Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 20

3048

1439 ശഅ്ബാന്‍ 02

മുസ്‌ലിം സ്ത്രീ: അസഹിഷ്ണുതയാല്‍ വികൃതമാണ് മതേതര ലിബറലിസത്തിന്റെ മനസ്സ്

സമദ് കുന്നക്കാവ്

മുസ്‌ലിം സ്ത്രീ വിഷയത്തില്‍ ധാരാളം ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന കേരളത്തിലെ പ്രമുഖ ഗവേഷക ഡോ. ബി.എസ് ഷെറിന്‍ അവര്‍ക്കുണ്ടായ ഒരനുഭവം ഈയിടെ പങ്കുവെക്കുകയുണ്ടായി. കേരളത്തിലെ ഒരു പ്രസിദ്ധ കലാലയത്തില്‍ നടന്ന സെമിനാറില്‍ പര്‍ദയെച്ചൊല്ലിയുളള ഫെമിനിസ്റ്റ് ആശങ്കകളെ പറ്റി അവര്‍ ഒരു പ്രബന്ധമവതരിപ്പിക്കുകയുണ്ടായി. മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണം, അതിലെ സ്വാതന്ത്ര്യം, തെരഞ്ഞെടുപ്പ് മുതലായ ആശയങ്ങള്‍ എങ്ങനെ മതേതര സമൂഹത്തിന്റെ ആശങ്കകളായി മാറുന്നുവെന്നതായിരുന്നു പ്രബന്ധത്തിന്റെ ഉള്ളടക്കം. ആത്യന്തികമായി പര്‍ദ എന്നത് മുസ്‌ലിം സ്ത്രീയെക്കുറിച്ച ഫെമിനിസ്റ്റ് അവബോധങ്ങളെ ശരിവെക്കുന്നതല്ല എന്നതായിരുന്നു ഷെറിന്റെ വാദം. പര്‍ദക്ക് വിഭിന്ന സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലത്തില്‍ പല മാനങ്ങളുണ്ടെന്നും അവര്‍ അഭിപ്രായപ്പെടുകയുണ്ടായി. പ്രബന്ധാവതരണത്തിനു ശേഷം സാമാന്യം ഭേദപ്പെട്ട ഒരു ചര്‍ച്ചക്ക് തുടക്കമിട്ടു എന്ന ആത്മസംതൃപ്തിയിലിരുന്ന ഷെറിനോട് മലയാളത്തിലെ അറിയപ്പെടുന്ന അക്കാദമീഷ്യന്‍ സ്വകാര്യമായി നടത്തിയ ചോദ്യം അവരെ അത്ഭുതപ്പെടുത്തി: 'കേരളത്തില്‍ ഇപ്പോള്‍ പൊതുവെ പര്‍ദയുടെ ഉപയോഗം കൂടിവരുന്നത് എന്തുകൊണ്ടാണെന്നറിയാമോ?' 'ന്യൂനപക്ഷങ്ങളുടെ പ്രതിരോധം' എന്നു പറയാന്‍ തുടങ്ങിയ ഷെറിനെ നടുക്കി അദ്ദേഹം നല്‍കിയ മറുപടി; ഗള്‍ഫില്‍ പോകുന്ന മുസ്‌ലിം ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ അരക്ഷിതാവസ്ഥ മറികടക്കാനായി ഭാര്യമാരെ പര്‍ദയില്‍ പൊതിഞ്ഞുവെക്കുന്നു എന്നായിരുന്നു! വളരെ രാഷ്ട്രീയമായ ഒരു വിഷയത്തെ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്തതിലുള്ള ഞെട്ടല്‍ മാത്രമല്ല തനിക്കുണ്ടായതെന്നും മറിച്ച്, മുസ്‌ലിം വസ്ത്രധാരണ രീതി, മുസ്‌ലിം സ്ത്രീയുടെ കര്‍തൃത്വം എന്നിവയില്‍ തുടങ്ങി മുസ്‌ലിം പുരുഷന്റെ ലൈംഗികതയില്‍ വരെ എത്തിനില്‍ക്കുന്ന നമ്മുടെ അബദ്ധ ധാരണകളുടെ മുന്‍വിധികളുടെ ആകത്തുകയായിരുന്നു ആ വാചകം എന്ന ഭീതി കൂടിയായിരുന്നു എന്ന് ഷെറിന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കോഴിക്കോട് ഫാറൂഖ് കോളേജുമായി ബന്ധപ്പെട്ട ചില സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഷെറിന്‍ നടത്തിയ അനുഭവ നിരീക്ഷണങ്ങള്‍ക്ക് പ്രസക്തിയേറെയുണ്ട്. ചുംബന സമരം, മനുഷ്യ സംഗമം, പച്ച ബ്ലൗസ് വിവാദം തുടങ്ങി അവസാനം 'വത്തക്ക പ്രയോഗ'ത്തില്‍ വരെ എത്തിനില്‍ക്കുന്ന സമീപകാല ചര്‍ച്ചകളിലെല്ലാം മുസ്‌ലിം സ്ത്രീയെക്കുറിച്ചും മുസ്‌ലിം പുരുഷനെക്കുറിച്ചുമുള്ള മതേതര-ലിബറല്‍-ഫെമിനിസ്റ്റ് ആശങ്കകളും മുറുമുറുപ്പുകളും മേല്‍പറഞ്ഞ രീതിയിലാണ്.

പുരുഷാധിപത്യത്തിലധിഷ്ഠിതമായ ധര്‍മ വ്യവസ്ഥയാണ് ഇസ്‌ലാമിന്റേതെന്ന ആരോപണത്തില്‍നിന്നാണ് ഇസ്‌ലാമിനെതിരെയുള്ള സ്ത്രീപക്ഷ വിമര്‍ശം ആരംഭിക്കുന്നത്. അതിനാല്‍ രേഖീയമാക്കപ്പെട്ട മുസ്‌ലിം വനിതയുടെ അടക്കവും ഒതുക്കവും ആണധികാരത്തിന്റെ പ്രതിഫലനങ്ങളായും അവളുടെ പര്‍ദയും ശിരോവസ്ത്രവും അടിമത്തത്തിന്റെ കവചിത രൂപങ്ങളായും അടയാളപ്പെടുത്തപ്പെടുന്നു. പര്‍ദധാരിണികള്‍ അനുഭവിക്കുന്ന ചൂടും പുകച്ചിലും എടുത്തുകാട്ടി ദാര്‍ശനികമായ ചായക്കൂട്ടൊരുക്കുന്നവര്‍ കേരളത്തിലെ വര്‍ധിച്ച ചൂടിനു നിമിത്തം മുസ്‌ലിം സ്ത്രീകളുടെ കറുത്ത പര്‍ദയാണെന്നുവരെ തട്ടിവിടുന്നു! കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ നിറക്കൂട്ടുകള്‍ക്ക് ഏകനിറ വസ്ത്രധാരണ രീതികള്‍ കളങ്കമേല്‍പിക്കുന്നുവെന്നും ചിലര്‍ വാദമുയര്‍ത്തുന്നു. സംസ്‌കാരവുമായി ഇഴുകിച്ചേരാനാവാത്തവിധം മുസ്‌ലിം സ്ത്രീക്ക് അവളുടെ വസ്ത്രധാരണങ്ങള്‍ ഭാരമാകുന്നു എന്നതാണ് പുതിയ വെളിപാട്. ശിരോവസ്ത്രവും പര്‍ദയും അണിയുന്നവര്‍ സ്വയം മുസ്‌ലിമായി വേര്‍തിരിച്ചുനിര്‍ത്തുകയാണെന്നും അത് വൈദേശികതയെയും കൂറില്ലായ്മയെയും പ്രതിനിധാനം ചെയ്യുന്നുവെന്നും ആരോപിക്കപ്പെടുന്നു. വിഷയത്തില്‍ ഇടപെട്ട ഡോ. എം. ഗംഗാധരനാകട്ടെ ഇത്രകൂടി കൂട്ടിച്ചേര്‍ക്കുന്നു: 'ഒരു ബഹുമത സംസ്‌കാര സമൂഹത്തില്‍ കറുത്ത തുണികൊണ്ട് ശരീരം മൂടിനടക്കുന്ന സ്ത്രീകളാണ് പരിശുദ്ധിയുള്ളവരെന്നും പല വര്‍ണങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുനടക്കുന്നവര്‍ അത്ര പരിശുദ്ധിയില്ലാത്തവരാണെന്നും മലിനമേനികളാണെന്നും സൂചിപ്പിക്കാന്‍ പര്‍ദാധാരണരീതി പര്യാപ്തമാവും.'

മുസ്‌ലിം സമൂഹത്തിലെ സ്ത്രീ അസമത്വം സഹിക്കവയ്യാത്ത എം.എന്‍ കാരശ്ശേരി-ഹമീദ് ചേന്ദമംഗല്ലൂര്‍ മുതല്‍ വി.പി സുഹ്‌റ, ഖദീജ മുംതാസ് വരെയുള്ള 'ജൈവ ബുദ്ധിജീവികള്‍' വി.ടിയുടെയും എം.പി പോളിന്റെയും സ്വസമുദായ നവീകരണത്തിന്റെ പാത പിന്തുടര്‍ന്നുകൊണ്ടാണ് ഇസ്‌ലാമിന്റെ അലകും പിടിയും നേരെയാക്കാന്‍ പുരപ്പുറത്തു കയറിയിരിക്കുന്നത്. മുസ്‌ലിം സ്ത്രീകള്‍ കണ്ണുമാത്രം പുറത്തുകാട്ടി പര്‍ദയിട്ട് നടക്കുന്നത് ചലിക്കുന്ന ഖബ്‌റുകള്‍ പോലെയാണെന്നാണ് വി.പി സുഹ്‌റ ഏറ്റവുമവസാനം അഭിപ്രായപ്പെട്ടത് (കണ്ണുമാത്രം പുറത്തുകാണുന്ന ശിരോവസ്ത്ര രീതിയും പര്‍ദയുടെ കറുപ്പു രീതിയും മാത്രമാണ് ശരി എന്ന ആത്യന്തികവാദം ഈ ലേഖകനടക്കം ആരും ഇവിടെ വെച്ചുപുലര്‍ത്തുന്നില്ല. എന്നാല്‍ ജനാധിപത്യസമൂഹത്തില്‍ അതിനുള്ള അവകാശവും വകവെച്ചുകൊടുക്കേണ്ടതുണ്ട്). ചുരുക്കത്തില്‍, പര്‍ദയും ശിരോവസ്ത്രവുമില്ലായിരുന്നെങ്കില്‍ മുസ്‌ലിം സ്ത്രീ എന്നേ ചാന്ദ്ര മണ്ഡലത്തില്‍ കാലുകുത്തിയേനെ എന്ന മട്ടിലാണ് മതേതര-ലിബറല്‍ സ്ത്രീപക്ഷ വായനകള്‍ വികസിക്കുന്നത്. മുസ്‌ലിം സ്ത്രീയുടെ വിമോചനത്തെക്കുറിച്ചുള്ള സമസ്ത വാചകക്കസര്‍ത്തുകളും അവളുടെ വസ്ത്രധാരണത്തിലേക്ക് തിരിച്ചുവെച്ചിരിക്കുന്നു എന്നതാണ് ഇതിന്റെ മൗലിക പരിമിതി.

ഇന്ത്യയിലെ മുസ്‌ലിംകള്‍ മതന്യൂനപക്ഷവും വര്‍ഗീയ ഫാഷിസ്റ്റുകളാല്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നവരും അരക്ഷിതരും ആയിരിക്കെത്തന്നെ സ്വന്തം മതസമുദായത്തിനുള്ളിലെ പുരുഷാധിപത്യ മൂല്യസംഹിതകളുടെ പീഡനവും അതിന്റെ ഫലമായ അരക്ഷിതത്വവും കൂടി അനുഭവിക്കുന്നവരാണ് മുസ്‌ലിം സ്ത്രീകളെന്ന് സി.എസ് ചന്ദ്രിക വേവലാതിപ്പെടുന്നുണ്ട്. ലോകസുന്ദരി മത്സരത്തെ എതിര്‍ക്കുമ്പോള്‍ മുസ്‌ലിം മതവാദികള്‍ മുന്നോട്ടുവെക്കുന്ന സ്ത്രീയുടെ ബദല്‍ മാതൃക ബുര്‍ഖയില്‍ മൂടിയ അനുസരണയുള്ള സ്ത്രീശരീരം മാത്രമാകുന്നത് അതുകൊണ്ടാണെന്നാണ് ചന്ദ്രികയുടെ വാദം. ആത്യന്തികമായി സ്ത്രീയുടെ യഥാര്‍ഥ സ്വാതന്ത്ര്യമാണ് നിഷേധിക്കപ്പെടുന്നതെന്നും അഫ്ഗാനിസ്താനിലെ താലിബാന്‍ മിലിട്ടറി ഭരണത്തില്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളുകള്‍ നിരോധിച്ചതും സ്ത്രീകള്‍ ജോലിയുപേക്ഷിച്ച് വീടുകളില്‍ അടങ്ങിയിരിക്കേണ്ടിവന്നതുമായ അനുഭവം ഈ കാഴ്ചപ്പാടിന്റെ വികസിച്ച രൂപമാണെന്നുമാണ് അവരുടെ അഭിപ്രായം (ആര്‍ത്തവമുള്ള സത്രീകള്‍, സി.എസ്. ചന്ദ്രിക, പേജ്: 37).

പുറമേക്ക് സാമ്രാജ്യത്വവിരുദ്ധരായിരിക്കുമ്പോഴും സാമ്രാജ്യത്വം ഉല്‍പാദിപ്പിക്കുന്ന ഇസ്‌ലാംഭീതിയുടെ പ്രചാരകരും വാഴ്ത്തുപാട്ടുകാരുമാണ് കേരളത്തിലെ ഫെമിനിസ്റ്റുകള്‍ എന്നതിന് ഇതില്‍പരം തെളിവെന്തുവേണം! താലിബാനെതിരെ അമേരിക്കയില്‍ നടന്ന ഫെമിനിസ്റ്റ് പ്രചാരണങ്ങളിലൊന്ന് പര്‍ദയണിഞ്ഞ സ്ത്രീയായിരുന്നു. അഫ്ഗാനിസ്താനിലെ മുസ്‌ലിം സ്ത്രീയെ അടിച്ചമര്‍ത്തുന്നതിന്റെ ഭീകര രൂപമാക്കി പര്‍ദയെ എടുത്തുകാട്ടുകയായിരുന്നു ഫെമിനിസ്റ്റുകള്‍. ഇതിലൂടെ ബുഷ്ഭരണകൂടത്തിന്റെ അഫ്ഗാന്‍ ബോംബിംഗിനെ അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ ന്യായീകരിക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരത്തിലേറാനുണ്ടായ സാഹചര്യവും അവിടത്തെ പട്ടിണിയും ദാരിദ്ര്യവുമെല്ലാം അങ്ങനെ ചര്‍ച്ചയില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ടു. അമേരിക്കയുടെ തീതുപ്പുന്ന ബോംബുകള്‍ക്കു മുമ്പില്‍ ചകിതരായി വിശപ്പു സഹിച്ചുകഴിയുന്ന സ്ത്രീകളേക്കാളും പര്‍ദയെന്ന അടിമത്ത ചിഹ്നം മുഴച്ചുനിന്നു. അമേരിക്കന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക ഭാഷ്യക്കാരായി പ്രചാരണത്തിനിറങ്ങിയ പാശ്ചാത്യ ഫെമിനിസ്റ്റുകളെയാണ് കേരളത്തിലെ സ്ത്രീവാദികളും മാതൃകയാക്കുന്നതെന്നതിന് അടിവരയിടുന്നതാണ് ചന്ദ്രികയുടെ നിരീക്ഷണങ്ങള്‍.

 

ലിംഗപദവി നിര്‍ണയിക്കുന്നതാര്?

സാര്‍വത്രികമായ സ്ത്രീവാദപക്ഷ വിമര്‍ശനങ്ങളുടെ ഉള്ളടക്കം പരിശോധിച്ചാല്‍ തെളിഞ്ഞുവരുന്ന സമാനതയും ഏകതയും ശ്രദ്ധേയമാണ്. സ്ത്രീവാദികള്‍ തൊടുത്തുവിടുന്ന സാമ്പ്രദായിക വിമര്‍ശനങ്ങളിലൊന്ന് ലിംഗസമത്വവുമായി ബന്ധപ്പെട്ടാണ്. ലിംഗനീതിയും ലിംഗപദവിയും നിര്‍ണയിക്കുന്നത് ആത്യന്തികമായി ഇന്ന് പുരുഷാധിപത്യ വ്യവസ്ഥയാണ് എന്നാണ് സ്ത്രീവാദപക്ഷം. അതില്‍ ശരിയില്ലാതില്ല. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായ സ്ത്രീമുന്നേറ്റങ്ങളെ പുരുഷകേന്ദ്രീകൃത സമൂഹം പ്രാന്തവല്‍ക്കരിക്കുകയും അസന്നിഹിതമാക്കുകയും ചെയ്തിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. സ്ത്രീക്കും പുരുഷന്നുമിടയില്‍ നിലനില്‍ക്കുന്ന ജൈവപരമായ വൈവിധ്യങ്ങളെ നിരന്തരമായ അധികാരപ്രയോഗങ്ങളിലൂടെ അസമത്വത്തിലേക്കും അടിമ-ഉടമ വ്യവസ്ഥയിലേക്കും മാറ്റിപ്പണിതത് പുരുഷാധിപത്യ ഘടനയുമാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷനിര്‍മിതമായ ഈ സാമൂഹികാവസ്ഥകളെ വിപാടനം ചെയ്യുക എന്ന ലക്ഷ്യത്തിലാണ് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബത്തിലും സമൂഹത്തിലും സ്ത്രീകള്‍ക്കെതിരെ നിലനില്‍ക്കുന്ന ലിംഗപദവി അസമത്വം ഇല്ലാതാക്കുക എന്നതാണ് ഫെമിനിസ്റ്റുകള്‍ നിയോഗലക്ഷ്യമായി ഏറ്റെടുത്തിരിക്കുന്നത്. അതാകട്ടെ പുരുഷാധിപത്യ ഘടനയില്‍നിന്നും സ്ത്രീ ആധിപത്യത്തിന്റെ ആത്യന്തിക വാദങ്ങളിലാണ് ചെന്ന് തടഞ്ഞുനില്‍ക്കുന്നത്. തന്റെ ശരീരത്തിന്റെ അവകാശം തനിക്കാണെന്നും തന്റെ ശരീരം വെച്ച് തനിക്ക് തോന്നിയതെല്ലാം ചെയ്യാമെന്നുമാണ് അതിന്റെ ഭാഗമായി വികസിച്ചുവരുന്നത്. ലെസ്ബിയനിസവും ചുംബന സമരവും ഉദാര ലൈംഗിക വാദവുമെല്ലാം അതിന്റെ തന്നെ വികസിത വാദങ്ങളാണ്. എന്നാല്‍, ശരീരത്തിന്റെ മുകളിലുള്ള വ്യക്തിയുടെ അമിതാധികാരത്തെ ഇസ്‌ലാം നിരാകരിക്കുന്നു. ശരീരത്തിനുമേലുള്ള സമ്പൂര്‍ണ അധികാരം മനുഷ്യന്നല്ല, മറിച്ച്, ദൈവത്തിനാണ്. ശരീരത്തിന്റെ ഉടമസ്ഥാവകാശം ദൈവത്തിനാകുന്നതുകൊണ്ടാണ് ആത്മഹത്യ ഇസ്‌ലാമില്‍ പാപമാകുന്നത്. കാരണം, മനുഷ്യ ജീവന്‍ വിലപ്പെട്ടതാണ്, അത് പവിത്രവുമാണ്.

ശരീരത്തിന്റെ നിയന്ത്രണാധികാരം വ്യക്തിക്കാണ് എന്നുവരുമ്പോള്‍ അത് പലപ്പോഴും സങ്കുചിതമായിരിക്കും. എന്നാല്‍, ദൈവത്തിന് ആ സ്ഥാനം വിട്ടുകൊടുക്കുമ്പോള്‍ കുറേക്കൂടി വിശാലമാകുന്നു. തന്റെ ശരീരം കൊണ്ട് തനിക്ക് മാത്രമല്ല ഉപകാരം കിട്ടേണ്ടതെന്നും തന്റെ ഇണക്കും കുടുംബത്തിനും സമൂഹത്തിനും ഭാവിതലമുറക്കുമെല്ലാം കിട്ടണമെന്നും വരുമ്പോള്‍ ആ ദര്‍ശനത്തിന് മാറ്റുകൂടുന്നു. ഇതിനര്‍ഥം വ്യക്തികളുടെ സ്വയംനിര്‍ണയാവകാശം സമ്പൂര്‍ണമായി ഇസ്‌ലാം നിരാകരിച്ചു എന്നുമല്ല. വിവാഹത്തിലും അതിന്റെ തെരഞ്ഞെടുപ്പിലും ലൈംഗികതയിലും വരെ ഇസ്‌ലാം വ്യക്തികളുടെ (സ്ത്രീയുടെയും പുരുഷന്റെയും) സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പരിഗണന നല്‍കുന്നു. നിങ്ങള്‍ പക്ഷികളെപ്പോലെ ലൈംഗികതയെ പെട്ടെന്ന് അവസാനിപ്പിക്കരുതെന്ന് പുരുഷന്മാരെ ഉപദേശിക്കുന്ന മുഹമ്മദ് നബി ലൈംഗികതയിലെ ജനാധിപത്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

ഇസ്‌ലാമില്‍ മനുഷ്യസ്വാതന്ത്ര്യമെന്നത് നിസ്സീമമല്ല. മറിച്ച്, അതിന് ചില അതിരുകളും ഇസ്‌ലാം ക്രമപ്പെടുത്തിയിരിക്കുന്നു. ദൈവത്തിന്റെ അതിരുകള്‍ (ഹുദൂദുല്ലാഹ്) എന്ന സംജ്ഞയില്‍ സദാചാരത്തിന്റെ അതിരടയാളങ്ങള്‍ ഇസ്‌ലാമില്‍ ഭദ്രമാണ്. ആ അതിരുകള്‍ ഭേദിക്കപ്പെടുമ്പോള്‍ മനുഷ്യബന്ധങ്ങളുടെയും സാമൂഹികബോധങ്ങളുടെയും അടിവേരിളകും. ഇസ്‌ലാം ബഹുഭര്‍തൃത്വം അനുവദിക്കാത്തതിന്റെ പിറകില്‍ ഈ സാമൂഹിക നീതിയാണ് നിലനില്‍ക്കുന്നത്. പിതാവ് മരിച്ചുപോയവനല്ല, പിതാവുണ്ടായിരിക്കെ ജാരസന്തതിയായി ജീവിക്കേണ്ടിവരുന്നവനാണ് യഥാര്‍ഥ അനാഥന്‍. പിതാവാര് എന്നത് ഡി.എന്‍.എ ടെസ്റ്റിലൂടെ തിരിച്ചറിയപ്പെടാനുള്ളതല്ല എന്നതാണ് ഇസ്‌ലാമിന്റെ മൗലിക പാഠം. ബഹുഭര്‍തൃത്വവും വ്യഭിചാരവുമെല്ലാം സാമൂഹിക നീതിയുമായി ഇടയുന്നതുകൊണ്ടാണ് ഇസ്‌ലാം അവയോട് അകലം പാലിക്കുന്നത്. ഇതിനര്‍ഥം സ്ത്രീയും പുരുഷനും രണ്ടും രണ്ടറകളിലായി കഴിഞ്ഞുകൂടണം എന്നുമല്ല. സ്ത്രീ-പുരുഷ ഇടപെടലുകളെ അവരുടെ ജീവശാസ്ത്രപരമായ വ്യത്യസ്തതകളോടു കൂടി ഇസ്‌ലാം അംഗീകരിക്കുന്നു. മാത്രമല്ല, ഹിജാബിന്റെ പ്രസക്തി തന്നെ സാമൂഹിക മണ്ഡലത്തിലെ സ്ത്രീ-പുരുഷ ബന്ധങ്ങളാണ്. അറക്കകത്ത് അടച്ചുപൂട്ടിയിട്ടിരിക്കുന്ന പെണ്ണിന് ഹിജാബിന്റെ ആവശ്യമില്ലല്ലോ. മറിച്ച്, സാമൂഹിക ജീവിതത്തിലെ ഇടപഴകലുകള്‍ക്ക് സഹായകമാവാനാണ് ഹിജാബ് നിര്‍ബന്ധമാക്കിയത്. സ്ത്രീ-പുരുഷ ബന്ധം സ്വാഭാവികമാണ് എന്ന് ഇസ്സത്ത് ബെഗോവിച്ച് അദ്ദേഹത്തിന്റെ 'നവോത്ഥാന ചിന്തകള്‍' എന്ന പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, ഈ സ്വാഭാവികതക്കപ്പുറമുള്ള ബന്ധങ്ങളിലേക്ക് സ്ത്രീ-പുരുഷ ഇടപെടലുകള്‍ എത്തിപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഇസ്‌ലാം കൈക്കൊള്ളുന്നു. എല്ലാറ്റിനുമപ്പുറം സ്ത്രീ-പുരുഷ ഇടപെടലുകള്‍ സാമൂഹിക മണ്ഡലത്തില്‍ സജീവമാകുമ്പോഴാണ് കൂടുതല്‍ ലൈംഗികേതരമായ സമൂഹം രൂപപ്പെടുക. ഓരോ ശരാശരി കേരളീയന്റെയും സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ മുഖ്യമായും മുഴച്ചുനില്‍ക്കുന്നത് സ്ത്രീശരീരമാണ്. സ്ത്രീ സമം ശരീരം എന്ന ഈ സമവാക്യം വളരെ വേഗം സ്ത്രീയെ ശരീരത്തിലേക്ക് പരിമിതപ്പെടുത്തുന്നതാണ്. അതിനാല്‍തന്നെ സ്ത്രീ-പുരുഷ ബന്ധങ്ങളുടെ ആദ്യപടിയില്‍ പുരുഷന്റെ നോട്ടം സാമാന്യമായി പറഞ്ഞാല്‍ ലൈംഗികമായ കണ്ണിലൂടെയായിരിക്കും. പുരുഷനോട്ടങ്ങള്‍ പക്ഷേ, പരസ്പരബന്ധങ്ങളിലൂടെ പരിചിത ഭാവത്തിലേക്ക് എത്തുമ്പോള്‍ ലൈംഗികേതരമായ ബോധത്തിലേക്ക് വഴിമാറും. അതിലൂടെ സ്ത്രീ ശരീരം മാത്രമല്ല അവള്‍ക്ക് മറ്റനേകം മൗലികതകളുണ്ടെന്നും തിരിച്ചറിയപ്പെടും. എന്നാല്‍, ആധുനികമല്ലാത്തതും മതത്തിന്റെ ഓരംചാരി നില്‍ക്കുന്നതുമായ മുഴുവന്‍ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക വ്യവഹാരങ്ങളും ലിംഗപരമായ കാഴ്ചപ്പാടുകളും അത്യന്തം പ്രതിലോമപരമാണെന്നുള്ള മതേതര ആഭിജാത്യങ്ങളാണ് കേരളീയ പൊതുബോധമെന്നതിന്റെ ആകത്തുക. അതിനാല്‍ മുസ്‌ലിം സ്ത്രീയുമായി ബന്ധപ്പെട്ട ത്വലാഖ്, ബഹുഭാര്യത്വം, പര്‍ദ, ഹിജാബ് തുടങ്ങിയവയെക്കുറിച്ച സാമ്പ്രദായിക വിമര്‍ശനങ്ങള്‍ ഇനിയും നിര്‍ബാധം തുടര്‍ന്നുകൊണ്ടേയിരിക്കും. കാരണം, ദേശീയാധുനികതയുടെ സവര്‍ണ പൗരസങ്കല്‍പങ്ങളില്‍ ഇടംപിടിച്ചുപോയ മാതൃകാസ്ത്രീയുടെ അപരരൂപമാണ് മുസ്‌ലിം സ്ത്രീ.

 

മുസ്‌ലിം സ്ത്രീ: ഭാരത സ്ത്രീത്വത്തിന്റെ അപര സാന്നിധ്യം

കൊളോണിയല്‍ ആധുനികതയുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവിലാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള ആത്മബോധങ്ങള്‍ പിടഞ്ഞെണീക്കുന്നതും ഇന്ത്യന്‍ ദേശീയതയായി വികസിക്കുന്നതും. എന്നാല്‍, ആ ഇന്ത്യന്‍ ദേശീയത സവര്‍ണവും വൈദികവുമായ ഒരു ദേശീയതയുടെ അരികുപിടിച്ചാണ് വളര്‍ന്നുവന്നത് എന്നത് ഏറക്കുറെ ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ഭാഗമായി രൂപമെടുത്ത നവോത്ഥാന പ്രസ്ഥാനങ്ങളും നവോത്ഥാന നായകരും ഇന്ത്യന്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും സമത്വത്തിലുമെല്ലാം ഇടപെടലുകള്‍ നടത്തിക്കൊണ്ടിരുന്നു. എന്നാല്‍, ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തിയെടുത്ത ഈ ഭാരതസ്ത്രീ സവര്‍ണ ദേശീയതയില്‍ ഊന്നിക്കൊണ്ടുള്ള ഒരു സ്ത്രീസങ്കല്‍പമായിരുന്നു. ദേശനിര്‍മാണത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ ഉത്തമ ഇന്ത്യന്‍ സ്ത്രീയെ വാര്‍ത്തിരിക്കുന്നത് ഉന്നതകുലജാതയായ ഹിന്ദു സ്ത്രീയെ മാതൃകയാക്കിക്കൊണ്ടാണെന്ന് പാര്‍ഥ ചാറ്റര്‍ജിയെ ഉദ്ധരിച്ച് ഷെറിന്‍ വിശദമാക്കുന്നുണ്ട്. രാഷ്ട്ര നിര്‍മാണവേളയില്‍ പുരുഷാധിപത്യ ഭാവനകളില്‍ അമ്മ (ഭാരതാംബ) എന്ന ദേശീയ മാതൃകാചിഹ്നം പടച്ചെടുക്കപ്പെടുകയും അത് ഹൈന്ദവേതരമായ സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്തു. 1873 ഫെബ്രുവരി 19-ന് ഹിന്ദുമേളയില്‍ ജ്യോതീന്ദ്രനാഥ്, സത്യേന്ദ്രനാഥ് ടാഗോര്‍, കിരണ്‍ ചന്ദ്ര ബാനര്‍ജി, ശിശിര്‍ കുമാര്‍ ഘോഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ നാടകത്തിലൂടെയാണ് 'ഭാരത മാതാവ്' എന്ന മാതൃകാഭാവം ഇന്ത്യന്‍ സ്ത്രീക്ക് കൈവരുന്നത്. 1882-ല്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി തന്റെ 'ആനന്ദമഠം' എന്ന നോവലിലൂടെ ഈ മാതൃകാ സ്ത്രീബിംബത്തെ വികസിപ്പിച്ചു. ഇന്ത്യന്‍ ദേശീയതയുടെ സാംസ്‌കാരിക അടിത്തറയായി മാറിയ ഈ ഭാരതസ്ത്രീക്ക് ബങ്കിം ചന്ദ്ര കൊടുത്ത മുഖങ്ങള്‍ കാളിയുടേതും ദുര്‍ഗയുടേതുമായിരുന്നു. ഇന്ത്യന്‍ ദേശീയതയിലൂന്നിയ ഈ സ്ത്രീസങ്കല്‍പം പില്‍ക്കാല സ്ത്രീ വിമോചന സങ്കല്‍പങ്ങളെയും സാരമായി ബാധിച്ചു എന്നതാണ് ശരി. സവര്‍ണ ഹിന്ദു സ്ത്രീയില്‍ ഭാരതത്തിന്റെ മാതാവ് എന്ന സങ്കല്‍പം കൊണ്ടെത്തിക്കുമ്പോള്‍ ആ ബിംബത്തിന് പുറത്തുനില്‍ക്കുന്ന ദലിത്, മുസ്‌ലിം സ്ത്രീ സ്വത്വങ്ങള്‍ അപരവല്‍ക്കരിക്കപ്പെടുന്നു. 19-ാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുമായി നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഹിന്ദു സ്ത്രീയെ കേന്ദ്രീകരിച്ചായിരുന്നു; അവയാകട്ടെ മുഖ്യമായും ശ്രദ്ധ പതിപ്പിച്ചത് ഹിന്ദു സമൂഹത്തില്‍ അക്കാലത്ത് നിലനിന്നിരുന്ന സതി, ശൈശവ വിവാഹം തുടങ്ങിയ ആചാരങ്ങളിലുമായിരുന്നു. അപ്പോള്‍ പോലും വിവാഹമോചനം, പുനര്‍വിവാഹം, പിതൃസ്വത്തില്‍ അവകാശം തുടങ്ങിയ അവകാശങ്ങള്‍ അനുഭവിച്ചിരുന്ന മുസ്‌ലിം സ്ത്രീയിലേക്ക് ആരും ശ്രദ്ധ തിരിച്ചില്ല എന്ന് ബി.എസ് ഷെറിന്‍ വിലയിരുത്തുന്നുണ്ട്. ഇങ്ങനെ ഹിന്ദു ദേശീയതയിലൂന്നിയുള്ള സ്ത്രീസ്വത്വത്തിന് മതേതര സ്വീകാര്യത ലഭ്യമായപ്പോള്‍ മുസ്‌ലിം സ്ത്രീക്ക് മതമൗലികം, അപരിഷ്‌കൃതം തുടങ്ങിയ ഭാവങ്ങളാണ് പതിച്ചുകിട്ടിയത്. മുസ്‌ലിം പുരുഷനാകട്ടെ മുസ്‌ലിം സ്ത്രീയുടെ ശരീരങ്ങളെ കൈയടക്കി വെച്ചവനുമായി. അതും പോരാഞ്ഞ് മുസ്‌ലിമേതര സ്ത്രീകളെ തേടിപ്പിടിക്കുന്നവനായി. മുസ്‌ലിം പുരുഷനില്‍നിന്നും പരിശുദ്ധയായി സംരക്ഷിക്കപ്പെടേണ്ടവള്‍ എന്ന സങ്കല്‍പങ്ങളിലൂന്നിയാണ് ഇന്ത്യന്‍ ദേശീയത ഭാരതസ്ത്രീയെന്ന ആദര്‍ശ വനിതയെ രൂപപ്പെടുത്തിയത്. ഇന്ത്യന്‍ ദേശീയ വാദ ചരിത്രങ്ങളിലും സാഹിത്യങ്ങളിലുമെല്ലാം മുസ്‌ലിം ആസക്തി- ഭാരത സ്ത്രീ തന്‍ പരിശുദ്ധി എന്ന ദ്വന്ദ്വ യുക്തി പ്രവര്‍ത്തിക്കുന്നത് കാണാം. വള്ളത്തോളിന്റെ ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി, ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും എല്ലാം ഇതിന്റെ ഉദാഹരണങ്ങള്‍ മാത്രം.

ഇന്ത്യന്‍ ദേശീയതയുടെ അതിരുകള്‍ക്കപ്പുറം നില്‍ക്കുന്ന സ്ത്രീകളെ വിഭാവനം ചെയ്യാനോ അവരുടെ അവകാശവാദങ്ങളെക്കുറിച്ച് സംവദിക്കാനോ ഒരു രക്ഷാകര്‍തൃ മനോഭാവത്തിനപ്പുറം ഇന്ത്യയിലെ മുഖ്യധാരാ ഫെമിനിസത്തിന് സാധിച്ചിട്ടില്ല എന്നത് നിര്‍ഭാഗ്യകരമാണ് എന്ന് ഷെറിന്‍ നിരീക്ഷിക്കുന്നു. ഫെമിനിസമെന്നത് വളരെ പക്ഷപാതപരമാകുന്നത് ഇത്തരമൊരവസ്ഥയിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. (മുസ്‌ലിം ഫെമിനിസം: വ്യത്യസ്തതയുടെ സ്ത്രീവാദം- പുസ്തകം- ഇസ്‌ലാമോഫോബിയ: പ്രതിവിചാരങ്ങള്‍, പേജ്: 64).

 

നവോത്ഥാന ചരിത്രം വെട്ടിമാറ്റിയ മുസ്‌ലിം സ്ത്രീ

മതേതര ലിബറല്‍വാദികളും ഫെമിനിസ്റ്റ് ആശയവാദികളും രണ്ടുതരം മുസ്‌ലിം സ്ത്രീക്ക് മാത്രമേ അവരുടെ നിഘണ്ടുവില്‍ ഇടം കൊടുത്തിട്ടുള്ളൂ. അതിലൊരുവള്‍ മതത്തിന്റെ പുരുഷാധിപത്യ നയങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ഇര. മറ്റൊരാള്‍ മതത്തിനകത്തു നിന്നുകൊണ്ട് ആഭ്യന്തരയുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന പോരാളി. എന്നാല്‍, മുസ്‌ലിം സ്ത്രീകളുടെ ചരിത്രത്തെക്കുറിച്ച് നടന്നുവരുന്ന പുതിയ അന്വേഷണങ്ങള്‍ ഇത്തരം സ്ത്രീവാദബോധങ്ങളെ പ്രശ്‌നവല്‍ക്കരിക്കുന്നതാണ്. മുന്‍കാലങ്ങളില്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്ക് സുപരിചിതമായിരുന്ന അറബി മലയാളത്തില്‍ എഴുതാനും വായിക്കാനും കഴിയുന്ന മുസ്‌ലിം സ്ത്രീകള്‍ എമ്പാടുമുണ്ടായിരുന്നുവെന്നും അവര്‍ മതാധ്യയനം, മതാധ്യാപനം വരെ നടത്തിയിരുന്നുവെന്നും ഡോ. ഷംസാദ് ഹുസൈനെ പോലുള്ളവര്‍ നിരീക്ഷിക്കുന്നു. മറ്റു സമൂഹങ്ങളില്‍ അക്ഷരം നിഷിദ്ധമായവരും അക്ഷരലോകത്തുനിന്ന് പുറത്താക്കപ്പെട്ടവരും നിലനിന്നിരുന്ന കാലത്ത് ലിംഗ ജാതിഭേദമില്ലാതെ മുസ്‌ലിം സ്ത്രീകള്‍ പഠനം നടത്തി. മതകാര്യങ്ങളോടൊപ്പം പാട്ടുകളും ബൈത്തുകളും മദ്‌റസയില്‍ പഠിപ്പിച്ചിരുന്നു. ഏതു വിഷയങ്ങളെക്കുറിച്ചും അവര്‍ പാട്ടുകളുണ്ടാക്കി. ആ പാട്ടുകളാകട്ടെ അവരുടെ സാമൂഹിക ഇടപെടലിന്റെ ഭാഗമായിതന്നെ കാണാവുന്നതാണ് എന്ന് ഷംസാദ് ഹുസൈന്‍ അഭിപ്രായപ്പെടുന്നു (ന്യൂനപക്ഷത്തിനും ലിംഗപദവിക്കുമിടയില്‍, പേജ്: 13).

മൗലികമായ മൂന്ന് ചോദ്യങ്ങള്‍ ഈ പുസ്തകത്തിലൂടെ ഷംസാദ് ഹുസൈന്‍ കേരളത്തോട് ഉന്നയിക്കുന്നുണ്ട്. അതിലൊന്ന്, സമുദായ വ്യവസ്ഥകള്‍ക്കകത്തു ജീവിക്കുന്നു എന്നതുകൊണ്ടു മാത്രം ഒരു ജനതയെ അപരിഷ്‌കൃതമെന്ന് വിളിക്കാനാവുമോ എന്നതാണ്. അതുപോലെ തന്നെ മുഖ്യാധാരാ വിദ്യാഭ്യാസമില്ലാത്തതുകൊണ്ടുമാത്രം മുസ്‌ലിം സ്ത്രീകള്‍ അറിവില്ലാത്തവരാകുമോ എന്നും. എല്ലാറ്റിനുമപ്പുറം 'അറിവില്ലാതെ അകത്തളങ്ങളില്‍ മാത്രം കഴിഞ്ഞവള്‍' എന്ന് എല്ലാവരെയും അടക്കി വിളിക്കുമ്പോള്‍ പാട്ടുകളെഴുതുന്ന, തന്റേതായ ഇടങ്ങള്‍ സ്ഥാപിക്കുന്ന മുസ്‌ലിം സ്ത്രീകളെ എവിടെയാണ് നിങ്ങള്‍ ഉള്‍ക്കൊള്ളുക എന്നതാണ്. ഈ മൂന്ന് ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കാന്‍ നമ്മുടെ മുഖ്യധാരാ മതേതര ലിബറല്‍ ഫെമിനിസ്റ്റ് വാദങ്ങള്‍ക്കാവുകയില്ല. മതത്തിനുള്ളില്‍നിന്നും മതത്തിന്റെ പുരുഷാധിപത്യ പ്രവണതകള്‍ ചൂണ്ടിക്കാണിച്ചെന്ന പ്രത്യേകതയോടെ ഖദീജ മുംതാസിന്റെ 'ബര്‍സ' എന്ന നോവല്‍ ഇരുകൈയും നീട്ടി സ്വീകരിച്ച മുഖ്യധാരാ കേരളീയ സമൂഹം ഷംസാദ് ഹുസൈന്റെ പുസ്തകം ശ്രദ്ധിക്കാതെ പോയതില്‍ അത്ഭുതപ്പെടാനില്ല എന്ന് ഷെറിന്‍ പറയുന്നു. ഇസ്‌ലാമിനെക്കുറിച്ച് എന്തെഴുതിയാലും വിപണിയില്‍ ആഘോഷിക്കപ്പെടുന്ന പുതിയ കാലത്ത് ഷംസാദിന്റെ പുസ്തകം മാത്രം മാറ്റിനിര്‍ത്തപ്പെടുന്നത് മുസ്‌ലിം സ്ത്രീയെക്കുറിച്ചുള്ള മതേതര മുന്‍വിധികള്‍ ആ പുസ്തകത്തില്‍ ഇടംപിടിക്കാത്തതുകൊണ്ടാണ്.

പാട്ടുകൊണ്ട് ചൂട്ടുകെട്ടി

മോത്തുകുത്തും ഞാന്‍

എന്ന വരികള്‍ പാട്ടുകള്‍ നിറഞ്ഞുനിന്ന പോയ കാലത്തെയും അതിനെ ആയുധമാക്കിയിരുന്ന മാപ്പിളപ്പെണ്ണിന്റെ വീര്യത്തെയും പ്രതിനിധാനം ചെയ്യുന്നതാണ്. പാട്ടുകളുടെ മേഖലയില്‍ മാത്രമല്ല മതാധ്യാപന രംഗത്തും മുസ്‌ലിം സ്ത്രീകളുണ്ടായിരുന്നു. സ്ത്രീകള്‍ നടത്തിയിരുന്ന ഓത്തുപള്ളികള്‍ പലയിടത്തും ഉണ്ടായിരുന്നു. ഉസ്താദ് എന്നും മൊല്ലാച്ചി എന്നുമൊക്കെ ഇവര്‍ ബഹുമാനപുരസ്സരം വിളിക്കപ്പെട്ടു. പരപ്പനങ്ങാടിയില്‍ ഉസ്താദ് നബീസാത്ത ഓത്തുപള്ളിയില്ലെങ്കിലും ഇന്നും ആ പേരിലാണ് അറിയപ്പെടുന്നത്. പൊന്നാനിയിലെ ആയിശതാത്ത രണ്ട് നേരം നൂറോളം കുട്ടികളെ വെച്ച് ഓത്തുപള്ളി നടത്തിയിരുന്നു. ആയിശതാത്ത ഇന്നും കുടുംബം പുലര്‍ത്തുന്നത് കുട്ടികളെ ഖുര്‍ആന്‍ പഠിപ്പിച്ചിട്ടാണ് (ഡോ. ഷംസാദ് ഹുസൈന്‍ - ന്യൂനപക്ഷത്തിനും ലിംഗപദവിക്കുമിടയില്‍, പേജ്: 15).

ഇങ്ങനെ പാരമ്പര്യ വിദ്യാഭ്യാസം നേടുകയും പഠിപ്പിക്കുകയും വായിക്കുകയും പാടുകയും ചെയ്യുന്ന ഒരു മുസ്‌ലിം സ്ത്രീ ചരിത്രം ഇവിടെ കഴിഞ്ഞുപോയിട്ടുണ്ട്. ഇസ്‌ലാം പുരുഷനെപ്പോലെ സ്ത്രീക്കും നല്‍കിയ അതിരുകളും പരിധികളുമെല്ലാം പാലിച്ചുകൊണ്ടുതന്നെ തന്റെ ഇടത്തെ അവള്‍ സാര്‍ഥകമാക്കിയിട്ടുണ്ട്. എന്നാല്‍, പുരുഷാധിപത്യത്തിനും പൗരോഹിത്യത്തിനും കീഴില്‍ പ്രശ്‌നമനുഭവിക്കാന്‍ വിധിക്കപ്പെട്ടവള്‍ എന്ന ഗണത്തില്‍ മാത്രം ഉള്‍പ്പെടുത്തി മുസ്‌ലിം സ്ത്രീയെ കാണാനാണ് നമ്മുടെ പൊതുമണ്ഡലത്തിനിഷ്ടം. ഇസ്‌ലാമിനെ ഏകദൃഷ്ടിയിലൂടെ മാത്രം നോക്കിക്കാണുകയും പടിഞ്ഞാറന്‍ ലിബറല്‍ മൂല്യങ്ങളുടെ എതിര്‍പക്ഷത്ത് പ്രതിഷ്ഠിച്ച് പൈശാചികവല്‍ക്കരിക്കുകയും ചെയ്യുമ്പോള്‍ മുസ്‌ലിം സ്ത്രീ മതത്തിന്റെ ഇരയായിത്തീരുന്നു. മുസ്‌ലിം സ്ത്രീയുടെ പര്‍ദയും ശിരോവസ്ത്രവുമെല്ലാം അവള്‍ സ്വയം തെരഞ്ഞെടുക്കുന്നതല്ലെന്ന മുന്‍വിധി ലിബറല്‍ സ്ത്രീവാദികളെല്ലാം കൊണ്ടുനടക്കുന്നത് ഇതിനാലാണ്. പര്‍ദയിലെയും ശിരോവസ്ത്രത്തിലെയും സ്ത്രീവിരുദ്ധതയെക്കുറിച്ച് വിലപിക്കുന്നവര്‍ പക്ഷേ, അത് മുസ്‌ലിം സ്ത്രീയുടെ പ്രതിരോധ ചിഹ്നമായി മാറുന്നത് പരിഗണിക്കാറില്ല.

 

കേരളത്തിന്റെ ഉടുക്കല്‍ ചരിത്രം

മുസ്‌ലിം സ്ത്രീയുടെ ഉടുക്കലുകള്‍ പുരുഷാധിപത്യത്തിലധിഷ്ഠിതമാണ് എന്ന് വിമര്‍ശിക്കുന്നവര്‍ കേരളത്തിന്റെ ഉടുക്കലുകളുടെ ചരിത്രവും പഠിക്കുന്നത് നന്നായിരിക്കും. കേരളീയ പാരമ്പര്യത്തില്‍ പുരുഷാധിപത്യ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായാണ് സ്ത്രീയുടെ ഉടുക്കലുകളും ഉടയാടകളും ചരിത്രപരമായി വികസിച്ചുവന്നിട്ടുള്ളത്. 1930-കള്‍ക്കു ശേഷമാണ് കേരളത്തില്‍ സ്ത്രീകള്‍ സാരിയുടുക്കാന്‍ തുടങ്ങുന്നത്. അതിനു മുമ്പ് മുണ്ട്, പുതപ്പുമുണ്ട്, മുട്ടുമറയാത്ത കച്ച, മുലക്കച്ച തുടങ്ങിയവയായിരുന്നു മുസ്‌ലിമേതര സമൂഹങ്ങളുടെ വസ്ത്രധാരണ രീതി. സ്ത്രീയെ സംബന്ധിച്ചേടത്തോളം നാണമെന്നത് ആദ്യകാലഘട്ടത്തില്‍ നഗ്നതയുമായി ബന്ധപ്പെട്ട ഒന്നായിരുന്നില്ല. മറിച്ച്, മറച്ചുവെക്കുക എന്ന പ്രക്രിയയാണ് നാണമുണ്ടാക്കിയിരുന്നത്. അരക്കു മുകളില്‍ ജാതി-ലിംഗ ഭേദമന്യേ എല്ലാവരും നഗ്നമായിരുന്ന കാലത്ത് അന്തസ്സില്ലാത്ത ഏര്‍പ്പാടായാണ് മറച്ചുവെക്കലിനെ വീക്ഷിച്ചിരുന്നത്. സി.വി കുഞ്ഞുരാമന്റെ അമ്മായിയമ്മ മേല്‍വസ്ത്രം ധരിച്ച് പുറത്തേക്കു പോയ മരുമകളെ അടിച്ചതും ഉമ്മച്ചികളെ പോലെ ആവേണ്ടെന്ന് ശാസിച്ചതും 1930-കളുടെ അവസാനത്തിലാണ്. പരിഷ്‌കാരമൊക്കെ പുറത്ത്, ക്ഷേത്രത്തില്‍ വേണ്ട അവ എന്നായിരുന്നു കൊച്ചി ഭരിച്ച രാജവര്‍മ മഹാരാജാവ് പ്രഖ്യാപിച്ചത്.

'നായര്‍ സ്ത്രീകളെ മാറുമറയ്ക്കാതെ കാണാന്‍ ആഗ്രഹിക്കുന്ന ഒരു ദേവന്‍ അമ്പലത്തിലിരിപ്പുണ്ടോ? നമ്മുടെ വംശത്തിന്റെ മാനസംരക്ഷണത്തിനുവേണ്ടി ഇതിനെ ഉടന്‍ ധ്വംസിക്കേണ്ടതാണ്. ഇതിനു കഴിയുന്നില്ലെങ്കില്‍ സഹോദരിമാര്‍ ക്ഷേത്രത്തോട് നിസ്സഹകരിക്കേണ്ടതാണ്' എന്ന് മന്നം പറയുന്നതും 1931-ലാണ്. ടിപ്പുവിന്റെ പടയോട്ട കാലത്ത് മുലപോയാലും ചേല ധരിക്കില്ലെന്ന് ശപഥം ചെയ്ത സ്ത്രീകള്‍ ഇവിടെയുണ്ടായിരുന്നു! 18-ാം ശതകത്തില്‍ നടന്ന ഒരു സംഭവം ഗ്രോസ് എന്ന സഞ്ചാരി ഇങ്ങനെ രേഖപ്പെടുത്തുന്നു: 'കുറച്ചുകാലം ഒരു യൂറോപ്യന്‍ താവളത്തില്‍ താമസിച്ചിരുന്ന സ്ത്രീ മാറുമറച്ചുകൊണ്ട് ആറ്റിങ്ങല്‍ രാജ്ഞിയുടെ മുന്നില്‍ ചെന്നു. ഉടന്‍ തന്നെ അവളുടെ മുലകള്‍ ഛേദിച്ചുകളയാന്‍ റാണി കല്‍പിച്ചു' (കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍ - ഇളംകുളം കുഞ്ഞന്‍പിള്ള). താലപ്പൊലി എന്ന കേരളത്തനിമയുടെ പ്രാകൃത ചടങ്ങിലുള്ള സ്ത്രീവിരുദ്ധത ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. 'മാറ് മറയ്ക്കാതെ താലപ്പൊലി എടുപ്പിച്ച് പ്രദര്‍ശനവസ്തുക്കളെന്നപോലെ നിരത്തി നിര്‍ത്തുക. കണ്ടാനന്ദിക്കാന്‍ വേണ്ടി പുരോഹിതവര്‍ഗം പടച്ചുണ്ടാക്കി നടപ്പാക്കിയതാണ് ഈ വ്യവസ്ഥ' (കേരള ചരിത്രം പരശുരാമനിലൂടെ - തിരുവങ്ങാട് സി. കൃഷ്ണ കുറുപ്പ്).

കായംകുളത്തെ തെരുവിലൂടെ ഒരു ചാന്നാട്ടി മാറില്‍ ഒരു തുണ്ടം തുണിയിട്ടു നടന്നതില്‍ അരിശംപൂണ്ട സവര്‍ണര്‍ ബലമായി തുണി മാറ്റിച്ച് അവളുടെ മുലഞെട്ടുകളില്‍ വെള്ളക്കാമോട് പിടിപ്പിച്ചുവിട്ടതായി റോബിന്‍ ജെഫ്രിയും സൂചിപ്പിക്കുന്നുണ്ട്. മാറു മറയ്ക്കുന്നത് അഹങ്കാരത്തിന്റെ വേഷംകെട്ടലായും സ്വന്തം മതമണ്ഡലത്തില്‍ നിന്നുള്ള വ്യതിയാനമായും അന്നത്തെ സമൂഹത്തിലെ ഒരു വിഭാഗത്തിന് അനുഭവപ്പെടാന്‍ കാരണം സ്ത്രീവിരുദ്ധ കാഴ്ചപ്പാട് അത്രമേല്‍ അവര്‍ സ്വാംശീകരിച്ചതുകൊണ്ടും ജന്മിത്വത്തിന്റെ സവര്‍ണ മൂല്യങ്ങള്‍ക്ക് മേല്‍ക്കോയ്മ ലഭിച്ചതുകൊണ്ടുമാണ്. ഉടുക്കലുകളില്ലാത്ത ലോകത്തുനിന്ന് തോളത്ത് തുണി അഴിച്ചിട്ടും മറ്റൊരു മുണ്ടു പുതച്ചും കഞ്ഞിപ്പശ മുക്കിയ മുണ്ടിന്റെ അറ്റങ്ങള്‍ കക്ഷത്തിലിറുക്കിപ്പിടിച്ചും ഒക്കെയുള്ള വിചിത്രങ്ങളായ പലതരം മാറുമറയ്ക്കല്‍ രീതികളിലൂടെയാണ് കേരളീയ സ്ത്രീസമൂഹം റൗക്കയിലേക്കെത്തുന്നത്. റൗക്കകള്‍ ബ്ലൗസുകളായി പരിഷ്‌കൃത രൂപമാര്‍ജിക്കുന്ന ഘട്ടത്തോടൊപ്പം തന്നെ സാരി മലയാളി സ്ത്രീയുടെ പൊതുവേഷമായി ഇഴുകിച്ചേരുന്നുണ്ട്.

 

'സാരി മാഹാത്മ്യം'

ഇന്ത്യന്‍ ദേശീയതയുടെ പിറവികാലത്ത് 'ഭാരതമാതാവ്' എന്ന സങ്കല്‍പം വികസിച്ചുവരികയും അതിനൊരു മൂര്‍ത്തരൂപം കൈവരികയും ചെയ്യുന്നുണ്ട്. അതിലൂടെയാണ് സാരി ഒരു ദേശീയ വസ്ത്രമാകുന്നത്. കേരളത്തില്‍ രാജാ രവിവര്‍മ ഹിന്ദു ദേവതമാരെ ചിത്രീകരിക്കാന്‍ തുനിഞ്ഞപ്പോള്‍ അവര്‍ക്കു പറ്റിയ വസ്ത്രം സാരിയാണെന്നു തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിലെ പല പ്രദേശങ്ങളിലും സ്ത്രീകള്‍ ഇത് ധരിക്കുന്നുവെന്നതായിരുന്നു അദ്ദേഹത്തിന് പ്രചോദനമായി മാറിയത്. എന്നാല്‍, രവിവര്‍മയുടെ കണ്ണിലെ 'ഹിന്ദുസ്ത്രീ'യുടെ മാതൃക സവര്‍ണ സ്ത്രീയായിരുന്നുവെന്ന വാസ്തവവും കാണേണ്ടതുണ്ട്. മഹാരാഷ്ട്രയിലെ സവര്‍ണ സ്ത്രീകളുടെ ശൈലിയില്‍ വസ്ത്രധാരണം ചെയ്ത ദേവതകളെയും പുരാണ കഥാപാത്രങ്ങളെയുമാണ് രവിവര്‍മ ചിത്രങ്ങളില്‍ കാണപ്പെടുന്നതെന്ന വിമര്‍ശനം അതിന്റെ ഭാഗമാണ് (കുലസ്ത്രീയും ചന്തപ്പെണ്ണും - ജെ. ദേവിക, പേജ്: 130).

ഇങ്ങനെ ദേശീയതയും സവര്‍ണ പുരുഷ ബോധവും ചേര്‍ന്നുനിര്‍മിച്ച പുതിയ വ്യക്തി/പൗരബോധങ്ങളുടെ പിന്തുണ സാരിക്ക് സ്വീകാര്യതയും സാധൂകരണവും പതിച്ചുനല്‍കി. മുഖ്യധാരാ ഘോഷിച്ചു നടക്കുന്ന കേരളത്തനിമയുടെയും കുലീനതയുടെയും മാതൃകയായി സാരി അവരോധിക്കപ്പെടുന്നത് ചുരിദാര്‍ വ്യാപകമായി കേരളീയ മുറ്റങ്ങളിലെ അയലുകളില്‍ സ്ഥാനം പിടിക്കുന്ന കാലത്താണ്. ചുരിദാര്‍ തദ്ദേശീയമല്ല, വിദേശ വസ്ത്രമാണെന്നും മുസ്‌ലിം വസ്ത്രമാണെന്നുമൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. കുലീനമെന്ന് മുദ്രവെച്ച ജോലികള്‍ ചെയ്യുന്നവര്‍ ചുരിദാറല്ല സാരിയാണുടുക്കേണ്ടത് എന്നതാണ് ഇതിലൂടെ കൈവന്ന പൊതുബോധം. ഇന്നും ഇതില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അതിനാലാണ് സര്‍ക്കാര്‍ ഇടപെട്ട് വിദ്യാലയങ്ങളില്‍ ചുരിദാര്‍ നിയമവിധേയമാക്കിയിട്ടും പി.ടി.എകളും സ്‌കൂള്‍ മാനേജ്‌മെന്റുകളും ചേര്‍ന്ന് ഇപ്പോഴും ചുരിദാറിനെതിരെ കലിതുള്ളുന്നത്. ഗുരുവായൂരമ്പലത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരെയും സമാനമായ മുറുമുറുപ്പുകള്‍ ഉയര്‍ന്നുവരികയുണ്ടായി.

വസ്ത്രധാരണത്തിന്റെ രേഖീയമാക്കപ്പെട്ട ഈ വികാസപരിണാമങ്ങള്‍ നിരീക്ഷിച്ചാല്‍ മനസ്സിലാവുക, പുരുഷകാമനകളെ തൃപ്തിപ്പെടുത്തുംവിധമാണ് സ്ത്രീയുടലുകള്‍ ഉടുക്കലുകളിലേക്ക് വഴിമാറുന്നത് എന്നാണ്. സാരിയടക്കമുള്ള വസ്ത്രങ്ങള്‍ പലപ്പോഴും പുരുഷന്റെ കട്ടുനോട്ടങ്ങളെ തികവാര്‍ന്ന രൂപത്തില്‍ തൃപ്തിപ്പെടുത്തുന്നു. സ്ത്രീശരീരത്തിന്റെ നിമ്‌നോന്നതങ്ങളെ സുതാര്യമാക്കി ഒരു കാഴ്ചാസുഖം അത് പ്രദാനം ചെയ്യുന്നു. ഒരേസമയം കുലീനതയുടെ അലങ്കാരമായും പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ കാഴ്ചവസ്തുവായും നിലനില്‍ക്കാന്‍ അതിനു സാധിക്കുന്നു. അങ്ങനെ പഴയ സംബന്ധത്തിന്റെ ഗൃഹാതുര സ്മരണകള്‍ തന്നെയാണ് 'സാരി മാഹാത്മ്യം' എന്ന മുദ്രാവാക്യത്തിലൂടെ അയവിറക്കപ്പെടുന്നത്. മുസ്‌ലിം സ്ത്രീയാകട്ടെ ഉടുക്കുന്ന കാലത്തിന് അപവാദമായി കാച്ചിയും തട്ടവുമണിഞ്ഞും കാലാനുസൃതമായി സാരിയിലേക്കും ചുരിദാറിലേക്കും പര്‍ദയിലേക്കും ഒരുപോലെ സഞ്ചരിച്ചും തന്റെ ജൈവികമായ സ്‌ത്രൈണതയെ ആഘോഷിച്ചിട്ടുണ്ട്. പര്‍ദയെ ആണധികാരത്തിന്റെ ചിഹ്നമായും സ്ത്രീശരീരത്തെ സ്വകാര്യസ്വത്താക്കിയും സിദ്ധാന്തവല്‍ക്കരിക്കുന്നവര്‍ ബോധപൂര്‍വം പുനരാനയിക്കുന്നത് പഴയ ഫ്യൂഡല്‍ മാടമ്പിമാരുടെ സ്ത്രീത്വത്തിന്റെ മൗലികാവകാശങ്ങള്‍ക്കു നേരെയുള്ള മുറുക്കിത്തുപ്പലുകളാണ്.

 

മുസ്‌ലിം സ്ത്രീയും പൊതുമണ്ഡലവും

സ്ത്രീവാദ ധാരകളും അവയുടെ വ്യവഹാരങ്ങളും പൊതുവെ ചലന സഞ്ചാര സ്വാതന്ത്ര്യത്തെ വിമോചനത്തിന്റെ മുഖ്യ ഉപാധികളിലൊന്നായാണ് പരിഗണിക്കുന്നത്. എന്നാല്‍, പുരുഷാധിപത്യ സമൂഹം ഇഷ്ടദാനം നല്‍കിയ സ്ത്രീയുടെ പൊതുവിടങ്ങള്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. മതാധിഷ്ഠിത പ്രസ്ഥാനങ്ങള്‍ക്കു നേരെയുള്ള മതേതരവാദികളുടെ സ്ത്രീവാദ വിമര്‍ശങ്ങള്‍ കേട്ടാല്‍ തോന്നും മറ്റുള്ള മതേതര പ്രസ്ഥാനങ്ങളിലെല്ലാം ലിംഗനീതി പാലും തേനും പോലെ ഒഴുകുകയാണെന്ന്. എന്നാല്‍, പുരോഗമന പ്രസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്നവ ആധാരമാക്കുന്ന പാശ്ചാത്യ ലിബറല്‍ യുക്തിയിലും സ്ത്രീകളുടെ രണ്ടാം കിട പൗരത്വവും അതില്‍തന്നെ കീഴാള സ്ത്രീകളുടെ അദൃശ്യതയും പ്രകൃതിനിയമം പോലെ പരിപാലിക്കപ്പെടുന്നുണ്ട് എന്ന് കെ.കെ ബാബുരാജ് നിരീക്ഷിക്കുന്നു (ഇരുട്ടിലെ കണ്ണാടി, പേജ്- 54). മതവിശ്വാസത്തില്‍നിന്ന് യുക്തിചിന്തയെ വേര്‍തിരിച്ചവരായി അറിയപ്പെടുന്ന അരിസ്റ്റോട്ടില്‍ മുതല്‍ ഹെഗല്‍ വരെയുള്ള ചിന്തകര്‍ സ്ത്രീകളുടെ കീഴായ്മയും അടിയായ്മയും ചരിത്രവിധിയാണെന്ന് എഴുതിവെച്ചിട്ടുള്ളവരാണ്; അതിനെ പിന്തുടരുന്ന പുരോഗമനകാരികള്‍ക്കും മാര്‍ക്‌സിസ്റ്റ് ചിന്താഗതിക്കാര്‍ക്കും ലിംഗനീതിയെ സംബന്ധിച്ച പുതിയ ഉള്‍ക്കാഴ്ചകളൊന്നും വികസിപ്പിക്കാനായിട്ടുമില്ല.

ആധുനിക പൂര്‍വസമൂഹങ്ങളില്‍ വിശിഷ്യാ, കാര്‍ഷിക സമൂഹഘടനയില്‍ പ്രസവിക്കാനും കുടുംബപരവുമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനും സ്ത്രീക്ക് സാധിച്ചിരുന്നു. എന്നാല്‍, കാര്‍ഷികാവസ്ഥയില്‍നിന്നും ആധുനികതയുടെ വ്യവസായ യുഗത്തിലേക്ക് കാലെടുത്തുവെച്ചതോടെ സ്ത്രീകള്‍ പുരുഷനു തുല്യമായി പൊതുവിടങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും ഇറങ്ങിത്തുടങ്ങി. പൊതുവിടങ്ങളിലെ ഈ ജോലിയാകട്ടെ സ്ത്രീയെ സംബന്ധിച്ചേടത്തോളം ഇരട്ടി ഭാരവുമായിരുന്നു. വിവാഹം, ഗര്‍ഭധാരണം, ശിശുപരിചരണം, ശുചീകരണം, പാചകം മുതലായവ പുറംജോലിയോടൊപ്പം ചെയ്യേണ്ടിവരികയെന്നത് അധികബാധ്യതയായി. സ്ത്രീയും പുരുഷനും സര്‍വസ്വതന്ത്രരാണെന്നും യാതൊരു സമവായവും പാരസ്പര്യവും സാധ്യമാകാത്ത രണ്ടു വ്യക്തികളാണെന്നുമുള്ള വീക്ഷണമാണ് ഈ ദുര്യോഗത്തിന് കാരണം. സമൂഹത്തില്‍ നിലനില്‍ക്കേണ്ട അനിവാര്യമായ സ്ഥാപനമാണ് കുടുംബമെന്ന വസ്തുത മതേതരവാദികള്‍ക്ക് സ്വീകാര്യമാവുകയില്ല. കുടുംബത്തില്‍ സ്ത്രീയും പുരുഷനും നിര്‍വഹിക്കാനുള്ള ധര്‍മങ്ങള്‍ വ്യത്യസ്തവും അതേസമയം പരസ്പരപൂരകവുമാണെന്ന യാഥാര്‍ഥ്യം അവര്‍ തിരിച്ചറിഞ്ഞില്ല. അതിനാല്‍ ഒന്നുകില്‍ ജൈവികമായ സ്ത്രീത്വവും മാതൃത്വവും ഉപേക്ഷിക്കുക. അല്ലെങ്കില്‍ ജോലിയെടുക്കുക എന്നതാണ് പുരുഷകേന്ദ്രീകൃത മതേതര, ലിബറല്‍ കമ്പോള വ്യവസ്ഥ സ്ത്രീയോട് ആവശ്യപ്പെടുന്നത്. ഇസ്‌ലാമിക ശരീഅത്തിന്റെ അതിരുകള്‍ക്കകത്തുവെച്ച് ഇവ രണ്ടും സംഗീതമധുരമായി കോര്‍ത്തുവെക്കാനാവുന്നു എന്നതാണ് മുസ്‌ലിം സ്ത്രീയുടെ വിജയം.

 

യഥാര്‍ഥ ലിബറലിസത്തിലേക്ക് മടങ്ങുക

തങ്ങളുടേതായ അഭിപ്രായങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റുള്ളവരെക്കൂടി കേള്‍ക്കാനും ഉള്‍ക്കൊള്ളാനുമുള്ള വിശാലത കേരളീയ പൊതുമണ്ഡലം ഇനിയും ആര്‍ജിക്കേണ്ടിയിരിക്കുന്നു. സംവാദാത്മകമായ ഈ പാരമ്പര്യമാണ് യഥാര്‍ഥ ലിബറലിസം. ലിംഗനീതിയുടെ വിഷയത്തില്‍ ഇസ്‌ലാമിനെ ഭീകരവല്‍ക്കരിക്കുന്ന ഉദാര ലൈംഗികവാദികള്‍ വ്യഭിചാരത്തിന്റെ വിഷയത്തിലുള്ള നിലപാട് മുമ്പേ വ്യക്തമാക്കിയിട്ടുണ്ട്. ഉഭയസമ്മതപ്രകാരമുള്ള വ്യക്തികളുടെ ലൈംഗികവേഴ്ച സാധുവാണ് എന്നതാണ് അവരുടെ സുചിന്തിത നിലപാട്. എന്നാല്‍, ഇസ്‌ലാമാകട്ടെ അത് പാപമായി കണക്കാക്കുന്നു. വിവാഹമെന്ന കരാറിലൂടെ കുടുംബ ഘടനക്കകത്തു വെച്ച് നിര്‍വഹിക്കപ്പെടേണ്ടതാണ് ലൈംഗികത എന്നതാണ് ഇസ്‌ലാമിന്റെ ഉറച്ച പാഠം. വ്യഭിചാരം സാധുവാണ് എന്ന് വിശ്വസിക്കുന്ന സമൂഹത്തിന്റെയും അത് പാപമാണ് എന്ന് വിശ്വസിക്കുന്ന സമൂഹത്തിന്റെയും സംസ്‌കാരത്തിലും വേഷവിധാനത്തിലുമെല്ലാം സാരമായ അന്തരമുണ്ടാകും. അഥവാ, മൗലികതയില്‍ വ്യത്യസ്തതയുണ്ടായിരിക്കെ എല്ലാവരും ഏക സംസ്‌കാരത്തില്‍ വരണമെന്ന് ശഠിക്കുന്നത് ലിബറലിസമല്ല, ഫാഷിസമാണ്.

Comments

Other Post

ഹദീസ്‌

പിരിമുറുക്കത്തിന്റെ അടിവേര് അന്വേഷിച്ചാല്‍
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (33-37)
എ.വൈ.ആര്‍