Prabodhanm Weekly

Pages

Search

2018 മെയ് 11

3051

1439 ശഅ്ബാന്‍ 24

എത്രമേല്‍ സ്വതന്ത്രമാണ് നമ്മുടെ നീതിപീഠങ്ങള്‍?

കെ.അമീന്‍ ഹസന്‍

പാര്‍ലമെന്റും അനുബന്ധ സംവിധാനങ്ങളും ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ അനുഭവങ്ങള്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇരുണ്ട ഏടായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവിടെ ജൂഡിഷ്യറിയാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ സംരക്ഷിച്ചുനിര്‍ത്തിയത്. ജുഡീഷ്യറി മറ്റു ഭരണകൂട സംവിധാനങ്ങളില്‍ നിന്ന് പൂര്‍ണമായും സ്വതന്ത്രമാവണമെന്ന് ഭരണഘടന വിഭാവന ചെയ്യുന്നു. അഴിമതി, സുതാര്യതയില്ലായ്മ, കേസുകള്‍ കെട്ടിക്കിടക്കുന്നത്, വിചാരണ തടവുകാരുടെ പെരുപ്പം എന്നിവയെല്ലാം ഇന്ത്യന്‍ ജുഡീഷ്യറിയുടെ പരിമിതികളായി പലഘട്ടങ്ങളില്‍ കോടതികള്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതോടൊപ്പം ജുഡീഷ്യറിയുടെ സ്വതന്ത്രാധികാരം ഭരണകൂടത്തിന് അടിയറവു വെക്കുന്നതും കേന്ദ്രസര്‍ക്കാര്‍ ന്യായാധിപ നിയമനത്തില്‍ ഇടപെടുന്നതുമെല്ലാം എഴുപതുകളില്‍, വിശേഷിച്ചും അടിയന്തരാവസ്ഥ കാലത്തും നാം കണ്ടു. ആ ഒരു ഘട്ടം ഒഴിച്ചുനിര്‍ത്തിയാല്‍  ഇന്ത്യന്‍ നീതിന്യായ സംവിധാനം കേന്ദ്രസര്‍ക്കാറിന് വിധേയപ്പെടുന്നു എന്ന തരത്തിലുള്ള വിമര്‍ശങ്ങളുയരുന്നത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷമാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ഭരണനിര്‍വഹണത്തില്‍ ന്യായാധിപര്‍ തന്നെ തുറന്ന വിമര്‍ശങ്ങളുന്നയിക്കുന്ന അസ്വാഭാവിക സാഹചര്യത്തില്‍ വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ന്യായാധിപന്മാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ചരിത്രത്തിലാദ്യമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നടപടിക്കായി പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തി. അവിടെയും അസ്വാഭാവിക നടപടികളിലൂടെ ചീഫ് ജസ്റ്റിസിനെ രക്ഷിച്ചെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ന്യായാധിപ നിയമനത്തില്‍ ഇടപെടാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങളോട് എല്ലാ കാലത്തും ശക്തമായി പ്രതികരിച്ചിരുന്ന സുപ്രീംകോടതി അതില്‍ നിന്ന് പിന്നോട്ടു പോകുന്നുവെന്ന പ്രതീതി സൃഷ്ടിച്ചിരിക്കുന്ന ഘട്ടമാണിത്.

അതിനേക്കാള്‍ ഗൗരവതരമായി പരിഗണിക്കേണ്ട മറ്റൊരു പ്രശ്നം, ഭരണഘടനക്കും രാജ്യത്ത് നിലനില്‍ക്കുന്ന അടിസ്ഥാന നിയമതത്ത്വങ്ങള്‍ക്കും അതീതമായി കോടതി വിധികളെയും ഇടപെടലുകളെയും മറ്റു പല ഘടകങ്ങളും സ്വാധീനിക്കുന്നുണ്ടോ എന്ന സംശയം ശക്തമാകുന്നു എന്നതാണ്. വിധി പ്രസ്താവിക്കുന്ന ജഡ്ജിമാരെ സ്വാധീനിക്കുന്ന ഘടകങ്ങളെ കുറിച്ച് പ്രസിദ്ധ ജൂറിസ്റ്റും അമേരിക്കന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായിരുന്ന ജ. ബെഞ്ചമിന്‍ എന്‍. കാര്‍ഡോസോ അദ്ദേഹത്തിന്റെ The Nature of The Judicial Process  എന്ന പ്രസിദ്ധമായ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. വിധിനിര്‍ണയിക്കുമ്പോള്‍ നിലവിലുള്ള നിയമങ്ങള്‍, മുന്‍കാല വിധികള്‍, മറ്റു അടിസ്ഥാന നിയമതത്ത്വങ്ങള്‍ എന്നിവയാണ് ന്യായാധിപനെ സ്വാധീനിക്കുന്നത് എന്ന് പറയുമ്പോഴും അതിനപ്പുറമുള്ള ചില ഘടകങ്ങളാണ് ന്യായാധിപന്റെ തീരുമാനങ്ങളെ സ്വാധീനിക്കുക എന്നാണ് അദ്ദേഹം വാദിക്കുന്നത്. ഒരു ന്യായാധിപന്റെ പൂര്‍വാര്‍ജിത വാസനകള്‍ (Inherited Instincts), പരമ്പരാഗത ധാരണകള്‍(Traditional Beliefs), ആര്‍ജിത ബോധ്യങ്ങള്‍ (Acquired Convictions) തുടങ്ങിയവയിലൂടെ രൂപപ്പെടുന്ന ജീവിതവീക്ഷണമാണ് പ്രധാനമായും ന്യായാധിപന്റെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതെന്ന് കാര്‍ഡോസോ നിരീക്ഷിക്കുന്നു. അതിനാല്‍ നിയമവും ഭരണഘടനയും വ്യാഖ്യാനിക്കുന്ന ന്യായാധിപന്റെ ബോധമനസ്സിനെ നിയന്ത്രിക്കുന്നത് മേല്‍പ്പറഞ്ഞ ഉപബോധഘടകങ്ങളാണ് എന്ന നിഗമനമാണ് അദ്ദേഹം മുന്നോട്ടു വെക്കുന്നത്.

ഇന്ത്യന്‍ ജൂഡീഷ്യറിയെ വിലയിരുത്തുന്നതിന് കാര്‍ഡോസോയുടെ നിരീക്ഷണങ്ങള്‍ ഏറെ ഉചിതമായിരിക്കും. ഭരണഘടനാ തത്ത്വങ്ങളെയും അടിസ്ഥാന നിയമതത്ത്വങ്ങളെയും മറികടന്ന് പൊതുബോധം വിധികളെ സ്വാധീനിക്കുന്ന ധാരാളം അനുഭവങ്ങള്‍ നമുക്ക് കാണാനാവും. പൊതുമനസ്സാക്ഷി (Collective Conscience) പരിഗണിച്ച് പ്രതികളെ തൂക്കിക്കൊല്ലുന്നു എന്ന് വിധിന്യായത്തില്‍ എഴുതിവെക്കുന്നിടത്തു വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. പലപ്പോഴും സവര്‍ണ മൂല്യബോധം രാജ്യത്തിന്റെ ഭരണഘടനയേക്കാള്‍ മുകളില്‍ നില്‍ക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്ന പരാമര്‍ശങ്ങള്‍ വരെ പരമോന്നത നീതിപീഠത്തില്‍നിന്ന് നാം കേള്‍ക്കേണ്ടിവരുന്നതും കൂടി ചേര്‍ത്തുവെച്ചാല്‍ കാര്‍ഡോസോയുടെ തത്ത്വങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ എങ്ങനെയാണ് പ്രാവര്‍ത്തികമാകുന്നതെന്ന് മനസ്സിലാക്കാനാവും. ഈ അടുത്ത കാലത്തായി ഇത്തരം ഉപബോധ ഘടകങ്ങള്‍ വളരെ തുറന്ന സ്വഭാവത്തില്‍ ഇന്ത്യന്‍ ജുഡീഷ്യറിയില്‍ പ്രകടമാകുന്നുണ്ട് എന്ന വിമര്‍ശം ഏറെ പ്രസക്തമാണ്. അതിനാല്‍ തന്നെയാണ് സംഘ്പരിവാറിന് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ സാധിക്കുന്ന വിധത്തില്‍ നിയമസംവിധാനങ്ങളെപ്പോലും വരുതിയിലാക്കാന്‍ സാധിക്കുന്നത്. ഈ അടുത്ത് വിവിധ കോടതികള്‍ പുറപ്പെടുവിച്ച ചില വിധിന്യായങ്ങളും ഉത്തരവുകളും പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

 

എസ്.സി/എസ്.ടി പീഡന നിരോധന നിയമം ദുര്‍ബലമാക്കുന്നു

2018 മാര്‍ച്ച് 20-ന് സുപ്രീംകോടതി പുറപ്പെടുവിപ്പിച്ച ഉത്തരവിലൂടെ എസ്.സി/എസ്.ടി പീഡന നിരോധന നിയമത്തിലെ ഒരു വ്യവസ്ഥ ദുര്‍ബലമാക്കി. ഈ നിയമപ്രകാരമുള്ള ഒരു കുറ്റം നടന്നതായി പരാതി ലഭിച്ചാല്‍ പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന വ്യവസ്ഥയാണ് റദ്ദാക്കിയത്. അറസ്റ്റിന് മുമ്പായി ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് കോടതി ഉത്തരവിട്ടു. പോലീസ് മേധാവികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന തരത്തിലുള്ള നിര്‍ദേശങ്ങളാണ് ഉത്തരവിലുണ്ടായിരുന്നത്. പരാതി ലഭിച്ചാല്‍ ഒരാഴ്ചക്കുള്ളില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം മാത്രമേ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) രജിസ്റ്റര്‍ ചെയ്യാവൂ എന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളില്‍നിന്ന് അനുമതി വാങ്ങണമെന്നും വ്യവസ്ഥ വെച്ചു. നിയമം നിരപരാധികളായ പൗരന്മാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കുടുക്കുന്നതിന് ദുരുപയോഗം ചെയ്യുന്നു എന്നാണ് ജ. യു.യു ലളിതും ജ. എ.കെ ഗോയലുമടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഒറ്റനോട്ടത്തില്‍ നിയമത്തിന്റെ ദുരുപയോഗം തടയാനും അന്യായമായ അറസ്റ്റും ജയില്‍വാസവും ഒഴിവാക്കാനുമാണ് കോടതി വിധി സഹായകമാവുക എന്ന് നമുക്ക് തോന്നാം. അത്തരത്തിലുള്ള വിധികള്‍ മുമ്പും സുപ്രീംകോടതി പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

ഭരണഘടനയുടെ 17-ാം അനുഛേദമാണ് തൊട്ടുകൂടായ്മയും അയിത്തവും കുറ്റമായി പ്രഖ്യാപിക്കുന്നത്. പൊതുവെ ഭരണഘടന അത്തരത്തില്‍ കുറ്റങ്ങളെ കുറിച്ച് പറയുന്നില്ല. മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ജാതിവിവേചനത്തിന്റെ ഭാഗമായുണ്ടാകുന്ന അയിത്താചാരങ്ങളെ ഭരണഘടന നിരോധിക്കുന്നത്. അത്രയും ഗൗരവം അതിനുണ്ട് എന്നര്‍ഥം. ഭരണഘടനാ തത്ത്വത്തിന്റെ പ്രയോഗത്തിനായി 1955-ല്‍ ഭരണഘടനാ ശില്‍പ്പി ഡോ. അംബേദ്കറുടെ സഹായത്തോടെ തന്നെയാണ് തൊട്ടുകൂടായ്മക്ക് ശിക്ഷ നിര്‍ണയിക്കുന്ന Untouchability Offence Act  നിയമം കൊണ്ടുവന്നത്. അതുപ്രകാരം ദലിത് സമൂഹത്തിന് പൊതുയിടങ്ങളില്‍ വരാനും ക്ഷേത്രങ്ങള്‍, റോഡുകള്‍, കിണറുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയ പൊതുസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനും നിയമം സംരക്ഷണം നല്‍കുന്നു. അത് തടയുന്നവര്‍ക്ക് ശിക്ഷ ലഭിക്കും.

പിന്നീട് ദലിത് സമൂഹം തുല്യാവകാശങ്ങള്‍ക്കായി പോരാട്ടം ശക്തമാക്കിയതോടെ അവരുടെ നേരെയുള്ള ഉയര്‍ന്ന ജാതിക്കാരുടെ അതിക്രമവും വര്‍ധിച്ചു. വാക്കുകളാലും ശാരീരികമായും പീഡനമേല്‍ക്കുന്ന ഈ സാഹചര്യത്തെ കൈകാര്യം ചെയ്യാന്‍ നിയമത്തിന് ശേഷിയുണ്ടായിരുന്നില്ല. അതിനെ മറികടക്കുന്നതിനാണ് 1989-ല്‍ SC/ST Prevention of Atrocities Act രൂപീകരിക്കുന്നത്. പിന്നീട് 2015-ല്‍ നിയമം കൂടുതല്‍ കര്‍ശനമാക്കി. ഒരു നിയമം കര്‍ക്കശമാക്കുന്നത് അതിന്റെ സാഹചര്യം കണക്കിലെടുത്തായിരിക്കുമല്ലോ. സ്ത്രീ പീഡനത്തിനെതിരായ നിയമങ്ങളും കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ തടയുന്ന നിയമവും കര്‍ക്കശമാക്കണമെന്ന നിലപാട് സ്വീകരിക്കുന്ന സുപ്രീംകോടതിക്ക് പക്ഷേ ഈ സാഹചര്യം  വിലയിരുത്തുന്നതില്‍ തെറ്റുപറ്റി. ഈ നിയമം പ്രയോഗതലത്തില്‍ ദുരുപയോഗപ്പെടുത്തുന്നു എന്ന സുപ്രീംകോടതിയുടെ നിരീക്ഷണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ദലിത് പ്രശ്നങ്ങളില്‍ ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തിയിട്ടുള്ള പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ സുഖ്ദിയോ തൊറാത്ത് പറയുന്നത്, സുപ്രീംകോടതിയുടെ നിരീക്ഷണം തെറ്റാണ് എന്നാണ്. മഹാരാഷ്ട്രയില്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം സുപ്രീംകോടതി നിരീക്ഷണങ്ങളോട് വിയോജിക്കുന്നത്. മഹാരാഷ്ട്രാ സര്‍ക്കാറിന്റെ പോലീസ് റിപ്പോര്‍ട്ടിലും വ്യാജകേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നു എന്ന വാദം ശരിയല്ലെന്നാണ് കെണ്ടത്തിയത്. പ്രഥമദൃഷ്ട്യാ തെളിവില്ലാത്ത കേസുകള്‍ പോലീസ് സാധാരണഗതിയില്‍ തന്നെ രജിസ്റ്റര്‍ ചെയ്യുന്നില്ല. മിക്കപ്പോഴും ദലിതുകള്‍ വിവിധ സാമൂഹിക കാരണങ്ങളാല്‍ പരാതി നല്‍കാന്‍ തന്നെ തയാറാകാത്ത സ്ഥിതിയാണ്. രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ തന്നെ പ്രോസിക്യൂഷനും പോലീസും വേണ്ടത്ര താല്‍പര്യം കാണിക്കാത്തതിനാല്‍ കേസുകള്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. എണ്‍പത് ശതമാനത്തോളം കേസുകളില്‍ നിയമപരമായ നടപടിക്രമങ്ങളുടെ പേരില്‍ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെടുകയാണ്. ഇതൊന്നും കാണാതെയാണ് ഹരജിക്കാരന്‍ ഉന്നയിക്കുക പോലും ചെയ്യാത്ത ഒരാവശ്യം, ഉത്തരവിലൂടെ നിവര്‍ത്തിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള വ്യാജ കേസുകള്‍ നല്‍കാനോ അവ നടത്തിക്കൊണ്ടുപോകാനോ പറ്റുന്ന സാമ്പത്തിക സ്ഥിതിയിലല്ല ദലിതുകളെന്നും തൊറാത്ത് കണക്കുകള്‍ ചൂണ്ടിക്കാട്ടി വാദിക്കുന്നുണ്ട്. ദലിതുകള്‍ക്ക് ഉയര്‍ന്ന ജാതിയിലുള്ളവരെ ഇത്തരം കേസുകള്‍ കാണിച്ച് ഭീഷണിപ്പെടുത്താവുന്ന സാഹചര്യമില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു. സുപ്രീംകോടതി ന്യായാധിപന്മാരെ വസ്തുതകള്‍ക്കുപരിയായി തങ്ങളുടെ മുന്‍വിധിയാണ് സ്വാധീനിക്കുന്നത് എന്ന് അദ്ദേഹം വിമര്‍ശിക്കുന്നു. ഈ ഘട്ടത്തിലാണ് സുപ്രീംകോടതിയില്‍ ദലിത് പ്രാതിനിധ്യമില്ലെന്ന വസ്തുതകൂടി ചര്‍ച്ചയാവുന്നത്.

 

ജസ്റ്റിസ് ലോയ കേസ് 

2005-ലെ സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വിചാരണ നടന്നിരുന്ന മുംബൈയിലെ സി.ബി.ഐ കോടതി ജഡ്ജിയായിരിക്കെയാണ് 2014 ഡിസംബര്‍ ഒന്നിന് നാല്‍പ്പത്തി എട്ടുകാരനായ ജസ്റ്റിസ് ബി.എച്ച് ലോയ നാഗ്പൂരില്‍ മരണപ്പെടുന്നത്. ഹൃദയാഘാതമാണ് കാരണമെന്നായിരുന്നു അന്ന് അധികാരികളുടെ കണ്ടെത്തല്‍. 2017-ല്‍ ജ. ലോയയുടെ സഹോദരി മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും മരണത്തിന് സൊഹ്‌റാബുദ്ദീന്‍ കേസുമായി ബന്ധമുണ്ടാകാമെന്ന് ആരോപിക്കുകയും ചെയ്തതോടെ സംഭവം മാധ്യമശ്രദ്ധയില്‍ വന്നു. കുടുംബത്തിന്റെ പ്രതികരണത്തോടൊപ്പം മറ്റു സംശയങ്ങളും ഉന്നയിച്ച് ദ കാരവന്‍ മാസികയുടെ സ്റ്റോറി പുറത്തുവന്നതോടെ വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരിക്കെയാണ് സൊഹ്‌റാബുദ്ദീന്‍ കൊല്ലപ്പെടുന്നത്. കേസിലെ പ്രധാന കുറ്റാരോപിതനായ അദ്ദേഹം ബി.ജെ.പി ദേശീയ അധ്യക്ഷനായിരിക്കെയാണ് ജ.ലോയ കൊല്ലപ്പെടുന്നത്. മരണകാരണം റിപ്പോര്‍ട്ട് ചെയ്തതിന്റെ രീതി സംബന്ധിച്ചും ആശുപത്രി അധികൃതരും സഹപ്രവര്‍ത്തകരുമൊക്കെ സ്വീകരിച്ച നടപടിക്രമങ്ങള്‍ സംബന്ധിച്ചും കുടുംബം കാണുന്ന സമയത്തെ മൃതദേഹത്തിന്റെ അവസ്ഥയെ ചുറ്റിപ്പറ്റിയുമെല്ലാം നിരവധി സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടു. 2014-ല്‍ തന്നെ കുടുംബം അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും പോലീസോ സര്‍ക്കാറോ സന്നദ്ധമായില്ല.

വിചാരണ തടസ്സപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചു സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്. 2005 നവംബര്‍ 26-ന് പോലീസ് കസ്റ്റഡിയില്‍ ആയിരിക്കെയാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. 2007-ല്‍ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് വ്യാജ ഏറ്റമുട്ടലാണെന്ന ആരോപണം അന്വേഷിക്കുകയും നിരവധി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലാവുകയും ചെയ്തു. 2010-ല്‍ അമിത് ഷായെ അറസ്റ്റു ചെയ്തു. ഗുജറാത്തില്‍ കേസിന്റെ നിഷ്പക്ഷ വിചാരണ നടക്കില്ലെന്ന വാദം കണക്കിലെടുത്ത് കേസ് സുപ്രീംകോടതി മഹാരാഷ്ട്രയിലേക്ക് മാറ്റുകായിരുന്നു. അത്തരം ഒരു കേസിന്റെ വിചാരണക്കിടെയാണ് ജ.ബി.എച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നതും അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് നിരവധി സംശയങ്ങള്‍ ഉന്നയിക്കപ്പെടുന്നതും. രാജ്യത്ത് അതുസംബന്ധിച്ച് വിവാദം കൊഴുക്കുന്നതിനിടെയാണ് 2018 ജനുവരിയില്‍ സുപ്രീംകോടതിക്ക് മുമ്പാകെ രണ്ട് ഹരജികള്‍ പരിഗണനക്കെത്തുന്നത്. വിഷയം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി മഹാരാഷ്ട്ര സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്നാല്‍ മരണം സ്വാഭാവികമാണെന്നും സംശയമുന്നയിക്കുന്ന വാര്‍ത്തകള്‍ ദുരുദ്ദേശ്യപരവും മഞ്ഞ പത്രപ്രവര്‍ത്തനത്തിന്റെ ഭാഗവുമാണെന്ന വാദമാണ് ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ സ്വീകരിച്ചത്. അതേതുടര്‍ന്ന് തങ്ങള്‍ക്ക് മുമ്പാകെ മുതിര്‍ന്ന അഭിഭാഷകര്‍  ഉയര്‍ത്തിയ ഗൗരവമേറിയ മുഴുവന്‍ വാദങ്ങളെയും നിരാകരിക്കുകയാണ് സുപ്രീംകോടതി ചെയ്തത.് ബോംബേ ഹൈക്കോടതിയിലെ ന്യായാധിപന്മാര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ ചൂണ്ടിക്കാട്ടി നീതിന്യായ വ്യവസ്ഥയെ താറടിക്കാനുള്ള ശ്രമമാണന്ന നിരീക്ഷണത്തോടെ 2018 ഏപ്രില്‍ 19-ന് ഹരജി സുപ്രീംകോടതി തള്ളി. മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെയുള്‍പ്പടെയുള്ള അഭിഭാഷകര്‍ ഉന്നയിച്ച ധാരാളം സംശയകരമായ സാഹചര്യങ്ങളും ഗൗരവതരമായ പ്രശ്നങ്ങളും  ബാക്കിയാക്കിയാണ് സുപ്രീംകോടതിയുടെ വിധി പുറത്തുവന്നിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം കന്‍വില്‍ക്കാര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഈ ബെഞ്ച് ലോയ കേസ് പരിഗണിക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിനെതിരെയും സുപ്രീംകോടതിയിലെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് മാധ്യമങ്ങളെ കണ്ട മുതിര്‍ന്ന ന്യായാധിപന്മാര്‍ വിമര്‍ശമുന്നയിച്ചിരുന്നു. പക്ഷേ അതൊന്നും പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് തയാറായില്ല. സുപ്രീംകോടതിയുടെ ഈ സമീപനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന വിമര്‍ശമുയരുന്നുണ്ട്. നീതിന്യായ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ലോയ കേസിലെ വിധിയെ വിശേഷിപ്പിച്ചത്. ഒരു ന്യായാധിപന്റെ ദുരൂഹമരണത്തില്‍ സംശയമുയരുമ്പോള്‍ അത് അന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിടുന്നത് അസ്വാഭാവികം തന്നെയാണ്. അപകടകരമായ കീഴ്‌വഴക്കമായാണ് നിയമവിദഗ്ധര്‍ ഈ വിധിയെ വിലയിരുത്തുന്നത്. അന്വേഷണം ജുഡീഷ്യറിയെ കളങ്കപ്പെടുത്തുമെന്നാണ് സുപ്രീംകോടതി പറയുന്നത്. എന്നാല്‍ ഈ ഉത്തരവാണ് യഥാര്‍ഥത്തില്‍ രാജ്യത്തെ നീതിന്യായ സംവിധാനത്തെ കളങ്കപ്പെടുത്തുന്നത്.

 

മക്കാ മസ്ജിദ് സ്ഫോടന കേസ്

രാജ്യത്തെ നടുക്കിയ സ്ഫോടന സംഭവങ്ങളില്‍ ഒന്നായിരുന്നു ഹൈദരാബാദിലെ മക്കാ മസ്ജിസ് സ്ഫോടനം. 2007 മെയ് 18-ന് നടന്ന സ്ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ സംഘര്‍ഷമുണ്ടാവുകയും പോലീസ് വെടിവെച്ചതിനെ തുടര്‍ന്ന് അഞ്ച് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കേസ് ആദ്യം അന്വേഷിച്ച സംസ്ഥാന പോലീസും പിന്നീട് സി.ബി.ഐയും പ്രതികളെന്ന പേരില്‍ 21 മുസ്‌ലിം ചെറുപ്പക്കാരെ അറസ്റ്റു ചെയ്തു. എന്നാല്‍ 2009 ജനുവരിയില്‍ കോടതി ഇവര്‍ക്കെതിരെ തെളിവില്ലെന്നു കണ്ട് വിട്ടയച്ചു. 2010 ഡിസംബര്‍ മാസം 18-ാം തീയതിയാണ് രാജ്യത്തെ ബോംബ് സ്ഫോടനങ്ങളുടെ ചുരുളഴിക്കുന്ന കഥകള്‍ സ്വാമി അസീമാനന്ദയുടെ കുറ്റസമ്മത മൊഴിയിലൂടെ പുറത്തായത്. ദല്‍ഹി തീസ് ഹസാരി കോടതിയിലെ മജിസ്ട്രേറ്റിനു മുമ്പാകെ അസീമാന്ദ നല്‍കിയ കുറ്റസമ്മതമൊഴി പ്രകാരം മക്കാ മസ്ജിസ് സ്ഫോടന കേസ് മാത്രമല്ല, 68 പേര്‍ കൊല്ലപ്പെട്ട സംഝോത എക്സപ്രസ് സ്ഫോടനവും അജ്മീര്‍ ദര്‍ഗ സ്ഫോടനവും മലേഗാവ് സ്ഫോടനങ്ങളും ഹിന്ദുത്വ ഭീകരവാദികള്‍ ആസൂത്രണം ചെയ്തതായിരുന്നുവെന്ന് വ്യക്തമായി. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറാണ് സ്ഫോടനങ്ങള്‍ക്ക് പണം നല്‍കിയതെന്നും അഭിനവ് ഭാരത് എന്ന ഹിന്ദുത്വ സംഘടനയാണ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും അസീമാനന്ദ വെളിപ്പെടുത്തി. ആര്‍. എസ്.എസ് പ്രചാരകനായിരുന്ന സുനില്‍ ജോഷിയുടെയും പ്രജ്ഞാസിങ് താക്കൂറിന്റെയും നേതൃത്വത്തിലാണ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും വ്യക്തമായി. കേണല്‍ പുരോഹിതും യോഗി ആദിത്യനാഥും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് സ്‌ഫോടനങ്ങളില്‍ നേരിട്ടും അല്ലാതെയും പങ്കുണ്ടെന്ന വെളിപ്പെടുത്തല്‍ പുറത്തായതോടെ രാജ്യം നടുങ്ങി. ഈ സ്ഫോടനങ്ങളുടെ പേരില്‍ നിരവധി മുസ്‌ലിം ചെറുപ്പക്കാരെ അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടു. അതിനുമുമ്പ് തന്നെ സംഝോത എക്സ്പ്രസ്, മലേഗാവ് കേസുകളില്‍ മഹാരാഷ്ട്ര എ.ടി.എസിന്റെ തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെ പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണ് അദ്ദേഹം മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. സ്ഫോടനങ്ങളിലെ ആര്‍.എസ്.എസ് പങ്കിനെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ അറിവുള്ളതാണ് അദ്ദേഹം കൊല്ലപ്പെടാനുള്ള കാരണമെന്ന വിമര്‍ശവും ഉയര്‍ന്നിരുന്നു. ഈ വസ്തുതകളെല്ലാം മുമ്പിലിരിക്കെയാണ് 2011-ല്‍ എന്‍.ഐ.എ മക്കാ മസ്ജിദ് സ്ഫോടനത്തിന്റെ അന്വേഷണം ഏറ്റെടുക്കുന്നത്. പിന്നീട് 2013-ല്‍ സ്വാമി അസീമാനന്ദ നിലപാട് മാറ്റി. തനിക്ക് കൊലക്കയര്‍ ലഭിച്ചാലും സത്യം പറയുമെന്ന് കുറ്റസമ്മതമൊഴി നല്‍കിയിരുന്ന അദ്ദേഹം സ്ഫോടനത്തില്‍ പങ്കില്ലെന്ന നിലപാടിലേക്ക് മാറി. എങ്കിലും സി.ആര്‍.പി.സി 164 പ്രകാരം മജിസ്ട്രേറ്റിനു മുമ്പാകെ നല്‍കിയ കുറ്റസമ്മതമൊഴിക്ക് അതിന്റേതായ പ്രാധാന്യം ഉണ്ടായിരുന്നു. സാഹചര്യത്തെളിവുകളും മറ്റു സാക്ഷിമൊഴികളും എല്ലാം സംഘടിപ്പിക്കാന്‍ 42 പേജുള്ള അസീമാനന്ദയുടെ കുറ്റസമ്മതമൊഴി പ്രകാരം സാധിക്കുമായിരുന്നു. പത്തുപേരെ മാത്രം പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ച എന്‍.ഐ.എ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഒടുവില്‍ അസീമാനന്ദയുടെ കുറ്റസമ്മതത്തില്‍ 'മെറിറ്റില്ലെന്ന്' കണ്ടെത്തിയ വിചാരണാ കോടതി മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. തൊട്ടുടനെ വിധി പ്രസ്താവിച്ച ന്യായാധിപന്‍ രാജിവക്കുകയും ചെയ്തു. അജ്മീര്‍ കേസിലും അസീമാനന്ദയെ വിചാരണാ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ചുരുക്കത്തില്‍ കേണല്‍ പുരോഹിതും അസീമാനന്ദയും ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും വിചാരണാ കോടതികള്‍ കേസിന് മെറിറ്റില്ലെന്ന് പറഞ്ഞ് വെറുതെ വിട്ടുകഴിഞ്ഞു. അതോടെ അസീമാനന്ദയുടെ മൊഴി രാജ്യത്തിന് മുന്നില്‍ തുറന്നുവെച്ച ഭീകരപ്രവര്‍ത്തനത്തിന് ഔദ്യോഗികമായി തെളിവും മെറിറ്റുമില്ലാതെയായി. എങ്കിലും നിരപരാധികളായ ധാരാളം മുസ്‌ലിം ചെറുപ്പക്കാരെ വേട്ടയാടിയ കേസുകളുടെ യഥാര്‍ഥ വസ്തുതകള്‍ രാജ്യത്തിന് ബോധ്യപ്പെട്ടുകഴിഞ്ഞുവെന്ന് മാത്രം സമാധാനിക്കാം.

 

നരോദപാട്യ കലാപ കേസ് 

2002-ലെ ഗുജറാത്ത് വംശഹത്യാ കേസുകളില്‍ പ്രധാനപ്പെട്ടതാണ് നരോദപാട്യ കേസ്. പത്ത് മണിക്കൂറിനിടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 97 മുസ്‌ലിംകളെ അയ്യായിരത്തിലധികം പേര്‍ ചേര്‍ന്ന് കൂട്ടക്കൊലക്കിരയാക്കുകയും ഒരു പ്രദേശമൊന്നാകെ കൊള്ളയടിക്കുകയും ചെയ്ത ഭീകര സംഭവം. ഗുജറാത്ത് വംശഹത്യക്കിടയില്‍ ഏറ്റവും കൂടുതല്‍ ആളുകളെ കൂട്ടക്കുരുതിക്കിരയാക്കിയ സംഭവമായിരുന്നു നരോദ്യപാട്യയിലേത്. ബിജെപി സര്‍ക്കാറിന്റെ സഹായത്തോടെ വിശ്വ ഹിന്ദു പരിഷത്തിന്റെ പോഷക വിഭാഗമായ ബജ്റംഗ്ദള്‍ ആസൂത്രണം ചെയ്തതായിരുന്നു കലാപം. ഗോധ്ര സംഭവത്തിന്റെ പേരില്‍ വി.എച്ച്.പി ആഹ്വാനം ചെയ്ത ബന്ദിന്റെ ഇടയിലാണ് അക്രമം അരങ്ങേറിയത്. ഗോധ്ര സംഭവം ഉള്‍പ്പെടെ സംഘ്പരിവാര്‍ ആസൂത്രണം ചെയ്തായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്ന കേസില്‍ 46 പേരെ മാത്രം പ്രതികളാക്കിയാണ് ഗുജറാത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് അവിശ്വസനീയമെന്നു കണ്ട് കോടതി തള്ളി. ആദ്യ ഘട്ടത്തില്‍ കേസ് തേച്ചു മായ്ക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും 2007 -ല്‍ ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള തെഹല്‍ക്കയുടെ അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവരികയും സുപ്രീംകോടതി ഇടപെടുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. 2008-ല്‍ സുപ്രീംകോടതി രൂപം നല്‍കിയ പ്രത്യേക അന്വേഷണ സംഘം 70 പേരെ കുറ്റക്കാരെന്ന് കണ്ടെത്തുകയും പിന്നീട് 61 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. 2012-ല്‍ പ്രത്യേക വിചാരണാ കോടതി 32 പേരെ കുറ്റക്കാരെന്നു കണ്ട് ശിക്ഷിക്കുകയും 29 പേരെ തെളിവിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി വെറുതെ വിടുകയും ചെയ്തു. കുറ്റക്കാരെന്ന് കണ്ടെത്തിയവരില്‍ ഒരാള്‍ നരോദയിലെ എം.എല്‍.എയും മോദി സര്‍ക്കാറിലെ മന്ത്രിയുമായിരുന്ന മായ കൊട്നാനിയായിരുന്നു. അവര്‍ക്ക് 28 വര്‍ഷം തടവാണ് കോടതി വിവിധ കുറ്റങ്ങളിലായി വിധിച്ചത്. ബജ്റംഗ്ദള്‍ നേതാവ് ബാബു ബജ്റംഗിക്ക് ജീവപര്യന്തവും (മരണം വരെ). എന്നാല്‍ കുറ്റക്കാരായ 29 പേരുടെ അപ്പീല്‍ പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി സംഭവത്തിന്റെ 'മാസ്റ്റര്‍മൈന്റ്' എന്ന് വിചാരണ കോടതി കണ്ടെത്തിയ മായ കൊട്‌നാനി ഉള്‍പ്പെടെ 16 പേരെ വെറുതെവിട്ടു. ബാബു ബജ്റംഗിയുടെ ശിക്ഷ 21 വര്‍ഷമാക്കി ചുരുക്കുകയും ചെയ്തു.

 

വിചാരണാ കോടതികള്‍ക്ക് സംഭവിക്കുന്നത്

വിചാരണാ കോടതികളാണ് നീതിന്യായ വ്യവസ്ഥയുടെ ആണിക്കല്ല്. വിചാരണ കോടതികളിലാണ് കേസിന്റെ തെളിവുകളും മൊഴികളുമെല്ലാം ഇഴകീറി പരിശോധിക്കപ്പെടുന്നത്. അവിടെയുണ്ടാകുന്ന ചെറിയ പിഴവുകള്‍ പോലും കേസിനെ ദോഷകരമായി ബാധിക്കും.

സാധാരണഗതിയില്‍ വിചാരണാ കോടതികള്‍ സാങ്കേതിക പ്രശ്നങ്ങളുടെയും നടപടിക്രമങ്ങളുടെയും പേരില്‍ കേസുകളില്‍ പ്രതികളെ വെറുതെ വിടുന്നത് കുറവാണ്. പരമാവധി പ്രതികളെ ശിക്ഷിക്കുന്നതാണ് കണ്ടുവരുന്ന ശീലവും. പക്ഷേ രാജ്യത്തെ പ്രമുഖര്‍, വിശേഷിച്ചും ആര്‍.എസ്.എസ് നേതാക്കള്‍ പങ്കാളികളാവുന്ന കേസുകളില്‍, അതും സ്ഫോടന കേസുകളിലും വംശഹത്യാ കേസുകളിലും ഉള്‍പ്പടെ പ്രതികളെ വെറുതെ വിടുന്നതാണ് അനുഭവം. കെട്ടിച്ചമക്കപ്പെട്ട ഭീകരവാദ കേസുകളില്‍ പ്രതികളാക്കപ്പെടുന്ന ചെറുപ്പക്കാര്‍ നീതിയുക്തമായ വിചാരണാ നടപടിക്രമങ്ങള്‍ക്ക് അവസരം ലഭിക്കാതെ ശിക്ഷിക്കപ്പെടുന്നതായും ആരോപണമുണ്ട്. അഫ്സല്‍ ഗുരുവിന്റെ കേസ് ഉദാഹരണം. ഇത്തരം പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകരെ മറ്റു അഭിഭാഷകര്‍ ചേര്‍ന്ന് മര്‍ദിക്കുന്ന സംഭവങ്ങളും ഉത്തരേന്ത്യയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. അഡ്വ. ശാഹിദ് ആസ്മി അത്തരം ആക്രമണങ്ങള്‍ക്ക് നിരവധി തവണ ഇരയായിട്ടുണ്ട്. അതിനേക്കാള്‍ ഗൗരവമുള്ള കാര്യം വിചാരണാ കോടതി ജഡ്ജിമാര്‍ നേരിടുന്ന സമ്മര്‍ദമാണ്. ജ. ലോയയുടെ ദുരൂഹ മരണവും മക്കാ മസ്ജിദ് കേസിലെ പ്രതികളെ വെറുതെവിട്ട ജഡ്ജിയുടെ തൊട്ടുടനെയുള്ള രാജിയുമെല്ലാം ധാരാളം സംശയങ്ങള്‍ക്ക് ഇടവരുത്തുന്നു. സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെടാതെ വിധി പ്രസ്താവിക്കാനുള്ള അവസരം വിചാരണാ കോടതികളില്‍ നിഷേധിക്കപ്പെടുന്നുവെങ്കില്‍ അത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ മരണമാണ്. അതിനെ ഗൗരവത്തിലെടുക്കാന്‍ പരമോന്നതി കോടതി തയാറാകുന്നില്ല എന്നതാണ് ജ. ലോയ കേസിലെ സുപ്രീംകോടതി വിധിയെ ആശങ്കയോടെ കാണാന്‍ പ്രേരിപ്പിക്കുന്നത്. അതോടൊപ്പം സുപ്രീംകോടതിയില്‍നിന്നും പുറത്തുവരുന്ന അസാധാരണമായ വാര്‍ത്തകള്‍ വലിയ അപായ സൂചനയാണ് നല്‍കുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (47-49)
എ.വൈ.ആര്‍

ഹദീസ്‌

തിരിച്ചറിവ് നല്‍കുന്ന ജ്ഞാനം
അര്‍ശദ് കാരക്കാട്