Prabodhanm Weekly

Pages

Search

2012 ജനുവരി 14

കോപത്തിനു കീഴ്‌പ്പെടുന്നവരും കോപത്തെ കീഴ്‌പ്പെടുത്തുന്നവരും

ശൈഖ് മുഹമ്മദ് കാരകുന്ന്

മനുഷ്യനെ മലിനനും മ്ലേഛനുമാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന ദുഃസ്വഭാവങ്ങളിലൊന്നാണ് ദേഷ്യം. മനസ്സിനെ കോപത്തില്‍നിന്ന് മോചിപ്പിക്കാന്‍ കഴിയുന്നവര്‍ വളരെ വിരളമാണ്. പലരും കൊച്ചു കൊച്ചു കാര്യങ്ങളുടെ പേരില്‍ കോപിക്കും. അതോടെ സ്വയം മറക്കും.  അന്തരംഗത്ത് അമര്‍ഷത്തിന്റെ അഗ്നിപര്‍വതം പൊട്ടുന്നതോടെ അധികപേരുടെയും ആലോചനാശേഷി അസ്തമിക്കും. മസ്തിഷ്‌കം മരവിക്കും. വിശേഷബുദ്ധി നിഷ്‌ക്രിയമാകും. വിവേചനശേഷി നശിക്കും. വിവേകം വികാരത്തിനു വഴിമാറും. പേപിടിച്ചവനെപ്പോലെ പുലഭ്യം പറയും.  ന്യായാന്യായതകള്‍ പരിശോധിക്കാതെ പലതും പ്രവര്‍ത്തിക്കും. ഗുണ-ദോഷ വിചാരമില്ലാതെ കുഴപ്പങ്ങളും കലാപങ്ങളും കുത്തിപ്പൊക്കും. ലോകത്തുണ്ടാകുന്ന അതിക്രമങ്ങളേറെയും സംഭവിക്കുന്നത് അങ്ങനെയാണ്.
കോപം നിയന്ത്രിക്കാന്‍ കഴിയാത്തവരുടെ കാട്ടിക്കൂട്ടലുകള്‍, മാറി നിന്ന് വീക്ഷിക്കുന്നവരില്‍ കൗതുകമുണര്‍ത്തും വിധം പരിഹാസ്യങ്ങളായിരിക്കും. അവ്വിധം പ്രവര്‍ത്തിക്കുന്നവര്‍ക്കുതന്നെ പിന്നീട് അകം ശാന്തമാകുമ്പോള്‍ സ്വന്തം ചെയ്തികളില്‍ ഖേദവും ലജ്ജയും അനുഭവപ്പെടും.
ചിന്താശീലമുള്ളവര്‍ നിസ്സാരകാര്യങ്ങളുടെ പേരില്‍ കോപാകുലരാവുകയില്ല.  ദേഷ്യപ്രകടനം ആരുടെയും സ്‌നേഹമോ സൗഹൃദമോ ആദരവോ അടുപ്പമോ നേടിത്തരികയില്ലെന്ന് അവരറിയുന്നു. പലരെയും പേടിപ്പെടുത്താന്‍പോലും കോപപ്രകടനം പര്യാപ്തമല്ല. അതോടൊപ്പം മറ്റുള്ളവരുടെ വെറുപ്പും വിരോധവും ഉണ്ടാവാന്‍ അത് കാരണമായിത്തീരുകയും ചെയ്യും. അതിനാലാണ് കോപം വരുമ്പോള്‍ അടക്കി നിര്‍ത്താന്‍ ഇസ്‌ലാം ശക്തമായി ആവശ്യപ്പെടുന്നത്. സുമനസ്സിന്റെ ഉടമകളായ ഭക്തന്മാരെ സംബന്ധിച്ച് അല്ലാഹു പറയുന്നു.
''ധന്യതയിലും ദാരിദ്ര്യത്തിലും ധനം ചെലവഴിക്കുന്നവരും കോപം കടിച്ചിറക്കുന്നവരുമാണവര്‍. ജനങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്നവരും. സല്‍ക്കര്‍മികളെ അല്ലാഹു സ്‌നേഹിക്കുന്നു'' (ആലുഇംറാന്‍ 134).
''വന്‍പാപങ്ങളില്‍ നിന്നും നീചകൃത്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നവരാണവര്‍. കോപം വരുമ്പോള്‍ മാപ്പേകുന്നവരും''(അശ്ശൂറാ 37).
അനിഷ്ടകരമായത് കാണുകയോ കേള്‍ക്കുകയോ അറിയുകയോ ചെയ്യുമ്പോള്‍ അമര്‍ഷം തോന്നാത്ത ആരുമുണ്ടാവില്ല. സ്വയം ശിക്ഷണങ്ങളിലൂടെ മനസ്സിനെ മെരുക്കിയെടുക്കുന്നവര്‍ക്കു മാത്രമേ അത്തരം അവസരങ്ങളില്‍ കോപത്തെ കീഴ്‌പ്പെടുത്താന്‍ കഴിയുകയുള്ളൂ. അത് ഏറെ പേര്‍ക്കും കഠിനത്യാഗവും ശ്രമവും ആവശ്യമുള്ള കാര്യമാണ്. അതിനാലാണ് പ്രവാചകന്‍ ഇങ്ങനെ പറഞ്ഞത്:
''ഗുസ്തിയില്‍ ജയിക്കുന്നവനല്ല ശക്തന്‍, കോപം വരുമ്പോള്‍ മനസ്സിനെ നിയന്ത്രിക്കുന്നവനാണ്'' (ബുഖാരി, മുസ്‌ലിം).
പ്രശ്‌നങ്ങളെ വികാരവിക്ഷോഭത്തോടെ നേരിടുന്നവരല്ല, യുക്തി വിചാരത്തോടെയും വിവേകത്തോടെയും അഭിമുഖീകരിക്കുന്നവരാണ് വിജയം വരിക്കുന്നവര്‍. കടുത്ത രോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ കാണുമ്പോഴും സ്വന്തത്തെ നിയന്ത്രിക്കാനും മനസ്സിന്റെ ശാന്തത നിലനിര്‍ത്താനും സാധിക്കുന്നവരാണ് വിവേകശാലികള്‍.  പരലോകത്ത് മഹത്തായ വിജയവും ഉജ്ജ്വലമായ നേട്ടവും ലഭിക്കുന്നതും അവര്‍ക്കുതന്നെ.

യൂനുസ് നബിയുടെ അനുഭവം
കോപം മനുഷ്യ സഹജമാണ്.  പ്രവാചകന്മാര്‍പോലും അതില്‍നിന്ന് മുക്തരല്ല.  അതോടൊപ്പം കോപത്തെ നിയന്ത്രിച്ച് സംയമനം പാലിച്ചില്ലെങ്കില്‍ അല്ലാഹുവിന്റെ ദൂതന്മാരെപ്പോലും അതിന്റെ ദുരന്തം പിടികൂടുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
യൂനുസ് നബി ക്രിസ്തുവിന് മുമ്പ് 860-780 കാലത്ത് നിയോഗിതനായ ഇസ്രയേലീ പ്രവാചകനാണ്.  അസീരിയക്കാരെ നേര്‍വഴിയിലേക്ക് നയിക്കാനായി ഇറാഖിലാണ് അദ്ദേഹം നിയോഗിതനായത്. ടൈഗ്രീസ് നദിയുടെ കിഴക്കേ തീരത്ത് മൗസില്‍ നഗരത്തിനെതിര്‍വശത്തെ 'നിനവാ' പട്ടണമായിരുന്നു അസീരിയക്കാരുടെ ആസ്ഥാനം. യൂനുസ് നബിയുടെ പ്രബോധനം സ്വീകരിക്കാന്‍ സന്നദ്ധമാവാതിരുന്ന അവര്‍ അദ്ദേഹത്തെ ധിക്കരിച്ചു.  കോപാകുലനായ യൂനുസ് നബി അല്ലാഹുവിന്റെ അനുവാദം ലഭിക്കും മുമ്പെ അവരെ വിട്ടേച്ച് സ്ഥലം വിട്ടു. അതിനാല്‍ കടുത്ത പരീക്ഷണങ്ങള്‍ക്കിരയായി. കപ്പലില്‍ കയറിയ അദ്ദേഹം കടലിലെറിയപ്പെടുകയും മത്സ്യത്തിന്റെ വയറ്റിലകപ്പെടുകയും ചെയ്തു. പിന്നീട് അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും നേരത്തെ വിട്ടേച്ചുപോന്ന സത്യപ്രബോധന ദൗത്യം പൂര്‍ത്തീകരിക്കാന്‍ നിയോഗിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ശ്രമം വമ്പിച്ച സദ്ഫലങ്ങളുളവാക്കി. ഇക്കാര്യം ഖുര്‍ആന്‍ നാലു സ്ഥലങ്ങളിലായി വിശദീകരിച്ചിട്ടുണ്ട്.
മത്സ്യത്തിന്റെ വയറ്റിലകപ്പെട്ട യൂനുസ് നബി പശ്ചാത്താപവിവശനായി അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു.  അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു.
''കൂരിരുളുകളില്‍ വെച്ച് അദ്ദേഹം കേണപേക്ഷിച്ചു: ''നീയല്ലാതെ ദൈവമില്ല. നിയെത്ര പരിശുദ്ധന്‍. സംശയമില്ല. ഞാന്‍ അതിക്രമിയായിരിക്കുന്നു. അന്നേരം നാം അദ്ദേഹത്തിനു ഉത്തരമേകി. അദ്ദേഹത്തെ ദുഃഖത്തില്‍ നിന്ന് മോചിപ്പിച്ചു. ഇവ്വിധം നാം സത്യവിശ്വാസികളെ രക്ഷപ്പെടുത്തുന്നു''(അല്‍അമ്പിയാഅ് 87,88).
''അദ്ദേഹം സ്‌ത്രോത്രം ചെയ്യുന്നവരില്‍പെട്ടിരുന്നില്ലെങ്കില്‍ ഉയിര്‍ത്തെഴുനേല്‍പ് നാള്‍വരെ ആ മത്സ്യത്തിന്റെ വയറ്റില്‍ തന്നെ കഴിയേണ്ടിവരുമായിരുന്നു''(അസ്സ്വാഫാത്ത് 143,144).
തന്റെ ജനത സത്യപ്രബോധനം സ്വീകരിക്കാത്തതിലുള്ള കോപമാണ് യൂനുസ് നബിയെ അവരെ വിട്ടേച്ചുപോകാനും തുടര്‍ന്നുണ്ടായ ദുരിതങ്ങള്‍ക്കും കാരണം. ദേഷ്യം വരുത്തുന്ന വിപത്ത് എത്രവലുതാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
കോപം നാവിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തും. അതുകൊണ്ടുതന്നെ കോപിതര്‍ പലതും വിളിച്ചു പറയും.  അത് മിത്രങ്ങളെ ശത്രുക്കളാക്കും.  അടുത്തവരെ അകറ്റും. സമൂഹത്തില്‍ ഛിദ്രതയും കുഴപ്പവും കലാപവുമുണ്ടാക്കും. അതിനാലാണ് കോപമുണ്ടാകുമ്പോള്‍ മൗനം പാലിക്കണമെന്ന് പ്രവാചകന്‍ കല്‍പിച്ചത്. ''നിങ്ങളിലാര്‍ക്കെങ്കിലും കോപം വന്നാല്‍ അവന്‍ മൗനം പാലിക്കട്ടെ'' (അഹ്മദ്).

നാലുതരം മനുഷ്യര്‍
മനുഷ്യര്‍ ഭിന്നപ്രകൃതരാണ്.  മറ്റു പല കാര്യങ്ങളിലെന്നപോലെ ദേഷ്യം പിടിക്കുന്നതിലും ഈ വൈവിധ്യം പ്രകടമാണ്. ഇതേക്കുറിച്ച് പ്രവാചകന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
''ഒരു സായാഹ്നത്തില്‍ ജനങ്ങളോട് പ്രസംഗിച്ചുകൊണ്ടിരിക്കെ നബി തിരുമേനി പറഞ്ഞ കാര്യങ്ങളില്‍ പെട്ടതാണിത്:
''ആദം സന്തതികള്‍ വിവിധ തരക്കാരായാണ് സൃഷ്ടിക്കപ്പെട്ടത്.  അറിയുക: സാവധാനം മാത്രം കോപം വരുന്നവരും വേഗം അത് ശമിക്കുന്നവരും അവരിലുണ്ട്. വേഗം ദേഷ്യം വരുന്നവരും അങ്ങിനെത്തന്നെ അതു ശമിക്കുന്നവരുമുണ്ട്, സാവകാശം കോപിക്കുന്നവരും സാവധാനം മാത്രം ശമിക്കുന്നവരുമുണ്ട്. അത് രണ്ടും അങ്ങനെ ഒത്തുപോകും. എന്നാല്‍ അറിയുക: വേഗം ദേഷ്യപ്പെടുന്നവരും സാവകാശം മാത്രം ശമിക്കുന്നവരും അവരിലുണ്ട്. അതിനാലവരില്‍ ഏറ്റം നല്ലവര്‍ സാവധാനം കോപം വരികയും വേഗം ശമിക്കുകയും ചെയ്യുന്നവരാണ്. എളുപ്പം കോപിക്കുകയും മെല്ലെ മാത്രം ശാന്തരാവുകയും ചെയ്യുന്നവരാണ് ഏറ്റം കൊള്ളരുതാത്തവര്‍''(തിര്‍മിദി).
നിരന്തര പരിശ്രമത്തിലൂടെ കോപ പ്രകൃതത്തെ മാറ്റിയെടുക്കാവുന്നതാണ്. ശക്തമായ തീരുമാനവും ബോധപൂര്‍വമായ ശ്രമവുമാണ് അതിനാവശ്യം. കോപം പൈശാചികമാണെന്ന് മനസ്സിലാക്കി അതില്‍ നിന്ന് രക്ഷനേടാന്‍ പ്രാര്‍ഥിക്കലാണ് ഏറ്റം ഫലപ്രദമായ മാര്‍ഗം. അതിന്റെ അര്‍ഥം അല്ലാഹുവെ ഓര്‍ക്കുക എന്നു കൂടിയാണ്. ഇക്കാര്യം പ്രവാചകന്‍ തന്നെ പഠിപ്പിച്ചതാണ്.
''സുലൈമാനില്‍ നിന്ന് നിവേദനം: ഞാന്‍ നബിതിരുമേനിയോടൊന്നിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ രണ്ടാളുകള്‍ പരസ്പരം കലഹിക്കുന്നുണ്ടായിരുന്നു. അവരിലൊരാളുടെ മുഖം ചുവക്കുകയും പിരടി വീര്‍ക്കുകയും ചെയ്തു. അപ്പോള്‍ നബി തിരുമേനി അരുള്‍ ചെയ്തു: എനിക്ക് ഒരു വാക്യമറിയാം. അതയാള്‍ ഉച്ചരിക്കുകയാണെങ്കില്‍ അയാളിലെ അരിശം ഇല്ലാതാകും. 'ഞാന്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവില്‍ അഭയം തേടുന്നു' വെന്ന് പറയുന്നുവെങ്കില്‍ അയാളില്‍ നിന്നത് നീങ്ങിപ്പോകും. അങ്ങനെ അവര്‍ അദ്ദേഹത്തോട് പറഞ്ഞു: അഭിശപ്തനായ പിശാചില്‍ നിന്ന് അല്ലാഹുവോട് രക്ഷതേടാന്‍ നബി തിരുമേനി താങ്കളോട് ആവശ്യപ്പെട്ടിരിക്കുന്നു''(ബുഖാരി, മുസ്‌ലിം).
കുടുംബ ശൈഥില്യത്തില്‍ കോപം വഹിക്കുന്ന പങ്ക് ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ദമ്പതികള്‍ക്കിടയിലെ  അകല്‍ച്ചയുടെയും വേര്‍പിരിയലിന്റെയും പ്രധാന വില്ലന്‍ കോപമാണ്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തെ മോശമാക്കാറുള്ളതും അതുതന്നെ. സഹോദരിസഹോദരന്മാരെ അകറ്റുന്നതിലും മിത്രങ്ങളെ ശത്രുക്കളാക്കുന്നതിലും അതിന്റെ പങ്ക് വളരെ വലുതാണ്. കോപം പൈശാചികമാണെന്ന ബോധമുള്‍ക്കൊണ്ടും അല്ലാഹുവെ സ്മരിച്ചും കോപത്തെ നിയന്ത്രിക്കുക. അത് ദൈവകോപത്തില്‍ നിന്ന് നമ്മെയും രക്ഷപ്പെടുത്തും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം