Prabodhanm Weekly

Pages

Search

2018 മെയ് 11

3051

1439 ശഅ്ബാന്‍ 24

യൂറോപ്പിനെ വിഴുങ്ങുന്ന തീവ്ര ദേശീയത

അധികാരമേറ്റെടുത്ത ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടത്തിയ ആദ്യ പ്രസംഗം ശ്രദ്ധേയമായി. യൂറോപ്പ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയേത് എന്ന ചോദ്യത്തിന് ഐ.എസ്, മുസ്‌ലിം ഭീകരവാദം, കുടിയേറ്റം എന്നൊക്കെ കാടടക്കി വെടിവെച്ചുകൊണ്ടിരിക്കുന്ന യൂറോപ്യന്‍ നേതാക്കളില്‍നിന്ന് വ്യത്യസ്തനായി നിന്നു മാക്രോണ്‍. യൂറോപ്പിനെയും യൂറോപ്പിന്റെ ലിബറല്‍ മൂല്യങ്ങളെയും തകര്‍ക്കാന്‍ മാത്രം പ്രഹരശേഷി ആര്‍ജിച്ചുകൊണ്ടിരിക്കുന്ന ദേശീയതയാണ് ഏറ്റവും വലിയ വെല്ലുവിളി എന്നാണ് അദ്ദേഹം തന്റെ പ്രസംഗത്തിലുടനീളം സമര്‍ഥിക്കാന്‍ ശ്രമിച്ചത്. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ അടുത്ത കാലത്തായി ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ധ്രുവീകരണങ്ങളെ ആഭ്യന്തരയുദ്ധമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. യൂറോപ്യന്‍ യൂനിയനിലെ പ്രമുഖ രാജ്യങ്ങളിലൊന്നായിരുന്ന ബ്രിട്ടനില്‍ വരെ ഈ ധ്രുവീകരണം നടന്നുകഴിഞ്ഞു. അതിന്റെ ഫലമായാണ് ജനഹിത പരിശോധന 'ബ്രെക്‌സിറ്റി'ന് അനുകൂലമായിത്തീര്‍ന്നത്. ഫലത്തില്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തു കടന്നിരിക്കുകയാണ് ബ്രിട്ടന്‍. സാംസ്‌കാരിക, രാഷ്ട്രീയ, വ്യാപാര ബന്ധങ്ങളൊക്കെ അതോടെ വിഛേദിക്കപ്പെടും. ബ്രിട്ടനിലെ കടുത്ത വലതുപക്ഷ ദേശീയവാദികളുടെ അജണ്ടയാണ് ബ്രെക്‌സിറ്റിന് അനുകൂലമായ ജനവിധിയിലൂടെ നടപ്പാക്കാന്‍ പോകുന്നത്. ഇതുപോലുള്ള രാഷ്ട്രീയ സംഭവവികാസങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണമൊരുക്കിയിരുന്ന യൂറോപ്യന്‍ ഉദാര ജനാധിപത്യ സംവിധാനത്തിന് അന്ത്യം കുറിക്കുമെന്നും മാക്രോണ്‍ മുന്നറിയിപ്പ് നല്‍കുന്നു.

മാക്രോണ്‍ തന്റെ പ്രസംഗത്തില്‍ ഒരു രാഷ്ട്രത്തെയും പേരെടുത്തു പറയുന്നില്ല. പക്ഷേ, അപായ സൂചനകള്‍ ഏതൊക്കെ രാഷ്ട്രങ്ങളില്‍നിന്നാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ ഏപ്രില്‍ ആദ്യവാരത്തില്‍ ഹംഗറിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷക്കാരനായ വിക്ടര്‍ ഓര്‍ബന്‍ നേതൃത്വം നല്‍കുന്ന എശറല്വെ പാര്‍ട്ടിയും ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും ചേര്‍ന്ന് ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിക്കഴിഞ്ഞ ഇവര്‍ക്ക് ഭരണഘടന വരെ മാറ്റിയെഴുതാം. വിവിധ നാടുകളില്‍നിന്ന് കുടിയേറിയ മുസ്‌ലിംകള്‍, ആഫ്രിക്കന്‍ വംശജര്‍ തുടങ്ങിയ മത-വംശീയ ന്യൂനപക്ഷങ്ങളെയാണ് ഈ ഭരണമാറ്റം ഏറ്റവും പ്രതികൂലമായി ബാധിക്കുക എന്ന് പറയേണ്ടതില്ല. യൂറോപ്യന്‍ യൂനിയനിലെ മറ്റൊരു പ്രമുഖ രാജ്യമായ ഇറ്റലിയിലും കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷം തന്നെയാണ് പിടിമുറുക്കിയത്. ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും കുടിയേറ്റവിരുദ്ധതയും യൂറോപ്യന്‍ യൂനിയനോടുള്ള എതിര്‍പ്പും കൈമുതലാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചു. തീവ്രദേശീയതക്കെതിരെ പ്രസംഗിക്കുന്ന ഇമ്മാനുവല്‍ മാക്രോണിനെയും അടുത്ത തെരഞ്ഞെടുപ്പില്‍ വിഴുങ്ങാനിരിക്കുന്നത് അതേ തീവ്രദേശീയത തന്നെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (47-49)
എ.വൈ.ആര്‍

ഹദീസ്‌

തിരിച്ചറിവ് നല്‍കുന്ന ജ്ഞാനം
അര്‍ശദ് കാരക്കാട്