Prabodhanm Weekly

Pages

Search

2012 ജനുവരി 21

കലയുടെ 'മൂന്നാം താളം'

ജമാല്‍ കടന്നപ്പള്ളി

ജീര്‍ണാസ്വാദന ബോധത്തില്‍ നിന്നാണ് നൃത്തമെന്ന ശരീര പ്രദര്‍ശനം 'കല'യെന്ന ലേബലില്‍ പ്രചുര പ്രചാരം നേടിയത്. ഇവിടെ കൊല ചെയ്യപ്പെടുന്നത് കലയുടെ ആത്മീയ ഭാവമാണ്. 'കലയും ആവിഷ്‌കാരവും' എന്ന കൃതിയില്‍ നിത്യചൈതന്യ യതി വിചാരപ്പെടുംപോലെ ഹിന്ദുയിസത്തിന്റെ ധാര്‍മികതയുടെ ഗംഗാ നദിയിലേക്ക് ചേര്‍ക്കപ്പെട്ട അഴുക്കു ജലമായിരുന്നു ഇത്തരം അധമ കലകള്‍.
കൂടുതല്‍ ഖേദകരം 'ഖൈറു ഉമ്മത്തി'ന്റെ കാര്യമാണ്. കലയുടെ കാര്യത്തില്‍ മുസ്‌ലിംകള്‍ തൗഹീദിന്റെ കലാ വീക്ഷണം മറന്നു. ഒപ്പം സ്വന്തം പൈതൃകവും കളഞ്ഞുകുളിച്ചു. അതിന്റെ പരിണതിയെന്നോണം ഇപ്പോള്‍ ചില ഇസ്‌ലാമിക കലാലയങ്ങളില്‍ പോലും 'അടിച്ചുപൊളി'ക്കുന്നത് ഇത്തരം ആഭാസ നൃത്തങ്ങളാണ്.
വിശുദ്ധ ഖുര്‍ആന്‍ 'കവികള്‍' എന്ന അധ്യായത്തില്‍ കലയുടെ രണ്ടു വീക്ഷണങ്ങളെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സംഗീത സാഹിത്യാദി കലാവിഷ്‌കാരങ്ങളില്‍ നാം കൃത്യമായ അതിര്‍ വരമ്പുകള്‍ തന്നെ പാലിക്കേണ്ടതുണ്ട്. ഇസ്‌ലാമും ജാഹിലിയ്യത്തും തമ്മിലുള്ള അകലം തിരിച്ചറിയണം. ഒപ്പം ജാഹിലിയ്യത്തില്‍ പെട്ടുപോകാതിരിക്കാനുള്ള ജാഗ്രതയും കാട്ടണം. നമ്മുടെ കലാ സങ്കല്‍പത്തെ തിരുത്താനും പൊളിച്ചെഴുതാനും നാം ശ്രമിക്കണം. മനം മടുത്ത വലിയൊരു വിഭാഗം കലയുടെ അന്തസ്സാര്‍ന്ന ഒരു 'മൂന്നാം താള'ത്തെ തീര്‍ച്ചയായും തേടുന്നുണ്ട്.

 


ടി.കെയുടെ ഓര്‍മക്കുറിപ്പില്‍ (68/30) ഐ.എസ്.എല്ലിനെക്കുറിച്ച പരാമര്‍ശത്തില്‍ സംഘടനയുടെ പൂര്‍ണ നാമമായി ചേര്‍ത്തത് ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ലീഗ് എന്നാണ്. ഐ.എസ്.എല്ലിന്റെ മുഴുവന്‍ പേര് 'ഐഡിയല്‍ സ്റ്റുഡന്റ്‌സ് ലീഗ്' എന്നായിരുന്നു. പ്രവര്‍ത്തനത്തിലും പേരിലും മതേതര സ്വഭാവം വേണമെന്ന ചിന്തയിലൂടെയാണ് ആ പേര് തെരഞ്ഞെടുത്തത്. സംസ്ഥാന തലത്തില്‍ ധാരാളം അമുസ്‌ലിംകള്‍ ഐ.എസ്.എല്ലുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയുണ്ടായി.
എന്‍.കെ അഹ്മദ് / എന്‍.ഐ.ടി കോഴിക്കോട്

 

ആ രാഷ്ട്രം ബഹുസ്വരത കാത്തുസൂക്ഷിക്കും
റഹ്മാന്‍ മധുരക്കുഴി
'അറബ് വസന്തം ലോക വിപ്ലവ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തിരിക്കുകയാണെന്നും ദൈവശാസ്ത്രത്തിന് വിപ്ലവത്തില്‍ ഇടമുണ്ടാക്കാന്‍ കഴിയുമെന്നുമുള്ള തിരിച്ചറിവ് ഇത് നമുക്ക് പ്രദാനം ചെയ്തിരിക്കുന്നുവെന്നു'മുള്ള പ്രശസ്ത സാഹിത്യകാരന്‍ സുരേന്ദ്രന്റെ കാഴ്ചപ്പാട് (പ്രബോധനം, ഡിസംബര്‍ 31) ശ്രദ്ധേയമാണ്. മുഹമ്മദ് നബിക്ക് മൂലമ്പിള്ളിയിലും ചെങ്ങറയിലും ഇടമുണ്ടെന്നും നബി അവിടെയുള്ള അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി സംസാരിക്കേണ്ടതുണ്ടെന്നതും തര്‍ക്കമില്ലാത്ത കാര്യമാണെന്ന് അദ്ദേഹത്തിന് ഉറപ്പിച്ചു പറയാന്‍ സാധിക്കുന്നത്, അടിച്ചമര്‍ത്തപ്പെടുന്ന അധഃസ്ഥിത സമൂഹത്തിന്റെ വിമോചന മന്ത്രമായി വിശുദ്ധ ഖുര്‍ആന്‍ എക്കാലവും എഴുന്നേറ്റുനില്‍ക്കുന്നുവെന്ന യാഥാര്‍ഥ്യത്തെ തിരിച്ചറിഞ്ഞതുകൊണ്ടാണ്. ലോക വിപ്ലവ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത പുതിയ അധ്യായമെന്ന് അറബ് വസന്തത്തെ വിശേഷിപ്പിക്കുന്ന സുരേന്ദ്രന്‍ പക്ഷേ, വിപ്ലവാനന്തര ഭരണകൂടങ്ങള്‍ ബഹുസ്വരതയെ കാത്തുസൂക്ഷിക്കുമോ? എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇടമുള്ള രാഷ്ട്രമായിരിക്കുമോ? രാഷ്ട്രംഎത്രമാത്രംബഹുസ്വരമായിരിക്കും?എന്ന് ചോദിക്കുന്നുണ്ട്.
ലോകത്തെ ആദ്യ ഇസ്‌ലാമിക രാഷ്ട്രം പ്രവാചകന്റെ ജീവിതകാലത്ത് മദീനയില്‍ രൂപം കൊണ്ടതായിരുന്നുവല്ലോ. മദീനയിലെ ജൂതമതക്കാരുള്‍പ്പെടെ ഇസ്‌ലാമേതര സമൂഹങ്ങളുടെ പൂര്‍ണ സഹകരണത്തോടെയും കൂട്ടായ്മയിലുമാണ് പ്രവാചകന്‍ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിച്ചത്. മദീനാ രാഷ്ട്രത്തെ ഒരു മാതൃകാ രാജ്യമാക്കി മാറ്റുന്നതിന് വേണ്ടി പ്രവാചകന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്നും ഏറെ പ്രസക്തമാണെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന 'പ്രവാചക സന്ദേശത്തിന്റെ മൗലിക പ്രസക്തി' എന്ന വിഷയത്തെക്കുറിച്ച് സെമിനാറില്‍ മുന്‍ കേരള ജലവകുപ്പ് മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ നിരീക്ഷിക്കുകയുണ്ടായി. അന്താരാഷ്ട്ര ഖുര്‍ആന്‍ സെമിനാറിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന മറ്റൊരു സംഗമം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞതിങ്ങനെ: ''സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ കരാറായിരുന്നു മദീനയിലെ ഇസ്‌ലാമിക രാഷ്ട്രം. മതത്തിനും സമുദായത്തിനും അതീതമായ വിശ്വമാനവിക കാഴ്ചപ്പാട് പുലര്‍ത്തുന്ന ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത് മതനിരപേക്ഷ നിലപാടാണ്'' (മാധ്യമം 29-4-2010).
''പ്രവാചകന്റെ അനുയായികളുടെ ഭരണത്തിന്‍ കീഴില്‍ അവിശ്വാസികള്‍ക്കും വ്യത്യസ്ത ആചാര രീതികള്‍ പിന്തുടര്‍ന്നുപോന്നവര്‍ക്കും അന്യ മതക്കാര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചിരുന്നു'' (എം.എന്‍ റോയ്, ഹിസ്റ്റോറിക്കല്‍ റോള്‍ ഓഫ് ഇസ്‌ലാം, പേജ് 40).

 

ചികിത്സകര്‍
മാത്രമല്ല പ്രതികള്‍
ഡോ. എം ഹനീഫ് കോട്ടയം

ഡോ. കെ. അഹ്മദ് അന്‍വര്‍ എഴുതിയ 'കാണം വില്‍ക്കണം, ചികിത്സക്ക്' (ലക്കം 29) വായിച്ചു. പഴം, പാല്‍, പഞ്ചസാര, മുട്ട മുതലായ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിനാനുപാതികമായി, സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധം മരുന്നുകളുടെ വില വര്‍ധിച്ചിട്ടുണ്ട്. അതിനേക്കാള്‍ പ്രധാനം അനാവശ്യമായി പലതരം മരുന്നുകള്‍ അകത്താക്കേണ്ടിവരുന്ന അവസ്ഥയാണ്. ചെലവിനോടൊപ്പം പാര്‍ശ്വഫലങ്ങളും വര്‍ധിക്കുന്നു. അനാവശ്യമായ പരിശോധനകളും ചെലവ് കൂട്ടുന്നു.
ഈ ദുര്‍ഗതിക്കു കാരണം ഒരു പരിധിവരെ ഡോക്ടര്‍മാരാണ് എന്നതില്‍ തര്‍ക്കമില്ല. എല്ലാ ഡോക്ടര്‍മാരും ഇത്തരക്കാരാണെന്നു ധരിക്കുന്നതും തെറ്റാണ്. രോഗികള്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കാണുകയും അവിടത്തെ ചികിത്സകന്റെ നിര്‍ദേശ പ്രകാരം മാത്രം മറ്റുള്ള വിദഗ്ധരെ കാണുകയും ചെയ്താല്‍ ചികിത്സാ ചെലവ് വളരെയേറെ കുറക്കാന്‍ സാധിക്കും.
നിര്‍ധനരോഗികള്‍ക്കു പോലും സര്‍ക്കാര്‍ ആശുപത്രിയോട് അവജ്ഞയാണ്. നേരെ (പേരുകേട്ട) പ്രൈവറ്റ് ആശുപത്രികളെ സമീപിക്കും. സ്വയം നിശ്ചയിച്ച വിദഗ്ധരെ കാണും. പലപ്പോഴും തെറ്റായ വിദഗ്ധന്റെ മുമ്പില്‍ ചെന്നു പെടും. രോഗി സ്വന്തമായി വിദഗ്ധരെ തേടിപ്പോവാതെ, അടുത്തുള്ള ഒരു ഡോക്ടറെ കാണുകയാണെങ്കില്‍ പല ബുദ്ധിമുട്ടുകളും ഒഴിവാക്കാം.
എന്താണ് ഇതിനൊരു പ്രതിവിധി? ഇതൊരു ദൂഷിത വലയമാണ്. ഇതില്‍ ചികിത്സകര്‍, രോഗികള്‍, മരുന്നു കമ്പനികള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ വ്യവസായികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മാധ്യമങ്ങള്‍ മറ്റുംമറ്റും ഉള്‍പ്പെട്ടിരിക്കുന്നു. ഇതില്‍ നിന്ന് മോചനം നേടണമെന്നതില്‍ രണ്ട് പക്ഷമില്ല. ആരോഗ്യകരമായ, ലക്ഷ്യബോധത്തോടെയുള്ള ഒരു ചര്‍ച്ച അത്യന്താപേക്ഷിതമാണ്.

 

ടി.കെ അബ്ദുല്ലയുടെ 'നടന്നുതീരാത്ത വഴികളില്‍' 'സിമിയും ജമാഅത്തും വികാരവും വിവേകവും ഏറ്റുമുട്ടിയ ഒരധ്യായത്തിന്റെ അന്ത്യം' എന്ന ലേഖനത്തില്‍ (2012 ജനുവരി 7) കുറ്റിയാടി കോളേജ് ഇടക്കാലത്ത് പൂട്ടിയതിനു പിന്നില്‍ സിമിയായിരുന്നുവെന്ന പരാമര്‍ശം തെറ്റാണ്.
കുറ്റിയാടി ഇസ്‌ലാമിയാ കോളേജില്‍ 1982 മുതല്‍ 1989 വരെ പഠിച്ച വിദ്യാര്‍ഥിയാണ് ഞാന്‍. ഈ കാലയളവിലാണ് എസ്.ഐ.ഒ രൂപവത്കരണം നടക്കുന്നത്; ലേഖനത്തില്‍ പറഞ്ഞ പോലെ 1970-'80 കാലയളവിലല്ല.
കുറ്റിയാടി കോളേജില്‍ എസ്.ഐ.ഒ രൂപവത്കരണവുമായി ബന്ധപ്പെട്ട് സിമിക്കാര്‍ സമരം നടത്തുകയോ 1989 വരെ ഒരു ദിവസം പോലും സിമിയുടെ കാരണത്താല്‍ സ്ഥാപനം അടച്ചിടുകയോ ചെയ്തിട്ടില്ല! എന്നാല്‍ മറ്റു ചില കാരണങ്ങളാല്‍ സ്ഥാപനം മാസങ്ങളോളം അടച്ചിട്ടിട്ടുണ്ട്. പക്ഷേ, അത് സിമി വിദ്യാര്‍ഥി സമരം കൊണ്ടായിരുന്നില്ല.
എം.എം അബ്ദുല്ല അലി ദമ്മാം
mmabdullaali@gmail.com

 

വെറുതെ ഒരു പണ്ഡിതന്‍
കെ.പി ഇസ്മാഈല്‍ കണ്ണൂര്‍
പള്ളിമിനാരങ്ങള്‍ നക്ഷത്രങ്ങളുമായി സല്ലപിക്കുമ്പോഴും അവയില്‍ നിന്ന് നമസ്‌കരിച്ചിറങ്ങുന്നവര്‍ അജ്ഞതയുടെ പാതാളത്തിലാണ്. ചെറുപ്പം മുതലേ മദ്‌റസകളില്‍ മതപഠനം നടക്കുന്നുവെങ്കിലും സ്വഭാവ സംസ്‌കരണവും ആദര്‍ശവത്കരണവും നടക്കുന്നില്ല. വാര്‍ത്താ മാധ്യമങ്ങളില്‍ വരുന്ന കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ സമുദായം മുന്‍ നിരയില്‍ തന്നെ. ധാര്‍മികമായ ഔന്നത്യവും ചിന്താപരമായ പക്വതയും വളര്‍ത്താന്‍ മനഃപാഠം ഉതകുന്നില്ല.
 സമുദായാംഗങ്ങളെ തമ്മില്‍ തല്ലിക്കാനും പരസ്പരം കാഫിറാക്കാനുമാണ് പണ്ഡിതപ്പട്ടക്കാര്‍ക്ക് താല്‍പര്യം. അറബിക്കോളേജുകള്‍ വാദപ്രതിവാദ വിദഗ്ധരുടെ ഉല്‍പാദന കേന്ദ്രങ്ങളായി. സമുദായത്തെ സംസ്‌കരിക്കാനല്ല അവരെ അന്ധവിശ്വാസങ്ങളില്‍ മുക്കിയെടുക്കാനാണ് ആലിമുല്‍ അല്ലാമമാര്‍ തെക്കു വടക്ക് പായുന്നത്. പണ്ഡിതന്മാര്‍ക്ക് ക്ഷാമമില്ല. പക്ഷേ, അറിവിന്റെ വെളിച്ചമല്ല, അന്ധവിശ്വാസത്തിന്റെ പുകപടലങ്ങളാണ് അവര്‍ പ്രസരിപ്പിക്കുന്നത്. പണ്ഡിതന്മാര്‍ക്ക് അറിവുണ്ടെങ്കിലും അലിവില്ല. സമുദായം കടുത്ത ആശയക്കുഴപ്പത്തിലാണ്. തമ്മില്‍ തല്ലിക്കാന്‍ കുറേ തലപ്പാവുകളും.
ചിന്തയില്‍ തെളിച്ചവും പെരുമാറ്റത്തില്‍ നൈര്‍മല്യവും ഇടപെടലുകളില്‍ സഹിഷ്ണുതയുമുള്ള ഒരു സമുദായത്തെ വാര്‍ത്തെടുക്കാനും വളര്‍ത്തിയെടുക്കാനും സമുദായ നേതൃത്വത്തിനു കഴിയണം. വെറുതെ ഒരു പണ്ഡിതനെക്കൊണ്ട് കാര്യമില്ല. അയാള്‍ സമുദായത്തിന് നേട്ടമല്ല, ഭാരമാണ്.

ഉമ്മ, അമ്മ, മാതാവ്
പി. ഉണ്ണി പടിക്കല്‍
ഒരിക്കല്‍ മുഹമ്മദ് നബിയോട് ഒരനുചരന്‍ ചോദിച്ചു: 'ഞാന്‍ ഏറ്റവുമധികം ബഹുമാനിക്കേണ്ടത് ആരെയാണ്?' 'നിന്റെ മാതാവിനെ' നബി മറുപടി പറഞ്ഞു. 'പിന്നെയാരെയാണ്'. ്‌നിന്റെ മാതാവിനെ തന്നെ. പിന്നെയാരെ?' ഈ ചോദ്യത്തിന് മൂന്ന് പ്രാവശ്യം നബി നല്‍കിയ മറുപടി 'നിന്റെ മാതാവിനെ' എന്നായിരുന്നു.
കുടുംബം എന്ന പക്തിയില്‍ ഡോ. അംറ് ഖാലിദിന്റെ 'ഉമ്മ പകരം വെക്കാനാകാത്ത വാക്ക്' എന്ന ലേഖനം വായിച്ചപ്പോള്‍ ഈ നബിവചനമാണ് ഓര്‍മയില്‍ വന്നത്. ലേഖനം ഹൃദ്യമായി തോന്നി. വിവര്‍ത്തകനായ നഹാസ് മാളയുടെ സ്വത്വബോധത്തില്‍ നിന്നായിരിക്കാം ലേഖനത്തിന്റെ തലക്കെട്ടിന് ഉമ്മ എന്ന പദം ചേര്‍ത്തത്. ഉമ്മ, അമ്മ, മാതാവ് എല്ലാം ഒന്നുതന്നെയാണെങ്കിലും പ്രബോധനം പോലുള്ള ഒരു പ്രസിദ്ധീകരണത്തിന് ആ പദം മാതാവ് എന്നാക്കാമായിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം