Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 06

3046

1439 റജബ് 18

ഡിജിറ്റല്‍ ഇന്ത്യ (കഥ)

ഇ.എന്‍ നുജൂബ

ആ നവംബര്‍ മാസം പാതിയിലേറെയും പിന്നിട്ടുകഴിഞ്ഞിരുന്നു. അന്നും അലാറം തന്റെ കൃത്യനിഷ്ഠ മുടങ്ങാതെ തന്നെ നിര്‍വഹിച്ചു. സഫിയ പുതപ്പിനുള്ളില്‍നിന്നും കുതറിയെഴുന്നേറ്റു. ചുമരില്‍ തൂങ്ങിക്കിടന്ന ക്ലോക്കിലേക്ക് കണ്ണയച്ചപ്പോള്‍ അവളുടെ ഉറക്കം പമ്പ കടന്നു. നമസ്‌കാരവും പഠനവും കഴിഞ്ഞപ്പോഴേക്ക് സമയം 6 മണി കഴിഞ്ഞു. വാതില്‍ തുറന്നവള്‍ അടുക്കളയെന്ന വിസ്മയലോകത്തേക്കു കടന്നു. ചട്ടിയും കലവുമായി തന്റെ പതിവു കലാപരിപാടികള്‍ക്ക് തുടക്കമിട്ടു. ചൂടുകട്ടന് അടുപ്പില്‍ വെള്ളം വെച്ചപ്പോഴാണ് പഞ്ചസാരയുടെ കാര്യം ഓര്‍മവന്നത്. ഏതായാലും ഇന്നത്തേക്ക് കഷ്ടിച്ചുണ്ട്. ഉപ്പുമുതല്‍ കര്‍പ്പൂരം വരെയിട്ടു വെച്ച പാത്രങ്ങളെല്ലാം കാലിയായി തുടങ്ങി. ഒത്തിരി കടലയുള്ളതിനാല്‍ പുട്ടിന് കടലക്കറിയുണ്ടാക്കാം. പക്ഷേ, അടുത്ത ദിവസത്തെ ബ്രേക്ക് ഫാസ്റ്റിന്റെ കാര്യം ഉത്തരം കിട്ടാത്ത ചോദ്യമായി അവളില്‍ അവശേഷിച്ചു.

ഭര്‍ത്താവിനും കുട്ടികള്‍ക്കും ഉച്ചയൂണിന് കൊണ്ടുപോകാന്‍ ചോറും കറിയും ഒരുവിധം തട്ടിക്കൂട്ടുമ്പോഴാണ് അരിയുടെ പാത്രം അവള്‍ ശ്രദ്ധിച്ചത്. കഷ്ടിച്ച് രണ്ട് കിലോ ഉണ്ടാവും. ഇത് എത്ര ദിവസത്തേക്ക്? ഒരു പച്ചക്കായ ഇരിപ്പുള്ളതിനാല്‍ അടി തട്ടിയെടുത്ത പരിപ്പും കൂടി വിതറി കറിയും ഒപ്പിച്ചെടുത്തു.

'ഇക്കാ....... കറി നന്നായി ഇളക്കിയിട്ടു വേണം ഒഴിക്കാന്‍, വല്ല നിധിയും കിട്ടിയാലായി.' ചോറും കറിയും പാത്രത്തിലാക്കി ബാഗിലേക്ക് വെക്കുമ്പോള്‍ ഭര്‍ത്താവിനോടവള്‍ പറഞ്ഞു.

എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ വീട്ടിലൊരു യുദ്ധം കഴിഞ്ഞ പ്രതീതി. പുലര്‍ച്ചെ മുതല്‍ നിര്‍ത്താതെ ഓടിത്തളര്‍ന്ന കാലുകള്‍ക്ക് ഒത്തിരി വിശ്രമം നല്‍കി അവള്‍ ഉമ്മറത്തെ കസേരയിലിരുന്നു. ടീപോയിലിരുന്ന പത്രത്താളുകളിലേക്ക് കണ്ണൊന്നയച്ചു. നോട്ടസാധുവാക്കി രാജ്യത്തെ നട്ടം തിരിച്ച പ്രധാനമന്ത്രിയുടെ ഭാവി വാഗ്ദാനങ്ങളെക്കുറിച്ച വാര്‍ത്തകള്‍ അവളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്.

'അമ്മേ... വല്ലതും തരണേ....'

ശബ്ദം കേട്ടവള്‍ പത്രത്താളില്‍നിന്ന് കണ്ണുകളടര്‍ത്തിയെടുത്ത് മുറ്റത്തേക്ക് നോക്കി. ഒരു വൃദ്ധയായ യാചക. കൈ മുന്നോട്ട് നീട്ടി തലയൊന്നു ദയനീയമായി കുലുക്കി വല്ലതും തരാന്‍ ആംഗ്യത്തിലൂടെ വീണ്ടും ആവര്‍ത്തിച്ചു. അകത്ത് പണമായി ഒന്നുമില്ലാതിരുന്നിട്ടും വൃദ്ധയോടുള്ള സഹതാപം അവളെ അകത്തേക്ക് നയിച്ചു. ചോദിച്ചുവരുന്നവരെ വെറുതെ വിടരുതല്ലോ. ഇപ്പോഴത്തെ സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ചൊന്നും വലിയ പിടിപാടില്ലാതിരുന്നിട്ടാവാം, കഷ്ടപ്പെട്ട് തെരഞ്ഞുപിടിച്ച് കൊണ്ടുവന്ന രണ്ട് രൂപാ നാണയം വൃദ്ധക്കത്ര പിടിച്ചില്ല. എന്തൊക്കെയോ പിറുപിറുത്ത് ആ സ്ത്രീ നടന്നകന്നു.

സഫിയ തിരക്കിട്ട് വീട്ടുജോലിയില്‍ മുഴുകിയിരിക്കെയാണ് കോളിംഗ് ബെല്ലടിച്ചത്. വാതില്‍ പാതിതുറന്ന് പുറത്തേക്ക് നോക്കി.

'ഗുഡ്‌മോണിംഗ് മാഡം, ഞാന്‍ രാജേഷ്, എറണാകുളത്തുനിന്നു വരുന്നു. ഞങ്ങളുടെ കമ്പനിയുടെ ട്രെയ്‌നിംഗിന്റെ ഭാഗമായി ചില പ്രൊഡക്ട്‌സ് ഒന്ന് പരിചയപ്പെടുത്താന്‍ വന്നതാണ്. മാഡം ഒന്ന് നോക്കണം.'

'ഇപ്പോള്‍ വേണ്ട.'

'മാഡം, ജസ്റ്റ് നോക്കിയാല്‍ മതി. പുറത്തുനിന്ന് വാങ്ങുമ്പോള്‍ ഈ സാധനങ്ങള്‍ക്ക് ഇരട്ടി വില കൊടുക്കണം. ഞങ്ങളുടെ കമ്പനി ഓഫറായി പകുതി വിലയേ ഈടാക്കുന്നുള്ളൂ. മാഡം പ്ലീസ്....'

'വേണ്ട, പിന്നെ നോക്കാം.'

'മാഡം, ഇത്ര ക്വാളിറ്റിയുള്ള പ്രൊഡക്ട്‌സ് പുറത്തു കിട്ടില്ല അതുകൊണ്ടാ.... മാഡം പ്ലീസ്....'

അവന്‍ അവളോട് കെഞ്ചി.

'വേണ്ടെന്നേയ്.... ഇപ്പോള്‍ വേണ്ട.'

അവളുടെ മറുപടി കേട്ട് നിരാശനായി ആ ചെറുപ്പക്കാരന്‍ ഉമ്മറപ്പടിയില്‍ വെച്ച വലിയ ബാഗ് വാരിവലിച്ചു മുതുകിലേക്കിട്ടു തിരിഞ്ഞു നടന്നു. യാത്ര പറയുമ്പോള്‍ അവന്റെ മുഖത്തും സാമ്പത്തിക മാന്ദ്യത്തിന്റെ കറപിടിച്ച അടയാളങ്ങള്‍ തെളിഞ്ഞുനിന്നിരുന്നു.

പടിക്കല്‍ സ്‌കൂള്‍ ബസിലെ കുട്ടികളുടെ കലപില ശബ്ദം.

'ഉമ്മാ... എനിക്ക് സ്‌കൂളില്‍ നാനൂറ് മീറ്റര്‍ റെയ്‌സിന് ഫസ്റ്റ് പ്രൈസ് കിട്ടി. നാളെ മുതല്‍ ജില്ലാ മത്സരത്തിനുള്ള പ്രാക്ടീസ് തുടങ്ങുവാ. എനിക്കിന്ന് തന്നെ റണ്ണിംഗ് ഷൂ വേണം.'

ബസില്‍നിന്ന് ഇറങ്ങി കിതച്ചോടി വന്ന സച്ചുമോന്‍ പറഞ്ഞു.

'ഓ..... എന്റെ മോനേ.... ഈ മോദിയുടെ പുതിയ സാമ്പത്തിക നയം മൂലം പപ്പ ഇന്നുമുതല്‍ ചെലവു ചുരുക്കല്‍ പദ്ധതി നടപ്പിലാക്കിയത് നീയറിഞ്ഞില്ലേ... ഏതായാലും പപ്പക്കൊരു മിസ്‌കോളിട്.' സഫിയ പറഞ്ഞു നിര്‍ത്തി.

മിസ്‌കാള്‍ കണ്ട് പപ്പ തിരിച്ചുവിളിച്ചതും മിന്നുമോള്‍ ഫോണ്‍ ചാടിയെടുത്ത്, 'പപ്പാ എനിക്കൊരു 200 പേജിന്റെ നോട്ട് ബുക്കും വാട്ടര്‍ ബോട്ടിലും വേണം. നോട്ട് ബുക്ക് നാളെയും കൊണ്ടുവന്നില്ലേല്‍ കണക്ക് ടീച്ചര്‍ ക്ലാസിന് വെളിയില്‍ നിര്‍ത്തും.'

മൂന്നു കുട്ടികളും ഓരോരുത്തരായി അവരവരുടെ ആവശ്യങ്ങള്‍ പറഞ്ഞു തീര്‍ത്തു.

സഫിയ ഫോണ്‍ കുട്ടികളില്‍നിന്ന് വാങ്ങി:

'ഹലോ...'

'എടീ.... എന്റെ പോക്കറ്റ് കാലിയായി തുടങ്ങി. ഇന്നും ബാങ്കിന് മുന്നില്‍ മൂന്നു നാല് മണിക്കൂര്‍ നിന്നു കാല് കുഴഞ്ഞത് മിച്ചം. എന്റെ പൊന്നേ, വല്ല അത്യാവശ്യ സാധനങ്ങളുമുണ്ടെങ്കില്‍ മാത്രം പറ.' അയാള്‍ സഫിയയോട് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

'ഒന്നും വേണ്ടിക്കാ.... ഇത്തിരി പച്ചമുളക് മാത്രം കിട്ടിയാല്‍ മതി. തേങ്ങയിരിപ്പുണ്ടിവിടെ, നാളെ കഞ്ഞിയും ചമ്മന്തിയും കഴിച്ച് പശിയടക്കാം. ബാക്കി ദിവസത്തിന് നമുക്ക് വല്ല കുറുക്കു വഴിയും ആലോചിക്കാം.'

സഫിയ ഫോണ്‍ വെച്ച് അടുക്കളയിലേക്ക് നീങ്ങി. ഓഫീസിലെ നിന്നു തിരിയാന്‍ പറ്റാത്ത തിരക്കുകള്‍ തീര്‍ത്ത് വീട് ലക്ഷ്യമാക്കി നീങ്ങുമ്പോഴും നാളെയുടെ കാര്യങ്ങളെക്കുറിച്ച അങ്കലാപ്പ് അയാളെ പിടിവിടാതെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു.

ഉമ്മറക്കോലായില്‍ ഓരോന്നോര്‍ത്തിരുന്നപ്പോഴാണ് അയല്‍പക്കത്തെ രമണിയുടെ വീട്ടിലെ ടി.വി സ്‌ക്രീനില്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച ചൂടന്‍ ചര്‍ച്ചകള്‍ സഫിയ ശ്രദ്ധിച്ചത്. ചര്‍ച്ചയിലെ ഏതോ അപരിചിതമായ വാക്ക് കേട്ടിട്ടെന്നോണം രമണിയുടെ നാല് വയസ്സുള്ള വികൃതിപ്പയ്യന്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു:

'ഡിജിറ്റല്‍ ഇന്ത്യ.... ഡിജിറ്റല്‍ ഇന്ത്യാ....'

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (26-28)
എ.വൈ.ആര്‍