Prabodhanm Weekly

Pages

Search

2012 ജനുവരി 14

എഴുത്തിലെ നേര്‍രേഖകള്‍

പ്രഫ. ഇബ്‌റാഹീം ബേവിഞ്ച

പ്രഫ. ഇബ്‌റാഹീം ബേവിഞ്ച
പി. സി. അഷ്‌റഫ് / ജലീല്‍ പടന്ന

'ഇസ്‌ലാമിക സാഹിത്യം മലയാളത്തില്‍' എന്ന ഗ്രന്ഥത്തിന്റെ മുഖവുരയില്‍ ഇബ്‌റാഹീം ബേവിഞ്ച ഇങ്ങനെ എഴുതുന്നു: 'മതം എന്നും എനിക്കൊരു സൗന്ദര്യപൂരകമായിരുന്നു. സുവിശേഷവും സാന്ത്വനവുമായിരുന്നു. മതത്തില്‍ നിന്നാണ് ഞാന്‍ സാഹിത്യത്തിലേക്കും കഥയിലേക്കും കടന്നുപോയത്.' ഈ പ്രസ്താവം ബേവിഞ്ചയുടെ എല്ലാ കൃതികളിലേക്കും കടക്കാനുള്ള താക്കോലാണ്. സാഹിത്യത്തില്‍ അരികു ജീവിതത്തിലേക്ക് പുറന്തള്ളപ്പെട്ട മുസ്‌ലിം ജീവിതത്തെ ഇസ്‌ലാമിക സംസ്‌കൃതിയുടെ പ്രകാശം കൊണ്ട് തിരിച്ചറിയാനുള്ള ശ്രമങ്ങളായിരുന്നു ബേവിഞ്ചയുടെ ഓരോ കൃതിയും. അവയുടെ തലക്കെട്ടുകള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഇത് മനസ്സിലാകും. 'മുസ്‌ലിം സാമൂഹികജീവിതം മലയാളത്തില്‍', 'ഇസ്‌ലാമിക ജീവിതം മലയാളത്തില്‍', 'പക്ഷിപ്പാട്ട് ഒരു പുനര്‍വായന',  'ബഷീര്‍ ദ മുസ്‌ലിം', 'ഉബൈദിന്റെ കാവ്യ പ്രപഞ്ചം', 'പ്രസക്തി'. ഇതില്‍ പ്രസക്തി ഒഴിച്ച് ബാക്കിയെല്ലാം ഇസ്‌ലാമിക ദര്‍ശനത്തിന്റെ വെള്ളി വെളിച്ചത്തില്‍ സാഹിത്യത്തെ വിശകലനം ചെയ്യുന്ന മൗലിക രചനകളാണ്. പ്രസക്തിയാകട്ടെ 18 വര്‍ഷക്കാലം ഒരു ലക്കവും മുടങ്ങാതെ ചന്ദ്രിക വാരാന്തപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന കോളമാണ്. വിഷയ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ പംക്തി.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എ ബിരുദവും, മലയാളത്തില്‍ എം.എ, എംഫില്‍ ബിരുദവുമുള്ള ബേവിഞ്ച മാധ്യമം വാരാദ്യത്തില്‍ ഏകദേശം അഞ്ച് വര്‍ഷം 'കഥ പോയ മാസത്തില്‍' എന്ന പംക്തി കൈകാര്യം ചെയ്തു. എം.ഫില്‍ പഠനത്തിന് ബേവിഞ്ച തെരെഞ്ഞടുത്ത വിഷയം എം.ടിയുടെ ചെറു കഥകളായിരുന്നു. പിന്നീട് ആ പഠനം 'നിള തന്ന നാട്ടെഴുത്തുകള്‍' എന്ന പേരില്‍ പുസ്തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമം പത്രത്തില്‍ അഞ്ചുവര്‍ഷം 'കാര്യവിചാരം' എന്ന പംക്തിയും ബേവിഞ്ച കൈകാര്യം ചെയ്തിരുന്നു. ആരാമം വനിതാ മാസികയിലെ പെണ്‍വഴികള്‍ എന്ന കോളവും തൂലികാ മാസികയിലെ ചിന്തനയും ശ്രദ്ധേയമായ പംക്തികളായിരുന്നു. ഏഴു വര്‍ഷത്തോളം നീണ്ടുനിന്ന ഈ കോളങ്ങളിലൂടെയും മറ്റു രചനകളിലൂടെയും കേരളീയ പൊതു സംസ്‌കാരത്തെയും ജീവിത വൈവിധ്യത്തെയും കുറിച്ച് അഗാധമായ ജ്ഞാനമുള്ള ഒരു ചിന്തകനെയാണ് നമുക്ക് കണ്ടുമുട്ടാനാവുക.
മാതൃ സംസ്‌കൃതിയുടെ വേരുകള്‍ അന്വേഷിക്കുന്ന ഒരു രചനാ വ്യക്തിത്വത്തിന്റെ നിതാന്ത സ്പന്ദനങ്ങളാണ് ബേവിഞ്ചയുടെ ഓരോ രചനയും. മൂന്നു ദശകം നീണ്ടുനിന്ന സാര്‍ഥകമായ കോളേജ് അധ്യാപക ജീവിതത്തിനു ശേഷം ബേവിഞ്ചയില്‍ തെക്കിന്‍ പുഴയുടെ തീരത്ത് സ്വന്തം വേരുകളന്വേഷിച്ച് ഇബ്‌റാഹീം ബേവിഞ്ച ഇപ്പോഴും ജീവിതം മനനം ചെയ്യുകയാണ്. ബേവിഞ്ച മാഷുമായി നടത്തിയ അഭിമുഖം.

ഇസ്‌ലാമിക സാഹിത്യം മലയാളത്തില്‍, മുസ്‌ലിം സാമൂഹിക ജീവിതം മലയാളത്തില്‍, ബഷീര്‍ ദ മുസ്‌ലിം എന്നിങ്ങനെ തലക്കെട്ടില്‍ തന്നെ സൂചിതമാകുന്നതു പോലെ ഇസ്‌ലാമിക സമൂഹവും അവരുടെ സംസ്‌കാരവും സാഹിത്യവുമാണ് താങ്കളുടെ രചനകളിലേറെയും. എന്തു കൊണ്ടാണ് ഇങ്ങനെയൊരു എഴുത്ത്?
കേരളത്തിലെ മുസ്‌ലിംകളുടെ മലയാള ഭാഷയിലും സാഹിത്യ രംഗത്തുമുള്ള സംഭാവനകള്‍ ഇതുവരെ വേണ്ടത്ര പഠിക്കപ്പെട്ടിട്ടില്ല. ഒരു കാലത്ത് മലയാളം പഠിക്കാത്ത മുസ്‌ലിംകളുമുണ്ടായിരുന്നു. പക്ഷേ, ആ സമയത്തും അറബി മലയാളത്തില്‍ ധാരാളം കൃതികള്‍ രചിക്കപ്പെടുകയും ചെയ്തിരുന്നു. പല ഭാഷകളുടെ സങ്കരമായതിനാല്‍ മുസ്‌ലിംകള്‍ക്കു തന്നെ അവ വായിച്ച് ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ അറിയാന്‍ കഴിയായ്ക മുസ്‌ലിമേതരുടെയും വലിയ പ്രശ്‌നമായി. കല, സാഹിത്യം, സംഗീതം ഇവയൊന്നുമില്ലാത്ത അപരിഷ്‌കൃതരാണ് മുസ്‌ലിംകളെന്ന ധാരണയും വ്യാപകമായി. സംഗതികള്‍ നേരെ തിരിച്ചാണെന്ന് ഇരുകൂട്ടരെയും ബോധ്യപ്പെടുത്തേണ്ടത് എന്റെ ലക്ഷ്യമായിരുന്നു. ഓരോ സാഹിത്യ കൃതിയും താനാണ് സംസ്‌കാരമെന്ന് നിശ്ശബ്ദമായി വിളിച്ചു പറയുന്നുണ്ട്. അതിനാല്‍ മുസ്‌ലിംകള്‍ക്ക് തങ്ങളെതന്നെയും തിരിച്ചറിയാനും  ഇതരര്‍ക്ക് ഇസ്‌ലാമിന്റെ സാഹിത്യ സംഗീത സമീപനങ്ങള്‍ മനസ്സിലാക്കാനും വേണ്ടിയായിരുന്നു ഇത്തരം പഠനങ്ങളില്‍ ഞാന്‍ ശ്രദ്ധയൂന്നിയത്. ബഷീര്‍ ദ മുസ്‌ലിം എന്ന ഗ്രന്ഥത്തിന്റെ പിന്‍കവര്‍ പേജില്‍ എം. ടിയുടെ രണ്ട് വാചകങ്ങള്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ട്. അവ ഇതാണ് - എല്ലാ കാലത്തും എല്ലാവര്‍ക്കും പിന്നിലേക്ക് തിരിഞ്ഞുനോക്കാന്‍, നഷ്ടപ്പെട്ട തന്റെ വേരുകള്‍ കണ്ടെത്താന്‍, നഷ്ടപ്പെട്ട തന്റെ മൂല്യങ്ങള്‍ കണ്ടെത്താനുള്ള ത്വരയുണ്ട്. അത് ഏത് കാലത്തെ എഴുത്തുകാരനിലുമുണ്ടായിട്ടുണ്ട്. സ്വന്തം വേരുകള്‍ കണ്ടെത്താനുള്ള ഈ ശ്രമമാണ് ഇസ്‌ലാമിക സാഹിത്യം മലയാളത്തില്‍ എന്ന എന്ന കൃതിയിലൂടെ ഞാന്‍ നടത്തിയത്. മുസ്‌ലിം സാമൂഹിക ജീവിതം മലയാളത്തില്‍ എന്ന പുസ്തകത്തിലാവട്ടെ മലയാള നോവലുകളില്‍ ആവിഷ്‌കരിക്കപ്പെട്ട മുസ്‌ലിം സാമൂഹിക ജീവിതം, മലയാള കവിതയിലെ ഖുര്‍ആനിക സന്ദര്‍ഭങ്ങള്‍, ഖുര്‍ആനിക സൗന്ദര്യം ബഷീര്‍ കൃതികളില്‍, മുഹമ്മദ് നബി മലയാള കവിതയില്‍, അറബി മലയാള സാഹിത്യം, മാപ്പിളപാട്ടുകളിലെ ഭാഷ തുടങ്ങിയ വിഷയങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത.് ഇസ്‌ലാമിക സംസ്‌കൃതിയും ഇവിടത്തെ മുസ്‌ലിം സാമൂഹിക ജീവിതവും മുസ്‌ലിമേതരരായ എഴുത്തുകാരില്‍ ചെലുത്തിയ സ്വാധീനമാണ് ഈ പഠനങ്ങളിലധികവും. ഒരു ബഹുമതസമൂഹത്തില്‍ ഇസ്‌ലാമിന്റെ സൗന്ദര്യം ഇതര എഴുത്തുകാര്‍ എങ്ങനെ കണ്ടുവെന്നും മതങ്ങള്‍ പരസ്പരം കൊണ്ടതും കൊടുത്തതുമെങ്ങനെയെന്നും കേരളീയരെ ബോധ്യപ്പെടുത്താനായിരുന്നു ഇത്തരം രചനകള്‍. ബഷീര്‍ കൃതികളുടെ അന്തര്‍ഭാവം ഖുര്‍ആനായിരുന്നുവെന്ന് ഇപ്പോഴും വേണ്ടത്ര വിശദമാക്കാനായിട്ടില്ല. ബഷീര്‍ കൃതികളിലെ ഇസ്‌ലാമിക ഇതിവൃത്തങ്ങള്‍ക്കുള്ളില്‍ ഖുര്‍ആന്റെ ദീപ്തി എങ്ങനെ അലിയിച്ചുചേര്‍ത്തിട്ടുണ്ടെന്നും വേണ്ടത്ര പഠിക്കപ്പെട്ടിട്ടില്ല. ഖുര്‍ആനിക സൗന്ദര്യ ശാസ്ത്രം ഉപയോഗിച്ച് ബഷീര്‍ കൃതികളെ പരിശോധിച്ചാല്‍ വെളിച്ചത്തിന്റെ പുതുതീരങ്ങള്‍ തെളിഞ്ഞുകിട്ടും.

ബഷീര്‍ ദ മുസ്‌ലിം എന്നാണ് ബഷീര്‍ പഠനത്തിന് താങ്കള്‍ നല്‍കിയ തലക്കെട്ട്. ഇത് പലര്‍ക്കും അരോചകമായി തോന്നിയില്ലേ?
ടോള്‍സ്റ്റോയി കല ക്രിസ്തീയമാവണമെന്ന് എഴുതിയിട്ടുണ്ട്. ടി.എസ് എലിയെട്ട് താനൊരു കത്തോലിക്കനാണെന്ന് അഭിമാനത്തോടെ പറഞ്ഞു. ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ വി.ടി ഭട്ടതിരിപ്പാട് മനുഷ്യനെ നമ്പൂതിരിയാക്കണമെന്ന് പറഞ്ഞു. ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്ന വിഷയത്തില്‍ സിമി ഒരു സെമിനാര്‍ സംഘടിപ്പിച്ചപ്പോള്‍  അതില്‍ സംബന്ധിച്ച ഒ. വി വിജയന്‍ തന്റെ പ്രസംഗം ആരംഭിച്ചത് സഹോദരന്മാരെ ഞാനൊരു ഹിന്ദുവാണെന്ന് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു. മതം കലയ്ക്കും സാഹിത്യത്തിനും എങ്ങനെ രൂപം നല്‍കുന്നുവെന്ന് അലിജാ ഇസ്സത്ത് ബെഗോവിച്ച് ഇസ്‌ലാം രാജമാര്‍ഗം എന്ന കൃതിയില്‍ വിശദീകരിക്കുന്നുണ്ട്. പഴയ കാലത്തെ പല സാഹിത്യ നിരൂപകരും സാഹിത്യ വിമര്‍ശനത്തില്‍ മതത്തിന്റെ സ്വാധീനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. താനൊരു മുസ്‌ലിമാണെന്ന് പല തവണ ബഷീര്‍ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. ഇന്ന് പ്രചരിപ്പിക്കപ്പെടുന്ന മുസ്‌ലിം ഭീകരത അസംബന്ധമാണെന്ന് തെളിയിക്കാന്‍ ബഷീര്‍ കൃതികളുടെ പഠനം സഹായിക്കും.
 
കലയുടെ ഇസ്‌ലാമിക മാനം എന്താണ്? ഈ വിഷയത്തില്‍ കേരളത്തിലെ മതസംഘടനകളുടെ നിലപാടുകളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
കലയുടെ ഇസ്‌ലാമിക മാനത്തെക്കുറിച്ച് സൂക്ഷ്മമായി എഴുതിയത് ഇ.വി അബ്ദുവാണ്. ഈ വിഷയത്തെ കുറിച്ച് ഞാന്‍ ധാരാളം എഴുതിയിട്ടുണ്ട്. എത്രയോ യോഗങ്ങളില്‍ ഈ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. ഖുര്‍ആനെയും നബി വചനങ്ങളെയും ആധാരമാക്കി കലയും സാഹിത്യവും രൂപപ്പെടുത്തുന്നതിനെ കുറിച്ച ചിന്തയാണ് കലയുടെ ഇസ്‌ലാമിക മാനം. ഇക്കാര്യത്തെകുറിച്ച് കുറേ പുസ്തകങ്ങള്‍ ഈയിടെയായി ഇറങ്ങിയിട്ടുണ്ട്. അവ വേണ്ടത്ര നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് പറയാനാവില്ല.

മാപ്പിളപ്പാട്ട് താങ്കളുടെ ഇഷ്ട മേഖലയാണല്ലോ. മുസ്‌ലിംകളുടെ ആസ്വാദനം മാപ്പിളപ്പാട്ടില്‍ പരിമിതപ്പെട്ടുപോകുന്നുവെന്ന് പറഞ്ഞാല്‍ താങ്കള്‍ അതിനോട് യോജിക്കുമോ?
ഇത്തരമൊരു പരിമിതി നിലവിലുണ്ട്. മലയാള സിനിമാപാട്ടുകളില്‍ മാപ്പിളപ്പാട്ട് ഇശലുകള്‍, പി. ഭാസ്‌കരനെ പോലെയുള്ളവര്‍ കലര്‍ത്തിയപ്പോള്‍ മുസ്‌ലിം സഹൃദയരിലുണ്ടായ താളബോധം ചെറുതല്ല. അതോടെ സിനിമാപാട്ടുകളില്‍ സാധാരണ മുസ്‌ലിംകള്‍ പോലും ആകൃഷ്ടരായി. അത് സംഗീതത്തിലേക്ക് മുസ്‌ലിംശ്രദ്ധ പതിയാനും കാരണമായി. കോഴിക്കോട് അബ്ദുല്‍ ഖാദറിനെ പോലെയുള്ളവര്‍ ഉണ്ടായതും ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ചിലര്‍ക്ക് സാധിച്ചതും മുസ്‌ലിംകളില്‍ ഒരു വിഭാഗത്തിന് ഹിന്ദി സിനിമയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞതും മുസ്‌ലിംകളില്‍ സിനിമാ ഗാന രചന മാത്രമല്ല, ക്ലാസിക്കല്‍ സംഗീതവും കഥകളിപദങ്ങളും പഠിക്കാന്‍ താല്‍പര്യമുണ്ടായതും മുസ്‌ലിം പെണ്‍കുട്ടികള്‍ വരെ ഇവ പഠിക്കാന്‍ മുന്നോട്ട്‌വന്നതും മുസ്‌ലിംകളുടെ സംഗീതാസ്വാദന വളര്‍ച്ചയെ ചൂണ്ടിക്കാട്ടുന്നു. ഇസ്‌ലാമിക വിഷയങ്ങളെടുത്ത് ക്ലാസിക്കല്‍ സംഗീതം വരെ മലയാളത്തില്‍ ഉണ്ടായല്ലോ.

മുഹ്‌യിദ്ദീന്‍ മാല താങ്കളുടെ പഠനവിഷയമായിട്ടുണ്ടല്ലോ. കേരളത്തിലെ ചിലരുടെ മതവീക്ഷണത്തില്‍ അത് അപ്പാടെ തള്ളിക്കളയേണ്ട കൃതിയാണ്.
ബഷീര്‍ ദ മുസ്‌ലിം എന്ന കൃതിയില്‍ ഞാന്‍ ഇക്കാര്യം വിശദമായി എഴുതിയിട്ടുണ്ട്. മുഹ്‌യിദ്ദീന്‍ മാലയുടെ ആവിഷ്‌കാര സൗന്ദര്യം ഉള്‍ക്കൊള്ളാം. ആശയതലം സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം.

കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്ക് ധാരാളം പ്രസിദ്ധീകരണങ്ങളുണ്ട്. പക്ഷേ, അവ പൊതുസമൂഹത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നുണ്ടോ?
ഒരുകാലത്ത് മലയാളം പഠിക്കുന്നതില്‍നിന്ന് വിമുഖത കാണിച്ച മുസ്‌ലിം സമുദായം ഇന്ന് മലയാളത്തില്‍ വിവിധ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്നതില്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. കടലാസ് തിന്നുന്ന ആടുകളായി മുസ്‌ലിംകളെ ചിത്രീകരിക്കാന്‍ സിവിക് ചന്ദ്രന് തോന്നിയത് ഇതു കൊണ്ടാകണം. ഈ പ്രസിദ്ധീകരണങ്ങള്‍ കൊണ്ട് വലിയ പ്രയോജനങ്ങളൊന്നും മുസ്‌ലിം സമുദായത്തിനുതന്നെയില്ല. പൊതുസമൂഹം പോകട്ടെ, മുസ്‌ലിം സമുദായം തന്നെ ഇവയില്‍ പലതും മറിച്ചുനോക്കുകയല്ലാതെ വായിക്കാറില്ല.

മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായിരുന്നു താങ്കളുടെ 'പ്രസക്തി' എന്ന കോളം. നീണ്ട പതിനെട്ടുവര്‍ഷങ്ങള്‍ ഇടമുറിയാതെ ചന്ദ്രിക വാരാന്തപ്പതിപ്പില്‍ തുടര്‍ന്ന ആ കോളം സാംസ്‌കാരിക കേരളത്തില്‍ ഏതെല്ലാം വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്?
കേരളസാഹിത്യ അക്കാദമിയിലേക്ക് എന്നെ നേമിനേറ്റ് ചെയ്തത് തന്നെ 'പ്രസക്തി' വെച്ചാണ്. സ്വദേശത്തും വിദേശത്തും ധാരാളം വായനക്കാരെ സൃഷ്ടിച്ച ആ കോളം വായിക്കാന്‍ ചന്ദ്രികയുടെ വായനക്കാരല്ലാത്തവര്‍ പോലും ഞായറാഴ്ചയിലെ ചന്ദ്രിക വില കൊടുത്ത് വാങ്ങിച്ചിരുന്നതായി അവര്‍ എനിക്കെഴുതിയിട്ടുണ്ട്. ആ കോളം ഉണ്ടാക്കിയ ഏറ്റവും സാര്‍ഥകമായ കാര്യം യൂസഫലി കേച്ചേരിയും ഞാനും തമ്മിലുണ്ടായ സംവാദമാണ്. ഇസ്‌ലാമിക ഇതിവൃത്തങ്ങള്‍ ഹൈന്ദവ ഇതിവൃത്തങ്ങള്‍ പോലെ കാവ്യാത്മകമായി അവതരിപ്പിക്കാന്‍ കേച്ചേരിക്ക് കഴിയാത്തതെന്ത് എന്നൊരു ചോദ്യം 'പ്രസക്തി'യിലുന്നയിച്ചിരുന്നു. കേച്ചേരി അതിന് ദീര്‍ഘമായ മറുപടി എഴുതി. പിന്നീട് ആ ചര്‍ച്ച വലിയൊരു വിഭാഗം വായനക്കാര്‍ ഏറ്റെടുത്തതും അങ്ങനെ ആറു മാസത്തോളം ആ സംവാദം നീണ്ടതും വളരെ സൃഷ്ടിപരമായ രീതിയിലായിരുന്നു.

ജീവിച്ചിരുന്ന കാലത്ത് മലയാളത്തില്‍ അത്രയൊന്നും കൊണ്ടാടപ്പെട്ട കവിയായിരുന്നില്ല ടി. ഉബൈദ്. താങ്കളാണ് ഉബൈദിനെകുറിച്ച് മികച്ച ഒരു പഠനം നടത്തിയത്. എന്തുകൊണ്ട് ഉബൈദ് അവഗണിക്കപ്പെട്ടു?
കോഴിക്കോട് സാഹിത്യ പരിഷത്തില്‍ മാപ്പിളപ്പാട്ടുകളെ കുറിച്ചുള്ള ഒരു പ്രബന്ധം ഉബൈദ് പാടി അവതരിപ്പിച്ചതോടെയാണ് അദ്ദേഹം മലയാളത്തിലെ എഴുത്തുകാര്‍ക്ക് സുപരിചിതനായത്. അവര്‍ മാപ്പിളപ്പാട്ടിന്റെ വശ്യമായ സംഗീത മാധുരിയില്‍ വിസ്മയം കൊണ്ടു. കേരളത്തിലെ സാഹിത്യ സാംസ്‌കാരിക അക്കാദമികളില്‍ ഉബൈദ് നോമിനേറ്റ് ചെയ്യപ്പെട്ടു. ശൂരനാട്ട് കുഞ്ഞന്‍ പിള്ളയുടെ കൂടെ താമസിക്കാന്‍ ഇത് ഉബൈദിന് വഴിയൊരുക്കി. ഇത് വഴി ഉബൈദിന്റെയും പിള്ളയുടെയും അറിവുകള്‍ വിസ്തൃതമായി. ഇങ്ങനെ ഒരുപറ്റം എഴുത്തുകാരുടെയും സാഹിത്യ പണ്ഡിതന്മാരുടെയും ഇടയില്‍ മരിക്കുന്നതിനു മുമ്പേ ഉബൈദ് പരിചിതനായിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഉബൈദിന്റെ തെരെഞ്ഞെടുത്ത കവിതകള്‍ പ്രസിദ്ധീകരിച്ചതും അതിന് സി.പി ശ്രീധരന്‍ അവതാരിക എഴുതിയതും ഉബൈദ് മരിച്ച് ഏതാണ്ട് എട്ടുവര്‍ഷം കഴിഞ്ഞാണ് - 1980ല്‍. പക്ഷേ, സഹൃദയരിലെത്താന്‍ ഉബൈദിന് പിന്നേയും വളരെ കഴിഞ്ഞാണ് സാധിച്ചത്. അതിന് കെ.എം അഹ്മദിന്റെ ശ്രമങ്ങളും എന്റെ ഉബൈദിന്റെ കവിതാലോകവും കാസര്‍കോട്ടുകാര്‍ക്ക് കവിയോടുണ്ടായിരുന്ന ആദരവും  കാരണമായി. മാപ്പിളപാട്ട് ഏറെ കാലം മുസ്‌ലിംകളില്‍തന്നെ ഒതുങ്ങി നിന്നതാണ് ആദ്യ ഘട്ടത്തില്‍ ഉബൈദ് അവഗണിക്കപ്പെടാന്‍ കാരണമായത്.

കവിതാ നിരൂപണത്തില്‍ താങ്കളിലെ നിരൂപകന്‍ സവിശേഷ സിദ്ധി പ്രകടിപ്പിക്കുന്നത് കാണാറുണ്ട്. ഉദാഹരണം ഉബൈദിന്റെ കവിതാലോകം.
എന്നിട്ടും താങ്കള്‍ മലയാളത്തിലെ പ്രധാന കവികളുടെ സംഭാവനകളിലേക്ക്  ശ്രദ്ധ പതിപ്പിച്ചതായി കാണുന്നില്ല?
ഉബൈദിന്റെ കവിതാ ലോകം എന്ന പുസ്തകം ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നത് ജീവിച്ചിരിക്കെ അംഗീകാരത്തിന്റെയോ ആദരവിന്റെയോ ഒരു നല്ല വാക്കിന്റെയോ സാന്ത്വനം ലഭിക്കാതെ പോയ ഒരു കൂട്ടം കവികള്‍ക്കാണ്. ഈ കവികള്‍ മാപ്പിളപാട്ട് രചയിതാക്കളാണ്. ഇവരെ കുറിച്ച് എഴുതാന്‍ ഇപ്പോഴും അധികം പേരില്ല. മറ്റുള്ളവരെ കുറിച്ച് എഴുതാന്‍ എത്രയോ പേരുണ്ട്. മോയിന്‍കുട്ടി വൈദ്യരെ കുറിച്ചും അതുപോലെ ഒന്നോ രണ്ടോ കവികളെ കുറിച്ചും ഞാന്‍ എഴുതി. ആ എഴുത്തിനെ വികസിപ്പിക്കാന്‍ മലയാളത്തിലെ പ്രമുഖ കവികളെ ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പഠിച്ചതും പഠിപ്പിച്ചതുമായ മലയാള സാഹിത്യത്തെ കുറിച്ചല്ല, ഞാന്‍ അത്രയൊന്നും പഠിച്ചിട്ടില്ലാത്ത മാപ്പിളപ്പാട്ട് രചയിതാക്കളെ കുറിച്ചാണ് അധികം എഴുതിയത് എന്ന വൈചിത്ര്യം ഉണ്ട്. വേരുകള്‍ തേടാനുള്ള എന്റെ എളിയ ശ്രമമാണത്. ഓരോ എഴുത്തുകാരനും തന്റേതായ വളക്കൂറുള്ള മണ്ണുണ്ടല്ലോ, ഞാന്‍ അതില്‍ നിലകൊണ്ടതാകാം. അതിനാല്‍ ഞാനിപ്പോള്‍ ബ്രാന്‍ഡഡായി. പക്ഷേ മുസ്‌ലിമേതരനായ ബുദ്ധിജീവി കുഞ്ഞിരാമന്‍ നായരെ കുറിച്ച് എഴുതിയാല്‍ ഇങ്ങനെ ബ്രാന്‍ഡഡ് ആവുന്നില്ല.

ഉത്തര കേരളത്തിലെ മുസ്‌ലിം ജീവിതം വേണ്ടത്ര സാഹിത്യത്തില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ടോ?
ഉത്തര കേരളത്തിലെ മുസ്‌ലിം സാമൂഹിക ജീവിതം വേണ്ടത്ര ആവിഷ്‌കരിക്കപ്പെട്ടതായി തോന്നിയിട്ടില്ല. എം.എ റഹ്മാനും സുറാബും സുബൈദ നീലേശ്വരവും റഹീം കടവത്തും മറ്റും ഈ രംഗത്ത് നല്ല സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഏഴു ഭാഷകള്‍ നിലകൊള്ളുന്ന കാസര്‍കോട് എഴുത്തുകാര്‍ക്ക് ഒരു അക്ഷയ നിധി തന്നെ. പക്ഷേ വേണ്ടത്ര ഉപയോഗപ്പെടുത്തപ്പെട്ടിട്ടില്ല.

വളരെ ചെറുപ്പത്തില്‍ തന്നെ പ്രവാസ ജീവിതത്തിലേക്ക് പോകുന്ന ഉത്തരകേരളത്തിലെ ചെറുപ്പക്കാര്‍, പ്രത്യേകിച്ച് മുസ്‌ലിം ചെറുപ്പക്കാര്‍ - ഇത് അവിടത്തെ സാമൂഹിക സാംസ്‌കാരിക ജീവിതത്തെ എങ്ങനെ ബാധിക്കുന്നു?
നല്ല സര്‍ഗശേഷിയുള്ള  പല ചെറുപ്പക്കാര്‍ക്കും ഗള്‍ഫിലേക്കെത്തുമ്പോള്‍ അത് നിലനിര്‍ത്താനാവുന്നില്ല. മരുഭൂമിയുടെ ചൂട് ജീവിതത്തെ പൊള്ളിക്കുമ്പോള്‍ എഴുതിയവരും എഴുതാത്തവരുമുണ്ട്. പക്ഷേ അവരില്‍ പലരും നിറഞ്ഞ സമുദായ സ്‌നേഹമുള്ളവരായിത്തീരുന്നു. കാരുണ്യമെന്ന മൂല്യത്തെ കൊണ്ടാടുന്നവരായിത്തീരുന്നു. ആഴമുള്ള പ്രദേശം എന്നൊരര്‍ഥം ഗള്‍ഫ് എന്ന പദത്തിനുണ്ട്. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആഴമുള്ള മനസ്സുകളാണ് ഓരോ ഗള്‍ഫുകാരനും. ഗള്‍ഫ് അനുഭവങ്ങളില്‍ നിന്നാണ് മലയാളത്തിലെ മികച്ച ചില കൃതികളുണ്ടായതെന്നും നാം ഓര്‍ക്കണം.

മൂന്ന് പതിറ്റാണ്ട് കാലത്തെ അദ്ധ്യാപക ജീവിതം? ശിഷ്യ സമ്പത്ത്?
രോഗബാധിതമായ അവസാന വര്‍ഷത്തിലൊഴിച്ച് ബാക്കിവരുന്ന 28 വര്‍ഷക്കാലത്തെ അധ്യാപന ജീവിതം തീര്‍ത്തും സംതൃപ്തമായിരുന്നു. എന്റെ ജീവിത സാഫല്യം തന്നെ കോളേജില്‍ മലയാളം പഠിപ്പിക്കലായിരുന്നു. അത് സാധിച്ചു. അംബികാസുതന്‍ മാങ്ങാടിനെ പോലുള്ള ശിഷ്യന്മാരുണ്ട്.

തിരക്കുള്ളൊരു പ്രഭാഷകനായിരുന്നുവല്ലോ താങ്കള്‍?
ഏറ്റവും ഗംഭീരമായ വേദികളില്‍ എനിക്ക് ഇടം തന്നത് പ്രധാനമായും ജമാഅത്തെ ഇസ്‌ലാമി, എസ്.ഐ.ഒ തുടങ്ങിയ സംഘടനകളാണ്. ഫറോക്കിലെ എസ്.ഐ.ഒ സമ്മേളനവും ആലുവായിലെ  കോളേജ് വിദ്യാര്‍ഥികളുടെ 2 ദിവസത്തെ ക്യാമ്പും കോഴിക്കോട് ഹിറാ സെന്റര്‍ ഉദ്ഘാടന വേദിയും പ്രത്യേകം ഓര്‍മിക്കുന്നു. ഐ.എസ്.എമ്മിന്റെ വേദികളും മനസ്സിലുണ്ട്. കേരളാ ഇസ്‌ലാമിക് സെമിനാര്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി നടത്തിയ ഇന്റര്‍നാഷ്‌നല്‍ അറബിക് സെമിനാര്‍ ഇങ്ങനെ പലതിലും ഭാഗഭാക്കാകാന്‍ സാധിച്ചു.

പുതിയ തലമുറയോട് എന്താണ് പറയാനുള്ളത്?
ആത്മാര്‍ഥതയും അര്‍പ്പണ മനസ്ഥിതിയും ഉണ്ടെങ്കില്‍ ഏതു കാലവും നിങ്ങളെ കണ്ടെത്തും.
'ഞാനാഗതമായൊരു കാലത്തിന്‍ കവി
ചെവിയെനിക്കേകണ്ട ഭവല്‍ കാലം'
(അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം