Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 13

3047

1439 റജബ് 25

മരണം മണക്കുന്ന എന്നെ വിവാഹം ചെയ്യാന്‍ തയാറായവള്‍

പ്രസന്നന്‍

ജീവിതം-5

പതിനാല് - വിവാഹം

ഈയിടെ ഒരു സുഹൃത്തിന്റെ മകന്‍ വിളിച്ചു, ഉപദേശം തേടാന്‍. വിവാഹത്തിനായി വയസ്സിനു മൂത്ത ഒരാളെയാണ് പരിഗണിക്കുന്നത്, എന്താണഭിപ്രായം? ഞാന്‍ പറഞ്ഞു; നല്ല അഭിപ്രായം ആണ്. ഐശ്വര്യറായ്-അഭിഷേക് ബച്ചന്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍-അഞ്ജലി ഇനിയും വേണോ ഉദാഹരണങ്ങള്‍?

മുത്തുനബി ഇരുപത്തഞ്ചാം വയസ്സില്‍ സ്വീകരിച്ചത് നാല്‍പതു വയസ്സുകാരിയായ ഖദീജയെ. അവര്‍ക്കു മുന്‍ വിവാഹത്തില്‍ കുട്ടികള്‍ ഉണ്ടായിരുന്നു താനും. എന്നോട് ചോദിച്ചതിലും ഉണ്ടാവുമല്ലോ ഒരു ഗുട്ടന്‍സ്. മുഹമ്മദ് നബിയില്‍ ഉത്തമ മാതൃകയുണ്ട് എന്നതിന്റെ കൂടെ കണ്ടീഷന്‍സ് അപ്ലൈ എന്ന സ്റ്റാര്‍ ഇല്ലെങ്കില്‍ ധൈര്യത്തില്‍ മുന്നോട്ടു പോവാം എന്നായിരുന്നു എന്റെ മറുപടി. 

മെഡിക്കല്‍ കോളേജില്‍ വിസിറ്റിംഗ് പ്രഫസര്‍ ആയി വന്ന ഡോക്ടര്‍ രോഗം ഉറപ്പിക്കുന്നതിനേക്കാള്‍ തള്ളിക്കളയാനാണ് ശ്രമിച്ചത്. ബോണ്‍ മാരോ ടെസ്റ്റ് പിന്നീട് മതി, ഒരു മാസത്തെ മരുന്ന്. എന്നിട്ട് വീണ്ടും ബ്ലഡ് ടെസ്റ്റ്. എന്റെ ശരീരത്തില്‍ വെളുത്ത രക്താണുക്കള്‍ കൂടി വരുന്നതാണല്ലോ പ്രശ്നം. കൂട്ടത്തില്‍ ചുവപ്പിനേക്കാള്‍ ഞാന്‍ വെള്ളയെ ഇഷ്ടപ്പെട്ടുതുടങ്ങി എന്നു കൂടി പറയേണ്ടിവരും.

ഈ സന്ദിഗ്ധ ഘട്ടത്തില്‍ തന്നെയാണ് മരണം മണക്കുന്ന എന്നെ കെട്ടാന്‍ ഒരാള്‍ തയാറായത്. ഇസ്ലാം രാജമാര്‍ഗം എന്ന അലിജാ ഇസ്സത്ത് ബെഗോവിച്ചിന്റെ പുസ്തകം എനിക്ക് വായിക്കാന്‍ സമ്മാനിച്ചവള്‍. എന്നേക്കാള്‍ ജീവിതം കണ്ടവള്‍, പോരാത്തതിന് മുന്‍വിവാഹത്തില്‍ ഒരു കുട്ടിയും. സോപ്പ് വാങ്ങുമ്പോള്‍ ചീര്‍പ്പ് ഫ്രീ എന്ന് ഓഫീസിലെ സഹപ്രവര്‍ത്തകര്‍ കളിയാക്കി. അനാഥരെ സംരക്ഷിക്കുന്നവരും ഞാനും ഇങ്ങനെയായിരിക്കും സ്വര്‍ഗത്തില്‍ എന്ന് നബി തിരുമേനി സ്വന്തം കൈവിരലുകള്‍ ചേര്‍ത്തുവെച്ച് പറഞ്ഞ വചനം എന്നില്‍ നിറഞ്ഞുനില്‍ക്കെ എന്തു കളിയാക്കല്‍! ഇതൊന്നും തിരിച്ചറിയാത്ത ഉറ്റവര്‍ വേദനിക്കുമല്ലോ എന്ന സങ്കടം മാത്രം. എനിക്ക് ഫ്രീ ആയി കിട്ടിയ ചീര്‍പ്പ് എന്നേക്കാള്‍ വലുതായി. കകങല്‍നിന്നും മാനേജ്മെന്റ് ബിരുദവും കരസ്ഥമാക്കി അവന്‍ ഇപ്പോള്‍ സ്വന്തമായി സോപ്പ് വാങ്ങി കഴിയുകയും ചെയ്യുന്നു. എന്റെ സന്താനപരിപാലനത്തിന്റെ പരിശീലനങ്ങള്‍ ഞാന്‍ നടത്തിയ എന്റെ മൂത്ത മകന്‍. ഇപ്പോഴും 'മറ്റേ മോന്‍ എന്ത് ചെയ്യുന്നു' എന്നൊക്കെ ചോദിക്കുന്ന നിഷ്‌കളങ്കര്‍ എന്നെ പോലുള്ളവരുടെ കുടുംബത്തില്‍ പടര്‍ത്തുന്ന അസ്വസ്ഥതകള്‍ ആസ്വദിക്കാനും ഞങ്ങള്‍ ശീലിച്ചിരിക്കുന്നു.

മക്കള്‍ എന്റെ വിവാഹത്തെ കുറിച്ച് ഇടക്കു ചോദിക്കും. പക്ഷേ ആ ദിവസം പുലര്‍ന്നതു പോലും എന്റെ വിവാഹം ഇന്ന് നടക്കും എന്ന ധാരണയോടു കൂടി അല്ലായിരുന്നു. അത്രമേല്‍ നിസ്സംഗമായി ജീവിതത്തെ നേരിടാന്‍ ഞാന്‍ ശീലിച്ചു തുടങ്ങിയിരിക്കുന്നു. നികാഹിനായി അവളുടെ വീട്ടിലേക്കു ചെല്ലുമ്പോള്‍ കൂട്ടിന് കാസര്‍കോട്ടെ മറ്റൊരു സുഹൃത്ത്. 

തലേദിവസം മുതല്‍ ഇട്ട ഷര്‍ട്ട്. അങ്ങനെ എന്റെ വീട്ടുകാര്‍ക്കും ഉറ്റവര്‍ക്കും അവസരം കൊടുക്കാതെ വിവാഹം നടത്തിയതിന്റെ ക്ഷീണം എന്റെ നാട്ടിലെ കഥാകാരന്മാരും കാരികളും ആഘോഷിച്ചുതീര്‍ത്തു എന്ന് പറയേണ്ടതില്ലല്ലോ. അവരുടെ അപസര്‍പ്പക കഥകള്‍ ഈ എഴുത്തിനേക്കാള്‍ കുറിച്ചുവെക്കാനുണ്ടാവും. എന്തായാലും ഐ.എസ്.ഐ.എസ് ഒക്കെ ആ സമയത്ത് ഉദയം ചെയ്യാത്തതിനാല്‍ അതിലെ മെമ്പര്‍ഷിപ്പ് എനിക്ക് കിട്ടിയില്ല! മഴ പെയ്തു കഴിഞ്ഞാലും മരം പെയ്യുന്നതു പോലെ പുത്തന്‍ നിറക്കൂട്ടുകളുമായി കഥകളൊക്കെ ഇന്നും തുടരുകയും ചെയ്യുന്നു.

എങ്കിലും വിവാഹം പോലുള്ള കാര്യങ്ങള്‍ സാമൂഹികമായി നിര്‍വഹിക്കപ്പെടാത്തതിനാല്‍ നാട്ടിലെ ഇസ്ലാമിക സമൂഹത്തിന്റെ ഒരു അംഗം കാട്ടിയ ഒരു വേണ്ടാതീനം കൂടി പങ്കുവെക്കണമല്ലോ. സമുദായത്തിന്റെ പരിഛേദം മനസ്സിലാക്കാമല്ലോ. 

ഞാനും എന്റെ ഇണയും എന്തോ ആവശ്യത്തിന് കോഴിക്കോട്ടേക്കൊരു യാത്ര. പരശുറാം എക്‌സ്പ്രസ്സ്. അടുത്തിരുന്ന് സ്വാതന്ത്ര്യത്തോടെ മിണ്ടിയും പറഞ്ഞും പോകുന്നു. എതിരില്‍ ഇരിക്കുന്ന കക്ഷിക്ക് ഏകദേശം എന്നെ അറിയാം. പക്ഷേ ഒരു മുസ്‌ലിം പെണ്ണ് കൂടെ? ഞാന്‍ ടോയ്ലെറ്റില്‍ പോയ സന്ദര്‍ഭത്തില്‍ അവന്‍ കാലു നീട്ടി തോണ്ടുകയും, ഫാത്തിമാ, സാഹിറാ എന്നൊക്കെ വിളിച്ച് ഇനം ഏതെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്തുവത്രെ. 

ഇക്കാര്യം ഞാന്‍ അറിയുന്നതുതന്നെ ഒരുപാട് നാള്‍ കഴിഞ്ഞാണ്. ടോയ്ലെറ്റില്‍നിന്ന് തിരിച്ചുവരുമ്പോള്‍ കാല്‍ സീറ്റില്‍ എടുത്തു വെച്ച് ഇരുന്ന എന്റെ ബീവിയുടെ ചിത്രം മാത്രം ഇന്നും ഓര്‍മയുണ്ട്. എങ്കിലും നിങ്ങള്‍ അന്യ സ്ത്രീകളെ കാണുമ്പോള്‍ ദൃഷ്ടി താഴ്ത്തി മര്യാദ കാട്ടണം എന്ന ശാസന ശിരസ്സാവഹിച്ച ആ ഒറിജിനല്‍ മുസ്‌ലിമിനെ എങ്ങനെ മറക്കാന്‍!

ആ സന്ദര്‍ഭത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കി എന്നെയും അവനെയും വേണ്ടാത്ത സംസാരങ്ങളിലേക്ക് നയിക്കാതെ ബീവി ജീവിതത്തിലെ മറ്റൊരു സന്ദര്‍ഭം കൂടി കടത്തിത്തന്നു. അല്ലെങ്കിലും എന്റെ മൗനങ്ങള്‍ക്കുള്ള വിശദീകരണമായും ഞാന്‍ ആശയപ്പെരുമയില്‍ വിയര്‍ത്തപ്പോഴും, ആശയദാരിദ്ര്യത്തില്‍ തണുത്തു വിറച്ചപ്പോഴും എനിക്ക് പുതപ്പായിരുന്നവള്‍. നിങ്ങളുടെ ഇണ നിങ്ങളുടെ വസ്ത്രമാവുന്നു എന്ന് ഖുര്‍ആന്‍. സമ്മിലൂനി (എനിക്കഭയം തരൂ) എന്നു പറഞ്ഞാണ് പ്രവാചകന്‍ സ്വന്തം പ്രാണപ്രേയസിയുടെ അടുത്തേക്ക് ചെന്നെങ്കില്‍ എനിക്കെന്നും ആ ഖദീജയായി നിന്നത് ഇവളല്ലോ.

''ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബ ബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്'' (4:1).

''നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്നുതന്നെ നിങ്ങള്‍ക്ക്  ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തത് അവന്റെ (ദൈവത്തിന്റെ) ദൃഷ്ടാന്തങ്ങളില്‍പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്'' (ഖുര്‍ആ ന്‍, റൂം 30:21).

 

പതിനഞ്ച് - ഏകാത്മകത

വിശ്വാസം, ആരാധനകള്‍ ഇതൊക്കെ ഒരാള്‍ക്ക് അണിയുകയും ഉപേക്ഷിക്കുകയും ഒക്കെ ചെയ്യാം. ആര്‍ക്കാണ് ചേതം? ഞാന്‍ ആയിടക്കാണ് സര്‍ക്കാര്‍ ജോലിക്കാരനായത്. രക്താര്‍ബുദം അത്ഭുതകരമായി വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങി. 

ഞാനോ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും നെല്ലുപതിരുകള്‍ അന്വേഷിക്കുന്നതിലും മുസ്‌ലിം സമുദായത്തിലെ സംഘടനാ വൈജാത്യങ്ങളെയും ഇസ്ലാമിക കര്‍മശാസ്ത്രത്തെയും ഇഴകീറി പരിശോധിക്കുന്നതിലും ഒക്കെ ഏര്‍പ്പെട്ടു. ഒരാളുടെ ജീവിതം തീരാന്‍ ഇതൊക്കെ മതി. പള്ളികളില്‍ ചെന്നാല്‍ ആരെങ്കിലും ചോദിച്ചാല്‍ പേര് ബാഹിസ് എന്ന് പരിചയപ്പെടുത്തി.

ആ പേരിലുമുണ്ടൊരു കഥ. അക്ബര്‍ കക്കട്ടിലിന്റെ മൃത്യുഞ്ജയം എന്ന നോവലിലെ നായകനായിരുന്നു ബാഹിസ്. മരണവും മരണാനന്തരവും ഒക്കെ ആയിരുന്നു അവന്റെ അന്വേഷണങ്ങള്‍. ബഹസ എന്ന പദത്തിന്റെ അര്‍ഥം തന്നെ അന്വേഷിക്കുക എന്നും. സ്വയം പേരൊക്കെ നിശ്ചയിക്കാന്‍ അപൂര്‍വ അവസരങ്ങളല്ലേ ഒരാള്‍ക്ക് ജീവിതത്തില്‍ കിട്ടാറുള്ളൂ. ഞാന്‍ അതും ഉപയോഗപ്പെടുത്തി എന്നു മാത്രം. ചിലയിടങ്ങളില്‍ പ്രസന്നനായും മറ്റു ചിലയിടങ്ങളില്‍ ബാഹിസായും പലര്‍ക്കും പലതിനും പിടികൊടുക്കാതെ രണ്ടാം ഘട്ടത്തിലേക്ക്. പേരുമാറ്റണോ എന്നൊക്കെയുള്ള നെടുങ്കന്‍ ചര്‍ച്ച പോലും ഹരമായി മാറിയിരുന്ന കാലം. പേരിനേക്കാള്‍ ഗൗരവമേറിയ മറ്റു പലതും മാറ്റാനുണ്ടെന്നതായിരുന്നു വലിയ തിരിച്ചറിവ്. 

ഇസ്ലാമിന്റെ ഏകദൈവ വിശ്വാസമാണ് തൗഹീദ് കൊണ്ട് ഉദ്ദേശിക്കുന്നത്. ദൈവമില്ല, പല ദൈവങ്ങള്‍, ഏകദൈവം ഇതിന്റെയൊന്നും ന്യായാന്യായങ്ങളിലേക്ക് ഞാന്‍ ചെല്ലുന്നേ ഇല്ല. അതിലേക്കുള്ള സ്വതന്ത്രമായ അന്വേഷണങ്ങള്‍ ഒരു മനുഷ്യനെ തൗഹീദിലേക്കു മാത്രമേ എത്തിക്കുകയുള്ളൂ എന്നാണെന്റെ വിശ്വാസം. മറ്റെവിടേക്കാണ് നമുക്ക് ഒഴുകിച്ചെല്ലാനുള്ളത്, കാരുണ്യവാനായ നിങ്ങളുടെ സ്രഷ്ടാവിലേക്കല്ലാതെ? ഏകദൈവ വിശ്വാസികള്‍ എന്നവകാശപ്പെടുന്നവരുടെ തോന്നിയവാസങ്ങള്‍ മാത്രമാണ് അതിനൊരു തടസ്സം എന്ന് ഖേദത്തോടെ സൂചിപ്പിക്കുന്നു.

മനുഷ്യസാഹോദര്യത്തെ ഇത്രമേല്‍ ഗാഢമായി അടയാളപ്പെടുത്താന്‍ തൗഹീദിനു മാത്രമേ സാധിക്കൂ എന്നാണെനിക്ക് തോന്നുന്നത്. ജാതിമത രഹിത സമൂഹം എന്നൊക്കെ വാദിക്കുന്ന പല പുരോഗമനവാദികളില്‍നിന്നും, ഏകദൈവ വിശ്വാസികള്‍ എന്നവകാശപ്പെടുന്നവരില്‍ നിന്ന് പോലും വൃത്തികെട്ട ജാതീയ, വംശീയ തരം തിരിവുകള്‍ ഞാന്‍ ദര്‍ശിച്ചിട്ടുണ്ട്. പക്ഷേ ഒരാള്‍ തൗഹീദ് ആത്മാവിലേക്ക് ആവാഹിച്ചാല്‍ അതസാധ്യം. അത് തിരിച്ചറിഞ്ഞാണ് മുഹമ്മദ് അലിമാരും (കാഷ്യസ് ക്ലേ), മാല്‍കം എക്സുമാരും ഒക്കെ ഉണ്ടായത്, ചരിത്രത്തില്‍ പ്രവാചകസുഹൃത്ത് ബിലാലിന്റെ പിന്മുറക്കാരായി. ഒരു നിമിഷത്തേക്കെങ്കിലും ചുറ്റുമുള്ളവരെല്ലാം തന്റെ അസ്തിത്വത്തിന്റെ ഭാഗംതന്നെയെന്ന് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ പിന്നെ നീതിബോധത്തോടെ ജീവിക്കാനുള്ള മാര്‍ഗം എന്തെന്ന് നിങ്ങളെ പഠിപ്പിക്കേണ്ട ആവശ്യം വരുന്നില്ല. ഇതാണ് തൗഹീദ് നിങ്ങളിലേക്ക് പകര്‍ന്നുതരേണ്ടത്.

മക്കാ വിജയത്തിനുശേഷം കഅ്ബക്കു ചുറ്റുമുള്ള ജനമഹാസാഗരം. നമസ്‌കാരത്തിന് സമയമായി, കഅ്ബക്കു മുകളില്‍ കയറി നമ്മുടെ എല്ലാവരുടെയും ദൈവം മഹാനാണെന്ന(അല്ലാഹു അക്ബര്‍) ആപ്തവാക്യം ഉച്ചരിക്കാന്‍ ആരെ പ്രവാചകന്‍ വിളിക്കും എന്നാണ് എല്ലാവരുടെയും ആകാംക്ഷ. ഗോത്രമഹിമയുള്ളവരും സമ്പത്തുള്ളവരുമൊക്കെ കൊതിച്ച ഒരു സ്ഥാനം. മദീനയില്‍ പ്രവാചകന്റെ പള്ളിയില്‍ ബാങ്കുവിളിക്കാരനായിരുന്ന ബിലാല്‍ (അടിമയായിരുന്ന കറുത്തവന്‍) വേണ്ടതില്ല ദൈവിക മന്ദിരത്തില്‍ ബാങ്കുവിളി മുഴക്കാന്‍ എന്ന് ചിലര്‍ക്കെങ്കിലും തോന്നിയിരിക്കണം. അല്ലെങ്കില്‍ ചിലരാ സ്ഥാനത്തിന് കൊതിച്ചിരുന്നുവോ? അതുകൊണ്ടുതന്നെ ആവണം കഅ്ബയിലേക്ക് കയറാന്‍ ബിലാലിന് ചുമലുകള്‍ താഴ്ത്തിക്കൊടുത്ത് പ്രവാചകന്‍ ചവിട്ടുപടിയായി നിന്നത്. അധഃകൃതരെന്നു തോന്നിച്ചവരെ കഅ്ബയുടെ മുകളിലേറ്റുവോളം കുനിഞ്ഞുനിന്നു ആ മഹാ വിനയം. ആ സൗഹൃദത്തെയും സാഹോദര്യത്തെയും അറിയണമെങ്കില്‍ നിങ്ങള്‍ ബിലാലിനെയും മുഹമ്മദിനെയും തിരഞ്ഞു ചെല്ലൂ എന്നു പറയാനേ കഴിയൂ.

ഇസ്ലാമിക ചരിത്രം ഒരു വ്യക്തി എന്ന നിലയില്‍ ഒരാളുടെ സ്ഥാനം നിര്‍വചിച്ചുതരുന്നത് നോക്കൂ. എന്നെ സംബന്ധിച്ചേടത്തോളം ഞാന്‍- മുഹമ്മദ് നബി, യേശു(ഈസാ), മോശ(മൂസാ നബി), ഇസ്ഹാഖ്, ഇസ്മാഈല്‍, എബ്രഹാം, നോഹ, ആദം എന്നീ പ്രവാചകന്മാരിലൂടെയാണ് എന്റെ സ്രഷ്ടാവുമായി ബന്ധപ്പെടുന്നത്. ഒരു ലക്ഷത്തില്‍പരം പ്രവാചകന്മാര്‍. സോളമന്‍, ദാവീദ്, ജോസഫ്, അയ്യൂബ്, യൂനുസ്, ശുഐബ്..... ആരൊക്കെ വേണം? ഇവരുടെയൊക്കെ സംസ്‌കൃതിയും സാഹോദര്യവും നിറഞ്ഞുനില്‍ക്കുന്ന ഈ ആദര്‍ശത്തിനല്ലാതെ മറ്റെന്തിനാണ് വേര്‍തിരിവില്ലാത്ത പരസ്പരസ്‌നേഹം ഉദ്‌ഘോഷിക്കാന്‍ കഴിയുക?

ചരിത്രത്തിലും വര്‍ത്തമാനത്തിലുമുള്ള ഏതു ജനതതിയാണ് മേല്‍പറഞ്ഞതില്‍നിന്നും ഒഴിവാകുന്നത്? ജൂതന്മാര്‍ക്ക് മോസസിലും ക്രിസ്ത്യാനികള്‍ക്ക് യേശുവിലും മറ്റു മതസ്ഥര്‍ക്ക് അവരവരുടെ പുരാണങ്ങളിലും വേദങ്ങളിലും പ്രവാചകന്മാരിലുമൊക്കെ ചരിത്രവായന നിര്‍ത്തേണ്ടിവരുമ്പോഴാണ് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്, ഈ പ്രവാചകന്മാരില്‍ ഒരുതരത്തിലുമുള്ള വേര്‍തിരിവ് കാട്ടാതിരിക്കുക എന്ന്. 

ഇനി ഒരാള്‍ ദൈവനിഷേധിയാണെങ്കില്‍ പോലും നീയെന്റെ സ്രഷ്ടാവിന്റെ മഹത്തായ സൃഷ്ടിയാണ്, അതുകൊണ്ടുതന്നെ നീയെന്റെ ആദരവിന് പാത്രമാണെന്ന് മറ്റാര്‍ക്കു പറയാന്‍ സാധിക്കും? ഇനി ഈ പ്രവാചകപുംഗവന്മാര്‍ക്കിടയില്‍ കൃഷ്ണനെയും രാമനെയുമൊക്കെ നിങ്ങള്‍ക്ക് കണ്ടെത്താനാവുമെങ്കില്‍ അത് നിങ്ങളുടെ ഇഷ്ടം. പക്ഷേ മൂല്യം ഒന്നു മാത്രം. എല്ലാവരും ദൈവത്തിന്റെ സൃഷ്ടികള്‍, ഇഷ്ടദാസന്മാര്‍. ജാതിയുടെയോ വര്‍ണത്തിന്റെയോ കുലത്തിന്റെയോ മഹിമയില്ല. ദൈവത്തിനു മുന്‍പില്‍ നിങ്ങളുടെ മഹിമ സ്ഥാപിക്കപ്പെടുന്നത് ശ്രദ്ധയോടുള്ള ജീവിതം കൊണ്ട് മാത്രം. ആ ജീവിതത്തിലെ സൂക്ഷ്മത, ഭയഭക്തി (തഖ്വ) തന്നെയാണ് നിങ്ങളിലെ ഉത്തമന്മാരെയും അധമന്മാരെയും നിശ്ചയിക്കുന്നത്. മൂല്യങ്ങളിലാവട്ടെ നിങ്ങളുടെ മത്സരം എന്നാണ് ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നത്.

''തന്റെ രക്ഷിതാവിങ്കല്‍നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല (എന്നതാണവരുടെ നിലപാട്). അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങളോട് പൊറുക്കേണമേ, നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം''(2:285).

''അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുകയും, അവരില്‍ ആര്‍ക്കിടയിലും വിവേചനം കാണിക്കാതിരിക്കുകയും ചെയ്തവരാരോ അവരര്‍ഹിക്കുന്ന പ്രതിഫലം അവര്‍ക്ക് അല്ലാഹു നല്‍കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു''(4:152).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (29-32)
എ.വൈ.ആര്‍