Prabodhanm Weekly

Pages

Search

2018 ജൂണ്‍ 01

3054

1439 റമദാന്‍ 16

അനാഥാലയങ്ങളുടെ അന്ത്യം

മായിന്‍കുട്ടി, അണ്ടത്തോട്

ജെ.ജെ ആക്റ്റ് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തോടെ, വാതിലടയുന്ന യതീംഖാനകളുടെ നേര്‍ ചിത്രമാണ് ടി.ഇ.എം. റാഫിയുടെ കുറിപ്പ്(മെയ് 18, 2018). എഴുപതുകള്‍ മുതല്‍ കേരളത്തിലനുഭവപ്പെട്ട ഗള്‍ഫ് പണത്തിന്റെ ഒഴുക്കിലൂടെയാണ് ഇത്രയധികം അനാഥാലയങ്ങള്‍ കേരളത്തിലുണ്ടായത്. സമുദായത്തിന്റെ ഔദാര്യം ലഭിക്കാനുള്ള എളുപ്പമാര്‍ഗം യതീംഖാനകളാണെന്ന തിരിച്ചറിവും ഇതിനു കാരണമാണ്. ആ കാലങ്ങളില്‍ കുട്ടികളെ നിഷ്പ്രയാസം ലഭിച്ചിരുന്നു. യതീംഖാനയുടെ ബാനറുകള്‍ക്കു താഴെ പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ക്കുള്ള പണസ്രോതസ്സുകളായിരുന്നു ഇവ. അനാഥ സംരക്ഷണത്തിന്റെ പേരില്‍ പണം പിരിക്കാനും വലിയ പ്രയാസമുണ്ടായിരുന്നില്ല. കേവലം യതീംഖാനകളായി പിറന്ന പല സ്ഥാപനങ്ങളും അഭിമാനാര്‍ഹമായ വൈജ്ഞാനിക സമുച്ചയങ്ങളായി മാറിയിട്ടുമുണ്ട്. 

ഇന്ന് യതീംഖാനകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം കുട്ടികളുടെ ദൗര്‍ലഭ്യത തന്നെയാണ്. പഴയപോലെ  ഒരുപാട് കുട്ടികള്‍ വീടുകളിലുമില്ല. യതീംഖാനകളില്‍ താമസിപ്പിക്കാന്‍ മാതാക്കള്‍ ആഗ്രഹിക്കുന്നുമില്ല. ഒഴിവാക്കാനാവാത്ത സന്ദര്‍ഭങ്ങളില്‍ മാത്രമാണ് പലരും ഇതിനു മുതിരുന്നത്. അതുകൊണ്ടുതന്നെ അനാഥ ശാലകളില്‍ കുട്ടികളില്ലാത്ത അവസ്ഥയാണ്. ഈ അവസ്ഥ മറികടക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടു വരാനുള്ള ശ്രമങ്ങളും നിയമത്തിന്റെ നൂലാമാലകള്‍ കൊണ്ട് വഴിമുട്ടിയിരിക്കുകയാണ്. ഗള്‍ഫ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയും വലിയ പ്രയാസമാണ്  സൃഷ്ടിച്ചത്. നോട്ട് നിരോധനം അതിനെ ഇരട്ടിപ്പിച്ചു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന സ്ഥാപനങ്ങളുടെ തലക്കു മീതെയാണ് ജെ.ജെ ആക്ട് ഇടിത്തീയായി വീണത്. അനിവാര്യമായ ദയാവധം മാത്രമാണ് അധിക അനാഥശാലകളെയും ഇനി കാത്തിരിക്കുന്നത്. പ്രത്യേക മാനേജ്മെന്റ് സംവിധാനങ്ങളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ ചില വ്യക്തികള്‍ മുന്‍കൈ എടുത്ത് തുടങ്ങിയ സ്ഥാപനങ്ങള്‍ അവരുടെ മരണത്തോടെ യതീമായ അവസ്ഥയുമുണ്ട്. കൃത്യമായ പദ്ധതികളോ ദീര്‍ഘദൃഷ്ടിയോ ഇല്ലാതെ തുടങ്ങിയ അനാഥാലയങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇതിനെ മറികടക്കാന്‍ ത്രാണിയുള്ളവ അതിജീവിച്ചേക്കാം.

 

 

 

ബഹുസ്വര ഇന്ത്യയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ജനകീയതയും

അത്യന്തം പ്രധാനമായ വിഷയമാണ് ആമുഖവാക്ക് (ഏപ്രില്‍ 27, 2018) കൈകാര്യം ചെയ്യുന്നത്. തുര്‍ക്കിയെയും മൊറോക്കോയെയും പോലുള്ള രാജ്യങ്ങളിലെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ ഒട്ടൊക്കെ ഇന്ത്യയിലും, വിശിഷ്യാ കേരളത്തില്‍ വിജയകരമായി നടന്നു വരുന്നുണ്ട്. എന്നാല്‍ ഇവിടെ അത് അത്രകണ്ട് വിജയിക്കാത്തതിന്റെ മുഖ്യ കാരണം മുസ്‌ലിം ജനസാമാന്യത്തിന്റെ വിമുഖത തന്നെയാണ്. അതിനെ മറികടന്നുള്ള മുന്നേറ്റം സാധ്യമാവുമെന്ന് കരുതാം. മുസ്‌ലിംകള്‍ മതന്യൂനപക്ഷം മാത്രമായ ഒരു നാട്ടില്‍ നടക്കാവുന്നതൊക്കെ ഇന്ത്യയിലും ഭാവിയില്‍ സംഭവിച്ചേക്കാം. കൂടാതെ, തെറ്റിദ്ധാരണ കൊണ്ടും അബദ്ധങ്ങള്‍ നിറഞ്ഞ കര്‍മശാസ്ത്ര വിശ്വാസങ്ങള്‍ കാരണമായും ഇസ്‌ലാമികപ്രസ്ഥാനത്തെ മുസ്‌ലിം സമുദായം സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്ന അവസ്ഥയും നിലവിലുണ്ട്. അതിനെ മറികടക്കാനുള്ള രാഷ്ട്രീയ ഇഛാശക്തിയോ, ഉയര്‍ന്ന രാഷ്ട്രീയ ബോധമോ ഒന്നും മുസ്‌ലിം സമുദായത്തിനില്ല എന്നതും പ്രശ്‌നമാണ്.

പല കാരണങ്ങളാല്‍ സമുദായം ഇസ്‌ലാമിക പ്രസ്ഥാനത്തെ സംശയ ദൃഷ്ടിയോടെയാണ് കാണുന്നത്. ഇത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ജനകീയതക്ക് ഒരു തടസ്സമാണ്. എന്നിരുന്നാലും മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനു ഇന്ത്യയില്‍ ശോഭനമായ ഭാവിയുണ്ടെന്ന കാഴ്ചപ്പാട് തന്നെയാണ് പലര്‍ക്കുമുള്ളത്. നിലവിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും അകലം പാലിക്കുന്ന എ.എ.പിയുടെ വളര്‍ച്ചയും രാഷ്ട്രീയേതര സംഘങ്ങളുടെ ജനകീയതയും അതാണ് വ്യക്തമാക്കുന്നത്.

സി.എച്ച് മുഹമ്മദലി, കൂട്ടിലങ്ങാടി

 

 

സത്യം സ്‌നേഹം ശാന്തി!

പട്ടേ്യരി കുഞ്ഞികൃഷ്ണന്‍ അടിയോടി എഴുതിയ കുറിപ്പ് (ലൈക് പേജ് മെയ് 11) വായിച്ചു. സത്യത്തിലൂടെ സ്‌നേഹത്തിലൂടെ ശാന്തിതീരത്തണയുകയെന്ന മഹാ സന്ദേശമായിരുന്നു അത്! സത്യം; അതില്‍ ഒന്നും പാഴ്‌മൊഴിയായില്ല! ജീവിതമെന്ന മലര്‍വാടിയില്‍ പൂത്തുലഞ്ഞ്, നിറവും മണവും പകര്‍ന്നു നല്‍കാന്‍ പോന്ന വര്‍ണമനോഹര സുമദലങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതായിരുന്നു ആ കുറിപ്പ്.

ഓരോ വാക്കിലും വാചകത്തിലും നന്മയുടെ വണ്ടുകള്‍ക്ക് നുകരാനും പരാഗണം നടത്താനും ഉതകുന്ന മധുകണങ്ങള്‍, പൂമ്പൊടികള്‍! അഭിനന്ദനങ്ങള്‍.

അലവി വീരമംഗലം

 

 

 

അനാഥാലയങ്ങളുടെ ഗതി

ടി.ഇ.എം റാഫി വടുതല അനാഥാലയങ്ങളുടെ സ്വത്വ പ്രതിസന്ധിയെ കുറിച്ച് എഴുതിയ വിവരണം (2018 മെയ് 18) ഹൃദ്യമായി. നിരവധി അനാഥാലയങ്ങള്‍ക്കു താഴിട്ട് പതിനായിരക്കണക്കിന് പിഞ്ചുമക്കളെ പൊരിവെയിലത്ത് നിര്‍ത്തുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന തിരക്കിലാണ് നീതി ആയോഗും കേന്ദ്ര സാമൂഹിക നീതി വകുപ്പും കേന്ദ്ര ശിശു സംരക്ഷണ  വകുപ്പുമൊക്കെ. മലയാളികളെ ഈ വിഷയത്തില്‍ പ്രബുദ്ധരാക്കാന്‍ നമ്മുടെ ചാനലുകള്‍ എന്തുകൊണ്ട് ശ്രമിക്കുന്നില്ല? ഒരു നേരത്തെ അന്നം തേടി വരുന്ന അനാഥ ബാല്യങ്ങളെ റെയില്‍വേ ക്രോസിലും നടുറോട്ടിലും നിറുത്തി സംശയത്തിന്റെ മുദ്ര ചാര്‍ത്തി ലൈവാക്കാനേ നമ്മുടെ ചാനലുകള്‍ പഠിച്ചിട്ടുള്ളു. ഈ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യാമെന്ന് എല്ലാവരും ഒന്നിച്ചിരുന്ന് ചിന്തിക്കേണ്ടതുണ്ട്. 

മന്‍സൂര്‍ നാലുവീട്ടില്‍, പാലക്കാട് ഓര്‍ഫനേജ്, പേഴുങ്കര

 

 

 

കാരുണ്യത്തിന്റെ വ്രതം

കാരുണ്യം ഒഴുകുന്ന നദി പോലെയാണ്. ആശ്രയിക്കുന്നവരെയല്ലാം പരിഗണിക്കുന്ന, തീരങ്ങളെയും കണ്ണിനെയും കുളിര്‍പ്പിക്കുന്ന, മനസ്സിനെ പ്രസന്നമാക്കുന്ന നദി.

കാരുണ്യമെന്ന ഉന്നത ഭാവത്തിലേക്ക് ഖുര്‍ആന്‍ വഴി പരിവര്‍ത്തിക്കപ്പെടാന്‍ മനുഷ്യനെ പരിശീലിപ്പിക്കുകയാണ് റമദാന്‍. ഹിറയുടെ ധ്യാനാത്മകതയിലേക്കും ഭൗതികവിരക്തിലേക്കും മിതമായ ഭക്ഷണ രീതിലേക്കും മനുഷ്യര്‍ മാറണം. ദുനിയാവിന്റെ വര്‍ണ്ണകാഴ്ചകളില്‍ നിന്നകന്ന് ദിവ്യപ്രകാശത്തിന്റെ ഊര്‍ജ്ജം ആവാഹിക്കാന്‍ റമദാന്‍ പ്രാപ്തമാക്കുന്നു. സ്വയം സംസ്‌കരിക്കപ്പെടാനും സമൂഹത്തെ സംസ്‌കരിക്കാനും യോഗ്യത നേടണം.

ഇവിടെ മനുഷ്യന്റെ വിഭവങ്ങള്‍ ഭയഭക്തിയും കാരുണ്യവും വിശാലതയുമാണ്. ദേഹേഛകളില്‍ നിന്നുള്ള മോചനമാണ് ലക്ഷ്യം. ഈ വിഭവങ്ങള്‍ നന്നായി ഉപയോഗപ്പെടുത്തുന്നവന് സ്വര്‍ഗത്തിലെ അതിഥിയാകാം. ഇതാണ് തഖ്‌വയുടെ നേട്ടം. കരുണവറ്റിയ ലോകത്തെ കാരുണ്യംകൊണ്ട് നിറക്കാന്‍ റമദാന്‍ പ്രചോദനമായാല്‍ വ്രതം വിജയിച്ചു.

ജാസ്മിന്‍ വാസിര്‍, എറിയാട്, കൊടുങ്ങല്ലൂര്‍

Comments

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (57-59)
എ.വൈ.ആര്‍

ഹദീസ്‌

നമസ്‌കാരത്തിലെ അപഹര്‍ത്താക്കള്‍
എം.എസ്.എ റസാഖ്‌