Prabodhanm Weekly

Pages

Search

2012 ജനുവരി 21

അറിവ് പ്രയോജനപ്പെടണമെങ്കില്‍

കെ.കെ.എ അസീസ്

ഗുരുവും ശിഷ്യനും തമ്മില്‍ നടന്ന ഒരു സംഭാഷണം.
ഗുരു: എത്ര നാളായി ഞാനുമായി നിന്റെ സഹവാസം തുടങ്ങിയിട്ട്?
ശിഷ്യന്‍: മുപ്പത്തിമൂന്ന് വര്‍ഷം.
ഗുരു: ഇത്രയും കാലത്തിനുള്ളില്‍ എന്നില്‍നിന്ന് നീ എന്താണ് പഠിച്ചത്?
ശിഷ്യന്‍: എട്ടു കാര്യങ്ങളാണ് പഠിച്ചത്.
ഗുരു (അത്ഭുതത്തോടെ): ഇന്നാലില്ലാഹി വഇന്നാ ഇലൈഹി... എന്റെ ജീവിതത്തിലെ വലിയൊരു ഭാഗം നിന്നോടൊത്ത് ചെലവഴിച്ചിട്ട് വെറും എട്ട് കാര്യങ്ങള്‍ മാത്രമാണോ നീ പഠിച്ചത്?
ശിഷ്യന്‍: സത്യം, ഞാന്‍ അത്ര മാത്രമേ പഠിച്ചിട്ടുള്ളൂ.
ഗുരു: ആട്ടെ, എന്തൊക്കെയാണ് നീ പഠിച്ച എട്ട് കാര്യങ്ങള്‍?
ശിഷ്യന്‍ വിവരിക്കാന്‍ തുടങ്ങി.
ഒന്ന്, ഞാന്‍ ചുറ്റുമുള്ള ജനങ്ങളെക്കുറിച്ച് ചിന്തിച്ചു. അവരെല്ലാവരും ഏതെങ്കിലും വസ്തുവോട് മമത പുലര്‍ത്തുന്നതായി അനുഭവപ്പെട്ടു. എന്നാല്‍ അവര്‍ ഈ ജീവിതത്തോട് വിടപറയുന്നതോടെ അവര്‍ സ്‌നേഹിച്ചിരുന്നവ അവരെയും വിട്ട് പോകുന്നു. ഞാന്‍ സ്‌നേഹിച്ചതാകട്ടെ നന്മകളെയാണ്. ജീവിതത്തില്‍നിന്ന് വിടപറഞ്ഞിറങ്ങുമ്പോള്‍ അതെന്റെ കൂടെയുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.
രണ്ട്, 'അപ്പോള്‍ ഏതൊരാള്‍ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ ദേഹേഛയില്‍നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ സ്വര്‍ഗം തന്നെയാണ് (അവന്റെ) സങ്കേതം' (79:40,41) എന്ന ഖുര്‍ആന്‍ വചനം എന്റെ ചിന്തകളെ തട്ടിയുണര്‍ത്തി. എന്റെ ദേഹേഛകളെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഞാന്‍ കഠിനാധ്വാനം ചെയ്തു. അതുവഴി ദൈവാനുസരണത്തില്‍ നിമഗ്നനാകാന്‍ എനിക്ക് കഴിഞ്ഞു.
മൂന്ന്, ജനങ്ങള്‍ അവരുടെ കൈവശമുള്ള അമൂല്യ വസ്തുക്കള്‍ ഭദ്രമായി സൂക്ഷിച്ചുവെക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. 'നിങ്ങളുടെ കൈവശമുള്ളത് തീര്‍ന്നുപോകും. അല്ലാഹുവിങ്കലുള്ളതാണ് എന്നെന്നും അവശേഷിക്കുക' (16:96) എന്ന ദൈവിക വചനം എന്റെ മനസ്സിനെ സ്വാധീനിച്ചു. അങ്ങനെ ഞാന്‍, എന്റെ കൈവശം വരുന്ന വിലപിടിപ്പുള്ള  വസ്തുക്കളൊക്കെയും അല്ലാഹുവിനായി കാഴ്ചവെച്ചു. അവന്റെയടുക്കല്‍ എനിക്ക് വേണ്ടി അത് നിക്ഷേപിക്കപ്പെടുന്നതിന്.
നാല്, സമ്പത്ത്, സ്ഥാനമാനങ്ങള്‍, കുലമഹിമ എന്നിവയില്‍ ജനങ്ങള്‍ അഹന്ത നടിക്കുന്നതായി ഞാന്‍ കണ്ടു. ഇതെന്നെ 'നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ കൂടുതല്‍ ദൈവഭക്തനാണ്' (49:13) എന്ന ദൈവവചനത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ ഞാന്‍ ദൈവത്തിങ്കല്‍ ഏറ്റവും ആദരണീയനാവാന്‍ ദൈവഭക്തി ആര്‍ജിക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടു.
അഞ്ച്, ജനങ്ങള്‍ പരസ്പരം ആക്ഷേപശകാരങ്ങളും ശാപദ്വേഷങ്ങളും നടത്തുന്നു. ഞാന്‍ ആലോചിച്ചു, ഇതിന്റെയെല്ലാം അടിസ്ഥാന കാരണം അസൂയ എന്ന ദുര്‍ഗുണമാണ്. പിന്നീട് ഞാന്‍ ഈ ദൈവിക വചനത്തെക്കുറിച്ച് ചിന്തിച്ചു: ''നാമാണ് ഐഹിക ജീവിതത്തില്‍ അവരുടെ ജീവിത വിഹിതങ്ങള്‍ അവര്‍ക്കിടയില്‍ വീതം വെച്ചിരിക്കുന്നത്'' (43:32). ഞാന്‍ അത്തരം ജനങ്ങളെ അകറ്റിനിര്‍ത്തി. എനിക്കുറപ്പായി, ഐഹിക ജീവിതത്തിലെ എന്റെ വിഹിതം അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്ന്. അതോടെ എന്റെ മനസ്സിലുള്ള അസൂയ പടികടക്കുകയും ചെയ്തു.
ആറ്, ജനങ്ങള്‍ പരസ്പരം പോരടിക്കുന്നതും കലഹിക്കുന്നതും രക്തം ചിന്തുന്നതും എന്നെ വേദനിപ്പിച്ചു. ഞാന്‍ ഈ ദൈവിക വചനത്തെ ആഴത്തില്‍ പഠിച്ചു. ''നിശ്ചയമായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായി ഗണിക്കുക'' (35:6). അങ്ങനെ ഞാന്‍ ജനങ്ങളുമായുള്ള എല്ലാ വൈരവും വെടിഞ്ഞു. പിശാചിനെ മാത്രം ശത്രുവായി ഗണിച്ചു.
ഏഴ്, ജനം ഓരോരുത്തരും അവരവരുടെ ഭക്ഷണവിഹിതം തേടുന്നതില്‍ സ്വശരീരത്തെ ക്ലേശിപ്പിക്കുന്നതായും നിഷിദ്ധ മാര്‍ഗേണ അത് സമ്പാദിക്കുന്നതായും എനിക്ക് കാണാന്‍ കഴിഞ്ഞു. അപ്പോള്‍ ഈ ദൈവിക വചനം എന്റെ ചിന്തയിലലിഞ്ഞു. ''ഭൂമുഖത്ത് യാതൊരു ജന്തുവുമില്ല, അതിന്റെ ഉപജീവന ബാധ്യത അല്ലാഹു ഏറ്റെടുക്കാത്തതായി.'' ഞാന്‍ മനനം ചെയ്തു: ഞാനും ഈ ഭൂമുഖത്തെ ഒരു ജന്തുവാണല്ലോ. അങ്ങനെ ഞാന്‍ ദൈവത്തോടുള്ള എന്റെ ബാധ്യത നിര്‍വഹിക്കുന്നതില്‍ നിമഗ്നനായി. അവന് എന്റെ മേലുള്ള ഉത്തരവാദിത്വത്തെക്കുറിച്ച ചിന്ത ഞാന്‍ വെടിഞ്ഞു.
എട്ട്, ജനങ്ങളില്‍ ചിലര്‍ ചിലരെ അവരുടെ പല കാര്യങ്ങള്‍ക്കും സാമ്പത്തികമാകട്ടെ, ശാരീരികമാകട്ടെ, സ്ഥാനലബ്ധിക്കാകട്ടെ ഭരമേല്‍പിക്കുന്നതായി എനിക്ക് മനസ്സിലായി. എന്റെ ഓര്‍മയിലേക്ക് ഈ ദൈവിക വചനം കടന്നുവന്നു: ''വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന് അല്ലാഹു തന്നെ മതിയായവനാണ്'' (65:3). അങ്ങനെ ഞാന്‍ അന്യരില്‍ ഭരമേല്‍പിക്കുന്ന സ്വഭാവം അവസാനിപ്പിക്കുകയും ദൈവത്തില്‍ ഭരമേല്‍പിക്കുന്നത് ശീലമാക്കുകയും ചെയ്തു.
ഇതെല്ലാം ശ്രദ്ധയോടെ കേട്ട ശേഷം ഗുരു സംപ്രീതനായി ഇങ്ങനെ പ്രതികരിച്ചു: നിന്നെ ദൈവം അനുഗ്രഹിക്കട്ടെ.
കേവലം അറിവാര്‍ജിക്കലല്ല, അത് തന്റെ ജീവിത വഴിയില്‍ വെളിച്ചമായി തീരുകയാണ് പ്രധാനം. അറിവ് തിരിച്ചറിവായി രൂപം പ്രാപിക്കുമ്പോഴാണ് അത് പ്രയോജനപ്പെടുക. നേടിയ അറിവ് പലര്‍ക്കും പ്രയോജനം ചെയ്യാത്തതും ഈ തിരിച്ചറിവിന്റെ അഭാവം കാരണമാണ്. യഥാര്‍ഥത്തില്‍ ആത്മീയ ഗുരു അറിവിന്റെ അക്ഷരാഭ്യാസമല്ല, തിരിച്ചറിവിന്റെ അടിസ്ഥാനാധ്യാപനങ്ങളാണ് ശിഷ്യര്‍ക്ക് പകര്‍ന്നു നല്‍കേണ്ടത്. മതസാമുദായിക സംഘടനകളുടെ പെരുപ്പവും ധാര്‍മികസദാചാര ബോധവത്കരണങ്ങളുടെ പ്രളയവുമൊന്നും സമുദായത്തെ നേര്‍വഴി കാട്ടാന്‍ പര്യാപ്തമാകാത്തതെന്ത് എന്ന ചോദ്യം മതവേദികളില്‍ നിരന്തരം ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അറിവിന്റെ കുറവല്ല; തിരിച്ചറിവിന്റെയും ബോധ്യത്തിന്റെയും അഭാവമാണ് അപഥസഞ്ചാരത്തിലേക്ക് ആളുകളെ വഴിനടത്തുന്നത്. ഇത് ഓരോരുത്തരും സ്വയം ഉള്‍ക്കൊള്ളുകയും സ്വന്തത്തെ ബോധ്യപ്പെടുത്തുകയുമാണ് പ്രാഥമികമായി വേണ്ടത്. പിന്നെ അല്ലാഹുവിന്റെ ഉതവിയും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം