Prabodhanm Weekly

Pages

Search

2012 ജനുവരി 14

പണ്ഡിതന്‍മാര്‍ നാടിന്റെ നായകരാകണം:ഖറദാവി

സബാഹി കോഡൂര്‍

(മുഹ്ര്‍റം 8,9 തീയതികളില്‍ ദോഹയിലെ ഹോട്ടല്‍ താജ് റോയലില്‍ വെച്ച് നടന്ന അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭ കോണ്‍ഫറന്‍സിനെക്കുറിച്ച്)

ദോഹയില്‍ നടന്ന മുസ്‌ലിം പണ്ഡിതസഭ കോണ്‍ഫറന്‍സ്, സുപ്രധാനമായ പല വിഷയങ്ങളിലും നിലപാട് വ്യക്തമാക്കി. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുപ്പതോളം പണ്ഡിതന്മാര്‍ ഒത്തുകൂടി. സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ 900-ാം ജന്മദിനമായതിനാല്‍ പുതിയ ഹിജ്‌റ വര്‍ഷത്തിന് അദ്ദേഹത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.
ഡോ. യൂസുഫുല്‍ ഖറദാവിയാണ് ആമുഖ പ്രഭാഷണം നടത്തിയത്. ഖത്തറിന് പുറമെ തുനീഷ്യയിലും ഈജിപ്തിലും ലിബിയയിലും പണ്ഡിതസഭക്ക് കേന്ദ്രം തുറക്കാനിരിക്കുകയാണെന്നും യമന്‍, സിറിയ എന്നിവിടങ്ങളിലും തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക സമൂഹം അറബ് വസന്തത്തിന്റെ കൂടെ നില്‍ക്കണമെന്നും പണ്ഡിതന്മാര്‍ നായകരാണെന്നും റാശിദുല്‍ ഗനൂശിയെയും മുഹമ്മദ് സലീം അല്‍ അവയെയും ഉദാഹരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ആധുനിക കാലത്തെ ഇസ്‌ലാമിക നവോത്ഥാനത്തില്‍ ഇസ്‌ലാമിക സര്‍വകലാശാലകള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും, മതേതര ഭൗതികവാദികള്‍ നശിപ്പിച്ച സര്‍വകലാശാലകളെ ഇസ്‌ലാമിക പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച് പണ്ഡിതസഭ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഖറദാവി പറഞ്ഞു. ഈജിപ്തിലെ അല്‍ അസ്ഹര്‍, തുനീഷ്യയിലെ അല്‍ സൈതൂന, മൊറോക്കോയിലെ അല്‍ ഖുറവിയ്യീന്‍, ലിബിയയിലെ അല്‍-സനൂസിയ്യ തുടങ്ങിയ സര്‍വകലാശാലകള്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.
ജനറല്‍ സെക്രട്ടറി അലി അല്‍ ഖുറദാഗിയും അസിസ്റ്റന്റ് സെക്രട്ടറിമാരും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. 2011-ലെ സാമ്പത്തിക റിപ്പോര്‍ട്ട്, 2012-ലെ ബജറ്റ് എന്നിവ അവതരിപ്പിച്ചു. തുടങ്ങാനിരിക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തനത്തിനായി ലോക മുസ്‌ലിംകളില്‍ നിന്നും ഭരണകൂടങ്ങളില്‍ നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും ഇന്‍വെസ്റ്റ്‌മെന്റ് വഖ്ഫ് പ്രോജകറ്റ് തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഏകാധിപതികളെയും അക്രമികളെയും പുറത്തെറിഞ്ഞ് നീതിയിലും സമത്വത്തിലുമൂന്നിയ വികസനത്തിന് തുടക്കം കുറിച്ച അറബ് രാജ്യങ്ങളെ പണ്ഡിത സഭ പ്രശംസിച്ചു.
തുനീഷ്യന്‍ വിപ്ലവത്തിലേക്ക് നയിച്ച ദേശീയ ഐക്യം, തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പ് വിജയം, വ്യത്യസ്ത പാര്‍ട്ടികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഗവണ്‍മെന്റ് രൂപവത്കരണം ഇതെല്ലാം ശരിയായ ദിശയിലേക്കുള്ള കാല്‍വെപ്പുകളാണ്. ഇസ്‌ലാമിസ്റ്റുകളുടെ മുന്നേറ്റെത്തുയം സത്യത്തിലും നീതിയിലും ഊന്നിയുള്ള അവരുടെ രാഷ്ട്രസങ്കല്‍പത്തെയും കോണ്‍ഫറന്‍സ് അഭിനന്ദിച്ചു.
ഈജിപ്തില്‍ വളരെ സുതാര്യായി നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ഉണ്ടായ വന്‍ ജനപങ്കാളിത്തം ശുഭസൂചനയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ലിബിയയില്‍ രാഷ്ട്ര താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള പരിപാടികളുമായി മന്നോട്ടുപോകാന്‍ നേതാക്കള്‍ ശ്രമിക്കണമെന്ന് യോഗം ഉണര്‍ത്തി. വിപ്ലവകാരികള്‍ ആയുധങ്ങള്‍ തിരിച്ചേല്‍പിക്കണം. ഭരണം അമാനത്താണ്, അത് നടപ്പാക്കണമെന്നും ട്രാന്‍സിഷനല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
സ്വന്തം ജനതയെ കൊല്ലുന്നത് നിര്‍ത്താനും അവര്‍ക്ക് സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം നല്‍കാനും  യമന്‍ ഭരണകൂടത്തോട് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. പരിവര്‍ത്തന പാതിയിലൂടെ മുന്നേറുന്ന മൊറോക്കോയുടെ സുതാര്യമായ തെരഞ്ഞെടുപ്പ് രീതിയെ യോഗം പ്രശംസിച്ചു. മൊറോക്കന്‍ ഭരണകൂടത്തിനും ജനങ്ങള്‍ക്കും കൂടുതല്‍ മുന്നേറാന്‍ ഭാഗ്യം ലഭിക്കട്ടെയെന്ന് ആശീര്‍വദിച്ചു.
സിറിയന്‍ പ്രശ്‌നത്തില്‍ അറബ് ലീഗിന്റെ നിലപാടിനെ യോഗം അനുമോദിച്ചു. തുര്‍ക്കി നിലപാടിനെ ശരിവെക്കുകയും ചെയ്തു.
പണ്ഡിതസഭയുടെ പ്രധാന പരിപാടിയില്‍ പെട്ടതാണ് ഇസ്‌ലാഹീ പ്രവര്‍ത്തനമെന്നും സാധ്യമാകുന്ന എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച് മുസ്‌ലിം സമൂഹത്തിന്റെ ചിന്താപരമായ വൈകല്യങ്ങളെ ഇല്ലാതാക്കി ഇസ്‌ലാമിക ശരീഅത്തിന്റെ മധ്യമ നിലപാട് ജനങ്ങളിലെത്തിച്ച് അവരെ ബോധവത്കരിക്കുമെന്നും യോഗം പ്രഖ്യാപിച്ചു.
ഡോ. യൂസുഫുല്‍ ഖറദാവിക്ക് പുറമെ, അലി അല്‍ ഖുര്‍റദാഗി, ശൈഖ് അബ്ദു ഭാഹിബ്‌നു ബൈഹ്, ഡോ. ആസിം അല്‍ ബഷീര്‍, ഡോ. അഹ്മദ് അല്‍ ഉമരി, ഡോ. അബ്ദുല്‍ ഗഫ്ഫാര്‍ അസീസ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

sabahkodur@gmail.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം