Prabodhanm Weekly

Pages

Search

2018 മെയ് 04

3050

1439 ശഅ്ബാന്‍ 17

ദല്‍ഹി അനുഭവിച്ച സൂഫി സ്വാധീനം

സബാഹ് ആലുവ

ഉത്തരേന്ത്യയില്‍ മുസ്‌ലിംകള്‍ ആധിപത്യം സ്ഥാപിച്ചത് മുതല്‍ ദല്‍ഹി എന്ന ചെറിയ പ്രദേശത്തെ തലസ്ഥാനമാക്കാന്‍ മത്സരിച്ചവരാണ് മുസ്‌ലിം ഭരണാധികാരികളിലധികവും. സൂഫിസത്തിന്റെ ആദ്യകാല വേരുകള്‍ സല്‍ത്തനത്തിനു മുമ്പേ ഖൈബര്‍ ചുരം താണ്ടി ഉത്തരേന്ത്യയില്‍ വന്നതായി ചരിത്രം രേഖപ്പെടുത്തുന്ന വസ്തുതയാണ്. ദല്‍ഹി സല്‍ത്തനത്തിന്റെ തുടക്കത്തില്‍ അജ്മീറിലെ ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ അനുയായികളില്‍ പ്രമുഖനായ ഖാജാ ഖുത്വ്ബ് ബക്തിയാര്‍ കാകിയുടെ നേതൃത്വത്തില്‍  ദല്‍ഹിയിലെ മഹറോലിയില്‍ സ്ഥാപിക്കപ്പെട്ട കേന്ദ്രമാണ് പൗരാണിക സൂഫി കേന്ദ്രങ്ങളില്‍ ആദ്യത്തേത്. ബാബാ ഫരീദിന്റെ അനന്തരാവകാശി ഖാജാ നിസാമുദ്ദീന്‍ ഔലിയയുടെ നിസാമുദ്ദീന്‍ ദര്‍ഗയാണ് എടുത്തു പറയേണ്ട മറ്റൊന്ന്. നിസാമുദ്ദീന്‍ ഔലിയയുടെ പിന്‍ഗാമി ഹസ്രത്ത് നാസിറുദ്ദീന്‍ ചിരാഗ് ദല്‍ഹിയുടെ കല്‍കാജിയില്‍ നിര്‍മിച്ചതാണ് തുടര്‍ന്നു വരുന്നവയില്‍ പ്രധാനപ്പെട്ടത്. ദല്‍ഹിയിലെ പ്രഗൃതി മൈതാനത്തിന് സമീപം ഉയര്‍ത്തപ്പെട്ട ഹസ്രത്ത് ശൈഖ് അബൂബകര്‍ തൂസി ഹൈദരി ഖലന്ധരിയുടെ സൂഫി കേന്ദ്രവും എടുത്തു പറയേണ്ടവ തന്നെയാണ്. പിന്നീട് ദല്‍ഹിയുടെ പല ഭാഗങ്ങളിലും സൂഫി ചിന്താധാരയുടെ സ്വാധീനം അരക്കിട്ടുറപ്പിക്കും വിധം ദര്‍ഗകളും മഖാമുകളും ഖാന്‍ഖാഹുകളും ഉയര്‍ന്നുവന്നു. അവയില്‍ ചിശ്തി, സുഹ്‌റവര്‍ദി ചിന്താധാരകള്‍ വളരെ പെട്ടന്ന് ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാവുകയും വേരുറക്കുകയും ചെയ്തു. 

ഹല്‍ഖ എന്ന് പൊതുവില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അറിയപ്പെടുന്ന കൂട്ടായ്മകള്‍ യഥാര്‍ഥത്തില്‍ ആരംഭിക്കുന്നതും, ഹല്‍ഖകളിലൂടെ സാമൂഹിക ഉന്നമനം സാധ്യമാക്കി അസൂയാവഹമായ മാറ്റങ്ങള്‍ കൊണ്ടുവന്നതും സൂഫിസത്തിന്റെ മേന്മകളില്‍ എണ്ണപ്പെടേണ്ടവ തന്നെയാണ്. ദല്‍ഹിയില്‍ സൂഫിസത്തിനുണ്ടായ വളര്‍ച്ച  അത്ഭുതാവഹമായിരുന്നു. അതുകൊണ്ടാവാം ദല്‍ഹി എന്ന പേരിന്റെ ഉത്ഭവം 'ദല്‍ഹീസ്' (തുടക്കം/ആരംഭം) എന്ന ഉര്‍ദു വാക്കില്‍നിന്നാണെന്ന് സൂഫി ചരിത്ര ശേഖരങ്ങള്‍ വിശദീകരിച്ചതും. സൂഫികളില്‍ പലരുടെയും ചിന്തകള്‍ക്ക് നിറം വെക്കുന്നതും അതിലൂന്നിയുള്ള  പ്രവര്‍ത്തനങ്ങള്‍ക്ക്   തുടക്കം കുറിക്കുന്നതും  ദല്‍ഹിയില്‍നിന്നാണെന്നുള്ള ആശയമാണ് ദല്‍ഹീസ് എന്ന വാക്കിന്റെ ധ്വനി. അതിന്റെ ഉദാഹരണമെന്നോണം ദല്‍ഹിയില്‍ ജീവിച്ച് പ്രവര്‍ത്തിച്ച ഇരുപത്തിരണ്ടോളം സൂഫി പണ്ഡിതരുടെ ഖബ്‌റുകള്‍ ദല്‍ഹിയില്‍ പ്രത്യേകം തയാറാക്കിയ മഖ്ബറകളില്‍ ഇന്നും കാണാം. ഇതോടൊപ്പം ഇന്ത്യയിലെ  മുസ്‌ലിം കവികളില്‍ പ്രത്യേകിച്ച് സൂഫി കലാകാരന്മാരില്‍  പ്രസിദ്ധനായിരുന്ന അമീര്‍ ഖുസ്രുവിനെ ഈയവസരത്തില്‍ സ്മരിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്. ഖുസ്രുവിന്റെ കവിതകള്‍ പേര്‍ഷ്യന്‍ ഭാഷയിലായതിനാല്‍ ഇറാന്‍, അഫ്ഗാനിസ്താന്‍, താജികിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വമ്പിച്ച സ്വീകാര്യത കൈവരിക്കാന്‍ ഇദ്ദേഹത്തിന്റെ കവിതാ സമാഹാരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ചിശ്തി സൂഫി പാരമ്പര്യം പിന്‍പറ്റി ജീവിച്ച ഖുസ്രു ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം നില്‍ക്കുകയുണ്ടായി. പേര്‍ഷ്യന്‍ ഭാഷയുടെ കാവ്യസൗന്ദര്യം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എത്രത്തോളം സ്വാധീനിച്ചു എന്നതിന്റെ തെളിവാണ് അമീര്‍ ഖുസ്രുവിന്റെ  കവിതാ സമാഹാരങ്ങള്‍. 

ദല്‍ഹി സുല്‍ത്താന്മാരില്‍ അധികവും സൂഫി ചിന്തയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക്  വലിയ പിന്തുണയാണ് നല്‍കിയത്.  എത്രത്തോളമെന്നാല്‍ ഒരിക്കല്‍ തുഗ്ലക്ക് ഭരണാധികാരികളില്‍ പ്രമുഖനായ ഫിറോസ് ഷാ തുഗ്ലക് ശൈഖ് നാസിറുദ്ദീനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ മഖാമില്‍ എത്തുകയും, ലഘുനിദ്രയിലായിരുന്ന നാസിറുദ്ദീന്റെ  മയക്കത്തിനു ഭംഗം വരാതെ സുല്‍ത്താന്‍ പുറത്ത് കാത്തു നില്‍ക്കുകയും ചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. തന്റെ സേനാനായകനായ താത്താര്‍ ഖാനോട് പിന്നീട് സുല്‍ത്താന്‍ പ്രതികരിച്ചത് ഇപ്രകാരമാണ്; 'ഞാനൊരു യഥാര്‍ഥ രാജാവല്ല, അദ്ദേഹമാണ് അതിനു യോജിച്ച വ്യക്തി.' ദല്‍ഹി പ്രദേശങ്ങളുടെ വികസന മാതൃകകള്‍ രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കു വഹിച്ചവരാണ് ഖാജാ ഖുത്വ്ബ് ബക്തിയാര്‍ കാകി, നിസാമുദ്ദീന്‍ ഔലിയ, ഹസ്രത്ത് നാസിറുദ്ദീന്‍ ചിരാഗ് ദല്‍ഹി  തുടങ്ങിയവര്‍. പന്ത്രണ്ടോളം ദല്‍ഹി സുല്‍ത്താന്മാരുമായുള്ള  വാണിജ്യ-വൈദേശിക ബന്ധങ്ങളില്‍ ഭരണകൂടത്തിന്റെ പ്രതിനിധികളായി വര്‍ത്തിച്ചവരാണ് മേല്‍ പറഞ്ഞ മൂന്നു പേരും. കേവല ആത്മീയതയില്‍ ഒതുങ്ങി മാത്രം ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചവരല്ലെന്നു സാരം. 

ഇസ്‌ലാമിക ലോകത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന കേന്ദ്രങ്ങളാണ് ഖാന്‍ഖാഹുകള്‍. പേര്‍ഷ്യനിലെ രണ്ടു വാക്കുകളായ ഖാന-ഖാഗ് (സൂഫി ആത്മീയ കേന്ദ്രങ്ങള്‍) സൂഫിസത്തിന്റെ  ആത്മീയ കേന്ദ്രങ്ങളായിട്ടാണ് സിറിയ, ഇറാഖ്, ഈജിപ്ത് എന്നിവിടങ്ങളില്‍ അറിയപ്പെടുന്നത്. 2001 ജനുവരിയില്‍ ദല്‍ഹി കേന്ദ്രമാക്കി തുറന്നു പ്രവര്‍ത്തനമാരംഭിച്ച ഖാന്‍ഖാഹ് ഒരിക്കല്‍ കൂടി ഇന്ത്യയിലെ പ്രത്യേകിച്ച് ദല്‍ഹിയിലെ സൂഫി പാരമ്പര്യത്തെ ഓര്‍മപ്പെടുത്തി പത്രങ്ങളില്‍ ഇടം നേടിയിരുന്നു. ദല്‍ഹി കേന്ദ്രമാക്കിയായിരുന്നു വലിയ ഖാന്‍ഖാഹുകളുടെ പ്രവര്‍ത്തനങ്ങളധികവും. സുഹ്‌റവര്‍ദി സൂഫിസത്തിന്റെ വലിയ കേന്ദ്രങ്ങളായിട്ടാണ് ഇന്ത്യയില്‍ ഖാന്‍ഖാഹുകള്‍ അറിയപ്പെടുന്നത്.  ചിശ്തി സൂഫിസത്തിന്റേതാകട്ടെ ജമാത്ത്ഖാനകളായും. ശിഹാബുദ്ദീന്‍ ഉമര്‍ അല്‍ സുഹ്‌റവര്‍ദിയുടെ പ്രശസ്ത ഗ്രന്ഥമായ അവാരിഫുല്‍ മആരിഫില്‍ ഇന്ത്യയിലെ സൂഫി കേന്ദ്രങ്ങളുടെ യഥാര്‍ഥ  ചിത്രം വരച്ചുകാണിക്കുന്നുണ്ട്. സത്രം എന്ന് ചെറുതാക്കി അര്‍ഥം നല്‍കിയാലും വ്യക്തി ജീവിതത്തെ ദൈവഹിതമനുസരിച്ച് പാകപ്പെടുത്തുകയാണ് ഇതിലൂടെ സൂഫിസം ലക്ഷ്യം വെക്കുന്നത്. മുസ്‌ലിംകള്‍ക്ക് പുറമെ മറ്റു മതവിഭാഗങ്ങള്‍ക്കും ഖാന്‍ഖാഹുകളില്‍ സന്ദര്‍ശനാനുമതി ലഭിച്ചിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ബഹുസ്വരതയുടെ ഏറ്റവും ഉന്നതമായ ചിഹ്നങ്ങളായാണ് സൂഫി കേന്ദ്രങ്ങള്‍ അറിയപ്പെടുന്നത്. ജനങ്ങളുടെ സാംസ്‌കാരിക-ആത്മീയ-സാമൂഹിക മേഖലകളിലെ സമൂലമായ മാറ്റമാണ് ആദ്യകാലങ്ങളില്‍ സൂഫിസത്തിന്റെ അടിസ്ഥാനമായി മാറിയത്. പക്ഷേ ഏതൊരു വിശ്വാസത്തിന്റ്യെും ചിന്താപരമായ തകര്‍ച്ചക്ക് വഴിയൊരുക്കുന്നത് പ്രസ്തുത വിശ്വാസത്തിന്റെ മേല്‍ പില്‍ക്കാല സമൂഹങ്ങള്‍ വെച്ച് പുലര്‍ത്തുന്ന വൈകാരികമായ ആവേശവും, അന്ധമായ അനുകരണവുമാണ് എന്നതിന് തെളിവുകള്‍ ഏറെയാണ്. ഇന്ത്യയിലെ സൂഫി പാരമ്പര്യം ദല്‍ഹിക്ക് ഒരുപാട് മഹനീയ ഓര്‍മകള്‍ സമ്മാനിച്ചാണ് കടന്നുപോയത്. ആ ചിന്താ വൈവിധ്യങ്ങളെ നേരാംവിധം തലമുറകള്‍ക്ക്  കൈമാറുന്നതില്‍ വീഴ്ച സംഭവിച്ചതും പലതും പില്‍ക്കാലത്ത് സൂഫി ആശയങ്ങളുടെ അടിസ്ഥാനമായി യഥേഷ്ടം ചേര്‍ത്തു  വായിക്കാന്‍ തുടങ്ങിയതും ഉത്കൃഷ്ടരായ സൂഫി പണ്ഡിതന്മാരെ പുതുതലമുറ വിസ്മരിക്കാന്‍ കാരണമായി.

 

 

 

വെറുതെയല്ല വസ്ത്രം

വസ്ത്രം തേടിയുള്ള മനുഷ്യന്റെ അലച്ചിലുകള്‍ക്ക് മനുഷ്യരാശിയോളം പഴക്കമുണ്ട്. ആദമിനെയും ഹവ്വയെയും ദൈവം ഭൂമിയിലേക്കയച്ചപ്പോള്‍ അവര്‍ക്ക് നാണം വെളിവാകുകയും അവര്‍ അതിനെ കുറിച്ച് ബോധവാന്മാരാവുകയും ചെയ്തു. അന്നുതൊട്ടിന്നോളം മനുഷ്യന് വസ്ത്രം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഇന്ന് സമൂഹം ഒരാളുടെ വ്യക്തിത്വത്തെ അളക്കുന്നത് അയാളുടെ വസ്ത്രധാരണം കൂടി നോക്കിയാണ്. ഓരോ വേഷവും അതിന്റേതായ സംസ്‌കാരത്തെ വിളിച്ചോതുന്നുണ്ട്. കാലം കടന്നുപോകുംതോറും മനുഷ്യന്റെ വസ്ത്രാഭിരുചിയിലും മാറ്റങ്ങള്‍ വരും.

ഇസ്‌ലാം സ്ത്രീക്കും പുരുഷനും പ്രത്യേക തരം വസ്ത്രങ്ങള്‍ നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങള്‍ മറയ്ക്കണം എന്നതിനെക്കുറിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ അനുശാസിച്ചിട്ടുമുണ്ട്. ഇതുപോലെ മറ്റു മതങ്ങളിലും വസ്ത്രധാരണത്തെക്കുറിച്ച കാഴ്ചപ്പാട് സംസ്‌കാരങ്ങളിലൂന്നി തന്നെയാണ് നില്‍ക്കുന്നത്. അതായത് അവന്റെ/അവളുടെ വേഷം ജനിച്ചു വളര്‍ന്ന സാഹചര്യവുമായോ സാമുദായികാനുഭവങ്ങളുമായോ ബന്ധപ്പെട്ടു കിടക്കുന്നതായിരുന്നു.

എന്നാലിന്ന്, അന്തസ്സും മാന്യതയും അടയാളപ്പെടുത്തുന്ന വസ്ത്രധാരണാ സംസ്‌കാരം പുതിയ തലമുറക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ആഗോളീകരണവും പാശ്ചാത്യ അധിനിവേശങ്ങളും ലോകവ്യാപകമായി വസ്ത്രവിപണിയുടെ ചിന്താധാരകളെ അപ്പാടെ മാറ്റിമറിച്ചിട്ടുണ്ട്. പഴമക്കാര്‍ പുലര്‍ത്തിപ്പോന്ന സംസ്‌കാരത്തിന് ഇളക്കം തട്ടിക്കുന്നതാണ് പുതിയ വസ്ത്രലോകത്തോടുള്ള ആധുനിക മനുഷ്യന്റെ ഭ്രമം. വിപണിയില്‍ തൂങ്ങിയാടുന്നതെന്തും, അത് ഇറുകിയതോ കീറിയതോ വലിപ്പം കുറഞ്ഞതോ എന്തായാലും അതാണിന്നത്തെ തലമുറ അണിഞ്ഞിറങ്ങാന്‍ ഇഷ്ടപ്പെടുന്നത്. അത് തന്റെ മാന്യതക്ക് ചേര്‍ന്ന വേഷമാണോ എന്നൊന്നും ചിന്തിക്കുന്നില്ല. ഒരുതരം അനുകരണ ഭ്രാന്ത്.

ഒരു സ്ത്രീ മാന്യമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവളാണ് എന്ന് അവളുടെ വസ്ത്രം കൊണ്ട് മറ്റുള്ളവര്‍ തിരിച്ചറിയണം. തന്റെ ശരീരത്തിന്റെ നിമ്‌നോന്നതികള്‍ വെളിവാക്കാത്ത ഏതുതരം വസ്ത്രവും സ്ത്രീക്ക് ധരിക്കാം എന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. അത് പര്‍ദ തന്നെയാവണമെന്നില്ല. മറ്റൊരു ഭാഷയില്‍ പുരുഷനെ പ്രലോഭിപ്പിക്കുന്നതാകരുത് അത്. സ്ത്രീ ഒരിക്കലും അവളുടെ വേഷവിധാനം മുഖേന ആക്രമിക്കപ്പെടാനും ഇടയാകരുത്. മുമ്പ് സ്ത്രീപീഡന കഥകള്‍ പത്രത്താളുകളില്‍ ഒറ്റപ്പെട്ട വാര്‍ത്തയായിരുന്നെങ്കില്‍, ഇപ്പോഴത് പത്രങ്ങളിലും ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുകയാണ്. വസ്ത്ര സംസ്‌കാരത്തിലുണ്ടായ മാറ്റങ്ങള്‍ അവള്‍ ആക്രമിക്കപ്പെടാന്‍ ഇടയാക്കുന്നുണ്ടോ എന്ന് ആലോചിക്കണം. വിശേഷ ബുദ്ധിയുള്ള മനുഷ്യന് മറ്റു ജീവികളില്‍നിന്ന് വ്യത്യസ്തനായി ജീവിക്കാന്‍ ചില നിയമങ്ങളും വ്യവസ്ഥകളും ആവശ്യമാണ്. ഈ നിയമ വ്യവസ്ഥകള്‍ പാലിക്കാത്ത പക്ഷം അത് നാശത്തിന്റെ വിത്തുകള്‍ പാകും. മാന്യമായ വസ്ത്രധാരണത്തെക്കുറിച്ച് ഒരു കേരളീയനുള്ള കാഴ്ചപ്പാടായിരിക്കില്ല ഒരു പാശ്ചാത്യന്. അതുകൊണ്ട് കേരളീയന്‍ എന്നും വസ്ത്രത്തെക്കുറിച്ച കാഴ്ചപ്പാടില്‍ തന്റേതായ സാംസ്‌കാരികത്തനിമ കാത്തുസൂക്ഷിക്കുന്നതാവും പാശ്ചാത്യലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന ലൈംഗികാഭാസങ്ങളെ മാടിവിളിക്കാതിരിക്കാനുള്ള ഒരു വഴി.

ഇസ്‌ലാം അനുശാസിക്കുന്ന വസ്ത്രം കൊണ്ട് ശരീരത്തെ അലങ്കാരപ്പെടുത്തുമ്പോഴാണ് ഒരാളെ മുസ്‌ലിം എന്ന് വിശേഷിപ്പിക്കാനാവുക. മനുഷ്യ സംസ്‌കാരത്തിന്റെ ആദ്യ ഉറവിടം കുടുംബമാണ്. ഒരു കുഞ്ഞിന് ആ കുടുംബത്തില്‍നിന്ന് കിട്ടുന്ന വെള്ളവും വളവും വിഷം കലരാത്തതായാല്‍ അവിടെ സംസ്‌കാരസമ്പന്നമായ ഒരു വ്യക്തിത്വം പിറവിയെടുക്കുന്നു. കുടുംബത്തിലെ വസ്ത്രധാരണ രീതി വ്യക്തമായ ധാര്‍മിക കാഴ്ചപ്പാടോടു കൂടിയുള്ളതാണെങ്കില്‍ ആ കുടുംബത്തിലെ തലമുറകള്‍ അത് അനുവര്‍ത്തിച്ചു പോരുന്നതായി കാണാം. ഇനി തന്നിഷ്ടപ്രകാരമാണ് ഒരു കുടുംബത്തിലെ വസ്ത്രധാരണ രീതിയെങ്കില്‍ പെണ്‍കുട്ടി മുതിര്‍ന്ന് വരുമ്പോള്‍ അവളുടെ ചുറ്റുപാടില്‍ കാണുന്ന ചില നല്ല മാതൃകകളില്‍നിന്ന് ഒരുപക്ഷേ, അവള്‍ പാഠമുള്‍ക്കൊണ്ട് മാന്യമായ വസ്ത്രധാരണരീതി സ്വീകരിച്ചെന്നു വരാം.

പക്ഷേ, പൊതുവെ അത്തരം കുടുംബ പശ്ചാത്തലത്തില്‍നിന്ന് വരുന്നവര്‍ വസ്ത്രം തെരഞ്ഞെടുക്കുമ്പോള്‍ മാഗസിനുകളിലെ, അല്ലെങ്കില്‍ ടി.വി പ്രോഗ്രാമുകളിലെ മോഡലുകളുടെ വസ്ത്രരീതിയും ശരീരവടിവുമാണ് അവരുടെ മനസ്സിലെത്തുക. ഇപ്രകാരം മോഡലുകളുടെയും താരങ്ങളുടെയും വസ്ത്രരീതി അനുകരിക്കുന്ന പുതിയ തലമുറയെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. സ്ത്രീ പുരുഷന്റെയും പുരുഷന്‍ സ്ത്രീയുടെയും വേഷം ധരിക്കരുതെന്ന് ഇസ്‌ലാം മാത്രമല്ല, മറ്റു മതങ്ങളും പഠിപ്പിക്കുന്നുണ്ട്. ഇന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലും തലപോലും മറക്കുന്ന ഹൈന്ദവ സ്ത്രീകളുണ്ട്. അന്യപുരുഷനെ കാണുമ്പോള്‍ മുഖം മറയ്ക്കുന്നവരും അക്കൂട്ടത്തിലുണ്ട്. അതേസമയം പര്‍ദ വാങ്ങി ഇറുകി നില്‍ക്കുന്ന രൂപത്തിലാക്കി ധരിക്കുന്ന പെണ്‍കുട്ടികള്‍ പര്‍ദയിടുന്നത് എന്തിനാണെന്ന് അറിയാതെ പോകുന്നു. മനസ്സിലെ വികാരവിചാരങ്ങളെ ഇളക്കിവിടാനല്ല, മറിച്ച് അത്തരം മനസ്സുകളെ നിയന്ത്രിക്കാനായിരിക്കണം വസ്ത്രധാരണത്തിലൂടെ നാം ലക്ഷ്യം വെക്കേണ്ടത്.

ഇ.എന്‍ നുജൂബ എളമരം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (43-48)
എ.വൈ.ആര്‍

ഹദീസ്‌

ദയാവധത്തിന് നിയമസാധുതയോ?
കെ.സി ജലീല്‍ പുളിക്കല്‍