Prabodhanm Weekly

Pages

Search

2018 ജൂലൈ 20

3060

1439 ദുല്‍ഖഅദ് 06

കാല്‍പ്പന്ത് വേരറ്റുപോയവന്റെ കരു

മുഹമ്മദ് ശമീം

'ആഫ്രിക്ക എന്നാല്‍ ഒരു വര്‍ണമല്ല, അതൊരു ദേശമാണ്.' 

'ഫലിതങ്ങളെല്ലാം ഗൗരവതരമാണെന്ന് ഞാന്‍ കരുതുന്നു. ഗൗരവതരമായതെല്ലാം ഫലിതങ്ങളാണെന്നും. അവക്കിടയില്‍ ഒരു വേര്‍തിരിവ് നിങ്ങള്‍ക്കാവശ്യമില്ല.' 

ട്രെവര്‍ നോവ 

 

ദക്ഷിണാഫ്രിക്കയിലെ അറിയപ്പെടുന്ന കൊമേഡിയനും പൊളിറ്റിക്കല്‍ കമന്റേറ്ററും ടി.വി അവതാരകനുമാണ് ട്രെവര്‍ നോവ (Trevor Noah). 1984-ല്‍ ജൊഹാനസ്ബര്‍ഗിലാണ് അദ്ദേഹം ജനിച്ചത്. ദക്ഷിണാഫ്രിക്കയില്‍ വര്‍ണവെറിയന്‍ നിയമങ്ങള്‍ കര്‍ക്കശമായി നിലനിന്ന കാലമായിരുന്നു അത്. കറുത്തവരും വെളുത്തവരും തമ്മിലുള്ള മിശ്രണം നിയമപ്രകാരം നിരോധിക്കപ്പെട്ടിരുന്നു. എന്നാല്‍ സ്വിസ്സ്-ജര്‍മന്‍ വംശത്തില്‍പെട്ട, സ്വിറ്റ്‌സര്‍ലാന്റുകാരനായ റോബര്‍ട്ട് നോവയാണ് ട്രെവര്‍ നോവയുടെ പിതാവ്. മാതാവാകട്ടെ, സോസ (Xhosa) ഗോത്രത്തില്‍പെട്ട പട്രീഷ നൊംബയിസെലോയും (Ptaricia Nombuyiselo Noah). നിയമവിരുദ്ധമായ ബൈറേഷ്യല്‍ കുടുംബത്തില്‍ പിറന്നതിന്റെ ദുരനുഭവങ്ങള്‍ ധാരാളമായി അനുഭവിക്കേണ്ടി വന്നിട്ടുണ്ട് നോവക്ക്. You Laugh But It's True എന്ന പേരില്‍ ഡേവിഡ് പോള്‍ മെയര്‍ ചിത്രീകരിച്ച, നോവ തന്നെ അഭിനയിച്ച ജീവചരിത്ര ഡോക്യുമെന്ററിയില്‍ ഇത്തരം ബാല്യാനുഭവങ്ങള്‍ കാണാം. കുടുംബത്തിന് ഒരുമിച്ച് പുറത്തിറങ്ങാന്‍ പറ്റില്ല. അഛന്‍ വേറെയും, കുട്ടിയുമായി അമ്മ വേറെയും നടക്കണം. ഇതിനൊക്കെ പുറമെ കലാപബോധമുള്ള ആഫ്രിക്കക്കാരിയായ നൊംബയിസെലോ പല വീക്കെന്റുകളിലും ജയിലിലായിരിക്കും. ഒരുമിച്ച് നടന്നതിന്റെ പേരില്‍ മാതാപിതാക്കള്‍ രണ്ടുപേരും ജയിലില്‍ കിടക്കേണ്ടിയും വന്നിട്ടുണ്ട്. 

ട്രെവര്‍ നോവയെ ഇവിടെ പരിചയപ്പെടുത്തിയത് വെളുത്തവന്റെ വംശീയ, വര്‍ണ ബോധങ്ങള്‍ കുറേക്കൂടി ആധുനികമായ കാലത്ത് പോലും ചെലുത്തിയിരുന്ന സ്വാധീനത്തെ ദൃശ്യപ്പെടുത്താനാണ്. നോവയുടെ അനുഭവങ്ങളാണ് അദ്ദേഹത്തിലെ കൊമേഡിയനെ രൂപപ്പെടുത്തിയത്. കോമഡിയുടെ പ്രഥമോദ്ദേശ്യം ആളുകളെ ചിരിപ്പിക്കലാണെന്ന് സമ്മതിക്കുന്ന നോവ, പക്ഷേ ആ ചിരിയിലൂടെ നിര്‍മിക്കാന്‍ പറ്റുന്ന സാമൂഹികാവബോധത്തിന്റെ പ്രാധാന്യത്തെ അംഗീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഫലിതങ്ങള്‍ തന്നെയും രൂപപ്പെട്ടുവന്നത് വര്‍ണവിവേചനവുമായി ബന്ധപ്പെട്ട ദുരനുഭവങ്ങളിലൂടെയാണെന്നു പറയാം. 

എന്നാല്‍ അദ്ദേഹം അവയെ വെല്ലുവിളികളായി ഏറ്റെടുക്കുകയാണ്. സ്വയം പ്രകാശനത്തിനുള്ള തന്റെ വേദി സ്വയം കണ്ടെത്തുകയും ചെയ്തു. വര്‍ണവ്യത്യാസത്തിന്റെ പേരില്‍ തന്നെ അകറ്റിനിര്‍ത്തിയിരുന്ന വിഭാഗങ്ങളടക്കം അദ്ദേഹത്തിന് അംഗീകാരം നല്‍കാന്‍ നിര്‍ബന്ധിതരായി. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ഇങ്ങനെയൊരു സാമൂഹികപരിവര്‍ത്തനം, അതിലൂടെയുണ്ടാകുന്ന ഉദ്ഗ്രഥനം ആണ് സര്‍ഗാവിഷ്‌കാരങ്ങളുടെ പ്രധാന ഫലം (പ്രധാന ലക്ഷ്യം എന്ന് ഞാന്‍ പറയുന്നില്ല, കല എന്നാല്‍ മുദ്രാവാക്യങ്ങളാണ് എന്നും അഭിപ്രായമില്ല). ആവിഷ്‌കാരത്തിലൂടെയും ആസ്വാദനത്തിലൂടെയും കലയുടെ ഭാഷ അറിയാവുന്ന ഒരു സമൂഹം സൃഷ്ടിക്കപ്പെടുകയാണ്. അതിലൂടെ സംഭവിക്കുന്നതാകട്ടെ, സഹവര്‍ത്തിത്വത്തിന്റേതായ ഒരു പുതിയ ലോകത്തേക്കുള്ള കവാടങ്ങള്‍ തുറക്കപ്പെടുക എന്നതും. 

ഈ ഉദ്ഗ്രഥനവും ആദാനപ്രദാനങ്ങളും കായികരംഗത്തും കാണാം. അതില്‍ തന്നെയും ഏറ്റവും സൗന്ദര്യമുള്ള കളിയായി ഇതെഴുതുന്നയാള്‍ക്ക് തോന്നുന്ന കാല്‍പ്പന്തുകളി സഹജീവനത്തിന്റെ ഒരു സംസ്‌കാരത്തെത്തന്നെ തുറന്നുവെക്കുന്നുണ്ട്. സൂക്ഷ്മനിരീക്ഷണത്തില്‍ ഈ സഹജീവനം നമ്മുടെ അവബോധങ്ങളെ വികസിപ്പിക്കുന്നതായി അനുഭവപ്പെടും. 

ഇതിന് അടിവരയിടുന്ന ചില സ്ഥിതിവിവരങ്ങളുണ്ട്. യൂറോപ്യന്‍ ഫുട്‌ബോള്‍ ടീമുകളില്‍ പലതിലും വലിയൊരു ശതമാനം കളിക്കാര്‍ പ്രവാസികളും അഭയാര്‍ഥികളും ആണ് എന്നതാണത്. അവരില്‍തന്നെ നല്ലൊരു വിഭാഗം കറുത്ത വര്‍ഗക്കാരുമാണ്. ഫ്രഞ്ച് നാഷ്‌നല്‍ ഫുട്‌ബോള്‍ ടീമില്‍ എഴുപത്തെട്ട് ദശാംശം മൂന്ന് ശതമാനം വിദേശജനവിഭാഗങ്ങളാണ്. സ്വിറ്റ്‌സര്‍ലാന്റ്, ബെല്‍ജിയം, ഇംഗ്ലണ്ട്, ജര്‍മനി, പോര്‍ചുഗല്‍, സ്‌പെയിന്‍, സ്വീഡന്‍, ഡെന്മാര്‍ക്, ഐസ്‌ലാന്റ് എന്നിവിടങ്ങളിലെ ദേശീയ ഫുട്‌ബോള്‍ ടീമുകളില്‍ യഥാക്രമം 65.2, 47.8, 47.8, 39.1, 30.4, 17.4, 17.4, 13, 4.3 ശതമാനത്തോളം പ്രവാസികളും അഭയാര്‍ഥികളും കളിക്കുന്നു. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 6.8 ശതമാനം മാത്രമാണ് ഫ്രാന്‍സില്‍ കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും തോത്. സ്വിറ്റസര്‍ലാന്റില്‍ ഇത് 24 ശതമാനത്തോളം വരും. ബെല്‍ജിയത്തില്‍ 12.1 ശതമാനവും ഇംഗ്ലണ്ടില്‍ 9.2 ശതമാനവും ജര്‍മനിയില്‍ 11.3 ശതമാനവും പോര്‍ച്ചുഗലില്‍ 3.8 ശതമാനവും വിദേശപൗരന്മാരാണ്. സ്‌പെയിന്‍, സ്വീഡന്‍, ഡെന്മാര്‍ക്, ഐസ്‌ലാന്റ് എന്നിവിടങ്ങളില്‍ ഇത് യഥാക്രമം 10, 8, 8.2, 8 ശതമാനം വരും. ഇതില്‍ ഐസ്‌ലാന്റ് ഒഴിച്ച് ബാക്കിയെല്ലായിടത്തും ജനസംഖ്യയിലെ വിദേശപൗരന്മാരുടെ തോതിനോട് ആപേക്ഷികമായി ദേശീയ ടീമിലെ അനുപാതം വളരെ ഉയര്‍ന്നതാണ്. പ്രത്യേകിച്ച് ഫ്രാന്‍സില്‍, ജനസംഖ്യയില്‍ ഏഴ് ശതമാനത്തില്‍ താഴെ മാത്രം വരുന്ന വിദേശപൗരന്മാരുടെ ടീമിലെ പ്രാതിനിധ്യം എഴുപത്തെട്ട് ശതമാനത്തില്‍ കൂടുതല്‍. 

ഇത് യൂറോപ്യന്‍ ടീമുകളില്‍ മാത്രം പരിമിതമല്ല. മൊറോക്കോയുടെ കാര്യം ഉദാഹരണം. സെനഗല്‍, തുനീഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള താരങ്ങളാണ് പകുതിയിലേറെയും. ഏഷ്യയിലാണെങ്കില്‍ സുഊദി അറേബ്യ, ജപ്പാന്‍, ഇറാന്‍ എന്നീ ടീമുകളില്‍ നാമമാത്രമായെങ്കിലും വിദേശകളിക്കാരുടെ സാന്നിധ്യം കാണാം. മൊറോക്കന്‍ ടീമിന്റെ കാപ്റ്റന്‍ തന്നെ അള്‍ജീരിയന്‍ മാതാവിന്റെ മകനായ മെഹ്ദി ബനാതിയ (Medhi Banatia/ മേദി ബനാച്യ എന്ന് ഫ്രഞ്ച് ഉച്ചാരണം) ആണ്. അദ്ദേഹം ജനിച്ചതാകട്ടെ, ഫ്രാന്‍സിലും.  

യാതൊരു വിവേചനവും അനുഭവിക്കാത്തവരല്ല ഇവര്‍. ബെല്‍ജിയം ടീമിലെ റൊമേലു ലുകാകു (Romelu Lukaku) പ്ലേയേര്‍സ് ട്രിബ്യൂണലിലെ കോളത്തില്‍ എഴുതുന്നത് കാണുക: 'കാര്യങ്ങളെല്ലാം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍, വൃത്താന്തപത്രങ്ങളും ലേഖനങ്ങളും വായിക്കുമ്പോള്‍ അവരെന്നെ റൊമേലു ലുകാകു എന്ന ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍ എന്ന് വിളിക്കുന്നത് കാണാം. എന്നാല്‍ സംഗതികള്‍ അത്രത്തോളം ശുഭകരമല്ലെങ്കില്‍ എനിക്ക് കിട്ടുന്ന വിശേഷണം ഇങ്ങനെയാണ്: റൊമേലു ലുകാകു, കോംഗോളീസ് വംശജനായ ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍.' 

ചെറുപ്പത്തില്‍ താന്‍ അനുഭവിക്കേണ്ടിവന്നിട്ടുള്ള ദാരിദ്ര്യത്തെയും കഷ്ടപ്പാടുകളെയും കൂടി ഓര്‍ക്കുന്നുണ്ട് ലുകാകു. സത്യത്തില്‍ ഇത്തരം തീക്ഷ്ണാനുഭവങ്ങളിലൂടെ കടന്നുവന്നവര്‍ തന്നെയാണ് കാല്‍പ്പന്തുകളിയിലെ പല താരങ്ങളും. 

ബെല്‍ജിയന്‍ ടീമിലെ പ്രമുഖ കളിക്കാരായ മര്‍വാന്‍ ഫലായിനി (Marouane Fellaini), നാസര്‍ ശാദ്‌ലി (Nacer Chadli) എന്നിവര്‍ മൊറോക്കന്‍ വംശജരാണ്. കാമറൂണില്‍നിന്നും പാരീസിലേക്ക് കുടിയേറിയ വില്‍ഫ്രെഡിന് അള്‍ജീരിയന്‍ ഭാര്യയായ ഫായിസ ലമാരിയില്‍ ജനിച്ച മകനാണ് 2018 ലോകകപ്പില്‍ ഫ്രഞ്ച് ദേശീയ ഫുട്‌ബോള്‍ ടീമിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരം കിലിയാന്‍ മ്ബാപ്പെ (Kylian Mbappe). പ്രശസ്തനായ മറ്റൊരു താരമാണ് പോള്‍ പോഗ്ബ (Paul Pogba). ആഫ്രിക്കയിലെ ഗിനിയില്‍നിന്ന് (Guinea) ഫ്രാന്‍സിലെ ലെനി സുര്‍ മാര്‍നോയിലേക്ക് (LagnysurMarne) കുടിയേറിയ മുസ്‌ലിം കുടുംബത്തില്‍ ജനിച്ച പോഗ്ബയുടെ സഹോദരന്‍ മത്തിയാസ് ഫസോ പോഗ്ബ ഗിനിയന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമാണ്. 

ഇതിനിടയിലും തങ്ങളെ തങ്ങളുടെ വേരുകളില്‍നിന്ന് പറിച്ചെറിഞ്ഞ വംശീയ വ്യവസ്ഥകളോടുള്ള ദ്വേഷം അവരില്‍ കത്തിനില്‍ക്കുന്നു. 

സെര്‍ബിയയുമായുള്ള മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്റിന്റെ രണ്ട് കളിക്കാര്‍ തൊടുത്തുവിട്ട ഒരു അംഗവിക്ഷേപം (gesture) ഇതിന്റെ ഒരു പ്രതീകമാണ്. കളിയില്‍ സ്വിറ്റ്‌സര്‍ലാന്റിനു വേണ്ടി രണ്ട് ഗോളുകള്‍ നേടിയത് ഗ്രാനിത് ഹാകയും (Granit Xhaka) ജെര്‍ദാന്‍ ശാകീരിയും (Xherdan Shaquiri) ആയിരുന്നു. കറുത്തവരല്ലെങ്കിലും അഭയാര്‍ഥികളായ കൊസോവന്‍ അല്‍ബേനിയന്‍ വംശജരാണ് രണ്ടുപേരും. ഹാക ജനിച്ചത് തന്നെ ബേസിലിലാണ്, കൊസോവയില്‍നിന്ന് കുടിയേറിയ മാതാപിതാക്കളുടെ മകനായി. ശാക്ചീരിയാകട്ടെ, പഴയ യൂഗോസ്ലാവിയയിലെ ജിലാനില്‍ (ഇന്ന് കൊസോവയില്‍) 1991-ല്‍ ജനിച്ച് ഒരു വയസ്സ് പൂര്‍ത്തിയാവുന്നതിനു മുന്നേ തന്നെ സെര്‍ബ് വംശീയവാദികളാല്‍ ആട്ടിയോടിക്കപ്പെട്ടതിനെത്തുടര്‍ന്ന് സ്വിറ്റ്‌സര്‍ലാന്റിലേക്ക് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം കുടിയേറിയ ആളും. 

ബാള്‍ക്കന്‍ മേഖലയില്‍ പരസ്പരം പോരടിച്ചുകൊണ്ടിരുന്ന സ്ലാവ് വിഭാഗങ്ങളില്‍പെടുന്നു സെര്‍ബുകളും അല്‍ബേനിയന്മാരും. ഇക്കൂട്ടത്തില്‍ ഏറ്റവും കടുത്ത വംശീയബോധം പ്രകടിപ്പിച്ചിരുന്ന സെര്‍ബുകള്‍ക്കായിരുന്നു സ്വയം ഒരു സെര്‍ബ് ആയിരുന്ന മാര്‍ഷല്‍ ടിറ്റോയുടെ സോഷ്യലിസ്റ്റ് ഫെഡറല്‍ റിപ്പബ്ലിക് ഒഫ് യൂഗോസ്ലാവിയയില്‍ ആധിപത്യമുണ്ടായിരുന്നത്. എസ്.എഫ്.ആര്‍ യൂഗോസ്ലാവിയയുടെ തകര്‍ച്ചക്കു ശേഷം സെര്‍ബുകള്‍ ക്രോട്ടുകള്‍ക്കും ബോസ്‌നിയാക്കുകള്‍ക്കുമെതിരെ കടുത്ത വംശീയാക്രമണങ്ങള്‍ അഴിച്ചുവിട്ടു. മനുഷ്യത്വം സ്തംഭിച്ചു പോകുന്ന കൂട്ടക്കൊലകളും ബലാത്സംഗങ്ങളുമാണ് ബോസ്‌നിയാക്കുകള്‍ക്കു നേരെ നടന്നത്. ഇതിന് ശേഷം അവര്‍ സെര്‍ബിയയില്‍തന്നെയുള്ള ന്യൂനപക്ഷവിഭാഗമായ അല്‍ബേനിയന്മാര്‍ക്ക് നേരെ വിദ്വേഷം തുറന്നു. ഇതിനെതിരെ അല്‍ബേനിയന്മാര്‍ തീര്‍ത്ത പ്രതിരോധത്തിനൊടുവില്‍ സെര്‍ബിയ രണ്ട് റിപ്പബ്ലിക്കുകളടങ്ങുന്ന ഒരു രാഷ്ട്രമായി മാറി. റിപ്പബ്ലിക് ഒഫ് കൊസോവ എന്ന് സെര്‍ബിയക്കകത്ത് തന്നെയെങ്കിലും അല്‍ബേനിയരുടെ സ്വയംഭരണ മേഖലയായി ഇന്ന് നിലകൊള്ളുന്നു. 

ഈ ആഭ്യന്തരസംഘര്‍ഷങ്ങളിലാണ് ഹാകയുടേതും ശാകീരിയുടേതുമുള്‍പ്പെടെയുള്ള ഒരുപാട് കൊസോവന്‍ അല്‍ബേനിയന്‍ കുടുംബങ്ങള്‍ അഭയാര്‍ഥികളായി മാറിയത്. മത്സരത്തില്‍ ഹാകയും ശാകീരിയും ഗോളുകള്‍ നേടിയത് സെര്‍ബിയക്കെതിരെയാണ്. അപ്പോഴാണ് ഇരുവരും മുകളില്‍ പറഞ്ഞ അംഗവിക്ഷേപം കാണിച്ചത്. കൈകള്‍ ചേര്‍ത്തുപിടിച്ച് തള്ളവിരലുകള്‍ ഉയര്‍ത്തിയും മറ്റ് വിരലുകള്‍ വിടര്‍ത്തിയുമുള്ള മുദ്ര, ഇരട്ടത്തലയന്‍ പരുന്തിന്റേതാണ് (Doubleheaded Eagle). ബൈസന്റൈന്‍ സാമ്രാജ്യം മുതല്‍ മൈസൂരിലെ വൊഡയാര്‍ വരെ പല സമൂഹങ്ങളിലും അധികാരചിഹ്നമായി ഉപയോഗിക്കപ്പെട്ടിരുന്ന ഇരട്ടത്തലയന്‍ പരുന്ത് അല്‍ബേനിയരുടെ അടയാളവുമാണ്. അല്‍ബേനിയ എന്ന രാജ്യത്തിന്റെ കൊടിയടയാളവും അതു തന്നെ. ഇതാണ് സെര്‍ബിയന്‍ ടീമിനു നേരെ ഹാകയും ശാകീയും ഉയര്‍ത്തിക്കാണിച്ചിരുന്നത്. 

സെര്‍ബിയയുടെ പരാതിയെത്തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ ഫിഫ പിഴ ചുമത്തിയെങ്കിലും സ്വിറ്റ്‌സര്‍ലാന്റ് അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നു മാത്രമല്ല, അവരുടെ പിഴത്തുക സ്വിസ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. വംശീയമായി അല്‍ബേനിയരുമായി യാതൊരു ബന്ധവുമില്ലാത്ത സ്വിസ് കളിക്കാരും ഇവരോട് ഐക്യദാര്‍ഢ്യപ്പെട്ടു കൊണ്ട് ഇതേ ജെസ്റ്റര്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു. 

ബാള്‍ക്കന്‍ മേഖലയില്‍ വേരുകളുള്ള മറ്റൊരു യൂറോപ്യന്‍ ഫുട്‌ബോളറാണ് സ്ലാറ്റന്‍ ഇബ്‌റാഹീമോവിച്ച് (Zlatan Ibrahimovic). മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും ബാര്‍സലോണയുടെയും മികച്ച ഫോര്‍വേഡ് ആയിരുന്ന ഇബ്‌റാഹീമോവിച്ച് 2018 ലോകകപ്പില്‍ കളിച്ചില്ലെങ്കിലും സ്വീഡിഷ് ദേശീയ ടീമിനു വേണ്ടി 116 കളികളില്‍ 62 ഗോളുകള്‍ നേടിയിട്ടുണ്ട്. ശെഫീക് ഇബ്‌റാഹീമോവിച്ച് (Sefik Ibrahimovic) എന്ന ബോസ്‌നിയാക് മുസ്‌ലിം പിതാവിന്റെയും യുര്‍ക ഗ്രാവിച്ച് (Jurka Gravic) എന്ന ക്രോയേഷ്യന്‍ കത്തോലിക്കാ മാതാവിന്റെയും മകനായി സ്വീഡനിലെ മാല്‍മോവില്‍ 1987-ലാണ് സ്ലാറ്റന്‍ ഇബ്‌റാഹീമോവിച്ച് ജനിക്കുന്നത്. മാതാപിതാക്കള്‍ എഴുപതുകളില്‍ ബാള്‍ക്കനില്‍നിന്ന് സ്വീഡനിലേക്ക് കുടിയേറിയവരാണ്. പിതാവ് വരുന്നത് ഇന്നത്തെ ബോസ്‌നിയ ആന്റ് ഹെര്‍സെഗൊവീനയിലെ ബിയെല്‍ജിനയില്‍(Bijeljina)നിന്ന്. മാതാവാകട്ടെ, ഇന്നത്തെ ക്രൊയേഷ്യയിലെ സ്‌കാബര്‍ഞയില്‍(Skabrnja)നിന്നും. കുടിയേറ്റകാലത്ത് ഈ രണ്ട് സ്ഥലങ്ങളും എസ്.എഫ്.ആര്‍ യൂഗോസ്ലാവിയയുടെ ഭാഗമായിരുന്നു. 

സ്ലാറ്റന്‍ എന്ന ഫസ്റ്റ് നെയിമിലാണ് ഇബ്‌റാഹീമോവിച്ച് ആദ്യം അറിയപ്പെട്ടിരുന്നത്. ജഴ്‌സിയില്‍ രേഖപ്പെടുത്തിയിരുന്നതും ആ പേരായിരുന്നത്രെ. എന്നാല്‍ ഇബ്‌റാഹീമോവിച്ച് എന്നു തന്നെ താന്‍ അറിയപ്പെടണമെന്ന് അദ്ദേഹം വാശി പിടിച്ചു. ovic എന്ന പദം അദ്ദേഹത്തിന്റെ ബോസ്‌നിയാക് വേരിനെ അടയാളപ്പെടുത്തുന്നുണ്ട്. Son fo എന്നാണ് ഇതിന്റെ അര്‍ഥം. ഇബ്‌നു എന്നതിനോട് പിതാവിന്റെ പേര് ചേര്‍ത്ത് സര്‍നെയിം പറയുന്ന രീതി അറബികളുടേതാണ്. ഒട്ടോമന്‍ കാലത്ത് തുര്‍ക്കികളും ഈ രീതി സ്വാംശീകരിച്ചു. ഒട്ടോമന്‍ പ്രജകളായിരുന്ന ബോസ്‌നിയാക് മുസ്‌ലിംകളിലും അതാണ് സ്വാധീനം ചെലുത്തിയത്. കുടുംബത്തിലെ അറിയപ്പെടുന്ന പിതാമഹന്റെ പേരിനോട് ovic എന്ന് ചേര്‍ത്തുകൊണ്ടുള്ള സര്‍നെയിം നല്‍കപ്പെടുന്നത് അങ്ങനെയാണ്. സമാനമായ രീതി സെര്‍ബിയന്‍, ക്രൊയേഷ്യന്‍ വിഭാഗങ്ങളിലുമുണ്ട്. അതു പക്ഷേ evic, ivic, idzic തുടങ്ങിയ ഉച്ചാരണങ്ങളിലാണ്. 

ബോസ്‌നിയാക്കുകളുടെ ഈ രീതിയില്‍ തന്റെ പേര് വായിക്കപ്പെടണം എന്നായിരുന്നു ഇബ്‌റാഹീമോവിച്ചിന്റെ നിര്‍ബന്ധം. അബ്‌റഹാമോവിച്ച് എന്ന പാശ്ചാത്യ ഉച്ചാരണത്തോടു പോലും അദ്ദേഹം കലഹിച്ചു. 

ഈ വസ്തുതകള്‍ മുന്നില്‍ വെച്ചുകൊണ്ട് പരിശോധിക്കുമ്പോള്‍ കാല്‍പ്പന്തുകളിയെ പുതിയ മാനങ്ങളില്‍ പരിശോധിക്കാന്‍ നമുക്ക് സാധിക്കുന്നു. ഏറ്റവും പ്രധാനം പുതിയ കാലത്തിന്റെ വിശാല ഭൂരാഷ്ട്രബലതന്ത്രമാണ് (Broader Geopolitical Dynamics) ഫുട്‌ബോളിന് ആകൃതി നല്‍കുന്നത് എന്നതാണ്. എന്നുവെച്ചാല്‍  ഇത് ഒരുപക്ഷേ ഗ്ലോബലൈസേഷന്‍ എന്ന ആശയത്തിന്റെ മാനുഷികമായ ഒരു പ്രയോഗമാണ്. അതായത്, അത് അതിരുകള്‍ ഭേദിക്കുന്നു. അതേസമയം ഓരോ മനുഷ്യനും അവന്റെ വേരില്‍തന്നെ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു. 

വലയിലേക്ക് ഒരു ഗോള്‍ ചെന്ന് വീഴുമ്പോഴുള്ള ആഹ്ലാദത്തിമിര്‍പ്പില്‍ കറുപ്പും വെളുപ്പും മഞ്ഞയും ചുവപ്പും ഒത്തുചേരുന്നു എന്നത് ആനന്ദമുണ്ടാക്കുന്ന കാഴ്ച തന്നെയാണല്ലോ. യൂറോപ്യന്‍ ടീമുകള്‍ക്ക് കറുത്ത കളിക്കാര്‍ നല്‍കുന്നത് പുതിയ വര്‍ണങ്ങളാണ്. അതിലൂടെ പുതിയ കാഴ്ചപ്പാടുകളും. 

പല വഴികളിലൂടെയാണ് ഈ immigrant families ഇപ്പറഞ്ഞ രാജ്യങ്ങളിലെല്ലാം എത്തുന്നത്. കൊസോവ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ മുതല്‍ കോംഗോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങള്‍ വരെ നീണ്ടുനിന്ന വംശീയ ആഭ്യന്തര യുദ്ധങ്ങള്‍ ഒട്ടേറെ അഭയാര്‍ഥികളെ സൃഷ്ടിച്ചിട്ടുണ്ട്. ഈ അഭയാര്‍ഥികള്‍ പലരും തൊട്ടടുത്ത രാജ്യങ്ങളിലോ യൂറോപ്യന്‍ രാജ്യങ്ങളിലോ ആണ് ചേക്കേറാറുള്ളത്. ഇനിയും ചിലര്‍ മതിയായ ജീവിതസാഹചര്യങ്ങള്‍ തേടി പ്രവാസജീവിതത്തിലേക്ക് തിരിയുന്നവരാവാം. 

എങ്ങനെയായാലും ഈ ആളുകള്‍ക്ക് തങ്ങളുടെ അസ്ത്വിത്വം സ്ഥാപിച്ചെടുക്കാനുള്ള ഒരു വലിയ മാര്‍ഗമായി കാല്‍പ്പന്തുകളി മാറുന്നു എന്നത് അതിന്റെ രാഷ്ട്രീയ പ്രാധാന്യത്തിന്റെ സൂചനയാണ്. ചിലര്‍ക്കെങ്കിലും അത് തങ്ങളെ ബഹിഷ്‌കരിച്ച, തങ്ങളുടെ വേരുകള്‍ പിഴുതുകളഞ്ഞ സമൂഹങ്ങളോടുള്ള മധുരമായ പ്രതികാരവുമായിത്തീരുന്നു. 

അതേസമയം ഇതിന് ചില മറുവശങ്ങളുമുണ്ട്. കൊളോണിയല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ കോളനിവല്‍ക്കരണം സ്ഥാപിച്ചെടുത്തത് വംശീയതകളെ ഉദ്ദീപിപ്പിച്ചുകൊണ്ടു തന്നെയാണ്. ബ്രിട്ടീഷ് കാലത്ത് നമ്മുടെ നാട്ടില്‍ അരങ്ങേറിയ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തെപ്പറ്റി നാം പഠിക്കാറുണ്ട്. ഇന്ന് നാം അനുഭവിക്കുന്ന സങ്കുചിത വംശീയ ഫാഷിസം മുതല്‍ വ്യത്യസ്ത വിഭാഗീയതകള്‍ വരെയുള്ളവയുടെ കെടുതികളെ അന്നത്തെ അധീശതന്ത്രങ്ങളുടെ ബാക്കിയായും കൂടി വിലയിരുത്താം. ആധുനിക ചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശഹത്യ നടന്ന സ്ഥലമാണ് ആഫ്രിക്കയിലെ റ്വാണ്‍ഡ. ഹുതു, തുത്‌സി ഗോത്രദേശീയതകള്‍ തമ്മിലുള്ള മാരകമായ വൈരത്തിന്റെ വിത്തുകള്‍ റ്വാണ്‍ഡയില്‍ പാകിയത് ബെല്‍ജിയന്‍ കോളനിവാഴ്ചയാണ്. 

വന്‍ ആക്രമണങ്ങളിലൂടെയും മറ്റും കൈവശപ്പെടുത്തിയ കോളനികളെ നിലനിര്‍ത്തുന്നതിനു വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുക എന്നത് മാത്രമായിരുന്നില്ല, മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കോളനി രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ നിര്‍ബന്ധിതമായപ്പോഴും ഭാവിയില്‍ പൊട്ടിത്തെറിക്കാന്‍ പാകത്തിലുള്ള വിഭാഗീയ കുഴിബോംബുകള്‍ ജീവിതത്തിലെമ്പാടും നിക്ഷേപിച്ചുകൊണ്ടാണ് അവര്‍ പിന്‍വാങ്ങിയത്. 

ഇന്നത്തെ ആഭ്യന്തരക്കുഴപ്പങ്ങളിലും അതിര്‍ത്തിത്തര്‍ക്കങ്ങളിലുമുള്ള വാണിജ്യതാല്‍പര്യങ്ങളും പ്രധാനമാണ്. പ്രത്യേകിച്ചും ആയുധക്കമ്പനികളുടെ താല്‍പര്യങ്ങള്‍. ഭരണകൂടങ്ങള്‍ക്കും വിമതര്‍ക്കും സൈനികര്‍ക്കും തീവ്രവാദികള്‍ക്കും ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് ഒരേ കമ്പനികള്‍ തന്നെയാണല്ലോ. കൊലക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടുമ്പോള്‍ ചാര്‍ലി ചാപ്ലിന്റെ മൊസ്യൂ വെര്‍ദൂ എന്ന കഥാപാത്രം ചോദിക്കുന്നത് കൂട്ടക്കൊലകള്‍ ആഗ്രഹിക്കുന്ന ആയുധക്കമ്പനികള്‍ നിലനില്‍ക്കുകയും അവയാല്‍ നിലനിര്‍ത്തപ്പെടുകയും ചെയ്യുന്ന ഒരു സമൂഹത്തിന് എന്നെ വിചാരണ ചെയ്യാന്‍ എന്താണ് അവകാശം എന്നാണ്. തനിക്ക് മനസ്സിലാകുന്നത് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു അമച്വര്‍ ആയിപ്പോയി എന്നതാണ് തന്റെ കുറ്റം എന്ന് വെര്‍ദൂ തുടരുന്നു. എല്ലാവരുടെയും ജീവന്‍ ഒരേ വിലയുള്ളതല്ല എന്ന് ചിന്തിക്കുന്ന വര്‍ണഡംഭുകാരും മൂലധനശക്തികളുമാണ് ഇന്നും പാശ്ചാത്യ രാജ്യങ്ങളെ മുന്നോട്ടു നയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട തങ്ങളുടെ ഭൂരാഷ്ട്രീയനയങ്ങളും ആയുധങ്ങളടക്കം തങ്ങള്‍ കയറ്റിയയക്കുന്ന സാമഗ്രികളുമാണ് അഭയാര്‍ഥിപ്രശ്‌നം അടക്കം ഇന്നനുഭവിക്കുന്ന പ്രതിസന്ധികളുടെയൊക്കെ വേര് എന്ന് അംഗീകരിക്കാന്‍ അവര്‍ വൈമുഖ്യം കാണിക്കുകയും ചെയ്യുന്നു. എന്നിട്ടാകട്ടെ, കുറ്റം മുഴുവന്‍ അവരുടെ ഉപകരണങ്ങളായി വര്‍ത്തിക്കുന്ന മൂന്നാം ലോക ഏകാധിപതികളുടെയും തീവ്രവാദികളുടെയും മറ്റും തലയില്‍ കെട്ടിവെക്കുകയും ചെയ്യുന്നു. 

അതേസമയം, നിലക്കാത്ത അഭയാര്‍ഥിപ്രവാഹം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ പാശ്ചാത്യരുടെ മനോഘടനയില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നുണ്ട്. വര്‍ണചിന്തകള്‍, ദേശീയത തുടങ്ങിയവയില്‍നിന്ന് അവര്‍ പൂര്‍ണമായും മുക്തരായിട്ടില്ലെന്നതിന് റൊമേലു ലുകാകുവും ഇബ്‌റാഹീമോവിച്ചും മുതല്‍ ജിമി ദ്രമാസ് (Jimmy Durmas) വരെയുള്ളവരുടെ അനുഭവങ്ങള്‍ തെളിവു നല്‍കുന്നു. ബില്യണ്‍ ഡോളറുകളുടെ കച്ചവടമാണ് യൂറോപ്യന്‍ ഫുട്‌ബോള്‍. അതിന് അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും മാറ്റിനിര്‍ത്തി മുന്നോട്ടു പോകാന്‍ കഴിയില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. ആഫ്രിക്കന്‍ വംശജന്‍ ഗോള്‍ നേടുമ്പോള്‍ ആര്‍ത്തുവിളിക്കുന്ന വെള്ളക്കാരന്‍ ജീവിതത്തിന്റെ മറ്റ് മേഖലകളില്‍ അങ്ങനെയൊരു സ്‌നേഹം പ്രകടിപ്പിക്കും എന്ന് കരുതുന്നത് മണ്ടത്തരവുമായിരിക്കും. 

അങ്ങനെയായിരിക്കുമ്പോള്‍പോലും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഇതിനെയൊക്കെ മറികടക്കുന്ന പ്രസക്തിയുണ്ട്. വിവിധ വര്‍ണങ്ങളെ ഉള്‍ക്കൊള്ളുന്ന കളിമൈതാനത്തിലെ മണ്ണ് വ്യക്തമായ രാഷ്ട്രീയ സന്ദേശം മുന്നോട്ടുവെക്കുന്നു. അവിടെ കറുത്തവനും വെളുത്തവനും തമ്മില്‍ കെട്ടിപ്പുണര്‍ന്നേ പറ്റൂ. 

ഒപ്പം, ഈ പന്ത് അഭയം തേടിയെത്തുന്നവനെ സ്വന്തം അസ്തിത്വം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (82-85)
എ.വൈ.ആര്‍