Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 13

3047

1439 റജബ് 25

ഖബ്ര്‍ ജീവിതം പുരോഹിത നിര്‍മിതിയോ?

ശൈഖ് മുഹമ്മദ് കാരകുന്ന്

ഖബ്ര്‍ ശിക്ഷയെ നിഷേധിക്കുന്ന നിരവധി കുറിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു. അവയുടെയെല്ലാം ഉള്ളടക്കം തത്ത്വത്തില്‍ ഒന്നുതന്നെ. കൂടുതല്‍ പ്രസക്തമെന്ന് തോന്നുന്ന അതിലൊരു കുറിപ്പ് ഇവിടെ നിരൂപണവിധേയമാക്കുന്നു. ആ കുറിപ്പ് ഇങ്ങനെ:

'കുറ്റകൃത്യം ചെയ്ത ഒരു വ്യക്തിയുടെ ശിക്ഷാവിധിയുടെ കാര്യത്തില്‍ മനുഷ്യസമൂഹം സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം എന്താണെന്ന് നമുക്ക് ആദ്യം പരിശോധിക്കാം. പട്ടാപ്പകല്‍ പരസ്യമായി ജനക്കൂട്ടത്തിന് മുന്നില്‍ വെച്ച് കൊലപാതകം നടത്തിയ ഒരു വ്യക്തിയെ ഏതൊരു ഭരണകൂടവും എപ്രകാരമാണ് ശിക്ഷിക്കുന്നത്? ആ വ്യക്തിയെ അപ്പോള്‍ തന്നെ വധശിക്ഷക്കോ ജീവപര്യന്തം തടവിനോ ശിക്ഷിക്കുകയാണോ ചെയ്യുന്നത്? ഒരിക്കലുമല്ല. അദ്ദേഹത്തെ വിചാരണ ചെയ്യുകയും സാക്ഷികള്‍ അയാള്‍ക്കെതിരെ സാക്ഷ്യം പറയുകയും അയാളുടെ കുറ്റം തെളിയിക്കപ്പെടുകയും അവസാനം ആ കുറ്റം പ്രതിയായ ആ വ്യക്തിയെ കൃത്യമായി ബോധ്യപ്പെടുത്തുകയും ചെയ്തതിനു ശേഷമാണ് അയാള്‍ക്കെതിരെ ശിക്ഷ വിധിക്കുന്നത്. ഇതാണ് മനുഷ്യര്‍ പോലും ശിക്ഷാവിധിയുടെ കാര്യത്തില്‍ അനുവര്‍ത്തിക്കുന്ന നടപടിക്രമം.

അതുകൊണ്ടാണ് നമ്മുടെ നാട്ടില്‍പോലും വിചാരണ നടത്തി ശിക്ഷ വിധിക്കുന്നതിനു മുമ്പ് വര്‍ഷങ്ങളോളം ജയിലിലടച്ചിരിക്കുന്ന വിചാരണത്തടവുകാരുടെ മോചനത്തിനായി, ശിക്ഷിക്കാതെ വിധിക്കുന്ന നീതിനിഷേധത്തിനെതിരെ എല്ലാ മതവിഭാഗങ്ങളില്‍നിന്നുമുള്ള നീതിബോധത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ ശബ്ദമുയര്‍ത്തുന്നത്.

ഈ മനുഷ്യ നീതിബോധത്തിന്റെ അപ്പുറത്ത് ഒരു പടികൂടി കടന്ന് മനുഷ്യന്റെ നാവുകള്‍ക്ക് സീല്‍ വെക്കുകയും അവന്റെ തെറ്റുകള്‍ അവന്റെ സ്വന്തം കൈകള്‍ ഏറ്റുപറയുകയും അവന്റെ കാലുകള്‍ തന്നെ അതിനു സാക്ഷ്യം വഹിക്കുകയും ചെയ്തതിനുശേഷമാണ് അല്ലാഹു അയാളെ ശിക്ഷിക്കുക എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.

ലോകാവസാനത്തിനു ശേഷം മഹ്ശറില്‍ വെച്ച് വിചാരണ നടത്തി, മനുഷ്യരുടെ തെറ്റുകുറ്റങ്ങള്‍ അവരെ കൃത്യമായി ബോധ്യപ്പെടുത്തിയതിനു ശേഷമാണ് അവര്‍ക്ക് ശിക്ഷ വിധിക്കുന്നതെന്ന അല്ലാഹുവിന്റെ നടപടിക്രമത്തിനും സാമാന്യ മനുഷ്യന്റെ നീതിബോധത്തിനുമെതിരെ മരണപ്പെട്ട് മറമാടിയ ഉടന്‍ ഖബ്‌റില്‍ വെച്ച് തന്നെ മനുഷ്യനെ ശിക്ഷിക്കുമെന്ന് പറയുന്നതു തന്നെ അല്ലാഹുവിന്റെ നീതിബോധത്തെ പരിഹസിക്കുന്നതിനു തുല്യമാണ്.

മുഹമ്മദ് നബിയുടെ വഫാത്തിനുശേഷം മുഹമ്മദ് നബിയുടെ പേരില്‍ പുരോഹിതന്മാര്‍ പടച്ചുണ്ടാക്കിയ ഹദീസുകളില്‍ കൂടിയാണ് നാമിന്ന് വിശ്വസിക്കുന്ന ഖബ്ര്‍ ശിക്ഷ പുരോഹിതന്മാര്‍ ഇസ്‌ലാമിക വിശ്വാസിസമൂഹത്തില്‍ പ്രചരിപ്പിച്ചത്.

ഇതുവഴി ഖബ്ര്‍ ശിക്ഷയുടെ വിശ്വാസം മൂലം ഖബ്‌റടക്കം നടത്തിയതിനുശേഷം മലക്കുകളുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ പഠിപ്പിക്കുന്നതു മുതല്‍ തുടങ്ങി മൂന്നാം നാളിലെ കണ്ണോക്ക്, ഏഴ്, നാല്‍പത്, ആണ്ട്, ഖുര്‍ആന്‍ പാരായണം, ഖത്തം തുടങ്ങിയ നിരവധി ആചാരങ്ങള്‍ വഴി പണ്ഡിതന്മാര്‍ക്ക് ലഭിക്കുന്ന കൈമടക്കുകള്‍ക്കുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ഇതു തന്നെയാണ് ഖുര്‍ആന്‍ വിരുദ്ധമായ ഈ ഖബ്ര്‍ ശിക്ഷയുടെ പ്രചാരണം വഴി പൗരോഹിത്യം ആഗ്രഹിച്ചതും.

ഇനി നമുക്ക് ഖബ്ര്‍ ശിക്ഷയെ ഖുര്‍ആനികമായി ഒരു വിശകലനത്തിനു വിധേയമാക്കാം.

പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഏറ്റവും കൂടുതല്‍ പരാമര്‍ശിച്ചിട്ടുള്ളത് മരണാനന്തര ജീവിതത്തെക്കുറിച്ചാണ്. ഐഹിക ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ പരലോകത്തുവെച്ചാണ് പ്രതിഫലം നല്‍കുന്നതെന്നും അവിടെ വെച്ച് സുകൃതികള്‍ക്ക് സ്വര്‍ഗവും കുറ്റവാളികള്‍ക്ക് നരകവുമാണ് നല്‍കുന്നതെന്നുമാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്.

എന്നാല്‍ ഖബ്‌റില്‍ വെച്ചുള്ള ശിക്ഷകളെക്കുറിച്ചോ അതല്ലെങ്കില്‍ ഖബ്ര്‍ ശിക്ഷയില്‍നിന്നും കാവലിനെ തേടിക്കൊണ്ടുള്ള പ്രാര്‍ഥനകളെക്കുറിച്ചോ ഉള്ള ആയത്തുകളൊന്നും തന്നെ നമുക്ക് പരിശുദ്ധ ഖുര്‍ആനില്‍ ഒരിടത്തും കാണാന്‍ സാധിക്കുകയില്ല.'

ഖബ്ര്‍ ശിക്ഷയെ നിഷേധിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇത്തരം വാദങ്ങള്‍ അബദ്ധപൂര്‍ണങ്ങളാണെന്ന് മനസ്സിലാക്കാന്‍ ഏറെയൊന്നും പ്രയാസപ്പെടേണ്ടതില്ല.

1. ശിക്ഷ ശാരീരികം മാത്രമാണെന്ന ധാരണ തീര്‍ത്തും തെറ്റാണ്. മാനസികവും ആത്മീയവുമായ ശിക്ഷയുമുണ്ട്. അത് പലപ്പോഴും ശാരീരികാനുഭവങ്ങളേക്കാള്‍ ശക്തവും തീവ്രവുമായിരിക്കും.

2. ഭൂമിയില്‍തന്നെ, ശാരീരികാനുഭവങ്ങളേക്കാള്‍ തീക്ഷ്ണത മാനസികവും ആത്മീയവുമായ അനുഭവങ്ങള്‍ക്കായിരിക്കും. കല്ല് കാലില്‍ തട്ടി മുറിവു പറ്റിയാലുള്ള ശാരീരിക വേദന ദിവസങ്ങള്‍കൊണ്ട് ഇല്ലാതാകും. എന്നാല്‍ ആള്‍ക്കൂട്ടത്തില്‍ വെച്ച് അപമാനിതനായാല്‍ ഉണ്ടാകുന്ന ആത്മവേദനയും പീഡയും മരണം വരെ നീണ്ടുനിന്നേക്കാം. കാലില്‍ മുറിവു പറ്റിയാല്‍ രാത്രി ഉറങ്ങാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ അഭിമാനക്ഷതം നിരവധി രാത്രികളിലെ ഉറക്കം നഷ്ടപ്പെടുത്തും.

ശരീരത്തിന് വളരെ ആസ്വാദ്യകരമായ ആഹാരം കിട്ടിയാലുണ്ടാകുന്ന സന്തോഷത്തിന്റെ ആയുസ്സ് ഏതാനും മണിക്കൂറുകളായിരിക്കും. എന്നാല്‍ ശാരീരിക പ്രയാസമനുഭവിച്ചുകൊണ്ടുതന്നെ ആസന്നമരണനായ മറ്റൊരാളുടെ ജീവന്‍ രക്ഷിച്ചാലുണ്ടാകുന്ന ആത്മനിര്‍വൃതി അനശ്വരവും വിവരണാതീതവുമായിരിക്കും.

3. കൊല നടത്തിയ വ്യക്തി താന്‍ പിടികൂടപ്പെടുമെന്നും കൈക്കൂലിയോ ശിപാര്‍ശയോ തന്നെ രക്ഷപ്പെടുത്തുകയില്ലെന്നും അതിനാല്‍ വധശിക്ഷയോ ആജീവനാന്ത തടവോ ഉറപ്പാണെന്നും തിരിച്ചറിഞ്ഞാല്‍ തന്റെ തെറ്റിന്റെ ശിക്ഷ അനുഭവിക്കാന്‍ വിചാരണയും വിധിയുമൊന്നും കഴിയേണ്ടതില്ല. കൊല നടത്തിയ നിമിഷം മുതല്‍ ശിക്ഷ അനുഭവിക്കാനാരംഭിക്കും. അത് ശാരീരികമായിരിക്കില്ലെന്നു മാത്രം. പലപ്പോഴും തടവില്‍ കഴിയുന്നതിനേക്കാള്‍ തീവ്രവും തീക്ഷ്ണവുമായിരിക്കും ഉറപ്പായും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന അറിവ് നല്‍കുന്ന ആത്മദുഃഖവും മനഃപ്രയാസവും.

4. മരണത്തോടെ തന്നെ മനുഷ്യന്‍ തന്റെ വരാനിരിക്കുന്ന ജീവിതം എവ്വിധമായിരിക്കുമെന്ന് വ്യക്തമായിത്തന്നെ തിരിച്ചറിയും. കുറ്റവാളിയുടെ മരണത്തെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു: ''മലക്കുകള്‍ അവരെ മുഖത്തും മുതുകിലും അടിച്ച് മരിപ്പിക്കുമ്പോള്‍ എന്തായിരിക്കും അവരുടെ അവസ്ഥ. അല്ലാഹുവിന് അനിഷ്ടമുണ്ടാക്കുന്നവയെ അനുധാവനം ചെയ്യുകയും അവന്റെ തൃപ്തിയെ വെറുക്കുകയും ചെയ്തതിനാലാണിത്. അതുകൊണ്ടുതന്നെ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങള്‍ പാഴാക്കിയിരിക്കുന്നു'' (47:27,28).

''സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ചവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോടു ചോദിക്കും: നിങ്ങള്‍ ഏതവസ്ഥയിലാണുണ്ടായിരുന്നത്? അവര്‍ പറയും: ഭൂമിയില്‍ ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരായിരുന്നു. മലക്കുകള്‍ ചോദിക്കും: അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് നാടുവിട്ട് എവിടെയെങ്കിലും രക്ഷപ്പെടാമായിരുന്നില്ലേ? അവരുടെ താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം'' (4:97).

ഓരോ മനുഷ്യനും മരണവേളയില്‍ തന്റെ ജീവിതത്തിന്റെ നേട്ടകോട്ടങ്ങള്‍ തിരിച്ചറിയും; ഭാവി എന്തായിരിക്കുമെന്നും. അതുകൊണ്ടുതന്നെ ആയുസ്സ് ഇത്തിരിയെങ്കിലും നീട്ടിക്കിട്ടാന്‍ കേണുകൊണ്ടിരിക്കും. ''മരണം വന്നെത്തും മുമ്പെ നിങ്ങളോരോരുത്തരും നാം നല്‍കിയ വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുക. അപ്പോള്‍ അവര്‍ പറയും: എന്റെ നാഥാ, അടുത്ത ഒരവധിവരെ എനിക്ക് സമയം നീട്ടിത്തരാത്തതെന്ത്? എങ്കില്‍ ഞാന്‍ ദാനം നല്‍കാം; സജ്ജനങ്ങളില്‍ ഉള്‍പ്പെട്ടവനുമാകാം. അവധി ആസന്നമായാല്‍ പിന്നെ അല്ലാഹു ആര്‍ക്കും അത് നീട്ടിക്കൊടുക്കുകയില്ല. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു'' (63:10,11).

''ആ അക്രമികള്‍ മരണവെപ്രാളത്തിലകപ്പെടുമ്പോള്‍ മലക്കുകള്‍ കൈനീട്ടിക്കൊണ്ട് ഇങ്ങനെ പറയുന്നു: 'നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തേക്ക് തള്ളുക. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ സത്യവിരുദ്ധമായത് പ്രചരിപ്പിച്ചു. അവന്റെ പ്രമാണങ്ങളെ അഹങ്കാരത്തോടെ തള്ളിക്കളഞ്ഞു. അതിനാല്‍ നിങ്ങള്‍ക്കു തന്നെ നിന്ദ്യമായ ശിക്ഷയുണ്ട്. ഇതൊക്കെയും നിനക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍'' (6:93).

''അങ്ങനെ അവനിലൊരുവന് മരണം വന്നെത്തുമ്പോള്‍ അവന്‍ കേണു പറയും: എന്റെ നാഥാ, നീ എന്നെയൊന്ന് ഭൂമിയിലേക്ക് തിരിച്ചയക്കേണമേ. ഞാന്‍ ഉപേക്ഷ വരുത്തിയ കാര്യത്തില്‍ ഞാന്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവനായേക്കാം. അതൊരു വെറും വാക്കാണ്. അവനതങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും. അവരുടെ പിന്നില്‍ ഒരു മറയുണ്ടായിരിക്കും. അവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതുവരെ'' (23:99,100).

ഭൂമിയില്‍ വെച്ച് അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്കിരയായി സമൂലം നശിപ്പിക്കപ്പെട്ട ജനസമുദായങ്ങള്‍ ഉറപ്പിക്കുന്നു തങ്ങളുടെ സങ്കേതം നരകമാണെന്ന് (71:25,15:74,11:83).

രക്തസാക്ഷികള്‍ സംതൃപ്തരായി ജീവിക്കുന്നവരാണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു (2:154, 3:169-171, 47:4-6).

മരണത്തോടെ തന്നെ ഫറവോന്‍ തന്റെ പതനവും പരാജയവും തിരിച്ചറിഞ്ഞതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു (10:90-92). മരണാനന്തരം ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ ഫറവോന് തന്റെ ഭാവിസങ്കേതമായ നരകം രാവിലെയും വൈകുന്നേരവും കാണിക്കപ്പെടുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്:

''കത്തിയാളുന്ന നരകത്തീ! രാവിലെയും വൈകുന്നേരവും അവരെ അതിനു മുമ്പില്‍ ഹാജരാക്കും. അന്ത്യസമയം വന്നെത്തുന്ന നാളില്‍ ഇങ്ങനെ ഒരുത്തരവുണ്ടാകും: ഫറവോന്റെ ആളുകളെ കൊടിയ ശിക്ഷയിലേക്ക് തള്ളിവിടുക'' (40:46).

മരണത്തോടെ എല്ലാ മനുഷ്യരും തങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന് തിരിച്ചറിയുമെന്ന് പറയുന്നത് ഖുര്‍ആനാണ്. ഈ തിരിച്ചറിവാണ് ശിക്ഷയായും രക്ഷയായും അനുഭവപ്പെടുക. ഖബ്ര്‍ ശിക്ഷാ നിഷേധികള്‍ തന്നെ പറഞ്ഞ ഉദാഹരണത്തിലെ വധശിക്ഷ ഉറപ്പിച്ചു കഴിയുന്ന കൊലയാളിയുടെ അവസ്ഥക്ക് സമാനമായിരിക്കും സത്യനിഷേധിയുടെ ഖബ്ര്‍ ജീവിതം. ഇത് ബര്‍സഖീ ജീവിതം എന്നും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.

5. ആത്മാവിന് മരണമില്ല. ഒരാള്‍ മരിക്കുന്നതോടെ ശരീരം നിശ്ചലമാകുന്നു. ആത്മാവ് അതിന്റെ സഞ്ചിത കര്‍മങ്ങളുമായി ശരീരത്തോടു വിടപറയുന്നു. പിന്നീട് ശരീരത്തിന് ഒട്ടും പ്രസക്തിയോ പ്രാധാന്യമോ ഇല്ല. മറവു ചെയ്തില്ലെങ്കില്‍ ചീഞ്ഞുനാറുകയും പുഴുക്കളും പ്രാണികളും തിന്നു തീര്‍ക്കുകയും ചെയ്യും. മറവു ചെയ്താല്‍ ഭൂമിയോട് ചേര്‍ന്ന് മണ്ണായി മാറുന്നു. എന്തായാലും മൃതശരീരത്തിന് നിലനില്‍പില്ല. അതുകൊണ്ട് പ്രത്യേക പ്രയോജനവുമില്ല.

എന്നാല്‍ മരണത്തോടെതന്നെ ആത്മാവ് അത് സമ്പാദിച്ചതിന്റെ ഫലം അനുഭവിക്കാന്‍ തുടങ്ങുന്നു. അതുതന്നെയാണ് ഖബ്ര്‍ ജീവിതം അല്ലെങ്കില്‍ ബര്‍സഖീ ജീവിതം. ആത്മാവ് ഉള്ളിടമാണ് ഖബ്ര്‍. അതുകൊണ്ടുതന്നെ മൃതശരീരം കരിച്ചുകളഞ്ഞാലും പറവകളോ മത്സ്യങ്ങളോ തിന്നു തീര്‍ത്താലും ഖബ്ര്‍ ജീവിതം ഇല്ലാതാവുകയില്ല. പ്രസ്തുത ശരീരം വഹിച്ചിരുന്ന ആത്മാവ് എവിടെയാണോ അവിടെയായിരിക്കും അയാളുടെ ഖബ്ര്‍. ഉയിര്‍ത്തെഴുന്നേല്‍പുവരെയുള്ള ബര്‍സഖിയായ ജീവിതം ആത്മീയമായിരിക്കും. എന്നാല്‍ ഭൂമിയിലെന്നപോലെ ഖബ്‌റിലെയും ആത്മീയാവസ്ഥകള്‍ ശാരീരികാനുഭവമായിട്ടായിരിക്കും ബാധിക്കുക.

ഉറക്കത്തില്‍ നമ്മെ പാമ്പ് കടിക്കുന്നതായോ നമ്മെ വാഹനം ഇടിക്കുന്നതായോ നമ്മെ ആരെങ്കിലും അടിക്കുകയോ ഇടിക്കുകയോ കൊല്ലുകയോ ചെയ്യുന്നതായോ സ്വപ്‌നം കണ്ടാല്‍ അത് ശാരീരികാനുഭവം പോലെയാണ് നമ്മെ ബാധിക്കുക. നാം പൊട്ടിക്കരയുകയോ അലറുകയോ ബഹളം വെക്കുകയോ ചെയ്യും. ഞെട്ടിയുണരുകയും ചെയ്യും. അഥവാ ആത്മീയാനുഭവങ്ങള്‍ ശാരീരികാനുഭവങ്ങളായാണ് നമ്മെ ബാധിക്കുക. ഖബ്ര്‍ ജീവിതവും ഇവ്വിധം ആത്മീയമാണെങ്കിലും ശരീരത്തെ ബാധിക്കുന്നതായാണ് അനുഭവപ്പെടുക. അതിനാലാണ് ഹദീസുകളില്‍ അവയെ ശാരീരികാനുഭവങ്ങളായി വിശദീകരിച്ചത്. താന്‍ ശേഖരിച്ച സഞ്ചിത കര്‍മങ്ങളുമായി ശരീരത്തോടു വിടപറയുന്ന ആത്മാവ് അതിന്റെ ഫലം മരണത്തോടെ തന്നെ അനുഭവിച്ചു തുടങ്ങുന്നു. ഇതാണ് ഖുര്‍ആനും പ്രവാചകചര്യയും പഠിപ്പിച്ച മരണത്തോടെ ആരംഭിക്കുന്ന രക്ഷാശിക്ഷകള്‍. സ്വപ്‌ന സദൃശമായിരിക്കും അതെന്നര്‍ഥം. രാവിലെയും വൈകുന്നേരവും താന്‍ ചെന്നെത്തുന്ന നരകം കാണുന്ന ഫറോവ അനുഭവിക്കുന്ന ശിക്ഷയുടെ കാഠിന്യം ഊഹിക്കാവുന്നതിലപ്പുറമാണല്ലോ.

6. അല്ലാഹു, സ്വര്‍ഗം, നരകം, മലക്ക്, പിശാച് പോലുള്ളവയെപ്പോലെത്തന്നെ ഖബ്ര്‍ ജീവിതവും അതിലെ രക്ഷാശിക്ഷകളും അഭൗതിക കാര്യങ്ങളില്‍പെട്ടതാണ്. ഖുര്‍ആനും ഹദീസും പറയുകയും വിശദീകരിക്കുകയും ചെയ്തതിനപ്പുറം അഭൗതിക കാര്യങ്ങളില്‍ ഒന്നിനെക്കുറിച്ചും മനുഷ്യന് ഒന്നുമറിയില്ല. അഭൗതിക ജ്ഞാനം നേടാന്‍ മനുഷ്യന്റെ വശം ദിവ്യസന്ദേശങ്ങളല്ലാതെ മറ്റൊരു മാര്‍ഗമോ മാനദണ്ഡമോ മാധ്യമമോ ഇല്ലെന്നതു തന്നെ കാരണം. അഭൗതിക കാര്യങ്ങളെ സംബന്ധിച്ച ദിവ്യസന്ദേശങ്ങള്‍ തന്നെ മനുഷ്യന് മനസ്സിലാക്കാന്‍ കഴിയുന്നവിധം വിശദീകരിക്കുകയാണ് ചെയ്യുന്നത്. അവ യഥാവിധി മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ഭൗതിക ലോകത്തിന്റെ പരിമിതിയില്‍നിന്നുകൊണ്ട് കഴിയണമെന്നില്ല. അതിനാല്‍ ഖബ്ര്‍ ജീവിതത്തെ സംബന്ധിച്ചോ അവിടത്തെ രക്ഷാശിക്ഷകളെ കുറിച്ചോ ഖണ്ഡിതമായ അറിവ് ആര്‍ക്കുമില്ല. സ്വര്‍ഗത്തില്‍ എത്ര നദികളുണ്ടെന്നോ നരകത്തിലെ ചൂട് എത്ര ഡിഗ്രിയാണെന്നോ അറിയാത്ത പോലെത്തന്നെ.

7. പിന്നെ ഖബ്‌റിലെ രക്ഷാശിക്ഷകള്‍ പരാമര്‍ശിക്കുന്ന ഹദീസുകളെക്കുറിച്ചു വന്ന വിമര്‍ശനങ്ങള്‍. മയ്യിത്ത് കുളിപ്പിക്കണമെന്നോ കഫന്‍ ചെയ്യണമെന്നോ ജനാസ നമസ്‌കരിക്കണമെന്നോ ഖബ്‌റടക്കണമെന്നോ ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലല്ലോ. ഹദീസുകളിലാണ് ഇത്തരം വിശദാംശങ്ങളെല്ലാമുള്ളത്. എന്തിനേറെ, നമസ്‌കാരത്തിന്റെ രൂപവും ഓരോ നമസ്‌കാരത്തിന്റെ റക്അത്തുകളുടെ എണ്ണവും റുകൂഅ്, സുജൂദ് പോലുള്ള അനുഷ്ഠാനങ്ങളുടെ രൂപവുമൊന്നും ഖുര്‍ആനിലില്ല. എല്ലാം ഹദീസുകളിലാണുള്ളത്. അവയൊക്കെ സ്വീകാര്യമാണെങ്കില്‍ ഖബ്ര്‍ ശിക്ഷയെ സംബന്ധിച്ച ഹദീസുകള്‍ മാത്രം തള്ളിക്കളയുന്നതിന്റെ ന്യായമെന്താണ്?

8. മുഹമ്മദ് നബി ഇഹലോകവാസം വെടിഞ്ഞതിനുശേഷം പുരോഹിതന്മാര്‍ പടച്ചുണ്ടാക്കിയതാണ് ഖബ്ര്‍ ശിക്ഷാ സംബന്ധമായ ഹദീസുകള്‍ എന്ന് വാദിക്കുന്നവര്‍ ആരാണ്, എന്നാണ്, എവിടെ വെച്ചാണ് പ്രസ്തുത ഹദീസുകള്‍ കെട്ടിയുണ്ടാക്കിയതെന്ന് വ്യക്തമാക്കാന്‍ ബാധ്യസ്ഥരാണ്. അതിനാവശ്യമായ തെളിവ് ഹാജരാക്കുകയും വേണം.

9. സാമ്പത്തിക താല്‍പര്യം മൂലമാണ് ഖബ്ര്‍ ശിക്ഷയെ സംബന്ധിച്ച ഹദീസുകള്‍ പുരോഹിതന്മാര്‍ കെട്ടിയുണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതെന്ന് വാദിക്കുന്നവര്‍ ലോകത്ത് എവിടെയൊക്കെയാണ് മയ്യിത്തിന്റെ പേരില്‍ പണം പിടുങ്ങുന്നതെന്നും എന്നുമുതലാണ് അതാരംഭിച്ചതെന്നും വ്യക്തമാക്കാന്‍ ബാധ്യസ്ഥരാണ്. എല്ലാ നാടുകളിലെയും മുസ്‌ലിംകള്‍ ഖബ്ര്‍ ശിക്ഷ ഉണ്ടെന്ന് വിശ്വസിക്കുന്നവരും അതില്‍നിന്ന് അല്ലാഹുവിനോട് രക്ഷതേടുന്നവരുമാണ്. മയ്യിത്തിനെ മുന്‍നിര്‍ത്തി സാമ്പത്തിക നേട്ടമുണ്ടാക്കുന്നവരുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല. അത്തരം തല്‍പര കക്ഷികളെ കേരളത്തിലും കാണാം. അവര്‍ ചെയ്യുന്നത് ഹീനകൃത്യമാണ്. ലോകവ്യാപകമായി നിലനില്‍ക്കുന്ന തിന്മയല്ല ഇതെന്നും മനസ്സിലാക്കണം. സാമ്പത്തിക നേട്ടം ലക്ഷ്യം വെക്കുന്നവര്‍ക്ക് ഖബ്ര്‍ ശിക്ഷ തന്നെ വേണമെന്നില്ലല്ലോ. മതത്തെ കച്ചവടച്ചരക്കാക്കുന്ന അത്തരക്കാര്‍ക്ക് എന്തെല്ലാം മാര്‍ഗങ്ങള്‍ തുറന്നുകിടക്കുന്നു!

10. ഖബ്ര്‍ ശിക്ഷ ഖുര്‍ആനിന് വിരുദ്ധമാണെന്ന പ്രസ്താവം തികഞ്ഞ അസംബന്ധമാണെന്നു മാത്രമല്ല, ഖുര്‍ആന്‍ വിരുദ്ധം കൂടിയാണ്. ഉയിര്‍ത്തെഴുന്നേല്‍പിനു മുമ്പുള്ള ജീവിതത്തെയും അവസ്ഥയെയും സംബന്ധിച്ച ഖുര്‍ആനിക പരാമര്‍ശങ്ങള്‍ നേരത്തേ വിശദീകരിച്ചതാണല്ലോ.

എന്നാല്‍ ഹദീസുകളുടെ ബാഹ്യാര്‍ഥം പഠിപ്പിക്കുന്നപോലെ ഖബ്ര്‍ ജീവിതം അല്ലെങ്കില്‍ ബര്‍സഖിയായ ജീവിതം ശാരീരികമാണോ അല്ലേ എന്ന കാര്യത്തില്‍ വീക്ഷണവ്യത്യാസമുണ്ട്. മരണത്തോടെ ആര്‍ജിത കര്‍മങ്ങളുമായി ശരീരത്തോട് വിടപറയുന്ന ആത്മാവിലേക്ക് ശരീരം വന്നുചേരുന്നത് ഉയിര്‍ത്തെഴുന്നേല്‍പ് വേളയിലാണെന്നും അതേവരെയുള്ള ബര്‍സഖീ ജീവിതം തീര്‍ത്തും ആത്മീയമാണെന്നും എന്നാലത് അനുഭവപ്പെടുക ശാരീരികമെന്നപോലെയാണെന്നുമുള്ള വീക്ഷണമാണ് ഖുര്‍ആനിനോട് ചേര്‍ന്നുനില്‍ക്കുന്നത്. രണ്ടായാലും ഖബ്ര്‍ ജീവിതമുണ്ടെന്ന കാര്യം ഉറപ്പ്. അതിലെ രക്ഷാശിക്ഷകള്‍ ഭൂമിയിലേതിനേക്കാള്‍ ശക്തവും തീവ്രവുമായിരിക്കുമെന്നതും സംശയാതീതമത്രെ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (29-32)
എ.വൈ.ആര്‍