Prabodhanm Weekly

Pages

Search

2018 മെയ് 11

3051

1439 ശഅ്ബാന്‍ 24

അഹ്‌ലുസ്സുന്നഃ ഇമാം മാതുരീദിയുടെ കാഴ്ചപ്പാടുകള്‍

ഇ.എന്‍ ഇബ്‌റാഹീം

അഹ്‌ലുസ്സുന്നയുടെ മൗലിക തത്ത്വങ്ങള്‍ സംബന്ധിച്ചുള്ള ഇമാം മാതുരീദിയുടെ കാഴ്ചപ്പാടുകള്‍ പഠനവിധേയമാക്കേിയിരിക്കുന്നു. ഇമാം നസഫി തന്റെ അല്‍ അഖാഇദില്‍ ആ കാഴ്ചപ്പാടുകള്‍ ഇങ്ങനെ വിവരിക്കുന്നു:

1. വസ്തു യാഥാര്‍ഥ്യം സ്ഥിരീകരിക്കപ്പെട്ടതാണ്. അതു സംബന്ധിച്ച അറിവും യാഥാര്‍ഥ്യമാണ്.

2. അറിവ് ലഭിക്കാവുന്ന മാര്‍ഗങ്ങള്‍ മൂന്നാണ്. കുറ്റമറ്റ ഇന്ദ്രിയങ്ങള്‍, സത്യപ്രസ്താവം, ബുദ്ധി എന്നിവ.  ഇന്ദ്രിയങ്ങള്‍ അഞ്ചാണ്. കേള്‍വി, കാഴ്ച, ഘ്രാണം, രുചി, സ്പര്‍ശം. ഓരോ ഇന്ദ്രിയവും എന്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടുവോ അതിനു വേണ്ടിയാവും അത് ഉപയോഗിക്കുന്നത്. 

3. സത്യപ്രസ്താവം രണ്ടിനമുണ്ട്. ഒന്ന്, മുതവാതിറാണ്. അസത്യം പറയാന്‍ ഒന്നിക്കുമെന്ന് ഊഹിക്കാന്‍ പോലുമാവാത്ത അത്രയും ആളുകള്‍ വഴി സ്ഥിരപ്പെട്ട പ്രസ്താവത്തിനാണ് മുതവാതിര്‍ എന്ന് പറയുന്നത്. കടന്നുപോയ രാജഭരണങ്ങള്‍, അകലെയുള്ള നാടുകള്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഈ നിലക്ക് അനിഷേധ്യ ജ്ഞാനം നല്‍കുന്നുവെന്നു പറയാം. അമാനുഷിക സംഭവങ്ങളാല്‍ പിന്‍ബലം ലഭിച്ച ദൈവദൂതന്റെ പ്രസ്താവനയാണ് രണ്ടാമത്തെ ഇനം. അത് പ്രമാണബദ്ധ വിജ്ഞാനത്തെ അനിവാര്യമാക്കുന്നു. ദൃഢബോധ്യത്തിന്റെ കാര്യത്തിലും സ്ഥിരീകരണത്തിന്റെ കാര്യത്തിലും അനിഷേധ്യ ജ്ഞാനം പോലെ തന്നെയാണ് ഇതുവഴി ലഭിക്കുന്ന അറിവും. ബുദ്ധിയും അറിവ് നേടാനുള്ള ഒരു വഴിയാണ്. അതുവഴി പ്രഥമ നിരീക്ഷണത്തില്‍ തന്നെ ലഭിക്കുന്ന അറിവും അനിഷേധ്യം തന്നെ. സാകല്യം ശകലത്തേക്കാള്‍ വലുതാണെന്നുമുള്ള അറിവ് ഉദാഹരണം.

4. ലോകം അതിന്റെ മുഴുവന്‍ ശകലങ്ങളോടുമൊപ്പം സൃഷ്ടമാണ്. അത് വസ്തുവും മാനങ്ങളുമടങ്ങിയതാണ് എന്നതാണ് കാരണം. അത് സംഘടിതമാവാം; അല്ലാത്തതുമാകാം. മൂലകം ഉദാഹരണം. മാനമാണ് മറ്റൊന്ന്. സ്വയം നിലനില്‍പില്ലാത്തത്. അത് ജഡത്തിലും മൂലകങ്ങളിലുമൊക്കെയായാണ് ആവിര്‍ഭവിക്കുന്നത്. വര്‍ണം, ചലനം, ചലനരാഹിത്യം, ഒത്തുചേരല്‍, വേര്‍പിരിയല്‍ തുടങ്ങിയ അവസ്ഥകള്‍ പോലെ. രുചിയും ഗന്ധവും അപ്രകാരം തന്നെ.

5. ലോകത്തിന് ഉണ്മയേകിയത് അല്ലാഹുവാണ്. അവന്‍ ഏകന്‍. അനാദ്യന്‍, നിത്യ ജീവനുള്ളവന്‍, സര്‍വജ്ഞന്‍, സര്‍വശ്രോതാവ്, സര്‍വദ്രഷ്ടാവ്, തീരുമാനമെടുക്കുന്നവന്‍, ഉദ്ദേശിക്കുന്നവന്‍ എല്ലാമാണ്. അവന്‍ ജഡമല്ല, മൂകവുമല്ല. സ്വരൂപനല്ല, സീമാധീനനല്ല, സാംഖ്യമല്ല, ശകലിതമല്ല, സകലിതമല്ല, അംശിക്കാവുന്നതുമല്ല. സങ്കലിനമല്ല, സീമിതനല്ല. വര്‍ഗത്തോടു ചേര്‍ന്നു പറയാവുന്നവനല്ല. എങ്ങനെ എന്ന് പറയാവുന്നവനല്ല. സ്ഥലാധീനനല്ല, കാലാധീനനുമല്ല. ഒന്നും അവനോട് സാമ്യത പുലര്‍ത്തുന്നില്ല. അവന്റെ അറിവിനും കഴിവിനും അതീതമായി ഒന്നുമില്ല. അവന് അവനില്‍തന്നെ കുടികൊള്ളുന്ന അനാദി ഗുണങ്ങളാണുള്ളത്.

അല്ലാഹുവിന്റെ അനാദി ഗുണങ്ങള്‍ ഇവയാണ്: അറിവ്, കഴിവ്, ജീവന്‍, ശക്തി, കേള്‍വി, കാഴ്ച, ഉദ്ദേശ്യം, തീരുമാനം, പ്രവൃത്തി, സൃഷ്ടിപ്പ്, ഭക്ഷണദാനം, ഭാഷണം.

7. അവന്‍ ഭാഷിക്കുന്നവനാണ്. അത് അവന്റെ അനാദി ഗുണമാണ്. അക്ഷരവും ശബ്ദവുമായി അതിന് ബന്ധമില്ല. അതായത് കല്‍പിക്കുകയും നിരോധിക്കുകയും പ്രസ്താവിക്കുകയും ചെയ്യുന്നവനാണ് അല്ലാഹു.

8. ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടമല്ലാത്ത ഭാഷണമാണ്. മുസ്വ്ഹഫുകളില്‍ രേഖപ്പെടുത്തിയതും ഹൃദയങ്ങളില്‍ സൂക്ഷിക്കപ്പെട്ടതും നാവു കൊണ്ട് ഉരുവിടുന്നതും കാതു കൊണ്ട് കേള്‍ക്കാവുന്നതും എന്നാല്‍ അതിലൊന്നിലും ഭവിച്ചിട്ടില്ലാത്തതുമായ ഒന്നാണ് ഖുര്‍ആന്‍.

9. ഉണ്മയേകുക എന്നതും അല്ലാഹുവിന്റെ അനാദിയായ ഗുണമാണ്. ലോകത്തെ അതിന്റെ മുഴുവന്‍ ഘടകങ്ങളോടുമൊപ്പം ഉണ്ടാവേണ്ട സമയത്ത് തന്റെ അറിവും ഉദ്ദേശ്യവുമനുസരിച്ച് ഉണ്ടാക്കുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറ്റൊരാളാല്‍ ഉണ്മ നല്‍കപ്പെട്ടിട്ടുള്ളവനല്ല അവന്‍.

10. അല്ലാഹുവില്‍ സ്ഥായീഭാവമുണ്ട്. ഒരു അനാദിയായ ഗുണമാണ് ഉദ്ദേശ്യം എന്നത്.

11. നഗ്നനേത്രം കൊ് അല്ലാഹുവിനെ കാണുക എന്നത് ബുദ്ധിപരമായി സാധ്യതയുള്ള കാര്യമാണ്. ഉദ്ധൃത തെളിവുകളനുസരിച്ച് അനിവാര്യമായി സംഭവിക്കുന്നതുമാണ്. പരലോകത്ത് അനിവാര്യമായും വിശ്വാസികള്‍ അല്ലാഹുവിനെ കണ്ണാല്‍ കാണുമെന്നതിന് ശ്രവ്യ തെളിവുകളുണ്ട്. അതായത് സ്ഥലം, കാരണ ബന്ധം, അല്ലാഹുവിനും പ്രേക്ഷകനും ഇടക്കുള്ള അകലം എന്നീ പരിഗണനകളൊന്നുമില്ലാതെ അവനെ കാണാന്‍ കഴിയും.

12.നിഷേധം, വിശ്വാസം, അനുസരണം, ധിക്കാരം തുടങ്ങിയ മനുഷ്യന്റെ പ്രവൃത്തികളുടെയത്രയും സ്രഷ്ടാവ് അല്ലാഹുവാണ്.

13. മനുഷ്യരുടെ പ്രവൃത്തികളത്രയും സംഭവിക്കുന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യം, തീരുമാനം, വിധിതീര്‍പ്പ്, നിര്‍ണയം, കണക്കാക്കല്‍ എന്നിവ വഴിയാണ്.

14. മനുഷ്യരുടേത് സ്വതന്ത്ര പ്രവര്‍ത്തനമാണ്. അതിന്റെ പേരില്‍ അവന് പ്രതിഫലം ലഭിച്ചിരിക്കും. തെറ്റിന് ശിക്ഷയും ലഭിച്ചിരിക്കും. അതിലെ നല്ല കാര്യങ്ങള്‍ അല്ലാഹുവിന്റെ തൃപ്തിക്കൊത്ത് സംഭവിക്കുന്നു. അതിലെ ചീത്ത കാര്യങ്ങള്‍ അവന്റെ തൃപ്തിയനുസരിച്ചല്ല സംഭവിക്കുന്നത്.

15 കഴിവ് പ്രവൃത്തിയോടൊപ്പമാണ് ലഭിക്കുന്നത്. പ്രവൃത്തി സാധ്യമാവുന്ന യഥാര്‍ഥ കഴിവ് അതാണ്. കാരണങ്ങളും ഉപകരണങ്ങളും അവയവങ്ങളും സുരക്ഷിതമായിരിക്കുന്ന അവസ്ഥക്കാണ് കഴിവ് എന്ന് പറയുന്നത്. ബാധ്യതാ സാധൂകരണം ഈ കഴിവിനെ ആസ്പദിച്ചാണിരിക്കുന്നത്.

16. മനുഷ്യനെ അവന്റെ കഴിവില്‍പെടാത്തത് ബാധ്യതപ്പെടുത്തുകയില്ല.

17. മറ്റൊരാള്‍ അടിച്ചാല്‍ അടികിട്ടിയ ആള്‍ക്ക് അനുഭവപ്പെടുന്ന വേദനയും ഉടച്ചു കഴിഞ്ഞാല്‍ പളുങ്കില്‍ സംഭവിക്കുന്ന ഉടയലും മറ്റു സമാന കാര്യങ്ങളുമെല്ലാം അല്ലാഹുവിന്റെ സൃഷ്ടിയാണ്.

18. വധിക്കപ്പെടുന്നവനും അവധി എത്തിയതിനെ തുടര്‍ന്നാണ് മരിക്കുന്നത്.

19. നിഷിദ്ധമായതും അല്ലാഹുവിനാല്‍ നല്‍കപ്പെട്ട ഭക്ഷണമാണ്.

20. അനുവദനീയമോ നിഷിദ്ധമോ ഏതുമാവട്ടെ ഏതൊരാളും തന്റെ ഭക്ഷണം പൂര്‍ണമായും നേടിയിരിക്കും.

21. ആരും സ്വന്തം ഭക്ഷണം ഭക്ഷിക്കാതെ പോവുന്നില്ല, ആരും മറ്റാരുടെയും ഭക്ഷണം ഭക്ഷിക്കുന്നുമില്ല.

22. സന്മാര്‍ഗ പ്രാപ്തിയും മാര്‍ഗഭ്രംശവും സൃഷ്ടിക്കുക എന്ന അര്‍ഥത്തില്‍ താനുദ്ദേശിച്ചവരെ സന്മാര്‍ഗത്തിലാക്കുന്നതും ദുര്‍മാര്‍ഗത്തിലാക്കുന്നതും അല്ലാഹുവാണ്.

23. മനുഷ്യന് ഏറ്റവും അനുയോജ്യമായതെന്തോ അത് പ്രവര്‍ത്തിക്കുക എന്നത് അല്ലാഹുവിന്റെ ബാധ്യതയല്ല.

24. നിഷേധികള്‍ക്കും പാപികളായ വിശ്വാസികള്‍ക്കും ഖബ്‌റില്‍ ശിക്ഷ ലഭിക്കും. അല്ലാഹുവിന് വിധേയപ്പെട്ട് ജീവിക്കുന്നവര്‍ക്ക് അല്ലാഹുവിന് തന്നെ അറിയാവുന്നതിനൊത്തും അവന്‍ ഉദ്ദേശിക്കുന്നതിനൊത്തും ഖബ്‌റില്‍ അനുഗ്രഹം ലഭിച്ചുകൊണ്ടിരിക്കും. മുന്‍കര്‍, നകീര്‍ എന്നീ മലക്കുകള്‍ ഖബ്‌റില്‍ വെച്ച് ചോദ്യം ചെയ്യും. ഇതെല്ലാം തെളിവുകള്‍ വഴി സ്ഥാപിതമായ സത്യങ്ങളാണ്.

25. കര്‍മങ്ങള്‍ തൂക്കുമെന്നത് സത്യമാണ്. രേഖ സത്യമാണ്. വിചാരണ സത്യമാണ്. ഹൗദ് സത്യമാണ്. സ്വിറാത്ത് സത്യമാണ്. സ്വര്‍ഗനരകങ്ങള്‍ സത്യമാണ്. അവ രണ്ടും സൃഷ്ടാവും നിലവിലുള്ളതുമാണ്. അവ രണ്ടും നശിക്കാതെ നിലനില്‍ക്കും. 

26. മഹാ പാപം വിശ്വാസിയെ വിശ്വാസിയല്ലാതാക്കുന്നില്ല. അവനെ നിഷേധത്തിലെത്തിക്കുന്നുമില്ല. ശിര്‍ക്ക് അല്ലാഹു 

പൊറുക്കുകയില്ല. മറ്റു പാപങ്ങള്‍ ചെറുതും വലുതുമെല്ലാം താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുത്തേക്കും. ചെറിയ പാപത്തിനും

ശിക്ഷ നല്‍കിയെന്നും വരാം.

27. വലിയ പാപം പൊറുക്കുമെന്ന് പറഞ്ഞത്, അനുവദനീയമാണെന്ന് വിശ്വസിച്ചുകൊണ്ടല്ല. അത് ചെയ്തതെങ്കില്‍ മാത്രമാണ്. പാപം അനുവദനീയമെന്ന് വിശ്വസിക്കുന്നത് സത്യനിഷേധമാണ്.

28. മഹാപാപികളുടെ കാര്യത്തില്‍ പ്രവാചകന്മാര്‍ ശിപാര്‍ശ ചെയ്യുമെന്നത് പ്രവാചക വചനങ്ങള്‍ വഴി സ്ഥാപിതമായതാണ്. 

29. വിശ്വാസികളായ മഹാപപികള്‍ നരകത്തിലെ നിത്യവാസികളല്ല. 

30. അല്ലാഹുവില്‍നിന്ന് നബി(സ) കൊുവന്ന മുഴുവന്‍ കാര്യങ്ങളും സത്യമാണെന്ന് സത്യപ്പെടുത്തലും അംഗീകരിക്കലുമാണ് ഈമാന്‍.

31. സത്യപ്പെടുത്തുക, സമ്മതിക്കുക എന്നീ രണ്ടു കാര്യങ്ങള്‍ നടന്നുകഴിഞ്ഞാല്‍ സത്യമായും ഞാനൊരു മുഅ്മിന്‍/വിശ്വാസി ആണെന്ന് ഒരു വ്യക്തിക്ക് പറയാം. എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ ഞാന്‍ മുഅ്മിനായിരിക്കും എന്ന് പറയാവതല്ല.

32. വിജയി പരാജിതനും, പരാജിതന്‍ വിജയിയുമായി ആയെന്നു വരാം. അവ രണ്ടും അല്ലാഹുവിന്റെ ഗുണങ്ങളാണ്. അല്ലാഹുവിന്റെ ഗുണങ്ങള്‍ മാറുന്നില്ല.

33. പ്രവാചക നിയോഗത്തില്‍ യുക്തിയുണ്ട്. സന്തോഷ വാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരും ദീനിന്റെയും ദുന്‍യാവിന്റെയും കാര്യങ്ങള്‍ വിശദീകരിക്കുന്നവരുമായാണ് അല്ലാഹു ദൂതന്മാരെ നിയോഗിച്ചിരിക്കുന്നത്.

34. സാധാരണ സംഭവങ്ങളില്‍നിന്ന് വ്യത്യസ്തമായ അസാധാരണ കാര്യങ്ങള്‍ വഴി അല്ലാഹു പ്രവാചകന്മാരെ ബലപ്പെടുത്തിയിട്ടുണ്ട്.

35. ആദ്യപ്രവാചകന്‍ ആദമും അവസാന പ്രവാചകന്‍ മുഹമ്മദ് നബിയുമാണ്.

36. അവര്‍ എല്ലാവരും തന്നെ അല്ലാഹുവിനെ സംബന്ധിച്ച് വിവരം നല്‍കുന്നവരും അവനില്‍നിന്നുള്ള സന്ദേശം എത്തിച്ചുകൊടുക്കുന്നവരും സത്യം മാത്രം പറയുന്നവരും ഗുണകാംക്ഷികളുമായിരുന്നു. പ്രവാചകന്മാരില്‍ അതിശ്രേഷ്ഠന്‍ മുഹമ്മദ് നബിയാണ്.

37. മലക്കുകള്‍ അല്ലാഹുവിന്റെ അടിയാറുകളും അവന്റെ കല്‍പനകള്‍ക്കൊത്ത് പ്രവര്‍ത്തിക്കുന്നവരുമാണ്. അവരെ സ്ത്രീയെന്നോ പുരുഷനെന്നോ വിശേഷിപ്പിക്കാവതല്ല.

38. അല്ലാഹു പ്രവാചകന്മാര്‍ക്ക് ഗ്രന്ഥങ്ങള്‍ ഇറക്കിക്കൊടുത്തിട്ടുണ്ട്. ആ ഗ്രന്ഥങ്ങളിലുള്ളത് അവന്റെ കല്‍പനാ നിരോധങ്ങളും വാഗ്ദാനങ്ങളും താക്കീതുകളുമാണ്.

39. നബി(സ) ഉണര്‍ന്നിരിക്കെ തന്നെ സംഭവിച്ചിട്ടുള്ളതും തന്റെ ഭൗതിക ശരീരത്തോടു കൂടിയുള്ളതുമായ, ആകാശത്തേക്കും പിന്നെ അല്ലാഹു ഉദ്ദേശിച്ച ഉന്നത സ്ഥലങ്ങളിലേക്കുമുള്ള മിഅ്‌റാജ് (ആരോഹണം) സത്യമാണ്.

40. സജ്ജനങ്ങള്‍ക്ക് (ഔലിയാക്കള്‍) കറാമത്ത് ഉണ്ടാവുമെന്നത് യാഥാര്‍ഥ്യമാണ്. കുറഞ്ഞ സമയം കൊ് വിദൂര വഴികള്‍ താണ്ടിക്കടക്കുക, ആവശ്യമുള്ളപ്പോള്‍ ഭൗതിക ഇടപെടലില്ലാതെ തന്നെ ഭക്ഷണ പാനീയങ്ങള്‍ ലഭിക്കുക തുടങ്ങി സാധാരണക്ക് വിരുദ്ധമായ സംഗതികള്‍ സജ്ജനത്തിന് കറാമത്തായി പ്രത്യക്ഷപ്പെടാം. ഏതൊരു പ്രവാചകന്റെ സമൂഹത്തിലെ സജ്ജനത്തിനാണോ കറാമത്ത് അനുഭവപ്പെട്ടിട്ടുള്ളത് അത് ആ പ്രവാചകന്റെ മുഅ്ജിസത്ത് കൂടിയാണ്. കാരണം ആ കറാമത്ത് വഴി അത് വെളിപ്പെട്ട വ്യക്തി സജ്ജനമാണെന്ന് തെളിയുന്നു.  പ്രവാചകന്‍ പഠിപ്പിച്ച ധര്‍മമനുഷ്ഠിക്കാതെ ഒരാളും വലിയ്യാവുന്നില്ല. അയാളനുഷ്ഠിക്കുന്ന ധര്‍മനിഷ്ഠ എന്നത് ആ പ്രവാചകന്റെ ദൗത്യത്തെ സമ്മതിക്കലാണ്.

41. നമ്മുടെ പ്രവാചകനു ശേഷം മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠവാന്‍ അബൂബക്ര്‍ സിദ്ദീഖും പിന്നെ ഉമറുബ്‌നുല്‍ ഖത്ത്വാബും ഉസ്മാനുബ്‌നു അഫ്ഫാനും പിന്നെ അലിയ്യുബ്‌നു അബീത്വാലിബുമാണ്. ഈ ക്രമത്തിലാണ് അവരുള്ളത്. അവരുടെ ഭരണവും ആ ക്രമത്തില്‍ തന്നെ.

42. മുസ്‌ലിംകള്‍ക്ക് ഒരു ഭരണാധികാരി (ഇമാം)അനിവാര്യമാണെന്നത് മുസ്‌ലിംകളുടെ ഏകകണ്ഠമായ (ഇജ്മാഅ്) അഭിപ്രായമാണ്. അവരുടെ നിയമങ്ങള്‍ നടപ്പിലാക്കുക, ശിക്ഷ നടപ്പിലാക്കുക, അതിര്‍ത്തി സംരക്ഷിക്കുക, സൈന്യത്തെ സജ്ജീകരിക്കുക, സ്വദഖകള്‍ സ്വീകരിക്കുക, കള്ളന്മാരെയും കൊള്ളക്കാരെയും അമര്‍ച്ചചെയ്യുക, ജുമുഅ -പെരുന്നാള്‍ എന്നിവ നിലനിര്‍ത്തുക, അവകാശ സ്ഥാപനാര്‍ഥം സമര്‍പ്പിക്കുന്ന സാക്ഷ്യങ്ങള്‍ സ്വീകരിക്കുക, രക്ഷിതാക്കളില്ലാത്ത ചെറുപ്പക്കാര്‍ക്കും ചെറുപ്പക്കാരികള്‍ക്കും വിവാഹം നടത്തിക്കൊടുക്കുക, യുദ്ധാര്‍ജിത സമ്പത്ത് വീതിച്ചുനല്‍കുക എന്നിവയെല്ലാം ആ ഇമാമിന്റെ ബാധ്യതയാണ്. ഈ ഇമാം പ്രത്യക്ഷനായിരിക്കണം. അയാള്‍ ഒളിഞ്ഞിരിക്കുന്നവനോ വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നവനോ ആകാവതല്ല. ഇമാം ഖുറൈശി ഗോത്രത്തില്‍നിന്നാവണം. ഹാശിമിയാവുക നിര്‍ബന്ധമല്ല. പാപസുരക്ഷിതനോ സമകാലികരില്‍ അതിശ്രേഷ്ഠനാവുക എന്നതും നിര്‍ബന്ധമല്ല. പൂര്‍ണവും സ്വതന്ത്രവുമായ അധികാരം കൈയാളാന്‍ യോഗ്യനായിരിക്കണം. നയനൈപുണിയുള്ളവനും കാര്യങ്ങള്‍ കൈയാളാനും നിയമങ്ങള്‍ നടപ്പില്‍ വരുത്താനും ഇസ്‌ലാമിക രാഷ്ട്രാതിര്‍ത്തികള്‍ സംരക്ഷിക്കാനും മര്‍ദകനില്‍നിന്ന് മര്‍ദിതന് അവകാശങ്ങള്‍ നേടിക്കൊടുക്കാനും യോഗ്യതയുള്ളവനായിരിക്കണം. അധാര്‍മികത, അനീതി എന്നീ കാര്യങ്ങളാല്‍ അയാള്‍ അധികാരത്തില്‍നിന്ന് സ്വയം നിഷ്‌കാസിതനാവുകയില്ല.

43. ഏത് ശിഷ്ടന്റെയും ദുഷ്ടന്റെയും പിന്നില്‍ നമസ്‌കരിക്കാവുന്നതാണ്. ഏത് ശിഷ്ടന്റെയും ദുഷ്ടന്റെയും  ജനാസ നമസ്‌കരിക്കുകയും വേണം.

44. നബി(സ)യുടെ അനുചരന്മാരെ കുറ്റപ്പെടുത്തി സംസാരിക്കാവതല്ല.

45. നബി(സ) സ്വര്‍ഗം ലഭിക്കുമെന്ന് സന്തോഷ വാര്‍ത്ത അറിയിച്ച പത്തു പേര്‍ക്കും സ്വര്‍ഗം ലഭിക്കുമെന്ന് വിശ്വാസികളും സാക്ഷ്യപ്പെടുത്തണം.

46. നാട്ടിലായാലും യാത്രയായിലായാലും കാലുറ തടവാവുന്നതാണ്.

47. ഒരു സച്ചരിതനും പ്രവാചകന്റെ സ്ഥാനത്തെത്തിച്ചേരുകയില്ല.

48. ഒരു സച്ചരിതനും കല്‍പനാ നിരോധങ്ങള്‍ ബാധകമല്ലാത്ത സ്ഥാനത്തെത്തുകയുമില്ല.

49. ഖുര്‍ആനിലെയും സുന്നത്തിലെയും പ്രതിപാദനങ്ങള്‍ (നസ്സ്വ്) അവയുടെ ബാഹ്യാര്‍ഥത്തില്‍ വേണം മനസ്സിലാക്കാന്‍. ബാഹ്യാര്‍ഥം വിട്ട് അവക്ക് ബാത്വിനികള്‍ (ശീഈകളിലെ ഒരു വിഭാഗം) നല്‍കുന്ന ആന്തരാര്‍ഥം നല്‍കുന്നത് കടുത്ത നിഷേധമാണ്. നസ്സ്വിനെ തള്ളിപ്പറയുക എന്നതും നിഷേധമാണ്. പാപത്തെ അനുവദനീയമായി ഗണിക്കുന്നത് നിഷേധമാണ്. പാപത്തെ നിസ്സാരമായി കാണുന്നതും നിഷേധമാണ്. നിയമത്തെ പരിഹസിക്കുന്നത് നിഷേധമാണ്. അല്ലാഹുവിനെക്കുറിച്ച് നിരാശ പ്രകടിപ്പിക്കുന്നത് നിഷേധമാണ്. അല്ലാഹുവിനെക്കുറിച്ച് ഭയമില്ലാതിരിക്കുക എന്നതും നിഷേധമാണ്. അദൃശ്യജ്ഞാനവുമായി ബന്ധപ്പെടുത്തി ജ്യോത്സ്യന്‍ പറഞ്ഞത് സത്യമെന്ന് വിശ്വസിക്കുന്നത് നിഷേധമാണ്.

50. ഇല്ലാത്തത് ഒന്നുമല്ല.

51. മരണമടഞ്ഞവരുടെ നന്മക്കായി ജീവിച്ചിരിക്കുന്നവര്‍ നടത്തുന്ന പ്രാര്‍ഥനയും ദാനവും അവര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ്.

52. അല്ലാഹുവാണ് പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നവന്‍. ആവശ്യങ്ങള്‍ സാധിച്ചുതരുന്നതും അവന്‍തന്നെ.

53. ദജ്ജാലിന്റെ പുറപ്പാട്, ദാബ്ബത്തുല്‍ അര്‍ദിന്റെ പുറപ്പാട്, യഅ്ജൂജ്-മഅ്ജൂജിന്റെ പുറപ്പാട്, ഉപരിലോകത്തുനിന്നുള്ള ഈസാ നബിയുടെ ഇറക്കം, സൂര്യന്‍ പടിഞ്ഞാറുനിന്ന് ഉദിക്കല്‍ തുടങ്ങി അന്ത്യദിന ലക്ഷണങ്ങളായി നബി(സ) പറഞ്ഞ കാര്യങ്ങളത്രയും സത്യമാണ്.

54. മുജ്തഹിദിന് തെറ്റാം. ശരി കണ്ടെത്തിയെന്നും വരാം.

55. മനുഷ്യരില്‍നിന്നുള്ള ദൂതന്മാരാണ് മലക്കുകളില്‍നിന്നുള്ള ദൂതന്മാരേക്കാള്‍ ശ്രേഷ്ഠര്‍. മലക്കുകളില്‍നിന്നുള്ള ദൂതന്മാര്‍ സാധാരണ മനുഷ്യരേക്കാള്‍ ശ്രേഷ്ഠരാണ്. മനുഷ്യരിലെ സാധാരണക്കാര്‍ മലക്കുകളിലെ സാധാരണക്കാരേക്കാള്‍ ശ്രേഷ്ഠരാണ്.

ഇത്രയും ഉദ്ധരിച്ചത് ഉമര്‍ നസഫിയുടെ 'അഖാഇദ്' എന്ന ഗ്രന്ഥത്തില്‍നിന്നാണ്. അശ്അരിയുടെതായി വന്ന അഹ്‌ലുസ്സുന്നയുടെ വിശ്വാസ പ്രമാണങ്ങള്‍ നേരത്തേ വിശദീകരിച്ചിരുന്നുവല്ലോ. ഇപ്പോള്‍ വിശദീകരിച്ചത് രും തമ്മിലുള്ള അന്തരം പരിശോധിച്ചാല്‍ ബോധ്യമാവും, ആദ്യത്തേത് ഖുര്‍ആന്‍-ഹദീസുകളില്‍ വിവരിച്ചത് അതേവിധം പെറുക്കിയെടുത്ത് ക്രമപ്പെടുത്തി പറഞ്ഞതാണെങ്കില്‍, രണ്ടാമത്തേത് ഖുര്‍ആന്‍-ഹദീസുകളിലെ വിവരണത്തോടൊപ്പം തര്‍ക്കശാസ്ത്ര വിശകലന രീതികളെയും കാര്യങ്ങള്‍ സമര്‍ഥിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടെന്ന്.

സലഫി രീതിയനുസരിച്ച് മനുഷ്യന് പരലോക രക്ഷ എളുപ്പമാണ്; ലളിതവും. ഇസ്‌ലാമിന്റെ മൗലിക തത്ത്വങ്ങളും പ്രാഥമികാനുഷ്ഠാനങ്ങളും കൈക്കൊള്ളുകയും അതില്‍ വീഴ്ച വരുത്താതിരിക്കുകയും ചെയ്യുക. അത്രയുമായാല്‍ അയാള്‍ക്ക് പരലോകം സുരക്ഷിതമാക്കാം. ഇമാം ബുഖാരി ഉദ്ധരിക്കുന്നു: ''ത്വല്‍ഹതുബ്‌നു ഉബൈദുല്ല പറഞ്ഞു: ഒരാള്‍ നബിയെ സമീപിച്ചു. ഇസ്‌ലാമിനെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു അദ്ദേഹം. നിത്യവും അഞ്ചു നമസ്‌കാരം, റമദാനിലെ നോമ്പ്, സകാത്ത്, പിന്നെ അതുമായി ബന്ധപ്പെട്ട സുന്നത്തും. നബി(സ) വിവരിച്ചു. ആള്‍ തിരിച്ചുപോയി. പോകുമ്പോള്‍ അയാള്‍ പറഞ്ഞു: ഇപ്പറഞ്ഞതില്‍ ഒന്നും കൂട്ടാനും കുറക്കാനും ഞാനില്ല. അയാള്‍ തിരിച്ചുപോയപ്പോള്‍ അയാളെ നോക്കി നബി(സ) പ്രതികരിച്ചു. പറഞ്ഞത് പാലിക്കുമെങ്കില്‍ ആള്‍ വിജയിച്ചു'' (ബുഖാരി കിതാബുല്‍ ഈമാന്‍ 34/ 46).

ജിബ്‌രീലിന്റെ സാന്നിധ്യം പരാമര്‍ശിക്കപ്പെടുന്ന ഹദീസ് പ്രസിദ്ധമാണ്. അതില്‍ ഈമാന്‍, ഇസ്‌ലാം, ഇഹ്‌സാന്‍ എന്നിവ വിശദീകരിക്കുന്നു. ഹദീസിന്റെ അവസാനം നബി(സ) പറയുന്നത്, ആഗതന്‍ ജിബ്‌രീലായിരുന്നു, നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ പഠിപ്പിക്കാന്‍ വന്നതാണ് അദ്ദേഹം എന്നാണ്. നബി(സ) പഠിപ്പിച്ചതാണ് സ്വഹാബിമാര്‍ കര്‍മരംഗത്തെന്ന പോലെ ആദര്‍ശരംഗത്തും കൈക്കൊണ്ടത്. അവര്‍ വ്യാഖ്യാനങ്ങളെയല്ല, നബി(സ)യുടെ വാക്കുകളെയാണ് പിന്തുടര്‍ന്നത്. അവര്‍ അത് അതേപടി അംഗീകരിച്ചു. സത്യപ്പെടുത്തി. അതിനൊത്ത് പ്രവര്‍ത്തിച്ചു. ഈ ലോകത്ത് വിജയഗാഥ രചിച്ചു. പരലോകവും ഭാസുരമാക്കി.

ഇനി അശ്അരി-മാതുരീദി രീതി സ്വീകരിക്കുന്നവര്‍ക്കേ രക്ഷപ്പെടാനാവൂ എന്നാണെങ്കില്‍ അവിടെ രണ്ട് പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുന്നു. ഒന്ന്, നബി(സ) പഠിപ്പിച്ച തനതു രീതി സ്വീകരിച്ച് രക്ഷപ്പെടാവുന്നത് ഹിജ്‌റയുടെ മൂന്ന് നൂറ്റാണ്ടുകളിലായി ജീവിച്ചവര്‍ക്ക് മാത്രമാണ്; ശേഷമുള്ളവര്‍ അശ്അരിയും മാതുരീദിയും പറഞ്ഞതനുസരിച്ച് നീങ്ങിയാലേ വിജയിക്കൂ എന്ന് വരും. ഇത് ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമാണ്.

രണ്ട്, അശ്അരി-മാതുരീദി രീതിയനുസരിച്ച് ആദര്‍ശ ചര്‍ച്ച തുടങ്ങുന്നത് മൂലകങ്ങള്‍, മാനങ്ങള്‍, ഏക മൂലകം, മൂലക സാകല്യം തുടങ്ങി തര്‍ക്കശാസ്ത്ര സംജ്ഞകള്‍ കൊണ്ടുവന്നാണ്. അതിന്റെയൊക്കെ അടിത്തറയില്‍ കെട്ടിപ്പൊക്കിയ വിശ്വാസ കാര്യങ്ങള്‍ മനുഷ്യന്റെ വൈകാരിക തലത്തെ തെല്ലും സ്പര്‍ശിക്കാത്ത വാഗ്വിലാസം. കേള്‍ക്കുമ്പോള്‍ സാധാരണക്കാരന്‍ വാ പൊളിച്ചുനില്‍ക്കേണ്ട അവസ്ഥ. അതില്‍ തന്നെയും അത്രയൊന്നും പ്രാഗത്ഭ്യമില്ലാത്ത പണ്ഡിതന്മാര്‍ക്ക് തന്നെയും പിടികിട്ടാത്ത കാര്യങ്ങളാണ് ഏറെയും. അതൊക്കെയും ചൊല്ലിപ്പഠിച്ചുവേണം ഒരാള്‍ തൗഹീദ് മനസ്സിലാക്കാന്‍, എങ്കിലേ അയാള്‍ അഹ്‌ലുസ്സുന്നത്തുകാരന്‍ ആവൂ എന്നൊക്കെയാണല്ലോ ഇവര്‍ ഈ പറയുന്നതിന്റെ പൊരുള്‍. അതാകട്ടെ, ഈ പാരാവാരത്തില്‍ അങ്ങേയറ്റം മുങ്ങിത്തപ്പിയ പ്രഗത്ഭ പണ്ഡിതന്മാര്‍ അവസാനം ജീവിതം തന്നെ പാഴായിക്കഴിഞ്ഞല്ലോ എന്ന് മനസ്സിലാക്കി തള്ളിപ്പറയുകയും മനം നൊന്ത് പശ്ചാത്തപിക്കുകയും ചെയ്ത ഒരു വിഷയം കൂടിയാണ് ഇല്‍മുല്‍ കലാം (വചന ശാസ്ത്രം) എന്നത് മറക്കരുത്. അതിനാല്‍ തന്നെ ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ ഇജ്മാഇന്റെയോ പിന്‍ബലമില്ലാത്ത ഒരു കേവല വാദം മാത്രമാണത്. കവിഞ്ഞാല്‍ ചില പണ്ഡിതന്മാര്‍ക്ക് അങ്ങനെ അഭിപ്രായമുണ്ടെന്നു പറയാം. അവരാകട്ടെ ഈ വിഷയത്തില്‍ അത്രത്തോളം ആധികാരികതയുള്ളവരല്ലതാനും. പ്രാമാണിക പണ്ഡിതന്മാരാരും തന്നെ അത്തരമൊരു കാഴ്ചപ്പാട് പ്രകടിപ്പിച്ചിട്ടുമില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (47-49)
എ.വൈ.ആര്‍

ഹദീസ്‌

തിരിച്ചറിവ് നല്‍കുന്ന ജ്ഞാനം
അര്‍ശദ് കാരക്കാട്