Prabodhanm Weekly

Pages

Search

2018 ജൂലൈ 27

3061

1439 ദുല്‍ഖഅദ് 13

പാകിസ്താന്‍ ജനാധിപത്യത്തെ മെതിക്കുന്ന സൈനിക ബൂട്ടുകള്‍

എ. റശീദുദ്ദീന്‍

പാകിസ്താനില്‍ മടങ്ങിയെത്തിയ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫും മകള്‍ മര്‍യം നവാസും ജയിലിലടക്കപ്പെട്ടതോടെ ആ രാജ്യം പൊടുന്നനെ രാഷ്ട്രീയ സംഘര്‍ഷങ്ങളിലേക്കും ഉന്മാദത്തിലേക്കും എടുത്തെറിയപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും വിമാനമിറങ്ങിയ ദിവസം  ബലൂചിസ്ഥാനിലെ മസ്തൂംഗ് റാലിയിലുായ സ്ഫോടനത്തില്‍ മാത്രം 149 പേര്‍ കൊല്ലപ്പെട്ടു. 2014-ല്‍ പേഷാവര്‍ സ്‌കൂളില്‍ നടന്ന കൂട്ടക്കൊലക്കു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. 2007-ല്‍ പ്രവാസം മതിയാക്കി ബേനസീര്‍ ഭുട്ടോ പാകിസ്താനിലേക്ക് തിരിച്ചെത്തിയ ആദ്യത്തെ അവസരത്തില്‍ 160 പേര്‍ കൊല്ലപ്പെട്ട കറാച്ചിയിലെ കര്‍സാസ് സ്ഫോടനത്തിനും മസ്തൂംഗ് സ്ഫോടനത്തിനും സമാനതകള്‍ ഏറെയാണ്. ജനാധിപത്യത്തോട് ആര്‍ക്കോ ഉള്ള അടങ്ങാത്ത കലിയായിരുന്നു ഈ സ്ഫോടനങ്ങളില്‍ മുഴച്ചുനിന്നത്. മസ്തൂംഗില്‍ ബലൂചിസ്താന്‍ അവാമി പാര്‍ട്ടിയുടെ റാലിയിലാണ് സ്ഫോടനം നടന്നത്. 2018 മാര്‍ച്ചില്‍ മാത്രം രൂപീകരിച്ച, ഏതാണ്ട് ഒറ്റയാള്‍ പാര്‍ട്ടിയെന്നു പറയാവുന്ന ഈ സംഘടനയുടെ റാലിയില്‍ സ്ഫോടനം നടത്തിയതിനു പിന്നില്‍ നവാസ് ശരീഫിന്റെ മടങ്ങിവരവ് ചോരയില്‍ മുക്കി ഇല്ലാതാക്കുക എന്നതിലപ്പുറം മറ്റു ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസിന്റെ തലയില്‍ കെട്ടിവെച്ചെങ്കിലും അവരുടെ ലക്ഷ്യം വിശദീകരിക്കുക ഒട്ടും എളുപ്പമായിരുന്നില്ല. ബന്നുവില്‍ മുത്തഹിദ മജ്ലിസെ അമല്‍ (എം.എം.എ) സ്ഥാനാര്‍ഥി അക്റം ദുറാനിയുടെ റാലിയില്‍ നടന്ന ചാവേര്‍ സ്ഫോടനം ഭരണകൂടങ്ങളുടെ കൈയൊപ്പു പതിയുന്ന നിഴല്‍ നാടകമാണ് ഭീകരത എന്നതിന് അടിവരയിട്ടു. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക സംഘടനകള്‍ ഉള്‍പ്പെടുന്ന മുന്നണിയാണ് എം.എം.എ എന്നു മാത്രമല്ല, ജംഇയ്യത്ത് ഉലമായേ ഇസ്ലാം നേതാവ് ഫസ്ലുര്‍റഹ്മാന്റെ ശക്തികേന്ദ്രം കൂടിയായിരുന്നു ബന്നു. അവാമി നാഷ്‌നല്‍ പാര്‍ട്ടി, ഖൗമി വതന്‍ പാര്‍ട്ടി എന്നിവക്കു നേരെയും ആക്രമണ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറകെയെത്തി. രാജ്യത്തെ തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതില്‍ നവാസ് ശരീഫിന്റെ മടങ്ങിവരവ് വഴിയൊരുക്കുന്നുണ്ടെന്ന മട്ടിലാണ് ഒടുവിലത്തെ വിലയിരുത്തലുകള്‍. 

ശരീഫിന്റെ പാര്‍ട്ടിയായ മുസ്ലിം ലീഗ് നൂന്‍ പ്രവര്‍ത്തകര്‍ വിലക്കുകള്‍ വകവെക്കാതെ തെരുവിലിറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ പാകിസ്താനിലുടനീളം. അതിനെ ചെറുക്കാനായി സൈന്യവും പ്രാദേശിക ഭരണകൂടങ്ങളും തയാറായി നില്‍ക്കുന്നുമുണ്ട്. ആ പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം ജീവന്മരണ പോരാട്ടത്തിന്റെ ഭാഗമാവുകയാണ് ഈ റാലികളും ഏറ്റുമുട്ടലുകളും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 166 പേരെ നാഷ്‌നല്‍ അസംബ്ലിയിലേക്ക് ജയിപ്പിച്ച നൂന്‍ ലീഗ് പാനമ കേസിലെ നടപടികളെ തുടര്‍ന്ന് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്കായിരുന്നു നീങ്ങിക്കൊണ്ടിരുന്നത്. മരണാസന്നയായ ഭാര്യയെ ലണ്ടനിലെ ആശുപത്രിക്കിടക്കയില്‍ വിട്ട് പാകിസ്താനില്‍, തന്നെ കാത്തുനില്‍ക്കുന്ന ജയില്‍വാസം സ്വീകരിക്കാന്‍ ശരീഫിനെ നിര്‍ബന്ധിതനാക്കിയത് മറ്റെന്തിനേക്കാളും മുമ്പെ ആസന്നമായ സ്വന്തം പാര്‍ട്ടിയുടെ മരണം തന്നെയായിരുന്നു. പാനമ കേസില്‍ ലോകത്തെവിടെയെങ്കിലും നവാസിനെ പോലെ മറ്റേതെങ്കിലും രാഷ്ട്ര നേതാവ് ശിക്ഷിക്കപ്പെട്ടിട്ടുണ്ടാവില്ല. അത്രയൊന്നും ഗൗരവം ലോകം നല്‍കിയിട്ടില്ലാത്ത ഒരു വെളിപ്പെടുത്തലായിരുന്നു അത്. ഇന്ത്യയിലാകട്ടെ ഈ പട്ടികയില്‍പെട്ട പല പ്രമുഖരും പിന്നീട് സാമൂഹിക ജീവിതത്തില്‍ കൂടതല്‍ ഉയരങ്ങള്‍ താണ്ടുന്നതാണ് കാണാനുണ്ടായിരുന്നതും. ഒരു കേസ് എന്നതിലപ്പുറം നവാസിനെ പാകിസ്താനില്‍നിന്നും പുകച്ചു പുറത്തു ചാടിക്കാനുള്ള ഒരു നീക്കമായിരുന്നു ഈ രേഖകളെ ചൊല്ലി നടന്ന വിചാരണയെന്ന് ആ രാജ്യത്തുണ്ടായ പില്‍ക്കാല നീക്കങ്ങള്‍ തെൡിച്ചു. 

വേട്ടയാടല്‍ നവാസ് എന്ന വ്യക്തിയില്‍ മാത്രമായി ഒതുങ്ങിനിന്നില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ഒട്ടുമിക്ക നേതാക്കള്‍ക്കെതിരെയും പലതരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഘട്ടംഘട്ടമായി മുസ്ലിം ലീഗ് നൂന്‍ എന്ന സംഘടന പാകിസ്താനില്‍ ദുര്‍ബലമാക്കപ്പെടുന്നതാണ് പിന്നീട് കാണാനുണ്ടായിരുന്നത്. ജൂലൈ 25-ന് തെരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്ന പാകിസ്താനില്‍ മുസ്ലിം ലീഗ് നൂന്‍ ചിത്രത്തില്‍നിന്നും അപ്രത്യക്ഷമാകുന്നിടത്തു നിന്നാണ് നവാസ് ശരീഫും മകള്‍ മര്‍യം നവാസും പാകിസ്താനില്‍ മടങ്ങിയെത്തി അസാധാരണമായ ഒരു രാഷ്ട്രീയ ചൂതാട്ടത്തിന് വേദിയൊരുക്കുന്നത്. അതുകൊണ്ടുതന്നെ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കുന്നതടക്കമുള്ള സാധ്യതകള്‍ സൈന്യം ചര്‍ച്ച ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താന്‍ മനുഷ്യാവകാശ കമീഷന്‍ പങ്കുവെക്കുന്ന ആശങ്കകള്‍ ശരിയാണെങ്കില്‍ വ്യാപകമായ തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ അരങ്ങേറാനും സാധ്യതയേറെ. ഇംറാന്‍ ഖാന്റെ ഒഴികെയുള്ള എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുമെന്ന ആശങ്ക പരസ്യമാക്കിക്കഴിഞ്ഞു.

പാകിസ്താനില്‍ ഇപ്പോള്‍ നടക്കുന്നത് പട്ടാളവും ജനാധിപത്യവും തമ്മിലുള്ള നിഗൂഢമായ ഒരു തരം അധികാര വടംവലിയാണ്. നവാസ് ശരീഫ് എന്ന അഴിമതിക്കാരനെ മാറ്റിനിര്‍ത്തിയതിനു ശേഷമുള്ള ജനാധിപത്യം ആ രാജ്യത്ത് തത്ത്വത്തിലും പ്രയോഗത്തിലും അംഗീകരിക്കപ്പെടുന്നുണ്ടോ എന്നതാണ് കാതലായ ചോദ്യം. ഒരു സാധ്യതയുമില്ല എന്നാണ് ഉത്തരം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വിശേഷിച്ചും മൂന്നാം ലോക രാജ്യങ്ങളില്‍ പൊതുവെയും ഭരണാധികാരികള്‍ രാഷ്ട്രീയ അഴിമതിയുടെ കറ പുരളാത്തവരാണെന്ന് പറയാനാവില്ല. നവാസ് ശരീഫാകട്ടെ രാഷ്ട്രീയ അഴിമതിയുടെ അറിയപ്പെടുന്ന ആഗോള പ്രതീകങ്ങളില്‍ ഒന്നായിരുന്നു. അതേസമയം പാകിസ്താനില്‍ സംശുദ്ധമായ രാഷ്ട്രീയ വ്യവസ്ഥക്കു വേണ്ടി സമരം ചെയ്യുന്ന ജനാധിപത്യ ശക്തികളുടെ ഇടപെടലിലൂടെയല്ല അദ്ദേഹം നിഷ്‌കാസിതനായത്; മറിച്ച് പിന്‍വാതിലിലൂടെ നാടു ഭരിക്കാന്‍ മോഹിക്കുന്നവരുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു. സുതാര്യമായ നടപടിക്രമങ്ങളായിരുന്നുവെങ്കില്‍ ശരീഫിനെതിരെയുള്ള കേസും ജയില്‍ ശിക്ഷയും ജനാധിപത്യത്തിന്റെ ശുദ്ധീകരണത്തിനായിരുന്നു വഴിയൊരുക്കേണ്ടിയിരുന്നത്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ജൂലൈ 25-ലെ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുന്നു എന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്നാട്ടിലെ ജനാധിപത്യവും സൈനിക ആധിപത്യവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അന്തിമ വിധിതീര്‍പ്പ് സാധ്യമാകുന്നത്. പാകിസ്താനിലേക്ക് മടങ്ങുന്നതിന് മുമ്പ് ലണ്ടനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നവാസ് ശരീഫ് ഉയര്‍ത്തിയ ആരോപണങ്ങള്‍ അന്നാട്ടിലെ സൈനിക-രഹസ്യാന്വേഷ്‌ന വിഭാഗങ്ങള്‍ക്കു നേരെയാണ് വിരല്‍ ചൂണ്ടുന്നത്. ആരോപണങ്ങളെ സൈനിക ഡയറക്ടര്‍ ജനറല്‍ മേജര്‍ ആസിഫ് ഗഫൂര്‍ റാവല്‍പിണ്ടിയില്‍ വാര്‍ത്താ സമ്മേളനം നടത്തി തള്ളിയെങ്കിലും അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ ശരിവെക്കുന്നത് ശരീഫിനെ തന്നെയായിരുന്നു. 

നവാസ് ശരീഫിനെ പാക് സുപ്രീംകോടതി പ്രധാനമന്ത്രി പദവിയില്‍നിന്ന് നീക്കിയത് പലരും കരുതുന്നതു പോലെ പാനമ കേസുകളുടെ പശ്ചാത്തലത്തില്‍ ആയിരുന്നില്ല. യു.എ.ഇയിലെ ഒരു കമ്പനിയില്‍നിന്ന് തെരഞ്ഞെടുപ്പു കാലത്ത് അദ്ദേഹം സ്വീകരിച്ച 10,000  ദിര്‍ഹം (ഏകദേശം 18 ലക്ഷം രൂപ) അദ്ദേഹം കമീഷനു മുമ്പാകെ വെളിപ്പെടുത്തിയില്ല എന്ന പരാതിയെ തുടര്‍ന്നായിരുന്നു. യഥാര്‍ഥത്തില്‍ ഈ പണം താന്‍ സ്വീകരിച്ചിട്ടില്ലെന്ന് ശരീഫ് കോടതിയില്‍ തെളിയിച്ചു. പക്ഷേ സ്വീകരിക്കാന്‍ ഇടയുണ്ടായിരുന്നതുകൊണ്ട് അത് വെളിപ്പെടുത്തണമായിരുന്നെന്ന തീര്‍ത്തും വിചിത്രമായ വാദമുന്നയിച്ചാണ് കോടതി അദ്ദേഹത്തെ പദവിയില്‍നിന്ന് അയോഗ്യനാക്കിയത് (ഇങ്ങനെയൊരു യുക്തി പ്രയോഗിച്ചാല്‍ ഇന്ത്യയില്‍ ജനപ്രതിനിധികളെന്ന വംശം തന്നെ കുറ്റിയറ്റുപോകുമായിരുന്നു!). പദവിയില്‍നിന്ന് പുറത്താക്കിയതിനു ശേഷമാണ് ലണ്ടനിലും ദുബൈയിലും വസ്തുവകകള്‍ വാങ്ങിക്കൂട്ടിയെന്ന പാനമ രേഖകളെ കുറിച്ച് അന്വേഷിക്കാന്‍ കോടതി കമ്മിറ്റിയെ നിശ്ചയിച്ചതും തുടര്‍ന്ന് ശിക്ഷ വിധിച്ചതും. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ നടപടിക്രമങ്ങളിലോ നിയമ വ്യവസ്ഥയുമായി ബന്ധപ്പെട്ട സമ്പ്രദായങ്ങളിലോ ഒരു മുന്‍പരിചയവുമില്ലാത്ത രണ്ട് സൈനിക ഉദ്യോഗസ്ഥരാണ് ഈ കമ്മിറ്റിയില്‍ അംഗങ്ങളായി ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സ്ഥാപിത താല്‍പര്യങ്ങള്‍ മുഴച്ചുനിന്ന അന്വേഷ്‌ന റിപ്പോര്‍ട്ടായിരുന്നു അത്. ജൂലൈ 6-ന് ഈ ശിക്ഷാവിധി വരുന്ന സമയത്ത് ശരീഫ് ലണ്ടനിലായിരുന്നതുകൊണ്ട് അദ്ദേഹം ഇനിയൊരിക്കലും മടങ്ങിയെത്താന്‍ ധൈര്യം കാണിക്കില്ലെന്നാണ് സൈന്യവും കോടതിയും പ്രതീക്ഷിച്ചത്. പക്ഷേ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമായേക്കാവുന്ന ആ വിധിയെ ജയിലില്‍ ഇരുന്ന് നേരിടാനുള്ള ശരീഫിന്റെ ഇപ്പോഴത്തെ തീരുമാനം അദ്ദേഹത്തെ പുറത്താക്കാന്‍ ധൃതിപ്പെട്ടവരുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തായിരുന്നു. അതു കൊണ്ടുതന്നെയാണ് പാകിസ്താന്‍ പൊടുന്നനെ സംഘര്‍ഷത്തിലേക്ക് എടുത്തെറിയപ്പെടുന്ന സാഹചര്യം രൂപപ്പെട്ടത്.  

 

സൈന്യം മത്സരരംഗത്ത്? 

റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനം ഈ തെരഞ്ഞെടുപ്പില്‍ പരസ്യമായി ഇടപെടുന്നതിന്റെയും ഫെഡറല്‍ ഇലക്ഷന്‍ കമീഷന്‍ മുന്‍കൈയെടുത്ത് ചില രഹസ്യ അജണ്ടകള്‍ നടപ്പാക്കുന്നതിന്റെയും തെളിവുകളാണ് ഒടുവിലൊടുവില്‍ പാകിസ്താനില്‍നിന്ന് പുറത്തുവരുന്നത്. നൂന്‍ ലീഗില്‍നിന്ന് രാജിവെച്ചു പുറത്തുവരാന്‍ സിറ്റിംഗ് പാര്‍ലമെന്റംഗങ്ങളെയുള്‍പ്പെടെ ഐ.എസ്.ഐ ആസ്ഥാനത്ത് വിളിച്ചു വരുത്തുന്നുണ്ടായിരുന്നു. നവാസ് ശരീഫിന്റെ പാര്‍ട്ടിക്കാരനായ റാണാ ഇഖ്ബാല്‍ സിറാജ് ഈ ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ അദ്ദേഹത്തെ ചെകിടത്തടിച്ച് തിരികെ അയച്ചുവെന്നാണ് ആരോപണം. വിജയിക്കാനിടയുള്ള മറ്റു ചെറിയ പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളും ഇത്തരമൊരു പ്രലോഭനമോ ഭീഷണിയോ നേരിടുന്നുണ്ട്. നവാസ് ശരീഫിനെ പിന്തുണക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് തന്റെ പാര്‍ട്ടിയിലെ നേതാക്കളെ സൈന്യം ഭീഷണിപ്പെടുത്തുന്നുവെന്ന് തെളിവുകള്‍ സഹിതം നവാസ് ലണ്ടനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കൂറുമാറിയവരോ സ്വതന്ത്രരോ ആയ മിക്ക സ്ഥാനാര്‍ഥികളെയും സൈന്യം ജീപ്പ് ചിഹ്നത്തില്‍ മത്സരിപ്പിക്കുകയാണെന്നാണ് ആരോപണമുയരുന്നത്. സൈന്യത്തിന്റെ തെരഞ്ഞെടുപ്പു ചിഹ്നമാണ് ജീപ്പ് എന്ന പ്രചാരണത്തിന് വഴിയൊരുക്കുംവിധം അസാധാരണമായിരുന്നു ഇത്തരം സ്ഥാനാര്‍ഥികളുടെ എണ്ണം. നവാസ് ശരീഫിന്റെ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത ചൗധരി നിസാര്‍ അലിഖാന്‍ സൈന്യത്തിന്റെ സ്ഥാനാര്‍ഥി പട്ടികയിലെ പ്രമുഖനാണ്. ശരീഫിനെതിരെ പാകിസ്താനിലെ ഏതാണ്ടെല്ലാ മാധ്യമ സ്ഥാപനങ്ങളും കൊടുത്തുകൊണ്ടിരുന്നത് ഒരേ തരം വാര്‍ത്തയായിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട ഏതു ചര്‍ച്ചയും തികച്ചും ഏകപക്ഷീയമായ ഭാഷയിലാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി തന്നെ പാകിസ്താന്‍ മീഡിയയിലൂടെ പുറത്തുവരുന്നത്. അല്‍പ്പം നിഷ്പക്ഷത പുലര്‍ത്തിയ ജിയോ ടി.വി പാകിസ്താന്റെ മിക്ക മേഖലകളിലും കിട്ടുന്നുണ്ടായിരുന്നില്ല. കോടതിയെ വിമര്‍ശിച്ച് നവാസ് ശരീഫ് നടത്തിയ ഒരു പ്രസംഗം ടി.വി ചാനലുകള്‍ക്ക് പാതി വഴിയില്‍ ശബ്ദം ഉപേക്ഷിച്ച് സംപ്രേഷണം ചെയ്യേണ്ടി വന്നു. സൈന്യത്തിന്റെ കടുത്ത വിമര്‍ശകനായ സി.എസ്.എം റിപ്പോര്‍ട്ടര്‍ താഹാ സിദ്ദീഖി പട്ടാപ്പകല്‍ ഇസ്ലാമാബാദില്‍നിന്ന് തന്നെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നുവെന്ന് ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തി. പ്രാണരക്ഷാര്‍ഥം സിദ്ദീഖി പാരീസിലേക്ക് രക്ഷപ്പെടുകയാണുണ്ടായത്. സുപ്രീംകോടതിയുടെ വിധിയെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ സൈന്യം ഒരു പ്രത്യേക അതോറിറ്റി രൂപീകരിക്കുക പോലുമുണ്ടായി. 

പാകിസ്താനിലെ സൈനിക നേതൃത്വത്തെ സംബന്ധിച്ചേടത്തോളം അഴിമതിയുടെ ഏറ്റവും വലിയ വിളനിലങ്ങളാണ് ഇന്ത്യയും അഫ്ഗാനിസ്താനുമായി ആ രാജ്യത്തിനുള്ള പലതരം സംഘര്‍ഷങ്ങള്‍. സോവിയറ്റ് യുദ്ധകാലത്ത് അമേരിക്കയും സഖ്യ രാജ്യങ്ങളും പാകിസ്താന്‍ കേന്ദ്രീകരിച്ച് നടത്തിയ സൈനിക ഓപ്പറേഷനുകളുടെ ബാക്കിപത്രമാണ് ആ രാജ്യത്തിന്റെ വടക്കന്‍ മേഖലകളില്‍ ഇന്നുള്ള താലിബാന്‍ ഉള്‍പ്പെടെയുള്ള നിരവധി സായുധ സംഘങ്ങള്‍. കശ്മീര്‍ തര്‍ക്കമാണ് സൈന്യത്തിന്റെ പിന്‍വാതില്‍ താല്‍പര്യങ്ങളുടെ മറ്റൊരു വിളനിലം. ഇവിടെയെല്ലാം അന്താരാഷ്ട്ര താല്‍പര്യങ്ങളുടെ ചട്ടുകമായി നിന്നു കൊടുക്കുന്നതിന് പാകിസ്താന്‍ സൈന്യത്തിന് അവരുടേതായ സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കുന്നുമുണ്ട്. മറുഭാഗത്ത് ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റിലേക്ക് എത്താതിരിക്കാനുള്ള 'ജിയോ എക്കണോമിക്കല്‍ സ്ട്രാറ്റജിക് പോയിന്റ്' (സാമ്പത്തിക പ്രാധാന്യമുള്ള ഭൗമ മേഖല) കൂടിയാണല്ലോ പാക് അധീന കശ്മീര്‍. പുതിയ പാത ഏതോ അര്‍ഥത്തില്‍ കശ്മീരിലെ സംഘര്‍ഷങ്ങളുടെ മൂലകാരണങ്ങളില്‍ ചിലതിനെ നിര്‍വീര്യമാക്കുന്നുണ്ടായിരുന്നു. നവാസ് ശരീഫിന്റെ കാലത്താണ് ഈ മേഖലയിലൂടെ അവരുടെ ചരിത്രത്തിലെ ഏറ്റവും തന്ത്രപരമായ വിജയം ചൈന നേടിയെടുക്കുന്നത്. പഴയ സില്‍ക്ക് പാതയെ പുനര്‍ നാമകരണം ചെയ്ത് പാക്കധീന കശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദിലൂടെ ഇന്ന് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ദ്രുതവേഗത്തില്‍ കറാച്ചി തുറമുഖത്തേക്കും അവിടെ നിന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റിലേക്കും എത്തിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ചൈന - പാകിസ്താന്‍ എക്കണോമിക് കോറിഡോര്‍ (സിപെക്) എന്നതിന് പകരം വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (ഒബോര്‍) എന്ന പേരിട്ടത് ഇന്ത്യയെ സമാധാനിപ്പിക്കാനാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. ഈ റോഡ് സമാധാനപൂര്‍വം നിലനിന്നെങ്കിലേ ചൈനക്ക് നേട്ടമുണ്ടാക്കാനാവൂ. സ്വാഭാവികമായും അമേരിക്കയും പാകിസ്താനുമായുള്ള ബന്ധം ദുര്‍ബലമാവുകയും അതനുസരിച്ച് ചൈനയും പാകിസ്താനുമായുള്ള ബന്ധം ശക്തമാവുകയും ചെയ്യുന്നുണ്ട്. ഈ റോഡു വെച്ച് ചൈന മറ്റു ചില മേഖലകളില്‍ ഇന്ത്യയോട് വിലപേശുന്നതും കാണാനാവും. ചൈന വിദേശരാജ്യങ്ങളില്‍ സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ നിക്ഷേപം പാകിസ്താനിലാണ്. പക്ഷേ സൈനിക നിക്ഷേപങ്ങളേക്കാള്‍ കൂടുതലായിരുന്നു അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങള്‍. പാകിസ്താനില്‍ ജനാധിപത്യം നിലനില്‍ക്കുന്നതിനും പാക്കധീന കശ്മീരില്‍ സമാധാനം നിലനില്‍ക്കുന്നതിനുമൊക്കെ പിന്നില്‍ ബാഹ്യ ശക്തികളുടെ താല്‍പര്യങ്ങള്‍ പരമപ്രധാനമായിരുന്നു എന്നര്‍ഥം. സിപെക് റോഡിനോടു ചേര്‍ന്ന് പുതിയ നഗരങ്ങള്‍ നിര്‍മിക്കുമെന്ന് പാകിസ്താനിലെ മിക്ക മുന്നണികളുടെയും തെരഞ്ഞെടുപ്പു പ്രഖ്യാപനങ്ങളിലുണ്ട്. പ്രത്യേകിച്ചും ജമാഅത്തെ ഇസ്ലാമി നയിക്കുന്ന എം.എം.എയുടെ മാനിഫെസ്റ്റോയില്‍ ഇക്കാര്യം എടുത്തു പറയുന്നുണ്ട്. എല്ലാറ്റിനുമുപരി അതിലടങ്ങിയ രാഷ്ട്രീയമായ കൂറുമാറ്റം അമ്പരപ്പിക്കുന്നതായിരുന്നു.  അഴിമതി കേസില്‍ ശക്തമായി എതിര്‍ത്തപ്പോഴും സെനറ്റ് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ഏറ്റവും ഒടുവില്‍ നടന്ന രാഷ്ട്രീയ നീക്കങ്ങളില്‍ നവാസ് ശരീഫിനൊപ്പമായിരുന്നു പാക് ജമാഅത്തെ ഇസ്ലാമി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ എം.എം.എയും നൂന്‍ ലീഗും തമ്മില്‍ ഒരു ബന്ധവും നിലനില്‍ക്കുന്നുമില്ല. എന്നല്ല ഇംറാന്റെ സംഘടനയെ വടക്കന്‍ മേഖലയില്‍ തെരഞ്ഞെടുപ്പിനു ശേഷം എം.എം.എ പിന്തുണക്കാനുള്ള സാധ്യതകളും ഏറെയാണ്. 

സൈന്യം, ജുഡീഷ്യറി എന്നീ വ്യവസ്ഥകളേക്കാള്‍ ജനാധിപത്യം പ്രാധാന്യം നേടുന്ന സന്ദര്‍ഭങ്ങളില്‍ പാകിസ്താനിലെ എല്ലാ രാഷ്ട്രീയക്കാരും നേരിട്ട വെല്ലുവിളിയാണ് ഒരര്‍ഥത്തില്‍ നവാസ് ശരീഫ് എന്ന അതികൗശലക്കാരന്‍ പ്രധാനമന്ത്രിയും നേരിട്ടത്. പാകിസ്താന്‍ സൈന്യത്തിലാണ് ഒരുപക്ഷേ ലോകത്തെ ഏറ്റവും മോശപ്പെട്ട ആയുധ ദല്ലാളന്മാരും അഴിമതിക്കാരുമുള്ളത്. സൈന്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അനിഷ്ടകരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഭരണഘടനാ സ്ഥാപനങ്ങളായ കോടതി, അക്കൗണ്ടബിലിറ്റി ബ്യൂറോ മുതലായവയുടെ കണിശമായ വിചാരണയില്‍ കുടുങ്ങാറുള്ള ഭരണാധികാരികള്‍ക്ക് പാകിസ്താനില്‍ നിന്ന് പുറത്തേക്ക് പോകാനുള്ള വഴിയൊരുങ്ങാറായിരുന്നു പതിവ്. ബേനസീര്‍ ഭുട്ടോ, ആസിഫ് സര്‍ദാരി, പര്‍വേസ് മുശര്‍റഫ് മുതലായവരൊക്കെ അവരുടെ കേസുകള്‍ക്കൊടുവില്‍ 'അദൃശ്യ ശക്തി'കളുമായി ഉണ്ടാക്കുന്ന ഒരുതരം രഹസ്യധാരണയുടെ ഭാഗമായി രാജ്യം വിട്ടോടിയവരാണ്. അങ്ങനെ മുമ്പൊരിക്കല്‍ നവാസ് ശരീഫും രാജ്യം വിട്ടോടിയിട്ടുണ്ട്. നവാസ് ശരീഫിന്റെ കാര്യത്തില്‍ നാഷ്‌നല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കാണിക്കുന്ന താല്‍പര്യം മുശര്‍റഫിന്റെ കാര്യത്തില്‍ ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധിക്കുക. വിദേശത്ത് വില്ലകളും സ്വത്തുവകകളും സമ്പാദിച്ചുകൂട്ടിയ രാഷ്ട്ര നേതാക്കളുടെ പട്ടികയില്‍ മുശര്‍റഫും ഒട്ടും പിന്നിലല്ല. പക്ഷേ അദ്ദേഹത്തിന്റെ കാര്യത്തില്‍ പാകിസ്താനിലെ കോടതികള്‍ക്ക് അയഞ്ഞ സമീപനം സ്വീകരിക്കേണ്ടിവരുന്നത് സൈന്യം കണ്ണുരുട്ടുന്നതുകൊണ്ടാവാനേ തരമുള്ളൂ. ഇവരുടെ വാഴ്ചയും വീഴ്ചയും നാടുവിടലും മടങ്ങിവരവുമൊക്കെ മുന്‍കൂട്ടി നിശ്ചയിച്ച അജണ്ടകള്‍ക്കൊത്താണ് നടന്നുവരാറുള്ളതും. ബേനസീറിന്റെ കാര്യത്തില്‍ മടങ്ങിവരവിന് വഴിയൊരുക്കിക്കൊടുത്തത് അമേരിക്കയായിരുന്നു. മടങ്ങിയെത്തിയതിനു ശേഷം ബേനസീര്‍ കൊല്ലപ്പെട്ടതും കാര്യകാരണസഹിതം വിശീകരിക്കാനാവാത്ത സമസ്യകളിലൊന്നായി മാറി. അധികാരമേറ്റ സൈനിക ജനറല്‍മാര്‍ക്കു പോലും ഈ അദൃശ്യശക്തികളുടെ ആധിപത്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല. അയ്യൂബ് ഖാനും സിയാഉല്‍ ഹഖും ബാഹ്യമായ കാരണങ്ങളാല്‍ കൊല്ലപ്പെട്ടപ്പോള്‍ പരസ്പരമൊരുക്കിയ കെണിയില്‍ കുടുങ്ങി തൂക്കുകയര്‍ ഏറ്റുവാങ്ങിയ പ്രധാനമന്ത്രിയായിരുന്നു സുല്‍ഫിക്കര്‍ അലി ഭുട്ടോ. നവാസ് ശരീഫിന് കെണിയൊരുങ്ങിയതില്‍ ഇതിനെല്ലാം ഏതോ അര്‍ഥത്തിലുള്ള പങ്കുണ്ടായിരിക്കാം.എല്ലാറ്റിനുമുപരി അദ്ദേഹത്തിന്റെ അതിസാമര്‍ഥ്യവും കാരണമായിട്ടുണ്ടാവാം. സൈന്യത്തെയും ജനാധിപത്യത്തിനു മേല്‍ നോട്ടക്കൂലി ഈടാക്കുന്ന പാകിസ്താനിലെ ഭരണഘടനാ സ്ഥാപനങ്ങളെയും ഏതോ പ്രകാരത്തില്‍ നവാസ് ശരീഫ് അപ്രസക്തമാക്കാന്‍ നീക്കങ്ങളാരംഭിച്ചിരുന്നു. ഇന്ത്യയുമായുള്ള ശരീഫിന്റെ അടുപ്പമായിരുന്നു പക്ഷേ പാക് സൈന്യത്തെ ഏറ്റവുമധികം അലോസരപ്പെടുത്തിയ ഘടകം. 

 

ശരീഫ് ഇല്ലാത്ത ജനാധിപത്യം

നവാസ് ശരീഫ് മത്സര രംഗത്തില്ലാത്ത പാകിസ്താനില്‍ ഇംറാന്‍ ഖാന്റെ രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്താന്‍ തഹ്രീകെ ഇന്‍സാഫിനാണ് (പി.ടി.ഐ) വിജയ സാധ്യത. അതേസമയം അമേരിക്കക്ക് ഒട്ടും താല്‍പര്യമില്ലാത്ത ഒരു ഭരണമാറ്റമാണിത്. ഇസ്ലാമിക സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇംറാന്‍ ഖാന്‍ സൈന്യവുമായി സമീപകാലത്ത് ദുരൂഹമായ പല നീക്കുപോക്കുകളും നടത്തിയിട്ടുണ്ട്. സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്വയെ ഇംറാന്‍ റാലികളില്‍ പരസ്യമായാണ് പ്രശംസിക്കുന്നത്. ലണ്ടനില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ സൈന്യത്തിന് പാകിസ്താന്റെ മുന്നോട്ടുള്ള സുഗമമായ പോക്കിലുള്ള പങ്കിനെ കുറിച്ചും ഇംറാന്‍ എടുത്തു പറഞ്ഞു. 'രാഷ്ട്രീയ പാര്‍ട്ടികളുടേത് ധാര്‍മികമായ അധികാരമാണ്. സൈന്യത്തിന്റേതാണ് ശാക്തികമായ അധികാരം' എന്നാണ് ഇംറാന്റെ വാദം. എന്നാല്‍ സൈന്യത്തിനകത്തും പക്ഷേ ഇംറാനെ എതിര്‍ക്കുന്ന സി.ഐ.എ പക്ഷപാതികളുമുണ്ട്. ഇംറാന്റെ പാര്‍ട്ടിയുടെ അധ്യക്ഷനായ ജാവേദ് ഹാശ്മി പറയുന്നത് മുഖവിലക്കെടുത്താല്‍ നവാസ് ശരീഫിനെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ ഇംറാനും സൈന്യവും തമ്മില്‍ ധാരണയില്‍ എത്തിയെന്നാണ് മനസ്സിലാക്കാനാവുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നവാസ് ശരീഫ് വ്യാപകമായി അഴിമതി നടത്തിയെന്ന ഇംറാന്റെ ആരോപണത്തെ കുറിച്ച് അന്വേഷ്‌നം നടത്താന്‍ സൈന്യം തയാറായെന്നും ഈ അന്വേഷണം പൂര്‍ത്തിയാവുന്നതു വരെ ഒരു മാസക്കാലം ഓഫീസില്‍നിന്ന് വിട്ടുനില്‍ക്കാന്‍ റാഹീല്‍ ശരീഫ് സൈനിക മേധാവി ആയിരിക്കവെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും 2014-ല്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഗവണ്‍മെന്റും സൈന്യവും അത് നിഷേധിച്ചു. എന്നാല്‍ ഈ ഒരു മാസക്കാലം രാജ്യത്ത് സൈനിക ഭരണമായിരിക്കില്ല, ജുഡീഷ്യല്‍ മേല്‍നോട്ടമാവും ഉണ്ടാവുകയെന്ന് ഇംറാന്‍ പറഞ്ഞതായാണ് ഹാശ്മിയെ തന്നെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നത്.  ഇംറാന്റെ പാര്‍ട്ടിയെ രാഷ്ട്രീയമായി ഉപദേശിക്കുന്നത് ഐ.എസ്.ഐയുടെ മുന്‍ മേധാവിയാണെന്ന് ആരോപിച്ച നവാസ് ശരീഫ് കാബിനറ്റ് അംഗമായ മുശാഹിദുല്ലാ ഖാന് ഒടുവില്‍ രാജിവെക്കേണ്ടിവന്നു.

ഇംറാനും 'മറക്കു പിന്നിലെ ശക്തി'കളും തമ്മില്‍ കുറേകാലമായി തന്നെ നീക്കുപോക്കുകള്‍ നടക്കുന്നുണ്ടായിരുന്നു. അതിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായമായിരുന്നു ബലൂചിസ്താന്‍ അവാമി പാര്‍ട്ടി നേതാവായ സാദിഖ് സംജ്റാനിയെ പാകിസ്താന്‍ സെനറ്റിന്റെ (ഇന്ത്യയുടെ രാജ്യസഭക്ക് തുല്യം) ചെയര്‍മാനാക്കാനുള്ള നീക്കം. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുടെ പാര്‍ട്ടിയായ പി.പി.പിയുടെ മുതിര്‍ന്ന നേതാവും നിലവിലുള്ള  ചെയര്‍മാനുമായ റസാ റബ്ബാനിയെ പദവിയില്‍ തുടരാന്‍ പിന്തുണ നല്‍കാമെന്ന് നവാസ് ശരീഫ് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ നവാസിന്റെ പാര്‍ട്ടിയായ നൂന്‍ ലീഗില്‍ ബലൂചിസ്താന്‍ കേന്ദ്രീകരിച്ച് പിളര്‍പ്പ് ഉണ്ടാകുന്നതാണ് പിന്നീട് കണ്ടത്. ബേനസീറിന്റെ ഭര്‍ത്താവ് ആസിഫലി സര്‍ദാരി ഈ വാഗ്ദാനം നിരാകരിച്ചു. പാകിസ്താന്‍ ജമാഅത്തെ ഇസ്ലാമിയും ഇംറാന്‍ ഖാനും തമ്മില്‍ തെറ്റിപ്പിരിയാനുള്ള കാരണവും ഒരുപക്ഷേ ഇതാവാം. സ്ഥാനാര്‍ഥി ആരെന്ന് പറയാതെയാണ് പി.ടി.ഐ ജമാഅത്തിന്റെ പിന്തുണ ഉറപ്പു വരുത്തിയത്. നേരത്തേ ഉള്ള ധാരണകളനുസരിച്ച് ജമാഅത്ത് ഇക്കാര്യത്തില്‍ റബ്ബാനിക്കൊപ്പമായിരുന്നു. സാദിഖ് സംജ്റാനി പാക് രാഷ്ട്രീയത്തില്‍ ഇത്രയും പരമപ്രധാനമായ പദവി വഹിക്കുമെന്ന് ആരും സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. പക്ഷേ തഹ്രീകെ ഇന്‍സാഫും പി.പി.പിയും നൂന്‍ ലീഗിലെ പിളര്‍ന്ന ഗ്രൂപ്പും മറ്റു ചില ചെറു സംഘടനകളും ചേര്‍ന്ന് നവാസ് ശരീഫിനെതിരെ കരുക്കള്‍ നീക്കുകയായിരുന്നു. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ 'മുകളില്‍നിന്നും ചില ഉത്തരവുകള്‍ ഉണ്ടെ'ന്നും വിശദാംശങ്ങള്‍ വഴിയെ അറിയിക്കുമെന്നും വ്യക്തമാക്കിയാണ് ജമാഅത്ത്-പി.ടി.ഐ മുന്നണിയുടെ മുഖ്യമന്ത്രിയായ പര്‍വേസ് ഖട്ടക് ജമാഅത്ത് അമീര്‍ സിറാജുല്‍ ഹഖിന്റെ പിന്തുണ തേടിയതത്രെ. ഏതായാലും സംജ്റാനിക്ക് വോട്ടു ചെയ്യാനുള്ള നിര്‍ദേശം പി.ടി.ഐ അംഗീകരിച്ചത് മുന്‍ധാരണക്ക് വിരുദ്ധമാണെന്ന് ജമാഅത്ത് വ്യക്തമാക്കി. മുകളില്‍നിന്ന് എന്നതിലൂടെ ഇംറാന്റെ വസതിയായ ബനിഗാലയെ ആണ് താന്‍ ഉദ്ദേശിച്ചതെന്ന്  ഖട്ടക്ക്  വിശദീകരിച്ചെങ്കിലും പി.ടി.ഐ 450 മില്യന്‍ കോഴവാങ്ങി സംജ്റാനിക്ക് വോട്ടു മറിച്ചുവെന്നാണ് ആരോപണമുയര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് തഹ്രീകെ ഇന്‍സാഫുമായി മാന്യമായി വഴിപിരിയാന്‍ ജമാഅത്ത് തീരുമാനിക്കുകയായിരുന്നു. ഈ സെനറ്റ് തെരഞ്ഞെടുപ്പിന് തൊട്ടു പിറകെ ഇംറാന്‍ ഖാന്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന അസ്മത്തുല്ലാ ജുനെജോ വധക്കേസില്‍ അദ്ദേഹത്തെ കോടതി വിട്ടയച്ചത് ഏറെ സംശയങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ഈ വിധിയും 'മുകളില്‍നിന്ന്' വന്നതാവാമെന്ന് പരിഹസിച്ച് മര്‍യം നവാസ് ട്വീറ്റ് ചെയ്തിരുന്നു.  

ചുരുക്കത്തില്‍, പാക് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന നീക്കങ്ങള്‍ അന്നാട്ടിലെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനേക്കാളുപരി സൈന്യത്തിന്റെ പിന്‍വാതില്‍ അധികാരങ്ങളെയാണ് അരക്കിട്ടുറപ്പിക്കുന്നത്. ഇംറാന്‍ ഇസ്ലാമിക സംഘടനകളോട് ഒരല്‍പ്പം ആഭിമുഖ്യം കാണിച്ചേക്കാമെങ്കിലും അടിസ്ഥാനപരമായി പാകിസ്താന്റെ നിലപാടുകളില്‍ ഒരു മാറ്റവും അദ്ദേഹത്തിന് കൊണ്ടുവരാന്‍ കഴിയണമെന്നില്ല. സൈന്യത്തിന്റെ രഹസ്യ നീക്കങ്ങളാണ് വിജയം കാണുന്നതെങ്കില്‍ നവാസ് ശരീഫിന്റെ പാര്‍ട്ടി സ്വാഭാവികമായും പരാജയപ്പെടും. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ വീണ്ടും കൊടുമ്പിരി കൊള്ളും. പാകിസ്താന്‍ നിലവില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ കാരണം അയല്‍പക്കത്തെ ശത്രുരാജ്യങ്ങളുടെ പലതരം ഇടപെടലുകളാണെന്നും അവയെ അതിജീവിക്കുന്നതില്‍ സൈന്യത്തിന്റെ പങ്ക് നിര്‍ണായകമാണെന്നുമുള്ള ഇംറാന്റെ നിലപാട് ഈ സാഹചര്യത്തില്‍ ഇന്ത്യ ആശങ്കയോടെ കാണേണ്ടതുണ്ട്. അമേരിക്കയുമായി നേരത്തേ തന്നെ കടുത്ത വിയോജിപ്പുള്ള ഇംറാന്‍ ചൈനയുമായും റഷ്യയുമായും മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നുമുണ്ട്. മറ്റെന്തൊക്കെ പോരായ്മകള്‍ ഉണ്ടെങ്കിലും പിന്‍വാതില്‍ ശക്തികളെ നിയന്ത്രിച്ചു നിര്‍ത്തിയ, ഭീകര സംഘടനകളുടെ മേല്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്ന, എല്ലാറ്റിനുമുപരി അയല്‍പക്കത്ത് സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തിയ ശരീഫ് ആണ് ഇപ്പോഴത്തെ പാകിസ്താനില്‍ ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഗുണകരമായിരുന്നത്. പാകിസ്താനില്‍ തൂക്കുമന്ത്രിസഭ ഉണ്ടാകുന്നതിനെയും അതിന്് 'ജീപ്പ് സംഘടന'യുടെ പിന്തുണ അനിവാര്യമാകുന്നതിനെയുമാണ് ഇന്ത്യ ഭയക്കേണ്ടത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

പലിശ സൃഷ്ടിക്കുന്ന ആപത്തുകള്‍
എം.എസ്.എ റസാഖ്