Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 13

3047

1439 റജബ് 25

റൊമാന്റിക് പാരതന്ത്ര്യത്തില്‍നിന്ന് മോചനമില്ലേ?

നമ്മുടെ കലാകാരന്മാര്‍ പ്രത്യേകിച്ച് സിനിമാ സംവിധായകര്‍ റൊമാന്റിസത്തിന്റെ തടവറയില്‍ തന്നെയാണിപ്പോഴും. കാലവും സാഹചര്യവും സാമൂഹിക-രാഷ്ട്രീയാവസ്ഥകളും എത്രയോ മാറി. എന്നിട്ടും ഇന്നിന്റെ തേട്ടമനുസരിച്ച് സര്‍ഗാത്മക ആവിഷ്‌കാരത്തിന് തുനിയാതെ പതിനെട്ടാം നൂറ്റാണ്ടിലെ കാല്‍പനികതകളുമായി സമൂഹത്തെ 'പുളക'മണിയിക്കുകയാണ്. ഭാവന ഏതാണ്ട് ശൂന്യമായിട്ടുണ്ടാകണം. അതുകൊണ്ടാവാം അവര്‍ റിയലിസത്തെയും ജീവചരിത്രത്തെയും റൊമാന്റിക് ചേരുവയില്‍ അവതരിപ്പിക്കുന്നത്. മാര്‍ക്കറ്റ് മുമ്പില്‍ കണ്ട് മഹത്തുക്കളുടെയും ഉന്നത വ്യക്തിത്വങ്ങളുടെയും ജീവിത മുഹൂര്‍ത്തങ്ങളെ പൈങ്കിളി മസാല ചേര്‍ത്ത് അവതരിപ്പിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുകയാണിപ്പോള്‍ നമ്മുടെ കലാകാരന്മാര്‍. ഏറ്റവുമൊടുവിലെ ഉദാഹരണമാണ് ആമി, ഒരു അഡാര്‍ ലൗ സിനിമകള്‍.


അകപ്പൊരുളറിയാത്ത ആവിഷ്‌കാരം

ആമിയുടെ സംവിധായകന് കമലാ സുറയ്യയുടെ ഉള്ള് അറിയാനോ അവരുടെ മനോസംഘര്‍ഷങ്ങള്‍ മനസ്സിലാക്കാനോ കഴിയാതെ പോയി എന്ന വിമര്‍ശം എത്രയും ശരിയാണ്. അവര്‍ പ്രേമത്തിനോ പ്രലോഭനങ്ങള്‍ക്കോ വഴങ്ങി മതം മാറിയതല്ല. അതുല്യപ്രതിഭകളുടെ മനംമാറ്റങ്ങള്‍ക്ക് പലപ്പോഴും കാരണമാവുക, നാം അത്രയൊന്നും ശ്രദ്ധിക്കാത്ത കൊച്ചു കൊച്ചു കാര്യങ്ങളായിരിക്കും. കമലാ സുറയ്യ വളര്‍ത്തിയ ഇംതിയാസ്, ഇര്‍ശാദ് എന്നീ മുസ്‌ലിം അനാഥമക്കള്‍, തന്നെ ഇസ്‌ലാമിലേക്കാകര്‍ഷിച്ച പ്രഥമ ഘടകമാണെന്ന് ഈ ലേഖകനോട് തന്നെ അവര്‍ പറഞ്ഞതാണ്. മാധവിക്കുട്ടി കമലാ സുറയ്യ ആയി എന്ന വാര്‍ത്ത വന്ന ദിവസം മാധ്യമം കൊച്ചി ഡസ്‌കില്‍ ജോലി ചെയ്തിരുന്ന എന്നോട് മാധവിക്കുട്ടിയുമായി അഭിമുഖം നടത്താന്‍ അസോസിയേറ്റ് എഡിറ്റര്‍ നിര്‍ദേശിച്ചു. അവരുടെ മാറ്റം മതതത്ത്വങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തന്നെയാണോ അതോ വല്ല താല്‍പര്യങ്ങള്‍ക്കുമാണോ എന്ന് അറിയലായിരുന്നു അഭിമുഖത്തിന്റെ ലക്ഷ്യം. ഞങ്ങളുടെ സംഭാഷണത്തില്‍ താന്‍ ഖുര്‍ആനിക തത്ത്വങ്ങള്‍ ഉള്‍ക്കൊണ്ടതിന്റെയും തന്റെ രണ്ട് മുസ്‌ലിം വളര്‍ത്തു മക്കളുടെ സവിശേഷ സ്വഭാവങ്ങള്‍ ഇസ്‌ലാമിനെ പഠിക്കാന്‍ താല്‍പര്യമുളവാക്കിയതിന്റെയും കഥകള്‍ പറഞ്ഞു അവര്‍. 'ഇസ്‌ലാം സ്വീകരണം വര്‍ഷങ്ങള്‍ക്കു മുമ്പേ തീരുമാനിച്ചതാണ് ഞാന്‍. അന്ന് ചേട്ടനോട് പറഞ്ഞപ്പോള്‍, മക്കള്‍ വളര്‍ന്ന് വലുതാകട്ടെ എന്നിട്ട് മതിയെന്ന് ഉപദേശിക്കുകയായിരുന്നു. അന്നത്തെ എന്റെ തീരുമാനമനുസരിച്ചാണ് ഇപ്പോള്‍ ഞാന്‍ ഇസ്‌ലാം സ്വീകരിച്ചത്....' സുദീര്‍ഘമായ അഭിമുഖത്തില്‍ കമലാ സുറയ്യ വ്യക്തമാക്കി. ഇന്റര്‍വ്യൂ കഴിഞ്ഞ ഞാന്‍ അവരുടെ ഫ്‌ളാറ്റില്‍നിന്ന് ഇറങ്ങുമ്പോള്‍ അവരുടെ മകന്‍ എം.ഡി നാലപ്പാട് പിറകില്‍ വന്ന് എന്റെ തോളില്‍ കൈയിട്ട് പറഞ്ഞു: 'അമ്മയുടെ ഈ മതംമാറ്റം വൈകാരിമല്ല. അമ്മ അഛനുള്ളപ്പോള്‍ തന്നെ തീരുമാനിച്ചതാണ്. ഒന്നിലധികം തവണ അഛനോട് പറഞ്ഞിരുന്നു. മക്കളായ ഞങ്ങളുടെ കാര്യം പറഞ്ഞാണ്, പിന്നീടാവാമെന്ന് അഛന്‍ അമ്മയെ ഉപദേശിച്ചത്.' ആയിടെ തന്നെ വാരാദ്യമാധ്യമത്തില്‍ കമലാ സുറയ്യയുടെയും ലോക സാഹിത്യകാരന്മാരുടെയും മറ്റു പല പ്രമുഖരുടെയും ഇസ്‌ലാമാശ്ലേഷണത്തെ പറ്റി ഈ ലേഖന്റെ ഒരു ഫീച്ചര്‍ കവര്‍ സ്റ്റോറിയായി പ്രസിദ്ധീകരിച്ചിരുന്നു. കമലാ സുറയ്യ ജീവിച്ചിരുന്ന അന്നും അവര്‍ നമ്മോടൊപ്പമില്ലാത്ത ഇന്നും ആ അഭിമുഖവും ഫീച്ചറുമെല്ലാം ലൗ ജിഹാദ്, പ്രേമം തുടങ്ങിയ കുപ്രചാരണങ്ങള്‍ക്കെതിരെയുള്ള അവരുടെ മറുപടിയാണ്; ആരോപണങ്ങള്‍ തെറ്റാണെന്നതിന്റെ തെളിവുമാണ്. 

 

സ്ത്രീത്വാഭിമാനത്തിന്റെ കാവല്‍ക്കാരി

1988-ല്‍ തൃശൂരില്‍ നടന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യുവജനോത്സവ ഉദ്ഘാടന സെഷനില്‍ മുഖ്യാതിഥി മാധവിക്കുട്ടിയായിരുന്നു. അതിഥികളെ വേദിയിലേക്കാനയിക്കാന്‍ വാദ്യമേളങ്ങളോടൊപ്പം താലമേന്തിക്കൊണ്ടുള്ള പെണ്‍കുട്ടികളുടെ ഒരു നിരയുമുണ്ടായിരുന്നു. ഉദ്ഘാടന പ്രസംഗത്തില്‍ മാധവിക്കുട്ടി, പെണ്‍കുട്ടികളെക്കൊണ്ട് താലമേന്തിച്ചതിനെതിരെ കത്തിക്കയറുകയുണ്ടായി. സംഘാടകരെ നിശിതമായി അവര്‍ വിമര്‍ശിച്ചു. സ്ത്രീകളെക്കൊണ്ട് താലമെടുപ്പിച്ച് വരവേല്‍പ് നടത്തുന്നത് ഫ്യൂഡല്‍ സമ്പ്രദായത്തിന്റെ പിന്തുടര്‍ച്ചയാണെന്നും മേലാളന്മാരുടെ സംതൃപ്തിക്കും ഇംഗിതത്തിനും സ്ത്രീകളെ വേഷം കെട്ടിച്ചിരുന്ന അന്നത്തെ തമ്പുരാക്കന്മാരുടെ മനസ്സ് തന്നെയാണോ ഇന്നും സംഘാടകര്‍ക്കെന്നും അവര്‍ ചോദിച്ചു. വാസ്തവത്തില്‍ അഭിപ്രായങ്ങള്‍ ഉറക്കെ പറയാനും അറിവിന്റെയും ചിന്തയുടെയും വെളിച്ചത്തില്‍ തീരുമാനമെടുക്കാനും ആര്‍ജവമുള്ള പ്രതിഭയായിരുന്നു കമലാ സുറയ്യ. മുംബൈ, കൊല്‍ക്കത്ത എന്നീ മഹാനഗരങ്ങളിലെ അനുഭവങ്ങള്‍ വെച്ച് ഇസ്‌ലാമിന്റെ പര്‍ദാ സമ്പ്രദായത്തെ സ്ത്രീയുടെ രക്ഷാകവചമായി പലവട്ടം അവര്‍ എടുത്തു പറഞ്ഞിട്ടുണ്ട്; അവരുടെ ഇസ്‌ലാം സ്വീകരണത്തിന് ദശകങ്ങള്‍ക്കു മുമ്പ് തന്നെ.

 

ബഷീറിനെയും കൊച്ചാക്കി

പ്രമുഖര്‍ ഇസ്‌ലാമിനെ തിരിച്ചറിയുകയോ അംഗീകരിക്കുകയോ ചെയ്യുമ്പോള്‍ അവരെ കൊച്ചാക്കിക്കാണിക്കുകയെന്നത് മലയാളത്തില്‍ പുതുമയുള്ള കാര്യമല്ല. വൈക്കം മുഹമ്മദ് ബഷീര്‍ ഇസ്‌ലാമിനെപ്പറ്റി പറയാന്‍ തുടങ്ങിയപ്പോള്‍ പലര്‍ക്കും അദ്ദേഹം അനഭിമതനായി. അദ്ദേഹത്തിന്റെ 'ഓര്‍മയുടെ അറകള്‍' ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ അന്ന് അതിനെ മൗലവി പരമ്പരയെന്നും മതപ്രഭാഷണമെന്നും കളിയാക്കി. ബഷീറിന്റെ 'ഓര്‍മയുടെ അറകള്‍' അദ്ദേഹത്തിന്റെ ജീവിതമാണ്. ചില മുഹൂര്‍ത്തങ്ങളില്‍ ഇസ്‌ലാമിനെ കണ്ണിചേര്‍ത്ത് അവതരിപ്പിച്ചു എന്നതാണ് അദ്ദേഹത്തിന്റെ അപരാധം. അന്നുവരെ ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന് വാഴ്ത്തിയിരുന്നവര്‍ ഇകഴ്ത്താന്‍ തുടങ്ങി. 'ഓര്‍മയുടെ അറകള്‍' പിന്നെ പുസ്തകമാക്കി. അതിന്റെ പതിപ്പുകള്‍ വീണ്ടും വീണ്ടും ഇറങ്ങിക്കൊണ്ടിരിക്കുന്നു.

 

കലയിലെ കൂമ്പടപ്പ്

മധ്യകാലത്ത് കലാ സാഹിത്യങ്ങളുടെ കൂമ്പടപ്പിന് കാരണം, കലാകാരന്നും നിരൂപകന്നും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല എന്നതായിരുന്നു. ഇന്ന് ഇരുകൂട്ടര്‍ക്കും വേണ്ടുവോളം സ്വാതന്ത്ര്യമുണ്ട്. എന്നിട്ടും സൃഷ്ടികള്‍ സാര്‍ഥകവും കരുത്തുറ്റതുമാകുന്നില്ല. ഗാനരചയിതാവ് റഫീഖ് അഹ്മദ് ഈയിടെ പറഞ്ഞാണ് ശരി: 'നമ്മുടെ ഇന്നത്തെ സിനിമകളുടെ ഉള്ളടക്കം ദുര്‍ബലമാണ്; ആവിഷ്‌കാരം ശക്തമാണെങ്കിലും.' യുവ സംവിധായകനാണ് അഡാര്‍ ലൗ സിനിമ ചെയ്യുന്നത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും കണ്ണിറുക്കിയും പല്ലിളിച്ചും കാണിക്കുന്ന മൂരി ശൃംഗാരത്തിന് പശ്ചാത്തലമായി, പവിത്രമായൊരു ജീവ ചരിത്രത്തിന് റൊമാന്റിസത്തിന്റെ മേമ്പൊടി ചേര്‍ത്തുള്ള വരികള്‍ ആലപിക്കുകയായിരുന്നു. ഇത് എന്ത് സന്ദേശമാണ് നല്‍കുകയെന്ന് ചിന്തിക്കാന്‍ സംവിധായകന് ശേഷിയില്ലാതെ പോയി. ആമിയുടെ സംവിധായകനാകട്ടെ കമലാ സുറയ്യയുടെ ചരിത്രം പറയുമ്പോള്‍ കാമ്പുള്ള തലങ്ങള്‍ ഉള്ളടക്കത്തില്‍ വിഷയമാക്കിയുമില്ല. കമലാ സുറയ്യ പോറ്റി വളര്‍ത്തിയ രണ്ട് മുസ്‌ലിം കുട്ടികളില്‍ ഒരാള്‍ അന്ധനായിരുന്നു. ഒരാള്‍ പഠിച്ചു വളര്‍ന്ന് പോറ്റമ്മയുടെ സാഹിത്യ സൃഷ്ടികളില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടുകയുണ്ടായി. മാനവികതയും ധൈഷണികതയും സന്ദേശമാവുന്ന ഈ തലം സിനിമ കണ്ടതേയില്ല.

തന്റെ സൃഷ്ടി, അതിന്റെ പ്രമേയം, സമൂഹത്തില്‍ അത് ഉളവാക്കുന്ന പ്രതികരണം ഇതൊക്കെ എന്തായിരിക്കുമെന്നതിനെപ്പറ്റി കൂലങ്കഷമായ ചിന്ത കലാകാരന് അത്യന്താപേക്ഷിതമാണ്. അപ്പോള്‍ രചനയിലും രൂപങ്ങളിലും ശില്‍പങ്ങളിലുമെല്ലാം ഈ നിരൂപണബുദ്ധി ഇടപെട്ടുകൊണ്ടിരിക്കും. സംവിധായകനില്‍ കലാകാരനും നിരൂപകനും ആസ്വാദകനും ഒരുപോലെ ഉണ്ടാകേണ്ടതുണ്ട്. അതില്ലാതെ പോയതുകൊണ്ടാണ് നമ്മുടെ സിനിമകള്‍ ജീര്‍ണമാകുന്നത്. സാഹിത്യകാരന്മാര്‍ക്കും നിരൂപകര്‍ക്കും സിദ്ധിച്ച സ്വാതന്ത്ര്യമാണ് മധ്യയുഗത്തിലെ അടിമത്തത്തില്‍നിന്ന് മനുഷ്യമനസ്സുകളെ വിമോചിപ്പിച്ച് നവോത്ഥാനം സുസാധ്യമാക്കിയതെന്നാണല്ലോ വിലയിരുത്തല്‍.

അപ്പോള്‍ ഇന്നത്തെ റൊമാന്റിക് പാരതന്ത്ര്യത്തില്‍നിന്നുള്ള മോചനവും സ്വതന്ത്ര ചിന്തകരായ സാഹിത്യകാരന്മാരുടെയും നിരൂപകരുടെയും ആസ്വാദകരുടെയും സോദ്ദേശ്യ യത്‌നങ്ങളിലൂടെ സംഭവിക്കേണ്ടതാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (29-32)
എ.വൈ.ആര്‍