Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 06

3046

1439 റജബ് 18

എപ്പോഴും ഓര്‍മ വേണം; ജീവിതം ഇത്രയേയുള്ളൂ...

അബ്ദുല്‍ ഹകീം നദ്‌വി

സന്തോഷവും സൗഭാഗ്യവും നിറഞ്ഞ ജീവിതം ഏതൊരാളും മനസ്സില്‍ താലോലിക്കുന്ന സ്വപ്‌നമാണ്. ഇതിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയാണല്ലോ ഈ നെട്ടോട്ടമത്രയും. എന്നാല്‍ എന്താണ് സൗഭാഗ്യവും സന്തോഷവും? അത് ലഭിക്കാനുള്ള മാര്‍ഗമെന്താണ്? മനുഷ്യനെ എക്കാലത്തും അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങളാണിതെല്ലാം.

സമ്പത്ത്, അധികാരം, അറിവ് ഇതൊക്കെയാണ് സന്തോഷ സൗഭാഗ്യങ്ങളുടെ മാനദണ്ഡമായി നാം കണക്കാക്കിവരുന്നത്. സുഖം തേടി പണത്തിന് പിന്നാലെ പോയി സുഖം നഷ്ടപ്പെട്ടവര്‍ നമുക്കിടയില്‍ ധാരാളമു്. അധികാര സിംഹാസനങ്ങള്‍ കൈപ്പിടിയിലൊതുക്കി ലോകത്തെ അടക്കിഭരിച്ച പലരും ജീവിതത്തില്‍ സ്വസ്ഥതയുള്ളവരായിരുന്നില്ല. അറിവ് നേടി പ്രശസ്തിയുടെ കൊടുമുടി കയറിയ പലരും ജീവിതത്തില്‍ നിരാശരായിരുന്നു.  

ലോകത്തെ വിറപ്പിച്ച ഭരണാധികാരികളിലൊരാളായ അഡോള്‍ഫ് ഹിറ്റ്‌ലറും കാമുകി ഈവാ ബ്രൗണും ബര്‍ലിനിലെ സുരക്ഷാ അറയില്‍ സയനൈഡ് കഴിച്ചതിനു ശേഷം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. ഹിറ്റ്‌ലറുടെ മരണവാര്‍ത്തയറിഞ്ഞയുടനെ പിറ്റേദിവസം അദ്ദേഹത്തിന്റെ വിശ്വസ്തനായ ഗീബല്‍സും ഭാര്യ മാള്‍ഡയും ആത്മഹത്യ ചെയ്തു. ലോകപ്രശസ്ത കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനും ഗണിതശാസ്ത്ര വിദഗ്ധനും തത്ത്വചിന്തകനുമായിരുന്ന അലന്‍ തോറിംഗ് 1954-ല്‍ വിഷം ചേര്‍ത്ത ആപ്പിള്‍ കഴിച്ച് ജീവനൊടുക്കുകയായിരുന്നു. നെല്‍സണ്‍ ബങ്കര്‍ എന്ന അമേരിക്കക്കാരന്‍ 1970-ലെ ലോകസമ്പന്നരില്‍ ഒന്നാമനായിരുന്നു. എഴുപതുകളില്‍ അദ്ദേഹത്തിന്റെ ആസ്തി 1600 കോടി ഡോളര്‍, 80 ലക്ഷം ഏക്കര്‍ എണ്ണപ്പാടങ്ങള്‍, 1000 പന്തയക്കുതിരകള്‍. എന്നാല്‍ 2014 ഒക്‌ടോബര്‍ 14-ന് മരണപ്പെടുമ്പോള്‍ അദ്ദേഹം പരമദരിദ്രനായിരുന്നു. മാത്രമല്ല, മരണം ഒരു വൃദ്ധസദനത്തിലുമായിരുന്നു.

വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ പ്രസിദ്ധമായ ചെറുകഥയാണ് How Much Land Does a Man Need? കടക്കെണിയിലകപ്പെട്ട ഒരു ദരിദ്രന്റെ കഥയാണിത്. പഹാം എന്നാണയാളുടെ പേര്. ഒരു വലിയ ഭൂവുടമ തന്റെ കുറേ ഭൂമി വിചിത്രമായ ഉപാധിയോടെ വില്‍പനക്കു വെച്ചിരിക്കുകയാണ്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ എത്രമാത്രം ഒരാള്‍ നടന്നുതീര്‍ക്കുന്നുവോ അത്രയും ഭൂമി ഓരോരുത്തര്‍ക്കും സ്വന്തമാക്കാം. വില ആയിരം റൂബ്ള്‍ മാത്രം. സൂര്യാസ്തമയത്തിനു മുമ്പ് നടന്ന് തുടങ്ങിയ സ്ഥലത്ത് തന്നെ തിരിച്ചെത്തണം എന്ന വ്യവസ്ഥ കൂടിയുണ്ട്. ഭൂമി വില്‍പനയുടെ വിവരമറിഞ്ഞെത്തിയ പഹാമിന് ഈ വ്യവസ്ഥ വളരെയധികം ഇഷ്ടപ്പെട്ടു. കിട്ടാന്‍ പോകുന്ന ഭൂമിയെക്കുറിച്ചാലോചിച്ച് അയാള്‍ തുള്ളിച്ചാടി. വലിയ വീട്, പട്ടണത്തിലെ വലിയ സ്‌കൂളില്‍ പഠിക്കുന്ന മക്കള്‍, വിലപിടിപ്പുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമണിഞ്ഞ ഭാര്യ, വിലകൂടിയ വാഹനത്തില്‍ സഞ്ചരിക്കുന്ന താന്‍..... അങ്ങനെ നിറമുള്ള ഒരു പാട് സ്വപ്‌നങ്ങളുമായി അയാള്‍ നടത്തം തുടങ്ങി. പതുക്കെ നടന്നാല്‍ കുറച്ച് സ്ഥലം മാത്രമേ കിട്ടുകയുള്ളൂ. അതുകൊണ്ട് നടത്തത്തിന്റെ വേഗത അയാളറിയാതെ തന്നെ കൂടിക്കൊണ്ടിരുന്നു. പിന്നീട് ഓട്ടമായി. കുറേ കഴിഞ്ഞപ്പോള്‍ പഹാമിന് വിശപ്പും ദാഹവും തുടങ്ങി. വിശപ്പും ദാഹവും സഹിച്ചാലെന്ത്, ഇനിയുള്ള നാളുകള്‍ സുഭിക്ഷതയുടേത് മാത്രമാണല്ലോ. വിശപ്പും ദാഹവും കൂടിവരുമ്പോള്‍ അയാള്‍ അങ്ങനെയാണ് ആലോചിച്ചത്. കിട്ടാന്‍ പോകുന്ന ഭൂമി മാത്രമാണ് മനസ്സില്‍. അയാള്‍ തളരുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ ഓടിക്കൊണ്ടിരുന്നു. അസ്തമയത്തിനു മുമ്പ് തിരിച്ചെത്തേണ്ടതുകൊണ്ട് വന്ന വേഗതയില്‍ തന്നെ തിരിച്ചു നടക്കാ

നും തുടങ്ങി. പക്ഷേ അധികം ഓടാന്‍ കഴിയുന്നില്ല. ഓട്ടം നടത്തമായി. പിന്നെ നടപ്പിന്റെ വേഗതയും കുറഞ്ഞു. തളര്‍ന്നുവീണു. വീണിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും കഴിയുന്നില്ല. പിന്നെ ഇഴയാന്‍ തുടങ്ങി. അവസാനം പഹാം ഒരടി നീങ്ങാന്‍ കഴിയാതെ തളര്‍ന്ന് അവശനായി അവിടെ കിടന്ന് മരിച്ചു. മരിച്ച് കിടക്കുന്ന പഹാമിനെ നോക്കി കാര്യസ്ഥന്‍ ഭൂവുടമയോട് പറഞ്ഞു; അയാള്‍ക്ക് കിട്ടിയത് ആറടി മണ്ണുമാത്രം.

ശാന്തമായ ജീവിതം പട്ടുമെത്തയില്‍നിന്നും ചാരുമഞ്ചങ്ങളില്‍നിന്നും ലഭിക്കുകയില്ല. കൊട്ടാരസമാനമായ മണിമാളികകള്‍ സമാധാനത്തിന്റെ ഉറവിടവുമാകില്ല. സുഭിക്ഷമായ ഭക്ഷണ വിഭവങ്ങള്‍ മനസ്സിന്റെ വികാരവിക്ഷോഭങ്ങളെ അടക്കിനിര്‍ത്തില്ല. സ്ഥാനമാനങ്ങളും പദവികളും സ്വസ്ഥത നിറഞ്ഞ ജീവിതം സമ്മാനിക്കുകയില്ല. വിവരമുണ്ടായതുകൊണ്ടു മാത്രം ജീവിതം സന്തോഷകരമാവുകയുമില്ല.

 

സംതൃപ്തി നിറഞ്ഞ ജീവിതം

സംതൃപ്ത ജീവിതത്തിന്റെ വഴിയന്വേഷിക്കുന്നവര്‍ ഉത്തരം കണ്ടെത്തേണ്ട ചില ചോദ്യങ്ങളുണ്ട്. താന്‍ ആരാണ്, എന്താണ് ജീവിതം, എങ്ങനെ ജീവിക്കണം, ജീവിതം എന്തിനു വേണ്ടിയുള്ളതാണ്, ജീവിതത്തിനു ശേഷം എന്ത്? ഈ മൗലിക ചോദ്യങ്ങള്‍ക്ക് വ്യക്തതയുള്ള ഉത്തരം കണ്ടെത്തിയാല്‍ മാത്രമാണ് ജീവിതം അര്‍ഥപൂര്‍ണമാവുക, അത് സന്തോഷവും സൗഭാഗ്യവും നിറഞ്ഞതാവുക.

ആരാണ് മനുഷ്യന്‍? ഏറെ പഴക്കമുള്ള ചോദ്യമാണിത്. ഈ ചോദ്യത്തിന് പലരും പലവിധ ഉത്തരങ്ങള്‍ നല്‍കിയിട്ടുണ്ട്. പദാര്‍ഥത്തിന്റെ പരിണാമചക്രം അനുസ്യൂതം കറങ്ങിയപ്പോള്‍ ഉരുത്തിരിഞ്ഞ സങ്കീര്‍ണ ഘടനയുള്ള ഒരു സംയുക്തമാണ് മനുഷ്യനെന്നാണ് ഭൗതികവാദികള്‍ കണ്ടെത്തിയ ഉത്തരം. പത്ത് ഗാലന്‍ ജലവും ഏഴ് ബാര്‍ സോപ്പുകള്‍ക്കാവശ്യമായ കൊഴുപ്പും ഒന്‍പതിനായിരം പെന്‍സിലുകള്‍ക്കുള്ളിലെ കാര്‍ബണും രണ്ടായിരത്തി ഇരുനൂറ് തീപ്പെട്ടിക്കോലിലുള്ള ഫോസ്ഫറസും സാമാന്യം വലിയ ഒരു ആണിയിലെ ഇരുമ്പും ഒരു കോഴിക്കൂട് വെള്ളയടിക്കാനാവശ്യമായ ചുണ്ണാമ്പും കുറച്ച് സള്‍ഫറും മെഗ്‌നീഷ്യവും ശരിയായ അനുപാതത്തില്‍ കൂട്ടിക്കുഴച്ചാല്‍ മനുഷ്യശരീരമായി- ഒരു രസതന്ത്രജ്ഞന്റെ വീക്ഷണത്തിലെ മനുഷ്യന്‍ ഇത്ര മാത്രമാണ്. ആരാണ് മനുഷ്യന്‍ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ശ്രമിച്ച ഭൗതികദര്‍ശനങ്ങളൊക്കെയും പരാജയപ്പെടുകയാണ് ചെയ്തത്. കാരണം കേവല ഭൗതികതയുടെ അളവുകോലുകള്‍ മാത്രമുപയോഗിച്ച് മനുഷ്യനെ നിര്‍വചിക്കാനും രൂപപ്പെടുത്താനുമാണ് അവയെല്ലാം ശ്രമിച്ചത്.

മനുഷ്യന്‍ ആരാണ് എന്ന ചോദ്യത്തിന് സത്യസന്ധമായ ഉത്തരം നല്‍കാന്‍ ശാസ്ത്രത്തിന് സാധ്യമല്ല. പദാര്‍ഥ പ്രപഞ്ചമാണ് ശാസ്ത്രത്തിന്റെ മേഖല. ഇന്ദ്രിയങ്ങള്‍ നല്‍കുന്ന അറിവാണ് അതിന്റെ അസംസ്‌കൃത വസ്തു. ഈ അറിവ് അപഗ്രഥിച്ചാണ് ശാസ്ത്രീയമായ നിഗമനങ്ങളും സങ്കല്‍പങ്ങളും സിദ്ധാന്തങ്ങളുമെല്ലാം ഉരുത്തിരിയുന്നത്. ഇന്ദ്രിയങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത, ധിഷണയെ മാത്രമുപയോഗിച്ച് അപഗ്രഥിക്കാനാവാത്ത ഒരു അസ്തിത്വം മനുഷ്യനുണ്ട്. അതാണ് മനുഷ്യനെ മറ്റു ജീവികളില്‍നിന്ന് വ്യതിരിക്തനാക്കുന്നത്. നാഗരികതകള്‍ സൃഷ്ടിക്കാന്‍ അവനെ പ്രാ

പ്തനാക്കുന്നതും ഈ അസ്തിത്വമാണ്. നന്മയിലൂടെ മുന്നേറാനും തിന്മയിലൂടെ അധഃപതിക്കാനും മനുഷ്യന് മാത്രമേ കഴിയൂ. ഈ കഴിവാണ് അവന്റെ വ്യതിരിക്തത. അഥവാ, മനുഷ്യന്‍ മറ്റു ജീവികളെ പോലെ ശരീരവും ജീവനും മാത്രമല്ല, ആത്മാവ് എന്ന ഭൗതികശാസ്ത്രത്തിന്റെ പരിമിതമായ അറിവുകള്‍ക്കപ്പുറമുള്ള ഒന്നുകൂടി ചേര്‍ന്നതാണ്. 'അങ്ങനെ ഞാനവനെ രൂപപ്പെടുത്തുകയും എന്റെ ആത്മാവില്‍നിന്ന് അവനിലൂതുകയും ചെയ്താല്‍ നിങ്ങളെല്ലാവരും അവന് സാഷ്ടാംഗം ചെയ്യുന്നവരായിത്തീരണം' (അല്‍ ഹിജ്ര്‍ 29) എന്ന് അല്ലാഹു പറയുന്നത് ഈ ആത്മാവിനെ സംബന്ധിച്ചാണ്.

ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധി എന്നതാണ് മനുഷ്യന്റെ സവിശേഷമായ സ്ഥാനം. ദൈവത്തിന്റെ പകരക്കാരന്‍ എന്ന അര്‍ഥത്തിലല്ല ഇത്. മറിച്ച് ദൈവത്തിന്റെ ധാര്‍മിക നിയമങ്ങളും വിധിവിലക്കുകളും പാലിച്ച് അവന് ഹിതകരമായ ദിശയില്‍ ജീവിതം നയിക്കുന്നവന്‍ എന്ന നിലക്കാണ്. മനുഷ്യന് അവന്റെ ജീവിതത്തില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സാധിക്കുന്നതും അല്ലാത്തതുമായ രണ്ട് മേഖലകളുണ്ട്. തന്റെ നാടും വീടും ദേശവും ഭാഷയും കാലവും രൂപവും ലിംഗവുമൊന്നും തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് തെരഞ്ഞെടുക്കാന്‍ കഴിയുന്നവയല്ല. എന്നാല്‍ ശരീരാവയവങ്ങള്‍ കൊണ്ട് എന്ത് ചെയ്യണം, ചെയ്യാതിരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്. തെരഞ്ഞെടുപ്പു സ്വാതന്ത്ര്യമുള്ള സകല കാര്യങ്ങളിലും ദൈവത്തെ പരമമായ മാനദണ്ഡമാക്കി ദൈവഹിതത്തിനനുസരിച്ച് ജീവിതം നയിക്കുന്നവന്‍ എന്നതാണ് ദൈവിക പ്രാതിനിധ്യം കൊണ്ട് അര്‍ഥമാക്കുന്നത്.

ഭൂമിയില്‍ ദൈവത്തിന്റെ പ്രാതിനിധ്യം വഹിക്കാന്‍ ആവശ്യമായ ശാരീരികവും മാനസികവും ബുദ്ധിപരവുമായ യോഗ്യതകളും കഴിവുകളും മനുഷ്യന് ദൈവം നല്‍കിയിട്ടുണ്ട്. മനുഷ്യന് സവിശേഷമായി നല്‍കിയ കഴിവുകളുടെയും  ഗുണങ്ങളുടെയും ലക്ഷ്യം തന്നെ ഭൂമിയില്‍ ദൈവത്തിന്റെ പ്രാതിനിധ്യം നിര്‍വഹിക്കുക എന്നതാണ്. കരുണ, സ്‌നേഹം, പരക്ഷേമ തല്‍പരത, വിനയം, നീതി, സൃഷ്ടിപരത, യുക്തിഭദ്രത, നന്മ തുടങ്ങി അനേകം സവിശേഷമായ ദൈവിക ഗുണങ്ങള്‍ ഭൂമിയില്‍ മനുഷ്യന്‍ സാക്ഷാത്കരിക്കണം. മനുഷ്യനെ വിശിഷ്ടമായ ഘടനയില്‍ സൃഷ്ടിച്ചുവെന്നും (ഖുര്‍ആന്‍ 95:4) അവന് കണ്ണും നാക്കും ചുണ്ടും നല്‍കിയെന്നും നന്മ തിന്മകളുടേതായ രണ്ടു പാതകള്‍ കാണിച്ചുകൊടുത്തുവെന്നും (90:8-10) ശ്രവണ-ദര്‍ശന ശേഷിയും ചിന്താ ശേഷിയും നല്‍കിയെന്നും (67:24) പേന കൊണ്ട് എഴുതാന്‍ പഠിപ്പിച്ചുവെന്നും (96:45) ദൈവം ഓര്‍മിപ്പിക്കുന്നു.

മനുഷ്യജീവിതം നന്മതിന്മകള്‍ തമ്മിലെ സംഘട്ടനങ്ങളുടേതാണ്. നന്മ ദൈവികമാണെങ്കില്‍ തിന്മ പൈശാചികമാണ്. മനുഷ്യന്റെ ഇഛകളെയും മോഹങ്ങളെയും സ്വാതന്ത്ര്യബോധത്തെയും പ്രലോഭിപ്പിച്ചും സ്വാധീനിച്ചുമാണ് പിശാച് തിന്മയിലേക്ക് വഴിനടത്തുന്നതും നന്മയുടെ വഴിയില്‍നിന്ന് അകറ്റുന്നതും. പ്രവാചകന്മാരും വേദങ്ങളും മനീഷികളും ആചാര്യന്മാരും മനുഷ്യന്റെ ധര്‍മപ്രകൃതിയെ ഉത്തേജിപ്പിക്കാനും പരിപോഷിപ്പിക്കാനും ശ്രമിക്കുമ്പോള്‍ പൈശാചിക ശക്തികള്‍ മനുഷ്യപ്രകൃതിക്കിണങ്ങാത്ത അധര്‍മ പാതയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. അഥവാ ശരീരമല്ല, ആത്മാവാണ് നന്മതിന്മകളുടെ പ്രഭവകേന്ദ്രം. ധര്‍മവും അധര്‍മവും മനുഷ്യന് ബോധനം നല്‍കിയിരിക്കുന്നു. ''ആത്മാവും അതിനെ ക്രമപ്പെടുത്തിയതും സാക്ഷി. അങ്ങനെ ആത്മാവിന് ധര്‍മത്തെയും അധര്‍മത്തെയും സംബന്ധിച്ച ബോധം നല്‍കി. തീര്‍ച്ചയായും ആത്മാവിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു. അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു'' (ഖുര്‍ആന്‍: 91: 8-10).

ഭൗതിക ജീവിതം പരീക്ഷണമാണ്. ജീവിതമെന്ന പരീക്ഷയില്‍ വിജയം നേടലാണ് ഭൗതിക ജീവിതത്തിന്റെ ലക്ഷ്യമാകേണ്ടത്. സ്വന്തം അഭിലാഷങ്ങളും താല്‍പര്യങ്ങളും മാറ്റിവെക്കേണ്ടിവന്നാലും ജീവിത മൂല്യങ്ങളും ധര്‍മവും ഉയര്‍ത്തിപ്പിടിക്കുന്നവനാണ് ഈ പരീക്ഷയില്‍ വിജയിക്കുന്നവന്‍. ഇങ്ങനെ വിജയിക്കുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലവും അംഗീകാരവും ഇവിടെ വെച്ച് ലഭ്യമായില്ലെങ്കിലും മരണാനന്തര ലോകത്ത് തക്കതായ പ്രതിഫലവും അംഗീകാരവും ലഭിക്കുമെന്നതാണ് ദൈവിക നീതിയുടെ പാഠങ്ങള്‍. ഭൂമിയില്‍ ഓരോരുത്തരും പരിശുദ്ധമായ പ്രകൃതത്തോടെയാണ് ജനിക്കുന്നത്. അതിനാല്‍ ഓരോരുത്തരുടെയും ജീവിതത്തിന് അവരവര്‍ ഉത്തരവാദികളാണ്. മറ്റു പലരുടെയും പാപഭാരം തലയിലേറ്റിയാണ് ഭൂമിയിലേക്ക് ഏതൊരാളും പിറന്നുവീഴുന്നതെന്ന സങ്കല്‍പം ദൈവികനീതിക്ക് നിരക്കാത്തതാണ്. ആദിപിതാവ് ആദം ദൈവിക കല്‍പനകള്‍ മറന്ന് നിലവിട്ട് പ്രവര്‍ത്തിച്ചു. എന്നാല്‍ പിഴവ് ബോധ്യപ്പെട്ട നിമിഷം പശ്ചാത്തപിച്ച ആദമിന് ദൈവം പൊറുത്തുകൊടുക്കുകയാണുണ്ടായത്. ആരും ആരുടെയും പാപഭാരം വഹിക്കേണ്ടതില്ല. താന്‍ ചെയ്ത കര്‍മങ്ങള്‍ക്കേ ഒരാള്‍ മറുപടി പറയേണ്ടതുള്ളൂ.

 

ജീവിതം വിഡ്ഢിക്കഥയല്ല

ശബ്ദവും ക്രോധവും നിറഞ്ഞ നിരര്‍ഥകമായ വിഡ്ഢിക്കഥയാണ് ജീവിതം (Life is a tale told by an idiot, full of sound and fury, signifying nothing‑)  എന്ന് ഷെക്‌സ്പിയര്‍ കഥാപാത്രം മാക്ബത്ത് വിലപിക്കുന്നതുപോലെ, കേവല വിഡ്ഢിക്കഥയല്ല ജീവിതം. മനുഷ്യന്‍ വൃഥാ സൃഷ്ടിക്കപ്പെട്ടവനുമല്ല. തിന്നും കുടിച്ചും രമിച്ചും ആസ്വദിച്ചും പാഴാക്കിക്കളയേണ്ടതുമല്ല ജീവിതം. ജീവിതം ബാധ്യതകളുടെയും അവകാശങ്ങളുടെയും കൊടുക്കലുകളുടെയും വാങ്ങലുകളുടെയും ദുഃഖങ്ങളുടെയും സുഖങ്ങളുടെയും മിശ്രണമാണ്. സ്വന്തം കടമകള്‍ നിര്‍വഹിച്ചിട്ടുണ്ടെന്ന ബോധ്യത്തോടെ ജീവിക്കാന്‍ കഴിയുക അപാരമായ സംതൃപ്തി നല്‍കുന്നതാണ്. സ്വന്തം സുഖങ്ങള്‍ മാറ്റിവെച്ചും അപരന്റെ സന്തോഷത്തിനു വേണ്ടി ത്യാഗമനുഷ്ഠിക്കാന്‍ കഴിയുന്നവന്റെ ജീവിത സുഖം ഒന്ന് വേറെ തന്നെയായിരിക്കും. ചുരുക്കത്തില്‍ ജീവിതം അറിഞ്ഞനുഭവിക്കേണ്ട മനോഹരമായ അനുഭൂതിയാണ്. അങ്ങനെ ജീവിക്കുന്നവര്‍ക്ക് മരണം പോലും ആസ്വാദ്യകരമായ അനുഭവമായി മാറും. ദൈവദത്തമായ സിദ്ധാന്തങ്ങള്‍ക്കും ആശയങ്ങള്‍ക്കും മാത്രമാണ് ജീവിതത്തെ സൗന്ദര്യമുള്ളതാക്കി മാറ്റാന്‍ സാധിക്കുക. ജീവിതം മഹത്തരമാണ്. അതിനാല്‍ ജീവന്‍ ഏറെ വിലപ്പെട്ടതും അമൂല്യവുമാണ്.

 

ഒരു ജീവിത വ്യവസ്ഥ അനിവാര്യം

സംതൃപ്തവും മൂല്യാധിഷ്ഠിതവുമായ ജീവിതം നയിക്കാന്‍ ഒരു ജീവിത വ്യവസ്ഥ മനുഷ്യന് അനിവാര്യമാണ്. അവന്റെ ജീവിതത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും ചില ചിട്ടകളും വ്യവസ്ഥകളുമാവശ്യമാണ്. അവന്‍ എങ്ങനെ ജീവിക്കണമെന്നതിന് വ്യക്തമായ മാര്‍ഗദര്‍ശനം ലഭിക്കണം. മറ്റു ജീവികളെപ്പോലെ സ്വതന്ത്രമായ വിഹാരത്തിന് അവനെ വിട്ടാല്‍ സര്‍വത്ര നാശവും കുഴപ്പവുമായിരിക്കും ഫലം. ഈ ജീവിത വ്യവസ്ഥ ആവിഷ്‌കരിക്കേണ്ടത് ആരാണ്? ഓരോരുത്തരും തങ്ങളുടെ ഇഷ്ടപ്രകാരം സദാചാര നിയമങ്ങളും സാമൂഹിക വ്യവസ്ഥകളും മൂല്യ സങ്കല്‍പങ്ങളും രൂപപ്പെടുത്തിയാല്‍ മനുഷ്യ സമൂഹത്തിന്റെ നിലനില്‍പു തന്നെ അപകടപ്പെടാന്‍ അത് മതിയാകും. മനുഷ്യന്റെ നിലനില്‍പിനാവശ്യമായ നിയമങ്ങള്‍ മനുഷ്യര്‍ തന്നെ നിര്‍മിച്ചാല്‍ മനുഷ്യസഹജമായ എല്ലാ ദൗര്‍ബല്യങ്ങളും മുഴച്ചുനില്‍ക്കുക സ്വാഭാവികമാണ്. അപ്പോള്‍ മനുഷ്യനല്ലാത്ത, മനുഷ്യന്റെ സ്വഭാവങ്ങളെക്കുറിച്ച് ശരിക്കറിയാവുന്ന ഒരു നിയമവിദഗ്ധനായിരിക്കണം അവന്നാവശ്യമായ നിയമങ്ങള്‍ ആവിഷ്‌കരിക്കുന്നത്. അത്തരം നിയമങ്ങള്‍ക്കല്ലാതെ സാര്‍വകാലികത്വം അവകാശപ്പെടാന്‍ കഴിയില്ല. ഇവിടെയാണ് ദൈവിക മാര്‍ഗ ദര്‍ശനത്തിന്റെ പ്രസക്തി നമുക്ക് ബോധ്യമാകുന്നത്.  

മനുഷ്യനെയും അവന്‍ ജീവിക്കുന്ന പ്രപഞ്ചത്തെയും സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ശക്തിയേതോ, ആ ശക്തിക്ക് മാത്രമേ മനുഷ്യന്‍ എങ്ങനെ ജീവിക്കണം, ജീവിക്കരുത് എന്ന് തീരുമാനിക്കാന്‍ അവകാശമുള്ളൂ. അവനു മാത്രമേ നിയമനിര്‍മാണത്തിന്റെ പരമാധികാരമുള്ളൂ. അല്ലാഹു പറയുന്നു; ''നിങ്ങളുടെ നാഥന്‍ അല്ലാഹു മാത്രമാകുന്നു. ആറു നാളുകളിലായി വാനഭുവനങ്ങള്‍ സൃഷ്ടിച്ചവന്‍. അനന്തരം അവന്‍ തന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനായി. അവന്‍ രാവിനെ പകലിന്മേല്‍ പൊതിയുന്നു. പകലോ, രാവിനെ തേടി കുതിക്കുന്നു. അവന്‍ സൂര്യചന്ദ്രന്മാരെയും താരകങ്ങളെയും സൃഷ്ടിച്ചു. ഒക്കെയും അവന്റെ ആജ്ഞാനുവര്‍ത്തികളാകുന്നു. അറിയുക! അവന്ന് മാത്രമുള്ളതാകുന്നു സൃഷ്ടി. അവന്ന് മാത്രമുള്ളതാകുന്നു ശാസനാധികാരവും. സര്‍വ ലോകങ്ങളുടെയും നാഥനും പരിപാലകനുമായ അല്ലാഹു അത്യധികം അനുഗ്രഹമുടയവനത്രെ'' (അല്‍അഅ്‌റാഫ് 54).

ദൈവിക ഏകതയിലും മാനവിക ഏകതയിലും അധിഷ്ടിതമാണ് ദൈവിക ജീവിത വ്യവസ്ഥ. ആരാധനാനുഷ്ഠാനങ്ങള്‍, ആചാരക്രമങ്ങള്‍, സ്വഭാവമര്യാദകള്‍, പെരുമാറ്റ സമ്പ്രദായങ്ങള്‍, കുടുംബ- സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക-ധാര്‍മിക- രാഷ്ട്രീയ-ഭരണ വ്യവസ്ഥകള്‍ തുടങ്ങി മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവിക ജീവിത വ്യവസ്ഥ പ്രകാശം പരത്തുന്നു. സമാധാനപൂര്‍ണമായ ജീവിതം, ഭൗതികമായി നഷ്ടങ്ങള്‍ സംഭവിക്കുമ്പോഴും പരീക്ഷണങ്ങള്‍ക്ക് വിധേയമാകുമ്പോഴും ക്ഷമിക്കാന്‍ കഴിയുന്ന മനസ്സ്, ജീവിതവിശുദ്ധി, ഭദ്രമായ കുടുംബം, സാമൂഹിക നീതി, മൗലികാവകാശങ്ങളുടെ സംരക്ഷണം, ക്ഷേമരാഷ്ട്രം, പ്രശാന്തസുന്ദരമായ ലോകം ഇങ്ങനെ നീണ്ടുപോകുന്നു ദൈവിക ജീവിത വ്യവസ്ഥയുടെ ഭൗതിക ലോകത്തെ സദ്ഫലങ്ങള്‍.

 

ജീവിതം ക്ഷണികമാണ്, മരണം യാഥാര്‍ഥ്യവും

'മനുഷ്യന് ഒരു ആമുഖം' എന്ന സുഭാഷ് ചന്ദ്രന്റെ നോവലില്‍ ജീവിതത്തെ ലളിതമായ ഉപമയിലൂടെ വിശദീകരിക്കുന്നു. പറമ്പില്‍ മണ്ണ് പുതച്ച് കിടന്ന ഒരു കരിഞ്ഞ പൂത്തിരി ഗോവിന്ദന്‍ മാഷ് (നോവലിലെ അമ്മാവന്‍) കുനിഞ്ഞെടുത്ത്, പോയ രാത്രിയുടെ ഇരുട്ടില്‍ പ്രകാശം വിതറിയ അതിലെ മണ്ണ് ഊതിക്കൊണ്ട് അദ്ദേഹം അത് ജിതിന്റെ (കേന്ദ്ര കഥാപാത്രം) കൈയില്‍ കൊടുത്തുകൊണ്ട് പറഞ്ഞു; 'എപ്പോഴും ഓര്‍മ വേണം, ജീവിതം ഇത്രയേയുള്ളൂ.' ചുട്ടുപഴുത്ത ഇരുമ്പില്‍ പതിക്കുന്ന  ജലകണങ്ങള്‍ പോലെ ക്ഷണികമാണ് ജീവിതമെന്ന് മഹാഭാരതം പറയുന്നുണ്ട്. 'മനുഷ്യന്‍ ഒരു പിടി മണ്ണു മാത്രമാണെന്നും അവന്റെ ദിവസങ്ങള്‍ പുല്ലുപോലെയും വയലിലെ പുഷ്പം പോലെയുമാണെന്നും ഒരു ചുടുകാറ്റ് അടിച്ചുവീശിയാല്‍ അവന്‍ ഉണങ്ങിപ്പോകുമെന്നും മനസ്സിലാക്കിയാവണം നാം ജീവിക്കേണ്ടത്' (സങ്കീ: 103:15-16) എന്ന് ബൈബിളും ഓര്‍മപ്പെടുത്തുന്നു. ഭൗതിക ജീവിതവും അതിലെ വിഭവങ്ങളും അതിനിസ്സാരമാണെന്ന് ഖുര്‍ആന്‍ (4:77). നാടുവിട്ടിറങ്ങിയ പരദേശിയുടേതു പോലെയോ യാത്രക്കിടയില്‍ വിശ്രമത്തിനായി സത്രത്തില്‍ തങ്ങിയ വഴിയാത്രക്കാരന്റേതു പോലെയോ ആണ് ജീവിതമെന്ന് മുഹമ്മദ് നബി(സ)യും പറയുന്നുണ്ട്.

ജീവിതം പോലെ യാഥാര്‍ഥ്യമാണ് മരണവും. എം.ടിയുടെ 'മഞ്ഞ്' എന്ന നോവലില്‍ മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് പറയുന്നുണ്ട്. സത്യത്തില്‍ മരണം കോമാളിവേഷം കെട്ടിയിട്ടേയില്ല. ആരെയും മരണം ചിരിപ്പിച്ചിട്ടുമില്ല. മരണത്തിന്റെ അപ്രതീക്ഷിത വരവിനെ കുറിക്കാനാണ് എം.ടി ഇത്തരം ഒരു പ്രയോഗം നടത്തിയത്. എല്ലാ ശരീരവും മരണത്തിന്റെ രുചിയറിയുന്നു എന്നാണ് വിശുദ്ധ ഖുര്‍ആന്‍ മരണത്തെ പറ്റി പറയുന്നത്. രുചി മധുരവും കയ്പ്പും ചവര്‍പ്പുമൊക്കെയായിരിക്കും. ചിലര്‍ക്ക് മരണം മധുരമൂറുന്നതായിരിക്കും. ചിലര്‍ക്ക് കയ്‌പ്പേറിയതായിരിക്കും. മറ്റു ചിലര്‍ക്ക് ചവര്‍പ്പായിരിക്കും. ജീവിതം എങ്ങനെയായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് മരണത്തിന്റെയും രുചിഭേദങ്ങള്‍.

മരണം ജീവിതത്തിന്റെ അന്ത്യമല്ല, മറ്റൊരു ജീവിതത്തിന്റെ തുടക്കമാണെന്ന് ഖുര്‍ആന്‍. പരലോകത്തേക്ക് തുറന്നുവെച്ച കവാടമാണ് മരണം. ഇഹലോകവാസം വെടിയുക എന്നത് മരണത്തിന്റെ ഏറ്റവും നല്ല പര്യായപദമാകുന്നത് അതുകൊണ്ടാണ്. മരണത്തിന് ഉച്ചനീചത്വമില്ല, വലുപ്പച്ചെറുപ്പമില്ല, ലിംഗവ്യത്യാസമില്ല. മരണത്തിന് മുമ്പില്‍ എല്ലാവരും സമന്മാരാണ്. അന്തരിച്ചു, സമാധിയായി, കാലം ചെയ്തു, തീപ്പെട്ടു എന്നിങ്ങനെ എന്തു പറഞ്ഞാലും മരണത്തിനു മുമ്പില്‍ എല്ലാവരും തുല്യര്‍. എല്ലാ പത്രങ്ങള്‍ക്കും ചരമത്തിനു മാത്രം നീക്കിവെച്ച ഒരു പേജുണ്ടായിരിക്കും. തൊണ്ണൂറാം വയസ്സില്‍ മരിക്കുന്ന വൃദ്ധന്റെ ചിത്രവും ഇരുപത് വയസ്സില്‍ പൊലിഞ്ഞുപോയ സുന്ദരനായ ചെറുപ്പക്കാരന്റെ ചിത്രവും ഒരേ പേജില്‍ കാണുമ്പോള്‍ മരണത്തിന് വയസ്സും നാളും നാടുമൊന്നും പ്രശ്‌നമല്ലെന്ന് അത് നമ്മെ ഓര്‍മപ്പെടുത്തുകയാണ്. 

ജീവിതം എന്ന്, എവിടെ, എങ്ങനെ അവസാനിക്കുമെന്ന ചോദ്യങ്ങളുടെ മുമ്പില്‍ എത്ര വലിയ ശക്തരും നിസ്സഹായരാണ്. ലോകം കണ്ട ഏറ്റവും ധിക്കാരിയായ ഭരണാധികാരി ഫറോവയുടെ മരണസമയത്തുള്ള നിസ്സഹായത വിശുദ്ധ ഖുര്‍ആന്‍ വരച്ചുകാണിക്കുന്നുണ്ട്. ചെങ്കടലില്‍ മുങ്ങിത്താഴുന്ന ഫറോവ ഇപ്രകാരം നിലവിളിച്ചു; ഇസ്‌റയേല്‍ വംശം വിശ്വസിച്ച അല്ലാഹുവല്ലാതെ വേറെ ദൈവമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ദൈവത്തെ അനുസരിക്കുന്നവരില്‍ പെട്ടവനാണ്....... ഇന്ന് നിന്റെ ജഡത്തെ മാത്രം രക്ഷപ്പെടുത്തും. പിന്‍തലമുറകള്‍ക്ക് ഒരു ദൃഷ്ടാന്തമാകേണ്ടതിന്.... (യൂനുസ് 90-92).

വിശുദ്ധ ഖുര്‍ആന്‍ മരണത്തിന് മുമ്പിലെ മനുഷ്യന്റെ നിസ്സഹായത വളരെ മനോഹരമായി വര്‍ണിക്കുന്നത് ഇപ്രകാരമാണ്; ''എത്രെയെത്ര ആരാമങ്ങളും അരുവികളുമാണ് അവര്‍ വിട്ടേച്ചുപോയത്! കൃഷിയിടങ്ങളും മാന്യമായ മണിമേടകളും! അവര്‍ ആനന്ദത്തോടെ അനുഭവിച്ചുപോന്ന എന്തെല്ലാം സൗഭാഗ്യങ്ങള്‍! അങ്ങനെയായിരുന്നു അവയുടെ ഒടുക്കം. അതൊക്കെയും നാം മറ്റൊരു ജനതക്ക് അവകാശപ്പെടുത്തിക്കൊടുത്തു. അപ്പോള്‍ അവര്‍ക്കു വേണ്ടി ആകാശമോ ഭൂമിയോ കണ്ണീര്‍ വാര്‍ത്തില്ല. അവര്‍ക്കൊട്ടും അവസരം നല്‍കിയതുമില്ല'' (ഖുര്‍ആന്‍ 44:25-29).

 

മരണശേഷം എന്ത്?

മരണാനന്തരം ഒരു ജീവിതമുണ്ട് എന്നതിന് എന്താണ് തെളിവ്? ഈ ലോകത്ത് കൈയെത്തിച്ചാല്‍ കിട്ടുന്ന സുഖസൗകര്യങ്ങള്‍ വെടിഞ്ഞ് മരണാനന്തര ജീവിതത്തിലെ നന്മക്കുവേണ്ടി പരിശ്രമിക്കുന്നത് അവസാനം വൃഥാവിലാകുമോ? പരലോകത്ത് പോയി ആരുംതന്നെ മടങ്ങിവന്നിട്ടില്ലെന്നതിനാല്‍ മരണാനന്തര ജീവിതത്തില്‍ പ്രതീക്ഷകളര്‍പ്പിക്കുന്നത് വ്യര്‍ഥമാകുമോ? ഇത്തരം ചോദ്യങ്ങള്‍ സ്വാഭാവികമാണ്. മരണാനന്തര ജീവിതത്തെക്കുറിച്ച പഠനത്തിന് പദാര്‍ഥത്തെയും അതിന്റെ സ്വഭാവങ്ങളെയും കുറിച്ച പഠനത്തിന് നാം ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍ തീരെ അനുയോജ്യമല്ല. മരണത്തെപ്പോലും നിര്‍വചിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത ശാസ്ത്രീയ നിരീക്ഷണ രീതികളുപയോഗിച്ച് മരണാനന്തര ജീവിതത്തെ നാം മനസ്സിലാക്കുന്നതെങ്ങനെ? ഈ പ്രപഞ്ചത്തെക്കുറിച്ച് പഠിക്കാന്‍ രൂപകല്‍പന ചെയ്തിട്ടുള്ള ശാസ്ത്രസിദ്ധാന്തങ്ങളുപയോഗിച്ച് പ്രപഞ്ചാതീതമായ ഒരു കാര്യത്തെയും മനസ്സിലാക്കാന്‍ കഴിയില്ലെന്ന് സാമാന്യ ബുദ്ധിതന്നെ സമ്മതിക്കുന്നു. അപ്പോള്‍ പിന്നെ മരണാനന്തര ജീവിതത്തിന്റെ സത്യത നമുക്കെങ്ങനെ ബോധ്യപ്പെടും?

സ്വന്തം ജീവിതലക്ഷ്യം അന്വേഷിച്ചു

കൊണ്ടിരിക്കുന്ന മനുഷ്യരോട് പ്രസ്തുത ലക്ഷ്യം കൃത്യമായി പറഞ്ഞുകൊടുത്തവരായിരുന്നു പ്രവാചകന്മാര്‍. മരണാനന്തര ജീവിതത്തെ കുറിച്ച്  അവര്‍ പറഞ്ഞത് ദൈവിക ബോധനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. സര്‍വേശ്വരനാല്‍ നിയോഗിക്കപ്പെട്ടവരാണ് തങ്ങളെന്ന് വ്യക്തമാക്കുന്ന തെളിവുകളുമായാണ് അവര്‍ സമൂഹത്തിനു മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. സത്യസന്ധരായ പ്രവാചകന്മാരുടെ ജീവിത വിശുദ്ധിയില്‍നിന്നും അവരിലൂടെ പ്രത്യക്ഷപ്പെട്ട ദൈവിക ദൃഷ്ടാന്തങ്ങളില്‍നിന്നും അവര്‍ പറയുന്ന കാര്യങ്ങള്‍ ദൈവിക ബോധനത്തിന്റെ അടിസ്ഥാനത്തില്‍  തന്നെയായിരുന്നുവെന്ന് ഉറപ്പായിരുന്നു. മരണാനന്തര ജീവിതത്തെ കുറിച്ച് അതിന്റെ സംവിധായകന്‍ നമ്മെ അറിയിക്കാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പ്രവാചകന്മാരിലൂടെ വെളിപ്പെടുത്തുകയായിരുന്നുവെന്ന് സാരം. 

മരണത്തിനു ശേഷമുള്ള ജീവിതം മനുഷ്യബുദ്ധിയുടെ സ്വാഭാവികമായ തേട്ടങ്ങളിലൊന്നാണ്. ബുദ്ധിപരവും ധാര്‍മികവുമായ അനിവാര്യതയാണ്. ചരിത്രാതീത കാലം മുതല്‍ക്കു തന്നെ മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം നിലനിന്നിരുന്നുവെന്നാണ് ഉല്‍ഖനന ഗവേഷണങ്ങള്‍ കാണിക്കുന്നത്. മരണത്തോടു കൂടി അവസാനിക്കുന്നതാണ് മനുഷ്യജീവിതമെങ്കില്‍  നന്മ, സത്യം, പരോപകാരം, സേവനം തുടങ്ങിയവക്കൊന്നും യാതൊരു വിലയുമില്ലെന്നു വരുന്നു. തിന്മകളും അക്രമങ്ങളും ചെയ്ത് മനുഷ്യജീവിതം ദുസ്സഹമാക്കിയവരായിരുന്നു ശരി എന്നും വരുന്നു. അതുകൊണ്ടുതന്നെ മരണാനന്തരം ഒരു ജീവിതമുണ്ടായിരിക്കണം. ഈ ജീവിതത്തില്‍ ചെയ്ത നന്മകള്‍ക്ക്  തക്കതായ പ്രതിഫലവും തിന്മകള്‍ക്ക് തത്തുല്യമായ ശിക്ഷയും നല്‍കാന്‍ സാധിക്കുന്ന രീതിയില്‍ സംവിധാനിക്കപ്പെട്ട ഒരു ജീവിതം. ആ ജീവിതമില്ലെങ്കില്‍ മനുഷ്യനെന്ന ഉത്കൃഷ്ട സൃഷ്ടിയുടെ അസ്തിത്വത്തിന് യാതൊരു വിലയുമില്ല. പ്രസ്തുത ജീവിതത്തില്‍ വെച്ച്  ആഗ്രഹങ്ങള്‍ മുഴുവന്‍ സഫലീകൃതമാവണം. അതിനു തക്കവിധത്തില്‍ അനശ്വരമായിരിക്കണം മരണാനന്തര ജീവിതം.  

തിന്മ ചെയ്യുന്ന വ്യക്തികളില്‍ പലരും ഇഹലോകത്ത് സുഖസൗകര്യങ്ങളനുഭവിക്കുന്നതായും നന്മ ചെയ്യുന്നവരില്‍ പലരും കഷ്ടപ്പെടുന്നതായും നാം കാണുന്നു. നന്മക്കും തിന്മക്കും തക്കതായ പ്രതിഫലം നല്‍കാന്‍ ഈ ലോകത്തെ യാതൊരു സംവിധാനത്തിനും കഴിയില്ലെന്നതാണ് വാസ്തവം. സ്വന്തം ജീവിതം മുഴുവന്‍ മനുഷ്യസേവനത്തിനു വേണ്ടി നീക്കിവെച്ച പല മഹാന്മാര്‍ക്കും സമൂഹം നല്‍കിയത് മര്‍ദനങ്ങളും പീഡനങ്ങളും അപമാനങ്ങളുമായിരുന്നുവെന്നാണ് ചരിത്രം. അവരുടെ സേവനങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും പ്രതിഫലം നല്‍കപ്പെടുന്ന ഒരു വേദി ആവശ്യമില്ലേ? സമൂഹങ്ങളുടെ ദുരന്തങ്ങള്‍ക്ക് നിമിത്തമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തു ജീവിച്ച്, അതിനിടയില്‍  സുഖപ്രദമായി പട്ടുമെത്തയില്‍ കിടന്ന് ഇഹലോകവാസം വെടിഞ്ഞവരും ധാരാളം. അവര്‍ക്ക് തങ്ങളുടെ ക്രൂരതകള്‍ക്ക് തക്കതായ ശിക്ഷ കൊടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ നന്മ ചെയ്യണമെന്നും തിന്മ വെടിയണമെന്നും പറയുന്നതിനെന്തു വില? ഇനി അവരെ ശിക്ഷിക്കാന്‍ കഴിഞ്ഞാല്‍ തന്നെ അവര്‍ ചെയ്ത ക്രൂരതകള്‍ക്ക് തുല്യമായ ശിക്ഷ നല്‍കാന്‍ ഏതു നീതിന്യായ വ്യവസ്ഥക്കാണ് കഴിയുക? 

ഒരാളെ വധിച്ചവന്നും ആയിരങ്ങളെ കൊന്നൊടുക്കിയവന്നും നമ്മുടെ കോടതികള്‍ക്ക് നല്‍കാന്‍ കഴിയുന്ന പരമാവധി ശിക്ഷ വധശിക്ഷയാണല്ലോ. ഭൗതിക നീതിന്യായ കോടതികള്‍ക്കൊന്നും തന്നെ നന്മക്കും തിന്മക്കും തക്കതായ പ്രതിഫലം നല്‍കാന്‍  സാധ്യമല്ലെന്ന് മനസ്സിലാക്കുമ്പോള്‍ അവക്ക് തത്തുല്യമായ പ്രതിഫലം നല്‍കപ്പെടുന്ന ഒരു വേദിക്കു വേണ്ടി മനുഷ്യമനസ്സ് ആഗ്രഹിക്കുന്നു. ഈ ലോകത്തിലെ സംവിധാനങ്ങളൊന്നും തന്നെ പ്രസ്തുത വേദിക്ക് പറ്റിയതല്ലെന്ന് മനസ്സിലാക്കുമ്പോള്‍ പ്രതിഫലവേദി ഈ ജീവിതത്തിലായിക്കൂടെന്ന് സ്വാഭാവികമായും മനുഷ്യബുദ്ധി വിധിക്കുന്നു. 

തന്റെ ആയുസ്സിനപ്പുറത്തേക്കും നീളുന്ന ഫലങ്ങളുണ്ടാക്കുന്ന കര്‍മങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ഏകജീവി മനുഷ്യനാണ്. മനുഷ്യചെയ്തികളുടെ ഫലം നല്ലതായാലും ചീത്തയായാലും അവന്റെ ആയുസ്സിനപ്പുറത്തേക്കു കൂടി നീളുന്നു. റേഡിയോ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്റെ കര്‍മങ്ങളുടെ സല്‍ഫലവും ആറ്റോമിക് ബോംബ് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്റെ കര്‍മങ്ങളുടെ ദുഷ്ഫലവും അവരുടെ ആയുസ്സിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ജനം അനുഭവിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യരുടെ കര്‍മങ്ങള്‍ ഭൂമിയിലുണ്ടാക്കുന്ന ഫലങ്ങള്‍ അനശ്വരമാണെങ്കില്‍ പ്രസ്തുത കര്‍മം ചെയ്തവന് ലഭിക്കുന്ന പ്രതിഫലവും അനശ്വരമാകേണ്ടതല്ലേ? അതേയെന്നാണ് സാമാന്യബുദ്ധി  നല്‍കുന്ന ഉത്തരം. അനന്തമായ ലക്ഷ്യങ്ങളുള്ള മനുഷ്യകര്‍മങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലവും അനന്തമായിരിക്കണം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (26-28)
എ.വൈ.ആര്‍