Prabodhanm Weekly

Pages

Search

2012 ജനുവരി 21

ശഹീദ് സയ്യിദ് ഖുത്വ്ബിന്റെ സാഹിത്യരചനകള്‍ക്ക് പുനര്‍ജനി

ശഹീദ് സയ്യിദ് ഖുത്വ്ബ് 1924 മുതല്‍ 1956 വരെയുള്ള കാലഘട്ടത്തില്‍ രചിച്ചതും  അനവധി പ്രസിദ്ധീകരണങ്ങളിലായി വെളിച്ചം കണ്ടതുമായ സാഹിത്യ സൃഷ്ടികള്‍ പുനഃക്രോഡീകരിക്കുന്ന ബൃഹദ് പദ്ധതി അവസാന ഘട്ടത്തിലെത്തിയതായി പദ്ധതിക്ക് മേല്‍നോട്ടം വഹിച്ച പത്രപ്രവര്‍ത്തകന്‍ അലി അബ്ദുര്‍റഹ്മാന്‍ വെളിപ്പെടുത്തി.
ശഹീദ് തന്റെ കാലഘട്ടത്തിലെ ഏറ്റവും പ്രഗത്ഭനായ സാഹിത്യ നിരൂപകനായിരുന്നു. ഈജിപ്തിലും അറബ്- ഇസ്ലാമിക ലോകത്തും ചിന്തയുടെയും സാഹിത്യത്തിന്റെയും കുലപതി കൂടിയായിരുന്നു അദ്ദേഹം. അറബി-ഇസ്ലാമുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ പ്രശ്നങ്ങളെയും സ്പര്‍ശിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. ഇസ്ലാമിന്റെ ചരിത്രപരവും സാംസ്കാരികവും നാഗരികവുമായ സ്വത്വത്തിന്റെ സംരക്ഷണം, അതിന് നേരെയുള്ള കടന്നാക്രമണങ്ങളുടെ പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ രചനകള്‍ വേറിട്ടുനില്‍ക്കുന്നു. സാഹിത്യരണാങ്കണത്തിലെ തന്റെ എതിരാളികളുമായി അദ്ദേഹം നിരന്തരം പോരടിച്ചു. എന്നാല്‍ സാമ്പ്രദായിക ശൈലികളില്‍നിന്ന് ഭിന്നമായി തികച്ചും സര്‍ഗാത്മകവും സൌഹാര്‍ദപൂര്‍ണവുമായിരുന്നു അദ്ദേഹത്തിന്റെ നിരൂപണങ്ങള്‍. തന്റെ രചനകളെ നിശിതമായ നിരൂപണങ്ങള്‍ക്ക് വിധേയമാക്കാന്‍ വിമര്‍ശകരെ പ്രോത്സാഹിപ്പിക്കുമായിരുന്നു അദ്ദേഹം.
സയ്യിദ് ഖുത്വ്ബിന്റെ ശക്തമായ നിരൂപണത്തിന് ശരവ്യമായത് പ്രസിദ്ധ സാഹിത്യകാരനും തന്റെ നാട്ടുകാരനുമായ ത്വാഹാ ഹുസൈനും ഈജിപ്തിന്റെ സാംസ്കാരികഭാവി എന്ന അദ്ദേഹത്തിന്റെ കൃതിയുമായിരുന്നു. ഈജിപ്ഷ്യന്‍ ജനത യൂറോപ്പിന്റെ വസ്ത്രധാരണ ശൈലി സ്വീകരിക്കണമെന്ന ആഹ്വാനമാണ് പ്രസ്തുത കൃതിയിലൂടെ ത്വാഹാ ഹുസൈന്‍ മുഴക്കിയത് എന്നതായിരുന്നു കാരണം. ഈജിപ്തിന്റെ ഇസ്ലാമിക മൂല്യത്തെയും മഹിത പാരമ്പര്യത്തെയും തിരിച്ചുപിടിക്കുകയായിരുന്നു സര്‍ഗരചനകളിലൂടെ സയ്യിദ് ഖുത്വ്ബ്. സമൂഹത്തിന്റെ സംസ്കരണവും മുസ്ലിം ഉമ്മത്തിന്റെ സംരക്ഷണവുമായിരുന്നു അദ്ദേഹത്തിന്റെ രചനകളുടെ മൂര്‍ത്തമായ ലക്ഷ്യം. സത്യസന്ധനായ ഒരു സാഹിത്യകാരന്‍ തന്റെ സമൂഹത്തിന്റെ സേവകനാണെന്ന് അദ്ദേഹം വിശ്വസിച്ചു. ദാരിദ്യ്രം, തൊഴിലില്ലായ്മ, സ്വകാര്യവല്‍ക്കരണം തുടങ്ങിയ സാമൂഹികവിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹം തന്റെ ചെറുപ്പകാലത്ത് സാഹിത്യരചനകള്‍ നടത്തിയിരുന്നത്.
മക്കയിലുള്ള സയ്യിദ് ഖുത്വ്ബിന്റെ സഹോദരന്‍ മുഹമ്മദ് ഖുത്വ്ബുമായി ലേഖകന്‍ സന്ധിക്കുകയും തന്റെ പദ്ധതിയെ അദ്ദേഹം ശ്ളാഘിക്കുകയും ചെയ്തതായി അലി അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. സംരംഭത്തെക്കുറിച്ച് മുഹമ്മദ് ഖുത്വ്ബ് പ്രതികരിച്ചതിങ്ങിനെ: "ഇത് മഹത്തരവും ഒപ്പം ഗൌരവവുമുള്ള ഒരു ജോലിയാണ്. സയ്യിദിന്റെ സാഹിത്യരചനകളില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് ഏറെ ഗുണകരവുമാണത്. സാഹിത്യനഭോമണ്ഡലത്തില്‍നിന്ന് അന്യംനിര്‍ത്തപ്പെട്ട സയ്യിദിന്റെ സര്‍ഗരചനകളുടെ ഏകീകരണം വഴി അതിനെ സംരക്ഷിക്കാനുള്ള ശ്രമം എന്തുകൊണ്ടും ശ്ളാഘനീയമാണ്.''
നാല് വാള്യങ്ങളിലായി ക്രോഡീകരിക്കപ്പെട്ട സയ്യിദ് കൃതികളുടെ ആദ്യ വാല്യത്തില്‍ നോവലുകളും ചെറുകഥകളുമാണുള്ളത്. ഗ്രാമത്തില്‍നിന്നൊരു കുട്ടി, മുള്ളുകള്‍, മായിക നഗരം, നാല് സങ്കല്‍പങ്ങള്‍ തുടങ്ങിയ നോവലുകളാണതില്‍ പ്രധാനപ്പെട്ടവ. 1924 മുതല്‍ 1956 കാലഘട്ടത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതകളുടെ സമാഹാരമാണ് രണ്ടാം വാല്യത്തില്‍. മൂന്നാം വാല്യത്തില്‍ കവിതകളെക്കുറിച്ചും സര്‍ഗരചനകളെ സംബന്ധിച്ചും ദാറുല്‍ ഉലൂം കോളേജില്‍ സയ്യിദ് നടത്തിയ പ്രഭാഷണങ്ങളും വിവിധ പ്രസിദ്ധീകരണങ്ങളില്‍ വന്ന ഗവേഷണ പ്രബന്ധങ്ങളുമാണ്. ത്വാഹാ ഹുസൈന്‍, അഖാദ്, റാഫിഈ, സയ്യാത്ത്, തൌഫീഖുല്‍ ഹക്കീം, അഹ്മദ് ശൌഖി, ഇബ്റാഹീം നാജി തുടങ്ങിയ ഈജിപ്ഷ്യന്‍ സാഹിത്യകാരന്മാരും കവികളുമായി അദ്ദേഹം നടത്തിയ ചര്‍ച്ചകളും നിരൂപണങ്ങളുമടങ്ങുന്നതാണ് നാലാം വാല്യം.
അല്‍അഹ്റാം ദിനപത്രത്തിന്റെ ലേഖകനായ അലി അബ്ദുര്‍റഹ്മാന്‍ 16 വര്‍ഷം നീണ്ട പരിശ്രമത്തിലൂടെയാണ് ഈ ബൃഹദ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്.
 
കെ.കെ.എ

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം