Prabodhanm Weekly

Pages

Search

2018 മെയ് 04

3050

1439 ശഅ്ബാന്‍ 17

അസ്തമയത്തിലേക്ക് നീങ്ങുന്ന ദേശരാഷ്ട്രങ്ങളും പുതിയ വെല്ലുവിളികളും

റാണ ദാസ് ഗുപ്ത

നമ്മുടെ യുഗത്തിലെ സവിശേഷ സംഭവവികാസമായി പറയാവുന്നത് ദേശരാഷ്ട്രങ്ങളുടെ തകര്‍ച്ചയാണ്. 21-ാം നൂറ്റാണ്ട് പുതുതായി അവതരിപ്പിച്ച ശക്തികളെ നേരിടുന്നതില്‍ അവ പരാജയപ്പെട്ടു. മനുഷ്യാവസ്ഥകള്‍ക്കുമേല്‍ അവക്ക് സ്വാധീനവുമില്ലാതായി. ദേശീയതയിലൂന്നിയ രാഷ്ട്രീയ അധികാര ശക്തികളും പതനത്തിന്റെ വഴിയിലാണ്. പുതിയ വഴികള്‍ തെളിയാത്തതിനാല്‍ ലോകാവസാനമായെന്ന ആശങ്കയാണ് നമുക്ക്. അവിടെയാണ് സര്‍വനാശത്തിന്റെ ദൂതുമായി പുതിയ ദേശീയത ലോകം ജയിക്കുന്നത്. വ്യക്തി മാഹാത്മ്യത്തെ മുന്നില്‍ നിര്‍ത്തുന്ന രാഷ്ട്രീയം, മതിലുനിര്‍മാണവും അപരനെ കുറിച്ച ഭീതി പടര്‍ത്തലും, വംശീയ സിദ്ധാന്തങ്ങളും ഐതിഹ്യങ്ങളും, ദേശീയതയുടെ പുനരാഗമത്തെ കുറിച്ച മോഹന വാഗ്ദാനങ്ങള്‍... ഒന്നിനും പ്രതിവിധിയല്ല ഇവയൊന്നും. മറിച്ച്, ലോകം മുഴുക്കെ ദേശരാഷ്ട്രങ്ങള്‍ ധാര്‍മികത മറന്ന് പുതിയ ഭാവത്തിലേക്ക് ചേക്കേറുകയാണെന്നതിന്റെ അടയാളങ്ങളാണ്. 

എന്തുകൊണ്ടാകും ഇങ്ങനെ സംഭവിക്കുന്നത്? നിയന്ത്രണം നഷ്ടമായ സാമ്പത്തിക രംഗം, സ്വയാധികാരത്തിന്റെ ഗര്‍വുള്ള ടെക്‌നോളജി, മതഭ്രാന്ത്, അധികാരത്തിനുവേണ്ടിയുള്ള കടുത്ത വൈരം തുടങ്ങി പുതിയ നൂറ്റാണ്ട് തുറന്നുവിട്ട കടലില്‍ 20-ാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ സംവിധാനങ്ങള്‍ മുങ്ങിപ്പോവുന്നുവെന്നതാണ് സ്ഥിതി. ഒപ്പം, 20-ാം നൂറ്റാണ്ടില്‍ കോളനി ഭരണത്തിനു കീഴില്‍ അടിച്ചമര്‍ത്തപ്പെട്ടുകിടന്ന ശബ്ദങ്ങള്‍ പുതിയ ആവേശം കൈവരിച്ച് രംഗത്തുവരുന്നത് രാഷ്ട്രങ്ങളെ ഛിന്നമാക്കുകയും ജനതതിയെ ദേശീയതക്കതീതമായ ഐക്യപ്പെടലുകളിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നു. ഗോത്രവര്‍ഗ മിലീഷ്യകള്‍, വംശീയ-മത ഉപദേശങ്ങള്‍, അതിദേശങ്ങള്‍ തുടങ്ങിയവ ഉദാഹരണം. എല്ലാറ്റിനും പുറമെ, 1918-ഓടെ സജീവമായ രാഷ്ട്രങ്ങള്‍ക്കതീതമായ ഐക്യമെന്ന പഴയ സങ്കല്‍പങ്ങളെ പഴയ വന്‍ശക്തികള്‍ തന്നെ തകര്‍ക്കുന്നു. പകരം വന്ന നവലോക ക്രമമാകട്ടെ, ദേശരാഷ്ട്രങ്ങളെ നിയമരഹിതമായ ഗുണ്ടാനാടുകളായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. അതോടെ, ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്ത വിഭാഗങ്ങള്‍ പുതിയ തിരിച്ചടികള്‍ സൃഷ്ടിച്ച് ഭീഷണിയാവുന്നതും പതിവുകാഴ്ച. 

ഇതിന്റെ അനന്തരമെന്താണ്? വര്‍ധിച്ചുവരുന്ന ജനസഞ്ചയങ്ങള്‍ക്ക് സാധ്യവും സാധുവുമായ ഭാവി വാഗ്ദാനം ചെയ്യുന്നതില്‍ നമ്മുടെ രാഷ്ട്രങ്ങളും നിലവിലെ സംവിധാനങ്ങളും പരാജയപ്പെടുന്നു. അതിസമ്പന്നരും അവരുടെ സമ്പത്തും എല്ലാവിധ ദേശീയ സംവിധാനങ്ങളെയും മറികടന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഒഴുകുന്നത് അവര്‍ കാണേണ്ടിവരുമ്പോള്‍ വിശേഷിച്ചും. ഇന്ന് രാഷ്ട്രീയ അധികാരം സത്യത്തില്‍ തോറ്റുപോകുന്നത് പണമൊഴുക്കിനു മേല്‍ അതിന് നിയന്ത്രണമില്ലാതെ വന്നതോടെയാണ്. പണം കണ്‍മുന്നില്‍ ദേശീയ അതിരുകള്‍ വിട്ട് അതിവേഗം വളര്‍ന്ന് പുതിയ തീരങ്ങളിലേക്ക് നീങ്ങുന്നു. ശതകോടികളിലും തിട്ടപ്പെടുത്താനാവാത്ത പണത്തിന്റെ ഈ ഒഴുക്ക് ദേശീയ സമൂഹങ്ങളെ തന്നെ തകര്‍ത്തുകളയാന്‍ ശേഷിയുള്ളതാണ്. ദേശ രാഷ്ട്രങ്ങളുടെ തകര്‍ച്ചക്കും അതു കാരണമാണെന്നുപറയാം, അതിലേറെ, ധാര്‍മിക പരിവേഷം വിനഷ്ടമായ ദേശരാഷ്ട്രങ്ങളാണ് ഇവ സൃഷ്ടിച്ചതെന്നും പറയാം. നികുതി വെട്ടിച്ചുള്ള വാണിജ്യമാണ് 21-ാം നൂറ്റാണ്ടിന്റെ ദര്‍ശനമെന്ന രീതിയിലാണ് പോക്ക്. 

അതിലുപരി, ലോകത്ത് പലയിടത്തും ദേശമെന്ന സങ്കല്‍പം തന്നെ നഷ്ടമായി നിരവധി പേരുണ്ടിന്ന്. നരകമാണ് അവര്‍ക്ക് വസിക്കേണ്ട ലോകം. ഖദ്ദാഫിയുടെ ഏകാധിപത്യം തൂത്തെറിഞ്ഞ ലിബിയയില്‍ രണ്ടു വിമത ഭരണകൂടങ്ങളാണ് രാജ്യം നിയന്ത്രിക്കുന്നത്. ഓരോന്നിനും സ്വന്തമായി പാര്‍ലമെന്റുണ്ട്. പുറമെ, രാജ്യത്തിന്റെ എണ്ണസമ്പത്ത് പിടിച്ചെടുക്കാന്‍ പരസ്പരം പോരുവിളിച്ച് എണ്ണമറ്റ മിലീഷാ ഗ്രൂപ്പുകള്‍. ഇങ്ങനെ ഭൂപടത്തില്‍ ഒരു പേരും പല ദേശവുമായി ലിബിയ മാത്രമല്ല ഉള്ളത്. 1989 മുതല്‍ ലോകത്തുനടന്ന യുദ്ധങ്ങളുടെ അഞ്ചു ശതമാനം മാത്രമാണ് രാജ്യങ്ങള്‍ക്കിടയില്‍ നടന്നത്. ദേശത്തിന്റെ പതനമാണ്, വിദേശ അധിനിവേശമല്ല ഈ പതിറ്റാണ്ടുകളില്‍ 90 ലക്ഷം പേരുടെ കുരുതിക്ക് കാരണമായത്. കോംഗോ റിപ്പബ്ലിക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ വായിച്ചാലറിയാം തുടര്‍ന്നുവരുന്ന ശൂന്യത ലോകത്തിന്റെ ഏതു മൂലയില്‍നിന്നും വെടിയുണ്ടകളെ അവിടേക്ക് ആകര്‍ഷിക്കാനും അതുവഴി നാട്ടുകാര്‍ അഭയം തേടി പല നാടുകളിലേക്ക് ചിതറിയോടാനും ഏതുനിമിഷവും സാധ്യത നിലനില്‍ക്കുന്നുവെന്ന്. നമ്മുടെ ദേശരാഷ്ട്ര സങ്കല്‍പത്തിന്റെ പ്രതിസന്ധി വിശദീകരിക്കാന്‍ മികച്ച ഉദാഹരണം ആറര കോടിയായി ഉയര്‍ന്ന അഭയാര്‍ഥികളുടെ കണക്കാണ്. അഭയാര്‍ഥി പ്രവാഹം ഏറ്റവും കൂടുതല്‍ ദര്‍ശിച്ച രണ്ടാം ലോക യുദ്ധാനന്തരം 1945-ല്‍ പോലും നാലു കോടിയേ ഉണ്ടായിരുന്നുള്ളൂ എന്നോര്‍ക്കണം. ഇത് ഒരു പ്രതിസന്ധിയായി ഉള്‍ക്കൊള്ളാന്‍ പോലും ലോകം മനസ്സുവെക്കുന്നില്ലെന്നതിന്റെ തെളിവാണ്, സമ്പന്ന ലോകം അഭയാര്‍ഥികളോട് കാണിക്കുന്ന പുഛവും അതിന്റെ പേരിലുള്ള രാഷ്ട്രീയക്കളികളും. 

ഈ പ്രതിസന്ധി തീര്‍ത്തും അനുപേക്ഷ്യമാണെന്ന് പറയാന്‍ വയ്യ. ലോകയുദ്ധമെന്ന മഹാനാശം അവസാനിച്ചയുടന്‍ യു.എസ് പ്രസിഡന്റ് വുഡ്‌റോ വില്‍സണും മറ്റു പലരും ചേര്‍ന്ന് രൂപം നല്‍കിയ ലോകരാഷ്ട്രീയ സംവിധാനത്തെ ശുദ്ധ പരിഹാസമായി നാം മാറ്റിയതിന്റെ സ്വാഭാവിക തുടര്‍ച്ച. ഇനി ഇതിനെ നന്നാക്കാന്‍ ഇറങ്ങിയിട്ട് എന്തെങ്കിലും ഉണ്ടാകാന്‍ പോകുന്നുവെന്നും തോന്നുന്നില്ല. മനുഷ്യന് സുരക്ഷയും മാന്യതയും നല്‍കുന്നതില്‍ നാം കരുതിയതിലേറെ ഒന്നും ചെയ്യാന്‍ അതിനായിട്ടില്ല. എന്നല്ല, ചില വിഷയങ്ങളില്‍ വന്‍ പരാജയവുമായിരുന്നു. പഴയകാല സാമ്രാജ്യങ്ങള്‍ ചരിത്രത്തിലേക്ക് പിന്‍വാങ്ങിയതിനേക്കാള്‍ വേഗത്തില്‍ ഇവ ചരിത്രം പൂകുമെന്ന് വിശ്വസിക്കാന്‍ ന്യായങ്ങളേറെ. 

മുമ്പ് നാം അനുഭവിച്ചത് തിരിച്ചുപിടിക്കാമെന്ന് കൊതിക്കുന്നുവെങ്കില്‍ അതും അവസാനിച്ചിട്ടുണ്ട്. ദേശരാഷ്ട്രങ്ങള്‍ നേരത്തേ ചിലത് നേടിയെടുത്തുവെന്നും നമുക്ക് ചിലത് നല്‍കിയെന്നും തോന്നുന്നുവെങ്കില്‍ രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, വിവരം എന്നിവക്കിടയില്‍ അന്ന് വലിയ ഐക്യം നിലനിന്നുവെന്നുകൂടി മനസ്സിലാക്കണം. അന്ന്, ഇവയെല്ലാം ദേശീയ തലത്തിലാണ് സംഘടിപ്പിക്കപ്പെട്ടിരുന്നത്. സാമ്പത്തികവും ആദര്‍ശപരവുമായ ഊര്‍ജം സ്വരൂപിക്കാന്‍ അക്കാലത്ത് ദേശീയ ഭരണകൂടങ്ങള്‍ക്ക് ആകുമായിരുന്നു. എന്നാല്‍, ആഗോളവത്കരണം നിലവില്‍വന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ട പുതിയ കാലത്ത് സമ്പത്തും അറിവും ഈ ഭരണകൂടങ്ങള്‍ക്കുമതീതമാണ്. ഭൂഗോളം മൊത്തത്തില്‍ വിതരണം ചെയ്തുകിടക്കുന്ന സമ്പത്തിനുമേല്‍ രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് എന്തെങ്കിലും സ്വാധീനമുറപ്പിക്കാനാവുമെന്ന് കരുതാനാകില്ല. 

പക്ഷേ, ഇത് സമ്മതിക്കുന്നുവെങ്കില്‍ രാഷ്ട്രീയത്തിന്റെ അന്ത്യത്തെയാണ് നാം സമ്മതിച്ചുകൊടുക്കുന്നത്. എന്നാല്‍, പൂര്‍വികരില്‍നിന്ന് നാം അനന്തരമെടുത്ത ഭരണസംവിധാനം നവീകരണമരുതാതെ ഇനിയും നിലനില്‍ക്കണമെന്നാണെങ്കില്‍ രാഷ്ട്രീയത്തിന്റെയും ധാര്‍മികതയുടെയും തകര്‍ച്ചയുടെ വലിയ കാലത്തെയാണ് നാം മാടിവിളിക്കുന്നത്. ഇന്ന് നാം ഉപജീവിക്കുന്ന ആഗോള സംവിധാനം രൂപപ്പെടുത്തിയെടുക്കാന്‍ നാം ചെലവിട്ടത് നീണ്ട അരനൂറ്റാണ്ടാണ്. അത് ഇനിയും നിലനില്‍ക്കുകയും ചെയ്യും. രാഷ്ട്രീയ രംഗത്ത് നവീകരണം സംഭവിച്ചില്ലെങ്കില്‍ ആഗോള ഭരണകൂട സാധ്യതകള്‍ക്കതീതമായി മൂലധനവും ടെക്‌നോളജിയും നമുക്കുമേല്‍ വാഴ്ച നടത്തും. 

ആഗോള സമ്പദ്‌വ്യവസ്ഥ, വന്‍ ഡാറ്റാശേഖരം, കൂട്ട പലായനം, പരിസ്ഥിതി അട്ടിമറി തുടങ്ങിയവയുടെ കാലത്ത് രാഷ്ട്രീയ ലക്ഷ്യം പുനരാവിഷ്‌കരിക്കണമെന്നുണ്ടെങ്കില്‍ അതേ വ്യാപ്തിയില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള സംവിധാനം വികസിപ്പിച്ചെടുക്കാനാവണം. നിലവിലെ രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് അനുബന്ധമായി ആഗോള സാമ്പത്തിക നിയന്ത്രണങ്ങളും, സാധ്യമാകുമെങ്കില്‍ രാഷ്ട്രങ്ങള്‍ക്കതീതമായ രാഷ്ട്രീയ സംവിധാനവും വളര്‍ന്നുവരണം. അങ്ങനെ മാത്രമേ, നമ്മുടേതായ ആഗോളവത്കരണം നമുക്കു സാധ്യമാക്കാനാകൂ. 

ദേശരാഷ്ട്ര സംവിധാനത്തിനു ബദല്‍ എന്നത് ഉട്ടോപ്യന്‍ അസംഭവ്യതയെന്നു പറഞ്ഞ് ചിലര്‍ എതിര്‍ത്തേക്കാം. എന്നാല്‍, ഇന്നും നാം അനുഭവിക്കുന്ന സാങ്കേതിക വികാസങ്ങളിലേറെയും അവ വരുന്നതിന് തൊട്ടുമുമ്പുവരെ സംഭവിക്കില്ലെന്നു തന്നെയാണ് നാം കരുതിയത്. രാഷ്ട്രീയത്തില്‍ പക്ഷേ, അതു നടപ്പില്ലെന്നു പറയാന്‍ നിലവിലെ ഭരണകൂടങ്ങള്‍  തിടുക്കം കാണിച്ചേക്കാം. അതു സ്വാഭാവികം. രാഷ്ട്രീയവും ഇതിലേറെ വലിയ മാറ്റങ്ങളിലേക്ക് സ്വയം പരിവര്‍ത്തനം ചെയ്ത മുഹൂര്‍ത്തങ്ങള്‍ ചരിത്രത്തില്‍ അനവധി കഴിഞ്ഞുപോയിട്ടുണ്ട്. ദേശരാഷ്ട്രങ്ങളുടെ പിറവി അതിലൊന്നുമാത്രം. 

ബദലില്ലെന്ന വിശ്വാസം തല്‍ക്കാലം മാറ്റിവെക്കലാണ് ഇവിടെ നാം സ്വീകരിക്കേണ്ട ആദ്യ ചുവട്. അതുകൊണ്ട്, നിലവിലെ പ്രതിസന്ധിയുടെ വ്യാപ്തി ആദ്യമായി നമുക്ക് വിലയിരുത്താം. 

പടിഞ്ഞാറന്‍ നാടുകളെ കുറിച്ചുതുടങ്ങാം. ദേശരാഷ്ട്ര സങ്കല്‍പത്തിന് രൂപം നല്‍കിയത് യൂറോപ്പാണ്. ഭൂപ്രദേശ പരമാധികാരമെന്ന സങ്കല്‍പം അംഗീകരിക്കപ്പെടുന്നത് 1648-ലെ വെസ്റ്റഫാലിയ കരാറിലാണ്. ഭൂഖണ്ഡത്തിനുള്ളില്‍ പുതിയ അധിനിവേശം അതോടെ ദുസ്സാധ്യമായി. പകരം, അവര്‍ ലോകത്ത് മറ്റിടങ്ങള്‍ തേടിപ്പോയി. കോളനികളെ കൊള്ളയടിച്ചുകിട്ടിയ സ്വത്തുക്കള്‍ സ്വന്തം രാജ്യത്തെ ശക്തിപ്പെടുത്താനും ബ്യൂറോക്രസിയും ജനാധിപത്യ സംവിധാനവും ഊര്‍ജസ്വലമാക്കാനുമായി അവര്‍ പ്രയോജനപ്പെടുത്തി. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്നു നാം കാണുന്ന തരത്തിലുള്ള ഏകീകൃത രൂപങ്ങളിലേക്കു വളര്‍ന്നു. സ്റ്റേറ്റിന്റെ പരമാധികാരം (നികുതി, പ്രതിരോധം, നിയമം തുടങ്ങിയ വിഷയങ്ങളില്‍) അതത് ദേശങ്ങളുടെ വിധി നിര്‍ണയിക്കുന്നതില്‍ സര്‍ക്കാറുകളുടെ പങ്ക് കാണെക്കാണെ വളര്‍ന്നു. ധാര്‍മികതയുടെ സ്പര്‍ശമുള്ള ഒരു വാഗ്ദാനമാണ് പകരം ജനങ്ങള്‍ക്കു ലഭിച്ചത്; ആത്മീയവും ഭൗതികവുമെന്ന വ്യത്യാസമില്ലാതെ വികസനം സാധ്യമാക്കുക. വ്യക്തിക്കു മാത്രമല്ല, ദേശത്തിനും. വിദ്യാഭ്യാസ, ആരോഗ്യ, ജനക്ഷേമ, സാംസ്‌കാരിക മേഖലകളില്‍ അങ്ങനെ സര്‍ക്കാര്‍ ചെലവില്‍ വന്‍കിട പദ്ധതികള്‍ നടപ്പാക്കിത്തുടങ്ങി. 

ധാര്‍മികമായ ഈ വാഗ്ദാനത്തില്‍നിന്ന് പാശ്ചാത്യ നാടുകളില്‍ പോലും കഴിഞ്ഞ നാലു പതിറ്റാണ്ടായി ഭരണകൂടങ്ങള്‍ പിന്‍വാങ്ങുന്നുവെന്നതാണ് ജനത്തെ പുതിയ കാര്യങ്ങളില്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്. കാരണം, പാശ്ചാത്യ മനസ്സിനെ രൂപപ്പെടുത്തുന്നതില്‍ ഈ വാഗ്ദാനത്തിന് വലിയ പങ്കുണ്ട്. മതപരമായ ഒരു പുനരാവിഷ്‌കാരം കൂടിയായിരുന്നു അവര്‍ക്കിത്. അന്ന്, ഫ്രഞ്ച് വിപ്ലവം രാജാവിനെ മാത്രമല്ല, തൂത്തെറിഞ്ഞത്, 'ദൈവ'ത്തെ കൂടിയായിരുന്നു. അതുവരെ ദൈവത്തിന് നല്‍കിയ വലിയ വിശേഷണങ്ങളാണ് സ്റ്റേറ്റ് സ്വയം എടുത്തണിഞ്ഞത്. വികസനവും വിമോചനവും നടത്താന്‍ ഭരണകൂടത്തിന്റെ ശക്തിയില്‍ അടിയുറച്ചതായിരുന്നു മതേതര വിശ്വാസത്തിന്റെ കാതല്‍. 

രണ്ടാം ലോകയുദ്ധത്തിനു പിറകെ കോളനിവത്കരണം അവസാനിച്ചുതുടങ്ങിയതോടെ യൂറോപിന്റെ ദേശരാഷ്ട്ര സംവിധാനം ലോകം മുഴുക്കെ കയറ്റിയയക്കപ്പെട്ടു. അപ്പോഴും, അതിതീവ്രമായാണ് പാശ്ചാത്യര്‍ അതിനെ നെഞ്ചേറ്റിയത്. ദേശരാഷ്ട്രത്തിന്റെ ആ സുവര്‍ണകാല സ്മൃതികള്‍ യൂറോപ്യന്റെ മനസ്സില്‍ കനവായി ഇന്നും കുടികൊള്ളുന്നുണ്ട്. അന്നത്തെ ഭരണകൂടങ്ങള്‍ക്ക് ആഭ്യന്തര സമ്പദ്‌വ്യവസ്ഥക്കുമേല്‍ ലഭിച്ച സമഗ്രാധിപത്യം അതില്‍ പ്രധാനമാണ്. അതിര്‍ത്തി കടന്ന് മൂലധനം ഒഴുകുന്നത് അന്ന് ഒരിക്കലും നടക്കുമായിരുന്നില്ല. വിദേശനാണയ ഊഹക്കച്ചവടം പേരിനുമാത്രമായിരുന്നു. പണമൊഴുക്ക് ശരിക്കും ഭരണകൂടനിയന്ത്രിതമായിരുന്നുവെന്ന് സാരം. എന്തെങ്കിലും മാറ്റത്തെ കുറിച്ച് അവര്‍ സംസാരിച്ചാല്‍ സാധ്യമാകുമെന്ന് തന്നെയാകും അവരുടെ വാക്കുകള്‍. പതിറ്റാണ്ടുകളോളം സ്റ്റേറ്റിന്റെ ഈ അധികാരം ദൈവികമെന്നു വിശേഷിപ്പിക്കാവുന്നതോളം വളര്‍ന്നു. 

മൂലധനത്തിനു മേല്‍ ഭരണകൂടത്തിന്റെ അധികാരം തകര്‍ക്കലായിരുന്നു പുതിയ കാല സാമ്പത്തിക വിപ്ലവങ്ങളുടെ പച്ചയായ താല്‍പര്യം. അങ്ങനെ, സ്റ്റേറ്റുകള്‍ സാമൂഹിക പ്രതിബദ്ധത വഴിയില്‍ ഉപേക്ഷിച്ച് വിപണിയുടെ കാവല്‍ക്കാരായി മാറി. അതാകട്ടെ, യഥാര്‍ഥത്തിലോ പ്രതീകാത്മകമോ ആയി നിലനിന്ന എല്ലാ അധികാരങ്ങളും സര്‍ക്കാറുകള്‍ക്ക് നഷ്ടപ്പെടുത്തി. 2013-ല്‍ ബറാക് ഒബാമ, 'നമ്മുടെ കാലത്തെ നിര്‍ണയിക്കുന്ന വെല്ലുവിളി അസന്തുലിതത്വമാണ്' എന്ന് പ്രഖ്യാപിച്ചു. അദ്ദേഹത്തിനെന്നല്ല, ഒരു യു.എസ് പ്രസിഡന്റിനും പിടികൊടുക്കാതെ 1980 മുതല്‍ യു.എസില്‍ അസന്തുലിതത്വം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. 

പാശ്ചാത്യ നാടുകളില്‍ ചിത്രം എല്ലായിടത്തും ഒന്നാണ്: അതിസമ്പന്നരുടെ ആസ്തി അതിദ്രുതം വളരുന്നു. പ്രതിസന്ധി മറികടക്കാന്‍ ഭരണകൂടങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ സാമൂഹിക, ജനാധിപത്യ, ജനക്ഷേമ സ്റ്റേറ്റ് എന്ന സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ജനങ്ങളോട് വാക്കുപാലിക്കാനാവാത്ത ഭരണകൂടങ്ങള്‍ക്കെതിരെ എവിടെയും പ്രതിഷേധം ഉയരുകയാണ്. 

സാങ്കേതിക സാമ്പത്തിക വിപ്ലവത്തിന്റെ അടുത്ത ഘട്ടം ഇതിലേറെ ബീഭത്സമാകുമെന്ന് വിശ്വസിക്കാന്‍ കാരണങ്ങളേറെ. വന്‍കിട ഡാറ്റാ കമ്പനികളായ ഗൂഗ്ള്‍, ഫേസ്ബുക്ക് തുടങ്ങിയവ നേരത്തേ ഭരണകൂടം നിര്‍വഹിച്ച ഉത്തരവാദിത്തങ്ങള്‍ പലതും സ്വയം നടത്തുന്നുണ്ട്. സാമൂഹിക യാഥാര്‍ഥ്യത്തിന്റെ പ്രാഥമിക കാവല്‍ക്കാരാണ് അവരിന്ന്. അവയില്‍ അംഗത്വമെടുക്കുന്നത് പുതിയ കോര്‍പറേറ്റ് കാലത്ത് അതിരുകള്‍ വിലങ്ങുതീര്‍ക്കാത്ത പൗരത്വത്തിന്റെ രൂപങ്ങളും. ഡിജിറ്റല്‍ നാണയങ്ങള്‍ കൂടി എത്തിയതോടെ ഭരണകൂടം നേരത്തേ നിര്‍വഹിച്ച അവശേഷിച്ച ജോലികള്‍ കൂടി ഏറ്റെടുക്കാന്‍ ആധുനിക സാങ്കേതികതകള്‍ വരുമെന്ന സത്യവും നമ്മെ തുറിച്ചുനോക്കുന്നു. 

ബാഹ്യ ശക്തികള്‍ നിയന്ത്രിക്കുന്ന, ദേശീയ വിഷയങ്ങളില്‍ പേരിനു മാത്രം അധികാരമുള്ള സര്‍ക്കാറുകള്‍ എന്നത് മുമ്പ് അതിദരിദ്ര രാഷ്ട്രങ്ങളുടെ മാത്രം വര്‍ത്തമാനമായിരുന്നു. എന്നാല്‍, പാശ്ചാത്യ ലോകത്ത് അത് തിരിച്ചുവരികയാണെന്നു തോന്നുന്നു. സാമ്പത്തികമോ സാങ്കേതികമോ മാത്രമല്ല, ഭരണസംവിധാനത്തിനു മേല്‍ നാം കാണുന്ന കടന്നുകയറ്റം. 

പഴയ രാജവാഴ്ചകള്‍ അത്രത്തോളം ജനാധിപത്യപരമായിരുന്നില്ല. എന്നിട്ടും, അതിനു കീഴിലെ ജനങ്ങളെ മൊത്തത്തില്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. എന്നാല്‍, ദേശരാഷ്ട്രങ്ങളില്‍ സ്ഥിതി അതല്ല. ആരൊക്കെ അകത്ത്, ആരൊക്കെ പുറത്ത് എന്ന് എപ്പോഴും നിര്‍ണയിക്കപ്പെടുന്നു. വംശീയ ശുദ്ധീകരണത്തിനു വരെ ഇത് കാരണവുമാകുന്നു. സാമ്രാജ്യങ്ങളേക്കാള്‍ അസ്ഥിരത പ്രകടിപ്പിക്കാന്‍ ഇതുകൂടി ഒരു കാരണമായി ഭവിക്കുന്നു. 

എന്നിട്ടും, സാമ്രാജ്യങ്ങളുടെ കാലം കഴിഞ്ഞെന്നും ഇനി ദേശരാഷ്ട്രങ്ങളുടെ കാലമാണെന്നുമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടില്‍ നാം വിശ്വസിച്ചത്. അവയാകട്ടെ, കോളനികള്‍ക്കും അധിനിവേശകര്‍ക്കുമിടയിലെ കടുത്ത സാമ്പത്തിക അന്തരം അവസാനിപ്പിക്കുന്നതില്‍ പരാജയമായെന്നു മാത്രമല്ല, വംശീയ ഉന്മൂലനത്തിനും യുദ്ധങ്ങള്‍ക്കും അഴിമതിക്കും പരിസ്ഥിതിനാശത്തിനും കടുത്ത ഏകാധിപത്യത്തിനുമാണ് അവ ശ്രമിച്ചത്. 

മുമ്പ് കോളനികളായിരുന്ന രാജ്യങ്ങളിലേറെയും ഇന്ന് സംഘര്‍ഷ മുഖത്താണെങ്കില്‍ അതിനു കാരണം, പാശ്ചാത്യര്‍ പറയും പോലെ അവയുടെ പില്‍ക്കാല നേതൃത്വം മോശമായതു കൊണ്ടല്ല. മറിച്ച്, സാമ്രാജ്യങ്ങള്‍ വിട്ടുപോയ ഒഴിവില്‍ പുതിയ രാജ്യങ്ങള്‍ പെട്ടെന്ന് തട്ടിക്കൂട്ടിയെടുത്തപ്പോള്‍ ഒന്നുമറിയാത്ത ജനം അധികാരം നേടിയെടുക്കാന്‍ സ്വാഭാവികമായി സംഘര്‍ഷത്തിലേക്കും കലാപത്തിലേക്കും നീങ്ങുകയും അത് രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയുമായിരുന്നു. പല രാജ്യങ്ങളിലും അധികാരം ചില ഗോത്രങ്ങളുടെയും അതിശക്തരായ മറ്റു ചിലരുടെയും കൈകളില്‍തന്നെ നിലകൊണ്ടു. 

ആ പട്ടികയില്‍ പെടുത്താവുന്ന ചിലരെ കാണാം: നെ വിന്‍ (ബര്‍മ), ഹസന്‍ ഹബ്‌റെ (ഛാഡ്), ഹുസ്‌നി മുബാറക് (ഈജിപ്ത്), മെംഗിസ്റ്റു മറിയം (എത്യോപ്യ), അഹ്മദ് സെകൂ ടൂറെ (ഗിനിയ), മുഹമ്മദ് സുഹാര്‍ത്തോ (ഇന്തോനേഷ്യ), ഇറാനിലെ ഷാ, സദ്ദാം ഹുസൈന്‍ (ഇറാഖ്), മുഅമ്മര്‍ ഗദ്ദാഫി (ലിബിയ), മൂസ ട്രാവോരെ (മാലി), ജനറല്‍ സിയാഉല്‍ ഹഖ് (പാകിസ്താന്‍), ഫെര്‍ഡിനന്റ് മാര്‍കോസ് (ഫിലിപ്പീന്‍സ്)....

ഇവര്‍ നേതൃത്വം നല്‍കിയ രാജ്യങ്ങളെ ഒരു രാഷ്ട്രീയ നിരീക്ഷകന്‍ വിശേഷിപ്പിച്ചത് 'അര്‍ധ രാഷ്ട്രങ്ങള്‍' എന്നായിരുന്നു. കോളനിവത്കരണത്തിനു ശേഷമുള്ള യുഗത്തില്‍ കൊളോണിയല്‍ ശക്തികളുടേതല്ലാത്ത തദ്ദേശീയമായ പരമാധികാര രാഷ്ട്രങ്ങളാണ് ഉാവേത് എന്ന യു.എന്‍ നിലപാട് ഈ ഏകാധിപതികള്‍ക്ക് തങ്ങളുടെ മേധാവിത്തം അരക്കിട്ടുറപ്പിക്കാന്‍ സഹായകമായി. അവര്‍ കൊട്ടിയടച്ച വാതിലുകള്‍ക്കു പിന്നില്‍ എന്ത് നടക്കുന്നുവെന്ന് ആരും അന്വേഷിച്ചതുമില്ല (ദി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച The demise of the nation state എന്ന ലേഖനത്തിന്റെ ആദ്യ ഭാഗം).  

വിവ: മന്‍സൂര്‍ മാവൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (43-48)
എ.വൈ.ആര്‍

ഹദീസ്‌

ദയാവധത്തിന് നിയമസാധുതയോ?
കെ.സി ജലീല്‍ പുളിക്കല്‍