Prabodhanm Weekly

Pages

Search

2018 മെയ് 04

3050

1439 ശഅ്ബാന്‍ 17

ഗോപിനാഥന്‍ പിള്ള ഫാഷിസ്റ്റ്‌വിരുദ്ധ ചേരിയുടെ ഊര്‍ജം

യു. ഷൈജു

വിദ്യാര്‍ഥിയായ മകനെ ഭരണകൂടം കവര്‍ന്നെടുത്തപ്പോള്‍ ഘാതകരെ തേടി ജീവിച്ച ഈച്ചരവാര്യര്‍ എന്ന പിതാവിനെ ഇന്നും നമ്മുടെ സംസ്ഥാനം ഓര്‍ക്കുന്നുണ്ട്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കാലം കഴിക്കുന്നതിന് പകരം മകന്റെ ജീവനെടുത്തവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുമെന്ന് പ്രതിജ്ഞ ചെയ്ത് വെയിലേറ്റും മഴ കൊണ്ടും പോരാട്ടമണ്ണില്‍ നിലയുറപ്പിച്ച മറ്റൊരഛനെയാണ് ഈയിടെ നമുക്ക് നഷ്ടമായത്. ആലപ്പുഴ ജില്ലയില്‍ കായംകുളത്തിന് കിഴക്ക് താമരക്കുളത്ത് ഒരു സാധാരണ ഗ്രാമത്തില്‍ കൃഷിയുമായി ജീവിച്ച ഗോപിനാഥന്‍പിള്ള എന്ന ആ അഛന്‍ രാജ്യത്തിന്റെ ഭരണത്തലവനെയും കേന്ദ്ര ഭരണ കക്ഷിയുടെ തലവനെയും പ്രതിസ്ഥാനത്ത് നിര്‍ത്തി നിയമ പോരാട്ടത്തിന്റെ വഴിയിലായിരുന്നു. 

2004 മെയ് 30-നാണ് മകന്‍ ജാവേദ് ഗുലാം ശൈഖ് (പ്രാണേഷ് കുമാര്‍) കുടുംബത്തോടൊപ്പം താമരക്കുളത്ത് എത്തിയത്. ജൂണ്‍ അഞ്ചിന് തിരികെ പോയി. ജൂണ്‍ 11-ലെ പത്രങ്ങളുടെ മുന്‍ പേജില്‍ ഗോപിനാഥന്‍ പിള്ള മകന്റെ ഫോട്ടോ കണ്ടു; റോഡില്‍ നിരത്തി കിടത്തിയിരിക്കുന്ന നാല് മൃതദേഹങ്ങളിലൊന്നായി. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ട നാല് 'ഭീകരരെ' പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ വാര്‍ത്തയും ചിത്രവും. അതിലൊരാള്‍, മകന്‍ ജാവേദ് എന്ന പ്രാണേഷ് കുമാര്‍. ചിത്രത്തില്‍ കണ്ട കാര്‍ കൂടി തിരിച്ചറിഞ്ഞ അഛന്‍ തരിച്ചിരുന്നുപോയി. 

ഇതിന് പിന്നിലൊക്കെ ഭരണകൂടം മെനഞ്ഞെടുത്ത കഥകളും തിരക്കഥകളുമാണെന്ന് അപ്പോള്‍ ആ അഛന്  അറിയില്ലായിരുന്നു. ഒന്നു മാത്രമറിയാം. മാധ്യമങ്ങളുടെ വരികള്‍ക്കിടയില്‍ പറയും പോലെ, തന്റെ മകന്‍ ഒരു ഭീകരവാദിയോ തീവ്രവാദിയോ ആവില്ല. അവന് അതിന് കഴിയില്ലെന്ന് ഉറച്ചു വിശ്വസിച്ച പിള്ളക്ക് പിന്നെ വിശ്രമമില്ലാതായി. ബോംബെയില്‍ ജോലി ചെയ്ത കാലത്ത് നേടിയ ഹിന്ദിയില്‍ സംസാരിക്കാനുള്ള കഴിവുമായി വണ്ടി കയറിയ പിള്ള മകനെ കൊന്നവരെ നിയമത്തിന്റെ മുന്നിലെത്തിക്കാനുള്ള തീവ്ര യത്‌നത്തിലായി. പോരാട്ടത്തിന്റെ ഓരോ  ഘട്ടത്തിലും മകന്റെ അവകാശത്തെയും അവന്റെ കുടുംബത്തിന്റെ അധികാരത്തെയും മാനിച്ച നീതിമാനായ പിതാവായിരുന്നു അദ്ദേഹം. മകന്റെ ഭൗതികദേഹം ഹിന്ദു ആചാരപ്രകാരം സംസ്‌കരിക്കണമെന്ന് ഗുജറാത്ത് പോലീസ് പറഞ്ഞപ്പോള്‍, എല്ലാം അവന്റെ വിശ്വാസ പ്രകാരമാവട്ടെ എന്ന നിലപാടെടുക്കുക മാത്രമല്ല, അതിന്റെ അവകാശി ജാവേദിന്റെ ഭാര്യ സാജിദയാണെന്നു പറഞ്ഞ് മകന്റെ മതവിശ്വാസത്തിന് അഛന്‍ അംഗീകാരം നല്‍കുകയും ചെയ്തു. 

പ്രതിസ്ഥാനത്ത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണെന്ന് തിരിച്ചറിഞ്ഞപ്പോഴും പോരാട്ടത്തിന്റെ തീവ്രത കുറഞ്ഞില്ല. പരിചയമില്ലാത്ത ദേശത്തു ചെന്ന് കേസ് നടത്തുമ്പോഴും ശങ്കയേതുമില്ലാതെയാണ് പിള്ള നീങ്ങിയത്. മുകുള്‍ സിന്‍ഹയെന്ന അഭിഭാഷകനെ കുറിച്ച് ആവേശത്തോടെയാണ് പിള്ള സംസാരിക്കാറ്. കേസിന്റെ ഓരോ ഘട്ടത്തിലും അദ്ദേഹം നല്‍കിയ പിന്തുണ പിള്ള വലിയ മതിപ്പോടെ സ്മരിച്ചിരുന്നു. ഭരണകൂട വര്‍ഗീയ ഭീകരത ഏതറ്റം വരെ പോകുമെന്നും ഓരോ തവണ നടന്ന ചോദ്യം ചെയ്യലിലും ഈ അഛന് ബോധ്യപ്പെട്ടു കൊണ്ടിരുന്നു. മകന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യലുകള്‍. 

ഇതിനിടയില്‍ മരുമകള്‍ സാജിദയുടെ ജീവിതാവസ്ഥകളും പ്രതിസന്ധിനിറഞ്ഞതായിത്തീര്‍ന്നു. സാജിദയെ ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിച്ചുവരുത്തി മണിക്കൂറുകളോളം വെറുതെയിരുത്തുക, ഭീഷണിപ്പെടുത്തുക ഇതൊക്കെ പോലീസ് വക. മക്കളെ അവര്‍ പഠിക്കുന്ന സ്‌കൂളില്‍ വിടാന്‍ കഴിയാത്ത അവസ്ഥ. 'തീവ്രവാദി'യുടെ മകനെ പഠിപ്പിച്ചാല്‍ സ്‌കൂള്‍ തകര്‍ക്കുമെന്ന ഭീഷണിയുമായി സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്ത്. ഇതോടെ മൂത്ത കുട്ടി അബൂബക്കറിനെ മുത്തഛന്‍ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന് സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിച്ചു. 

പ്രായത്തിനൊപ്പം പ്രഷറും ഷുഗറും വലക്കാന്‍ തുടങ്ങിയതോടെ പിള്ളയുടെ ആരോഗ്യം ക്ഷയിച്ചു. ഇതിനിടയില്‍ ഹൃദയസംബന്ധമായ ചികിത്സയും വേണ്ടിവന്നു. എന്നാലും  കേസും കൂട്ടവുമായി നീതി നേടി രാജ്യത്തിന്റെ വടക്ക് ഭാഗത്തേക്കുള്ള യാത്ര മുടക്കിയിരുന്നില്ല. ഇതിനിടയില്‍ ചെറുമക്കള്‍ വളര്‍ന്നു. ഓരോ അവധിക്കാലത്തും അവര്‍ മുത്തഛന്റെയടുത്ത് ഓടിയെത്തുമായിരുന്നു. ഭാര്യ സാജിദ, മക്കളായ അബൂബക്കര്‍ സിദ്ദീഖ്, സദഫ്, മൂസാ ഖലീലുല്ല എന്നിവരുമായി നാട്ടിലെത്തുമ്പോള്‍ പിള്ളയുടെ സ്‌നേഹം അതിരുവിടും. പലപ്പോഴും ഈ സന്തോഷം പങ്കിടാന്‍ വിളിക്കും. അങ്ങനെ ഒരു തവണ അവരോടൊപ്പം സഹവസിച്ചപ്പോഴാണ് വിശ്വാസങ്ങള്‍ക്കപ്പുറമുള്ള സ്‌നേഹം കാണാനായത്. ഈ മക്കളുടെ ഭാവി ഭദ്രമാക്കാന്‍ ബന്ധുക്കളുടെ എതിര്‍പ്പുകള്‍ മറികടന്ന് നാട്ടിലെ റബര്‍ തോട്ടം വിറ്റ് അവര്‍ക്ക് വീടുകള്‍ വാങ്ങി നല്‍കി. 

മകന്റെ മരണത്തോടെ ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിലും ഗോപിനാഥന്‍ പിളള സജീവ സാന്നിധ്യമായി. ജമാഅത്തെ ഇസ്‌ലാമിയുടെയും സോളിഡാരിറ്റിയുടെയും പരിപാടികളില്‍ അവശതകള്‍ മറന്ന് ഓടിയെത്തുമായിരുന്നു. ഓരോ തവണ ക്ഷണിക്കുമ്പോഴും വയ്യെങ്കില്‍ യാത്ര വേണ്ടെന്നു പറഞ്ഞാല്‍ സോളിഡാരിറ്റിയുടെ കൂടെ വന്നാല്‍ ആരോഗ്യം ശരിയാകുമെന്നായിരുന്നു പിള്ള ചേട്ടന്റെ മറുപടി. കാസര്‍കോട് മുതല്‍ സംസ്ഥാനത്തിന്റെ ഏത് കോണിലേക്കും വിളിക്കുന്ന പരിപാടികളിലേക്ക് അദ്ദേഹം പാഞ്ഞുവരും. കാഞ്ഞങ്ങാട് നടന്ന സോളിഡാരിറ്റിയുടെ കേഡര്‍ കോണ്‍ഫറന്‍സിന്റെ സമാപസമ്മേളനത്തിലാണ് സോളിഡാരിറ്റി വേദിയില്‍ ഒടുവില്‍ പ്രസംഗിച്ചത്. ബോംബെയിലെയും ഗുജറാത്തിലെയും ജമാഅത്തെ ഇസ്‌ലാമി ഘടകങ്ങളില്‍നിന്ന് ലഭിച്ച സഹായങ്ങള്‍ എപ്പോഴും അനുസ്മരിക്കുമായിരുന്നു. ഒടുവില്‍ കണ്ണിന്റെ കാഴ്ച മങ്ങി ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമിക്കുമ്പോഴും ഭരണകൂട ഭീകരതക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിച്ചിരുന്നില്ല.

വൈദ്യ പരിശോധനക്കായി പോകുന്ന വഴിയില്‍ വാഹനാപകടത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വയലാറില്‍ വച്ച് നടന്ന ആ അപകടവും പല തരത്തില്‍ ദുരൂഹതകള്‍ നിറഞ്ഞതാണ്.

ഭരണകൂടത്തിന്റെ വംശവെറിക്കെതിരെ ഗോപിനാഥന്‍പിള്ള നടത്തിയ പോരാട്ടം ഫാഷിസ്റ്റ്‌വിരുദ്ധ ചേരിക്ക് എന്നും ആവേശമാണ്. ഇത്തരം നട്ടെല്ലുറപ്പുള്ള മനുഷ്യരാണ് കെട്ട കാലത്ത് മാനവിക ബോധമുള്ളവര്‍ക്ക് സമരാവേശം പകര്‍ന്നുനല്‍കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (43-48)
എ.വൈ.ആര്‍

ഹദീസ്‌

ദയാവധത്തിന് നിയമസാധുതയോ?
കെ.സി ജലീല്‍ പുളിക്കല്‍