Prabodhanm Weekly

Pages

Search

2018 ജൂണ്‍ 01

3054

1439 റമദാന്‍ 16

കൊടുത്തു മാത്രം സാധ്യമാകുന്ന ചിലത് (ദാനം ഇസ്‌ലാമിലെ സുന്ദരമായ ഒരാരാധനയാണ്)

ഡോ. ജമീല്‍ അഹ്മദ്

ധനം ആരുടേതാണ്? അന്‍സ്വാരികളില്‍ വളരെ ധനമുള്ള ആളായിരുന്നു അബൂത്വല്‍ഹ. തന്റെ ഈടുവെപ്പുകളില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരമായത് 'ബൈറുഹാ' എന്ന തോട്ടമായിരുന്നു. പള്ളിയുടെ മുന്‍വശത്തായിരുന്നു അത്. നബി (സ) ഇടയ്‌ക്കൊക്കെ ആ തോട്ടത്തിലേക്ക് കടക്കും. അതിലെ അരുവിയില്‍നിന്ന് കുടിക്കും..... 

ഒരിക്കല്‍ അദ്ദേഹം നബിക്കരികിലെത്തി. ''അല്ലാഹുവിന്റെ റസൂലേ, 'നിങ്ങള്‍ ഇഷ്ടപ്പെടുന്നവയില്‍നിന്ന് ചെലവഴിക്കാതെ നിങ്ങള്‍ക്ക് പുണ്യം ലഭിക്കുകയില്ല' എന്ന് അല്ലാഹു പറയുന്നു. എന്റെ സ്വത്തില്‍ വെച്ച് എനിക്ക് ഏറ്റം പ്രിയപ്പെട്ടതാണ് 'ബൈറുഹാ'. അത് ഞാന്‍ അല്ലാഹുവിന്  നല്‍കുന്നു. അല്ലാഹുവില്‍നിന്ന് അതിന്റെ പുണ്യവും നിക്ഷേപവും മാത്രം പ്രതീക്ഷിച്ചുകൊണ്ട്. അല്ലാഹു തോന്നിച്ച പ്രകാരം അങ്ങ് തീരുമാനിക്കുക.'' 

നബി (സ) പറഞ്ഞു: ''അതത്രെ ലാഭകരമായ ധനം, ലാഭകരമായ ധനം. താങ്കളുടെ ആഗ്രഹം ഞാന്‍ കേട്ടു. പക്ഷേ, അത് താങ്കളുടെ കുടുംബക്കാര്‍ക്ക് വീതം വെക്കണമെന്നാണ് ഞാന്‍ അഭിപ്രായപ്പെടുന്നത്.'' അബൂത്വല്‍ഹ (റ) പറഞ്ഞു: 'ഞാന്‍ അങ്ങനെ ചെയ്തുകൊള്ളാം.' അങ്ങനെ, അദ്ദേഹം തന്റെ എല്ലാമെല്ലാമായ ബൈറുഹാ തോട്ടം അടുത്ത കുടുംബങ്ങള്‍ക്ക് ഭാഗിച്ചുകൊടുത്തു.  

മനുഷ്യന് സ്വന്തമായുള്ളത് എന്താണ് എന്ന ചോദ്യം പണ്ടുകാലംതൊട്ടേ അറിവുള്ളവരെ മുഴുവന്‍ കുഴക്കിയിരുന്നു. കുറേയേറെ ചിന്തിച്ചും അനുഭവിച്ചും അവര്‍ എത്തിച്ചേര്‍ന്ന ഉത്തരം, മനുഷ്യന് സ്വന്തമായി ഒന്നും ഇല്ല എന്ന അറിവിലാണ്. ഒരുപക്ഷേ, മനുഷ്യന് ഏറ്റവും ആവശ്യമായ അറിവ് അതുതന്നെ. ഒറ്റവാക്യത്തിലൊതുക്കാവുന്ന ഈ യാഥാര്‍ഥ്യം മറന്നതുകൊണ്ടാണ് ലോകത്ത് യുദ്ധങ്ങളും കലാപങ്ങളും കൊള്ളകളും അഴിമതികളും നടക്കുന്നത്. 

ഭൂമിയില്‍ മനുഷ്യനെ പടയ്ക്കുന്ന വേളയില്‍ മലക്കുകള്‍ അല്ലാഹുവോട് ആശങ്കിച്ചതാണ്,  രക്തംചിന്തലും കുഴപ്പങ്ങളുമെല്ലാം കൊണ്ടുനടക്കുന്ന ഈ മനുഷ്യനെയാണോ സൃഷ്ടിക്കുന്നത് എന്ന്. നിങ്ങള്‍ക്കറിയാത്തത് എനിക്കറിയാം എന്ന അറിവിന്റെ ഉത്തരമാണ് അല്ലാഹു മറുപടിയായി നല്‍കിയത്. ആദ്യത്തെ മനുഷ്യന് അല്ലാഹു എല്ലാ ധനാര്‍ജനങ്ങളുടെയും താക്കോലായ ഭാഷ നല്‍കി. അവന് ഇണയോടൊത്ത് പാര്‍ക്കാന്‍ സ്വര്‍ഗം നല്‍കി. പിന്നീട്, തലമുറകളോളം ജീവിക്കാന്‍ ഭൂമി മുഴുവനായും നല്‍കി. കടന്നുചെല്ലാന്‍ ഭൂമിക്കപ്പുറമുള്ള ഗോളങ്ങളെയും നല്‍കി. അപ്പോഴൊക്കെയും മനുഷ്യന്‍ അഹങ്കരിച്ചു, ഇതൊക്കെയും തനിക്ക് സ്വന്തമാണെന്ന്. അഹങ്കരിച്ചപ്പോഴൊക്കെയും അവന്‍ അതിക്രമകാരിയായി. അതിക്രമങ്ങളൊക്കെയും അവനെ ദൈവം തനിക്കു നല്‍കിയ ഓരോരോ സ്വര്‍ഗങ്ങളില്‍നിന്ന് നിഷ്‌കാസിതനാക്കി... ഒന്ന് ആലോചിച്ചുനോക്കിയാല്‍ മനുഷ്യജീവിതം മുഴുവന്‍ ഖുര്‍ആനില്‍ ഒരു പേജിലൊതുക്കിയ ആ സൃഷ്ടിരഹസ്യത്തിന്റെ ആവര്‍ത്തനം തന്നെയാണ്. സ്വന്തം പിടിപ്പുകേടുകളാല്‍ ദൈവം കനിഞ്ഞേകിയ പറുദീസകളില്‍നിന്ന് പുറത്താക്കപ്പെടുന്നതിന്റെ ചരിത്രാവര്‍ത്തനങ്ങള്‍.

എല്ലാം തന്റേതാണ് എന്നതാണ് മനുഷ്യമതം. എല്ലാം അല്ലാഹുവിന്റേതാണ് എന്നാണ് ഇസ്‌ലാമിന്റെ തത്വശാസ്ത്രം. ഇത് ആധുനിക ധനതത്ത്വശാസ്ത്രത്തിന് വേണ്ടത്ര മനസ്സിലാവുകയില്ലെങ്കില്‍പോലും അതാണ് ശരി. ധനം മനുഷ്യന് സ്വന്തമാണ് എന്ന അടിസ്ഥാന ധാരണക്കുമേല്‍ അട്ടിയട്ടിയായി നിര്‍മിച്ച ഒരു തത്ത്വശാസ്ത്രം എങ്ങനെ അവന് സമാധാനം നല്‍കാനാണ്? ധനം മനുഷ്യന് നല്‍കിയത് അല്ലാഹുവാണ്. അതിന്റെ അടിയാധാരം അല്ലാഹുവിന്റെ പേരിലാണ്. ധനം അതിന്റെ അടിസ്ഥാന ഉടമയായ അല്ലാഹുവിന് തിരിച്ചുകൊടുക്കേണ്ടത് അത് അത്യാവശ്യമുള്ള മറ്റൊരാള്‍ക്ക് വെറുതെ കൊടുത്തുകൊണ്ടാണ് എന്ന് അല്ലാഹു തന്നെ പഠിപ്പിക്കുന്നു. ഒരാളുടെ കൈയിലുള്ള ആയിരം രൂപ ഒരു പട്ടിണിക്കാരന്റെ കൈയിലെത്തുന്നതോടെ അത് അല്ലാഹുവിന്റെ അക്കൗണ്ടിലേക്ക് തിരിച്ചെത്തുന്നു. വിചിത്രമായ ഒരു സാമ്പത്തിക വിനിമയബന്ധമാണിത്. മതംകൊണ്ടുമാത്രം സാധ്യമാകുന്നത്. ഇനി ഒരാള്‍ക്കും കൊടുത്തില്ലെങ്കില്‍ പോലും, മുതലാളി മരണപ്പെടുന്ന ആ നിമിഷം തൊട്ട് അയാളുടെ സമ്പത്ത് അന്യന്റേതാകുന്നു. ഒരാളുടെ അനാഥമാകാത്ത ഒരേയൊരു യാഥാര്‍ഥ്യം അയാള്‍ ഒരുക്കൂട്ടിവെച്ച ഭൗതിക സമ്പത്തു മാത്രമാണ്.  

മുഹമ്മദ് നബി (സ) ഒരിക്കല്‍ ശിഷ്യരോട് ചോദിച്ചു: 'നിങ്ങളില്‍ ആര്‍ക്കാണ് സ്വന്തം സ്വത്തിനേക്കാള്‍ തന്റെ അനന്തരാവകാശികളുടെ സ്വത്തിനോട് പ്രിയമുണ്ടാവുക?' 

അവര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, ഞങ്ങളിലെല്ലാവര്‍ക്കും കൂടുതല്‍ പ്രിയം അവനവന്റെ സ്വത്തിനോടു തന്നെയാണ്. അങ്ങനെയല്ലാത്ത ഒരാളും ഞങ്ങളിലില്ല'. 

അപ്പോള്‍ നബി(സ) പറഞ്ഞു: 'എന്നാല്‍, ഒരാളുടെ സ്വന്തം സ്വത്ത് അയാള്‍ ചെലവാക്കിയതുമാത്രം. പിന്നേക്ക് എടുത്തുവെച്ചത് മുഴുവന്‍ അയാളുടെ അനന്തരാവകാശികളുടെ സ്വത്താണ്.'

സമ്പത്തിനെക്കുറിച്ചുള്ള ഈ യാഥാര്‍ഥ്യത്തെ മറ്റൊരു വചനത്തില്‍ 'ഉടുത്തതും തിന്നതും കൊടുത്തതും മാത്രം സ്വന്തത്തിന്റേത്, മറ്റുള്ളതൊക്കെയും അനന്തരാവകാശികളുടേത്' എന്നാണ് നബി (സ) പഠിപ്പിക്കുന്നത്. ഉടുത്തതൊക്കെയും ദ്രവിച്ചുപോകും, തിന്നതൊക്കെയും വിസര്‍ജ്യമായിപ്പോകും; കൊടുത്തത് മാത്രം ബാക്കിയുണ്ടാകും. 'മനുഷ്യന്‍ മരിച്ചാല്‍, അവന്റെ ചര്യയൊക്കെയും അവനില്‍നിന്ന് മുറിഞ്ഞുപോയി. മൂന്നു കാര്യങ്ങളൊഴികെ; തുടര്‍ന്നുകൊണ്ടിരിക്കുന്ന ദാനം, അവനുവേണ്ടി പ്രാര്‍ഥിക്കുന്ന സല്‍സന്താനങ്ങള്‍, ഉപകാരപ്പെടുന്ന വിജ്ഞാനം എന്നിവയൊഴികെ' എന്ന മറ്റൊരു നബിവചനവും ഇവിടെ ഓര്‍ക്കുക. മരണത്തെയും ഐശ്വര്യത്തെയും അതിന്റെ ഓരോ നിമിഷവും ഇങ്ങനെ കൂട്ടിച്ചേര്‍ത്ത് പറയുന്ന പതിവ് എക്കണോമിക്‌സിന് ഇല്ല എന്നതാണ് മതത്തിന്റെ സാമ്പത്തികശാസ്ത്രവുമായി അതിനെ വേര്‍തിരിക്കുന്നത്. ഇപ്പോള്‍ പുതിയ ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക സാമ്പത്തികശാസ്ത്രവും ഇസ്‌ലാമിക് ബാങ്കിംഗും കേവലം 'പലിശരഹിത കടംകൊടുക്കല്‍ സ്ഥാപനം' എന്നതില്‍നിന്ന് ഈ അടിത്തറയിലേക്ക് വികസിക്കുന്ന തത്ത്വശാസ്ത്രത്തെയാണ് പകരം വെക്കേണ്ടത്.

 

ധനാര്‍ത്തിയുടെ നിരാകരണമാണ് ദാനം

ഉമറുബ്‌നുല്‍ ഖത്ത്വാബ് (റ) പറഞ്ഞ സംഭവമാണിത്: 

പ്രവാചകന്‍ (സ) സ്വദഖ നല്‍കാനായി ഞങ്ങളോട് കല്‍പിക്കുകയുണ്ടായി. അപ്പോള്‍ എന്റെയടുക്കല്‍ അല്‍പം ധനം ഉണ്ടായിരുന്നു. ഇന്ന് അബൂബക്‌റിനെ മറികടക്കണമെന്ന് എനിക്ക് തോന്നി, കാരണം അദ്ദേഹം എന്നെ എല്ലായ്‌പ്പോഴും മറികടന്നിട്ടുണ്ട്. അങ്ങനെ ഞാന്‍ എന്റെ സമ്പത്തിന്റെ പകുതിയുമായി വന്നു. നബി(സ) ചോദിച്ചു: 'എന്താണ് താങ്കളുടെ കുടുംബത്തിനായി അവശേഷിപ്പിച്ചത്?' ഞാന്‍ പറഞ്ഞു: 'ഇത്രയും ഞാന്‍ ബാക്കിയാക്കി വെച്ചിട്ടുണ്ട്'. അപ്പോഴതാ, അബൂബക്ര്‍ വരുന്നു. കൈയില്‍ തന്റെയടുത്തുള്ളത് മുഴുവനുമുണ്ട്. നബി(സ) അബൂബക്‌റിനോട് ചോദിച്ചു: 'അബൂബക്‌റേ, താങ്കളെന്താണ് കുടുംബത്തിനായി വീട്ടില്‍ ബാക്കിവെച്ചത്?' അപ്പോള്‍ അബൂബക്ര്‍ പറഞ്ഞു: 'അല്ലാഹുവിനെയും അവന്റെ റസൂലിനെയും മാത്രം'. അപ്പോള്‍ ഞാന്‍ പറഞ്ഞു: 'അല്ലാഹുവാണ് സത്യം. അദ്ദേഹത്തെ മുന്‍കടക്കാന്‍ എനിക്ക് ഒരിക്കലും കഴിയില്ല''. 

പ്രവാചകന്‍ വരുന്നതിനുമുമ്പുള്ള മക്ക ജാഹിലിയ്യത്തിന്റെ സംസ്‌കാരം പേറുന്നതായിരുന്നു എന്നാണ് ഇസ്‌ലാമിക ചരിത്രങ്ങളിലൊക്കെയും കാണുക. ശരീരത്തിന്റെയും സമ്പത്തിന്റെയും ആഘോഷമായിരുന്നു അവരുടെ ജീവിതം. എങ്ങനെയും സുഖിക്കുക, എങ്ങനെയും ജയിക്കുക, എങ്ങനെയും സമ്പാദിക്കുക എന്നാണ് ജാഹിലിയ്യത്തിന്റെ തത്ത്വശാസ്ത്രം. പട്ടിണി ഭയന്ന് മക്കളെ കൊന്നുകളയുന്ന സമൂഹമായിരുന്നു അത്. പട്ടിണി മനുഷ്യകുലത്തിന്റെ എക്കാലത്തെയും ഭയമായിരുന്നു. അല്ലാഹുവിന്റെ റസൂല്‍, കാട്ടറബികളുടെ ആ സമൂഹത്തെ പട്ടിണി ഐശ്വര്യമാണെന്നും ധനം സമാധാനം കെടുത്തുമെന്നും പഠിപ്പിച്ചു. ആധുനികതയുടെ തൊട്ടുമുമ്പ് ലോകത്ത് പടര്‍ന്നുപിടിച്ച പട്ടിണിയില്‍നിന്നാണ് സോഷ്യലിസം എന്ന ആശയം ഉണ്ടാകുന്നത്. എല്ലാവര്‍ക്കും ഒരുപോലെ സമ്പത്ത് എന്ന മോഹത്തിനു പിന്നില്‍ സമ്പത്ത് ചിലരുടെ പോക്കറ്റുകളില്‍ കുമിഞ്ഞുകൂടുന്നതിനെ ചോദ്യംചെയ്യലുണ്ട്. പക്ഷേ, സ്വന്തം സമ്പത്ത് വിട്ടുകൊടുത്തുകൊണ്ട് എങ്ങനെ സോഷ്യലിസം നടപ്പിലാക്കാന്‍ പറ്റും എന്ന് ആരും ചിന്തിച്ചില്ല. അതുകൊണ്ടുതന്നെ സാമ്പത്തികാസമത്വം എന്ന ദുരന്തത്തെ ഇനിയും ആധുനിക സമൂഹത്തിന് തുടച്ചുനീക്കാനായിട്ടില്ല. സോഷ്യലിസം ഉണ്ടാകേണ്ടത് മറ്റാരോ മുന്‍കൈയെടുത്താണ് എന്ന ധാരണയാണ് കാരണം. ദരിദ്രര്‍ക്ക് സമ്പത്ത് നല്‍കുക എന്നത് സര്‍ക്കാറിന്റെ പണിയാണെന്നാണ് സോഷ്യലിസ്റ്റുകള്‍പോലും കരുതുന്നത്. യുക്തിവാദികളെ സംബന്ധിച്ചേടത്തോളം 'അത് അല്ലാഹുവിനുതന്നെ ചെയ്തുകൂടായിരുന്നോ' എന്നാണ് സംശയം. ഈ സന്ദേഹം ഒട്ടും പുതിയതല്ല:  ''അവരോട് പറയപ്പെട്ടാല്‍, നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍നിന്ന് ചെലവഴിക്കൂ എന്ന്. കാഫിറുകള്‍ വിശ്വാസികളോട് പറയും: ഞങ്ങള്‍ അന്നം നല്‍കുകയോ, അല്ലാഹു കരുതിയിരുന്നുവെങ്കില്‍ അവന്‍തന്നെ ഊട്ടാമായിരുന്നവര്‍ക്ക്? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാകുന്നു'' (യാസീന്‍: 47).

ധനം പണമുള്ളവര്‍ക്കിടയില്‍ മാത്രം കറങ്ങുന്ന ഒന്നാകാതിരിക്കാനാണ് മനുഷ്യന് ദാനം അല്ലാഹു നിര്‍ബന്ധമാക്കിയത്. കൊടുത്തുകൊണ്ട് സ്ഥാപിക്കേണ്ട സ്ഥിതിസമത്വത്തിന്റെ മഹത്തായ ആശയമാണത്. 'ഇസ്‌ലാമിക സോഷ്യലിസം' എന്ന് പേരിട്ട് ഉദാത്തമായ ആ സംവിധാനത്തെ ന്യൂനീകരിക്കകരുത്. പ്രധാനമായും നാലു രീതിയിലാണ് സമ്പത്തിന്റെ വിനിമയക്രമം അല്ലാഹു നിര്‍ദേശിച്ചത്: 1. അതില്‍ ആര്‍ത്തി പാടില്ല 2. അതില്‍ ധൂര്‍ത്ത് പാടില്ല 3. അതില്‍ പിശുക്കു പാടില്ല. 4. അത് സ്വന്തമാക്കി വെക്കാന്‍ പാടില്ല. ഈ നാലും പരസ്പരം ബന്ധപ്പെട്ടതാണ്. പിശുക്കന്‍ ആര്‍ത്തികൊണ്ടാണ് സ്വന്തം ധനം ഒരുക്കൂട്ടിവെക്കുന്നത്. ഒരിക്കല്‍ അതൊക്കെയും ധൂര്‍ത്തടിച്ച് സുഖിക്കാമെന്നാണ് അവന്‍ കൊതിക്കുന്നത്. കൊടുത്താല്‍ കുറയുന്നതാണ് അവന്റെ ധനം. അല്ലാഹു പറയുന്നു: ''നിന്റെ കൈ പിരടിയിലേക്ക് കുരുക്കിയ മട്ടാക്കരുത്. അത് നീട്ടാവുന്നതോളം നീട്ടിയിടുകയും അരുത്. അപ്പോള്‍, നീ നിന്ദിതനും കഷ്ടപ്പെട്ടവനും ആയിത്തീരും'' (അല്‍ ഇസ്‌റാഅ് 29).  കാരുണികന്റെ അടിമകളുടെ ലക്ഷണങ്ങള്‍ വിവരിക്കുന്ന സുദീര്‍ഘമായ ഒരു പ്രകരണത്തില്‍ ഈ കാര്യം എടുത്തുപറയുന്നുമുണ്ട്: ''അക്കൂട്ടര്‍, ചെലവഴിക്കുമ്പോള്‍ അമിതവ്യയം ചെയ്യുകില്ല. പിശുക്കു കാണിക്കുകയുമില്ല. അത് അതിനിടക്ക് നില്‍ക്കും''. (ഫുര്‍ഖാന്‍: 67).

 

കൊടുക്കുന്നതിന്റെ കൈയും കണക്കും

മുഹമ്മദ് നബി(സ)യുടെ മരണകാരണമായ പനി ബാധിച്ച ദിവസം അദ്ദേഹത്തിന്റെ പക്കല്‍ ഏഴു ദിനാര്‍ ഉണ്ടായിരുന്നു. അത്രയും പണം മിച്ചംവെച്ച് മരണപ്പെടുന്നത് തിരുമേനി ഭയന്നിരിക്കണം, അവ ആവശ്യക്കാര്‍ക്ക് കൊടുക്കാന്‍ കുടുംബക്കാരോട് അവിടുന്ന് ആവശ്യപ്പെട്ടു. രോഗ ശശ്രൂഷയുടെ തിരക്കിനിടയില്‍ അവരത് മറന്നുപോയിക്കാണണം. 

വഫാത്താകുന്നതിന്റെ തൊട്ട് തലേ ദിവസം ബോധം തെളിഞ്ഞയുടന്‍ അദ്ദേഹം ചോദിച്ചത് 'ആ ഏഴു പണം എന്തുചെയ്തു' എന്നാണ്. അവ തന്റെയടുക്കല്‍ തന്നെയുണ്ടെന്ന് പ്രിയ പത്‌നി ആഇശ(റ) മറുപടി പറഞ്ഞു. 

റസൂലിന്റെ മുഖം ചുവന്നു. 'ആ നാണയങ്ങള്‍ ഇങ്ങു തരൂ' എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  വിറയ്ക്കുന്ന ഉള്ളംകൈയില്‍ അവ വെച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു: ''ഈ ചില്ലറകളുമായി അല്ലാഹുവിനെ കണ്ടുമുട്ടാന്‍ ഇടവന്നാല്‍, മുഹമ്മദ് തന്റെ റബ്ബിനോട് എന്ത് സമാധാനം പറയും?''

മറ്റേതൊരു പ്രധാന ഇബാദത്തിനെയും പോലെ രണ്ടുരീതിയിലുള്ള ദാനവും ഇസ്‌ലാമിലുണ്ട്. നിര്‍ബന്ധ ദാനവും ഐഛിക ദാനവും. സകാത്ത് എന്ന പദംകൊണ്ട് അര്‍ഥമാക്കപ്പെടുന്നത് നിര്‍ബന്ധ ദാനമാണ്. അത്യാവശ്യ ചെലവുകഴിച്ച് നിശ്ചിത ധനം ബാക്കിയായ ഏതൊരു മുസ്‌ലിമും കാലമെത്തുമ്പോള്‍ സകാത്ത് നല്‍കാതെ തരമില്ല. ഖുര്‍ആനില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ സ്വലാത്തിനെയും (നമസ്‌കാരം) സകാത്തിനെയും ചേര്‍ത്തുവെച്ചാണ് പറഞ്ഞിട്ടുള്ളത്. നമസ്‌കാരം പോലെ നിര്‍ബന്ധവും നിലനിര്‍ത്തേണ്ടതുമാണ് അത് എന്നാണതിലെ സൂചന. നമസ്‌കാരംപോലെ അതിന് അളവും സമയവും ഉണ്ട്, ഇനവും തരവുമുണ്ട്, രീതിയും നിബന്ധനയും ഉണ്ട്. നമസ്‌കാരംപോലെ സാമൂഹികവും സംഘടിതവുമാണ് അത്. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ അവ വിശദമായി കണക്കുവെച്ചിട്ടുണ്ട്. ഇസ്‌ലാമിക രാഷ്ട്രത്തിലെ മുസ്‌ലിം പൗരന്‍ നല്‍കേണ്ട മതപരമായ നികുതിയാണ് സകാത്ത്. ഇവിടെ, രാഷ്ട്രീയമായി നല്‍കേണ്ട നികുതിയെ ആരാധനയുമായി ബന്ധിപ്പിച്ചു ഇസ്‌ലാം. ആ മതനികുതി നിഷേധിക്കുന്നവരോടുള്ള പോരാട്ടം ദൈവികമാര്‍ഗത്തിലുള്ള സമരത്തിന്റെ ഭാഗമാക്കുകയും ചെയ്തു. മുഹമ്മദ് നബിയുടെ മരണത്തിനു ശേഷം ഒരു വിഭാഗം 'സകാത്ത് ഇനിമേല്‍ അടയ്ക്കുകയില്ല' എന്ന വാദം മുഴക്കി. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഒന്നാം ഖലീഫ അബൂബക്ര്‍ അവരോട് യുദ്ധം പ്രഖ്യാപിച്ചു: 'നിങ്ങള്‍ നബി തിരുമേനിക്ക് കൊടുത്തുകൊണ്ടിരുന്നത് ഒട്ടകത്തെ കെട്ടുന്ന കയറാണെങ്കില്‍ അതിനുവേണ്ടിപോലും ഞാന്‍ യുദ്ധംചെയ്യു'മെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിലെ ഏറ്റവും കനപ്പെട്ട വാക്യം. 

സ്വദഖ എന്നാണ് ഐഛിക ദാനത്തിന് പൊതുവെ പറയപ്പെടുന്ന പേര്. സത്യം എന്ന മലയാളവാക്കുമായാണ് ആ പദത്തിന് ബന്ധം. ധര്‍മം ചെയ്യുക എന്ന ഭാരതീയ സാങ്കേതിക ശബ്ദവുമായി സ്വദഖക്ക് സാമ്യമുണ്ട്. എന്നാല്‍ ഭാരതീയ സവര്‍ണസ്മൃതികള്‍ ധര്‍മം എന്ന ദാനവ്യവസ്ഥയുടെ അവകാശികളായി ബ്രാഹ്മണരെയും ക്ഷേത്രങ്ങളെയും മാത്രമാക്കി നിജപ്പെടുത്തി. ഇസ്‌ലാമിലെ ദാനം പക്ഷേ, മനുഷ്യന്റെ ആവശ്യത്തിന് ജാതിയുടെ അതിര്‍ത്തികള്‍ വെച്ചില്ല. എന്തിന് മതത്തിന്റെപോലും അതിരുകള്‍ അതിനില്ല എന്ന് പുതിയ ഇസ്‌ലാമിക പണ്ഡിതരില്‍ കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നു. ഈ ദാനത്തിന് കണക്കും അളവുമില്ല. ഒരാള്‍ക്ക് സ്വന്തം സമ്പത്തെന്ന് കരുതാവുന്ന എന്തെങ്കിലുമുണ്ടോ, അതൊക്കെയും സ്വദഖ ചെയ്യാം. ആരോഗ്യവും ഒഴിവുസമയവും സര്‍ഗാത്മക കഴിവും അതില്‍പെടും. യഥാര്‍ഥത്തില്‍,  ഐഛികദാനം നിര്‍ബന്ധമാവുകയും നിര്‍ബന്ധ ദാനം ഐഛികംപോലെ സ്വാഭാവികമാവുകയും ചെയ്യുന്നതാണ് ഈമാനിന്റെ പൂര്‍ണത.

'അല്ലാഹുവിന്റെ വഴിയില്‍ ചെലവഴിക്കുക' എന്നാണ് ഖുര്‍ആന്‍ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നത്. ദാനം അവകാശപ്പെട്ട എട്ട് വിഭാഗക്കാരെ വിശദമാക്കുന്ന വേളയില്‍ ഖര്‍ആന്‍  ഈ 'വഴി' എന്ന പ്രയോഗം രണ്ടിടത്ത് ആവര്‍ത്തിക്കുന്നുമുണ്ട് (തൗബ: 60). ഒന്ന്, 'അല്ലാഹുവിന്റെ മാര്‍ഗം'തന്നെ (സബീലുല്ലാഹി). രണ്ടാമത്തേത് വഴിയാത്രക്കാരാണ് (ഇബ്‌നുസ്സബീല്‍). ദരിദ്രരും അവശരും അനാഥകളും അടിമകളും വഴിയാത്രക്കാരും പോരാളികളും കടബാധിതരും അടങ്ങുന്ന കാരുണ്യത്തിന്റെ വഴിയാണത്. അല്ലാഹുവിന്റെ മാര്‍ഗം എന്നതിന് 'ധാര്‍മിക പോരാളികള്‍' (ജിഹാദ് ചെയ്യുന്നവര്‍) എന്ന് വ്യാഖ്യാനം നല്‍കിയ ചിലരുണ്ട്. എങ്കിലും 'വഴിയുടെ മകന്‍' എന്നര്‍ഥമുള്ള 'ഇബ്‌നുസ്സബീല്‍' വഴിയാത്രികര്‍ തന്നെയാകണം. പൊതുവെ കര്‍മശാസ്ത്രപരമായ കാര്യങ്ങള്‍ വിവരിക്കുന്നിടത്ത് വ്യാഖ്യാനത്തിന്റെ പഴുതുകളടച്ച് ആഖ്യാനം നടത്തുന്ന അല്ലാഹു, സകാത്തിന് അര്‍ഹരായവരുടെ പട്ടിക എത്ര വൈവിധ്യമാര്‍ന്ന അര്‍ഥസാധ്യതകള്‍ നല്‍കിയാണ് നിരത്തുന്നത് എന്ന് ശ്രദ്ധിക്കുക. ദാനം ചെയ്യപ്പെട്ട ധനം അവകാശപ്പെട്ടവര്‍ അത്രയും വിപുലമാകട്ടെ എന്നുമാകണം അല്ലാഹുവിന്റെ വിവക്ഷ.

 

നല്‍കുന്നതിന്റെ സൗന്ദര്യങ്ങള്‍

ഉദാരതയുടെ മറ്റൊരു പേരായിരുന്നു ഉസ്മാനുബ്‌നു അഫ്ഫാന്‍.

അബൂബക്ര്‍ സ്വിദ്ദീഖിന്റെ ഭരണകാലത്ത് ഒരിക്കല്‍ മദീനാ രാജ്യത്ത് കടുത്ത ക്ഷാമം പടര്‍ന്നു. അപ്പോഴാണ് ശാമില്‍നിന്ന് ഒട്ടേറെ ഭക്ഷ്യവസ്തുക്കളുമായി ഉസ്മാന്റെ(റ) വണികസംഘം മദീനയിലെത്തുന്നത്. ഇരട്ടിക്കിരട്ടി ലാഭം കിട്ടുന്ന സമയമാണ്. ചരക്കുകള്‍ക്ക് വലിയ വില പറഞ്ഞ് കച്ചവടക്കാര്‍ ചുറ്റും കൂടി. 'ഇരട്ടി പണം തരാം' എന്നൊരാള്‍.

'അതിലേറെ തരാം എന്ന് മറ്റൊരാള്‍ പറഞ്ഞിട്ടുണ്ട്' എന്നായി ഉസ്മാന്‍ (റ).

'എന്നാല്‍ രണ്ടിരട്ടി.'

'അതിലേറെ...'

'എന്നാല്‍ അഞ്ചിരട്ടി.'

'അതിലേറെ.'

'പത്തിരട്ടി.'

'അതിലും ഏറെ' - ഉസ്മാന്‍(റ) ചിരിച്ചുകൊണ്ട് പറഞ്ഞു.

കച്ചവടക്കാര്‍ക്ക് അത്ഭുതമായി. പത്തിലേറെ ഇരട്ടി ലാഭം ഈ ചരക്കുകള്‍ക്ക് നല്‍കാന്‍ മാത്രം വലിയ മുതലാളി അറേബ്യയില്‍ ആരാണുള്ളത്?

കച്ചവടക്കാര്‍ നോക്കിനില്‍ക്കെ, ആ ഭക്ഷണച്ചരക്കുകള്‍ മുഴുവന്‍ ഉസ്മാന്‍ (റ) നാട്ടുകാര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു.

സ്വദഖകള്‍ക്ക് എഴുനൂറ് ഇരട്ടി ലാഭം തരാമെന്ന അല്ലാഹുവിന്റെ വാഗ്ദാനമായിരുന്നു ഉസ്മാന്റെ(റ)ചിരിയുടെ അര്‍ഥം.

ഒരാള്‍ സമ്പാദിച്ചുകൂട്ടിയതും തനിക്ക് ലാഭമായിക്കിട്ടിയതും മുഴുവന്‍ അയാളുടെ സ്വന്തം എന്നതാണ് കേവല യുക്തി. അതില്‍ മറ്റൊരാള്‍ക്കും അവകാശമില്ല. അത് എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കേണ്ടതും അയാള്‍തന്നെ. മാത്രമല്ല അതത്രയും മരിക്കുന്നതിനുമുമ്പ് പരമാവധി സുഖിക്കാനായി ചെലവഴിക്കുക എന്നതാണ് മനുഷ്യയുക്തിയുടെ പൂര്‍ണത. വെറുതെ കൊടുക്കുക എന്നത് യുക്തിക്ക് നിരക്കുന്നതല്ല. അതുകൊണ്ടാണ് ലോകത്ത് ഒരു യുക്തിവാദി സംഘടനയും 'ചാരിറ്റബ്ള്‍ സൊസൈറ്റി'കള്‍ കൊണ്ടുനടക്കാത്തത്. പൊതുവായ മനുഷ്യനന്മയുടെ ഭാഗമായി എന്തെങ്കിലും കൊടുക്കുന്ന യുക്തിവാദികളുണ്ടാകാം. പക്ഷേ, അവര്‍ ആ ചെയ്യുന്നതുപോലും യുക്തിവിരുദ്ധമായ നന്മ, സ്‌നേഹം, കരുണ തുടങ്ങിയ ആത്മീയ വികാരങ്ങളുടെ പേരിലാണ് എന്നുമാത്രം. ഇസ്‌ലാം മനുഷ്യവിരുദ്ധമായ യുക്തിയെ നിരാകരിക്കുകയും ദൈവികമായ യുക്തിയെ സ്ഥാപിക്കുകയും ചെയ്യുന്ന മതമാണ്. അതിനാല്‍, കേവല യുക്തിക്ക് ഏറ്റവും വിരുദ്ധമായ ദാനത്തെ അത് സ്ഥാപിക്കുന്നു.

ഇസ്‌ലാമിന്റെ യുക്തിയനുസരിച്ച് സ്വന്തം ധനം ആവശ്യക്കാര്‍ക്ക് വെറുതെ കൊടുക്കുക എന്നത് സമൃദ്ധിയുടെ താക്കോലാണ്. കാരണം, വെറുതെ ഒന്നും കൊടുക്കുന്നില്ല. പുണ്യങ്ങളുടെ പ്രതിഫലം ആ ദാനത്തിനുമേല്‍ എഴുതപ്പെട്ടിരിക്കുന്നു. അതിനാല്‍, കൊടുക്കുക എന്നത് ധനം നഷ്ടപ്പെടുത്തലല്ല, ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടത്തില്‍ നിക്ഷേപിക്കലാണ്.  ''തീര്‍ച്ച, അല്ലാഹുവിന്റെ കിത്താബ് വായിക്കുകയും നമസ്‌കാരം നിലനിര്‍ത്തുകയും നാം അവര്‍ക്ക് കൊടുത്തതില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവര്‍ ആരോ,  അവര്‍ ആശിക്കുന്നത് ഒരിക്കലും ചേതംവരാത്ത കച്ചവടമാകുന്നു'' (35/29). മാത്രമല്ല, അത് അല്ലാഹുവിനുള്ള കടമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. പലിശ നിരോധിച്ച അല്ലാഹു ആ കടത്തിനാകട്ടെ ഇരട്ടിക്കിരട്ടി പുണ്യം പ്രതിഫലപ്പലിശയായി നല്‍കുകയും ചെയ്യും. ''ആരുണ്ട് അല്ലാഹുവിന് കടം കൊടുക്കുവാന്‍. ഉത്തമമായ കടം. അല്ലാഹു അവന് അത് ഇരട്ടിയാക്കിക്കൊടുക്കും, ധാരാളം ഇരട്ടികള്‍. അല്ലാഹു പിടിച്ചുവെക്കുന്നവനാണ്, വിട്ടുകൊടുക്കുന്നവനും. അവങ്കലേക്കുതന്നെ നിങ്ങളുടെ മടക്കം''. (അല്‍ ബഖറ: 245).

സ്വദഖയുടെ പുണ്യങ്ങളെക്കുറിച്ചാണ് ഹദീസുകളില്‍ ഏറ്റവുമധികം വാഗ്ദാനങ്ങള്‍ കാണുക. അത് പാപങ്ങളെ മായ്ച്ചുകളയും, ധനത്തെ വര്‍ധിപ്പിക്കും, ഉപജീവനത്തെ വിശാലമാക്കും, മനസ്സിനെ ശുദ്ധീകരിക്കും, മരണപ്പെട്ടാലും മുറിഞ്ഞുപോകാത്ത പ്രതിഫലം നല്‍കും, അപകടത്തില്‍നിന്ന് കാക്കുകയും ദുര്‍മരണത്തെ തടയുകയും ചെയ്യും. ഖബ്‌റിനകത്തും അത് സംരക്ഷണമേകും. പരലോകത്ത് അല്ലാഹുവിന്റെ പ്രത്യേകമായ തണലിന് അവകാശിയാക്കുകയും സ്വര്‍ഗം നിര്‍ബന്ധമാക്കുകയും ചെയ്യും. സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാന്‍ ദാനശീലര്‍ക്ക് പ്രത്യേക കവാടമൊരുക്കിയിട്ടുണ്ട് അല്ലാഹു. നോക്കൂ, മനുഷ്യന്‍ മനുഷ്യനോടു ചെയ്യേണ്ട മഹത്തായ ബാധ്യതക്കുമേല്‍ എത്ര ആവേശകരമായ വാഗ്ദാനങ്ങളാണ് അല്ലാഹു സ്വയം ബാധ്യതയേല്‍ക്കുന്നത് എന്ന്. 

രഹസ്യമായും പരസ്യമായും ദാനംചെയ്യാം. പരസ്യമായ ദാനം, നല്‍കുന്ന വ്യക്തിയുടെ പരസ്യപ്പലകയല്ല. മറിച്ച് ദാനം എന്ന മഹദ്കര്‍മത്തിന്റെ പരസ്യമാണ്. അതോടൊപ്പം രഹസ്യമായി ചെയ്യുന്നതിന്റെ മേന്മകള്‍ക്ക് ഖുര്‍ആന്‍ അടിവരയിടുകയും ചെയ്തിരിക്കുന്നു. മാത്രമല്ല, ദാനം പരസ്യപ്പെടുത്തുന്നതിന്റെ രീതിശാസ്ത്രവും അല്ലാഹു നിര്‍ദേശിക്കുന്നുണ്ട്. അത് തീര്‍ച്ചയായും മറ്റൊരവസരത്തില്‍ എടുത്തുപറയലല്ല. ദാനം സ്വീകരിച്ചവരെ അതിന്റെ പേരില്‍ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനെ കര്‍ശനമായി വിലക്കുകയും ചെയ്തിരിക്കുന്നു (അല്‍ ബഖറ: 274). കൂടാതെ ഏറ്റവും തൃപ്തിയുള്ളതും മികച്ചതുമാണ് മറ്റുള്ളവര്‍ക്ക് നല്‍കേണ്ടത് എന്ന് ഇസ്‌ലാം നിബന്ധന വെച്ചിരിക്കുന്നു. ആവശ്യമില്ലാത്തത് തള്ളിക്കളയാനുള്ള ചവറ്റുകൂനയല്ല ആവശ്യക്കാര്‍ എന്നാണതിലെ വിജ്ഞാപനം. പ്രകൃതിദുരന്തമുണ്ടായ നാടുകളിലേക്ക് ഉടുത്തു പഴകിയ വസ്ത്രങ്ങള്‍ തള്ളിവിടുന്നവര്‍ക്ക് ഈ പാഠം ഉപകരിക്കും.

മറ്റുള്ളവര്‍ക്ക് നല്‍കാതിരിക്കുക എന്നതുതന്നെയാണ് പിശുക്കിന്റെ അര്‍ഥം. സ്വന്തത്തിനുവേണ്ടി ചെലവഴിക്കാതിരിക്കുകയാണ് പിശുക്ക് എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്ക്  വല്ലതും കൊടുക്കുമ്പോള്‍ പിടയ്ക്കുന്ന മനസ്സാണ് പിശുക്കിന്റെ കാരണം. അതിനാല്‍ പിശുക്ക് മനസ്സിന്റെ രോഗമാണ്. ദാനം കഴുകിക്കളയുന്ന അഴുക്ക് പിശുക്കിന്റേതു മാത്രമല്ല, ആര്‍ത്തിയുടേതു കൂടിയാണ്. ന്യായമായത് കൊടുക്കാനുള്ള മനസ്സ് അന്യായമായത് വാങ്ങാതിരിക്കാനുള്ള മനസ്സു കൂടിയാണ്. കൊടുക്കുന്തോറും, പിടിച്ചുപറിക്കാനും കൈക്കലാക്കാനുമുള്ള ആര്‍ത്തി കുറയുന്നു. ഹൃദയത്തിനുള്ളിലെ എല്ലാ പൈശാചികതക്കും ദാനം മരുന്നായി മാറും. 

(ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കുന്ന 'സൗന്ദര്യത്തിന്റെ മതം' എന്ന പുസ്തകത്തില്‍നിന്ന്)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (57-59)
എ.വൈ.ആര്‍

ഹദീസ്‌

നമസ്‌കാരത്തിലെ അപഹര്‍ത്താക്കള്‍
എം.എസ്.എ റസാഖ്‌