തിന്റെ കാതല്‍. പഠിക്കുന്നത് വിദ്യാര്‍ഥിയാണ്. അവനില്‍/അവളില്‍ വന്നുചേരുന്ന പരിവര്‍ത്തനത്തെ നമുക്ക് പഠനമെന്നോ പഠന ലക്ഷ്യങ്ങളെന്നോ വിളിക്കാം. എന്ത് പരിവര്‍ത്തനമാണ് വന്നു ചേരേണ്ടത്? എങ്ങനെ പരിവര്‍ത്തനം സാധ്യമാകും? പരിവര്‍ത്തനം വരുത്തുന്നവര്‍ ആരായിരിക്കണം? ഏത് സാഹചര്യമാണ് പരിവര്‍ത്തനത്തിന് സഹായകമാവുക? ഈ കാര്യങ്ങള്‍ വിശദമാക്കുന്ന പാഠ്യപദ്ധതി (Curriculum)  വളരെ പ്രധാനമാണ്. ഈ കാര്യങ്ങളുടെയൊക്കെ ശാസ്ത്രീയ നിര്‍വഹണമാണ് Schooling (മദ്‌റസ).

ആമുഖമായി ഇത്രയും വിവരിച്ചത് ശിശു, വിദ്യാഭ്യാസം, പഠനം, പാഠ്യപദ്ധതി, പാഠശാല എന്നിവയെ കുറിച്ച ധാരണ ശൈശവ വിദ്യാഭ്യാസ ചര്‍ച്ചയില്‍ പ്രഥമവും പ്രധാനവും ആയതുകൊണ്ടാണ്.

 

പാഠ്യപദ്ധതി

പ്രീ സ്‌കൂള്‍ കരിക്കുലവുമായി ബന്ധപ്പെട്ട ധാരാളം അഭിപ്രായങ്ങളും സംവാദങ്ങളും തുടക്കം മുതല്‍ തന്നെ നടന്നിട്ടുണ്ട്. ഉള്ളടക്കവും ബോധനരീതിയുമാണ് ആ ചര്‍ച്ചയുടെ അച്ചുതണ്ട്. കുട്ടികള്‍ക്ക് ഭാരമാവുമോ എന്നത് ആ നിരൂപണത്തിലെ പ്രധാന ചോദ്യമായിരുന്നു. ഒരു ശിശുവിന്റെ പ്രായത്തിനനുസരിച്ച ബുദ്ധിവികാസം, ആശയ വിനിമയ ശേഷി, സാമൂഹിക ശേഷികള്‍, വൈകാരിക പക്വത എന്നിവയാണ് ഈ പ്രായത്തിലെ പഠന നേട്ടങ്ങള്‍ ആവേണ്ടത്. അഥവാ വ്യക്തിവികാസവും പരിവര്‍ത്തനവും നടക്കണം. വ്യക്തിവികാസം അനുസ്യൂത പ്രക്രിയയാണ്. അതിനനുസരിച്ച് പരിവര്‍ത്തനവും ഉണ്ടാവുന്നു. അനുസ്യൂത പ്രക്രിയയുടെ വേഗതയും വിടവും പാഠ്യപദ്ധതിയിലൂടെ ക്രമീകരിക്കണം.

സ്ഥലകാല വ്യക്തി വൈവിധ്യങ്ങളെ വേര്‍തിരിച്ച് അഭിസംബോധന ചെയ്യുന്നതാകണം പാഠ്യപദ്ധതി. ഓരോരുത്തരും മറ്റെല്ലാവരെയും പോലെയാണ്, മറ്റു ചിലരെ പോലെയാണ്, മറ്റാരെയും പോലെയല്ല എന്ന പൊതുതത്ത്വം പാഠ്യപദ്ധതി പരിഗണിക്കണം. ആര്‍ണോള്‍ഡ് ഗസലിന്റെ Developmental Cycle  എന്ന പഠനമനുസരിച്ച് ഈ വൈവിധ്യത്തെ വിശദമാക്കുന്നതിങ്ങനെയാണ്. മൂന്ന് മുതല്‍ ആറ് വയസ്സു വരെ കുട്ടി ആറ് ഘട്ടങ്ങൡലൂടെ കടന്ന് പോവുന്നതായി കാണാം. 1. ഇണക്കമുള്ള സ്വഭാവത്തോടെ 2. അന്തര്‍മുഖ ഭാവത്തോടെ 3. ബഹളമയമായ രീതിയില്‍ 4. സ്ഥിരതയോടെയും കാര്യക്ഷമതയോടെയും 5. രമ്യമായ രീതിയില്‍ 6. വ്യവഹാരങ്ങള്‍ അനിയന്ത്രിതമായ രീതിയില്‍. ഇവിടെ വിദ്യാഭ്യാസ മനഃശ്ശാസ്ത്രം വിഭാവനം ചെയ്യുന്ന സമീകൃതമായ പാഠ്യപദ്ധതിയാണ് നമുക്കാവശ്യം. അതില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് പ്രീ പ്രൈമറി ഘട്ടത്തെ സംബന്ധിച്ച് പ്രധാനമാണ്. നിലവിലെ പാഠ്യപദ്ധതികളെ വിലയിരുത്താനും നിരൂപണം ചെയ്യാനും ഇത്രയും സൂചകങ്ങള്‍ മതിയാവുമെന്ന് കരുതുന്നു.

 

വിദ്യാഭ്യാസ ദര്‍ശനം

ലോകത്തെ മുഴുവന്‍ വിദ്യാഭ്യാസ ദര്‍ശനങ്ങളും ഉന്നത വ്യക്തിത്വത്തെ രൂപപ്പെടുത്തുക എന്നത് ലക്ഷ്യമായി പ്രകടമായും അല്ലാതെയും പറഞ്ഞു വെച്ചിട്ടുണ്ട്. അത് സാധ്യമാക്കാനുള്ള വഴികളും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാഭ്യാസ ചരിത്രം പരിശോധിച്ചാല്‍ ആത്മസാക്ഷാത്കാരം ആണ് ജീവിതലക്ഷ്യം ആയി പറഞ്ഞിട്ടുള്ളത്. ഈ ജീവിതത്തിലെ കര്‍മങ്ങളാണ് വരാനിരിക്കുന്ന ജീവിതത്തെ രൂപപ്പെടുത്തുന്ന നിര്‍ണായക ഘടകം എന്ന വിശ്വാസവും വെച്ചു പുലര്‍ത്തിയിരുന്നു. വിദ്യാഭ്യാസത്തെ ഈ ലക്ഷ്യങ്ങള്‍ നേടാനുള്ള ഉപാധിയായും കണക്കാക്കി.

ഇസ്‌ലാമിക വിദ്യാഭ്യാസ ദര്‍ശനവും ആത്മ പ്രധാനമാണ്. മനുഷ്യന്‍ ശരീരവും ആത്മാവും ചേര്‍ന്നതാണെന്നും അവ രണ്ടിന്റെയും വികാസമാണ് വ്യക്തിത്വ വികാസം എന്ന വിദ്യാഭ്യാസ ലക്ഷ്യം സാക്ഷാത്കരിക്കുക. ആത്മാവിന്റെ വിജയമാണ് മുഖ്യം. ആത്മാവ് എന്നത് ബുദ്ധി, വികാരം, ശേഷികള്‍ എന്നിവയുടെ ആക ത്തുകയും ദൈവിക ഊര്‍ജ സംഭരണിയുമായത് കൊണ്ട് യുക്തി, സ്വഭാവം, പെരുമാറ്റം എന്നിവയുടെ സമീകൃതമായ വികാസവും അതിലൂടെ വ്യക്തിയുടെ പരിവര്‍ത്തനവും സാധ്യമാവണം. പഠനം വ്യക്തിയുടെ പരിവര്‍ത്തനമായും, ജീവിതവും മരണാനന്തര ജീവിതവും ജീവിത വിജയത്തിന്റെ വ്യാഖ്യാനമായും ഇസ്‌ലാമിക വിദ്യാഭ്യാസ ദര്‍ശനം നിരീക്ഷിക്കുന്നു. ആയതിനാല്‍ ശൈശവ വിദ്യാഭ്യാസം തന്നെ ഈ ദര്‍ശനത്തില്‍ രൂപപ്പെടണം. ശരീരവും ആത്മാവും ചേര്‍ന്ന മനുഷ്യനാണ് വിദ്യാഭ്യാസത്തിന്റെ ചര്‍ച്ചാവിഷയം എന്നതാണ് അതിനു കാരണം.

 

ഹെവന്‍സ് ഖുര്‍ആനിക് പ്രീ സ്‌കൂള്‍

Integrated Eduction Council India (IECI) യുടെ നൂതന സംരംഭമായ ഹെവന്‍സ് ഖുര്‍ആനിക് പ്രീ സ്‌കൂള്‍ പുതുതലമുറക്ക് സര്‍ഗാത്മകവും ധാര്‍മികവുമായ ദിശ നല്‍കുന്ന,  ശാസ്ത്രീയമായ പുതിയൊരു കാല്‍വെപ്പാണ്. ശിശുവിന്റെ പ്രായത്തിനനുസരിച്ച ബുദ്ധി വികാസം, ആശയ വിനിമയ ശേഷി, സാമൂഹിക ശേഷികള്‍, വൈകാരിക പക്വത എന്നീ അടിത്തറകളിലാണ് ഹെവന്‍സ് കരിക്കുലം രൂപപ്പെടുത്തിയിട്ടുള്ളത്. ഹെവന്‍സ് കരിക്കുലം വികസിപ്പിക്കുമ്പോള്‍ തന്നെ കേരളത്തിനകത്തും പുറത്തും ധാരാളം പ്രീ സ്‌കൂള്‍ കരിക്കുലം നിലവിലുണ്ടായിരുന്നു. ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ എന്ന പേരില്‍ നിലനില്‍ക്കുന്നവയുടെ കരിക്കുലം ശിശുകേന്ദ്രീകൃതമല്ല എന്നതും സമകാലിക ബോധനരീതികളെ സ്വാംശീകരിക്കാത്തവയാണെന്നതും ഒരു പരിമിതിയാണ്. ഉന്നത വ്യക്തിത്വം എന്ന നിലയില്‍ ഒരു കുട്ടിയെ പ്രാപ്തനാക്കാനുതകുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെടാത്ത മനോഭാവങ്ങളും കാഴ്ചപ്പാടുകളുമാണ്  നമുക്കാവശ്യം. സംഘടനകളുടെയോ മതത്തിന്റെയോ പേരില്‍ രൂപപ്പെടുമ്പോള്‍ അത്തരം ചിന്താഗതികള്‍ ഉണ്ടായാല്‍ ഈ സംവിധാനങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഈ പരിമിതികളെ മറികടക്കാന്‍ ഹെവന്‍സ് ബദ്ധശ്രദ്ധമാണ്. ഖുര്‍ആന്‍ പാരായണ പഠനം, ഭാഷാശേഷികളുടെ പരിശീലനം, സ്വഭാവ പെരുമാറ്റ രീതികളിലെ പ്രാഥമിക ശിക്ഷണം, ബുദ്ധി വികാസത്തെ സഹായിക്കുന്ന നിരീക്ഷണ പരീക്ഷണ പഠനങ്ങള്‍ എന്നീ ഉള്ളടക്കങ്ങള്‍ ഹെവന്‍സ് കരിക്കുലത്തിന്റെ സവിശേഷതയാണ്. ഖുര്‍ആന്‍ പാരായണ പഠനം ദൈവിക വചനങ്ങളെ സ്വീകരിക്കാനും ആദരിക്കാനുമുള്ള അവസരം സൃഷ്ടിക്കുന്നു. ഭാഷാശേഷികളുടെ പരിശീലനം ബഹുഭാഷാ ശേഷികളുടെ വളര്‍ച്ചക്കും  പ്രയോഗത്തിനും വഴികള്‍ തുറക്കുന്നു. സ്വഭാവ-പെരുമാറ്റ രീതികളിലെ പ്രാഥമിക ശിക്ഷണം ബഹുസ്വര സമൂഹത്തില്‍ ഇടപെടാനുള്ള സാമൂഹിക ശേഷികള്‍ നല്‍കുന്നു. നിരീക്ഷണ പരീക്ഷണ പഠനങ്ങള്‍ ബുദ്ധികൂര്‍മതക്കും അന്വേഷണ തൃഷ്ണക്കും മൂര്‍ച്ച കൂട്ടുന്നു. All I need to know I Learned from Kindergarten എന്ന ഗ്രന്ഥത്തില്‍ റോബര്‍ട്ട് ഫല്‍ഗം, ഒരു പ്രീ സ്‌കൂള്‍ ഒരു ശിശുവില്‍ ലഭ്യമാക്കുന്ന കാര്യങ്ങളെ ആശ്രയിച്ചാണ് ജീവിതത്തിന്റെ എല്ലാ അടിസ്ഥാനങ്ങളും രൂപപ്പെടുക എന്ന് വിശദമാക്കുന്നുണ്ട്.

അത്തരം മുഴുവന്‍ അടിസ്ഥാനങ്ങളെയും കാഴ്ച, കേള്‍വി, സ്പര്‍ശനം എന്നീ ഇന്ദ്രിയാനുഭവങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ നല്‍കിക്കൊ് കുട്ടികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഹെവന്‍സ് ഖുര്‍ആനിക് പ്രീ സ്‌കൂളിന്റെ ലക്ഷ്യം. അതിന് വേണ്ടി മാതൃഗുണങ്ങളും ഉത്തമ ശേഷികളും സ്വന്തമാക്കിയ മെന്റേഴ്‌സിന്റെ സേവനം ഉറപ്പുവരുത്തുന്നു്. പ്രായത്തിനനുസരിച്ച് പഠനാന്തരീക്ഷവും പഠനോപകരണങ്ങളും പാഠ്യപുസ്തകങ്ങളും ഹെവന്‍സിന് മാത്രം അവകാശപ്പെടാവുന്ന രീതിയില്‍ ഒരുക്കാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ ശക്തമായ ഒരു ടീമും പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസം സാമൂഹിക നന്മക്ക് എന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങിയ സ്ഥാപനാധികാരികളും ഒരു വര്‍ഷത്തിനകം ഈ പാഠ്യപദ്ധതിയെ സഹര്‍ഷം സ്വാഗതം ചെയ്ത കേരളം, ബംഗ്ലൂരു, പോണ്ടിച്ചേരി, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ നാട്ടുകാരും ഹെവന്‍സിന് നല്‍കുന്ന ഊര്‍ജവും ആവേശവും ചെറുതല്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (3 - 7)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയസ്ഥൈര്യവും കര്‍മനൈരന്തര്യവും
കെ.സി സലീം കരിങ്ങനാട്