Prabodhanm Weekly

Pages

Search

2018 ജൂലൈ 20

3060

1439 ദുല്‍ഖഅദ് 06

ഹജ്ജ് ആധ്യാത്മിക അനുഭവത്തിലേക്ക് തുറക്കുന്ന കവാടങ്ങള്‍

സൈദ മില്ലര്‍ ഖലീഫ

1959-ല്‍ ഇസ്‌ലാം ആശ്ലേഷിച്ച ബ്രിട്ടീഷ് വാസ്തുശില്‍പിയും കൈയെഴുത്ത് കലാകാരിയുമാണ് സോണിയ മില്ലര്‍. കനഡയില്‍ വെച്ച് യുസ്‌രി ഖലീഫ എന്ന ഈജിപ്ഷ്യന്‍ പ്രഫസറെ അവര്‍ വിവാഹം ചെയ്തു. 1967-ല്‍ അവര്‍ കയ്‌റോയിലേക്ക് പോയി. 1970-ല്‍ ഭര്‍ത്താവൊന്നിച്ച് നടത്തിയ ഹജ്ജ് യാത്രയുടെ അനുഭവങ്ങളാണ് ഠവല എശളവേ ജശഹഹമൃ ീള കഹെമാ എന്ന പുസ്തകത്തില്‍ അവര്‍ വിവരിക്കുന്നത്. വ്യക്തിഗത അനുഭവങ്ങളുടെ ഹൃദ്യമായ വിവരണമാണീ പൂസ്തകം. പൂസ്തകത്തില്‍നിന്നുള്ള ഒരു ഭാഗത്തിന്റെ സംഗ്രഹ വിവര്‍ത്തനം ചുവടെ.

 

1970. ഞാന്‍ ഈജിപ്തിലെത്തിയിട്ട് മൂന്നു വര്‍ഷം തികയുന്നു. ഇവിടെ എത്തിയത് മുതലേ എന്റെ ചിന്ത ഭര്‍ത്താവൊന്നിച്ച് എപ്പോഴാണ് ഹജ്ജിനു പോകാനാവുക എന്നതിനെക്കുറിച്ചായിരുന്നു. 1967-ലെ ഇസ്രയേലുമായുള്ള യുദ്ധം ഞങ്ങള്‍ക്കെല്ലാം വലിയ ആഘാതമായിരുന്നു. സൂയസ് കനാല്‍ നഷ്ടപ്പെട്ടതും യുദ്ധത്തിലുണ്ടായ കനത്ത തോല്‍വിയും ദുരന്തപൂര്‍ണമായ ജീവനാശവും ഏല്‍പിച്ച ആഘാതത്തില്‍നിന്ന് നടുനിവര്‍ക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും ഈജിപ്തിന്. സൂയസ് വഴി ഇനി കപ്പലില്‍ യാത്ര ചെയ്യാനാവില്ല. വിമാനം മാത്രമാണ് ഇനി ആശ്രയം. അതിനാല്‍ പോകാന്‍ കഴിയുന്നവരുടെ എണ്ണം വളരെ പരിമിതം. ലഭ്യമാവുന്ന വിദേശ കറന്‍സിക്കും നിയന്ത്രണമുണ്ട്.

ആളുകള്‍ ഒട്ടകപ്പുറത്ത് സവാരി ചെയ്തിരുന്ന കാലത്ത് യാത്ര ദുഷ്‌കരമായിരുന്നുവെങ്കിലും യാത്രക്ക് വേണ്ടിയുള്ള ഔദ്യോഗിക നൂലാമാലകള്‍ വളരെ കുറവായിരുന്നു. ഇപ്പോഴങ്ങനെയല്ല. നൂറുകൂട്ടം കടലാസുകളും രേഖകളും വേണം. പല ഓഫീസുകളില്‍നിന്നായി സംഘടിപ്പിക്കേണ്ടവ.

തീര്‍ഥാടകരെ നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതാണെന്ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാല്‍ സുഊദിയില്‍നിന്ന് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഹജ്ജ് സഹായികളുടെയോ ക്ഷണമുള്ളവര്‍ക്ക് നറുക്കെടുപ്പിന്റെ ആവശ്യമില്ല. 1969-ല്‍ ഞങ്ങള്‍ നറുക്കെടുപ്പിനു അപേക്ഷിച്ചിരുന്നുവെങ്കിലും കിട്ടിയിരുന്നില്ല. അതിനാല്‍ ഒരാള്‍ നിര്‍ദേശിച്ചതനുസരിച്ച് ഭര്‍ത്താവ് യുസ്‌രി ഒരു സുഊദി പൗരനു കത്തെഴുതി. ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത, അജ്ഞാതനായ ആ ഗുണകാംക്ഷിയുടെ ക്ഷണത്തിന്റെ ബലത്തില്‍ 1970-ലെ തീര്‍ഥാടക സംഘത്തില്‍ ഞങ്ങള്‍ക്കും ഇടം ലഭിച്ചു. അക്കൊല്ലം മുപ്പതിനായിരം അപേക്ഷകരുണ്ടായിരുന്നു. എന്നാല്‍ വിമാനങ്ങളുടെ എണ്ണക്കുറവ് കാരണം പതിനായിരം പേര്‍ക്കേ നറുക്കെടുപ്പിലൂടെ യാത്രാനുമതി ലഭിച്ചുള്ളൂ.

പുറപ്പെടേണ്ട തീയതി നല്ലവനായ പോലീസ് ഉദ്യോഗസ്ഥനില്‍നിന്ന് അറിഞ്ഞ പാടേ യുസ്‌രിയും ഞാനും യാത്രക്കാവശ്യമായ വസ്തുക്കളും മറ്റു സാധനങ്ങളും വാങ്ങി. രണ്ടു വെളുത്തതും ഒരു പച്ചയും ഗൗണുകളാണ് ഞാന്‍ വാങ്ങിയത്. പിന്നീട് മക്കയിലെയും മദീനയിലെയും തിരക്കു കാരണം അലക്കലും ഇസ്തിരിയിടലും ബുദ്ധിമുട്ടായപ്പോള്‍, കൂടുതല്‍ വാങ്ങിയില്ലല്ലോ എന്നു ഞാന്‍ ഖേദിച്ചു. പുരാതന കയ്‌റോയില്‍നിന്നാണ് യുസ്‌രിക്ക് വേണ്ട ഇഹ്‌റാം വസ്ത്രങ്ങള്‍ വാങ്ങിയത്. മരുഭൂമിയിലെ യാത്രക്കാര്‍ ഉപയോഗിക്കുന്ന തുകല്‍ജല സംഭരണികള്‍ വാങ്ങിയത് വലിയ ഉപകാരമായി. ഐസില്ലെങ്കിലും തണുത്ത വെള്ളം കുടിക്കാം. പാത്രം കാലിയായാല്‍ സൂക്ഷിക്കാന്‍ അധികം സ്ഥലം വേണ്ട.

പാചകം ചെയ്യുന്നതിനുള്ള സ്റ്റൗ, പാത്രങ്ങള്‍, കഴുകി ഉണക്കിയ അരി, ടിന്നിലടച്ച മീന്‍, പച്ചക്കറി, ചീസ്. ഞങ്ങള്‍ സാധനങ്ങള്‍ വാങ്ങിയ കടക്കാരെല്ലാം അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു.

രേഖകള്‍ സ്വന്തമാക്കുന്നതിനു വേണ്ടി യുസ്‌രി പോലീസ്, യാത്രാ ഓഫീസുകളില്‍ കയറിയിറങ്ങി. പ്രദേശത്തെ ഹെല്‍ത്ത് സെന്ററില്‍നിന്ന് ഞങ്ങള്‍ വസൂരിക്കും ടൈഫോയ്ഡിനും കോളറക്കുമെതിരായ നിയമപ്രകാരമുള്ള കുത്തിവെപ്പുകള്‍ എടുത്തു.

 

കയ്‌റോ വിമാനത്താവളം

കയ്‌റോയിലെ പ്രഭാതങ്ങള്‍ക്ക് പൊതുവെ നല്ല ഭംഗിയാണ്. ആ ഫെബ്രുവരിയിലെ പ്രഭാതം കൂടുതല്‍ മനോഹരമായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു. കെട്ടിടങ്ങളും വിമാനങ്ങളുമെല്ലാം വെളിച്ചത്തില്‍ കുളിച്ചുനിന്നു. ഗാഢമായ കുടുംബബന്ധം പുലര്‍ത്തുന്നവരാണ് ഈജിപ്തുകാര്‍. കുടുംബാംഗങ്ങളുടെ വരവും പോക്കുമെല്ലാം കുടുംബത്തിന്റെ ഒത്തുചേരലുകളാണവര്‍ക്ക്. ഞങ്ങളുടെ കുടുംബവും അതിനപവാദമായിരുന്നില്ല. എന്റെ രണ്ട് നാത്തൂന്മാരും യുസ്‌രിയുടെ മൂന്ന് സഹോദരങ്ങളും ഞങ്ങളെ യാത്രയാക്കാന്‍ എത്തിയിരുന്നു. ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു എല്ലാവരും.

വിമാനത്താവളത്തിന്റെ പ്രധാന കെട്ടിടത്തിനു പുറത്ത് ഹാജിമാര്‍ക്കും യാത്രയയക്കാനെത്തിയവര്‍ക്കും വേണ്ടി വലിയ പന്തല്‍ കെട്ടിയിരുന്നു. ദൂര ദിക്കുകളില്‍നിന്നുള്ള ചില കര്‍ഷക കുടുംബങ്ങള്‍ ഹാജിമാര്‍ തിരിച്ചെത്തുന്നതു വരെ വെപ്പും തീനുമായി പന്തലില്‍ കഴിഞ്ഞുകൂടിയിരുന്നു.

ഞങ്ങള്‍ വിമാനത്താവളത്തിലെ പുറപ്പെടല്‍ കാര്യാലയത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങവെ ഒരു കൈ യുസ്‌രിയുടെ കരം ഗ്രഹിച്ചു. അദ്ദേഹം തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു മുന്‍ വിദ്യാര്‍ഥിയുടെ ചിരിക്കുന്ന മുഖം. രണ്ട് സ്ത്രീകള്‍ ആ ചെറുപ്പക്കാരന്റെ കൂടെ ഉണ്ടായിരുന്നു.  ഒരു യുവതിയും പ്രായം ചെന്ന ഒരു ഹജ്ജുമ്മയും. സമയമില്ലാത്തതുകൊണ്ട് തിടുക്കത്തില്‍ യുവാവ് പറഞ്ഞു; ഉമ്മയുടെ കൂടെ മക്കയിലേക്ക് പോവാന്‍ തനിക്ക് സാധിക്കുകയില്ല എന്ന്. ഉമ്മയെ കൂടെ കൂട്ടാമോ എന്നാണ് അയാളുടെ ചോദ്യം. യുസ്‌രി ഉടന്‍ തന്നെ സമ്മതിക്കുകയും ചെയ്തു. സത്യം പറയാമല്ലോ, അപ്രതീക്ഷിതമായ ഈ അപേക്ഷ എന്നെ അമ്പരപ്പിച്ചിരുന്നു. തനിച്ച് ഹജ്ജിനു പോവുന്നവരോട് കുടുംബാംഗങ്ങളെ നോക്കാന്‍ പറയുക സാധാരണമാണെന്ന് പിന്നീടെനിക്ക് മനസ്സിലായി. മുന്‍കൂട്ടിത്തന്നെ ഇതേര്‍പ്പാട് ചെയ്യുന്നതാണ് പൊതുവെയുള്ള നടപ്പ്. പെണ്‍ തീര്‍ഥാടകര്‍ പുരുഷ ബന്ധുവിനൊപ്പമേ പോകാവൂ എന്നാണ് പ്രവാചക ശാസന. ഇതിന്റെ കാരണം എന്റെ കഥ ചുരുള്‍ നിവരുമ്പോള്‍ വ്യക്തമാവും. പുരുഷന്റെ ശ്രദ്ധയും സംരക്ഷണവും ആവശ്യമാവുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ യാത്രയില്‍ നേരിടും.

എനിക്കിതെല്ലാം പുതിയ കാര്യങ്ങളായിരുന്നു അപ്പോള്‍. പരിചയമില്ലാത്ത ആളെ യാത്രയില്‍ കൂടെ കൂട്ടുക എന്ന ആശയവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞങ്ങള്‍ ഒരു കഫ്തീരിയയില്‍നിന്ന് കാപ്പി കഴിച്ചു. ഈജിപ്തുകാര്‍ കാപ്പിയില്‍ കുറച്ചേ മധുരം ചേര്‍ക്കാറുള്ളൂ. എങ്കിലും തുര്‍ക്കികളുടേതിനേക്കാള്‍ കടുപ്പം കുറവാണ്. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഹജ്ജുമ്മ-വദീദ എന്നായിരുന്നു അവരുടെ പേര്- നിശ്ശബ്ദമായി കരയാന്‍ തുടങ്ങി. ഞാനവരെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍ അവരെ ശരിക്കും സാന്ത്വനിപ്പിക്കാന്‍ മാത്രമുള്ള അറബി ഭാഷാ പരിജ്ഞാനം എനിക്കുണ്ടായിരുന്നില്ല. അങ്ങോട്ടുമിങ്ങോട്ടും ചിരിക്കുകയും തലയാട്ടുകയും ചെയ്യാനേ ഞങ്ങള്‍ക്ക് പറ്റുമായിരുന്നുള്ളൂ.

 

വിമാനത്തില്‍

ഞാന്‍ ജനലിലൂടെ പുറത്തേക്ക് നോക്കി. വെള്ളിച്ചിറക് കാഴ്ചയെ മറയ്ക്കുന്നു. അങ്ങു താഴെ വെയിലു കൊണ്ട് കരുവാളിച്ച മരുഭൂമിയുടെ ദൃശ്യം. മുമ്പ് വായിച്ച ഹജ്ജ് യാത്രാ വിവരണങ്ങള്‍ ഓര്‍മയിലെത്തി. മുന്‍ നൂറ്റാണ്ടുകളിലെ യാത്രാ സംഘങ്ങള്‍ തങ്ങള്‍ കാടുകളും മേടുകളും താണ്ടിയെത്തിയ സ്ഥലത്തേക്ക് ഭാവിയില്‍ ജനങ്ങള്‍ കൂറ്റന്‍ വെള്ളിനിറത്തിലുള്ള ലോഹപ്പക്ഷികളിലേറി യാത്ര ചെയ്യുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ എന്തുമാത്രം അതിശയപ്പെട്ടിരിക്കും! വേണ്ടത്ര സുരക്ഷയോ സൗകര്യങ്ങളോ ഇല്ലാത്ത പൊളിഞ്ഞ കപ്പലുകളില്‍ സമുദ്രം താി ഹജ്ജിനു പോയിരുന്ന ആളുകള്‍ സര്‍വവിധ സൗകര്യങ്ങളുമായി ആകാശത്തു കൂടി അതിവേഗം പറന്നുപോവുന്ന വിമാനങ്ങളെ കുറിച്ച് കേട്ടിരുന്നെങ്കില്‍ എത്ര അത്ഭുതപ്പെടുമായിരിക്കും!

ഞാന്‍ എന്റെ സമീപം ഇരിക്കുന്ന വദീദ ഹജ്ജുമ്മയെ നോക്കി. അവര്‍ കണ്ണുകളടച്ച് പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിടുകയായിരുന്നു. ആദ്യ വിമാന യാത്രയായതിനാല്‍ പേടി അവരെ പിടികൂടിയിരുന്നിരിക്കണം. ധൈര്യം നല്‍കുന്നതിനു വേണ്ടി ഞാനവരുടെ കൈ പിടിച്ചു. മറുപടിയായി അവര്‍ എന്റെ കൈകളില്‍ അമര്‍ത്തുകയും പുഞ്ചിരിക്കുകയും ചെയ്തു.

 

മുത്വവ്വിഫ്

ഹജ്ജ് വേളയിലെ യാത്രാ സഹായിയാണ് മുത്വവ്വിഫ്. തീര്‍ഥാടകരെയും സര്‍ക്കാറിനെയും ബന്ധപ്പെടുത്തുന്ന കണ്ണി. പാസ്‌പോര്‍ട്ട്, കസ്റ്റംസ് ക്ലിയറന്‍സ്, താമസം, യാത്ര തുടങ്ങിയവയുടെയെല്ലാം ഉത്തരവാദിത്തം അയാള്‍ക്കാണ്. മുത്വവ്വിഫുമാര്‍ തങ്ങളുടെ കക്ഷികളെ തല്‍ക്കാലത്തേക്ക് വാടകക്കെടുത്ത സ്വകാര്യ ഗൃഹങ്ങളില്‍ പാര്‍പ്പിക്കുന്നു. വന്‍കിട ഹോട്ടലുകളില്‍ താമസിക്കാന്‍ ചെലവേറും. ചെലവ് ചുരുക്കുമ്പോള്‍ ചെറിയ മുറികള്‍ കൂടുതല്‍ പേര്‍ പങ്കുവെക്കണം. അപ്പോള്‍ ആണുങ്ങള്‍ വേറെയും പെണ്ണുങ്ങള്‍ വേറെയുമാകും. 'ഹരീം' എന്നാണ് പെണ്ണുങ്ങളുടെ മുറിക്ക് പറയുക. ഹറാം (നിഷിദ്ധം- ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, സഹോദരങ്ങള്‍, ആണ്‍ മക്കള്‍, സ്ത്രീകള്‍ എന്നിവര്‍ക്കൊഴികെ ) എന്നതിനാല്‍നിന്നുായതാണീ വാക്ക്.

 

ജിദ്ദ വിമാനത്താവളം

ജിദ്ദയിലെത്തി ഒരു മണിക്കൂറിനുള്ളില്‍ മുന്‍കൂട്ടി ആലോചിച്ചിട്ടില്ലാത്ത ഒരു പ്രതിസന്ധിയില്‍ ഞാനകപ്പെട്ടു. യഥാര്‍ഥ മുസ്‌ലിംകള്‍ക്കേ പുണ്യനഗരിയില്‍ പ്രവേശനമുള്ളൂ. എന്റെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടില്‍ ഞാന്‍ മുസ്‌ലിമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. ഇക്കാര്യം യുസ്‌രിയോ ഞാനോ ശ്രദ്ധിച്ചിരുന്നുമില്ല. ഞാന്‍ മുസ്‌ലിമാണെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക ഈജിപ്ഷ്യന്‍ രേഖകളൊന്നും ഞങ്ങളുടെ കൈവശമുണ്ടായിരുന്നില്ല എന്നതാണ് വലിയ പ്രശ്‌നം. കയ്‌റോയില്‍നിന്ന് കടത്തിവിട്ടത് മതിയായ തെളിവാകുമെന്ന് ഞങ്ങള്‍ തെറ്റായി മനസ്സിലാക്കി. സുഊദി അധികൃതര്‍ക്ക് അതെങ്ങനെ തെളിവാകാനാണ്! ഞങ്ങള്‍ ബെഞ്ചില്‍ കാത്തിരുന്നു. ഇമിഗ്രേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ എന്തു ചെയ്യാന്‍ പറ്റുമെന്ന് കൂടിയാലോചിച്ചു. പിറ്റേന്ന് സുപ്രീം കോടതി ജഡ്ജി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു തീരുമാനം.

ഞാന്‍ വദീദ ഹജ്ജുമ്മയെ നോക്കി. അവര്‍ കരച്ചിലിന്റെ വക്കത്തായിരുന്നു. ഞങ്ങളുടെ കൂടെ കൂടി സമയം വൈകുന്നതില്‍ അവര്‍ വിഷമിക്കുകയായിരുന്നു. എല്ലാ തീര്‍ഥാടകരെയും പോലെ എത്രയും പെട്ടെന്ന് മക്കയിലെത്തി കഅ്ബ കാണാന്‍ അവര്‍ക്ക് തിടുക്കമുണ്ടായിരുന്നു.

ഒടുവില്‍ ഞങ്ങള്‍ക്ക് പുറത്തു കടക്കാന്‍ അനുവാദം ലഭിച്ചു. ചൂടു കാരണം ഞങ്ങള്‍ ക്ഷീണിച്ചിരുന്നു. ധാരാളം തീര്‍ഥാടകര്‍ വന്നുകൊണ്ടിരുന്നു. ലഗേജുകളുമായി ഞങ്ങള്‍ അടുത്ത കെട്ടിടത്തിലേക്ക് നീങ്ങി. ഞങ്ങളുടെ മുത്വവ്വിഫിന്റെ പ്രതിനിധിയെ യുസ്‌രി ചെന്നു കണ്ടു. എന്റെ പ്രശ്‌നം കാരണം അന്നു രാത്രി ഞങ്ങള്‍ക്ക് തീര്‍ഥാടകര്‍ക്കുള്ള ഹോസ്റ്റലില്‍ തങ്ങേണ്ടിവന്നു.

 

മക്കയില്‍

ടാക്‌സി, ഞങ്ങളുടെ കൂടെയുണ്ടായിരുന്ന സുഡാനി തീര്‍ഥാടകരെ ആദ്യം ഇറക്കിയതിനു ശേഷം ഞങ്ങളെയും കൊണ്ട് ഒരു ഇടുങ്ങിയ വഴിയിലേക്ക് പ്രവേശിച്ചു. യമനികളായ ചുമട്ടു തൊഴിലാളികളാണ് ഞങ്ങളുടെ പെട്ടികള്‍ എടുത്തത്. വലുതും പഴക്കം ചെന്നതുമായ വീടുകള്‍ക്കിടയിലൂടെ ഞങ്ങള്‍ നടന്നു. വീടുകളുടെ വാതില്‍ക്കല്‍ അവയുടെ ഉടമസ്ഥര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഒന്നോ രണ്ടോ വഴിവാണിഭക്കാര്‍ നിലത്ത് വില്‍പനക്കുള്ള സാധനങ്ങള്‍ നിരത്തിവെച്ചിട്ടുണ്ട്. ഞങ്ങളുടെ മുത്വവ്വിഫിന്റെ വീട്ടില്‍ പോര്‍ട്ടര്‍മാര്‍ പെട്ടികള്‍ ഇറക്കിവെച്ചു. മക്കയില്‍ ഞങ്ങളുടെ താമസം ഇവിടെയായിരിക്കും. കുറേയധികം പടവുകള്‍ കയറി ഒരു കൊച്ചു മുറിയില്‍ ഞങ്ങളെത്തി. ചന്ദ്രശോഭയുള്ള മുഖവുമായി ഒരറബി സ്ത്രീ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. പരമ്പരാഗത അറബി ശൈലിയില്‍ അവര്‍ ഞങ്ങളെ സ്വാഗതം ചെയ്തു: 'അഹ്‌ലന്‍ വ സഹ്‌ലന്‍'. 'ഞങ്ങള്‍ നിങ്ങളുടെ കുടുംബമാണ്, നിങ്ങള്‍ ഞങ്ങളുടെ താഴ്‌വരയിലാണ്' എന്നത്രെ ഈ സ്വാഗതോക്തിയുടെ സാരം. ചില അറബി പ്രയോഗങ്ങള്‍ വളരെയധികം അര്‍ഥസമ്പന്നമാണ്. ഞങ്ങളുടെ മുത്വവ്വിഫിന്റെ ഭാര്യാ മാതാവായിരുന്നു ആ സ്ത്രീ. ഞാനവര്‍ക്ക് ഹസ്തദാനം ചെയ്തു. അവര്‍ ഞങ്ങള്‍ക്ക് നന്മ നേരുകയും അവരോടൊത്തുള്ള ഞങ്ങളുടെ താമസം സന്തോഷം നിറഞ്ഞതായിരിക്കുമെന്നു പറയുകയും ചെയ്തു.

ഒരു കൊച്ചു മുറിയില്‍ ഞങ്ങള്‍ പന്ത്രണ്ട് ഹാജ്ജകള്‍. എല്ലാവര്‍ക്കും കൂടി ഒരു കുളിമുറി. മുറി വൃത്തിയുള്ളതായിരുന്നു. കുളിമുറി നിത്യവും ശുചിയാക്കിയിരുന്നു. എങ്കിലും പൊരുത്തപ്പെടാന്‍ ഇത്തിരി സമയമെടുത്തു.

 

മക്കത്തെ വെള്ളിയാഴ്ച

മക്കയിലെ എന്റെ ആദ്യത്തെ വെള്ളിയാഴ്ച ഹരീമിലെ മറ്റു അന്തേവാസികളോടൊപ്പം ഞാന്‍ പള്ളിയിലേക്ക് പോയി. ജുമുഅയില്‍ പങ്കെടുക്കാനുള്ള അത്യുത്സാഹത്തോടെ വദീദ ഹജ്ജുമ്മയും ക്ലേശപ്പെട്ടു നടന്നു. ഹറമിനോടടുക്കുംതോറും ആള്‍ക്കൂട്ടത്തിനു വണ്ണം വെച്ചുവന്നു. പള്ളിയുടെ അടുത്തെത്തിയപ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പ്രായമുള്ള ഹാജ്ജ താന്‍ ക്ഷീണിതയാണെന്നും ഇനി മുന്നോട്ടു നടക്കാനില്ല എന്നും പറഞ്ഞു. തിരക്കില്‍പെടാതിരിക്കാന്‍ ആരോഗ്യം കുറഞ്ഞ പലരും മുസ്വല്ല വിരിച്ച് അങ്ങനെ വഴിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഇമാമിന്റെ ശബ്ദം ഉച്ചഭാഷിണിയില്‍ അവര്‍ക്കു കേള്‍ക്കാം.

ഞങ്ങളില്‍ ചിലര്‍ പ്രധാന കവാടത്തിലെ തിരക്കൊഴിവാക്കി അരികിലുള്ള വാതിലിനടുത്തേക്ക് നടന്നു. എന്നാല്‍, ഞങ്ങളെ നയിക്കുന്ന മുത്വവ്വിഫിന്റെ ഭാര്യാ മാതാവ് അവരോടൊപ്പം പ്രധാന കവാടത്തിലൂടെ അകത്തു കടക്കാന്‍ ഞങ്ങളെ നിര്‍ബന്ധിച്ചു. പരസ്പരം കൈകോര്‍ത്തു പിടിച്ച് ഞങ്ങള്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഉന്തിത്തള്ളി അകത്തുകടന്നു. പലരും അകത്തുനിന്ന് പുറത്തേക്ക് വരുന്നുണ്ടായിരുന്നു. അത് തിരക്കു വര്‍ധിപ്പിച്ചു. ഞാന്‍ മുമ്പൊന്നും ഒരിടത്തും ഇങ്ങനെയൊരു തിരക്കില്‍ അകപ്പെട്ടിട്ടില്ല. പല നിറങ്ങളിലും തരത്തിലുമുള്ള പെണ്‍കടലിന്റെ ഭാഗമായിത്തീര്‍ന്നു ഞങ്ങള്‍. ചിലര്‍ ഞങ്ങളെ കടന്നുപോയി. ഞങ്ങളുടെ ഭാഗത്ത് ഇരിക്കാന്‍ ശ്രമിച്ച ചില പുരുഷ കേസരികളെ 'ഹരീം! ഹരീം' എന്ന് ഒച്ച വെച്ചു സ്ത്രീകള്‍ തുരത്തി. ചിലര്‍ എഴുന്നേറ്റു പോവാന്‍ കൂട്ടാക്കാതെ ബലമായി ഇരിപ്പുറപ്പിച്ചു. ഒരു ഹാജി വിരിച്ച പായയില്‍ ഞാന്‍ അറിയാതെ ചവിട്ടിപ്പോയപ്പോള്‍ അയാള്‍ എന്നെ ശക്തമായി ഉന്തി. പിന്നീട് ഞാന്‍ ഇതേക്കുറിച്ച് ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ പറഞ്ഞത് ഈ പറയപ്പെട്ട ഹാജി താന്‍ വിരിച്ച പായയില്‍ മറ്റൊരാള്‍ സ്പര്‍ശിക്കുന്നത് തെറ്റാണെന്ന വിശ്വാസത്തില്‍ വളര്‍ത്തപ്പെട്ട ആളായിരിക്കാം എന്നാണ്. ഒരിഞ്ചു സ്ഥലവും എവിടെയും ബാക്കിയില്ലാത്ത വിധം ജനനിബിഡമായിരുന്നു മസ്ജിദുല്‍ ഹറാം. ഇത്രയൊക്കെ തിരക്കുണ്ടായിട്ടും ആരും ദേഷ്യപ്പെട്ടിരുന്നില്ല. ആളുകള്‍ ക്ഷമയോടെ സ്വയം നിയന്ത്രിച്ചു. നന്മകളെ കോപം അതിജയിക്കുന്ന സന്ദര്‍ഭങ്ങളും സ്വാഭാവികമായി ഉണ്ടായി. രണ്ടു പേര്‍ വഴക്കുണ്ടാക്കിയ ആകെ ഒരു രംഗത്തിനേ എന്റെ തീര്‍ഥാടനങ്ങള്‍ക്കിടക്ക് ഞാന്‍ സാക്ഷിയായിട്ടുള്ളൂ എന്നു ഞാന്‍ രേഖപ്പെടുത്തട്ടെ.

 

മിനായിലേക്ക്

മക്കയില്‍നിന്ന് പുറത്തേക്ക് പോവുന്ന വാഹനങ്ങളിലെല്ലാം നിറയെ ഹാജിമാരും അവരുടെ സാധന സാമഗ്രികളുമാണിപ്പോള്‍. എല്ലാവരുടെയും കണ്ഠങ്ങളില്‍നിന്നുയരുന്നത് ഒരേയൊരു മന്ത്രം: ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്ക്. യുസ്‌രിയും ഞാനും ഒരു ഗാംബിയന്‍ ഹാജ്ജയോടും അവരുടെ പേരമക്കളോടുമൊപ്പം ഒരു ടാക്‌സിയിലായിരുന്നു. മിനായില്‍ അവര്‍ എങ്ങനെ കഴിച്ചുകൂട്ടി എന്നെനിക്കറിയില്ല. അവിടെയെത്തിയപ്പോള്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞിരുന്നു.

മക്കയില്‍നിന്ന് നാലു മൈല്‍ ദൂരമേ മിനായിലേക്കുള്ളൂ. അതിനാല്‍ വളരെ വേഗം അവിടെയെത്തി. പാറക്കെട്ടുകളാല്‍ ചുറ്റപ്പെട്ട, മനോഹരമായ കൊച്ചു പട്ടണമാണ് മിന. ഉഷ്ണകാലത്ത് കൊല്ലുന്ന ചൂടാണ് അവിടെ എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പാറകളില്‍ നിന്ന് വികിരണം ചെയ്യുന്ന താപം മരുമാരുതന്റെ തണുപ്പിനെ നക്കിയെടുക്കും. പാറപ്പുറത്തെ വെളുത്ത തമ്പുകള്‍ കൂണുകളെ ഓര്‍മിപ്പിച്ചു. മിനായിലെ ഭവനങ്ങള്‍ അസാധാരണമാംവിധം ഉയരമുള്ളവയാണെന്ന് എനിക്കു തോന്നി.

മിനായിലെ നീളമേറിയതും വിശാലവുമായ പ്രധാന തെരുവ് ഹജ്ജിലെ ഒരു അവസാന ചടങ്ങുകളിലൊന്നായ പ്രതീകാത്മക കല്ലേറിന്റെ വേദിയാണ്. മിനായില്‍ പല രാജ്യക്കാരുടെ തമ്പുകള്‍ ഞങ്ങള്‍ കണ്ടു. അത്താഴത്തിനു ശേഷം പ്രാര്‍ഥന നിര്‍വഹിച്ചു ഞങ്ങള്‍ വേഗം കിടന്നുറങ്ങി.

ഈജിപ്തില്‍നിന്നുള്ള മറ്റു ഹാജ്ജകളോടൊപ്പം സുഖമായി കഴിയുകയായിരുന്നു വദീദ ഹജ്ജുമ്മ. യുസ്‌രിയുടെ സേവനം അവര്‍ക്കപ്പോള്‍ ആവശ്യമുണ്ടായിരുന്നില്ല.

 

അറഫാത്ത്

ചെറുകുന്നുകള്‍ക്കിടയില്‍ ഉയര്‍ന്നു നില്‍ക്കുന്ന പീഠമാണ് അറഫാത്ത്. ഞങ്ങള്‍ ടാക്‌സിയില്‍നിന്നിറങ്ങി. താഴ്‌വരയും ചെറുകുന്നുകളുടെ അടിവാരവും മുഴുവന്‍ പല ആകൃതിയിലുള്ള തമ്പുകളാല്‍ നിറഞ്ഞിരിക്കുന്നു. ഓരോ മുത്വവ്വിഫിന്റെയും വക ടെന്റുകള്‍ തിരിച്ചറിയാന്‍ വലിയ അടയാളങ്ങളുണ്ട്. ആളുകളെയും വഹിച്ചുവരുന്ന വാഹനങ്ങളുടെ തിരക്കാണ് റോഡ് നീളെ. ഭാഗ്യത്തിന് ഞങ്ങളുടെ മുത്വവ്വിഫ് ഹാജ്ജ് തകാഫിയുടെ ടെന്റുകള്‍ ഒരറ്റത്തായിരുന്നു. അല്ലെങ്കില്‍ ഞങ്ങള്‍ വഴിതെറ്റിപ്പോയേനെ.

വളരെ വ്യവസ്ഥാപിതമായിരുന്നു വിശാലമായ ആ ക്യാമ്പ്. മികച്ച സംഘാടനം. അര ദശലക്ഷമോ അതിലധികമോ വരുന്ന ഹാജിമാര്‍ക്ക് വേണ്ട താമസ സൗകര്യം. യഥേഷ്ടം ശുദ്ധമായ കുടിവെള്ളം. എത്രയോ എണ്ണം ശൗചാലയങ്ങള്‍. ഇവിടെ ഒരു ദിവസവും മിനായില്‍ മൂന്നു ദിവസവും ഇത്രയധികം ആളുകള്‍ തിങ്ങിപ്പാര്‍ത്തിട്ടും പകര്‍ച്ചവ്യാധിയോ മറ്റെന്തെങ്കിലും തരത്തിലുള്ള അപായങ്ങളോ ഉണ്ടായില്ല. ലോകാരോഗ്യ സംഘടന സുഊദി അധികൃതരെ അഭിനന്ദിക്കുകയുണ്ടായി. ചില വര്‍ഷങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടരാറുണ്ട്. ഇപ്പോള്‍ ഒരാള്‍ക്കസുഖം വന്നാല്‍ ഉടനെ ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നു.

മുത്വവ്വിഫ് വന്നു എന്നോട് സ്ത്രീകള്‍ക്കു മാത്രമുള്ള തമ്പിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. അദ്ദേഹത്തിന്റെ ഭാര്യാമാതാവിന് എനിക്ക് ചടങ്ങുകള്‍ നന്നായി വിശദീകരിച്ചുതരാനാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 'ഇംഗ്ലീഷിലോ?' എന്ന യുസ്‌രിയുടെ ചോദ്യത്തിന് മുന്നില്‍ മുത്വവ്വിഫ് ഉത്തരം മുട്ടി. എന്റെ ഭര്‍ത്താവ് മുമ്പ് രണ്ട് തവണ ഹജ്ജ് ചെയ്തിട്ടുണ്ട്. ഹജ്ജിനെക്കുറിച്ച് വായിച്ച് നല്ല അറിവുമുണ്ട്. മാത്രമല്ല, എനിക്ക് കൂടുതല്‍ സുരക്ഷിതം അദ്ദേഹത്തിന്റെ ഒപ്പമായിരിക്കുന്നതുമാണ്.

ഒടുവില്‍ മുത്വവ്വിഫ് ഞങ്ങളോട് പാകിസ്താനികളുടെ തമ്പിലേക്ക് മാറാന്‍ പറഞ്ഞു. ഞങ്ങളങ്ങോട്ട് പോയി. അവിടെ അധികം ആളുകളുണ്ടായിരുന്നില്ല. ശാന്തരായി ധ്യാനത്തിലും പ്രാര്‍ഥനയിലും മുഴുകിയിരിക്കുകയായിരുന്നു ഹാജിമാര്‍. ഉച്ചത്തിലോ മൗനമായോ ഖുര്‍ആന്‍ പാരായണം ചെയ്യുകയോ പ്രാര്‍ഥനകള്‍ ഉരുവിടുകയോ ചെയ്തുകൊണ്ടിരുന്നു അവര്‍.

 

മിനായില്‍

ഇന്ത്യക്കാരനായ സാധു തീര്‍ഥാടകരായിരുന്നു ഞങ്ങളുടെ അടുത്ത തമ്പില്‍. പാവങ്ങളാണ് അവരെന്ന് മെലിഞ്ഞു ശോഷിച്ച അവരെ കണ്ടാല്‍ തന്നെ അറിയാം. ജീവിതകാലം മുഴുവന്‍ നിത്യവരുമാനത്തില്‍നിന്ന് പിശുക്കി നീക്കിവെച്ച സമ്പാദ്യവുമായാണ് അവര്‍ ഹജ്ജിനു വരുന്നത്. തുക മുഴുവന്‍ യാത്രയില്‍ ചെലവായിപ്പോവാന്‍ സാധ്യതയുണ്ട്. ഒരു ഇന്ത്യന്‍ കുടുംബത്തെ ഞങ്ങള്‍ ഭക്ഷണത്തിനു ക്ഷണിച്ചു. അവര്‍ ക്ഷണം സന്തോഷപൂര്‍വം സ്വീകരിച്ചു. പിന്നീട് അവര്‍ ഞങ്ങളെ അവരുടെ ഗ്രാമത്തില്‍നിന്ന് കൊണ്ടുവന്ന ഗോതമ്പ് കൊണ്ടുണ്ടാക്കിയ കഞ്ഞി പോലെയുള്ള അവരുടെ ഭക്ഷണം നല്‍കി സല്‍ക്കരിച്ചു.

 

മക്കയില്‍ തിരികെ

മുകളില്‍ ഹാജ്ജകള്‍ സാധനങ്ങള്‍ തരംതിരിച്ച് വീണ്ടും വീടൊരുക്കത്തിനുള്ള തിരക്കിലാണ്. പെട്ടികള്‍ അടുക്കി തട്ടില്‍ വെക്കണം. എങ്കിലേ നിന്നു തിരിയാന്‍ ഇടമുണ്ടാവൂ. ആവശ്യനേരത്ത് കൈത്തൂവാലയോ പാവാടയോ എടുക്കാനാണ് ബുദ്ധിമുട്ട്.

മദീനയിലേക്ക് യാത്ര തിരിക്കാനുള്ള അനുമതിക്കായി കാത്തുനില്‍ക്കുകയായിരുന്നു ഞങ്ങള്‍. പരസ്പരം കൂടുതല്‍ അടുത്തിടപഴകാനും മനസ്സിലാക്കാനും ഞങ്ങള്‍ക്ക് ഇതൊരവസരമായി. എല്ലാവരും നല്ല സ്‌നേഹത്തിലും ഇണക്കത്തിലുമായിരുന്നു. വലിയ അധികാരഭാവമുള്ള ഞങ്ങളുടെ യജമാനത്തി പോലും അത്ര ഭയങ്കരി ആയിരുന്നില്ല. ആ ചിത്രം എന്റെ മനസ്സില്‍നിന്ന് മായുന്നില്ല. വട്ടമിട്ടിരുന്നു സൊറ പറയുന്ന ഹാജ്ജകള്‍. കൊച്ചു മുറിയില്‍ തലങ്ങും വിലങ്ങുമുള്ള കിടത്തം. വേലക്കാരിയെപ്പോലെ കിടക്കുന്ന രാജാത്തി (മുത്വവ്വിഫിന്റെ ഭാര്യാ മാതാവ്). തലയില്‍ ഒരു കോട്ടന്‍ തൂവാല മുറുക്കിക്കെട്ടിയിരുന്നു അവര്‍. 

ഷോപ്പിംഗ് ആയിരുന്നു ദിനചര്യകളില്‍നിന്നുള്ള പ്രധാന മാറ്റം. ഓരോരുത്തരും വാങ്ങിയ സാധനങ്ങളും വിലയും വൈകുന്നേരം താരതമ്യം ചെയ്യും. മക്കയും മദീനയും ജിദ്ദയും നല്ല ഷോപ്പിംഗ് കേന്ദ്രങ്ങളാണ്. പ്രത്യേകിച്ചും യുദ്ധം മൂലം സാധനങ്ങള്‍ ദുര്‍ലഭമായ ഈജിപ്തില്‍നിന്ന് വരുന്നവര്‍ക്ക്. വാച്ചുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, തുണി, സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവക്കായിരുന്നു ആവശ്യക്കാരധികം. മുസ്വല്ലകള്‍, തസ്ബീഹ് മാലകള്‍, സമ്മാന വസ്തുക്കള്‍ എന്നിവ എല്ലാവരും വാങ്ങിക്കൂട്ടി.

ചെറിയ ചെറിയ കടകളിലായി പല തരത്തിലുള്ള സാധന സാമഗ്രികള്‍ വില്‍ക്കുന്ന ആകര്‍ഷകമായ ഒരു സൂഖ് (ചന്ത) ഉണ്ട് മക്കത്ത്. എല്ലാ വര്‍ണങ്ങളിലുമുള്ള വിരികളും ഉടുപ്പുകളും ആഭരണങ്ങളും പരവതാനികളും പാത്രങ്ങളും അവിടെ കിട്ടും. മക്കയിലെയും മദീനയിലെയും അത്തറുകള്‍ പുകള്‍പെറ്റവയാണ്. ഹജ്ജ് കാലത്ത് രാവോ പകലോ ചന്തകളിലെ തിരക്കൊഴിയുകയില്ല. ഉച്ചത്തില്‍ വഴിമാറൂ എന്നാവശ്യപ്പെട്ടുകൊണ്ട് നീങ്ങുന്ന ചുമട്ടുകാരെ കാണാം. വില പേശാനുള്ള തീര്‍ഥാടകരുടെ ശ്രമങ്ങളെ തടഞ്ഞുകൊണ്ട് കടയുടമകള്‍ തങ്ങളുടെ സാധനങ്ങള്‍ക്കിടയില്‍ ഉല്ലാസപൂര്‍വം നില്‍ക്കുകയാണ്....

മിനായില്‍നിന്ന് മക്കയില്‍ തിരിച്ചെത്തി ഒരാഴ്ചക്കുള്ളില്‍ ഞങ്ങള്‍ക്ക് മദീനയിലേക്കു പോവാനുള്ള അനുമതി ലഭിച്ചു. സാധനങ്ങള്‍ എടുക്കാന്‍ ചുമട്ടുകാര്‍ എത്തി. ഞങ്ങള്‍ ഓരോരുത്തരായി വീട്ടുടമസ്ഥക്ക് മുത്തം നല്‍കി യാത്ര പറഞ്ഞു. ഇതിനോടകം അവരോടുള്ള എന്റെ അടുപ്പക്കുറവ് അലിഞ്ഞില്ലാതായിരുന്നു. മറ്റുള്ളവരെപ്പോലെ ഞാനും അവരുടെ കോയ്മ അംഗീകരിച്ചതാവാം. അവരുടെ തുടുത്ത കവിളില്‍ മുത്തമിടാന്‍ ഞാന്‍ കുനിഞ്ഞപ്പോള്‍ എന്റെ മക്കനയുടെ അറ്റം ഒരു നിമിഷം അവരുടെ എരിയുന്ന കല്‍ക്കരി അടുപ്പില്‍ തട്ടി. പുകപടലത്തില്‍ ഒരു ജിന്നിനെപ്പോലെ അപ്രത്യക്ഷയാവുന്നതിനുള്ള സൂചനയായി ഞാനതിനെ എടുത്തു.

 

ഹജ്ജിന്റെ പൊരുള്‍

യുസ്‌രിയും ഞാനും വിടവാങ്ങല്‍ ത്വവാഫിനു വേണ്ടി ഹറമിലേക്ക് നടന്നു. ഹറം വിട്ടുപോവുന്നതില്‍ എല്ലാ തീര്‍ഥാടകരെയും പോലെ ഞങ്ങള്‍ക്കും വലിയ സങ്കടമുണ്ടായി. മക്കയിലായിരുന്നപ്പോള്‍ ഞങ്ങളുടെ സമാശ്വാസവും സാന്ത്വനവും ആശ്രയവും അഭയവുമായിരുന്നു ഹറം.

അഹ്മദ് കമാല്‍ (തുര്‍ക്കി ഗ്രന്ഥകാരന്‍) മക്കയെ കുറിച്ച് തന്റെ പുസ്തകത്തില്‍ എഴുതിയത് ഇങ്ങനെയാണ്: ''മക്ക ഒരു ഭൂപ്രദേശമോ തീര്‍ഥാടന കേന്ദ്രമോ അനുഷ്ഠാനങ്ങളുടെ ഇടമോ അല്ല. അതൊരു മാനസികാവസ്ഥയാണ്. തീര്‍ഥാടകന്‍ എന്താണോ മക്കയിലേക്ക് കൊണ്ടുപോകുന്നത് അതാണയാള്‍ അവിടെ കാണുക. പ്രചോദനം തേടിയല്ല നാം ഇവിടെ എത്തുന്നത്. പ്രചോദിതരായതിനാലാണ് നാം വന്നത്. വിശ്വാസത്തിന്റെ വിളംബരമാണ് തീര്‍ഥാടനം. അതിനു വേണ്ടിയുള്ള അന്വേഷണമല്ല.''

അദ്ദേഹം പറഞ്ഞതില്‍ വലിയ സത്യമുണ്ട്. പക്ഷേ, വ്യക്തിപരമായി അദ്ദേഹത്തിന്റേതില്‍നിന്ന് ഭിന്നമാണ് എന്റെ കാഴ്ചപ്പാട്. തീര്‍ഥാടനം ഓരോരുത്തര്‍ക്കും ഓരോന്നാണ്. ഉദാഹരണമായി, എന്റെ ഭര്‍ത്താവ് പറയുന്നത് അദ്ദേഹം ഹജ്ജിനു പോവുന്നത് തന്റെ ആത്മീയ ഊര്‍ജസംഭരണിയില്‍ വീണ്ടും ഊര്‍ജം നിറക്കുന്നതിനു വേണ്ടിയാണ് എന്നാണ്. ഹൃദയത്തിന്റെ ആത്മീയ പ്രഭാവം വര്‍ധിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നെ സംബന്ധിച്ചേടത്തോളം മക്കയിലേക്കുള്ള യാത്ര വിശ്വാസ പ്രഖ്യാപനം ആണെന്നതിനോടൊപ്പം അഗാധമായ ആധ്യാത്മികാനുഭവങ്ങളിലേക്ക് തുറക്കുന്ന കവാടത്തില്‍ ചെന്നു ചേരുന്നതിനുള്ള കണ്ടെത്തലിന്റെ യാത്രയാണ് ഹജ്ജ്. 

വിവ: എ.കെ അബ്ദുല്‍ മജീദ്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (82-85)
എ.വൈ.ആര്‍