Prabodhanm Weekly

Pages

Search

2018 മെയ് 25

3053

1439 റമദാന്‍ 09

കെ.ഇ.എന്നിന്റെ സലാമും കാരശ്ശേരിയുടെ ജയ് ശ്രീറാമും

കെ.പി ഹാരിസ്

ഫാഷിസത്തിന്റെ നട്ടുച്ച നേരത്ത് അടിച്ചമര്‍ത്തപ്പെട്ടവരുടെ അഭിവാദന രീതികള്‍ക്ക് പ്രതി അഭിവാദ്യം നല്‍കുന്നത് പോലും ഫാഷിസത്തിനെതിരെയുള്ള സാംസ്‌കാരിക പ്രതിരോധമായി തീരും എന്ന  അഭിപ്രായമാണ് ഇടതുപക്ഷ സഹയാത്രികനായ കെ.ഇ.എന്‍ പങ്കുവെക്കുന്നത്. ഇസ്‌ലാമിക സമൂഹത്തിലെ അഭിവാദന രീതിയായ സലാമിന്  പ്രതി അഭിവാദ്യം ചെയ്യാന്‍ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ തീരുമാനമെടുത്ത കെ.ഇ.എന്‍ കുഞ്ഞഹമ്മദ് എന്ന ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകന്റെ പ്രസ്താവന കേരളീയ സമൂഹത്തില്‍ വലിയ സംവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു. നിരീശ്വരവാദിയായ കെ.ഇ.എന്‍ മാര്‍ക്‌സിസ്റ്റ് ഭൗതികവാദ പരിപ്രേക്ഷ്യത്തില്‍, ഫാഷിസത്തിനെതിരെയുള്ള പ്രതിരോധ നിര തീര്‍ക്കുന്നതിന് ഇന്ത്യയിലെ ന്യൂനപക്ഷത്തിന്റെ അഭിവാദന രീതിയെ ഉള്‍ക്കൊള്ളണമെന്ന അഭിപ്രായമാണ് മുന്നോട്ടു വെക്കുന്നത്.

ഫാഷിസം സമസ്ത മേഖലകളിലും പിടിമുറുക്കി മനുഷ്യജീവിതത്തെ ദുരിതത്തിലേക്കും ഭയത്തിലേക്കും തള്ളിവിട്ട് മുന്നോട്ട് കുതിക്കുമ്പോള്‍ ഏതര്‍ഥത്തിലുള്ള ചെറിയ പ്രതിരോധവും മനുഷ്യസമൂഹത്തിന്റെ നിലനില്‍പിന് അനിവാര്യമായിത്തീരുന്ന ഒരു ചരിത്ര സന്ധിയിലാണ് നാം നില്‍ക്കുന്നത്. ഇന്ത്യയിലെ വ്യത്യസ്ത സ്വത്വ ന്യൂനപക്ഷങ്ങള്‍ക്കു മേല്‍ അതിക്രമം അഴിച്ചുവിട്ട് ഫാഷിസം അതിന്റെ രഥചക്രം ഉരുട്ടുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഠ്‌വയിലെ എട്ടു വയസ്സുകാരി പെണ്‍കുട്ടിയുടെ നേര്‍ക്ക് നടന്ന ബലാത്സംഗം. ന്യൂനപക്ഷമായ ഗുച്ചറുകള്‍ എന്ന ബക്കര്‍വാള്‍ നാടോടി വിഭാഗത്തെ ആ മേഖലയില്‍നിന്ന് തുരത്തി ഓടിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി പൂജാരി ഉള്‍പ്പെടെയുള്ളവര്‍ ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു കഠ്‌വ ബലാത്സംഗം. ഫാഷിസ്റ്റുകള്‍ക്ക് ലിംഗം ആയുധവും ആയുധം ലിംഗതുല്യവുമാണ്  എന്നുള്ള നിരീക്ഷണം ഉംബര്‍ട്ടോ ഇകോ തന്റെ അഞ്ച് നൈതിക പ്രബന്ധങ്ങള്‍ (എശ്‌ല ങീൃമഹ ജശലരല)െ എന്ന ചെറുപുസ്തകത്തില്‍ നടത്തുന്നതായി കവി സച്ചിദാനന്ദന്‍ ഓര്‍മിപ്പിച്ചത് കഠ്‌വയിലും യാഥാര്‍ഥ്യമായി എന്നാണ് നാം മനസ്സിലാക്കേണ്ടത്. ഇത്തരമൊരു ചരിത്ര പശ്ചാത്തലത്തില്‍ ഒരു അഭിവാദന രീതി പോലും ഫാഷിസത്തിനെതിരെയുള്ള പ്രതിരോധത്തിന് കരുത്ത് പകരും. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം, പങ്കിടല്‍ എന്നിവയിലൂടെയാണ് സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും നിലനില്‍പ്. അതുകൊണ്ടുതന്നെ സലാം എന്ന അഭിവാദനത്തിന് തിരിച്ച്  അഭിവാദ്യം ചെയ്യുമെന്നും നാളിതുവരെ തുടര്‍ന്ന് വന്ന രീതിയില്‍ മാറ്റം വരുത്തി ജനാധിപത്യത്തിന്റെ വിസ്തൃതിയിലേക്ക് കൂടുതല്‍ വികസിക്കാന്‍ അടിച്ചമര്‍ത്തപ്പെട്ടവരോടൊപ്പം നില്‍ക്കുകയാണ് എന്നുമുള്ള അദ്ദേഹത്തിന്റെ നിലപാട് ശ്രദ്ധേയമാണ്. ഇത്തരം ഇടപെടലുകളെ സ്വാംശീകരിക്കാന്‍ മതേതര സമൂഹത്തിന് കഴിയുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായി എം.എന്‍ കാരശ്ശേരിയിലൂടെ പുറത്തുവന്നത് അത്യന്തം അബദ്ധ ജഡിലമായതും അപകടം നിറഞ്ഞതുമായ ഒരു മറു ചോദ്യമായിപ്പോയി എന്നതും ചൂണ്ടിക്കാണിക്കാതിരിക്കാന്‍ വയ്യ. സവര്‍ണ മതേതര ബോധം പേറുന്ന കാരശ്ശേരി മാഷിന്റെ പ്രസ്താവന ഇന്ത്യയിലെ സമകാലിക യാഥാര്‍ഥ്യങ്ങളുടെ ബാലപാഠം അറിയാത്ത എല്‍.കെ.ജി വിദ്യാര്‍ഥിയുടെ നിലവാരത്തിലേക്ക് താഴ്ന്നുപോയി. അദ്ദേഹം ചോദിക്കുന്നത് സലാമിന് പകരം സലാം, നമസ്‌തേക്ക് പകരം നമസ്‌തേ അങ്ങനെയെങ്കില്‍ 'ജയ് ശ്രീറാമിന് പകരം ജയ് ശ്രീ റാം' എന്ന് പറയുമോ എന്നാണ്.

ഇതിന് വളരെ ലളിതമായ രീതിയില്‍ കെ.ഇ.എന്‍ മറുപടി പറഞ്ഞത് കാരശ്ശേരി മാഷ് കേട്ടുവോ എന്നറിയില്ല. ജയ് ശ്രീറാം എന്ന് പറഞ്ഞാല്‍ തിരിച്ച് ജയ് ശ്രീറാം എന്ന് പറയുന്നതിന് കെ.ഇ.എന്നിന് ഒരു പ്രയാസവുമല്ല. കാരണം അദ്ദേഹം ഒരു മതത്തിന്റെയും ഭാരം പേറുന്നില്ല എന്ന് മാത്രമല്ല എല്ലാ അഭിവാദനങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്യുന്നു. പക്ഷേ ഇവിടെ ഇപ്പോള്‍ പറയുന്ന ജയ് ശ്രീറാം ഫാഷിസത്തിന്റെ അപസ്മാര അലര്‍ച്ചയായതിനാല്‍ അതിന് പ്രതി അഭിവാദ്യം ചെയ്യില്ല എന്ന് മാത്രമല്ല അടിച്ചമര്‍ത്തപ്പെട്ടവരുടെ അഭിവാദനത്തിന് പ്രതി അഭിവാദ്യം ചെയ്യും എന്ന് അദ്ദേഹം പ്രസ്താവിക്കുന്നു.  ഇത് ഒരു പ്രഖ്യാപനമാണ്. സാംസ്‌കാരിക ലോകത്തു നിന്ന് ഉയര്‍ന്നുവരേണ്ട അത്യുജ്ജ്വല പ്രഖ്യാപനം. അദ്ദേഹം ചോദിക്കുന്നത് കാരശ്ശേരി ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത് എന്നാണ്. അഥവാ ഹിന്ദുത്വ ഭീകരത ഒരു ജനതയെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ജയ് ശ്രീറാം എന്നലറുമ്പോള്‍ അതിന് അഭിവാദ്യം ചെയ്യണം എന്ന് പറയുന്നതിലെ അല്‍പത്തരവും വൈരുധ്യവും കാരശ്ശേരിക്ക് മനസ്സിലാവാഞ്ഞിട്ടല്ല. മറിച്ച് നാളിതുവരെയായി അദ്ദേഹം കൊണ്ടുനടക്കുന്ന സവര്‍ണ ബോധത്തില്‍നിന്ന് ഉയര്‍ന്ന് വരുന്ന ചോദ്യങ്ങളാണ് ഇതെല്ലാം. ഇതുപോലുള്ള പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്താറുള്ളതുകൊണ്ട് ഇതില്‍ അത്ഭുതപ്പെടാനില്ല. പക്ഷേ ഇവിടെ ഹിന്ദുത്വ ഭീകരതയുടെ അപസ്മാര അലര്‍ച്ചയുടെ നാളുകളില്‍ വേട്ടക്കാരോടൊപ്പം ഓരിയിടണമെന്ന് പറയുന്നതിലെ യുക്തിയാണ് നമുക്ക് മനസ്സിലാവാത്തത്.

വരേണ്യമായ ഒരു സവര്‍ണ സങ്കല്‍പത്തിലൂടെ ഇന്ത്യയിലെ വലിയൊരു ജനവിഭാഗത്തെ അപരവല്‍ക്കരിച്ചുകൊണ്ടാണ് ഹിന്ദുത്വ ഭീകരത മുന്നോട്ടു പോവുന്നത്. ആദിവാസികളും ദലിതരും ന്യൂനപക്ഷ സമുദായങ്ങളും അനുഭവിക്കുന്ന സാംസ്‌കാരിക അടിച്ചമര്‍ത്തല്‍ എത്ര ഭീകരമാണ് എന്ന് എല്ലാവര്‍ക്കുമറിയാം. അവിടെ നിന്നുകൊണ്ട് അടഞ്ഞ ഒരു ദേശസങ്കല്‍പത്തിനു വേണ്ടി മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന സവര്‍ണ ഹൈന്ദവതക്ക് ജയ് ശ്രീറാം വിളിക്കണമെന്ന് പറയുന്നതിലെ ചരിത്ര ബോധമില്ലായ്മ കാരശ്ശേരിയെ പോലുള്ള ഒരു മതേതരവാദിയില്‍നിന്ന് വന്നു എന്നുള്ളത് ഫാഷിസ്റ്റുകളുടെ വലയില്‍ പലരും വീഴാന്‍ കാത്തിരിക്കുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ്. മഹാത്മാ ഗാന്ധിയുടെ ജയ് ശ്രീറാം അല്ല ഇപ്പോള്‍ മുഴങ്ങുന്നത്; ഗാന്ധിയെ കൊന്ന ഗോഡ്‌സെയുടെ അലര്‍ച്ചയാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ വിളിക്കുന്ന ജയ് ശ്രീറാമിന് പ്രതി അഭിവാദ്യമില്ല എന്ന കെ.ഇ.എന്നിന്റെ പ്രഖ്യാപനം നിറഞ്ഞ കൈയടികളോടെയാണ് കേരളീയ സാംസ്‌കാരിക ലോകം സ്വീകരിക്കേണ്ടത്.

ഇന്ത്യയിലെ ആദിവാസികളും ദലിതുകളും ന്യൂനപക്ഷങ്ങളും ഗോഡ്‌സെയുടെ ജയ് ശ്രീറാം ആര്‍ത്തട്ടഹാസത്തിനു മുമ്പില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ അടിച്ചമര്‍ത്തപ്പെട്ട ഈ ജനവിഭാഗങ്ങള്‍ക്ക് പിന്തുണയും സാംസ്‌കാരിക പ്രതിരോധവും നല്‍കുന്നതിനു പകരം ഇത്തരം യാഥാര്‍ഥ്യബോധമില്ലാത്ത ചോദ്യങ്ങള്‍ കൊണ്ട് സാംസ്‌കാരിക രംഗം മലീമസമാക്കരുതെന്നേ കാരശ്ശേരിയോട് പറയാനുള്ളൂ. ഇത്തരത്തിലുള്ള ജയ് ശ്രീറാം അപസ്മാര അലര്‍ച്ചകളെ (കെ.ഇ.എന്നിനോട് കടപ്പാട്) സിവില്‍ സമൂഹം ഏറ്റെടുത്തപ്പോഴാണല്ലോ ഫാഷിസ്റ്റ് ഭരണകൂടം ഇന്ത്യയില്‍ സാധ്യമായത്. ഇവിടെ ഫാഷിസത്തിനെതിരെയുള്ള പ്രതിരോധങ്ങള്‍ ചുരുങ്ങിപ്പോവുന്നു. ഭരണകൂടം കൂടുതല്‍ ഭീകരമായി അട്ടഹസിക്കുമ്പോള്‍ അത് പിന്നെയും ചുരുങ്ങി നേര്‍ത്തില്ലാതാവും. ബഹുസ്വരമായ ഒരു ദേശസങ്കല്‍പത്തിനു വേിയാണ് നാം പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഏകസ്വര സങ്കല്‍പത്തിനെതിരെ പ്രതിരോധനിര തീര്‍ക്കേണ്ട ചരിത്ര സന്ദര്‍ഭമാണിത്. കാരശ്ശേരിയും കെ.ഇ.എന്നും മതേതരത്വത്തിനു വേണ്ടി അത്യുച്ചത്തില്‍ ശബ്ദം ഉയര്‍ത്തുന്നവരാണ് എന്ന കാര്യത്തില്‍ എതിരഭിപ്രായമില്ല. ഒരാള്‍ സവര്‍ണതയെ ബോധപൂര്‍വമോ അബോധപൂര്‍വമോ പിന്തുടരുന്നു, മറ്റെയാള്‍ സവര്‍ണതക്കെതിരെ ചോദ്യങ്ങളുയര്‍ത്തി അടിച്ചമര്‍ത്തപ്പെട്ട കീഴാള ജനവിഭാഗത്തിന്റെ സ്വാതന്ത്ര്യം സ്വപ്‌നം കാണുന്നു എന്ന വ്യത്യാസം മാത്രമേ ഉള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (54-56)
എ.വൈ.ആര്‍