Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 20

3048

1439 ശഅ്ബാന്‍ 02

ത്വലാഖിനു ശേഷം വേണ്ടത്

ഡോ. ജാസിമുല്‍ മുത്വവ്വ

ഭാര്യയും ഭര്‍ത്താവും ഒരുമിച്ചാണ് വന്നത്. അവരിരുവരും ഒരേ സ്വരത്തില്‍: 'ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. വിവാഹമോചനാനന്തരമുള്ള ജീവിതത്തിന് താങ്കള്‍ ഞങ്ങള്‍ക്ക് ഒരു റോഡുമാപ്പ് വരച്ചുതരണം. ഞങ്ങള്‍ക്ക് നാല് മക്കളാണ്. ഏറ്റവും ഇളയവന് പത്തു വയസ്സ്. മുതിര്‍ന്നവന് ഇരുപത്.'

ഞാന്‍: 'വിവാഹമോചനാനന്തര ജീവിതയാത്ര സുഗമമാക്കാനുള്ള റോഡുമാപ്പ് പല വശങ്ങളെയും പരിഗണിച്ചുകൊണ്ടാവണം. വിവാഹമോചനവും വേര്‍പാടുമെല്ലാം വേദനാജനകമാണ്. ഈ വേദന മറികടക്കാന്‍ നിങ്ങള്‍ ഇരുവരും നിങ്ങളുടെ മനസ്സുകള്‍ക്ക് വേണ്ടത്ര സമയം അനുവദിക്കണം. ഭാവിയെ സംബന്ധിച്ച ആശങ്കകളും കലങ്ങിമറിഞ്ഞ മാനസികാവസ്ഥയും വികാരങ്ങളുടെ കുഴമറിച്ചിലുമാണ് ഈ വേദനകളുടെ പ്രഭവകേന്ദ്രം. വിവാഹമോചനാനന്തരമുള്ള മക്കളുടെ ജീവിതത്തെക്കുറിച്ചുള്ള ആകുലതകളും ഈ വേദനയില്‍ പങ്കു വഹിക്കുന്നുണ്ട്. ഇത് സ്വാഭാവികമാണ്. യുക്തിയോടും നൈപുണിയോടും കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. ഈ ഘട്ടം പിന്നിട്ടാല്‍ നിങ്ങള്‍ ഇരുവരും താന്താങ്ങളെ പുതുതായി കണ്ടെത്തണം. കാരണം നിങ്ങള്‍ ഇരുവരുടെയും ജീവിതത്തിന്റെ 'പാറ്റേണ്‍' മാറുകയാണ്. ഇരുവരും ആരോഗ്യകാര്യത്തില്‍ ശ്രദ്ധയൂന്നേണ്ടതാവശ്യമാണ്. വ്യായാമം വേണം, പഠിക്കുന്നവരെങ്കില്‍ പഠനം പൂര്‍ത്തിയാക്കണം. അതുമല്ലെങ്കില്‍ സാമൂഹികസേവന സംരംഭങ്ങളില്‍ പങ്കാളികളാകണം. ഇരുവരും പു

തിയ സൗഹൃദബന്ധങ്ങള്‍ തേടണം. പഴയ ബന്ധങ്ങള്‍ പുതുക്കണം. നിങ്ങളുടെ തീരുമാനത്തില്‍ നിങ്ങളെ പിന്തുണക്കുന്ന സുഹൃത്തുക്കളെ കണ്ടെത്തണം. അല്ലാഹുവുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാവണം. കാരണം അല്ലാഹുവാണ് പരീക്ഷണങ്ങളുടെയും പ്രതിസന്ധികളുടെയും ഘട്ടത്തില്‍ സഹായിയും മാര്‍ഗദര്‍ശിയും. ഈ ഘട്ടത്തിലെ വ്യഥകളും ദുഃഖങ്ങളും പിരിമുറുക്കവും ഒഴിവാക്കാന്‍ നമസ്‌കാരവും പ്രാര്‍ഥനയും ദിക്‌റുകളും ഏറെ ഉപകരിക്കും....

'വിവാഹമോചനത്തിനുശേഷം ജീവിതം വ്യത്യസ്തമായ അനുഭവമായിരിക്കും. ഉത്തരവാദിത്തം വര്‍ധിക്കും. കാരണം ഇരുവരും ഒറ്റപ്പെട്ടിരിക്കുകയാണല്ലോ. ജീവിതം എങ്ങനെ പ്ലാന്‍ ചെയ്യണമെന്ന് നിങ്ങള്‍ ഇരുവരും പഠിക്കണം. രണ്ടു പേരും സമയം ചിട്ടപ്പെടുത്തണം, ക്രമീകരിക്കണം, മുന്‍ഗണനാ ക്രമങ്ങള്‍ നിര്‍ണയിക്കണം. നിങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയും ഉത്തരവാദിത്ത പങ്കുവെപ്പും ഉണ്ടായിരുന്ന സന്ദര്‍ഭത്തില്‍ ഇരുവര്‍ക്കും എന്തൊരാശ്വാസമായിരുന്നു! അതിനി ഉണ്ടാവില്ലല്ലോ. അതുപോലെ ജനങ്ങളില്‍നിന്നുള്ള ബാഹ്യ സമ്മര്‍ദങ്ങളും ഏറിവരും. ജനങ്ങള്‍ക്ക് എല്ലാം അറിയണം. മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം അവരുടെ സ്വഭാവമാണ്. പുറമെയുള്ള ജനങ്ങള്‍ക്ക് നിങ്ങള്‍ നല്‍കുന്ന മറുപടി ഒരേപോലെയാവണം. അതിന് നിങ്ങള്‍ യോജിപ്പിലെത്തണം. വിവാഹമോചനത്തിന് നിങ്ങള്‍ ഇരുവരും പറയുന്ന കാരണം ഒന്നാവണം. കുട്ടികളുടെ പരിചരണം, താമസം, വിദ്യാഭ്യാസം, ഭൃത്യരുടെയും പരിചാരകരുടെയും ചെലവുകള്‍, ഇരുവരും കുട്ടികളെ കാണുന്ന സമയം തുടങ്ങി ഒരു നൂറ് കൂട്ടം കാര്യങ്ങളുണ്ടല്ലോ. അവയിലെല്ലാം വ്യക്തമായ ധാരണയും തീരുമാനവും ആവശ്യമാണ്....

'വിവാഹമോചനം മക്കളില്‍ നിഷേധാത്മക ഫലങ്ങള്‍ ഉളവാക്കുന്നുണ്ട്. ശിക്ഷണപരമായ ആഘാതങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനും നിവാരണ മാര്‍ഗങ്ങള്‍ കണ്ടെത്താനും ചില നടപടികള്‍ സ്വീകരിക്കേണ്ടി വരും. കുട്ടികള്‍ക്ക് കൂടുതല്‍ വാത്സല്യം നല്‍കുക, ത്വലാഖിനു ശേഷമുള്ള അവരുടെ പെരുമാറ്റവും സ്വഭാവ രീതികളും നിരീക്ഷിക്കുക, വിവാഹമോചന തീരുമാനത്തിലേക്കെത്തിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക, അവരുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക, ആവശ്യമെങ്കില്‍ മനഃശാസ്ത്രജ്ഞനെയോ കൗണ്‍സലിംഗ് വിദഗ്ധനെയോ സമീപിക്കുക. അങ്ങനെ പല പരിഹാര നടപടികളും ആവശ്യമാവാം....

'മാതാപിതാക്കള്‍ക്കിടയിലെ ബന്ധം വഷളാവുകയാണെങ്കില്‍ ഒരു മധ്യസ്ഥനെ വെച്ച് വേണം ഇടപെടലുകള്‍. കാരണം മക്കളുടെ സൈ്വര ജീവിതത്തിന് അതാവശ്യമാണ്. വിവാഹമോചനം അവര്‍ക്കൊരു വിപത്തായിരിക്കരുത്. ത്വലാഖിനു ശേഷം കഴിവതും കോടതി നടപടികളും വ്യവഹാരങ്ങളും ഒഴിവാക്കുകയാണ് ഉചിതം. നിങ്ങളുടെയും മക്കളുടെയും മാനസികാവസ്ഥ പരിഗണിച്ച് പ്രശ്‌നങ്ങള്‍ സ്‌നേഹാധിഷ്ഠിതമായി പരിഹരിക്കുകയാണ് നല്ലത്. മക്കളുമായുള്ള നിങ്ങളുടെ സ്‌നേഹ-സൗഹൃദ ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടരുത്. മക്കളുമായി സുദൃഢ സ്‌നേഹവും ഗാഢമായ വാത്സല്യവും കാത്തുസൂക്ഷിക്കണം. അവരുമായി വിനോദത്തില്‍ ഏര്‍പ്പെടാനും ഉല്ലാസയാത്ര നടത്താനും അവരോടൊപ്പം ബന്ധുക്കളെയും കുടുംബാംഗങ്ങളെയും മുതിര്‍ന്നവരെയും സന്ദര്‍ശിക്കാനും ശ്രദ്ധിക്കണം. ഇരുവരുടെയും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പ്രേരണയും പ്രോത്സാഹനവും നല്‍കണം.'

ത്വലാഖിനു ശേഷം ജീവിതം സന്തോഷകരമായി തുടരാന്‍ ആവശ്യമായ ചില നിര്‍ദേശങ്ങളാണ് ഞാന്‍ മുന്നോട്ടുവെച്ചത്. ഭര്‍ത്താവാണ് പിന്നെ സംസാരിച്ചത്: 'ഈ കാര്യങ്ങളെല്ലാം ഞങ്ങള്‍ ഏറക്കുറെ ആലോചിച്ച് തീരുമാനിച്ചതു തന്നെയാണ്. മധ്യവേനല്‍-ഇടക്കാല അവധികളില്‍ മക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ ആലോചിച്ചിട്ടില്ല. അതുപോലെ ഞങ്ങളിലാരെങ്കിലും വിവാഹിതരായി പുതിയ ജീവിതം ആരംഭിച്ചാല്‍ ഞങ്ങളുടെ ബന്ധം എങ്ങനെ വേണമെന്നും ഞങ്ങള്‍ ചിന്തിച്ചിട്ടില്ല.' ഭാര്യ ഇടപെട്ടു: 'വിവാഹ മോചന തീരുമാനത്തെക്കുറിച്ച് ഞങ്ങള്‍ മക്കളോട് തുറന്നുപറയട്ടേ?'

ഞാന്‍: ''എല്ലാ വശങ്ങളും നന്നായി പരിശോധിച്ച് 'ത്വലാഖ്' എന്ന ഉറച്ച തീരുമാനത്തില്‍ നിങ്ങള്‍ എത്തിച്ചേര്‍ന്ന നിലക്ക് മക്കളോട് കാര്യങ്ങളെല്ലാം തുറന്നുപറയുന്നതില്‍ തെറ്റൊന്നുമില്ല.''

 വിവ: പി.കെ ജമാല്‍

Comments

Other Post

ഹദീസ്‌

പിരിമുറുക്കത്തിന്റെ അടിവേര് അന്വേഷിച്ചാല്‍
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (33-37)
എ.വൈ.ആര്‍