Prabodhanm Weekly

Pages

Search

2018 മെയ് 25

3053

1439 റമദാന്‍ 09

വെറുക്കാന്‍ സമയമില്ല

കെ.പി ഇസ്മാഈല്‍

പലപ്പോഴും അപമര്യാദയായി പെരുമാറുന്ന ഭാര്യയോട് ഭര്‍ത്താവ് ചോദിച്ചു: 'എന്താണ് വെറുക്കാന്‍ കാരണം?' അവള്‍ എല്ലാം തുറന്നു പറഞ്ഞു. ഭര്‍ത്താവ് മറുത്തൊന്നും പറഞ്ഞില്ല. ഭാര്യയുടെ നിലപാട് ശരിയെന്നോ തെറ്റെന്നോ പറഞ്ഞില്ല. ദിവസങ്ങള്‍ കഴിഞ്ഞ് ഒരു സായാഹ്നത്തില്‍ ഭര്‍ത്താവ് ചോദിച്ചു: 'നമുക്ക് എല്ലാം മറന്ന് ഒരു പുതിയ ജീവിതം ജീവിച്ചുകൂടേ?' അപ്രതീക്ഷിതമായ ആഹ്ലാദമായിരുന്നു തിരിച്ചുകിട്ടിയത്. അവള്‍ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഒരു പുതിയ ജീവിതയാത്ര തുടങ്ങുകയായിരുന്നു.

സ്‌നേഹത്തിന്റെ നിമിഷങ്ങള്‍ മാറ്റിവെച്ച്, വെറുത്തും കലഹിച്ചും ജീവിതം നശിപ്പിച്ചുകളയുന്നവരെ നമുക്കിടയില്‍ കാണാം. വെറുപ്പ് എന്ന വികാരം മനുഷ്യനെ എങ്ങനെയെല്ലാം ചീത്തയാക്കുമെന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു. ഒരു നിമിഷം പൊട്ടിമുളച്ച് അസംഖ്യം പ്രശ്‌നങ്ങള്‍ പെറ്റുകൂട്ടുന്ന ദുഷ്ടവികാരമാണ് വെറുപ്പ്. നമ്മെയും കുടുംബത്തെയും സാമൂഹിക ബന്ധങ്ങളെയും തകര്‍ക്കുന്ന ബോംബ്. ചില ഘട്ടങ്ങളില്‍ വെറുപ്പ് ആവശ്യമായി വരാമെങ്കിലും അത് ജീവിതത്തെ തകര്‍ക്കുന്ന വിഷബീജമാകാന്‍ അനുവദിച്ചുകൂടാത്തതാണ്.

വെറുപ്പ് ആദ്യമായി നശിപ്പിക്കുന്നത് അവനവനെത്തന്നെയാണ്. സമാധാനം, ശാന്തി, ചിന്താശേഷി, ബന്ധങ്ങള്‍ എല്ലാം അത് ചോര്‍ത്തിക്കളയും. സ്‌നേഹം നട്ടുവളര്‍ത്തേണ്ട സ്ഥാനത്ത് വന്നുവീഴുന്ന വിഷവിത്താണ് വെറുപ്പ്. വെറുപ്പ് കേവലം ദുഷിച്ച വികാരം മാത്രമല്ല. വളരാനനുവദിച്ചാല്‍ എല്ലാം തകര്‍ത്തുകളയുന്ന വിനാശകരമായ അവസ്ഥയാണത്.

വെറുപ്പ് വളമായി കൊണ്ടുനടക്കുന്ന പാര്‍ട്ടികളും സംഘടനകളുമുണ്ട്. ചില സമൂഹങ്ങളോടുള്ള ഏതോ കാരണത്താലുള്ള വെറുപ്പ് തലമുറകളായി കൈമാറുന്നു. തങ്ങള്‍ വെറുക്കുന്നവരെ എങ്ങനെയും ദ്രോഹിക്കാം, വഞ്ചിക്കാം, സമ്പത്ത് കവര്‍ന്നെടുക്കാം, കൊല്ലാം - വെറുപ്പിന്റെ കുപ്പിയില്‍ നിറയുന്ന ദുഷ്ടവിചാരങ്ങള്‍ക്ക് അതിരില്ല. നിഷിദ്ധമായത് ഒന്നുമില്ല. കെട്ടിപ്പടുക്കുകയല്ല, വെട്ടിനുറുക്കുകയാണ് അവരുടെ കര്‍മം. അവര്‍ രാജ്യത്തിന് വരുത്തിവെക്കുന്ന നാശം ഭയാനകമാണ്.

വെറുപ്പ് എല്ലാ മൃദുല വികാരങ്ങളെയും നശിപ്പിച്ചുകളയുന്നു. മാതാവ് കുഞ്ഞിനെ തീക്കൊള്ളികൊണ്ട് പൊള്ളിക്കുന്നു. അഛന്‍ മകനെ അടിച്ചുകൊല്ലുന്നു. ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊല്ലുന്നു. ഭാര്യ ഭര്‍ത്താവിനെ കൊല്ലുന്നു. മകള്‍ അഛനെ ആക്രമിക്കുന്നു. അഛന്‍ മകളെ ഇറക്കിവിടുന്നു. വൃദ്ധമാതാപിതാക്കളെ തെരുവില്‍ തള്ളുന്നു. കുഞ്ഞുമകനെ നിലത്തിട്ടു ചവിട്ടുന്നു. പഠിക്കാത്ത കുട്ടികളുടെ കൈകാലുകള്‍ അധ്യാപകന്‍ തല്ലിയൊടിക്കുന്നു. അനുസരിക്കാത്ത മക്കളെ തീപ്പൊള്ളിക്കുന്നു. കറി മോശമായതിന് ഭാര്യയുടെ മുഖത്തേക്ക് ഭര്‍ത്താവ് പ്ലേറ്റ് വലിച്ചെറിയുന്നു. സ്‌നേഹം, കാരുണ്യം തുടങ്ങിയ വികാരങ്ങള്‍ വറ്റുമ്പോള്‍ മനുഷ്യന്‍ കാട്ടിക്കൂട്ടുന്ന വൈകൃതങ്ങള്‍ക്ക് അതിരില്ല. മനസ്സില്‍ വെറുപ്പിന്റെ വിഷംനിറഞ്ഞ് ജീവിത ദൗത്യം മറന്നുപോയവര്‍ ഏറെ.

ഗാന്ധിജിയെ തീവണ്ടിയില്‍നിന്ന് പുറത്തേക്കെറിഞ്ഞ വര്‍ണവെറിക്ക് ഇന്നും മാറ്റമില്ല. അറിവ് ശക്തിയാണ് എന്ന് അഭിമാനിക്കുന്നവര്‍ക്ക് തൊലിനിറത്തിന്റെ പാതാളത്തില്‍നിന്ന് പുറത്തുവരാന്‍ കഴിയുന്നില്ല. അറിവുകൊണ്ട് തലച്ചോര്‍ വളര്‍ന്നെങ്കിലും ഹൃദയത്തിന്റെ കറുപ്പ് മായുന്നില്ല. 2017 ആഗസ്റ്റില്‍ അമേരിക്കയിലെ വിര്‍ജീനിയയില്‍ നടന്ന വെള്ളക്കാരുടെ റാലിക്കിടയില്‍ കറുത്ത വര്‍ഗക്കാര്‍ ആക്രമിക്കപ്പെട്ടു. എലികളെ കൊല്ലാന്‍ സ്വന്തം വീടിന് തീവെക്കുന്നവരെപ്പോലെയാണ് വെറുപ്പുമായി നടക്കുന്നവര്‍ എന്ന് ഹാരി എമേഴ്‌സന്‍ ഫോസ്ഡിക് (Harry Emerson Fosdick).

വെറുപ്പ് തീയാണെങ്കില്‍ സ്‌നേഹം വസന്തമാണ്. വെറുപ്പിനെ അലിയിച്ചുകളയാന്‍ ഒരു ഔഷധമേയുള്ളൂ- സ്‌നേഹം. കോപവും വെറുപ്പുമായി നബിയുടെ മുന്നില്‍ വന്നവരെ സൗമ്യമായ പെരുമാറ്റം കൊണ്ടും യുക്തിപൂര്‍വമായ ഉപദേശം കൊണ്ടും സംസ്‌കരിച്ചെടുക്കുകയായിരുന്നു. ശത്രുക്കളുടെ വലയത്തില്‍ ജീവിച്ച നബി സ്‌നേഹംകൊണ്ട് അവരെ ഉത്തമമനുഷ്യരാക്കി മാറ്റി.

ജീവിത ഗോപുരത്തില്‍ വെറുപ്പിനും മറ്റു രോഗബീജങ്ങള്‍ക്കും സ്ഥാനമില്ല. നിര്‍മലമായ ജീവിതം സ്‌നേഹത്തിന്റെ അരുവിയില്‍ പ്രശ്‌നങ്ങളില്ലാതെ ഒഴുകിക്കൊള്ളും. ജീവിതത്തെക്കുറിച്ച് ശരിയായി ചിന്തിക്കുന്നവര്‍ക്ക്, ജീവിതലക്ഷ്യം കണ്ടെത്തിയവര്‍ക്ക് വെറുപ്പിനെക്കുറിച്ച് ചിന്തിക്കാന്‍ സമയമില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (54-56)
എ.വൈ.ആര്‍