Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 03

3062

1439 ദുല്‍ഖഅദ് 20

മതരാഷ്ട്രവാദം ഇസ്രയേലിന്റേതാകുമ്പോള്‍

കഴിഞ്ഞ ജൂലൈ 19-ന് ഇസ്രയേല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ദേശീയതാ നിയമം സയണിസ്റ്റ് വംശീയതയെയും വര്‍ണവെറിയെയും ഒരിക്കല്‍കൂടി തുറന്നുകാട്ടുന്നു. 55-ന് എതിരെ 62 വോട്ടുകള്‍ക്കാണ് നിയമം പാസ്സായിരിക്കുന്നത്. നിയമപരമായി ഇതിന്റെ സ്ഥാനം ഭരണഘടനക്ക് തുല്യം തന്നെയാണ്. അതായത് ഇസ്രയേല്‍ പാര്‍ലമെന്റ് കൊണ്ടുവരുന്ന മറ്റൊരു നിയമത്തിലൂടെ മാത്രമേ ഇതിനെ റദ്ദ് ചെയ്യാന്‍ കഴിയൂ. അതിനാകട്ടെ സാധ്യത വളരെ വിരളവും. ഫലത്തില്‍ ഒരു ജനവിഭാഗത്തിന്റെ പൗരത്വം ഇല്ലാതാക്കുകയും സയണിസ്റ്റ് വംശീയതയെ നിയമപരമായി അരക്കിട്ടുറപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നത്. സമീപകാല ലോക ചരിത്രത്തില്‍ ഇത്രക്ക് പച്ചയായ വംശവെറിയന്‍ നിയമങ്ങള്‍ കൊണ്ടുവന്ന ഒറ്റ രാജ്യമേ ഉണ്ടായിരുന്നുള്ളൂ- ദക്ഷിണാഫ്രിക്കയിലെ വെള്ള വംശീയ ഭരണകൂടം. ഇതിന്റെ പേരില്‍ ആ ഭരണകൂടം ഒറ്റപ്പെടുകയും ഒടുവിലത് തകരുകയുമാണുണ്ടായത്. പക്ഷേ, ഇസ്രയേലിന് അത്തരം യാതൊരു ഒറ്റപ്പെടലും നേരിടേണ്ടിവരുന്നില്ല. യാങ്കികളുടെയും അവരുടെ കൂട്ടാളികളുടെയും എല്ലാ പിന്തുണയും ലഭിച്ചുപോരുന്നുമുണ്ട്. നാടു നീങ്ങിയെന്ന് നാം കരുതുന്ന പാശ്ചാത്യ കൊളോണിയലിസത്തിന്റെ അവസാനത്തെ കാവല്‍പ്പുരയാണ് തങ്ങളെന്ന് ഇസ്രയേല്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്. 'മേഖലയിലെ ഏക ജനാധിപത്യ രാജ്യം' എന്ന വിടുവായത്തവും നാട്യവും അവര്‍ ഉപേക്ഷിച്ചിരിക്കുന്നു.

പുതിയ നിയമപ്രകാരം, ഇസ്രയേല്‍ 'ജൂത ജനതയുടെ ദേശീയ ഗേഹം' ആണ്. മതവും വംശവുമാണ് ഇവിടെ ദേശീയതയെയും പൗരത്വത്തെയും നിര്‍ണയിക്കുന്നത്. ഇസ്രയേലില്‍ പൗരത്വവും ദേശീയതയും രണ്ടും രണ്ടാണെന്നും അതിന് അര്‍ഥമുണ്ട്. അതായത് ഇസ്രയേല്‍ ഇനിമുതല്‍ അതില്‍ ജീവിക്കുന്ന പൗരന്മാരുടെ നാടല്ല; മറിച്ച് ജൂത ജനതയുടെ നാടാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഇസ്രയേലില്‍ ജീവിക്കുന്ന ഫലസ്ത്വീനികള്‍ക്ക് ഇസ്രയേലീ പാസ്‌പോര്‍ട്ട് ഉണ്ടാവുമെങ്കിലും പൗരന്മാരെന്ന നിലക്കുള്ള തുല്യാവകാശങ്ങള്‍ അവര്‍ക്ക് ഉണ്ടാവുകയില്ല. ഇസ്രയേല്‍ എന്ന സയണിസ്റ്റ് രാഷ്ട്രഘടനയില്‍ ഇതൊന്നും നേരത്തേ തന്നെ ഇല്ലെങ്കിലും, കടുത്ത വിവേചന നയങ്ങള്‍ക്ക് ഭരണഘടനാപരമായിത്തന്നെ സാധൂകരണം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ഫലസ്ത്വീനികള്‍ നിയമപരമായിത്തന്നെ തദ്ദേശീയരായ അന്യരോ വിദേശികളോ ആയി മാറുന്നു.

'ഇസ്‌ലാമിക് സ്റ്റേറ്റ്' എന്ന പേരില്‍ ഒരു ഭീകര സംഘം രംഗത്തു വന്നപ്പോള്‍ എന്തൊരു മീഡിയാ ബഹളമായിരുന്നു നമ്മുടെ രാജ്യത്തും ലോകത്തുമൊക്കെ. ഇതിന്റെ പേരില്‍ ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും മാത്രമല്ല, സകല മുസ്‌ലിം കൂട്ടായ്മകളെയും ഭീകരതയിലേക്ക് കണ്ണിചേര്‍ക്കാന്‍ അവക്ക് എന്ത് ആവേശമായിരുന്നു! ഇവിടെയിതാ ഹിംസയിലൂടെ സ്ഥാപിതമാവുകയും ഹിംസയിലൂടെ നിലനില്‍ക്കുകയും ചെയ്യുന്ന ഒരു രാജ്യം തങ്ങള്‍ 'ജ്യൂയിഷ് സ്റ്റേറ്റ്' ആണെന്ന് ഭരണഘടനയില്‍ തന്നെ എഴുതിവെക്കുന്നു. ആര്‍ക്കും ഒരു പ്രശ്‌നവുമില്ല, വേവലാതികളില്ല. ക്വിക്‌സോട്ടിനെ അനുസ്മരിപ്പിക്കുംവിധം മതരാഷ്ട്രത്തിനെതിരെ നമ്മുടെ നാട്ടില്‍ നിഴല്‍ യുദ്ധം നടത്തുന്നവര്‍ക്കും മിണ്ടാട്ടമില്ല. ഈ ഇരട്ടത്താപ്പും കാപട്യവും തിരിച്ചറിയപ്പെടണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (1 - 2)
എ.വൈ.ആര്‍

ഹദീസ്‌

ഇബ്‌ലീസിന്റെ സന്തതികള്‍
അര്‍ശദ് കാരക്കാട്‌