Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 27

3049

1439 ശഅ്ബാന്‍ 10

കോണ്‍ഗ്രസ്സിന്റെ നേരെയുള്ള സി.പി.എം നിലപാട്

മുജീബ്

എന്തെല്ലാം ന്യൂനതകമുണ്ടെങ്കിലും കോണ്‍ഗ്രസ് ആത്യന്തികമായി വര്‍ഗീയ പാര്‍ട്ടിയല്ല. മതേതരത്വം നല്ലൊരളവില്‍ ഇപ്പോഴും കാത്തുസൂക്ഷിക്കാനും സംരക്ഷിക്കാനും പറയുന്ന, ശ്രമിക്കുന്ന നേതാക്കന്മാരും വാലറ്റുപോയിട്ടില്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സുമായി ഒരു ബന്ധവും പാടില്ല എന്ന കേരള സി.പി.എമ്മിന്റെ നിലപാട് ഉത്തരേന്ത്യയിലെ പലയിടങ്ങളിലും സംഘ് പരിവാറിന് ജയിക്കാന്‍ സഹായകമാവും എന്ന വസ്തുത എന്തുകൊണ്ട് ഇവര്‍ ആലോചിക്കുന്നില്ല? ജനാധിപത്യം തന്നെ അപകടത്തിലാക്കുന്ന ഫാഷിസ്റ്റ് ശക്തികളെ നിലനിര്‍ത്താനല്ലാതെ, ശക്തിപ്പെടുത്താനല്ലാതെ ഈ തീരുമാനം കൊണ്ട് കോണ്‍ഗ്രസ്സിന് എന്തെങ്കിലും കോട്ടമുണ്ടാക്കാന്‍ സി.പി.എമ്മിന് കഴിയും എന്നും തോന്നുന്നില്ല. മുജീബിന്റെ പ്രതികരണം?

സുബൈര്‍ മണലൊടി, കിണാശ്ശേരി, കോഴിക്കോട്

 

പ്രത്യയശാസ്ത്രപരമായും നയപരമായും കടുത്ത പ്രതിസന്ധിയിലൂടെയാണ് സി.പി.എം കടന്നുപോവുന്നത്. പ്രതിസന്ധി മൗലികമായി പരിഹരിക്കുന്നതു പോയിട്ട് പാര്‍ട്ടി നേതൃത്വത്തിലെ ഭിന്ന വീക്ഷണങ്ങളെ താല്‍ക്കാലികമായി ഒതുക്കി സമവായത്തിലൂടെ രാഷ്ട്രീയ പ്രമേയം അംഗീകരിക്കാന്‍ പോലും ആസന്നമായ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സാധിക്കുമോ എന്ന് കണ്ടറിയണം. ര് കാര്യങ്ങളിലാണ് പ്രധാനമായും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പക്ഷവും മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പക്ഷവും പരസ്പരം ഏറ്റുമുട്ടുന്നത്. ഇന്ത്യയിലെ ബി.ജെ.പി ഭരണകൂടം ഫാഷിസ്റ്റാണോ എന്നതും ആ ഭരണകൂടത്തെ മുഖ്യ ശത്രുവായി കണ്ട് അതിനെ ചെറുക്കാനുള്ള പ്രതിപക്ഷങ്ങളുടെ കൂട്ടായ്മ സംഘടിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ്സിനെ അതില്‍ കൂട്ടേണ്ടതുണ്ടോ അഥവാ കോണ്‍ഗ്രസ്് ഘടകമായ പ്രതിപക്ഷ സഖ്യത്തെ സി.പി.എം പിന്തുണക്കേണ്ടതുണ്ടോ എന്നതുമാണ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന വിവാദങ്ങളുടെ അടിസ്ഥാനം. ആര്‍.എസ്.എസ് വര്‍ഗീയ സ്വേഛാധിപത്യ പ്രസ്ഥാനമാണ്, ഫാഷിസ്റ്റല്ല എന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ തീവ്ര വര്‍ഗീയ സ്വേഛാധിപത്യ ഭരണകൂടമാണ്, ഫാഷിസ്റ്റല്ല എന്നുമാണ് കേരള ഘടകത്തിന്റെ പിന്തുണയോടെ പ്രകാശ് കാരാട്ട് മുന്നോട്ടു വെക്കുന്ന വീക്ഷണഗതി. ഈ കാഴ്ചപ്പാടിലൂടെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്കുള്ള രാഷ്ട്രീയ നയരേഖയുടെ കരടുരൂപം തയാറാക്കിയിരിക്കുന്നതും. എന്നാല്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിലിരിക്കുകയും അവയിലൊന്നിലും ഇടതുപക്ഷം പ്രസ്താവ്യമായ ശക്തി അല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ദേശീയതലത്തില്‍ സ്വാധീനമുള്ള കോണ്‍ഗ്രസ്സിനെ ബി.ജെ.പി വിരുദ്ധ കൂട്ടായ്മയില്‍ ചേര്‍ക്കാതെ എങ്ങനെ ലക്ഷ്യം നേടാനാവും എന്നതാണ് യെച്ചൂരിപക്ഷത്തിന്റെയും സി.പി.ഐയുടെയും ചോദ്യം. കോണ്‍ഗ്രസ്സിനെ കൂട്ടുപിടിക്കുമ്പോഴും അതിന്റെ നവ ലിബറല്‍ സാമ്പത്തിക നയങ്ങളെ തുറന്നെതിര്‍ക്കും എന്നുമവര്‍ ചൂണ്ടിക്കാട്ടുന്നു.

പക്ഷേ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിടിയില്‍ അവശേഷിക്കുന്ന ഒരേയൊരു സംസ്ഥാനമായ കേരളത്തില്‍ മുഖ്യ പ്രതിയോഗികള്‍ ബി.ജെ.പി അല്ല, കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യു.ഡി.എഫ് ആണെന്നിരിക്കെ അവരുമായി കൂട്ടുകെട്ട് എങ്ങനെ പ്രായോഗികമാവും എന്നാണ് കാരാട്ട് പക്ഷത്തിന്റെ ചോദ്യം. അഥവാ, അത്തരമൊന്ന് തട്ടിക്കൂട്ടിയാല്‍ അതില്‍നിന്ന് മുതലെടുക്കുക ബി.ജെ.പിയായിരിക്കുകയും ചെയ്യും. അതിനാല്‍ കോണ്‍ഗ്രസ്സുമായി ഒരു തരത്തിലും തലത്തിലുമുള്ള സഖ്യം സാധ്യമല്ലെന്നാണ് അവരുടെ നിലപാട്.  അതേസമയം കേരളത്തിനു പുറത്ത്, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മത്സരിക്കാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ പിന്തുണക്കുന്ന കാര്യം സമയമാവുമ്പോള്‍ ആലോചിക്കാം എന്നും അവര്‍ പറയുന്നു. ഈ നിലപാട് യുക്തിസഹമല്ലെന്നു പറയാനാവില്ല. പാര്‍ലമെന്റില്‍ ഇപ്പോള്‍തന്നെ കോണ്‍ഗ്രസ്സും ഇടതുപക്ഷവുമടങ്ങുന്ന പ്രതിപക്ഷം പല ഇഷ്യൂകളിലും യോജിച്ച് മോദി സര്‍ക്കാറിനെതിരെ പൊരുതുന്നണ്ടല്ലോ. അനുദിനം മാറിവരുന്ന സാഹചര്യങ്ങളില്‍ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് കുറേകൂടി സുതാര്യവും യാഥാര്‍ഥ്യബോധത്തോടു കൂടിയതുമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. 

 

 

ദേശീയപാതാ വികസനത്തെ എന്തുകൊണ്ട് എതിര്‍ക്കുന്നു?

ജമാഅത്തെ ഇസ്‌ലാമി ഒരു ഇസ്‌ലാമിക പ്രസ്ഥാനമാകുമ്പോള്‍ അത് ജീവിതത്തിന്റെ സകല മേഖലകളിലും ഇടപെടുക എന്നത് ശരി തന്നെ. പക്ഷേ, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയോ പോഷക സംഘടനകളുടെയോ ചില ഇടപെടലുകള്‍ ചിലപ്പോള്‍ അനാവശ്യമാകുന്നുണ്ടോ എന്ന് സംശയിച്ചുപോകുന്നു. കേരളത്തിലിപ്പോള്‍ നാഷ്‌നല്‍ ഹൈവേ വീതി കൂട്ടുന്നതിനെതിരെ ഇരകള്‍ക്കൊപ്പം ചേര്‍ന്ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. റോഡുകളും വാഹനങ്ങളും വികസനങ്ങളുമെല്ലാം ഇന്ന് ഒഴിച്ചുകൂടാനാവാത്ത ആവശ്യമായി മാറിയിരിക്കുകയല്ലേ? ഏതൊരു വികസനത്തിനും അല്‍പം ഇരകള്‍ ഉണ്ടാകുമെന്നത് സ്വാഭാവികമാണ്. റോഡുകള്‍ സൗകര്യാനുസരണം വീതിയോടെ തന്നെയല്ലേ ഉണ്ടാക്കേണ്ടത്? ഇസ്‌ലാമിക പ്രസ്ഥാനം വെറുതെയെന്തിന് വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു?

നസീര്‍ പള്ളിക്കല്‍

 

ജമാഅത്തെ ഇസ്‌ലാമിയുടെയും പോഷക സംഘടനകളുടെയും സുചിന്തിതവും സുതാര്യവുമായ വികസന നയം പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. കൃഷി, വ്യവസായം, വ്യാപാരം, വിദ്യാഭ്യാസം, ഗതാഗതം മുതലായ സമസ്ത മേഖലകളിലും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനോ പരമാവധി ജനക്ഷേമകരമായ പദ്ധതികള്‍ നടപ്പാക്കുന്നതിനോ ഇസ്‌ലാമിക പ്രസ്ഥാനം എതിരല്ലെന്നു മാത്രമല്ല പൂര്‍ണ പിന്തുണയും സഹകരണവും ഉറപ്പുനല്‍കുകയും ചെയ്യുന്നു. എന്നാല്‍ മൗലികമായ രണ്ടു കാര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടു വേണം ഏത് വികസനവും നടപ്പാക്കാന്‍: ഒന്ന്, മനുഷ്യരുടെയും ജീവജാലങ്ങളുടെയും നിലനില്‍പിന് അനുപേക്ഷ്യമായ പരിസ്ഥിതി പൂര്‍ണമായി സംരക്ഷിച്ചും പ്രകൃതിയോട് കലഹിക്കാതെയും വേണം ഏതു വികസനവും. രണ്ട്, ജീവിതത്തിന്റെ താഴെ തട്ടു മുതല്‍ മേലേതട്ടു വരെയുള്ള സര്‍വ മനുഷ്യര്‍ക്കും വികസനത്തിന്റെ സദ്ഫലങ്ങള്‍ ലഭ്യമാവണം, അവര്‍ ദുഷ്ഫലങ്ങള്‍ അനുഭവിക്കാന്‍ ഇടവരരുത്. ഈ തത്ത്വങ്ങളുടെ വെളിച്ചത്തില്‍ ജനസാന്ദ്രതയേറിയ കേരളത്തില്‍ ദേശീയപാത വികസിപ്പിക്കുമ്പോള്‍ വീടുകളും കടകളും പരമാവധി നശിപ്പിക്കാതെ വേണം റോഡ് പ്ലാന്‍ ചെയ്യാന്‍. അലൈന്‍മെന്റ് വ്യത്യാസപ്പെടുത്തിയാല്‍ പലേടത്തും അത് സാധ്യമാണ്. ഒഴിപ്പിക്കലും തകര്‍ക്കലും അനിവാര്യമായ ഇടങ്ങളില്‍ മതിയായ നഷ്ടപരിഹാരവും ഇരകളുടെ പുനരധിവാസവും ഉറപ്പു വരുത്തണം; വെറും വാക്കുകളിലല്ല പ്രായോഗിക രംഗത്ത്. പണ്ടെന്നോ നടപ്പാക്കിയ വികസന പദ്ധതികളുടെ പേരില്‍ വാഗ്ദാനം ചെയ്യപ്പെട്ട നഷ്ടപരിഹാരം ഇനിയും ലഭിക്കാത്തതിന്റെ പേരില്‍ വഴിയാധാരമായവര്‍ ഇപ്പോഴും സംസ്ഥാനത്തുണ്ട്. ഈയവസ്ഥ പൊറുപ്പിക്കാനാവില്ല. കാറിലും ബസ്സിലും യാത്ര ചെയ്യുന്നവര്‍ക്ക് തടസ്സങ്ങളില്ലാതെ അതിവേഗം ലക്ഷ്യത്തിലെത്തണമെന്നത് ശരി. കുടിവെള്ളം മുട്ടിച്ചും കുടിയൊഴിപ്പിച്ചും ഉപജീവനമാര്‍ഗങ്ങള്‍ തെറുപ്പിച്ചുമല്ലല്ലോ അത് സാധിക്കേണ്ടത്. ഇതേ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ പറയുന്നുള്ളൂ. പക്ഷേ, ജനപക്ഷത്തുനിന്ന് ഇസ്‌ലാമിക പ്രസ്ഥാനമോ അനുബന്ധ സംഘടനകളോ എന്തു ചെയ്താലും പറഞ്ഞാലും അതിന്റെ പിന്നില്‍ തീവ്രവാദമാരോപിച്ചാണ് സി.പി.എം നേരിടാന്‍ ശ്രമിക്കുന്നത്. ഗെയില്‍ പൈപ്പ് ലൈന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ ഇരകള്‍ രംഗത്തിറങ്ങിയപ്പോള്‍ അതിനെ പിന്തുണച്ചപ്പോഴും ദേശീയപാതാ വികസനത്തിന്റെ ഇരകളോടൊപ്പം നിന്നപ്പോഴും മുസ്‌ലിം തീവ്രവാദ മുദ്ര കുത്താന്‍ സി.പി.എം വക്താക്കള്‍ ഉദ്യുക്തരായി. പട്ടാപ്പകല്‍ ക്ലാസ് മുറിയില്‍ കയറി അധ്യാപകനെ വെട്ടിക്കൊന്നപ്പോഴോ രാഷ്ട്രീയ പ്രതിയോഗികളെ 51 വെട്ട് വെട്ടി അതിക്രൂരമായി കൊല ചെയ്തപ്പോഴോ ഒന്നും അത്തരം കൃത്യങ്ങള്‍ തീവ്രവാദപരമായി പാര്‍ട്ടിക്ക് തോന്നിയതുമില്ല! ജനം ഇതൊക്കെ തിരിച്ചറിഞ്ഞു തുടങ്ങി എന്നവര്‍ എത്രവേഗം മനസ്സിലാക്കുന്നുവോ അത്രയും അവര്‍ക്ക് നല്ലത്.

 

 

സ്വര്‍ഗത്തിലെ ഇണകള്‍

ഈ ലോകത്തുള്ള കുടുംബവും ഭാര്യയുമൊത്ത് തന്നെ പരലോകത്തും താമസിക്കാനാണ് അധിക സത്യവിശ്വാസികളും ആഗ്രഹിക്കുക. എന്നിട്ടെന്തേ ഇവിടത്തെ കുടുംബത്തേക്കാളും ഭാര്യയേക്കാളും ഉത്തമമായതിനെ ലഭിക്കാന്‍ മയ്യിത്ത് നമസ്‌കാരത്തില്‍ പ്രാര്‍ഥിക്കാന്‍ പ്രേരിപ്പിക്കുന്നത്?

പി.അബു തിരൂര്‍ക്കാട്

 

മയ്യിത്ത് നമസ്‌കാരത്തിലെ പ്രാര്‍ഥനയുടെ പൊരുള്‍ ചോദ്യകര്‍ത്താവ് ധരിച്ചപോലെയല്ല. ദുന്‍യാവിലെ ഇണകളും കുടുംബങ്ങളുമെല്ലാം ഇഹലോകത്തേക്കാള്‍ എത്രയോ മടങ്ങ് സുന്ദരന്മാരും സുന്ദരികളും ആകര്‍ഷക വ്യക്തിത്വത്തിന്റെ ഉടമകളുമായി സ്വര്‍ഗത്തില്‍ വന്നാലും പ്രാര്‍ഥനയില്‍ ആവശ്യപ്പെടുന്നതെന്തോ അത് ലഭിക്കാതെ പോവില്ല. അതായത് ദമ്പതികള്‍ സ്വര്‍ഗാവകാശികളാവുമ്പോള്‍ അവര്‍ തന്നെയാവാം സ്വര്‍ഗത്തിലെ ഇണകള്‍. പക്ഷേ, ദുന്‍യാവിലേതിനേക്കാള്‍ എത്രയോ ശ്രേഷ്ഠമായ സവിശേഷതകളോടു കൂടിയായിരിക്കും അവര്‍. ''ഉമ്മുസല്‍മ ഒരിക്കല്‍ നബിയോട് ചോദിച്ചു: 'ദുന്‍യാവില്‍നിന്ന് ചെന്ന സ്ത്രീകള്‍ക്കാണോ കൂടുതല്‍ ശ്രേഷ്ഠത അതോ ഹൂറുകള്‍ക്കോ?' നബി പറഞ്ഞു: 'ഒരു വിരിപ്പിന്റെ അടിഭാഗത്തേക്കാള്‍ പുറംഭാഗത്തിനുള്ള ശ്രേഷ്ഠതയുണ്ട് ദുന്‍യാവില്‍നിന്ന് ചെന്ന സ്ത്രീകള്‍ക്ക് ഹൂറുകളേക്കാള്‍.' ഉമ്മുസല്‍മ ചോദിച്ചു: 'എന്തുകൊണ്ട്?' നബി പറഞ്ഞു: 'അവര്‍ അല്ലാഹുവിന് നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും മറ്റു ഇബാദത്തുകളെടുക്കുകയും ചെയ്യുന്നതുകൊണ്ട്' (ത്വബറാനി). അപ്പോള്‍ സ്വര്‍ഗവാസികളുടെ സാക്ഷാല്‍ ഭാര്യമാര്‍ ദുന്‍യാവിലെ സദ്‌വൃത്തകളായ സ്ത്രീകളായിരിക്കും. ഇവര്‍ തങ്ങളുടെ വിശ്വാസങ്ങളും സല്‍ക്കര്‍മങ്ങളും വഴി സ്വര്‍ഗത്തില്‍ പ്രവേശിച്ചവരാണ്. അക്കാരണത്താല്‍ സ്വര്‍ഗത്തില്‍ എല്ലാവിധ അനുഗ്രഹങ്ങള്‍ക്കും അവര്‍ സ്വയം തന്നെ അര്‍ഹരുമാണ്. ഇവരുടെ മുന്‍ ഭര്‍ത്താക്കന്മാര്‍ സ്വര്‍ഗവാസികളാണെങ്കില്‍ സ്വയം ഇഷ്ടപ്രകാരം അവരെത്തന്നെ ഭര്‍ത്താക്കളായി സ്വീകരിക്കും. അല്ലെങ്കില്‍ അവരിഷ്ടപ്പെടുന്ന മറ്റു ഭര്‍ത്താക്കളെ അല്ലാഹു അവര്‍ക്ക് നല്‍കുന്നു. സ്വര്‍ഗവാസികളുടെ സ്ഥിരം പാര്‍പ്പിടങ്ങളായ മാളികകളില്‍ ഇവരായിരിക്കും അധിവസിക്കുന്നത്. സാക്ഷാല്‍ ഭാര്യമാരും ഇവര്‍ തന്നെ. ഹൂറുകളോ? സ്വര്‍ഗത്തിലെ പഴങ്ങള്‍, പാനീയങ്ങള്‍ തുടങ്ങി മറ്റു വിഭവങ്ങളെ പോലെ കൂടുതല്‍ ആനന്ദത്തിനു വേണ്ടി അവിടെ നല്‍കപ്പെടുന്ന വിഭവങ്ങളാണ്. മിക്കവാറും ഉല്ലാസ കേന്ദ്രങ്ങളില്‍ സ്ഥാപിക്കപ്പെടുന്ന കൂടാരങ്ങളിലായിരിക്കും അവര്‍ അധിവസിക്കുന്നത് (പരലോകം ഖുര്‍ആനില്‍, കെ.സി അബ്ദുല്ല മൗലവി, പ്രസാധനം ഐ.പി.എച്ച് കോഴിക്കോട്). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (38-42)
എ.വൈ.ആര്‍