Prabodhanm Weekly

Pages

Search

2018 മെയ് 11

3051

1439 ശഅ്ബാന്‍ 24

ബനൂ സുലൈം

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-55

അസ്‌ലം ഗോത്രത്തിന്റെ അയല്‍ക്കാരായ സുലൈം ഗോത്രം താമസിച്ചിരുന്നത് മദീനയുടെ തെക്കു കിഴക്ക് മധ്യ അറേബ്യയില്‍.  അവരുടെ അധിവാസ മേഖല ഹിജാസിലേക്കും നജ്ദിലേക്കും വരെ വ്യാപിച്ചിരുന്നു. പുല്‍മേടുകളും മരുപ്പച്ചകളും സ്വര്‍ണം-വെള്ളി-ഇരുമ്പ് ഖനികളും അവര്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നു. സവാരിഖിയ്യ, റബദ, സ്വുഫൈന എന്നിവയായിരുന്നു ബനൂസുലൈം അധിവാസ മേഖലയിലെ പ്രധാന നഗരങ്ങള്‍. തീര്‍ത്തും യുദ്ധോത്സുകരായ ജനത. അവരുടെ കാലാള്‍പ്പട ആരെയും ഭീതിപ്പെടുത്തുന്നതായിരുന്നു. പുരാതന അറേബ്യയിലെ ഏറ്റവും വലിയ കവയിത്രി ഖന്‍സാഅ് ഈ ഗോത്രക്കാരിയാണ്.1 അവരുടെ മകനായ അബ്ബാസു ബ്‌നു മിര്‍ദാസും പേരെടുത്ത അറബിക്കവിയായിരുന്നു. മക്കയുമായി അവര്‍ക്ക് വളരെ നേരത്തേ ബന്ധമുണ്ട്.

മക്കക്കും ത്വാഇഫിനുമിടയിലെ നഖ്‌ല എന്ന പ്രദേശത്ത് ഉണ്ടായിരുന്ന ക്ഷേത്രവും അല്‍ ഉസ്സ എന്ന വിഗ്രഹവും മക്കക്കാരുടെയും ഗത്വഫാനികളുടെയും ഗനി, ബാഹില വിഭാഗങ്ങളുടെയും ആദരവിന് പാത്രമായിരുന്നു. ഈ ക്ഷേത്രത്തിലെ പൂജാരികള്‍ ചിലപ്പോള്‍ ഗത്വഫാനികള്‍2 ആയിരിക്കും; ചിലപ്പോള്‍ സുലൈമികളും.3

താഴെപ്പറയുന്ന വാക്യങ്ങള്‍ പ്രവാചകനിലേക്കാണ് ചേര്‍ത്തു പറയാറുള്ളത്.4 'ഞാന്‍ സുലൈം ഗോത്രത്തിലെ ആതിഖമാരുടെ മകനാണ്.' മറ്റൊരു നിവേദനത്തില്‍,5 'ആതിഖമാരുടെയും ഫാത്വിമമാരുടെയും' എന്നുണ്ട്. വംശവൃക്ഷം തേടിപ്പോയാല്‍, പ്രവാചകന്റെ മാതാവിന്റെ പിതാവ് വഹബിന്റെയും പിതൃപരമ്പരയിലെ ഹാശിമിന്റെ പിതാവ് അബ്ദുമനാഫിന്റെയും (ഇരുവരും പ്രവാചകന്റെ പൂര്‍വപിതാക്കളാണല്ലോ) മാതാക്കള്‍ ആതിഖ എന്ന് പേരുള്ള സുലൈം ഗോത്രക്കാരികളായിരുന്നു.6 പ്രവാചകന്റെ പിതൃസഹോദരനായ അബൂത്വാലിബാകട്ടെ, സുലൈം ഗോത്രത്തിന്റെ ഒരു ശാഖയുമായി സഖ്യമുണ്ടാക്കുകയും ചെയ്തിരുന്നു.7 പക്ഷേ, ഈ സഖ്യമോ നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന കുടുംബബന്ധങ്ങളോ പ്രവാചകന് ഒരു നിലക്കും സഹായകമായില്ല. സുലൈം ഗോത്രക്കാര്‍ അദ്ദേഹത്തെ നിരന്തരം ബുദ്ധിമുട്ടിച്ചുകൊണ്ടേയിരുന്നു. എന്തുകൊണ്ട്?

പ്രശസ്തമായ അല്‍ ഉസ്സ ക്ഷേത്രപ്രതിഷ്ഠ ഉണ്ടായിരുന്നത് സുലൈം ഗോത്രക്കാരുടെ അധിവാസ മേഖലയിലാണെന്നത് ശരിയാണ്. കഅ്ബയെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു അതിന്റെ നിര്‍മിതിയും നടത്തിപ്പും. പക്ഷേ, ഇതുപോലുള്ള വേറെയും ക്ഷേത്രങ്ങള്‍ അറേബ്യയില്‍ ഉണ്ടായിരുന്നല്ലോ. ഇനി ജാഹിലിയ്യ കാലത്തെ 'ഫിജാര്‍' (അതിക്രമങ്ങള്‍ക്കെതിരെ) യുദ്ധങ്ങളാവുമോ അതിനു കാരണം? ഒരുപാട് മക്കക്കാര്‍ക്കും ഖൈസുകാര്‍ക്കും ജീവന്‍ നഷ്ടമായ യുദ്ധങ്ങളായിരുന്നല്ലോ അവ. പക്ഷേ, ആ യുദ്ധങ്ങളില്‍ എതിര്‍പക്ഷത്ത് അണിനിരന്നത് സുലൈമും ഗത്വഫാനും മാത്രമായിരുന്നില്ലല്ലോ. വേറെയും ഗോത്രങ്ങളുണ്ടായിരുന്നു. പക്ഷേ, ഈ രണ്ട് ഗോത്രങ്ങളും ഇസ്‌ലാം വിരുദ്ധത കുത്തകവല്‍ക്കരിച്ചതുപോലെയാണ് തോന്നുക. അപ്പോള്‍ തീര്‍ച്ചയായും ഈ നിതാന്ത ശത്രുതക്ക് ഭൗതികവും മനശ്ശാസ്ത്രപരവുമായ മറ്റു ചില കാരണങ്ങള്‍ കൂടി ഉണ്ടാവണം. പക്ഷേ, ആ കാരണങ്ങള്‍ എന്താണെന്ന് നമുക്ക് അറിഞ്ഞുകൂടാ. അതേസമയം, മാലികു ബ്‌നു ഖാലിദു ബ്‌നു സ്വഖ്‌റു ബ്‌നു ശരീദ് എന്നൊരാളുമായി ബന്ധപ്പെട്ട ചരിത്രം നാമവിടെ വിസ്മരിച്ചുകൂടാത്തതാണ്. അല്‍ ഹാസിമിയുടെ വിവരണമനുസരിച്ച്,8 ഈ മാലിക്, സുലൈം ഗോത്രത്തിന്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രണോത്സുകമായ പല മുന്നേറ്റങ്ങളും ബനൂസുലൈം നടത്തിയത് ഇയാളുടെ നേതൃത്വത്തിലാണ്. ഇത്തരം പടയോട്ട വിജയങ്ങള്‍ കാരണമായി ഇയാളെ തങ്ങളുടെ രാജാവായി വാഴിക്കുക കൂടി ചെയ്തിരുന്നു സുലൈമുകാര്‍. അതിനാലാണ് അയാള്‍ 'ദൂതാജ്' (കിരീടമുടയവന്‍) എന്ന പേരില്‍ അറിയപ്പെടാനിട വന്നത്. പക്ഷേ, ബുര്‍സ യുദ്ധത്തില്‍ ഭാഗ്യം അയാളെ കടാക്ഷിച്ചില്ല. ആ യുദ്ധത്തില്‍ വധിക്കപ്പെടാനായിരുന്നു വിധി. തൊട്ടുടനെയാണ് പ്രവാചകന്റെ ആഗമനമുണ്ടാകുന്നതും അറേബ്യ മുഴുവന്‍ തങ്ങളുടെ അധീശത്വം വ്യാപിപ്പിക്കാമെന്ന ബനൂസുലൈമിന്റെ വ്യാമോഹങ്ങള്‍ക്ക് അറുതിയാവുന്നതും.

സുലൈം കുടുംബങ്ങള്‍ക്കിടയില്‍ ആഭ്യന്തര പോരുകള്‍ ഉണ്ടായിരുന്നുവെന്നും നാമോര്‍ക്കണം. ബനൂസുലൈമിലെ ചില കുടുംബങ്ങള്‍ ഇസ്‌ലാം ആശ്ലേഷിച്ചത് അതിലെ മറ്റു കുടുംബങ്ങളെ ഇസ്‌ലാമിന്റെ ബദ്ധവൈരികളാക്കി മാറ്റിയതുമാവാം. ഉദാഹരണത്തിന്, അല്‍ ഹല്ലാജു ബ്‌നു ഇല്ലത്ത് അല്‍സുലമി എന്നയാള്‍ മക്കയില്‍ താമസമാക്കുകയും പിന്നെ അവിടെനിന്ന് വിവാഹം കഴിക്കുകയും9 ഒടുവില്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തയാളാണ്. ഇത് മക്കക്കാരെ വളരെയേറെ പ്രയാസപ്പെടുത്തി;10 സ്വാഭാവികമായും സുലൈമുകാരെയും. മറ്റൊരു സുലൈമുകാരനായ ഖൈസു ബ്‌നു നുശ്ബക്ക് ഇസ്‌ലാമിനോട് അങ്ങേയറ്റത്തെ അഭിനിവേശമായിരുന്നു. അതുകൊണ്ടാണ് പ്രവാചകന്‍ അദ്ദേഹത്തെ 'സുലൈമുകാരിലെ ശ്രേഷ്ഠ വ്യക്തിത്വം' (ഖൈറു ബനീ സുലൈം)11 എന്ന് പ്രശംസിച്ചത്. 'നുശ്ബ വിശുദ്ധ വേദങ്ങള്‍ പഠിച്ചിരുന്നു' എന്നൊരു പരാമര്‍ശം ചരിത്രകൃതികളില്‍ കാണുന്നുണ്ട്. അതിനര്‍ഥം മുസ്‌ലിമാവുന്നതിനു മുമ്പ് അദ്ദേഹം ക്രിസ്ത്യാനിയായിരുന്നു എന്നാണോ? അബ്‌സീനിയയിലെ അബ്‌റഹത്ത് മക്കക്കെതിരെ ആനപ്പടയുമായി വന്നപ്പോള്‍ അവരെ സഹായിക്കാന്‍ രണ്ട് സുലൈമി കൂലിപ്പടയാളികള്‍ സ്വമേധയാ മുന്നോട്ടു വന്നു എന്ന് പറയുന്നുണ്ട്.12 പരമ്പരാഗതമായി മക്കക്കാരോടുള്ള വിദ്വേഷമായിരിക്കുമോ ഇതിനു കാരണം? എങ്കില്‍ അവരുടെ വാക്കുകളും വിശ്വാസത്തിലെടുക്കാനാവുമായിരുന്നില്ല എന്ന് കരുതേണ്ടിവരും. ഒരു ഉദാഹരണം പറയാം. മദീനയിലെ ഔസ് ഗോത്രക്കാര്‍ സുലൈമുകാരുമായി ഒരു ഉടമ്പടി ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രവാചകന്‍ വിലക്കി: 'ഇനി ഉടമ്പടികള്‍ (ഇസ്‌ലാം സ്വീകരിക്കാത്ത ഗോത്രങ്ങളുമായി) വേണ്ട; എന്നാല്‍ നിലവിലുള്ള ഉടമ്പടികളെ ഇസ്‌ലാം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.'13 അവരുടെ അക്രമാസക്തിയെക്കുറിച്ച വിവരണങ്ങള്‍ പിന്നീട് വരുന്നുണ്ട്. ഇബ്‌നു ഹബീബ്14 പറയുന്നത്, ഇസ്‌ലാം പൂര്‍വ അറേബ്യയില്‍ ചില ഗോത്രങ്ങളുടെ സംഘാതത്തെ 'അടുപ്പുകല്ലുകള്‍' (അഥാഫി) എന്ന് വിശേഷിപ്പിക്കാറുണ്ടായിരുന്നു എന്നാണ്. ഈ ഗോത്ര സമുച്ചയത്തിന്റെ ഒരു ഭാഗത്തുള്ളത് (അടുപ്പ്കല്ലുകളുടെ മാതൃകയില്‍) സുലൈം, ഹവാസിന്‍ എന്നിവ. രണ്ടാം ഭാഗത്ത് ഗത്വഫാന്‍. മൂന്നാം ഭാഗത്ത് ആശൂര്‍, മുഹാരിബ് എന്നിവയും. ആ വംശവൃക്ഷ മാതൃക ഇപ്രകാരം:

 

മുദര്‍

ഐലാനുന്നാസ്

ഖൈസ്

|

 

സഅ്ദ്-----------------------------ഖസ്വഫ

 

ഗത്വ്ഫാന്‍ ആശൂര്‍ മുഹാരിബ് ഇക്‌രിമ

മന്‍സ്വൂര്‍

ഗനി ബാഹില ഹവാസിന്‍    സുലൈം

 

അടുപ്പുകല്ലുകള്‍ അടുക്കിവെച്ചതുപോലുള്ള ഈ ത്രികോണസഖ്യം പരസ്പരം കൈകോര്‍ത്ത് ഇസ്‌ലാമിനെതിരെ ഒന്നിച്ചണിനിരക്കുകയായിരുന്നു.

ഇസ്‌ലാമിക ചരിത്രത്തില്‍ ഹിജ്‌റക്കു മുമ്പ് തന്നെ സുലൈം ഗോത്രം രംഗപ്രവേശം ചെയ്യുന്നുണ്ട്. അല്‍ ഉസ്സ ക്ഷേത്രത്തില്‍ പൂജാരിയും നടത്തിപ്പുകാരനുമായ അഫ്‌ലഹ് അല്‍സുലൈമി മരണക്കിടക്കയിലായിരിക്കെ അദ്ദേഹത്തെ സന്ദര്‍ശിച്ച് അബൂലഹബ് സുഖവിവരങ്ങള്‍ തിരക്കിയിരുന്നു. വളരെ ഉത്കണ്ഠാകുലനായി കാണപ്പെട്ട അഫ്‌ലഹ്, തനിക്കു ശേഷം ഉസ്സ ഇല്ലാതായിപ്പോകുമെന്ന് ആശങ്കപ്പെട്ടു. അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ട് അബൂലഹബ് പറഞ്ഞു: 'ഒരിക്കലുമില്ല. ഉത്തരവാദിത്തം ഞാനേല്‍ക്കും. ഇനി മുഹമ്മദ് വിജയിക്കുകയാണെങ്കില്‍ -അതിനൊരു സാധ്യതയും ഇല്ല- എന്തായാലും എന്റെ സഹോദര പുത്രനല്ലേ (ഉസ്സ വിഗ്രഹത്തെ എന്തെങ്കിലും ചെയ്യുന്നത് തടയാന്‍ എനിക്ക് കഴിയും). ഇനി ഉസ്സയാണ് വിജയിക്കുന്നതെങ്കിലോ! എന്തൊരു വിജയമായിരിക്കുമത്! ഉസ്സക്കു വേണ്ടി സേവനങ്ങള്‍ ചെയ്യാനാണ് ഞാനാഗ്രഹിക്കുന്നത് - അതിന്റെ പരിഗണനകളൊക്കെ എനിക്ക് ലഭിക്കുമല്ലോ.' ഇതിനെക്കുറിച്ചാണ് ഖുര്‍ആന്‍ പറഞ്ഞത്: 'അബൂലഹബിന്റെ ഇരുകരങ്ങളും നശിക്കട്ടെ. അയാളും നശിക്കട്ടെ' (111-1). ഇബ്‌നുല്‍ കല്‍ബി പറയുന്നത്, അല്‍ ഉസ്സ ക്ഷേത്രത്തിലെ പൂജാരി- നടത്തിപ്പുകാരന്റെ പേര് ദുബയ്യബ്‌നു ഹറമി അല്‍സുലൈമി എന്നാണ്.15 ഹിജ്‌റക്ക് മൂന്ന് വര്‍ഷം മുമ്പ് അഥവാ പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം മക്കയില്‍ തീര്‍ഥാടനം നടക്കുന്ന വേളയില്‍ പ്രവാചകന്‍ അന്വേഷിച്ചുകൊണ്ടിരുന്നത് തീര്‍ഥാടകരില്‍നിന്ന് തനിക്ക് സഖ്യകക്ഷികളെ കിട്ടുമോ എന്നായിരുന്നു. പതിനഞ്ച് തീര്‍ഥാടക സംഘങ്ങളെ- അവരില്‍ സുലൈം ഗോത്രക്കാരും ഉണ്ടായിരുന്നു- പ്രവാചകന്‍ നേരില്‍ ചെന്നു കണ്ട് സഖ്യാഭ്യര്‍ഥന നടത്തിയെങ്കിലും അവരെല്ലാവരും ആവശ്യം നിരാകരിക്കുകയാണ് ചെയ്തത്.

പ്രവാചകന്‍ മദീനയിലെത്തിയ ശേഷം മക്കന്‍ സമ്പദ്ഘടനക്കെതിരെ നടത്തിയ ആദ്യ സൈനിക നീക്കങ്ങളിലൊന്ന് സുലൈം ഗോത്രത്തിന്റെ അധിവാസകേന്ദ്രമായ നഖ്‌ലക്ക് എതിരെയായിരുന്നു. സുലൈമിന്റെ ഭൂപ്രദേശമായ ബുഹ്‌റാനിലൂടെ കടന്നുപോവുകയും ചെയ്തു. ഈ പടയോട്ടം സുലൈമിനെ പലനിലക്ക് ബാധിച്ചുവെങ്കിലും അവരെ പ്രീണിപ്പിക്കുന്ന ഒരു നടപടിയും പ്രവാചകന്‍ സ്വീകരിക്കുകയുണ്ടായില്ല. രണ്ടു മാസം കഴിഞ്ഞ് ബദ്ര്‍ യുദ്ധവും പൊട്ടിപ്പുറപ്പെട്ടു. ബദ്ര്‍ കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടതേയുള്ളൂ, സുലൈമിനെതിരെ പ്രതികാര നടപടികളെടുക്കാന്‍ പ്രവാചകന്‍ തീരുമാനിച്ചു. ബദ്ര്‍ യുദ്ധത്തില്‍ ബനൂ സുലൈമിന്റെ നിലപാട് എന്തായിരുന്നുവെന്ന് ഇതില്‍നിന്ന് ഊഹിക്കാമല്ലോ. അതിനെക്കുറിച്ച് പ്രധാന ചരിത്രകൃതിയില്‍ എന്ത് പറയുന്നുവെന്ന് നോക്കാം. ''ബദ്ര്‍ കഴിഞ്ഞ് മദീനയില്‍ തിരിച്ചെത്തിയ പ്രവാചകന്‍ ഏഴ് രാത്രികള്‍ പിന്നിട്ടയുടനെ സുലൈമുമായി യുദ്ധത്തിന് പുറപ്പെട്ടു. അവരുടെ ജലസ്രോതസ്സായ അല്‍ഖുദ്‌റില്‍ മൂന്ന് രാത്രി അദ്ദേഹം കാത്തിരുന്നു. അവരില്‍ ആരെയും കാണാഞ്ഞ് അദ്ദേഹം മദീനയിലേക്ക് തന്നെ തിരിച്ചുപോന്നു.''16 ഈ ഹ്രസ്വ വിവരണം ചില അനുമാനങ്ങളിലേക്ക് നമ്മെ എത്തിക്കും. മറ്റു വിശദാംശങ്ങളൊന്നും വന്നിട്ടില്ലാത്തതിനാല്‍, ഇസ്‌ലാമിനെതിരെ കടുത്ത നിലപാടാണ് അവര്‍ സ്വീകരിച്ചിരുന്നതെന്നും പ്രതികാര പടയോട്ടത്തിന് പ്രവാചകന്‍ മുതിര്‍ന്നത് അതുകൊണ്ടായിരുന്നുവെന്നും അനുമാനിക്കാമല്ലോ. ഇബ്‌നു സഅ്ദിന്റെ ഭാഷ്യമനുസരിച്ച് 'സുലൈമിലെയും ഗത്വഫാനിലെയും ആള്‍ക്കാര്‍' എന്നാണുള്ളത്. ബദ്‌റില്‍ ഖുറൈശികളെ സഹായിക്കാന്‍ അവര്‍ ഒരുങ്ങി പുറപ്പെട്ടിരുന്നുവോ? ഈ പടയോട്ടത്തില്‍ യസാര്‍ എന്ന ഒരു അടിമ ഇടയന്‍ മാത്രമാണ് ബന്ദിയായി പിടിക്കപ്പെട്ടത്. അവന്‍ ഇസ്‌ലാം സ്വീകരിക്കുകയും പ്രവാചകന്‍ അവനെ സ്വതന്ത്രനാക്കുകയും ചെയ്തു.

ഐതിഹ്യസമാനമായ ഒരു വിവരണവും കാണാനുണ്ട്. ഒരുപക്ഷേ അതും ഈ പടയോട്ടവുമായി ബന്ധപ്പെട്ടതാവാം. വിവരണം ഇങ്ങനെയാണ്: പടയോട്ടത്തില്‍ അലിയാണ് പതാകവാഹകന്‍. ഭൂമിശാസ്ത്രകാരനായ ഇബ്‌നു മുജാവിറിന്റെ17 വിവരണത്തില്‍, ആ മേഖലയില്‍ സുലൈം ഗോത്രത്തിന്റേതായി ഒരു ഈത്തപ്പന മരം ഉള്ളതായി പറയുന്നുണ്ട്. നിറയെ തേനീച്ചക്കൂടുകളുണ്ടായിരുന്നുവത്രെ ആ മരത്തില്‍. ശത്രുവിന്റെ ആക്രമണമുണ്ടാവുമ്പോള്‍ സുലൈം ഗോത്രക്കാര്‍ മരത്തില്‍ തീയിടും. ക്ഷുഭിതരായ തേനീച്ചക്കൂട്ടങ്ങള്‍ വന്ന് ശത്രുവിനെ കടന്നാക്രമിക്കുകയും അവരെ ഓടിക്കുകയും ചെയ്യും. സുലൈമികളുമായി യുദ്ധത്തിന് പുറപ്പെട്ട പ്രവാചകന്‍, പതാകവാഹകനായ അലിയോട് ആ മരം തന്റെ പ്രശസ്തമായ ദുല്‍ഫഖാര്‍ എന്ന വാളുകൊണ്ട് മുറിച്ചിടാന്‍ ആവശ്യപ്പെട്ടുവത്രെ. വിശുദ്ധ മരത്തെ അവഹേളിച്ചതിനാല്‍ ദൈവക്രോധമുണ്ടാവുമെന്ന് ഭയപ്പെട്ട സുലൈമുകാര്‍ അത് മുറിഞ്ഞുവീഴുന്നത് കണ്ട് ഓടാന്‍ തുടങ്ങി. തേനീച്ചക്കൂട്ടങ്ങള്‍ ഒന്നാകെ പുറത്തു വന്നപ്പോള്‍ സുലൈമികള്‍ ഓടുന്നതാണ് കണ്ടത്. പല ദിക്കിലേക്ക് ഓടിയ അവരെ തേനീച്ചകള്‍ പിന്നാലെ പാറി വന്ന് കുത്തി. അങ്ങനെ യഥാര്‍ഥ ദൈവം ആരാണെന്ന് സുലൈമികള്‍ കണ്ടെത്തിയെന്നും ഇസ്‌ലാം സ്വീകരിക്കാനായി അവര്‍ പ്രവാചകനെ കാണാന്‍ വന്നുവെന്നുമാണ് വിവരണത്തിന്റെ ഒടുവിലുളളത്. ഇബ്‌നു ഹബീബി18ന്റെ വിവരണത്തില്‍ ഇത്ര കൂടിയുണ്ട്: സുലൈം പ്രതിനിധി സംഘം ഇസ്‌ലാം സ്വീകരിക്കാന്‍ തയാറായപ്പോള്‍ അവരുടെ നേതാവ് ആരാണെന്ന് തിരക്കി പ്രവാചകന്‍. പ്രതിനിധിസംഘം പറഞ്ഞു: 'ഒളിച്ചോട്ടക്കാരന്റെ മകന്‍ ഒളിച്ചോട്ടക്കാരനാണ് ഞങ്ങളെ എപ്പോഴും നയിച്ചിട്ടുള്ളത്.' ഉത്തരം വ്യക്തമാകാത്ത സ്ഥിതിക്ക് ചോദ്യം മൂന്നാം തവണയും ആവര്‍ത്തിച്ചപ്പോള്‍ അവര്‍ പറഞ്ഞു: 'അയാളുടെ പേര് ഹിബ്ബാനുബ്‌നുല്‍ ഹകം എന്നാണ്.' ബനൂ ഔഫില്‍നിന്ന് ഒളിച്ചോടിപ്പോയവനാണ് ഹിബ്ബാന്‍. അങ്ങനെയാണ് ഈ ചെല്ലപ്പേര് വീണത്. അയാളതില്‍ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. ഒളിച്ചോട്ടം ഒരു അതിജീവന തന്ത്രമാണ് എന്നായിരുന്നു അയാളുടെ ന്യായം. ത്വാഇഫിന് സമീപമുള്ള നഖ്‌ലയിലെ അല്‍ ഉസ്സ ക്ഷേത്രത്തില്‍ പൂജാ കര്‍മ്മങ്ങള്‍ ചെയ്തിരുന്നത് പ്രവാചകന്റെ പിതൃസഹോദരനായ അബൂത്വാലിബുമായി സഖ്യം സ്ഥാപിച്ചിരുന്ന ബനൂസുലൈമിലെ ഒരു കുടുംബമായ ബനൂ ശൈബാന്‍19 ആയിരുന്നു. പക്ഷേ, ഈ കുടുംബത്തിന് മറ്റു സുലൈം ഗോത്രങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഖര്‍ഖറതുല്‍ ഖുദ്ര്‍ മേഖലയിലേക്ക് നടത്തിയ ഈ പടയോട്ടത്തില്‍ രക്തച്ചൊരിച്ചിലുണ്ടായില്ലെങ്കിലും, 500 ഒട്ടകങ്ങളെയും മറ്റും യുദ്ധമുതലുകളായികൊണ്ടുവന്നത് ചരിത്ര രേഖകളില്‍20 പരാമര്‍ശിക്കുന്നുണ്ട്. സുലൈമുമായുള്ള ബന്ധം വഷളാക്കാന്‍ അതുമൊരു കാരണമായിട്ടുണ്ടാവാം. അതിനാല്‍ സുലൈമും ഗത്വഫാനും ചേര്‍ന്ന് മദീനയെ ആക്രമിക്കാന്‍ പ്ലാന്‍ തയാറാക്കിയതില്‍ അത്ഭുതമില്ല. തന്റെ ഏജന്റുമാര്‍ മുഖേന പ്രവാചകന്‍ ഈ വിവരം തക്ക സമയത്തു തന്നെ അറിഞ്ഞു. ആ ആക്രമണം മുന്‍കൂറായി തടുക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവാചകന്‍ 450 പേരുമായി ദുല്‍ഖുസ്സ്വ, ദുല്‍ അംറ് ഭാഗത്തേക്ക് പടയോട്ടം നടത്തി. ശത്രുസേന ശിഥിലമാവുകയും നാലു ഭാഗത്തേക്കും ഓടി രക്ഷപ്പെടുകയും ചെയ്തു. ഈ പടയോട്ടത്തിന്റെ സ്വഭാവം പരിശോധിച്ചാല്‍ അതൊരു രാഷ്ട്രീയ നീക്കമായിരുന്നില്ല എന്നു കാണാനാവും. ഒരാളെ ബന്ദിയാക്കാനേ കഴിഞ്ഞുള്ളൂ. പ്രവാചകന്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തിയപ്പോള്‍ അയാള്‍ ഇസ്‌ലാം ആശ്ലേഷിച്ചു. മാത്രമല്ല, ശത്രുക്കള്‍ ഒളിച്ചിരിക്കുന്ന താവളവും പറഞ്ഞുകൊടുത്തു. അങ്ങനെ യുദ്ധം തുടങ്ങാന്‍ നേരം മഴപെയ്തു. ശത്രുക്കള്‍ ചിതറിയോടിയ ശേഷം പ്രവാചകന്‍ തന്റെ ഉടുപ്പുകള്‍ ഉണങ്ങാനായി ഒരു മരച്ചില്ലയില്‍ തൂക്കിയിട്ടു. മരച്ചുവട്ടില്‍ വിശ്രമിക്കാനായി കിടക്കുകയും ചെയ്തു. ശത്രുനേതാവായ ദുസൂറു ബ്‌നുല്‍ മുഹാരിബി ഇതെല്ലാം തൊട്ടപ്പുറത്തുള്ള ഒരു കുന്നിന്‍മുകളില്‍നിന്ന് കാണുന്നുണ്ടായിരുന്നു. അവസരം ഒത്തുകിട്ടിയപ്പോള്‍ അയാള്‍ കുന്നിറങ്ങി വന്ന് തന്റെ വാള്‍ ഊരിപ്പിടിച്ച് പ്രവാചകനോട് ആക്രോശിച്ചു: 'പറയൂ, എന്നില്‍നിന്ന് നിങ്ങളെ ആര് രക്ഷിക്കും?' അയാള്‍ക്കു നേരെ തിരിഞ്ഞ് പ്രവാചകന്‍ വളരെ ശാന്തനായി പറഞ്ഞു: 'അല്ലാഹു.' ഇതു കേട്ടപ്പോള്‍ ദുസൂര്‍ ചകിതനായിപ്പോയി. അയാളുടെ കൈ വിറച്ചു. വാള്‍ നിലത്തു വീണു. അതെടുത്ത് പ്രവാചകന്‍ തിരിച്ചു ചോദിച്ചു: 'എന്നില്‍നിന്ന് നിങ്ങളെ ആര് രക്ഷിക്കും.' അയാള്‍: 'ആരുമില്ല. ദൈവമാണ, ഞാനിതാ സാക്ഷ്യം വഹിക്കുന്നു; അല്ലാഹു അല്ലാതെ ദൈവമില്ല. താങ്കള്‍ അവന്റെ ദൂതനുമാണ്.' പ്രവാചകന്‍ വാള്‍ തിരികെ നല്‍കി. ദുസൂര്‍ പിന്നീട് ഇസ്‌ലാമിക പ്രബോധകരിലൊരാളായി മാറി.21

ഈ സംഭവത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് ചരിത്രകാരന്മാര്‍ക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അവര്‍തന്നെ അതിന് പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. സംശയങ്ങള്‍ ഇവയാണ്: സംഭവം നടന്നത് ഹിജ്‌റ രണ്ടിലോ മൂന്നിലോ അതോ ഏഴിലോ? പ്രവാചകനെ അപാ

യപ്പെടുത്താന്‍ വാളൂരിയത് ദൂ അംറ് എന്ന സ്ഥലത്ത് വെച്ചോ, അതോ ദാത്തുര്‍റഖയില്‍ വെച്ചോ? വാളൂരിപ്പിടിച്ച് വന്നത് ദുസൂറുബ്‌നു ഹാരിസോ അതോ അയാളുടെ സഹോദരന്‍ ഗൗറസോ? പ്രവാചകന്‍ തന്റെ വാള്‍ മരക്കൊമ്പില്‍ തൂക്കിയിട്ട ശേഷം ഉറങ്ങുകയായിരുന്നോ ശത്രു വരുമ്പോള്‍? അതോ ഉണര്‍ന്നിരിക്കെയാണോ ശത്രു വന്നത്? വാളൊന്ന് കാണട്ടെ എന്ന് ശത്രു സൗമ്യമായി ആവശ്യപ്പെട്ടപ്പോള്‍ പ്രവാചകന്‍ തന്റെ വാള്‍ കൈമാറുകയാണോ ചെയ്തത്?

ബുഖാരിയുടെ വിവരണമനുസരിച്ച് (64/31/0,1,8; 64/32/2), സംഭവം നടന്ന വര്‍ഷം ഹിജ്‌റ ഏഴ്. സംഭവസ്ഥലം ദാത്തുര്‍റഖ. പ്രതിയോഗിയുടെ പേര് ഗൗറസ്. സംഭവം നടക്കുമ്പോള്‍ പ്രവാചകന്‍ ഉറങ്ങുകയായിരുന്നു. ശത്രുവിന്റെ അലര്‍ച്ച കേട്ടാണ് ഉണര്‍ന്നത്. ഹിജ്‌റ രണ്ടാം വര്‍ഷം, മൂന്നാം വര്‍ഷം എന്നൊക്കെയുള്ളത് കണക്കിലെ പിഴവാകാനേ വഴിയുള്ളൂ. ബുഖാരിയുടെ കണക്കുകൂട്ടല്‍ ഇങ്ങനെയാണ്; യുദ്ധാവസരത്തിലും മറ്റും പ്രത്യേക രീതിയില്‍ നമസ്‌കരിക്കാമെന്ന അനുവാദം ലഭിച്ചതും അത് ആദ്യമായി നിര്‍വഹിക്കപ്പെട്ടതും ഈ പടയോട്ടത്തിലാണ്. അത് ഹിജ്‌റ ഏഴാം വര്‍ഷമായിരുന്നു. രൂപമാറ്റം വരുത്തിയ ആ നമസ്‌കാരത്തെക്കുറിച്ച് ഖുര്‍ആനി

ല്‍ പറയുന്നുണ്ട് (4/101-2). ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അബൂഹുറയ്‌റ എന്ന സ്വഹാബിയാണ്. അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുന്നത് ഹിജ്‌റ ഏഴാം വര്‍ഷമാണല്ലോ. യുദ്ധവേളയിലെ നമസ്‌കാരത്തെക്കുറിച്ച കാലനിര്‍ണയത്തിന് ചില പ്രശ്‌നങ്ങളുണ്ട്. ഈ ഭാഗത്തേക്ക് പല സന്ദര്‍ഭങ്ങളില്‍ പ്രവാചകന്‍ പടയോട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. അതില്‍ പലതിലും പ്രത്യേക രീതിയിലുള്ള ഈ നമസ്‌കാരം നിര്‍വഹിച്ചിട്ടുമുണ്ട്. ഒരു പ്രത്യേക പടയോട്ടവുമായി ബന്ധിപ്പിച്ച് കാലനിര്‍ണയം നടത്താനാവില്ലെന്നര്‍ഥം. ദാത്തുര്‍റഖ എന്ന നാമത്തെപ്പറ്റി ബുഖാരി പറയുന്നത്, അത് യഥാര്‍ഥത്തില്‍ സ്ഥലനാമമല്ല എന്നാണ്. ആ വാക്കിന്റെ അര്‍ഥം 'തുണിക്കഷ്ണങ്ങള്‍' എന്നാണ്. ദാത്തുര്‍റഖ എന്നത് ആ പടയോട്ടത്തിന്റെ പേരാണ്. പടയോട്ടത്തില്‍ പങ്കെടുത്ത ചെരുപ്പണിയാത്ത പടയാളികളുടെ പാദങ്ങള്‍ കല്ലില്‍ തട്ടി മുറിയുകയും തുണികൊണ്ട് ബാന്റേജിടുകയും ചെയ്തതുകൊണ്ടാണ് അതിന് ആ പേര് കിട്ടിയത്. അതിനാല്‍ ദൂ അംറ് എന്ന സ്ഥലനാമവുമായി വൈരുധ്യം വരുന്നില്ല. പിന്നെ ശത്രുവിന്റെ പേരെന്ത് എന്നതോ, പ്രവാചകന്‍ ഉറക്കിലായിരുന്നോ ഉണര്‍ച്ചയിലായിരുന്നോ എന്നതോ ഇവിടെ വിഷയമല്ല. ഇതൊക്കെയും റിപ്പോര്‍ട്ടറുടെ ഊഹങ്ങള്‍ മാത്രമാണ്.

(തുടരും)

കുറിപ്പുകള്‍

1. ഇബ്‌നു അബ്ദില്‍ ബര്‍റിന്റെ അല്‍ഇസ്തീആബ് എന്ന കൃതിയില്‍ ഖന്‍സാഇനെക്കുറിച്ച് മനോഹരമായ വിവരണമുണ്ട്. തന്റെ ഗോത്രം ഇസ്‌ലാം സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് പ്രവാചകനെ വന്നു കണ്ട പ്രതിനിധി സംഘത്തില്‍ അവരും ഉണ്ടായിരുന്നു. ഖന്‍സാഇന്റെ കഴിവുകളെക്കുറിച്ച് അറിയാമായിരുന്ന പ്രവാചകന്‍ അവരോട് അവരുടെ ചില കവിതകള്‍ ആലപിക്കാന്‍ ആവശ്യപ്പെട്ടു. കാവ്യാലാപനത്തില്‍ പ്രവാചകന്‍ തന്റെ മതിപ്പും സന്തോഷവും രേഖപ്പെടുത്തുകയും ചെയ്തു. വളരെ ധീരയായ, ആത്മാര്‍ഥതയുള്ള വിശ്വാസിനിയായിരുന്ന അവര്‍ 

പില്‍ക്കാലത്ത്, ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ഭരണകാലത്ത് തന്റെ നാല് ആണ്‍മക്കളോടൊപ്പം ഖാദിസിയ്യ യുദ്ധത്തില്‍ പങ്കെടുത്തു. യുദ്ധത്തില്‍ ധീരോദാത്തം പൊരുതണമെന്ന് അവര്‍ മക്കളോട് പറഞ്ഞുകൊണ്ടിരുന്നു. യുദ്ധത്തില്‍ നാലു പേരും രക്തസാക്ഷികളായി. മക്കളുടെ വിയോഗവാര്‍ത്ത കേട്ടപ്പോള്‍ ആ മാതാവ് പറഞ്ഞു: 'അവരുടെ മരണത്തിലൂടെ എന്നെ ആദരിച്ച ലോകരക്ഷിതാവിന് സ്തുതി. രക്ഷിതാവ് തന്റെ കാരുണ്യഗേഹത്തില്‍ ഞങ്ങളെ ഒരുമിച്ചുകൂട്ടുമാറാകട്ടെ.' ഈ ത്യാഗമനസ്സിനുള്ള അംഗീകാരമായിട്ടാവണം, ഈ നാല് മക്കളുടെയും ശമ്പളം മാതാവ് മരിക്കുംവരെ അവര്‍ക്ക് അയച്ചുകൊണ്ടിരിക്കാന്‍ ഉമറുബ്‌നുല്‍ ഖത്ത്വാബ് ഉത്തരവിട്ടത്.

2. ഇബ്‌നു ഹബീബ് - മുഹബ്ബര്‍: 3/5. കൃത്യമായി പറഞ്ഞാല്‍, ബനൂ സിര്‍മ ബ്‌നു മുര്‍റ കുടുംബത്തില്‍നിന്ന്.

3. ബലാദുരി, അന്‍സാബ് I, No: 241, ഇബ്‌നു ഹിശാം. 55

4. സുഹൈലി I, 77

5. ബലാദുരി 10711080

6. സുഹൈലി I, 7677, ഇബ്‌നു ഹബീബ് - മുഹബ്ബര്‍ പേ: 48

7. ഇബ്‌നു ഹിശാം, പേ: 55

8. അല്‍ അന്‍വാര്‍ വ മഹാസിനുല്‍ അശ്ആര്‍ (കുവൈത്ത്, 1977) I, 120126

9. ഇബ്‌നു ഹബീബ്, മുഹമ്മഖ്, പേ; 306

10. ഇബ്‌നു ഹിശാം, പേ; 770

11. ഇബ്‌നു ഹബീബ്, മുഹമ്മഖ്, 164-166

12. അതേ പുസ്തകം, പേ: 70

13. അതേ പുസ്തകം പേ: 316

14. മുഹബ്ബര്‍, പേ: 234-5

15. ബലാദുരി, അന്‍സാബ് No: 241

16. ഇബ്‌നു ഹിശാം പേ: 539-40. ഈ സംഭവം മൂന്ന് മാസം കഴിഞ്ഞ് നടക്കുന്നതായാണ് ഇബ്‌നു സഅ്ദ് (II/i, p: 21) രേഖപ്പെടുത്തുന്നത്. മാസങ്ങള്‍ നിര്‍ണയിക്കുന്നതിലെ സങ്കീര്‍ണതകളാണ് ഇതിനു കാരണമെന്ന് നാം നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്.

17. ഇബ്‌നു മുഹാജിര്‍, അല്‍ മുസ്തബ്‌സ്വര്‍ I, 145

18. മുഹബ്ബര്‍ പേ: 499-500

19. ഇബ്‌നു ഹിശാം, പേ; 55

20. ബലാദുരി - അന്‍സാബ് I, No. 679

21. അതേ പുസ്തകം, ഖണ്ഡിക 680

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (47-49)
എ.വൈ.ആര്‍

ഹദീസ്‌

തിരിച്ചറിവ് നല്‍കുന്ന ജ്ഞാനം
അര്‍ശദ് കാരക്കാട്