Prabodhanm Weekly

Pages

Search

2018 മെയ് 25

3053

1439 റമദാന്‍ 09

മാര്‍ക്‌സ് മാര്‍ഗം തെളിയിക്കുമോ?

മുജീബ്

''ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പോലും മാര്‍ക്‌സും മാര്‍ക്‌സിസ്റ്റ് ഗ്രന്ഥങ്ങളും ലോകമാകെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുകയാണ്. ലോകത്ത് മറ്റൊരു തത്ത്വചിന്താഗതിക്കും മാര്‍ക്‌സിസത്തെ പോലെ ഇത്രയേറെ മനുഷ്യവംശത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ല'' (വി.എസ് അച്യുതാനന്ദന്‍, ദേശാഭിമാനി 2018 മെയ് 8).

''തൊഴിലില്ലായ്മയും കൂലിക്കുറവും കടഭാരവും ദാരിദ്ര്യവും അസമത്വവും വംശീയ വിവേചനങ്ങളും മനുഷ്യസമൂഹത്തെ തളര്‍ത്തിയപ്പോള്‍ അതിന് കാരണം കണ്ടെത്താനും പരിഹാരമാര്‍ഗം തേടാനും മുതലാളിത്തത്തിന്റെ ഏറ്റവും രൂക്ഷ വിമര്‍ശകനായ മാര്‍ക്‌സിലേക്ക് ലോകം തിരിഞ്ഞു. മുതലാളിത്തത്തിന്റെ ജിഹ്വയായ ന്യൂയോര്‍ക്ക് ടൈംസ് പോലും. 'ജന്മദിനാശംസകള്‍, കാള്‍മാര്‍ക്‌സ്, നിങ്ങളാണ് ശരി' എന്ന ലേഖനം പ്രസിദ്ധീകരിച്ചു, ഗ്രീസിലെ മുന്‍ ധനമന്ത്രിയായ യാനിസ് വറൗഫാക്കിസ് വര്‍ത്തമാന പ്രതിസന്ധി മുറിച്ചുകടക്കാനുള്ള മാര്‍ഗം തെളിയിക്കുന്നത് മാര്‍ക്‌സാണെന്ന് വിളിച്ചു പറഞ്ഞു'' (ദേശാഭിമാനി മുഖപ്രസംഗം, 2018 മെയ് 7). ഈ അവകാശവാദങ്ങളെക്കുറിച്ച് മുജീബിന്റെ പ്രതികരണം?

റുശ്ദ ചേന്ദമംഗല്ലൂര്‍

 

കാള്‍ മാര്‍ക്‌സിന്റെ ഇരുനൂറാം ജന്മദിനാഘോഷം ലോകത്തിന്റെ ചില ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കെ ലോകഗതി മാറ്റിത്തിരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആ തത്ത്വചിന്തകനെ വാഴ്ത്തിക്കൊണ്ടുള്ള അനുസ്മരണങ്ങള്‍ സ്വാഭാവികമാണ്, വിശിഷ്യാ, മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന്. 'സര്‍വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല; നിങ്ങളുടെ കാലുകളെ ബന്ധിച്ച ചങ്ങലകളല്ലാതെ' എന്ന് ആഹ്വാനം ചെയ്യുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തു വന്നതില്‍പിന്നെ സാര്‍വലൗകികമായി തൊഴില്‍ ബന്ധങ്ങളില്‍ തീര്‍ച്ചയായും വിപ്ലവകരമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് ചിന്തയുടെയും സിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തില്‍ 1917-ല്‍ റഷ്യയിലും 1949-ല്‍ ചൈനയിലും നടന്ന വിപ്ലവങ്ങള്‍ ലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ആവേശവും പ്രചോദനവും പകര്‍ന്നുനല്‍കി എന്ന സത്യം നിഷേധിക്കാനാവില്ല. മുതലാളിത്ത രാജ്യങ്ങളില്‍ ട്രേഡ് യൂനിയനുകളും അവകാശ സമരങ്ങളും തൊഴിലാളികള്‍ക്ക് അനുകൂലമായ തൊഴില്‍ നിയമങ്ങളും നിലവില്‍വരാന്‍ വഴിയൊരുക്കിയത് മാര്‍ക്‌സിസത്തിന്റെ സ്വാധീനമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളാവുമ്പോഴേക്ക് ലോകത്തിന്റെ മൂന്നിലൊന്ന് സോഷ്യലിസ്റ്റ് ചേരിയിലേക്ക് പരിവര്‍ത്തിക്കപ്പെടുകയുണ്ടായി. സര്‍വോപരി മുതലാളിത്ത സാമ്രാജ്യത്വത്തിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ സോവിയറ്റ് യൂനിയന്റെയും ചൈനയുടെയും നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് ചേരിക്കായി. അതുകൊണ്ടുതന്നെ മൂന്നാം ലോക യുദ്ധത്തിനുള്ള സാധ്യതകള്‍ക്കും മങ്ങലേറ്റു. ഇന്ത്യ, ഈജിപ്ത്, ഇന്തോനേഷ്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ വലതുപക്ഷത്തെ തീവ്രമായി എതിര്‍ക്കുകയും ഇടതുപക്ഷത്തിനനുകൂല സമീപനം സ്വീകരിക്കുകയും ചെയ്യുന്ന മൂന്നാം ചേരിയും രംഗപ്രവേശം ചെയ്തു. ജവഹര്‍ ലാല്‍ നെഹ്‌റുവും ടിറ്റോയും ജമാല്‍ അബ്ദുന്നാസിറും നേതൃത്വം നല്‍കിയ ചേരിചേരാ പ്രസ്ഥാനത്തിന്റെ യഥാര്‍ഥ പ്രഭവകേന്ദ്രം സോഷ്യലിസ്റ്റ് ആശയഗതികളായിരുന്നുവെന്നത് വസ്തുതയാണ്. അതുകൊണ്ടൊക്കെ കാള്‍ മാര്‍ക്‌സിന്റെ ചരിത്രപരമായ പ്രസക്തിയും പ്രാധാന്യവും അനുസ്മരിക്കപ്പെടുന്നതില്‍ അസ്വാഭാവികമായൊന്നുമില്ല.

എന്നാല്‍ മാര്‍ക്‌സിസ്റ്റ് ചിന്ത മൗലികമായ അബദ്ധങ്ങളില്‍നിന്ന് മുക്തമാണെന്ന് അതിന് അര്‍ഥമില്ല. പ്രപഞ്ചത്തെയും മാനവ വര്‍ഗത്തിന്റെ സവിശേഷ അസ്തിത്വത്തെയും വിലയിരുത്തുന്നതിലും വ്യാഖ്യാനിക്കുന്നതിലും മാര്‍ഗദര്‍ശനം ചെയ്യുന്നതിലും മാര്‍ക്‌സിനും കൂട്ടുകാരനായ ഫ്രെഡറിക് എംഗല്‍സിനും മൗലികമായ തെറ്റുകള്‍ സംഭവിച്ചു. തദ്ഫലമായി അവരുടെ പ്രവചനങ്ങള്‍ വാസ്തവികമായി പുലര്‍ന്നില്ലെന്നു മാത്രമല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഉദയത്തിന് മുമ്പുതന്നെ ആഗോള മാര്‍ക്‌സിസം അപരിഹാര്യമായ പ്രതിസന്ധി നേരിട്ട് തകര്‍ച്ചയിലേക്ക് നീങ്ങുകയും ചെയ്തു. ഒക്‌ടോബര്‍ വിപ്ലവം വഴി ലോകശ്രദ്ധ പിടിച്ചുപറ്റിയ റഷ്യ നൂറ്റാണ്ട് തികയും മുമ്പേ മാര്‍ക്‌സിന്റെ ഇരുനൂറാം ജന്മദിനം പാടേ വിസ്മരിക്കുന്ന പതനത്തിലായി. സാര്‍ ചക്രവര്‍ത്തിയുടെ പ്രതിരൂപമായ വ്‌ളാദിമിര്‍ പുടിന്‍ ആണ് ഇന്ന് മോസ്‌കോയിലെ കിരീടം ധരിക്കാത്ത രാജാവ്. കമ്യൂണിസ്റ്റ് പാര്‍ട്ടി വര്‍ത്തമാനകാല റഷ്യയില്‍ നിര്‍ണായക രാഷ്ട്രീയ ശക്തിയേ അല്ല. പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നടങ്കം മാര്‍ക്‌സിസത്തോട് വിടപറഞ്ഞ് മുതലാളിത്ത പാതയിലൂടെ സഞ്ചരിക്കുന്നു. ഇന്ത്യയടക്കമുള്ള സ്വതന്ത്ര ലോകവും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തിരിച്ചുനടത്തത്തിനാണ് സാക്ഷ്യം വഹിക്കുന്ന ത്. അല്‍പസ്വല്‍പം സ്വാധീനം ചില പോക്കറ്റുകളിലെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ മതേതരത്വ ചേരിയോടുള്ള ആഭിമുഖ്യവും ഫാഷിസത്തോടുള്ള എതിര്‍പ്പുമാണ് അതിന്റെ പിന്നില്‍. ഈ നിലയിലേക്ക് കാര്യങ്ങളെത്തിച്ചത് കേവലം മുതലാളിത്ത-സാമ്രാജ്യത്വ ശക്തികളുടെ ഉപജാപങ്ങളോ കുതന്ത്രങ്ങളോ അല്ല. വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിലും ചരിത്രത്തിന്റെ ഭൗതിക വ്യാഖ്യാനങ്ങളിലും തജ്ജന്യമായ നാസ്്തികത്വത്തിലും മൂല്യനിഷേധത്തിലും അധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തിന്റെ മൗലിക ദൗര്‍ബല്യം കൂടിയാണ്. വാനരന്‍ പരിണമിച്ചുണ്ടായ മൃഗം മാത്രമാണ് മനുഷ്യനെന്ന കാഴ്ചപ്പാടില്‍ ഊന്നിനില്‍ക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിനും മാനവികത, നൈതികത, സമത്വം, സാഹോദര്യം, നിസ്വാര്‍ഥ സ്‌നേഹം, സദാചാരനിഷ്ഠ തുടങ്ങിയ മൗലിക ഗുണങ്ങള്‍ മനുഷ്യരില്‍ വളര്‍ത്തിയെടുക്കാനോ നിലനിര്‍ത്താനോ കഴിയില്ല. ഈ ഗുണങ്ങളില്ലാത്തേടത്തോളം കാലം സ്വാര്‍ഥതയും ചൂഷണവും അവകാശ നിഷേധവും ആര്‍ത്തിയും ആസക്തിയും മനുഷ്യജീവിതത്തെ നരകീയമാക്കുക തന്നെ ചെയ്യും. ക്യാപിറ്റലസിമായാലും കമ്യൂണിസമായാലും ശുദ്ധ ശൂന്യതയല്ലാതെ മറ്റൊന്നും മുന്നില്‍ കാണാത്തവരാണ് വീണ്ടും മാര്‍ക്‌സിലേക്ക് തിരിയുന്നത്. വെളിച്ചത്തിന്റെ കണികപോലും ഇനി മാര്‍ക്‌സില്‍നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. അല്ലെന്നുണ്ടെങ്കില്‍ മാനവികതയിലും സാമൂഹിക നീതിയിലും ജനാധിപത്യത്തിലും ഊന്നുന്ന മൗലിക മാറ്റങ്ങള്‍ക്ക് മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനങ്ങള്‍ സന്നദ്ധരാവണം.

 

 

 

വഹാബിസത്തിന്റെ കാര്‍ക്കശ്യം

മുഹമ്മദുബ്‌നു അബ്ദുല്‍ വഹാബിന്റെ തീവ്ര വഹാബിയന്‍ മതസങ്കല്‍പങ്ങളോട് വിയോജിക്കുന്ന എല്ലാറ്റിനെയും തകര്‍ത്ത്, ശക്തി ഉപയോഗിച്ച് ഉലമാക്കളെയും മറ്റും തുടച്ചുനീക്കി അധികാരം സ്ഥാപിച്ച് നടപ്പാക്കിപ്പോന്ന സുഊദി ഭരണകൂടം ഇപ്പോള്‍ അവിടെ അടിച്ചേല്‍പിക്കപ്പെട്ട കാര്‍ക്കശ്യങ്ങളെ തിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് ഹമീദ് ചേന്ദമംഗല്ലൂര്‍. അദ്ദേഹം എഴുതുന്നു: ''ഇസ്‌ലാമിക കാര്‍ക്കശ്യങ്ങളുടെ ഈറ്റില്ലമായി അറിയപ്പെട്ട സുഊദി അറേബ്യ, കാലത്തിലും സാഹചര്യങ്ങളിലും വന്നുപെട്ട പരിവര്‍ത്തനങ്ങള്‍ മൂലം മതയാഥാസ്ഥിതികത്വവും ഫണ്ടമെന്റലിസ്റ്റ് ഇസ്‌ലാമിനോടുള്ള ആഭിമുഖ്യവും ഉപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴും പക്ഷേ, നമ്മുടെ നാട്ടില്‍ ശുദ്ധ ഇസ്‌ലാം വാദത്തിലും പെണ്‍വിരുദ്ധാശയങ്ങളിലും അഭിരമിക്കുകയാണ് മുഖ്യധാരാ മുസ്‌ലിം സംഘടനകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്'' (ഹമീദ് ചേന്ദമംഗല്ലൂര്‍, 'പിഴുതെറിയുന്ന വഹാബിയന്‍ വിശുദ്ധി സങ്കല്‍പം', മലയാളം വാരിക, 2018 മെയ് 7). മുജീബിന്റെ പ്രതികരണം?

പി.വി ഉമര്‍ കോയ, പന്നിയങ്കര, കോഴിക്കോട്

 

മുന്‍ഗാമികളായ ഭരണാധികാരികളുടെ കാലത്ത് ഇസ്‌ലാമിന്റെ ഈറ്റില്ലമായ അറേബ്യ, ഇസ്‌ലാമിന് തികച്ചും വിരുദ്ധമായ അന്ധവിശ്വാസാനാചാരങ്ങളില്‍ മുങ്ങിക്കിടന്നപ്പോള്‍ അതിനെതിരെ പോരാടിയ ശൈഖ് മുഹമ്മദുബ്‌നു അബ്ദുല്‍ വഹാബിന്റെ ശുദ്ധീകരണ പ്രസ്ഥാനത്തെ സ്വാംശീകരിക്കുകയും അറേബ്യയെ യഥാര്‍ഥ തൗഹീദിലേക്ക് കൊണ്ടുവരാന്‍ പ്രയത്‌നിക്കുകയും ചെയ്തവരാണ് ആധുനിക സുഊദി അറേബ്യയുടെ സ്ഥാപകരായ ആലു സുഊദ്. ആ പാരമ്പര്യമാണ് അബ്ദുല്‍ അസീസ് രാജാവിന്റെ മക്കളും പിന്തുടര്‍ന്നത്. എന്നാല്‍ അവര്‍ക്ക് മതോപദേശങ്ങള്‍ നല്‍കിവന്ന സലഫി പണ്ഡിതന്മാര്‍ പില്‍ക്കാലത്ത് തീവ്രവാദപരമായ ചില ആശയങ്ങളിലേക്കും വീക്ഷണങ്ങളിലേക്കും വഴുതിവീണുവെന്നത് ശരിയാണ്. അതുകൊണ്ടുമാത്രം വഹാബിസം അഥവാ സലഫിസം അപ്പാടെ തീവ്രവാദപരമായിരുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ശിര്‍ക്ക്-ബിദ്അത്തുകളില്‍നിന്ന് മുക്തവും ശരീഅത്ത് നിയമവാഴ്ചയില്‍ അധിഷ്ഠിതവുമായ ഒരു സംവിധാനമാണ് സുഊദി ഭരണകൂടം പൊതുവെ അംഗീകരിച്ചിരിക്കുന്നത്. പക്ഷേ, ഇസ്‌ലാമിലെ ചിന്താ സ്വാതന്ത്ര്യവും ഇജ്തിഹാദും ഭിന്ന വീക്ഷണങ്ങള്‍ക്കനുവദിച്ച സ്വാതന്ത്ര്യത്തെ ചിലര്‍ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടാവാം. വ്യതിചലനങ്ങളെ ശക്തമായി ചെറുത്തുതോല്‍പിക്കുക തന്നെ വേണം.

സുഊദി അറേബ്യയില്‍ ഇപ്പോള്‍ കിരീടാവകാശിയുടെ നേതൃത്വത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്‌കരണങ്ങളില്‍ യോജിക്കാവുന്നതും വിയോജിക്കാവുന്നതുമുണ്ടാവാം. സുഊദി പണ്ഡിതന്മാര്‍ തന്നെയാണ് അതിലെ തെറ്റും ശരിയും തീരുമാനിക്കേണ്ടത്. നമ്മുടെ നാട്ടിലെ ഉള്‍പ്പെടെ ലോകത്തിലെ മറ്റു ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക സംഘടനകള്‍ക്ക് സുഊദി അറേബ്യയില്‍ എന്ത് നടക്കുന്നു എന്നതല്ല മാനദണ്ഡം. മൂലപ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും പൂര്‍വസൂരികളുടെ മാതൃകയുമാണ് അവരുടെ ചിന്തക്കും വീക്ഷണഗതികള്‍ക്കും ആധാരം. തദടിസ്ഥാനത്തില്‍ ശരിയെന്ന് ബോധ്യപ്പെടുന്ന കാര്യങ്ങള്‍ അവര്‍ പിന്തുടരുന്നു; തെറ്റെന്ന് ബോധ്യപ്പെടുന്നത് നിരാകരിക്കുന്നു. യാഥാസ്ഥിതിക മതമൗലികവാദികളും പരിധിവിട്ട പരിഷ്‌കരണവാദികളും മറ്റെല്ലായിടത്തുമെന്ന പോലെ ഇന്ത്യയിലും കേരളത്തിലുമുണ്ട്. മതത്തെ തള്ളിപ്പറയുന്നവരുടെ പുരോഗമനവാദം സ്വാഭാവികമായും മുസ്‌ലിം സംഘടനകള്‍ക്ക് സ്വീകാര്യമല്ല.

 

 

തൂമ്പയെ തൂമ്പയെന്ന് വിളിക്കുന്നവര്‍

''ജോയ് എഴുതുന്നു: ഫാഷിസത്തിന്റെ ഏറ്റവും വലിയ ഇരകള്‍ മുസ്‌ലിംകളാണ്. നിരന്തര പ്രചാരണങ്ങളിലൂടെ അവരെ ശത്രുക്കളാക്കി അവരോധിച്ച് അവര്‍ക്കെതിരെ യുദ്ധം ചെയ്യുകയാണ് ഫാഷിസം. എല്ലാ അര്‍ഥത്തിലും ചകിതരായി മാളത്തിലൊളിക്കാന്‍ നിര്‍ബന്ധിതരാവുന്ന അവര്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകരന്മാരായി ചിത്രീകരിക്കപ്പെടുകയാണ്. അധീശമതത്തെ മതേതരമായി സാമൂഹിക-സാംസ്‌കാരിക ബുദ്ധിജീവികള്‍ പോലും അംഗീകരിക്കുമ്പോള്‍ ഫാഷിസത്തിന്റെ ഇരയായിത്തീരുന്ന മതത്തിന്റെ ചടങ്ങുകള്‍ സ്വീകരിക്കുകയെന്നത് ഏറ്റവും വലിയ പ്രതിരോധമായി ഞാന്‍ മനസ്സിലാക്കുന്നു. ഒരു മതവുമില്ലാത്തവര്‍ക്ക് എല്ലാ മതങ്ങളുടെയും ചടങ്ങുകള്‍ ഒരു പോലെയാണ്. എങ്കില്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുക എന്ന ദൗത്യത്തിനു വേണ്ടി മുസ്‌ലിം ചടങ്ങുകള്‍ സ്വീകരിക്കുക എന്നതാണ് രാഷ്ട്രീയ ശരിയെന്ന് ഞാന്‍ കരുതുന്നു.

ഇതോടൊപ്പം സ്വന്തം അസ്ഥിയില്‍ തൊട്ട് കണ്ണീരും ചോരയും കലര്‍ത്തുന്ന മഷിയില്‍ സമകാല ചരിത്രത്തിന്റെ ചുമരില്‍ ജോയ് സുലൈമാന്‍ മൗലവിക്കെഴുതിയ ഒരു കത്തു കൂടി നാം, മറ്റാര്‍ക്കും വേണ്ടിയല്ലാതെ നമുക്കു വേണ്ടി മാത്രമായി വായിക്കണം. മരണാനന്തരം ശരീരം മെഡിക്കല്‍ കോളേജിന് പഠനാവശ്യാര്‍ഥം വിട്ടുകൊടുക്കുന്നതിനേക്കാള്‍, ഒരു പള്ളിപ്പറമ്പില്‍ മറവു ചെയ്യാന്‍ വിട്ടുകൊടുക്കുന്നതാവുമോ സമകാല ഇന്ത്യനവസ്ഥയില്‍ കൂടുതല്‍ പ്രക്ഷോഭാത്മകവും പ്രസക്തവുമെന്ന് മാറിച്ചിന്തിക്കാന്‍  പോലും അപ്പോള്‍ നാം നിര്‍ബന്ധിതമാവും!'' (ഇടപെടല്‍, കെ.ഇ.എന്‍, വാരാദ്യ മാധ്യമം 2018 ഏപ്രില്‍ 29). ടി.എന്‍ ജോയിയുടെ കത്തിനെ ആസ്പദമാക്കി കെ.ഇ.എന്‍ എഴുതിയത്. മുജീബിന്റെ പ്രതികരണം?

സുബൈര്‍ മണലൊടി കോഴിക്കോട്

 

ഫാഷിസം മുമ്പൊരിക്കലുമില്ലാത്ത വിധം രാജ്യഭരണം പിടിച്ചെടുക്കുകയും ഭരണഘടനാ സ്ഥാപനങ്ങള്‍ മുഴുക്കെ കൈയടക്കുകയും മതന്യൂനപക്ഷങ്ങള്‍ക്കു നേരെ ഫണം വിടര്‍ത്തിയാടുകയും ചെയ്യുന്ന ഘനാന്ധകാരത്തില്‍, ബോധ്യപ്പെട്ട സത്യം വിളിച്ചുകൂവാനും ഇരകള്‍ക്കൊപ്പം നില്‍ക്കാനും ആര്‍ജവം കാട്ടുന്ന ചിലരെങ്കിലും സാംസ്‌കാരിക രംഗത്തുള്ളത് വെളിച്ചത്തിന്റെ കിരണങ്ങളാണ്; ദൈവത്തിലോ മതത്തിലോ വിശ്വാസമില്ലെങ്കിലും, ഭൗതിക പ്രത്യയശാസ്ത്രങ്ങളിലാണ് വിശ്വാസമെങ്കിലും ചൂഷിതരും പീഡിതരും അസ്തിത്വ ഭീഷണി നേരിടുന്നവരുമായ മനുഷ്യരോടൊപ്പം നില്‍ക്കാനുള്ള നിശ്ചയദാര്‍ഢ്യം ഭീരുക്കളുടെയും മാപ്പുസാക്ഷികളുടെയും അവസരവാദികളുടെയും ലോകത്ത് വേറിട്ട മാതൃകയാണ്. തൂമ്പയെ തൂമ്പയെന്ന് വിളിക്കാന്‍ ധൈര്യപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകരാണ് നമ്മുടെ നിയോ ലിബറലുകളുടെ ഉറക്കം കെടുത്തുന്നത്. അവരുടെ ഉറഞ്ഞുതുള്ളലാണ് ഫാഷിസത്തിനനുകൂല വലതുപക്ഷ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നതും. പക്ഷേ, അന്തിമ വിജയം സത്യത്തിനു തന്നെയായിരിക്കും, അന്നേരം മുഖംമൂടികള്‍ വലിച്ചുകീറപ്പെടുകയും ചെയ്യും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (54-56)
എ.വൈ.ആര്‍