Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 03

3062

1439 ദുല്‍ഖഅദ് 20

ഹിംസയുടെ രാഷ്ട്രീയം ഖുര്‍ആനിലൂടെ വായിക്കുമ്പോള്‍

ഖാലിദ് മൂസാ നദ്‌വി

മനുഷ്യന്‍ മനുഷ്യനെ കൊല്ലുക എന്നൊരു ദുഷ്പ്രവണത, നിയമവിരുദ്ധമായ നീക്കം, അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് ചേരാത്ത സമീപനം മനുഷ്യരില്‍നിന്ന് ഉണ്ടാവുമെന്നത് സൃഷ്ടികര്‍മ വേളകളില്‍ തന്നെ നല്‍കപ്പെട്ട മുന്നറിയിപ്പാണ്. ഭൂമിയില്‍ ഒരു പ്രതിനിധിയെന്ന നിലക്ക് മനുഷ്യനെ നിയോഗിക്കാന്‍ പോകുന്നുവെന്ന് (അല്‍ബഖറ 30) അല്ലാഹു പറഞ്ഞ വേളയില്‍ തന്നെ മലക്കുകള്‍ അക്കാര്യം ഉന്നയിച്ചതായി ഖുര്‍ആനില്‍ നമുക്ക് വായിക്കാം. 'കലാപകാരികളെയും ചോര ചിന്തുന്നവരെയും നീ അവിടേക്ക് -ഭൂമിയിലേക്ക്- നിയമിക്കുകയാണോ?' എന്നായിരുന്നു മലക്കുകളുടെ ചോദ്യം (അതേ സൂക്തം).

'ചോര ചിന്തുക' എന്ന ദുഃസ്വഭാവം മനുഷ്യനുണ്ടാവുമെന്ന് മലക്കുകള്‍ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. 'ഖിലാഫത്ത്' എന്ന സ്ഥാനം മനുഷ്യന് നല്‍കുന്ന സ്വാതന്ത്ര്യം 'ചോര ചിന്താന്‍' അവരെ പ്രേരിപ്പിക്കും എന്നതായിരുന്നു മലക്കുകളുടെ നിലപാട്. അധികാരം, സ്ഥാനം, പദവി എന്നിവയൊക്കെയും ആര്‍ക്കായിരിക്കണം എന്ന വിഷയം കിടമത്സരത്തിനും കൈയേറ്റത്തിനും മനുഷ്യനെ പ്രേരിപ്പിക്കും എന്ന് മലക്കുകള്‍ മനസ്സിലാക്കുകയായിരുന്നു.

ഭൂമിയില്‍ നടന്ന ചോര ചിന്തലിന്റെ ചരിത്രം ഖുര്‍ആന്‍ അനാവരണം ചെയ്യുന്നുണ്ട്. ഭൂമിയിലെ അന്യായമായ പ്രഥമ കൊലപാതകം ആദ്യ മനുഷ്യനായ ആദമിന്റെ വീട്ടില്‍ നടന്ന കൊലപാതകമാണ്. ഹാബീല്‍ എന്ന മകന്‍ ഖാബീല്‍ എന്ന മകനാല്‍ കൊല്ലപ്പെട്ടു. കൊലപാതകവും ചോര ചിന്തലും അടിസ്ഥാനപരമായി തിന്മയാണ് എന്ന സന്ദേശം വ്യക്തതയോടെ പ്രകാശിപ്പിക്കുന്നതാണ് ഖുര്‍ആനില്‍ വന്ന ആ സംഭവവിവരണം.

ഖാബീലിന്റെ ഭീഷണി ഹാബീലിനോട് 'നിന്നെ ഞാന്‍ കൊല്ലുകതന്നെ ചെയ്യും' എന്നായിരുന്നു. അതിനോടുള്ള ഹാബീലിന്റെ പ്രതികരണം 'തഖ്‌വ (സൂക്ഷ്മത, ഭയഭക്തി)യുള്ളവരുടെ അപേക്ഷകളേ അല്ലാഹു സ്വീകരിക്കുകയുള്ളൂ' എന്നായിരുന്നു. അല്ലാഹുവിന്റെയടുക്കല്‍ ഖാബീല്‍ തിരസ്‌കൃതനും ഹാബീല്‍ സ്വീകാര്യനും ആയതാണ് തര്‍ക്കത്തിനു കാരണം. തഖ്‌വയുടെ അഭാവമാണ് ഖാബീല്‍ തിരസ്‌കരിക്കപ്പെടാനുള്ള കാരണം. തഖ്‌വയാണ് ഹാബീലിനെ സ്വീകാര്യനാക്കിയ ഘടകം. തഖ്‌വയുടെ അഭാവം കൊണ്ട് നീ നേരിടുന്ന പ്രശ്‌നം പരിഹരിക്കാന്‍ നീ ചോര ചിന്തുകയാണോ എന്നായിരുന്നു ഹാബീല്‍് ഖാബീലിനോട് ചോദിച്ചത്. 'കൊലപാതകം, തഖ്‌വയുടെ വിരുദ്ധ നിലപാട്' എന്ന കാഴ്ചപ്പാട് ഉയര്‍ത്തിയതിനു ശേഷം ഹാബീല്‍ നടത്തുന്ന അടുത്ത പ്രസ്താവന ഇങ്ങനെ വായിക്കാം: ''നീ എനിക്കെതിരെ കൊല ഉദ്ദേശിച്ച് കൈ നീട്ടിയാലും ഞാന്‍ നിന്നെ കൊല്ലാന്‍ വേണ്ടി കൈ ഉയര്‍ത്തുകയില്ല. കാരണം ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു.''

അല്ലാഹുവിനെ കുറിച്ച 'ഖൗഫ്' (ഭയം) ഇല്ലാത്തവരില്‍നിന്നാണ് 'കൊലപാതകം' എന്ന തിന്മ ഉത്ഭവിക്കുന്നത്. നിന്റെ (ഖാബീലിന്റെ) കൈ ഓങ്ങല്‍ തിന്മയാണ്. ആ തിന്മ എന്നില്‍നിന്ന് (ഹാബീല്‍) നീ പ്രതീക്ഷിക്കേണ്ട, ഞാന്‍ തഖ്‌വ(ഭയഭക്തി)യും 'ഖൗഫും' (ദൈവികഭയം) ഉള്ള ദൈവദാസനാണ്.

'ചോര ചിന്തുന്ന' സ്വഭാവം എവിടെ നിന്ന് ഉത്ഭവിക്കുന്നുവെന്ന മത-ധാര്‍മിക പാഠം ആത്മീയ വിദ്യാഭ്യാസമാണ് അല്ലാഹു ഈ സംഭവ വിവരണത്തിലൂടെ നല്‍കുന്നത്. ഇസ്‌ലാം അടിസ്ഥാനപരമായിതന്നെ 'ആക്രമണ സ്വഭാവമുള്ള' മതമാണെന്ന് ഒരു പറ്റം ശത്രുക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്. തികഞ്ഞ അജ്ഞതയാണത്. ഇസ്‌ലാം അടിസ്ഥാനപരമായിതന്നെ 'കൊല്ലുന്ന മാനസികാവസ്ഥ'യെ റദ്ദു ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാണ് ഖുര്‍ആനിന്റെ ഈ മൂല്യവിശകലനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്ന യാഥാര്‍ഥ്യം.

ഖുര്‍ആനിലെ അഞ്ചാം അധ്യായം അല്‍മാഇദയിലെ 27 മുതല്‍ 31 വരെയുള്ള വചനങ്ങളിലാണ് ഈ ചരിത്ര വിശകലനമുള്ളത്. തുടര്‍ന്ന് 32-ാം വചനത്തില്‍ അല്ലാഹു നടത്തുന്ന പ്രഖ്യാപനം ഹിംസയുടെ രാഷ്ട്രീയത്തിനെതിരായ ഉശിരന്‍ പ്രഖ്യാപനം തന്നെയാണ്. 'ഒരാളെ കൊന്നവന്‍, മനുഷ്യ സമൂഹത്തിന്റെ ഘാതകന്‍ തന്നെ. ഒരാളെ ജീവിക്കാനനുവദിച്ചവന്‍ മനുഷ്യ സമൂഹത്തെ ജീവിപ്പിച്ചവന്‍ തന്നെ. കൊലക്ക് പകരം കൊലയായും കലാപം തടുക്കുന്നതിനുമല്ലാതെ ആരും ആരുടെയും ജീവനെടുത്തുകൂടാ' എന്നതാണ് ആ പ്രഖ്യാപനത്തിന്റെ സാരം.

'ഒരാളെ മാത്രമല്ലേ കൊന്നുള്ളൂ, നിങ്ങള്‍ ഒരുപാട് പേരെ കൊന്നില്ലേ?' എന്ന ന്യൂനീകരണത്തെ ഇസ്‌ലാം വിലമതിക്കുന്നില്ല. കൊല്ലപ്പെട്ടവന്‍ അന്യായമായിട്ടാണോ കൊല്ലപ്പെട്ടത് എന്ന ഒറ്റ ചോദ്യമേ ഖുര്‍ആന്‍ ഉയര്‍ത്തുന്നുള്ളൂ. അവന്റെ സമുദായം, ജാതി, മതം, പാര്‍ട്ടി, വര്‍ഗം ഇതൊന്നും ഖുര്‍ആന്‍ അന്വേഷിക്കുന്നില്ല. 'ജീവന്‍ ന്യായമില്ലാതെ ഹനിക്കപ്പെട്ടുകൂടാ' എന്ന വ്യക്തതയുള്ള മൗലികാശയമാണ് ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ജീവന്റെ രാഷ്ട്രീയം ഖുര്‍ആനിന്റെ ഒരു മൗലിക ദര്‍ശനം തന്നെയാണ്. കൊല്ലരുത് എന്നു മാത്രമല്ല ഖുര്‍ആന്‍ പറയുന്നത്, കൊലപാതകം തടയണമെന്നു കൂടിയാണ്. ഹിംസയുടെ രാഷ്ട്രീയത്തിനെതിരെ ജീവന്റെ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കണമെന്നു കൂടിയാണ്. ഒരു മനുഷ്യന്‍ വധിക്കപ്പെടുന്ന അവസ്ഥക്കെതിരെ പ്രതിരോധം തീര്‍ക്കുന്നവര്‍ മനുഷ്യ സമൂഹത്തിന്റെ നിലനില്‍പിനു വേണ്ടി പ്രതിരോധം തീര്‍ക്കുന്നവര്‍ തന്നെയാണ്.

കൊലകള്‍ കൊണ്ട് കലുഷിതമായ ചരിത്രത്തിലെ സാമൂഹിക, രാഷ്ട്രീയ സന്ദര്‍ഭങ്ങളെ ഇസ്‌ലാം അഭിമുഖീകരിച്ചത് പ്രസ്തുത രാഷ്ട്രീയ നിലപാട് പ്രയോഗവത്കരിച്ചുകൊണ്ടാണ്. മികച്ച ഉദാഹരണമായി മൂസാ നബിയുടെ പ്രാസ്ഥാനിക നിലപാടുകളെ നമുക്ക് പരിശോധിക്കാം. കലുഷിതമായിരുന്നു സാഹചര്യം. ഫിര്‍ഔന്‍ എന്ന ഫാഷിസ്റ്റ് രാജാവിന്റെ അനുവാദത്തോടെ വംശീയ കൊലപാതകങ്ങള്‍ നിരന്തരം നടക്കുന്ന സാഹചര്യം. പ്രസ്ഥാന നായകന്‍ മൂസാ നബി പ്രതിനിധീകരിക്കുന്ന ബനൂ ഇസ്രാഈല്‍ സമൂഹവും എതിര്‍കക്ഷിയായ ഖിബ്ത്വികളും തമ്മില്‍ നിരന്തരം സംഘര്‍ഷം നടക്കുന്ന സാഹചര്യം. ഇവിടെയാണ് സംഘര്‍ഷത്തിനിടയില്‍ തന്നെ മൂസാ നബിയുടെ അടിയേറ്റ് ഒരാള്‍ മരിച്ചുവീഴുന്നത്.

ഇങ്ങനെ ഒരാള്‍ മരിച്ചുവീഴാന്‍ ഇടയായതിനെ അതിനിശിതമായാണ് അല്ലാഹു വിമര്‍ശിച്ചിരിക്കുന്നത്. എന്തുകൊണ്ട് ഈ നിശിത നിരൂപണം എന്ന ചോദ്യം നാം നമ്മോട് നിരന്തരം ചോദിക്കേണ്ടതുണ്ട്. പ്രസ്തുത നിശിത നിരൂപണത്തെ ഖുര്‍ആനിന്റെ ഭാഗമായി അല്ലാഹു നമ്മെ പഠിപ്പിച്ചതിന്റെ ലക്ഷ്യമെന്തെന്നത് നമ്മുടെ അന്വേഷണ ബുദ്ധിയെ ക്രിയാത്മകമാക്കേണ്ടതുണ്ട്.

വിശുദ്ധ ഖുര്‍ആനിലെ 28-ാം അധ്യായമായ അല്‍ ഖസ്വസ്വിലെ 15 മുതല്‍ 17 വരെ വചനങ്ങളായിട്ട് നമുക്കത് വായിക്കാവുന്നതാണ്. രണ്ടാളുകള്‍ക്കിടയിലാണ് സംഘര്‍ഷം. ഒരാളെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് 'മൂസായുടെ കക്ഷി' എന്നും രണ്ടാമത്തെ ആളെക്കുറിച്ച് പറയുന്നത് 'ശത്രു കക്ഷി' എന്നുമാണ്. മൂസായുടെ കക്ഷി, ശത്രു കക്ഷിക്കെതിരെ മൂസാ എന്ന ചെറുപ്പക്കാരന്റെ, യുവനേതാവിന്റെ സഹായം തേടി എന്നും വിവരണത്തില്‍ നമുക്ക് വായിക്കാം. മൂസാ എന്ന യുവനേതാവ് സംഘര്‍ഷത്തില്‍ ഇടപെടുകയും എതിരാളിയെ ഇടിച്ചുവീഴ്ത്തുകയും ചെയ്തു; ഇടിയുടെയും വീഴ്ചയുടെയും ആഘാതത്തില്‍ ശത്രു മരിച്ചുകഴിഞ്ഞിരുന്നു. ഖുര്‍ആന്‍ അതിനെ വിശേഷിപ്പിക്കുന്നത് 'പൈശാചിക പ്രവര്‍ത്തനം' എന്നാണ്. പ്രസ്തുത സംഭവത്തെ മുന്‍നിര്‍ത്തി അല്ലാഹുവോട് പാപമോചന പ്രാര്‍ഥന (ഇസ്തിഗ്ഫാര്‍) നടത്തുകയാണ് മൂസാ നബി ചെയ്യുന്നത്. അല്ലാഹു പാപമോചന പ്രാര്‍ഥന സ്വീകരിക്കുകയും മൂസാ നബിക്ക് പൊറുത്തുകൊടുത്തതായി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. കുറ്റവാളികള്‍ക്ക് സഹായകമായ ഒരു പ്രവൃത്തിയായി ഖുര്‍ആന്‍ പ്രസ്തുത കൊലപാതകത്തെ വിലയിരുത്തുന്നുണ്ട്. ഭാവിയില്‍ കുറ്റവാളികള്‍ക്ക് സഹായകമായിത്തീരുന്ന അത്തരം നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന് മൂസാ നബി പ്രതിജ്ഞ ചെയ്യുന്നതായും പ്രസ്തുത വിവരണ ശൃംഖലയില്‍ നാം കാണുന്നുണ്ട്.

എതിര്‍കക്ഷി നടത്തുന്ന ഒരുപാട് കൊലപാതകങ്ങള്‍ ഇസ്‌ലാമിക കക്ഷിയുടെ ഒരു കൊലപാതകത്തെ പോലും ന്യായീകരിക്കുന്നില്ല എന്ന ഖുര്‍ആനിക നിലപാട് നാം ഉറക്കെ പറയേണ്ടതുണ്ട്. ഫിര്‍ഔന്‍ ഭരണം നടത്തുന്ന കാലത്ത്, ഫറോവയുടെ ഭരണനയം തന്നെ മുസ്‌ലിം കുട്ടികളെ കൊന്നുകളയുക എന്നതാണ്. 'മുസ്‌ലിം കുട്ടികളെ കൊന്നുകളയുക' എന്ന ഫിര്‍ഔനിന്റെ ഭരണനയ നടപടിയില്‍നിന്നും രക്ഷപ്പെട്ടയാളാണ് അഥവാ അല്ലാഹു രക്ഷപ്പെടുത്തിയ വ്യക്തിയാണ് മൂസാ നബി. 'നീ എത്ര മുസ്‌ലിം കുട്ടികളെ കൊന്നുതള്ളി, എന്നിട്ടാണോ ഈ ഒരു കൊലയുടെ പേരില്‍ എന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്?' എന്ന് ന്യായമായും മൂസാ നബിക്ക് ചോദ്യമുയര്‍ത്താമായിരുന്നു. പക്ഷേ ആ ശൈലികളൊന്നും സ്വീകരിക്കാതെ കൊലപാതകത്തെ തള്ളിപ്പറയുന്ന ശൈലി അല്ലാഹു സ്വീകരിച്ചത് മഹത്തായ പാഠമാണ്.

ഇതേ മൂസാ നബിയെ അല്ലാഹു ഫിര്‍ഔനിന്റെ മുമ്പാകെ പ്രബോധകനായി അയച്ചു. ഫിര്‍ഔനിനെ മൂസാ നബി ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. ഈ ഘട്ടത്തില്‍ നീ 'ഒരാളെ കൊന്നവനല്ലേ?' എന്ന പ്രശ്‌നം ഫിര്‍ഔന്‍ ഉയര്‍ത്തി. 'നീ ഒരുപാട് പേരെ കൊന്നവനല്ലേ?' എന്ന് ചോദിച്ച് മൂസാ നബി ഫിര്‍ഔനിനെ നേരിട്ടില്ല. കാരണം അത് പ്രബോധനത്തിന്റെ ശൈലിയല്ല; ന്യായീകരണത്തിന്റെ ശൈലിയാണ്. 'അതേ, അങ്ങനെ സംഭവിച്ചിട്ടുണ്ട്. അന്ന് എനിക്ക് സന്മാര്‍ഗ നിര്‍ദേശം വന്നു കിട്ടിയിട്ടില്ലായിരുന്നു. വഴികേടി(ദലാലത്ത്)ലായിരിക്കെ സംഭവിച്ച അബദ്ധമാണത്' എന്ന് ഫറോവയുടെ മുന്നില്‍ ഏറ്റുപറയുകയാണ് മൂസാ നബി (അ) ചെയ്തത്. വിശുദ്ധ ഖുര്‍ആനിലെ 26-ാം അധ്യായം അശ്ശുഅറാഇലെ 19 മുതല്‍ 21 വരെ വചനങ്ങള്‍ അത് വിശകലനം ചെയ്യുന്നുണ്ട്.

ഇസ്‌ലാം കൊലപാതകമേയില്ലാത്ത മതദര്‍ശനമാകുന്നുവെന്ന് ഇപ്പറയുന്നതിന് അര്‍ഥമില്ല. 'യുദ്ധം' എന്ന് അര്‍ഥം പറയാവുന്ന 'ഖിതാലും' പ്രതിക്രിയ എന്ന് അര്‍ഥം പറയാവുന്ന 'ഖിസ്വാസ്വും' ഖുര്‍ആനിന്റെ തന്നെ ഭാഗമാകുന്നു. പക്ഷേ, രണ്ടും നിര്‍വഹിക്കേണ്ട അതോറിറ്റി വ്യക്തികള്‍ അല്ല, സിവില്‍ സമൂഹങ്ങളും അല്ല; മറിച്ച് ഭരണകൂടത്തിന്റെ രാഷ്ട്രീയ കടമയാണത്.

മുഹമ്മദ് നബി(സ)യും അനുചരന്മാരും മക്കയില്‍ ജീവിക്കുന്ന കാലത്ത് പ്രബോധക സംഘമായാണ് ജീവിച്ചത്. നബിയും സംഘവും കൊടിയ മര്‍ദനത്തിന് ഇരയാവുകയും ചെയ്തു. അന്ന് അല്ലാഹു നല്‍കിയ നിര്‍ദേശം 'നബിയേ, യുദ്ധത്തെ -കൈപ്രയോഗത്തെ- പരിവര്‍ജിക്കുക, നമസ്‌കാരം നിര്‍വഹിക്കുക, സകാത്ത് കൊടുക്കുക' (അന്നിസാഅ് 77) എന്നായിരുന്നു. രാഷ്ട്രീയ മേധാവിത്വമുള്ള സമൂഹമായി മുസ്‌ലിം സമൂഹം മാറുകയും, മുഹമ്മദ് നബി(സ) ഭരണകര്‍ത്താവായിത്തീരുകയും ചെയ്തപ്പോഴാണ് 'തിരിച്ചടി യുദ്ധത്തിന് അനുവാദമുണ്ടെ'ന്ന് (അല്‍ഹജ്ജ് 39) അല്ലാഹു പ്രഖ്യാപിച്ചത്. ഭരണകൂടത്തിന് ഹിംസയാകാം എന്ന അര്‍ഥത്തിലല്ല ആ പ്രഖ്യാപനം, മറിച്ച് 'മര്‍ദിതര്‍ക്ക് തിരിച്ചടിയാവാം' എന്ന അര്‍ഥത്തിലാണ്.

മര്‍ദിതരുടെ സായുധ തിരിച്ചടി തന്നെയാണ് യുദ്ധം. പക്ഷേ, അത് അവ്യവസ്ഥാപിത ഹിംസയോ കലാപമോ ന്യായാന്യായതകള്‍ തിരിച്ചറിയപ്പെടാത്ത തെരുവു സംഘര്‍ഷമോ ആവരുതെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. 

മര്‍ദിതന്റെ തിരിച്ചടിയെ സൂറ അല്‍ഖസ്വസ്വില്‍ തള്ളിപ്പറഞ്ഞ ഖുര്‍ആന്‍, സൂറ അന്നിസാഇല്‍ വിലക്കിയ ഖുര്‍ആന്‍, സൂറ അല്‍ഹജ്ജില്‍ അത് അനുവദിച്ചിരിക്കുന്നു. ഈ മൂന്ന് അവസ്ഥകളെയും പരസ്പരം ബന്ധപ്പെടുത്തി വിശകലനം ചെയ്യുമ്പോഴാണ് ഈ വിഷയത്തിലെ ഖുര്‍ആനിക നിലപാട് കൃത്യമാക്കാനും വ്യക്തമാക്കാനും നമുക്ക് സാധിക്കുക.

തിരിച്ചടി വിമോചന പ്രവര്‍ത്തനമായിരിക്കണം. തിരിച്ചടിക്കുന്നവന്റെ നിയന്ത്രണത്തിലായിരിക്കണം. വ്യവസ്ഥാപിതമായിരിക്കണം. കലാപങ്ങള്‍ക്ക് പിന്നാലെ കലാപവും കൊലക്ക് പിന്നാലെ കൊലയും ഉല്‍പാദിപ്പിക്കുന്ന 'സാമൂഹിക ക്രിമിനലിസ'ത്തിന്റെ പേരല്ല തിരിച്ചടി. സാമൂഹിക അരാജകത്വത്തിന് കാരണമായിത്തീരുന്ന നിരന്തര കലാപത്തിന് ഇടയായിത്തീരുന്ന വഴിവിട്ട നീക്കമാണ് സൂറഃ അല്‍ഖസ്വസ്വില്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്. അതിന് വഴിമരുന്നിടാന്‍ സാധ്യതയുള്ള നടപടികളാണ് സൂറഃ അന്നിസാഇല്‍ വിലക്കിയിരിക്കുന്നത്. അത്തരം സാധ്യതകളൊന്നുമില്ലാത്ത, വിമോചനത്തിന് വാതില്‍ തുറക്കുന്ന, മര്‍ദകന്റെ കൈക്കരുത്ത് കുറച്ചുകൊണ്ടുവരാന്‍ സാധിക്കുന്ന, മര്‍ദിതന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന വ്യവസ്ഥാപിത ഓപ്പറേഷനെയാണ് സൂറഃ അല്‍ഹജ്ജ് അനുവദിച്ചിരിരക്കുന്നത്. അത് ഹിംസയല്ല. ഹിംസക്കെതിരായ രാഷ്ട്രീയ നീക്കമാണ്, ഭരണകൂട നടപടിയാണ്, വിമോചന യത്‌നമാണ്. ഖിസ്വാസ്വില്‍ നിങ്ങള്‍ക്ക് ജീവിതമുണ്ട് എന്നും (അല്‍ബഖറ 179) കലാപം കൊലയേക്കാള്‍ ഭയാനകം എന്നും (അല്‍ബഖറ 191) ഖുര്‍ആന്‍ നടത്തിയ പ്രസ്താവനകള്‍ പ്രസ്തുത ആശയത്തെ കൂടുതല്‍ വെളിവാക്കുന്നതാണ്.

സിവില്‍ മുസ്‌ലിം സമൂഹത്തിന്റെ അടിസ്ഥാന ദൗത്യം ഇസ്‌ലാമിന്റെ പ്രബോധനമാണ്. മുസ്‌ലിമായി ജീവിച്ചുകൊണ്ട് ഇസ്‌ലാമിനെ പ്രബോധനം ചെയ്യലാണത്. മുസ്‌ലിമായി ജീവിക്കുന്നതു തന്നെ ചിലര്‍ പ്രശ്‌നവത്കരിക്കുന്നുണ്ട്. നാം ജീവിതം കൊണ്ട് തന്നെ അതിന് മറുപടി പറയണം. മുസ്‌ലിമായുള്ള ജീവിതം, ഇസ്‌ലാമിന്റെ പ്രബോധനം ഏത് പ്രതികൂല സാഹചര്യത്തിലും പ്രാതികൂല്യങ്ങളെ അഭിമുഖീകരിച്ച് നിര്‍വഹിക്കലാണ് ത്യാഗ-സഹന-സമരമെന്ന് പറയുന്നത്. സമരം സായുധം മാത്രമല്ല, ത്യാഗവും സഹനവും ഇസ്‌ലാമികദൃഷ്ട്യാ സമരം തന്നെയാണ്.

വിശുദ്ധ ഖുര്‍ആനിലെ 41-ാം അധ്യായം ഫുസ്സ്വിലത്തില്‍ (33-35) ഇസ്‌ലാമിക പ്രബോധനത്തെയും ഇസ്‌ലാമിക കര്‍മജീവിതത്തെയും ഇസ്‌ലാമിക വ്യക്തിത്വ പ്രകാശനത്തെയും മികവാര്‍ന്ന ദൗത്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആ മികവാര്‍ന്ന ദൗത്യനിര്‍വഹണത്തോടൊപ്പം പ്രതിരോധവും ഉണ്ട്. അതും മികവാര്‍ന്ന പ്രതിരോധമായിരിക്കണമെന്നാണ് ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നത്. ആ മികവാര്‍ന്ന പ്രതിരോധ ദൗത്യം ശത്രുവിനെ കൊന്നുതള്ളലല്ല; ശത്രുവിനെയും പ്രബോധിതനായി അംഗീകരിക്കലാണ്. ശത്രുവിനെ ആശയം കൊണ്ട് കീഴടക്കലാണ്. ശത്രുവിന്റെ ഹൃദയത്തിലേക്ക് പ്രബോധന യാത്ര സംഘടിപ്പിക്കലാണ്.

അത്തരം ഒരു യാത്രയിലാണ് ഫിര്‍ഔനിന്റെ ഭാര്യ ആസിയ ഇസ്‌ലാമിന്റെ വഴിയില്‍ എത്തിയത്. അത്തരം ഒരു യാത്രയിലാണ് ഉമര്‍ എന്ന മഹാ പ്രതിഭാശാലിയും കഴിവുറ്റ ഭരണകര്‍ത്താവുമായ ഒരു വലിയ മനുഷ്യനെ ഇസ്‌ലാമിന് ലഭിച്ചത്. ഇന്ത്യയില്‍ ഇസ്‌ലാമിക പ്രസ്ഥാനം പ്രസ്തുത മികവാര്‍ന്ന പ്രബോധന-പ്രതിരോധ തന്ത്രത്തില്‍ ഉറച്ചുനില്‍ക്കേണ്ട ഘട്ടം തന്നെയാണിത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (1 - 2)
എ.വൈ.ആര്‍

ഹദീസ്‌

ഇബ്‌ലീസിന്റെ സന്തതികള്‍
അര്‍ശദ് കാരക്കാട്‌