Prabodhanm Weekly

Pages

Search

2018 ജൂണ്‍ 15

3056

1439 റമദാന്‍ 30

രോഗവും പ്രതിരോധവും ചില ഫിഖ്ഹീ വിധികള്‍

ഡോ. മുഹമ്മദ് സഅ്ദീ ഹസ്സാനൈന്‍ (ഈജിപ്ത്)

സംഘടിത നമസ്‌കാരം

അവനവനു തന്നെയോ, അന്യര്‍ക്കോ ഏതെങ്കിലും തരത്തില്‍ ഉപദ്രവമേല്‍പിക്കുന്നത് ഇസ്‌ലാമിക ശരീഅത്ത് വിലക്കുന്നു. സാംക്രമിക രോഗമുള്ളവര്‍ പള്ളിയില്‍ വരുന്നത് അതിനാല്‍ തന്നെ അനഭിലണീയമാണ്. ഉള്ളിയോ വെളുത്തുള്ളിയോ ഭക്ഷിച്ചവന്‍ പള്ളിയില്‍ ഹാജരാകരുതെന്ന പ്രവാചക നിര്‍ദേശം അതേക്കാള്‍ ബാധകമാവുക പകര്‍ച്ചവ്യാധി ബാധിച്ചവര്‍ക്കാണല്ലോ. വെള്ളപ്പാണ്ഡ് രോഗമുള്ളവര്‍ക്ക് പള്ളിയില്‍ പ്രത്യേക സ്ഥലം നിര്‍ണയിച്ചിട്ടില്ലെങ്കില്‍ അവര്‍ പള്ളിയില്‍ വരരുതെന്നാണ് ഹനഫി പക്ഷം. ഹമ്പലി മദ്ഹബനുസരിച്ച് വെള്ളപ്പാണ്ഡുകാര്‍ പള്ളിയില്‍ വരുന്നത് അനഭിലഷണീയമാണ്. അവര്‍ക്ക് സംഘടിത നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിന് ഇളവു നല്‍കിയിരിക്കുന്നു ശാഫിഈ പക്ഷം.

 

നമസ്‌കാരത്തിന് നേതൃത്വം

പകര്‍ച്ചവ്യാധി ബാധിച്ചവര്‍ തങ്ങളെ പോലുള്ളവര്‍ക്കേ നമസ്‌കാരത്തിന് നേതൃത്വം നല്‍കാവൂ. പറയത്തക്ക രോഗ തീവ്രത ഇല്ലെങ്കില്‍ മാത്രമേ ആരോഗ്യവാന്മാര്‍ക്കായി നേതൃത്വം നല്‍കാന്‍ അനുവാദമുള്ളൂ. തീവ്രത കുറവാണെങ്കില്‍ 'അനഭിലഷണീയം' എന്ന വിധിയാണ് ബാധകം. മാലികി മദ്ഹബ് പ്രകാരം രോഗം കഠിനമാണെങ്കില്‍ ഇമാമാവുന്നതില്‍നിന്ന് മാറ്റിനിര്‍ത്തണം. ശാഫിഈ, ഹമ്പലി മദ്ഹബുകള്‍ ആളുകള്‍ക്ക് പ്രയാസമുണ്ടാകുന്ന തരം പാണ്ഡുരോഗികള്‍ പള്ളിയില്‍ വരരുത് എന്ന പക്ഷക്കാരാണ്. കടുത്ത തരം രോഗമാണെങ്കില്‍ മാത്രം ജനങ്ങളില്‍നിന്ന് അകന്നു നില്‍ക്കാന്‍ ഇമാമിനോട് പറയണം. വഴങ്ങുന്നില്ലെങ്കില്‍ അയാളെ നിര്‍ബന്ധിക്കണം. ഹനഫി പക്ഷമനുസരിച്ച് അത്തരക്കാര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത് അനഭിലഷണീയമാണ്.

 

കുളി, കഫന്‍, നമസ്‌കാരം

മരിച്ചയാളില്‍നിന്ന് പകര്‍ച്ചവ്യാധി പകരാന്‍ സാധ്യതയില്ലെങ്കില്‍ മൃതദേഹം കുളിപ്പിക്കുന്നതിനും കഫന്‍ ചെയ്യുന്നതിനും നമസ്‌കരിക്കുന്നതിനും വിരോധമില്ല. കുളിപ്പിക്കുന്നത് രോഗം പകരാന്‍ കാരണമാവുമെങ്കില്‍, ആവശ്യമായ മുന്‍കരുതലോടെ തയമ്മും ചെയ്യുകയാണ് വേണ്ടത്. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമേ കുളിപ്പിക്കാവൂ എന്ന് ഔദ്യോഗികമായി തീരുമാനമായാല്‍ മറ്റുള്ളവര്‍ മാറിനില്‍ക്കണം. പകരാനുള്ള സാധ്യത അതുവഴി നീങ്ങിക്കിട്ടും. ഇത്തരം മൃതദേഹങ്ങള്‍ പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശനത്തിനു വെക്കുന്നതും വിലക്കണം. വസ്ത്രം നീക്കുന്നത് പകരാന്‍ കാരണമാവുമെങ്കില്‍ വസ്ത്രത്തിനു മുകളില്‍ തയമ്മും ചെയ്യണം. മറമാടുന്നതിനു മുമ്പ് ഖബ്‌റിങ്കല്‍ വെച്ച് നമസ്‌കരിക്കുകയാണ് വേണ്ടത്, മറമാടിയ ശേഷവും നമസ്‌കരിക്കാം.

 

മറമാടല്‍, കത്തിക്കല്‍

മൃതദേഹങ്ങള്‍ കൂടുതല്‍ ഇല്ലെങ്കില്‍ വെവ്വേറെ ഖബ്‌റുകളിലാവണം മറമാടുന്നത്. അനിവാര്യമായ സാഹചര്യത്തില്‍ മാത്രമേ ഒരു ഖബ്‌റില്‍ ഒന്നിച്ചു മറമാടാവൂ. പുരുഷന്മാരെയും സ്ത്രീകളെയും ഒരേ ഖബ്‌റില്‍ ഒന്നിച്ചു മറമാടാം. സ്ത്രീകള്‍ക്കു മുമ്പ് പുരുഷന്മാരെയാവണം മറമാടുന്നത്. ഖബ്‌റുകളുടെ ആഴം വര്‍ധിപ്പിച്ച്, മൃതദേഹം കത്തിക്കുന്നത് ഒഴിവാക്കാം. 1953 ജൂലൈ 29-ന് ശൈഖ് മുഹമ്മദ് ഹസനൈന്‍ മഖ്‌ലൂഫ് നല്‍കിയ ഫത്‌വയില്‍ ഇങ്ങനെ കാണാം:

''ജീവിച്ചിരിക്കുമ്പോഴും മരിച്ചാലും മുസ്‌ലിമിന്റെ പവിത്രത കാത്തുസൂക്ഷിക്കണം. നബി (സ) പഠിപ്പിച്ച വിധം ഖബ്‌റില്‍ മറമാടുക എന്നത് ഈ ആദരവിന്റെ ഭാഗമാണ്. മുസ്‌ലിംകളുടെ മൃതദേഹങ്ങള്‍ കത്തിക്കുന്നത് ഒരിക്കലും അനുവദനീയമല്ല. മൃതദേഹങ്ങള്‍ കത്തിക്കല്‍ പാര്‍സികളുടെ പാരമ്പര്യ രീതിയാണ്- അത് ശരീഅത്ത് വിരുദ്ധമാണ്.''

 

ഹജ്ജ്

ലക്ഷക്കണക്കിനു പേര്‍ പങ്കെടുക്കുന്ന ഹജ്ജില്‍ അതിനു യഥാവിധി കഴിയുന്നവരേ സന്നിഹിതരാവേണ്ടതുള്ളൂ. മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ സാധ്യതയുള്ളവര്‍ ഹജ്ജ് ചെയ്യേണ്ടതില്ല. ഹജ്ജ് നിര്‍വഹണത്തേക്കാള്‍ സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിനാണ് പ്രാമുഖ്യം. ഇത്തരം സാഹചര്യത്തില്‍ പകരം മറ്റൊരാളെ അയക്കുകയാണ് വേണ്ടത്. കുഷ്ഠരോഗിക്ക് അനുസരണ പ്രതിജ്ഞയുടെ ഭാഗമായി കൈ കൊടുക്കാതെ തിരിച്ചു പോയ്‌ക്കൊള്ളാന്‍ പറഞ്ഞ നബി(സ)യുടെ നടപടി ഇത്തരം ഘട്ടത്തില്‍ പരിഗണിക്കണം. രോഗാണുബാധയുള്ളവര്‍ ആരോഗ്യമുള്ളവരുമായി നേരിട്ടോ അല്ലാതെയോ ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതാണ്.

എബോള എന്ന മഹാമാരിയെ തുടര്‍ന്ന് 2001-ല്‍ സുഊദി അധികാരികള്‍ ഉഗാണ്ടക്കാരെ ഹജ്ജില്‍നിന്ന് വിലക്കുകയുണ്ടായി. മഞ്ഞപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കെതിരെയും ഇതേ നടപടി സ്വീകരിച്ചു. അവിടെ നിന്ന് വരുന്ന വിമാനങ്ങളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. യാത്രികര്‍ ഭക്ഷണം കൊണ്ടുവരുന്നത് പൂര്‍ണമായും വിലക്കി.

 

പകര്‍ച്ചവ്യാധിയുള്ളവരുടെ ഇടപാടുകള്‍

പകര്‍ച്ചവ്യാധി മാരകമല്ലെങ്കില്‍ പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല. രോഗം കഠിനമാണെങ്കില്‍ ആരോഗ്യവാന്മാരുമായി ഇടപഴകാവതല്ല. അയാള്‍ പൊതുതാല്‍പര്യം ലംഘിക്കുകയാണെങ്കില്‍ ഭരണാധികാരി വിലക്കണം. അയാളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ മറ്റാളുകളെ ചുമതലപ്പെടുത്തണം. മാലികി, ശാഫിഈ, ഹമ്പലി മദ്ഹബുകള്‍ ഇത്തരം രോഗികള്‍ ആരോഗ്യവാന്മാരുമായി ഇടപഴകുന്നത് വിലക്കുന്നു. ആരോഗ്യവാന്മാരുടെ സമ്മതമില്ലാതെ രോഗികള്‍ അവരുമായി ഇടപഴകരുതെന്നാണ് ഹമ്പലി വീക്ഷണം. സാംക്രമിക രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പക്ഷം അവര്‍ക്കു മാത്രമായി പ്രത്യേക സ്ഥല സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.

 

ചികിത്സിക്കാന്‍ നിര്‍ബന്ധിക്കുക

ഉത്തരവാദപ്പെട്ട നേതൃത്വങ്ങള്‍ പകര്‍ച്ചവ്യാധിക്ക് ചികിത്സിക്കാന്‍ നിര്‍ബന്ധിക്കേണ്ടതാണ്. ഉസാമത്തുബ്‌നു ശരീക് പറയുന്നു; ഞാന്‍ നബി(സ)യെ സമീപിച്ചു. അപ്പോള്‍, അവിടുത്തെ സഖാക്കള്‍, ശിരസ്സുകളില്‍ പക്ഷികള്‍ ഉണ്ടെന്ന പോലെ നബിയുടെ സമീപം സശ്രദ്ധം ഇരിക്കുകയായിരുന്നു. ഞാന്‍ സലാം ചൊല്ലി അവിടെ ഇരുന്നു. അതിനിടെ പലേടങ്ങളില്‍ നിന്നുമായി ഗ്രാമീണ അറബികള്‍ വന്നു. അവര്‍ ചോദിച്ചു; 'അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ രോഗങ്ങള്‍ക്ക് ചികിത്സിക്കേണമോ?' അപ്പോള്‍ അവിടുന്ന് പറഞ്ഞു: 'നിങ്ങള്‍ ചികിത്സിക്കുക, അല്ലാഹു രോഗം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അതിന് മരുന്നും നിശ്ചയിച്ചിട്ടുണ്ട്. വാര്‍ധക്യത്തിനൊഴികെ' (അബൂദാവൂദ്). ഈ ഹദീസിന് തിര്‍മിദി നല്‍കിയ ശീര്‍ഷകം 'ചികിത്സയും അതിനായി പ്രേരിപ്പിക്കലും' എന്നാണ്.

1992 മേയില്‍ ജിദ്ദയില്‍ ചേര്‍ന്ന ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമിയുടെ ഏഴാം സമ്മേളനം നല്‍കിയ ഒരു ഫത്‌വ ഇങ്ങനെ: 'ഖുര്‍ആനും നബി(സ)യുടെ വാചികവും പ്രാവര്‍ത്തികവുമായ നടപടികളും ചികിത്സയുടെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്. സ്വയം നാശമോ, ഏതെങ്കിലും അവയവത്തിന് ഭംഗമോ ബലഹീനതയോ ഭയക്കുന്ന സാഹചര്യത്തില്‍ അഥവാ, രോഗം മറ്റുളളവരിലേക്ക് പകരുമെന്ന് ആശങ്കിക്കുന്ന ഘട്ടത്തില്‍ ചികിത്സ നിര്‍ബന്ധമാണ്.'

തങ്ങളാല്‍ കഴിയുന്നതാണെങ്കില്‍ രോഗികള്‍ ചികിത്സ തേടണം. വ്യക്തിപരമായ പ്രയാസങ്ങളുണ്ടെങ്കില്‍ ഉത്തരവാദപ്പെട്ട അധികാരികള്‍ ആവശ്യമായ സംവിധാനങ്ങളുണ്ടാക്കണം. ഇതിന് രോഗിയുടെ സമ്മതം കാത്തുനില്‍ക്കേണ്ടതില്ല.

 

സാംക്രമിക രോഗികളെ ബഹിഷ്‌കരിക്കല്‍

വ്യക്തി സ്വാതന്ത്ര്യം ജന്മസിദ്ധമാണ്. തന്റേതല്ലാത്ത കാരണത്താല്‍ സംഭവിച്ച ഒരു കാര്യത്തിന്റെ പേരില്‍ അയാളെ ബന്ദിയാക്കുന്നതും ബഹിഷ്‌കരിക്കുന്നതും മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണ്. അതേസമയം, സാംക്രമിക രോഗങ്ങളുടെ പശ്ചാത്തലത്തില്‍, സമൂഹം സുരക്ഷാ ഭീഷണി നേരിടുമ്പോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും. സാംക്രമിക രോഗികള്‍ നിയന്ത്രണങ്ങള്‍ പാലിക്കാതിരിക്കുന്നത് സമൂഹത്തോടുള്ള യുദ്ധപ്രഖ്യാപനമായാണ് പരിഗണിക്കുക. ആധുനിക ഭരണകൂടങ്ങളുടെ ആരോഗ്യ ചട്ടങ്ങളില്‍ ഇതിനു മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളത്. ഇത്തരം രോഗികളെ കണ്ടെത്തുന്ന ഡോക്ടര്‍മാര്‍, കുടുംബ നാഥന്മാര്‍, സ്ഥാപന ഭാരവാഹികള്‍ മുതലായവര്‍ നടപടിയെടുക്കാന്‍ ബാധ്യസ്ഥരാണ്. 1993 ജൂണില്‍ ബ്രൂണെയില്‍ ചേര്‍ന്ന ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി ഇതുസംബന്ധമായി കൈക്കൊണ്ട തീരുമാനം ഇങ്ങനെ:

കൂടുതല്‍ തീവ്രമായ ദുരന്തം ഒഴിവാക്കാനായി രഹസ്യം വെളിപ്പെടുത്താവുന്നതാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും താല്‍പര്യങ്ങള്‍ക്കു വേണ്ടി ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രഹസ്യം പരസ്യമാക്കാം. ഇത്തരം രോഗികള്‍ സ്വന്തം നിലയില്‍ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്ന് പല രാജ്യങ്ങളും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

 

ആരോഗ്യവാന് രോഗം പകര്‍ന്നാല്‍

സാംക്രമിക രോഗിയുടെ ബോധപൂര്‍വമായ പ്രവര്‍ത്തനഫലമായി രോഗം പകരാനിടയായാല്‍ അത് നശീകരണ ശ്രമമായി വിധിക്കപ്പെടുന്നതും രോഗി ശിക്ഷാര്‍ഹനുമായിത്തീരുന്നതുമാണ്. അല്‍മാഇദ 33-ാം സൂക്തത്തിന്റെ പരിധിയില്‍ വരുന്ന നടപടിയാണിത്. ഒരു പ്രത്യേക വ്യക്തിയെ രോഗാതുരനാക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ബോധപൂര്‍വം തെറ്റു ചെയ്തയാളായി പരിഗണിക്കപ്പെടണം. വധശ്രമം ലക്ഷ്യമല്ലെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തില്‍ ഭരണാധികാരിക്ക് ഉചിതമായ ശിക്ഷ വിധിക്കാം. ഏതെങ്കിലും അവയവം നഷ്ടപ്പെടാനോ, അവയവത്തിന്റെ പ്രവര്‍ത്തനം നിലക്കാനോ കാരണമായാലും ഉചിതമായ ശിക്ഷക്ക് അയാള്‍ വിധേയനാകണം.

 

വിവാഹപൂര്‍വ വൈദ്യപരിശോധന

വിവാഹപൂര്‍വ വൈദ്യപരിശോധന നിര്‍ബന്ധമാക്കാന്‍ ഭരണാധികാരിക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് ഒരു പക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം. ഇണകളുടെ ആരോഗ്യം ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. അതുകൊണ്ടുതന്നെ, വിവാഹപൂര്‍വ പരിശോധന ആവശ്യമാണെന്ന് ഈ വിഭാഗം വാദിക്കുന്നു. ഇതുവഴി അപരിഹാര്യമായ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത് ഒഴിവാക്കാനാവും. വിവാഹിതന്‍ ആരോഗ്യവാനാണെങ്കില്‍, ഭാവിയില്‍ എന്തെങ്കിലും സംഭവിച്ചേക്കുമോ എന്ന് ആശങ്കിച്ച് പരിശോധനക്ക് വിധേയമാവുന്നത് അല്ലാഹുവിനെ പറ്റിയുള്ള തെറ്റായ വിശ്വാസത്തിന്റെ ഭാഗമായാണെന്ന് രണ്ടാമത്തെ വിഭാഗം അഭിപ്രായപ്പെടുന്നു.

നിര്‍ബന്ധമല്ലെങ്കിലും അഭികാമ്യമാണെന്നാണ് മൂന്നാമത്തെ പക്ഷം. വിവാഹപൂര്‍വ വൈദ്യപരിശോധനക്ക് നിര്‍ബന്ധിക്കാവതല്ല എന്നത്രെ മക്കയില്‍ ചേര്‍ന്ന പതിനേഴാമത് ഫിഖ്ഹ് അക്കാദമിയുടെ തീരുമാനം. വിവാഹ ഉടമ്പടിയുടെ വ്യവസ്ഥകളെല്ലാം അല്ലാഹു നിശ്ചയിച്ചവയാണ്. അതില്‍ വൈദ്യപരിശോധന ഉള്‍പ്പെടുന്നില്ല. അതേസമയം, വിവാഹപൂര്‍വ വൈദ്യപരിശോധനയുടെ ഫലമായി ദമ്പതികളിലൊരാള്‍ക്ക് സാംക്രമിക രോഗമുണ്ടെന്ന് വ്യക്തമായാല്‍, വിവാഹം തടയുക എന്ന ലക്ഷ്യത്തോടെയല്ലാതെ മറുകക്ഷിയെ അറിയിക്കണം. കാരണം, വിവാഹം തടഞ്ഞതുകൊണ്ടുമാത്രം രോഗപ്പകര്‍ച്ച തടയാന്‍ കഴിയില്ല. എങ്കിലും വേണമെങ്കില്‍ വിവാഹം ചെയ്യാനും ചെയ്യാതിരിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. 

വിവ: സലീല


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (65-70)
എ.വൈ.ആര്‍