Prabodhanm Weekly

Pages

Search

2012 ജനുവരി 14

ഇസ്‌ലാമിക അക്കാദമിക് ആക്ടിവിസത്തിന്റെ കേരള പരിസരം

കെ.ടി ഹുസൈന്‍

ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്ത് അതിവിപുലമായ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രദേശമാണ് കേരളം. ഒരുപക്ഷേ,  ഇത്ര ചുരുങ്ങിയ ഒരു ഭൂപ്രദേശത്തിനകത്ത് മത വിദ്യാഭ്യാസം ലക്ഷ്യം വെച്ച് ഇത്രയധികം സ്ഥാപനങ്ങള്‍ ഉള്ള മറ്റൊരു ദേശം ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടാകുമോ എന്ന കാര്യം സംശയമാണ്. കേരളത്തിലെ ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്തെ ഈ ആക്ടിവിസം ഒരു സമകാലിക പ്രവണത മാത്രമല്ല. ഏകദേശം 14,15 നൂറ്റാണ്ട് മുതല്‍ ഇങ്ങോട്ടുള്ള മുസ്‌ലിം കേരളത്തിന്റെ ചരിത്രം പരിശോധിച്ചു നോക്കിയാല്‍ അതിലുടനീളം ഈ പ്രവണത നമുക്ക് ദര്‍ശിക്കാനാകും. പഴയകാലത്ത് ഇസ്‌ലാമിക വിദ്യാഭ്യാസ ആക്ടിവിസത്തിന്റെ ഒരേയൊരു കേന്ദ്രം പള്ളിദര്‍സുകള്‍ മാത്രമായിരുന്നുവെങ്കില്‍ വര്‍ത്തമാനകാലത്ത് പള്ളിദര്‍സുകളോടൊപ്പം ആധുനിക സ്വഭാവത്തിലുള്ള കലാലയങ്ങള്‍ കൂടിയുണ്ട് എന്ന വ്യത്യാസമേയുള്ളൂ.
ആധുനിക രീതിയിലുള്ള കലാലയങ്ങളിലേക്ക് മതപഠനം മാറുന്നതിന് മുമ്പ് മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന കേരളത്തിലെ ഓരോ ഗ്രാമത്തിലേയും പള്ളികളില്‍ മതപഠനത്തിനുള്ള ദര്‍സുകളുണ്ടായിരുന്നു. അറബിക്കോളേജുകളുടെ ആവിര്‍ഭാവത്തോടെ പള്ളിദര്‍സിന്റെ പഴയ ചലനാത്മകത നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അവ തീരെ കുറ്റിയറ്റുപോയി എന്ന് പറഞ്ഞുകൂടാ. നൂറും നൂറ്റമ്പതും വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിപുലമായ പള്ളിദര്‍സുകള്‍ ഇപ്പോഴും ചില കേന്ദ്രങ്ങളില്‍ നടന്നുവരുന്നുണ്ട്.
അറബിക്കോളേജുകളുടെ കാര്യത്തിലും കേരളം മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും മുമ്പിലാണ്. ഒന്നിലധികം അറബിക്കോളേജുകളുള്ള ഗ്രാമങ്ങള്‍ പോലും കേരളത്തിലുണ്ട്. സമീപകാലത്ത് പല അറബിക്കോളേജുകളും ജാമിഅകളായും മാറിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലുള്ള ഈ ആധിക്യത്തെയാണ് വിപുലമായ പ്രവര്‍ത്തനം എന്ന് തുടക്കത്തില്‍ സൂചിപ്പിച്ചത്. ഗണപരമായ ഈ മികവ് ഗുണത്തിലുണ്ടോ എന്ന കാര്യം നമുക്ക് പിന്നീട് പരിശോധിക്കാം.
ഏതായാലും ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്തെ ഗണപരമായ ഈ മികവിന് ചരിത്രപരവും സാമൂഹികവുമായ പല കാരണങ്ങളുമുണ്ട്. ചരിത്രപരമായ കാരണങ്ങളില്‍ പ്രധാനം കേരളം ഒരിക്കലും ഇസ്‌ലാമികമായ ഒരു സാമൂഹിക ക്രമത്തിന്റെ ഭാഗമായിരുന്നില്ല എന്നതാണ്. ഇന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും മുസ്‌ലിം ഭരണം നിലനിന്ന മധ്യകാലഘട്ടത്തില്‍ കേരളം ആ പരിധിക്ക് പുറത്തായിരുന്നു. രാഷ്ട്രീയ മേല്‍ക്കോയ്മയുടെ സ്വാഭാവിക ഫലമായ സാംസ്‌കാരിക പ്രബുദ്ധത കാരണം മുസ്‌ലിം ഭരണത്തിന്റെ സിരാകേന്ദ്രങ്ങളായിരുന്ന ദല്‍ഹി, മുള്‍ത്താന്‍, ഹൈദരാബാദ്, ലാഹോര്‍ തുടങ്ങിയ വന്‍ നഗരങ്ങളിലെല്ലാം മധ്യകാലഘട്ടത്തില്‍ ഉന്നതമായ കലാലയങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. രാഷ്ട്രീയമായും സാംസ്‌കാരികമായും മുസ്‌ലിം ഇന്ത്യയില്‍ നിന്ന് ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന കേരളത്തില്‍ അക്കാലത്ത് അത്തരത്തിലുള്ള ഉന്നതമായ കലാലയങ്ങള്‍ ഉണ്ടാവുക എന്നത് പല കാരണങ്ങളാല്‍ ഒട്ടും സാധ്യമായിരുന്നില്ല. രാഷ്ട്രീയ മേല്‍ക്കോയ്മയുടെ അഭാവം മൂലം ഇതര ഭാഗങ്ങളിലെ മുസ്‌ലിംകളുടെ സാംസ്‌കാരിക വളര്‍ച്ചയിലേക്ക് കേരള മുസ്‌ലിംകള്‍ക്ക് അക്കാലത്ത് എത്താന്‍ കഴിയാത്തത് മാത്രമായിരുന്നില്ല തടസ്സം. മറിച്ച് സാംസ്‌കാരിക വളര്‍ച്ച ഉണ്ടായാല്‍ പോലും ഭരണകൂടത്തിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ സഹായം കൂടാതെ അത്തരം ഉന്നതമായ കലാലയം കെട്ടിപ്പൊക്കുക എന്നത് അക്കാലത്ത് അസാധ്യമായിരുന്നു. ഭരണാധികാരികളും അവരുടെ കുടുംബാംഗങ്ങളും നിര്‍ലോഭമായി നല്‍കിയിരുന്ന വഖ്ഫുകളായിരുന്നു മുസ്‌ലിം ഭരണകാലത്ത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്. മധ്യകാലഘട്ടത്തില്‍ ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ ഇസ്‌ലാമിക വിദ്യാഭ്യാസം നഗരങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ ഗ്രാമങ്ങളുടെ മുക്കു മൂലകളിലെ പള്ളികളില്‍ വികേന്ദ്രീകരിക്കപ്പെട്ടതിന്റെ രാഷ്ട്രീയ, സാംസ്‌കാരിക കാരണങ്ങളെക്കുറിച്ചാണ് സൂചിപ്പിച്ചത്. കേരളത്തിലെ ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ ഇത്തരത്തിലുള്ള വികേന്ദ്രീകരണം വിദ്യാഭ്യാസത്തില്‍ ഗണപരമായി വര്‍ധനവുണ്ടാക്കുക സ്വാഭാവികമാണല്ലോ.
കൊളോണിയല്‍ കാലഘട്ടത്തിലും ഉത്തരേന്ത്യയില്‍ ദയൂബന്ദ് ദാറുല്‍ ഉലൂം, നദ്‌വത്തുല്‍ ഉലമ, മദ്‌റസത്തുല്‍ ഇസ്‌ലാഹ് തുടങ്ങിയ ഉന്നത മതകലാലയങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും കേരളത്തില്‍ സമാനമായ കലാലയങ്ങളൊന്നും ഉയര്‍ന്നുവരികയുണ്ടായില്ല. രാഷ്ട്രീയ മേല്‍ക്കോയ്മ നഷ്ടമുണ്ടാക്കിയ സ്വത്വപ്രതിസന്ധിയാണ് ഉത്തരേന്ത്യയില്‍ ഉന്നത കലാലയങ്ങള്‍ ഉയര്‍ന്നുവരാന്‍ നിമിത്തമായതെങ്കില്‍ കൊളോണിയല്‍ ഭരണം കേരള മുസ്‌ലിംകള്‍ക്ക് അത്തരം സ്വത്വപ്രതിസന്ധികളൊന്നും സൃഷ്ടിക്കാതിരുന്നതുകൊണ്ടാവണം ഉത്തരേന്ത്യക്ക് സമാനമായ ചലനം കേരളത്തില്‍ ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്ത് ഉണ്ടാവാതിരുന്നത്. ഏതായാലും കൊളോണിയല്‍ ഭരണകാലത്തും കേരളത്തില്‍ ഏറെക്കുറെ ഇസ്‌ലാമിക വിദ്യാഭ്യാസം പള്ളിദര്‍സുകളില്‍തന്നെയാണ് കേന്ദ്രീകരിക്കപ്പെട്ടത്.
സ്വാതന്ത്ര്യത്തിനു ശേഷമോ അതിനു തൊട്ടു മുമ്പോ മാത്രമാണ് ഉന്നത മതപഠനത്തിന് പള്ളിദര്‍സുകളില്‍നിന്ന് വേറിട്ട പാഠശാല എന്ന ആശയം കേരളത്തില്‍ ഉയര്‍ന്നുവന്നതും തദടിസ്ഥാനത്തിലുള്ള അറബിക്കോളേജുകള്‍ സ്ഥാപിതമായതും. കേരളത്തിലെ ഏറ്റവും പഴക്കമുള്ള അറബിക്കോളേജുകളായി അറിയപ്പെടുന്ന വാഴക്കാട് ദാറുല്‍ ഉലൂം, കാസര്‍കോട് ആലിയ അറബിക്കോളേജ്, റൗദത്തുല്‍ ഉലൂം തുടങ്ങിയവ സ്ഥാപിതമായത് 1940-നു ശേഷം മാത്രമാണ്. ശാന്തപുരം ഇസ്‌ലാമിയാ കോളേജും പട്ടിക്കാട് ജാമിഅ നൂരിയ്യയും സ്ഥാപിതമായതാവട്ടെ, സ്വാതന്ത്ര്യത്തിനു ശേഷം യഥാക്രമം 1950-കളിലും 1960-കളിലും മാത്രമാണ്. എന്നാല്‍ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ഇന്നും നിലനില്‍ക്കുന്ന ഉന്നത കലാലയങ്ങളെല്ലാം  പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ സ്ഥാപിതമായിട്ടുണ്ട്. കേരള മുസ്‌ലിംകളുടെ സാംസ്‌കാരിക പ്രബുദ്ധതയെക്കുറിച്ച് മേനി നടിക്കുമ്പോഴും മതപഠന രംഗത്തെ നിലവാരക്കുറവിനെക്കുറിച്ച് വേവലാതിപ്പെടുമ്പോഴും എത്രയോ ഹര്‍ഡില്‍സുകള്‍ക്ക് പിറകില്‍ നിന്നാണ് ഈ രംഗത്ത് നാം ഓട്ടം തുടങ്ങിയതെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ടെന്ന് ആനുഷംഗികമായി പറഞ്ഞുകൊള്ളട്ടെ.
ഏതായിരുന്നാലും  ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ രാജ്യവിഭജനത്തിന്റെ കെടുതികളും നോവുകളും ഒട്ടും പേറേണ്ടിവന്നില്ലാ എന്നതിനാലും  മലബാര്‍ സമരം നല്‍കിയ തിരിച്ചറിവുകളാലും സ്വാതന്ത്ര്യാനന്തരം മറ്റെല്ലാ രംഗത്തുമെന്ന പോലെ മതവിദ്യാഭ്യാസ രംഗത്തും വലിയൊരു ഉണര്‍വ് കേരള മുസ്‌ലിംകള്‍ക്കിടയിലുണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം വിവിധ മുസ്‌ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഉന്നത കലാലയങ്ങള്‍ ധാരാളമായി ഉയര്‍ന്നുവന്നത് ഈ ഉണര്‍വിന്റെ പ്രത്യക്ഷ സാക്ഷ്യങ്ങളാണ്. സംഘടനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മത്സരബുദ്ധി മതകലാലയങ്ങളുടെ എണ്ണത്തില്‍ പിന്നെയും വര്‍ധനവുണ്ടാക്കി. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ഒരു ഗ്രാമത്തില്‍ ഒന്നിലധികം അറബിക്കോളേജുകള്‍ ഉയര്‍ന്നുവന്നതിന്റെ സാഹചര്യം ഈ മത്സരബുദ്ധി തന്നെയാണ്.
എന്നാല്‍, കേരളത്തിലെല്ലാ കാലത്തും വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ എണ്ണത്തിലുണ്ടായ ഈ വളര്‍ച്ചയും തജ്ജന്യമായ വിദ്യാഭ്യാസ രംഗത്തെ ചലനാത്മകതയും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ഉയര്‍ത്തുകയല്ല മറിച്ച് തളര്‍ത്തുകയാണുണ്ടായതെന്നാണ് വിരോധാഭാസം. ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് കിടയറ്റ സംഭാവനകള്‍ സാധ്യമാവുന്ന തരത്തിലുള്ള സ്വതന്ത്രമായ അക്കാദമിക്ക് അന്തരീക്ഷം ഒരുകാലത്തും കേരളത്തിലുണ്ടായിട്ടില്ല. വര്‍ത്തമാനകാലത്താവട്ടെ ഈ അവസ്ഥ കൂടുതല്‍ ഗുരുതരമായി തുടരുകയാണ്. അതുകൊണ്ടുതന്നെ ലോകമറിയുന്ന ഇസ്‌ലാമിക പണ്ഡിതന്മാരുടെ നിരയില്‍ കേരളത്തിന്റെ സംഭാവന എത്രയുണ്ടെന്ന് ചോദിച്ചാല്‍, പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച ഒരേയൊരു സൈനുദ്ദീന്‍ മഖ്ദൂമിന്റെ പേര് പറയുന്നതോടു കൂടി അത് തീര്‍ന്നുപോവുകയാണ്. പ്രാദേശിക ഭാഷയുടെ പരിമിതിയോ അറബി ഭാഷയില്‍ ഗ്രന്ഥരചന നടത്തിയവര്‍ ഇവിടെ ഇല്ലാത്തതോ അല്ല ഈ അവസ്ഥക്ക് കാരണം. 'കേരളം അറബിഭാഷക്ക് നല്‍കിയ സംഭാവന' എന്ന ശീര്‍ഷകത്തില്‍ ഒന്നിലധികം പി.എച്ച്.ഡി തീസീസുകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട് എന്നറിയാം. അത്രത്തോളം അറബിയില്‍ ഗ്രന്ഥരചന നടത്തിയവര്‍ കേരളത്തിലുണ്ടായിട്ടുണ്ട് എന്നാണല്ലോ അത് വ്യക്തമാക്കുന്നത്. പക്ഷേ, അവയെല്ലാം പ്രാഥമികമായി ചില കര്‍മശാസ്ത്ര വിധികള്‍ പ്രതിപാദിക്കുന്ന ലഘുലേഖകളോ ഏതാനും സമരാഹ്വാനങ്ങളോ പദ്യശകലങ്ങളോ മാത്രമാണ്. അക്കാദമിക്ക് മികവ് മൗലിക സ്പര്‍ശമോ അവയിലൊന്നുമില്ല. പിന്നീടെങ്ങനെ അവ ലോകതലത്തില്‍ ശ്രദ്ധിക്കപ്പെടും. പ്രാദേശിക ഭാഷയില്‍ വിരചിതമായ ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ അവസ്ഥയും ഇതുതന്നെയാണ്. അവയൊട്ടുമുക്കാലും വിവര്‍ത്തനങ്ങളോ ഇതര ഭാഷകളിലെ മൂലകൃതികളെ ഉപജീവിച്ചെഴുതിയവയോ ആണ്. സി.എന്‍ അഹ്മദ് മൗലവിയുടെയും ടി. മുഹമ്മദിന്റെയും ചില പഠനങ്ങള്‍ മാത്രമാണ് ഇതിന് അപവാദം.
ഇത്തരത്തില്‍ ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ ഗുണപരമായ നിലവാരത്തകര്‍ച്ചക്ക് അടിസ്ഥാനമായതും നേരത്തെ സൂചിപ്പിച്ചതുപോലെ അതിന്റെ ഗണപരമായ വര്‍ധനവിന് അടിസ്ഥാനമായ ചരിത്രപരവും സാമൂഹികവുമായ കാരണങ്ങള്‍ തന്നെയാണ്. മധ്യകാലഘട്ടത്തില്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ നഗര കേന്ദ്രീകൃതമായി നിലനിന്ന ഉന്നത കലാലയങ്ങളിലെ അക്കാദമിക് അന്തരീക്ഷവും പഠനത്തിലെ ഗുണനിലവാരവും വികേന്ദ്രീകൃത സ്വഭാവത്തിലുള്ള കേരളത്തിലെ കൊച്ചു കൊച്ചു പള്ളിദര്‍സുകളില്‍ നിന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ലല്ലോ.
രാഷ്ട്രീയ നേതൃത്വം മുസ്‌ലിംകള്‍ക്കായിരുന്ന കാലത്ത് ബഹുമുഖമായ ഉത്തരവാദിത്വങ്ങളാണ് മതപണ്ഡിതന്മാര്‍ക്കും അവരെ വാര്‍ത്തെടുക്കുന്ന കേന്ദ്രങ്ങള്‍ക്കുമുണ്ടായിരുന്നത്. മതപരവും സാംസ്‌കാരികവുമായ നേതൃത്വം സ്വയംതന്നെ കൈയാളുന്നതോടൊപ്പം രാഷ്ട്രീയ നേതൃത്വത്തിന് ദിശാബോധം നല്‍കുക എന്ന ഉത്തരവാദിത്വം കൂടി അക്കാലത്തെ പണ്ഡിതന്മാര്‍ നിര്‍വഹിച്ചിരുന്നു. ഇന്ത്യ ഭരിച്ച ഏതാണ്ടെല്ലാം മുസ്‌ലിം സുല്‍ത്താന്മാര്‍ക്കും രാജാക്കന്മാര്‍ക്കും ഏതെങ്കിലും സൂഫിയുടെയോ പണ്ഡിതന്റെയോ ശിഷ്യത്വം ഉണ്ടായിരുന്നു. കൂടാതെ ഉയര്‍ന്ന പട്ടാള ഓഫീസര്‍മാരായും ഗവര്‍ണര്‍മാരായും പല പണ്ഡിതന്മാരും അക്കാലത്ത് സേവനമനുഷ്ഠിച്ചിരുന്നു. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഇപ്രകാരം ബഹുമുഖമായതിനാല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും അതിനനുസൃതമായി ഉയര്‍ന്നതാവുക സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, തത്ത്വശാസ്ത്രം, ചരിത്രം, രാഷ്ട്രമീമാംസ, യുദ്ധതന്ത്രം, സൈനിക സംഘാടനം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ഇസ്‌ലാമിക ലോകത്തെങ്ങും അറിയപ്പെട്ട മൗലിക രചനകള്‍ അറബി-പേര്‍ഷ്യന്‍ ഭാഷകളില്‍ അക്കാലത്ത് രചിക്കപ്പെടുകയുണ്ടായി.
അതേസമയം, മധ്യകാലഘട്ടത്തില്‍ കേരള മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയ നേതൃത്വമില്ലാത്തതിനാല്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും പരിമിതമായിരുന്നു. ബഹുജനങ്ങളുടെ ധാര്‍മികവും മതപരവുമായ സംസ്‌കരണം എന്നതു മാത്രമായിരുന്നു അന്ന് വിജ്ഞാനോല്‍പാദനത്തിന്റെ ലക്ഷ്യമായത്. വിജ്ഞാനോല്‍പാദനത്തിന്റെ ലക്ഷ്യത്തിലെ ഈ പരിമിതി തന്നെയാണ് അതിന്റെ ഗുണനിലവാരത്തെ കുറച്ച് കളഞ്ഞ പ്രധാന ഘടകം. മധ്യകാലഘട്ടത്തില്‍ വൈജ്ഞാനിക ലോകത്തിന് കേരളത്തില്‍നിന്ന് ലഭിച്ച എടുത്തു പറയാവുന്ന ഒരേയൊരു സംഭാവന എന്നു പറയാവുന്നത് പൊന്നാനിയിലെ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം കര്‍മശാസ്ത്രത്തിലും ചരിത്രത്തിലും രചിച്ച ഓരോ രചനകള്‍ മാത്രമാണ്. മഖ്ദൂം രചിച്ച ഫത്ഹുല്‍ മുഈന്‍ എന്ന കര്‍മശാസ്ത്ര ഗ്രന്ഥത്തിന്റെയും തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ചരിത്ര കൃതിയുടെയും പ്രാധാന്യം ഒട്ടും കുറച്ചുകാണാതെ തന്നെ പറയട്ടെ, അതേ കാലഘട്ടത്തില്‍ തദ്‌വിഷയകമായി ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ ഇറങ്ങിയ ഗ്രന്ഥങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അവയൊന്നുമല്ല. ദല്‍ഹി സുല്‍ത്താന്മാരുടെ ഭരണകാലത്ത് കര്‍മശാസ്ത്രത്തില്‍ പ്രസിദ്ധീകൃതമായ ഫത്താവാ താത്താര്‍ ഖാലിയ, മുകള്‍ ഭരണകാലത്ത് രചിക്കപ്പെട്ട ഫതാവാ ആലംഗീരിയ്യ എന്നീ കൃതികളുമായും ഫത്ഹുല്‍ മുഈനെയും അബുല്‍ ഖാസിം ഫിരിസ്തയുടെ ചരിത്ര ഗ്രന്ഥമായ താരീഖ് ഫിരിസ്തയോട് തുഹ്ഫത്തുല്‍ മുജാഹിദീനെയും താരമത്യം ചെയ്ത് പരിശോധിച്ചാല്‍ ഈ വ്യത്യാസം എളുപ്പത്തില്‍ മനസ്സിലാവും.
കൊളോണിയല്‍ ഭരണത്തിലാവട്ടെ ഇന്ത്യയില്‍ മതവിജ്ഞാനരംഗത്തുണ്ടായ വികാസവും നവോത്ഥാനവും ലോകത്തെ ഇസ്‌ലാമിക പണ്ഡിതന്മാരുടെ മുന്‍നിരയില്‍ ഇന്ത്യന്‍ പണ്ഡിതന്മാരെ പ്രതിഷ്ഠിക്കുകയുണ്ടായി. ശാ വലിയ്യുല്ലാഹ് ദഹ്‌ലവിയും ശിഷ്യന്മാരും ഖുര്‍ആന്‍, ഹദീസ്, തത്ത്വശാസ്ത്രം, രാഷ്ട്രമീമാംസ എന്നീ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍, ദയൂബന്ദ് പണ്ഡിതന്മാര്‍ കര്‍മശാസ്ത്രത്തിലും സൂഫിസത്തിലും ഹദീസിലും നടത്തിയ പഠനങ്ങള്‍, ഹമീദുദ്ദീന്‍ ഫറാഹിയും അദ്ദേഹത്തിന്റെ ഇസ്‌ലാഹി ശിഷ്യന്മാരും ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ നടത്തിയ വേറിട്ട അന്വേഷണങ്ങള്‍, അല്ലാമാ ശിബ്‌ലി നുഅ്മാനിയും അദ്ദേഹത്തിന്റെ നദ്‌വാ ശിഷ്യന്മാരും ചരിത്രം, സംസ്‌കാരം, അറബിഭാഷ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങള്‍, മൗലാനാ അബുല്‍ കലാം ആസാദും മൗലാനാ മൗദൂദിയും ഖുര്‍ആന്‍ പഠനത്തിലും ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയിലും വെട്ടിത്തെളിച്ച വ്യതിരിക്തമായ പാതകള്‍ തുടങ്ങിയവ ഇസ്‌ലാമിക വൈജ്ഞാനിക രംഗത്തെ അക്കാദമികമായ തികവിനെ പ്രകാശിപ്പിക്കുന്നതായിരുന്നു. അതിനാല്‍തന്നെ വിവിധ മണ്ഡലങ്ങളില്‍ സമൂഹത്തിന് ചലനാത്മകമായ നേതൃത്വം നല്‍കാന്‍ പര്യാപ്തമായ ഒരു വലിയ നേതൃനിര തന്നെ ഇത്തരം അക്കാദമിക് പ്രവര്‍ത്തനത്തിലൂടെ സൃഷ്ടിക്കപ്പെടുകയുണ്ടായി.
ഈ കാലഘട്ടത്തിലും കേരളത്തില്‍ നടന്നത് പരിമിതമായ ലക്ഷ്യങ്ങളോടുകൂടിയ പള്ളിദര്‍സുകള്‍ കേന്ദ്രീകരിച്ച മതപഠനവും ചെറിയ കുട്ടികളുടെ പ്രാഥമിക മതപഠനം കാര്യക്ഷമമാക്കുന്നതിനുള്ള ചില മദ്‌റസാ നവീകരണ സംരംഭങ്ങളും മാത്രമായിരുന്നു. മക്തി തങ്ങളുടെയും വക്കം മൗലവിയുടെയും പരിഷ്‌കരണ സംരംഭങ്ങള്‍ക്കും അക്കാദമിക് സ്വഭാവം കുറവായിരുന്നു. അവരുടെ പരിഷ്‌കരണ ചിന്തകള്‍ക്കും സംരംഭങ്ങള്‍ക്കും അക്കാദമിക് വികാസം നല്‍കുന്നതിന് ഉന്നത കലാലയങ്ങള്‍ അക്കാലത്ത് കേരളത്തില്‍ ഉണ്ടായിരുന്നുമില്ല.
സ്വാതന്ത്ര്യാനന്തരം വിവിധ മുസ്‌ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ അറബിക്കോളേജുകളും ജാമിഅകളും ധാരാളമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തെങ്കിലും ഈ അവസ്ഥക്ക് മാറ്റമുണ്ടാവുകയും ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്ത് സ്വതന്ത്രമായ പഠനവും ഗവേഷണവും സാധ്യമാകുന്ന തരത്തിലുള്ള അക്കാദമിക് അന്തരീക്ഷം വളര്‍ന്നുവരികയും ചെയ്യേണ്ടതായിരുന്നു. പക്ഷേ, അതുണ്ടായില്ലെന്നു മാത്രമല്ല, ഗുണനിലവാരം പിന്നെയും താഴോട്ട് പോവുകയാണുണ്ടായത്. സിലബസിന്റെ കാര്യത്തില്‍ കാലോചിതമായ പരിഷ്‌കരണങ്ങള്‍ ഇല്ലാത്തതു മാത്രമല്ല ഈ അവസ്ഥക്ക് കാരണം. സ്ഥാപനം നടത്തുന്നവരുടെ കാഴ്ചപ്പാടിന്റെ പരിമിതി കൂടിയാണ്. സംഘടനാപരമായി അപ്പപ്പോള്‍ നേരിടുന്ന ആവശ്യങ്ങളെ നിവര്‍ത്തിക്കുക എന്ന പരിമിതമായ ലക്ഷ്യം മാത്രമേ സംഘടനകള്‍ നടത്തുന്ന പല സ്ഥാപനങ്ങള്‍ക്കുമുള്ളൂ. പള്ളികളില്‍ ഖുത്വ്ബ നടത്തുന്ന ഖത്വീബുമാരെയും മദ്‌റസകളില്‍ പഠിപ്പിക്കുന്ന മുഅല്ലിമുകളെയും മതപരമായ സംവാദങ്ങളെ കോഴിപ്പോരിന്റെ നിലവാരത്തിലേക്ക് താഴ്ത്തുന്ന മതപ്രഭാഷകരെയും സൃഷ്ടിക്കുക എന്ന പരിമിതമായ ലക്ഷ്യമേ പല സ്ഥാപനങ്ങള്‍ക്കുമുള്ളൂ. ഇക്കാര്യത്തില്‍ സ്ഥാപനങ്ങള്‍ വിജയിക്കുന്നില്ലാ എന്നു പറഞ്ഞുകൂടാ. കാരണം, കേരളത്തിലെ ഏതാണ്ടെല്ലാ പള്ളികളിലും ഇന്ന് ഖുത്വ്ബ നടത്തുന്നതും മതപരമായ സംവാദങ്ങള്‍ക്ക് ചൂട് പകരുന്നതും സംഘടനകള്‍ക്ക് വിവിധ തലങ്ങളില്‍ നേതൃത്വം നല്‍കുന്നതുമെല്ലാം സ്വാതന്ത്ര്യാനന്തരം വിവിധ മതസംഘടനകളുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന കലാലയങ്ങളുടെ പ്രൊഡക്ടുകള്‍ തന്നെയാണ്. സങ്കുചിതമായ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കപ്പുറം ഇസ്‌ലാമിന്റെ വിശാലമായ താല്‍പര്യം ലക്ഷ്യമായി നിര്‍ണയിക്കാത്തതും ലക്ഷ്യങ്ങള്‍ ഉണ്ടായാല്‍ പോലും തദടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര  ദിശാബോധം ഇല്ലാത്തതുമാണ് കേരളത്തിലെ ഒരു കലലായത്തിലും നടേ സൂചിപ്പിച്ച തരത്തിലുള്ള അക്കാദമിക് അന്തരീക്ഷം രൂപപ്പെട്ടുവരാതിരിക്കാന്‍ കാരണം.
സിലബസില്‍ കാലോചിതമായ മാറ്റം വേണമെന്ന കാര്യം ഇന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്. തദടിസ്ഥാനത്തില്‍ പല നടപടികളും ഈ രംഗത്ത് പരീക്ഷിക്കപ്പെടുന്നുമുണ്ട്. പക്ഷേ, സിലബസ് പരിഷ്‌കരണത്തില്‍ പലപ്പോഴും നാം മാതൃകയാക്കുന്നത് ഗള്‍ഫ് നാടുകളിലെ സര്‍വ കലാശാലകളിലെ സിലബസാണ് എന്നത് ഒരു പ്രശ്‌നം തന്നെയാണ്. കാരണം, ഗള്‍ഫ് നാടുകളിലെ സര്‍വകലാശാലകളില്‍ സ്വതന്ത്രമായ പഠനത്തിനും ഗവേഷണത്തിനും പല പരിമിതികളുമുണ്ട്. ഇത്തരം പരിമിതികളില്‍ നിന്ന് രൂപപ്പെടുന്ന സിലബസിന് എന്ത് വിപ്ലവാത്മകതയാണ് അവകാശപ്പെടാനാവുക. സിലബസിന്റെ കാര്യത്തില്‍ നാം ഇന്ത്യക്ക് വെളിയിലേക്ക് നോക്കുന്നതിന്റെ മറ്റൊരു പോരായ്മ നാം ജീവിക്കുന്ന മണ്ണിന്റെ ചരിത്രവും സംസ്‌കാരവും നമ്മുടെ സിലബസില്‍ പൂര്‍ണമായും അവഗണിക്കപ്പെടുന്നുവെന്നതാണ്. ഉമവി, അബ്ബാസി ഭരണകൂടങ്ങളുടെ ചരിത്രം വിശദമായി പഠിക്കുന്ന വിദ്യാര്‍ഥിക്ക് സ്വന്തം നാടിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് ഒന്നുമറിയില്ലെന്ന് വന്നാല്‍ കഷ്ടമല്ലേ.
ഗവേഷണത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തില്‍ നിലപാടുകളും കാഴ്ചപ്പാടുകളും രൂപപ്പെടുത്തേണ്ട പല വിഷയങ്ങളും നാം അഭിമുഖീകരിക്കുന്നുണ്ട്. ബഹുസ്വരത, സഹവര്‍ത്തിത്വം, സാംസ്‌കാരിക വ്യക്തിത്വത്തിന്റെ പരിരക്ഷണം, രാഷ്ട്രീയ ചിന്ത, സ്ത്രീകളുടെ പദവി തുടങ്ങിയവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. ബഹുസ്വരതയുമായി ബന്ധപ്പെട്ട് പുതുതായി രൂപപ്പെട്ടുവന്ന ന്യൂനപക്ഷ ഫിഖ്ഹിനെ കുറിച്ച ചര്‍ച്ചകള്‍ കേരളത്തിലും നടക്കുന്നുണ്ട്. പക്ഷേ, അതിന്റെ ഒരു പ്രധാന പരിമിതി '60കളിലെയോ '70കളിലെയോ കുടിയേറ്റത്തില്‍ രൂപപ്പെട്ട, നാടിന്റെ ചരിത്രത്തിലോ സംസ്‌കാരത്തിലോ പറയത്തക്ക വേരുകളൊന്നുമില്ലാത്ത യൂറോപ്യന്‍ മുസ്‌ലിംകളെ സംബോധന ചെയ്യുന്ന ന്യൂനപക്ഷ ഫിഖ്ഹ് അതേ സ്വഭാവത്തിലും തരംഗ ദൈര്‍ഘ്യത്തിലും തന്നെ ഇവിടെയും ചര്‍ച്ച ചെയ്യുന്നുവെന്നതാണ്. ഈ നാടിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും ആഴത്തില്‍ വേരുകളുള്ള, സഹവര്‍ത്തിത്വത്തിലൂടെ സ്വന്തമായ ഒരു സംസ്‌കാരം തന്നെ വളര്‍ത്തിയെടുത്ത കേരളത്തിലെയും ഇന്ത്യയിലെയും മുസ്‌ലിംകളും യൂറോപ്പിലെ മേല്‍ സൂചിപ്പിച്ച തരത്തിലുള്ള കുടിയേറ്റ മുസ്‌ലിംകളും തമ്മില്‍ ഒരു താരതമ്യവുമില്ല. സാംസ്‌കാരികമായ നിര്‍ബന്ധിത സാഹചര്യം മൂലം യൂറോപ്യന്‍ മുസ്‌ലിംകള്‍ക്കുള്ള ഇളവുകളും ആനുകൂല്യങ്ങളും അത്തരം നിര്‍ബന്ധിത സാഹചര്യങ്ങളൊന്നുമില്ലാത്ത ഇവിടെയും ബാധകമാക്കുന്നതില്‍ വലിയ പന്തികേടുണ്ട്. അതിനാല്‍ സ്വന്തമായ ചരിത്രവും സംസ്‌കാരവും ഉള്ള, രാഷ്ട്രീയ സ്വയം നിര്‍ണയാവകാശവും തുല്യ പൗരത്വവും അനുഭവിക്കുന്ന ഇന്ത്യയിലേയും കേരളത്തിലെയും മുസ്‌ലിംകള്‍ക്ക് ബാധകമാകുന്ന ഫിഖ്ഹ് ഇപ്പോഴുള്ള ന്യൂനപക്ഷ ഫിഖ്ഹിനേക്കാള്‍ വിശാലമായ ചട്ടകൂടില്‍ രൂപപ്പെടേണ്ടതുണ്ട്. ഇത്തരം പഠനങ്ങളും ഗവേഷണങ്ങളും നമ്മുടെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കണമെങ്കില്‍ നമ്മുടെ കാഴ്ചപ്പാടും കുറെകൂടി വിശാലമായേ തീരൂ.
അതേസമയം ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി പോലുള്ള ഉന്നത കലാലയങ്ങളിലും സമാനമായ മറ്റു കലാലയങ്ങളിലും പഠനം കഴിഞ്ഞ് ഉപരിപഠനത്തിനും ഗവേഷണത്തിനുമായി ദല്‍ഹിയിലെയും അലീഗഢിലെയും മലേഷ്യയിലെയും ഉന്നത കലാലയങ്ങളില്‍ എത്തിപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ സംഘടനാ പക്ഷപാതിത്വം അധികമൊന്നും തീണ്ടാത്ത തരത്തിലുള്ള ഇസ്‌ലാമിക അക്കാദമിക് ബോധം പതിയെ വളര്‍ന്നുവരുന്നുണ്ടെന്നത് ആശാവഹമായ ശുഭസൂചനയാണ്. ഈ ബോധത്തില്‍ നിന്ന് ഉത്ഭൂതമാവുന്ന അക്കാദമിക്ക് ആക്ടിവിസത്തെ ഫലപ്രദമായി കോഡിനേറ്റ് ചെയ്യാനും വികസിപ്പിക്കാനും സംഘടനാ താല്‍പര്യങ്ങള്‍ക്ക് അതീതമായി അനൗപചാരിക തലത്തില്‍ എന്തെങ്കിലും സംവിധാനങ്ങള്‍ ഉണ്ടാകുന്നത് ഈ രംഗത്ത് വളരെയധികം പ്രയോജനം ചെയ്യും. എസ്.ഐ.ഒവിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇസ്‌ലാമിക് അക്കാദമിക് കോണ്‍ഫറന്‍സ് അത്തരം സംരംഭത്തിലേക്കുള്ള ഒരു ചെറിയ തുടക്കമാവാട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം