Prabodhanm Weekly

Pages

Search

2018 ജൂലൈ 27

3061

1439 ദുല്‍ഖഅദ് 13

സ്‌പോട്ട് അഡ്മിഷന്‍: വാര്‍ത്തകള്‍ ശ്രദ്ധിക്കണം

റഹീം ചേന്ദമംഗല്ലൂര്‍

ഈ അധ്യയന വര്‍ഷത്തെ അഡ്മിഷനുകള്‍ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയും ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തിരിക്കുകയാണല്ലോ. അതേസമയം മിക്ക കോഴ്‌സുകളുടെയും അഡ്മിഷന്‍ ക്ലോസ് ചെയ്തിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ജൂലൈ അവസാനത്തിലോ ആഗസ്റ്റിലോ ആണ് അഡ്മിഷന്‍ ക്ലോസ് ചെയ്യാറുള്ളത്. കോഴ്‌സുകള്‍ മാറുക, കോളേജ് മാറി പോവുക തുടങ്ങിയ കാരണങ്ങളാല്‍ മെറിറ്റ്, കമ്യൂണിറ്റി സീറ്റുകളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. അലോട്ട്‌മെന്റ്കള്‍ക്കു ശേഷം അവസാനം റിപ്പോര്‍ട്ട് ചെയ്യുന്ന ഇത്തരം ഒഴിവുകള്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തിയാണ് പൂര്‍ത്തിയാക്കാറുള്ളത്. പ്ലസ് വണ്‍ മുതല്‍ പി.എച്ച്.ഡി അഡ്മിഷനു വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്താറുണ്ട്. യൂനിവേഴ്‌സിറ്റി, കോളേജ് വെബ്‌സൈറ്റുകള്‍, പത്രങ്ങളിലെ വിദ്യാഭ്യാസ-പ്രാദേശിക പേജുകള്‍, കോളേജ് നോട്ടീസ് ബോര്‍ഡ് എന്നീ മാര്‍ഗങ്ങളിലൂടെയാണ് സ്‌പോട്ട് അഡ്മിഷന്‍ സംബന്ധിച്ച അറിയിപ്പുകള്‍ നല്‍കാറുള്ളത്. പലപ്പോഴും അഡ്മിഷന് ഒന്നോ രണ്ടോ ദിവസം മുമ്പ് മാത്രമാണ് ഇതു സംബന്ധിച്ച അറിയിപ്പുകള്‍ പത്രങ്ങളിലെ പ്രാദേശിക പേജുകളില്‍ പോലും കൊടുക്കുക. പ്രവേശനത്തിന്റെ അവസാന സമയമായതിനാല്‍ തന്നെ ഇനിയുള്ള ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യേകം ശ്രദ്ധിക്കുകയും വെബ്‌സൈറ്റുകള്‍ കൃത്യമായി ഫോളോ ചെയ്യുകയും ചെയ്താല്‍ ഒരുപക്ഷേ ആഗ്രഹിച്ച കോളേജില്‍ ഇഷ്ടപ്പെട്ട കോഴ്‌സിന് തന്നെ അഡ്മിഷന്‍ ലഭിക്കാനുള്ള അവസരം ലഭിച്ചേക്കും.

 

IDB സ്‌കോളര്‍ഷിപ്പ്

ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ഡെവലപ്പ്‌മെന്റ് ബാങ്ക് (ഐ.ഡി.ബി) നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, എഞ്ചിനീയറിങ്, അഗ്രികള്‍ച്ചര്‍, നിയമം, മീഡിയ, ധനശാസ്ത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സാമൂഹിക പഠനം എന്നീ മേഖലകളില്‍ ബിരുദ പഠനം മുതലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം എജുക്കേഷന്‍ ട്രസ്റ്റിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം അതിന്റെ പ്രിന്റ് ഔട്ടും ഫോട്ടോ, എസ്.എസ്.എല്‍.സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്,  പഠിക്കുന്ന സ്ഥാപനത്തില്‍ ഫീസ് അടച്ച റസിപ്റ്റ് എന്നീ രേഖകള്‍ സഹിതം Muslim Education Trust, E-3, Abul Fazal Enclave, Jamia Nagar, New Delhi-110025 എന്ന വിലാസത്തിലേക്ക് അയക്കണം. ആഗസ്റ്റ് 21 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത അപേക്ഷകരില്‍നിന്ന് പ്രീ-സെലക്ഷന്‍ പ്രോഗ്രാമും ഇന്റര്‍വ്യൂവും നടത്തിയ ശേഷമാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുക. അപേക്ഷകര്‍ക്ക് 24 വയസ്സ് കഴിയാന്‍ പാടില്ല. ഫോണ്‍: 011-26957004, 26941354. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും: www.metdelhi.org

 

തുര്‍ക്കിയില്‍ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനം

തുര്‍ക്കി ഇബ്‌നു ഖല്‍ദൂന്‍ യൂനിവേഴ്‌സിറ്റി ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നിയമം, മീഡിയ & കമ്യൂണിക്കേഷന്‍, ഇസ്‌ലാമിക് സയന്‍സ്, സൈക്കോളജി, സോഷ്യോളജി, സൈക്കോളജിക്കല്‍ കൗണ്‍സലിംഗ് & ഗൈഡന്‍സ്, ഫിലോസഫി, ഇക്കണോമിക്‌സ്, മാനേജ്‌മെന്റ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ് & ഇന്റര്‍നാഷ്‌നല്‍ റിലേഷന്‍സ്,  ലാംഗ്വേജ് തുടങ്ങി 12 ഡിപ്പാര്‍ട്ട്‌മെന്റുകളിലെ 30-ഓളം പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഡിഗ്രി പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 27-ഉം, പി.ജി പ്രോഗ്രാമുകള്‍ക്ക് ആഗസ്റ്റ് 26-ഉം ആണ്. അപേക്ഷകര്‍ ഭാഷാ പ്രാവീണ്യം തെളിയിക്കാന്‍ യൂനിവേഴ്‌സിറ്റി നിഷ്‌കര്‍ഷിച്ച ടെസ്റ്റ് പാസ്സായിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട രീതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.ihu.edu.tr/en/ എന്ന വെബ്‌സൈറ്റില്‍ Application Guide എന്ന ലിങ്കില്‍നിന്ന് ലഭിക്കും.

 

ബി.ടെക്കുകാര്‍ക്ക്  നേവിയില്‍ അവസരം

അവിവാഹിതരായ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് യൂനിവേഴ്‌സിറ്റി എന്‍ട്രി സ്‌കീം (യു.ഇ.എസ്) വഴി നേവിയില്‍ ചേരാന്‍ അവസരം. അപേക്ഷകര്‍ 1995 ജൂലൈ രണ്ടിനും 1998 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. ജൂലൈ 30 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. തസ്തികകള്‍ സംബന്ധമായും മറ്റുമുള്ള വിവരങ്ങള്‍ക്ക്: www.joinindiannavy.gov.in സന്ദര്‍ശിക്കുക.

 

സിവില്‍ സര്‍വീസ് വീക്കെന്റ് കോച്ചിംഗ് പ്രോഗ്രാം

ഡിഗ്രി, പിജി, ഗവേഷണ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഗവണ്‍മെന്റ് - സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായുള്ള ഒരു വര്‍ഷത്തെ സിവില്‍ സര്‍വീസ് വീക്കെന്റ് ബാച്ചിലേക്ക് ഫാറൂഖ് കോളേജ് പി.എം സിവില്‍ സര്‍വീസ് അക്കാദമിയില്‍  ജൂലൈ 25 വരെ അപേക്ഷ നല്‍കാം. ഒരു വര്‍ഷത്തെ പരിശീലനത്തില്‍ പ്രിലിമിനറി, മെയിന്‍സ്, ഓപ്ഷണല്‍ പേപ്പര്‍ (മലയാള സാഹിത്യം, ജിയോഗ്രഫി, ഹിസ്റ്ററി) എന്നിവ ഉള്‍പ്പെടും. പ്രിലിമിനറി വിജയിക്കുന്നവര്‍ക്ക് മൂന്നു മാസത്തെ മെയിന്‍സ് കോച്ചിംഗ് ലഭ്യമാക്കും. ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലുമാണ് ക്ലാസുകള്‍ നടക്കുക. അപേക്ഷാ ഫോം ഫാറൂഖ് കോളേജ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ, ഓഫീസില്‍നിന്ന് നേരിട്ട് കൈപ്പറ്റുകയോ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9207755744, 8547501775. ആഗസ്റ്റ് 5-ന് ക്ലാസുകള്‍ ആരംഭിക്കും.

 

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേര്‍ണലിസം

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന് ബിരുദധാരികള്‍ക്കും, അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രിന്റ്, ഓണ്‍ലൈന്‍, മൊബൈല്‍ ജേര്‍ണലിസത്തില്‍ പരിശീലനം ലഭിക്കും. ksg.keltron.in എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ലഭിക്കും. കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടും അപേക്ഷ നല്‍കാം. അവസാന തീയതി: ജൂലൈ 31. Contact: 8137969292

 

ഫാഷന്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സ്

ചെന്നൈയിലെ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (NIFT) രണ്ട് വര്‍ഷ ഡിപ്ലോമ, ഒരു വര്‍ഷ പി.ജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമക്കാര്‍ക്ക് നാല് വര്‍ഷ പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി അഡ്മിഷന്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 6. വിശദ വിവരങ്ങള്‍ക്ക്: http://www.nift.ac.in/chennai/

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

പലിശ സൃഷ്ടിക്കുന്ന ആപത്തുകള്‍
എം.എസ്.എ റസാഖ്