Prabodhanm Weekly

Pages

Search

2012 ജനുവരി 21

അറിവ് എന്ന പാഥേയം

ഒ.പി അബ്ദുസ്സലാം

സംസ്കരണ മേഖലയിലുള്ളവര്‍ പ്രഥമവും പ്രധാനവുമായി ആര്‍ജിച്ചിരിക്കേണ്ട ഗുണമാണ് അറിവ്. നല്ല വൈജ്ഞാനിക അടിത്തറയുള്ളവര്‍ക്കേ മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രശ്നങ്ങളെ അതിജയിക്കാനും ലക്ഷ്യം പൂര്‍ത്തീകരിക്കാനും സാധിക്കുകയുള്ളൂ. നമ്മുടെ അഭിസംബോധിതര്‍ നാനാതരക്കാരാണ്. ബുദ്ധിജീവികളും അഭ്യസ്തവിദ്യരും, ഉദ്യോഗസ്ഥരും സാധാരണക്കാരും, രാഷ്ട്രീയക്കാരും പണ്ഡിതന്മാരുമൊക്കെ അടങ്ങുന്ന സമൂഹത്തിലെ വിവിധ തരക്കാരെ വെളിച്ചത്തിലേക്ക് കൊണ്ടുവരണമെങ്കില്‍ നമ്മുടെ കൈയില്‍ ആദ്യം വെളിച്ചം വേണ്ടേ? കൈയിലൊന്നുമില്ലാത്തവന് മറ്റുള്ളവര്‍ക്ക് എന്ത് കൊടുക്കാനാവും?
സമഗ്രവും സമ്പന്നവും സംപ്രീതവുമായ ഒരു വഴിത്താരയിലേക്ക് മനുഷ്യസമുദായത്തെ നയിക്കാന്‍ നിയോഗിതനായ മുഹമ്മദ് നബിക്ക് ഏറ്റവുമാദ്യം അവതരിച്ച ഖുര്‍ആന്‍ സൂക്തം അറിവിനെക്കുറിച്ചായത് യാദൃഛികമല്ല. വിപ്ളവാത്മക ലക്ഷ്യം ഉയര്‍ത്തിപ്പിടിച്ച് ജനസമുദ്ധാരണത്തിനിറങ്ങുന്ന ആരും യാത്ര അറിവില്‍ നിന്നാരംഭിക്കണമെന്ന ഒന്നാമത്തെ പാഠമാണ് ഖുര്‍ആന്‍ നമ്മുടെ മുമ്പില്‍ നിവര്‍ത്തിവെക്കുന്നത്. 'വായിക്കുക, നിന്നെ സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍, രക്തപിണ്ഡത്താല്‍ അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥന്‍ ഏറ്റം ഉദാരനാകുന്നു. തൂലിക കൊണ്ട് പഠിപ്പിച്ചവന്‍, അവന്‍ മനുഷ്യനെ അറിഞ്ഞ് കൂടാത്തത് പഠിപ്പിച്ചു' (അല്‍ അലഖ് 1-5) ഉയര്‍ച്ചയും വളര്‍ച്ചയും അറിവിന്റെയും ആദര്‍ശത്തിന്റെയും താഴ്വേരുകളില്‍നിന്നാണ് മുളപൊട്ടുന്നതെന്ന് ഖുര്‍ആന്‍ സംശയരഹിതമായി സമര്‍ഥിക്കുന്നു. 'നിങ്ങളില്‍ വിശ്വാസികളായവര്‍ക്കും അറിവ് ലഭിച്ചവര്‍ക്കും അല്ലാഹു ഉന്നതപദവികള്‍ അരുളുന്നതാകുന്നു' (അല്‍ മുജാദില 11)
പഠനം, വായന, മനനം, ബുദ്ധി, ആലോചന, സഞ്ചാരം എന്നിങ്ങനെ വിജ്ഞാന പോഷണ സംബന്ധിയായി ആയിരത്തിനടുത്ത അര്‍ഥവത്തായ പദപ്രയോഗങ്ങള്‍ ഖുര്‍ആനിലുണ്ട്. വിശദീകരണമായി ശതകണക്കിന് നബി വചനങ്ങളും വന്നിട്ടുണ്ട്. ഇമാം ബുഖാരി തന്റെ ഹദീസ് ഗ്രന്ഥത്തില്‍ വേറിട്ടൊരധ്യായം തന്നെ അറിവിന്റെ അനിവാര്യതയും സവിശേഷതയും അനാവരണം ചെയ്യുന്നതിനായി നീക്കി വെച്ചിരിക്കുന്നു. കൊടും പീഡനങ്ങളേറ്റ് ന്യൂനപക്ഷമായി മക്കയില്‍ കഴിഞ്ഞ് കൂടിയപ്പോഴും ഒരു ഇസ്ലാമിക ഭരണം സ്ഥാപിച്ച് സാമൂഹിക ശക്തിയായി മുസ്ലിംകള്‍ മദീനയില്‍ ജീവിച്ചപ്പോഴും നബി(സ) മുസ്ലിംകളെ വൈജ്ഞാനികമായി വളര്‍ത്തുന്നതിന് പല പദ്ധതികളും ആസൂത്രണം ചെയ്തു നടപ്പിലാക്കിയിരുന്നു. മക്കയിലെ ദാറുല്‍ അര്‍ഖം കേന്ദ്രത്തിലും മദീനയിലെ മസ്ജിദുന്നബവിയിലും പ്രവാചകന്‍ നടത്തിയ പഠന ശിക്ഷണ പരിപാടികള്‍ ശ്രദ്ധിച്ചാല്‍ നമുക്കത് സുതരാം വ്യക്തമാകും. മുസ്ലിംകള്‍ ഏതവസ്ഥയിലും ന്യൂനപക്ഷമായാലും ഇസ്ലാമിക ഭരണത്തിലായാലും അറിവിന്റെ പ്രണേതാക്കളും വാഹകരുമാവണമെന്ന വസ്തുതക്ക് അടിവരയിടുന്ന കാര്യമാണിത്.
നന്നെ ചുരുങ്ങിയത് ഇസ്ലാമിന്റെ വിശ്വാസ പ്രമാണങ്ങള്‍, ആരാധനാ മുറകള്‍, സാംസ്കാരിക വ്യതിരിക്തത എന്നിവയും ഇസ്ലാം മനുഷ്യന്റെ മുമ്പില്‍ അവതരിപ്പിക്കുന്ന ജീവിത വീക്ഷണം അതിനു മറ്റു മതങ്ങളെ അപേക്ഷിച്ചുള്ള പ്രത്യേകതകള്‍, മുസ്ലിമിന്റെ ഉത്തരവാദിത്വം എന്നിവയും പൊതുവായും സംസ്കാരണ പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദമായും അറിഞ്ഞിരിക്കണം. പലിശയുടെ ക്രൂരഹസ്തങ്ങളിലമര്‍ന്ന ഒരു വിശ്വാസിയെ സംസ്കരിച്ചെടുക്കുന്ന ആളിന് ആധുനിക സാമ്പത്തിക വ്യവസ്ഥയുടെ അപ്രായോഗികതയും കൊള്ളരുതായ്മയും പൊരുത്തക്കേടും തുറന്ന് കാണിക്കാന്‍ സാധിക്കണം. ചൂഷണത്തിന്റെ വൃത്തികെട്ട രൂപമായ പലിശയുടെ ദുര്‍മുഖം അനുഭവത്തിന്റെയും പ്രമാണത്തിന്റെയും ചരിത്രത്തിന്റെയും വെളിച്ചത്തില്‍ തൊലിയുരിച്ച് കാണിക്കാനും ബദല്‍ സംവിധാനമെന്ന നിലയില്‍ ഇസ്ലാമിന്റെ പലിശ രഹിത സാമ്പത്തിക വ്യവസ്ഥിതിയുടെ പ്രായോഗികതയും ആവശ്യകതയും സുരക്ഷിതത്വവും ന്യായയുക്തം സമര്‍പ്പിക്കാനും കഴിയണം.
ഇതരരെ നന്നാക്കാന്‍ മാത്രമല്ല സ്വയം നന്നാവാനും ഈ അറിവ് വേണമല്ലോ. ഒരു തിരുമൊഴി പ്രസിദ്ധമാണ്. 'വിദ്യാസമ്പാദനം ഓരോ മുസ്ലിമിന്റെയും കടമയാണ്.' എന്നാല്‍ അനുഭവ ലോകത്ത് ഈ കടമ യഥാവിധി പൂര്‍ത്തീകരിക്കപ്പെടുന്നില്ലെന്നതാണ് സത്യം. അത്കൊണ്ടുതന്നെ മുസ്ലിം സമാജത്തില്‍ നടത്തപ്പെടുന്ന സംസ്കരണ ദൌത്യം വേണ്ടത് പോലെ വേരു പിടിക്കുന്നില്ല. അതിന്റെ മൈലേജ് തീരെ ആശാവഹമല്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് ചെന്നപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞ സംഭവം സാന്ദര്‍ഭികമായി ഓര്‍ക്കുകയാണ്. ഒരുദിവസം നഗരത്തിലെ അഭ്യസ്തവിദ്യനായ മുസ്ലിമിന്റെ വീട്ടില്‍ ഏതാനും ഉപദേശികളെത്തി. അതിഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി വീട്ടിലെത്തിയവര്‍ക്ക് കാപ്പി കൊണ്ടുകൊടുത്തത് വീട്ടുകാരന്റെ ഭാര്യയായിരുന്നു. മാന്യമായി വസ്ത്രം ധരിച്ചിരുന്നെങ്കിലും അവര്‍ മുഖം മറച്ചിരുന്നില്ല. ഇതില്‍ പ്രകോപിതരായി വന്നവര്‍ വീട്ടുടമയോട് കയര്‍ക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. അവരുടെ മോശമായ പെരുമാറ്റം അത്ര കാര്യമാക്കാതെ സംസ്കാര സമ്പന്നനായ അദ്ദേഹം വിഷയത്തിലിടപ്പെട്ട് മൂന്ന് ചോദ്യം ചോദിച്ചു.
1. അല്‍പം ചില പണ്ഡിതന്മാരല്ലാതെ ഭൂരിപക്ഷം പണ്ഡിതരും മുഖം മറക്കല്‍ നിര്‍ബന്ധമില്ലെന്നല്ലേ പറയുന്നത്?
2. മുഖം മറക്കല്‍ നബിയുടെ പത്നിമാര്‍ക്ക് മാത്രമുള്ള നിയമമായിരുന്നുവെന്ന് പറയുന്ന പല പ്രഗത്ഭരുമുണ്ടല്ലോ?
3. മുഖം മറക്കല്‍ ചില മുസ്ലിം നാടുകളിലെ ആചാരമാണെന്ന അഭിപ്രായത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?
അഭ്യസ്തവിദ്യനായ മുസ്ലിമിനെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ ഉദ്ദേശിച്ച് ഉപദേശികളുടെ വേഷമണിഞ്ഞെത്തിയവര്‍ക്ക് പിണഞ്ഞ ഭീമാബദ്ധങ്ങള്‍ പലതാണ്. ഒന്ന്, അവര്‍ക്ക് കൈകാര്യം ചെയ്യാനറിഞ്ഞു കൂടാത്ത ഒരു ദൌത്യമാണ് അവര്‍ ഏറ്റെടുത്തത്. രണ്ട്, വീട്ടുകാരന്റെ ഒരു ചോദ്യത്തിനും തെറ്റോ ശരിയോ ആയ മറുപടി നല്‍കാന്‍ മൊഴിമുട്ടിയ ഉപദേശികള്‍ക്കായില്ല. മൂന്ന്, അന്യന്റെ വീട്ടില്‍ കയറി ചീത്തപറയുക എന്ന തെറ്റിലൂടെ അവര്‍ സ്വയം പ്രതികൂട്ടിലായി.
അന്വേഷിച്ചു നടന്നാല്‍ സങ്കടപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ധാരാളമായി മറ്റു രൂപങ്ങളില്‍ വേറെയും ഉണ്ടാകും. ആവശ്യമായ വൈജ്ഞാനിക യോഗ്യതകള്‍ നേടിയെടുക്കാതെ മുസ്ലിം-അമുസ്ലിം വീടുകളില്‍ ഇസ്ലാമിനെയും ഇസ്ലാമിക സംസ്കാരത്തെയും പരിചയപ്പെടുത്താന്‍ സ്ക്വാഡ് പ്രവര്‍ത്തനം നടത്തുന്ന സഹോദര-സഹോദരികള്‍ മുകളിലുദ്ധരിച്ച സംഭവത്തിന്റെ സത്ത പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഓരോരുത്തരും അറിവിന്റെ അക്ഷയഖനിയാവണമെന്നല്ല പറയുന്നത്. എങ്കിലും ഇസ്ലാമിനെ കാലത്തിന്റെ ഭാഷയില്‍ സാമാന്യമായെങ്കിലും പരിചയപ്പെടുത്താനും മറുപക്ഷത്തോട് മാന്യമായി പെരുമാറാനുമുള്ള അവബോധം ആര്‍ജിച്ചേ പറ്റൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം