Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 30

3045

1439 റജബ് 11

വഹീദുദ്ദീന്‍ ഖാന്റെയും ജാവേദ് ഗാമിദിയുടെയും വിമര്‍ശനങ്ങള്‍

സയ്യിദ് സആദത്തുല്ല ഹുസൈനി

ഇഖാമത്തുദ്ദീനും വിമര്‍ശനങ്ങളും - 2

മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ തന്റെ 'തഅ്ബീര്‍ കി ഗലത്വി' (പ്രയോഗത്തിലെ പിഴവ്) എന്ന പുസ്തകത്തില്‍ ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യമായി അംഗീകരിച്ച ഇഖാമത്തുദ്ദീനിനെ സംബന്ധിച്ച് ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.1 അവ ഇങ്ങനെ സംക്ഷേപിക്കാം:

1) വിശുദ്ധ ഖുര്‍ആനിലെ ശൂറ അധ്യായത്തിലെ ഒരു സൂക്തത്തില്‍ വന്ന 'ദീന്‍' എന്ന പ്രയോഗം അര്‍ഥമാക്കുന്നത്, എല്ലാ പ്രവാചകന്മാരുടെയും പ്രബോധനങ്ങളില്‍ കാണുന്ന പൊതുതത്ത്വങ്ങളെയും ആശയങ്ങളെയുമാണ്; അതായത് ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നിവ. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങള്‍ മാത്രമാണ് 'ദീന്‍' കൊണ്ടുളള ഉദ്ദേശ്യം. ആ വിശ്വാസ പ്രമാണങ്ങള്‍ സ്വീകരിക്കണമെന്നും പിന്‍പറ്റണമെന്നും പ്രബോധനം ചെയ്യണമെന്നുമാണ് ഈ സൂക്തത്തില്‍ വിശദീകരിച്ചിരിക്കുന്നത്.2

2. സ്വഫ്ഫ് അധ്യായത്തിലെ സൂക്തം (സമാനമായ സൂക്തങ്ങള്‍ തൗബ, ഫത്ഹ് പോലുള്ള അധ്യായങ്ങളിലും വന്നിട്ടുണ്ട്) എന്തെങ്കിലും വിധിപ്രസ്താവം നടത്തുകയോ നിര്‍ദേശം നല്‍കുകയോ ചെയ്യുന്നില്ല. അതൊരു വിവരമറിയിക്കല്‍ മാത്രമാണ്. തന്റെ പ്രവാചകന്‍ മുഖേന അല്ലാഹു ഈ ദീനിനെ വിജയിപ്പിക്കുമെന്നും അതാണ് ദൈവനിശ്ചയമെന്നും അറിയിക്കുകയാണ്. ഈ സൂക്തങ്ങളിലൊന്നും സത്യവിശ്വാസികള്‍ക്ക് ആജ്ഞകളോ കല്‍പനകളോ ഒന്നും നല്‍കുന്നില്ല.3

3. 'ദീന്‍' കൊണ്ടുള്ള ഉദ്ദേശ്യം, അല്ലാഹുവിന്റെയും അവന്റെ അടിമകളും ദാസന്മാരുമായ മനുഷ്യരുടെയും ഇടയിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ്. മുസ്‌ലിംകള്‍ ദീനീ പ്രവര്‍ത്തനങ്ങള്‍ നടത്തണം, ദീനിലേക്ക് ജനങ്ങളെ ക്ഷണിക്കണം. ഭരണം മാറ്റുക പോലുള്ളവ അവരുടെ ജോലിയല്ല.

ദീന്‍ എന്നത് മുഴുവന്‍ ജീവിത വ്യവഹാരങ്ങളെയും സ്പര്‍ശിക്കുന്ന ഒന്നാണെന്ന് മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ അംഗീകരിക്കുന്നുണ്ട്. പക്ഷേ, ശൂറ അധ്യായത്തില്‍ വന്ന 'നിങ്ങള്‍ ദീന്‍ സംസ്ഥാപിക്കണം' എന്ന ആജ്ഞ വിശ്വാസ കാര്യങ്ങളില്‍ (ഈമാനിയ്യാത്ത്) പരിമിതമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇങ്ങനെയാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുള്ളത് എന്നും പറയുന്നു. ഈ വാദം ശരിയല്ലെന്നാണ് നമ്മുടെ പക്ഷം. വിശ്വാസ കാര്യങ്ങളെയും അടിസ്ഥാന തത്ത്വങ്ങളെയും പറ്റി പറഞ്ഞ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ തന്നെ, 'കല്‍പിച്ച കാര്യങ്ങളിലും നിരോധിച്ച കാര്യങ്ങളിലും ദൈവകല്‍പന പിന്‍പറ്റുക' എന്ന് തുടര്‍ന്നെഴുതിയിട്ടുമുണ്ട്. അപ്പോള്‍ ഇസ്‌ലാമിലെ മുഴുവന്‍ വിധിവിലക്കുകളും അതിന്റെ പരിധിയില്‍ വരും. മൗലാനാ റദിയ്യുല്‍ ഇസ്‌ലാം നദ്‌വി തന്റെ പുസ്തകത്തില്‍ ഖതാദഃ, ഇബ്‌നുല്‍ അറബി, സമഖ്ശരി, ഖുര്‍ത്വുബി, ഖാസിന്‍ അല്‍ ബഗ്ദാദി, അമാദി, ആലൂസി, ബൈദാവി, ഇബ്‌നുകസീര്‍, റാസി തുടങ്ങി നിരവധി ഖുര്‍ആന്‍ വ്യാഖ്യാതാക്കളെ ഉദ്ധരിച്ചുകൊണ്ട്, ദീന്‍ വിശ്വാസകാര്യങ്ങളില്‍ പരിമിതമല്ല എന്ന് സമര്‍ഥിക്കുന്നുണ്ട്.4 'നാം നിനക്ക് ദിവ്യവെളിപാടായി നല്‍കിയത്' എന്ന് പ്രത്യേകം പറയുന്നുണ്ടല്ലോ റഅ്ദ് (13:30) അധ്യായത്തില്‍. മുഹമ്മദ് നബി(സ)ക്ക് ലഭിച്ച മുഴുവന്‍ ആജ്ഞാ നിര്‍ദേശങ്ങളും അതില്‍പെടും. പ്രവാചകന്മാര്‍ പൊതുവായി പങ്കു വെക്കുന്നത് വിശ്വാസകാര്യങ്ങള്‍ മാത്രമാണ് എന്ന വാദവും അബദ്ധമാണ്. അവരുടെയൊക്കെയും പ്രബോധന പ്രവര്‍ത്തനങ്ങളുടെ ആത്മാവും ഒന്നുതന്നെയാണ്. അവര്‍ക്ക് നല്‍കപ്പെട്ട നിയമങ്ങളും (ശരീഅത്ത്) അടിസ്ഥാനപരമായി ഒന്നാണ്. ശാഖാപരമായ വിശദാംശങ്ങളില്‍ മാത്രമാണ് അവ തമ്മില്‍ മാറ്റവും വ്യത്യാസവുമുള്ളത്. മൗലാനാ സദ്‌റുദ്ദീന്‍ ഇസ്‌ലാഹി (1916-1998) ശൂറ അധ്യായത്തില്‍ വന്ന സൂക്തത്തെ ഇങ്ങനെ വിശദീകരിക്കുന്നു:

'മുഫസ്സിറുകളുടെ/ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായത്തില്‍, എല്ലാ പ്രവാചകന്മാരുടെയും പ്രബോധനങ്ങളും അവര്‍ക്ക് നല്‍കപ്പെട്ട നിയമശാസനകളും പൊതുവായി പങ്കു വെക്കുന്ന ഒരു കാര്യം, ജനങ്ങള്‍ അല്ലാഹു കല്‍പിച്ച കാര്യങ്ങള്‍ നടപ്പിലാക്കണമെന്നും അവന്‍ നിരോധിച്ചവ കൈയൊഴിയണമെന്നുമാണ്. ഈ അടിസ്ഥാന തത്ത്വം എങ്ങനെയാണ് പ്രയോഗവത്കരിക്കുക? ഈ ചോദ്യത്തിന് രണ്ട് ഉത്തരങ്ങള്‍ നല്‍കാന്‍ സാധ്യമല്ല. ഒറ്റ ഉത്തരമേയുള്ളൂ. അത് ഇതാണ്: പ്രവാചകന്‍ വഴി ലഭിച്ച മുഴുവന്‍ നിയമനിര്‍ദേശങ്ങളെയും സമൂഹം പിന്തുടരുക. ഇസ്‌ലാമിക ശരീഅത്തിലെ മുഴുവന്‍ കാര്യങ്ങളും സ്വീകരിക്കുകയെന്നതും നടപ്പില്‍ വരുത്താന്‍ ശ്രമിക്കുകയെന്നതും മുസ്‌ലിം സമൂഹത്തിന്റെ ബാധ്യതയാണ്. മറ്റൊരു സൂക്ഷ്മ നിരീക്ഷണവും ഇവിടെ സാധ്യമാണ്. കഴിഞ്ഞുപോയ പ്രവാചകന്മാര്‍ക്ക് നല്‍കപ്പെട്ട ദീനിനെക്കുറിച്ച് പറയുമ്പോള്‍ പൊതു സൂചക പ്രയോഗമാണ് ഖുര്‍ആന്‍ നടത്തുന്നത് (മാ വസ്സ്വാ..... എന്നതിലെ 'മാ' ഭാഷാപരമായി 'ഇസ്മ് മൗസ്വൂല്‍ ആം' ആണ്). എന്നാല്‍ മുഹമ്മദ് നബിക്ക് നല്‍കപ്പെട്ട ദീനിനെക്കുറിച്ച് പറയുമ്പോള്‍ പ്രത്യേകം, സവിശേഷം എന്ന അര്‍ഥ സൂചനയുള്ള 'അല്ലദീ' (വല്ലദീ ഔഹയ്‌നാ ഇലൈക... ഭാഷയില്‍ ഇത് 'ഇസ്മ് മൗസ്വൂല്‍ ഖ്വാസ്വ്' എന്നാണ് അറിയപ്പെടുന്നത്) എന്നാണ് പ്രയോഗിക്കുന്നത്.5

ഇതൊക്കെയാണ് ശൂറ അധ്യായത്തിലെ സൂക്തത്തിന്റെ വ്യാഖ്യാനമായി വന്നിട്ടുള്ളത്. ദീനിന്റെ സംസ്ഥാപനമെന്നാല്‍ വിശ്വാസ കാര്യങ്ങള്‍ക്കപ്പുറം പോവുകയില്ലെന്ന് പറയാന്‍ യാതൊരു ന്യായവും അവശേഷിക്കുന്നില്ല. 'വിശ്വാസിയുടെ ലക്ഷ്യം ദൈവപ്രീതിയാണ്; ദീനിന്റെ സംസ്ഥാപനത്തിനു വേണ്ടി നടത്തുന്ന അധ്വാന പരിശ്രമങ്ങള്‍ ദീനിന്റെ തന്നെ തേട്ടമാണെങ്കിലും, അത് ലക്ഷ്യമാണെന്ന് പറയാവതല്ല' എന്നൊക്കെ എഴുതുന്നത് വാക്കുകള്‍ കൊണ്ടുള്ള കളി മാത്രമാണ്. നമ്മള്‍ പറയുന്നതുതന്നെ മറ്റൊരു രീതിയില്‍ പറയുന്നുവെന്നു മാത്രം. കഴിഞ്ഞ ലക്കത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം വിവരിക്കുന്ന ഭാഗങ്ങള്‍ അതിന്റെ ഭരണഘടനയില്‍നിന്ന് നാം ഉദ്ധരിച്ചിരുന്നുവല്ലോ. ദൈവപ്രീതിയും പരലോക വിജയവുമാണ് നമ്മുടെ യഥാര്‍ഥ പ്രേരകശക്തി എന്ന് അവിടെ വ്യക്തമായിത്തന്നെ പറയുന്നുണ്ട്. ഈ ഉദ്ദേശ്യാര്‍ഥം നാം സാമൂഹികമായി ആസൂത്രണം ചെയ്യുന്ന പ്രായോഗിക കര്‍മ പദ്ധതികളാണ് ലക്ഷ്യമായി നിശ്ചയിക്കാറുള്ളത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, യഥാര്‍ഥ പ്രേരകവും അന്തിമലക്ഷ്യവും എപ്പോഴും ദൈവപ്രീതി തന്നെയായിരിക്കും. അതേസമയം ദൈവപ്രീതി നേടിയെടുക്കാന്‍ ഒരു പ്രത്യേക രീതിയിലുള്ള അധ്വാനപരിശ്രമങ്ങള്‍ ആവശ്യമാണ്. അവയുടെ ലക്ഷ്യമായിട്ട് വരേണ്ടത് ഇഖാമത്തുദ്ദീന്‍ ആണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭരണഘടനയില്‍ മാത്രമല്ല സാഹിത്യങ്ങളിലുടനീളവും ഇക്കാര്യം ആവര്‍ത്തിച്ച് ഊന്നിപ്പറയുന്നുണ്ട്. ഇനിയൊരാള്‍ തന്റെ ലക്ഷ്യമായി നിര്‍ണയിക്കുന്നത് ദൈവപ്രീതിയാണ്, അതിന്റെ അനിവാര്യ തേട്ടമായി ഇഖാമത്തുദ്ദീനിനെ കാണുന്നു. എങ്കില്‍ പ്രയോഗങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവുമെന്നല്ലാതെ, പ്രവൃത്തിപഥത്തില്‍ രണ്ടും ഒന്നുതന്നെയായിരിക്കും. അപ്പോഴും ദീനിന്റെ സംസ്ഥാപനമെന്നത് ബാധ്യതയായി അവശേഷിക്കുന്നുണ്ടാവും.

 

'ഇശ്‌റാഖ്' പത്രാധിപരുടെ വിമര്‍ശനങ്ങള്‍

ലാഹോറിലെ ഇശ്‌റാഖ് പത്രത്തിന്റെ പത്രാധിപര്‍ 'വ്യാഖ്യാനത്തിലെ പിഴവ്' (തഅ്‌വീല്‍ കി ഗലത്വി) എന്ന ലേഖനത്തില്‍ (ഇത് അദ്ദേഹത്തിന്റെ ബുര്‍ഹാന്‍ എന്ന കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്) വിമര്‍ശനങ്ങളെ കുറേക്കൂടി വിപുലപ്പെടുത്തി അവതരിപ്പിച്ചിട്ടുണ്ട്.6 തന്റെ ചില വീഡിയോകളിലും പ്രഭാഷണങ്ങളിലും അത്തരം വിമര്‍ശനങ്ങള്‍ കടന്നുവരുന്നുണ്ട്. അദ്ദേഹത്തിന്റെ ചില ലേഖനങ്ങളിലും അതു സംബന്ധമായ സൂചനകള്‍ കാണാം. ആ വിമര്‍ശനങ്ങളെ ഇങ്ങനെ ചുരുക്കിയെഴുതാം:

1) 'ഇഖാമത്തുദ്ദീനി'ലെ 'ഇഖാമത്ത്' എന്ന വാക്കിന്റെ അര്‍ഥം സംസ്ഥാപിക്കുകയെന്നോ, നിലവില്‍വരുത്തുകയെന്നോ അല്ല. പിന്‍പറ്റുക, അനുധാവനം ചെയ്യുക എന്നൊക്കെയാണ് അതിന്റെ അര്‍ഥം. അതിനാല്‍ ശൂറാ അധ്യായത്തില്‍ ദീന്‍ പിന്‍ പറ്റണമെന്ന നിര്‍ദേശമാണ് നല്‍കുന്നത്.

2. ദീന്‍ അതിജയിച്ചു നില്‍ക്കുക (ഗലബെ ദീന്‍) എന്നത് പ്രവാചകനുമായി ബന്ധപ്പെട്ട കാര്യമാണ്. അതായത്, ഒരു പ്രവാചകന്‍ നിയോഗിതനാവുമ്പോള്‍ ദീന്‍ എല്ലാറ്റിനെയും അതിജയിച്ചുതന്നെ നില്‍ക്കേണ്ടതുണ്ട്. അതൊരു ദൈവിക നടപടിക്രമമാണ്. ഈ നടപടിക്രമം അന്ത്യപ്രവാചകനിലൂടെയാണ് പൂര്‍ത്തീകരിക്കപ്പെടുക. അതിനാല്‍ പൊതു മുസ്‌ലിം സമൂഹം ഈ സൂക്തത്തിന്റെ അഭിസംബോധിതര്‍ അല്ല.

3. ദീനിലെ രാഷ്ട്രീയവും സാമൂഹികവുമായ വിധികളുടെ അഭിസംബോധിതര്‍ ഭരണകര്‍ത്താക്കളാണ്. അവ നടപ്പാക്കാന്‍ അവര്‍ക്കാണ് ബാധ്യതയുള്ളത്. സാധാരണ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം, തങ്ങള്‍ ഇടപെടുന്ന മേഖലകളില്‍ ദീന്‍ അനുസരിച്ച് ജീവിക്കുകയും അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്താല്‍ മതിയാവും.

ക്ലാസിക് അറബി കവിതകളൊക്കെ ഉദ്ധരിച്ചുകൊണ്ടാണ് ജാവേദ് സാഹിബ് 'അഖീമൂ' എന്നതിന്റെ അര്‍ഥം 'സ്ഥാപിക്കുക' എന്നല്ലെന്നും 'പിന്‍പറ്റുക/നിലകൊള്ളുക' എന്നാണെന്നും സമര്‍ഥിക്കുന്നത്. നമ്മുടെ അഭിപ്രായത്തില്‍ സ്ഥാപിക്കുക എന്ന് പറഞ്ഞാലും പിന്‍പറ്റുക എന്ന് പറഞ്ഞാലും സൂക്തത്തിന്റെ മൗലിക ആശയത്തിന് കാര്യമായ മാറ്റങ്ങളൊന്നും വരുന്നില്ല. മൗലാനാ മൗദൂദി തഫ്ഹീമുല്‍ ഖുര്‍ആനില്‍ സ്ഥാപിക്കുക എന്നാണ് അര്‍ഥം പറഞ്ഞിട്ടുള്ളതെങ്കിലും, നിലകൊള്ളുക എന്ന ആശയവും സാധുവാണെന്ന് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ദീന്‍ സ്ഥാപിക്കുക എന്ന് പറഞ്ഞാലും ദീനില്‍ നിലകൊള്ളുക എന്ന് പറഞ്ഞാലും രണ്ട് വ്യാഖ്യാനങ്ങള്‍ക്കും ഒരൊറ്റ അര്‍ഥമാണുള്ളത്; ജീവിതത്തിലുടനീളം ദീനിനെ അനുധാവനം ചെയ്യുക. ഇത് ജാവേദ് സാഹിബും അംഗീകരിക്കുന്നുണ്ട്. ഇസ്‌ലാമിലെ നിയമങ്ങള്‍, ജിഹാദ്, പോരാട്ടം പോലുള്ളവയൊക്കെ 'ദീനില്‍ നിലകൊള്ളുന്നതി'ന്റെ ഭാഗമായി അദ്ദേഹം എണ്ണുന്നുണ്ട്. പക്ഷേ, തുടര്‍ന്നെഴുതുന്നത് ഇങ്ങനെയുമാണ്: ''ഇവിടെ 'അഖീമൂ' എന്ന് പ്രയോഗിച്ചത്, ഓരോരുത്തരുടെയും അസ്തിത്വവുമായി ബന്ധപ്പെട്ട കര്‍മങ്ങളില്‍ പരിമിതമാണ്. അതായത്, നാമുമായി ബന്ധമില്ലാത്ത ഏതെല്ലാം മേഖലകളുണ്ടോ അവിടങ്ങളില്‍ അധ്വാന പരിശ്രമങ്ങള്‍ നടത്തുക, എന്തെങ്കിലും നടപ്പാക്കാന്‍ ശ്രമിക്കുക ഇതൊന്നും 'അഖീമൂ' എന്ന പ്രയോഗത്തിന്റെ പരിധിയില്‍ വരുന്നതല്ല.''

ഈ വീക്ഷണം ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ വ്യാഖ്യാനങ്ങള്‍ക്ക് എതിരു നില്‍ക്കുന്നതാണ്. മൗലാനാ ഗൗഹര്‍ റഹ്മാനും7 മൗലാനാ റദിയ്യുല്‍ ഇസ്‌ലാം നദ്‌വി8യും ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ഉദ്ധരണികള്‍ വിശദമായിത്തന്നെ എടുത്തെഴുതുന്നുണ്ട്. 'സംസ്ഥാപിക്കൂ' എന്ന ഖുര്‍ആനിക നിര്‍ദേശം ഒരാളുടെ വ്യക്തിജീവിതത്തില്‍ പരിമിതമല്ലെന്നും സാമൂഹിക ജീവിതത്തില്‍ നടപ്പാക്കുക എന്ന അര്‍ഥവും അതിനുണ്ടെന്നും അവ വായിച്ചാല്‍ മനസ്സിലാകും. ദീന്‍ കാര്യങ്ങള്‍ മാത്രമേ ചെയ്യേണ്ടതുള്ളൂ എന്ന ജാവേദ് സാഹിബിന്റെ വാക്കുകള്‍ ഒരു സുപ്രധാന ചോദ്യം ഉയര്‍ത്തുന്നുണ്ട്. എന്താണ് ദീന്‍? നന്മ കല്‍പിക്കുക, തിന്മ തടയുക, പ്രബോധന പ്രവര്‍ത്തനങ്ങള്‍, ജിഹാദ്, സത്യസാക്ഷ്യ നിര്‍വഹണം പോലുള്ള ഖുര്‍ആന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്ന കാര്യങ്ങള്‍ ദീനിന്റെ ഭാഗമല്ലേ? ഇതൊക്കെയും ദീനും ദീനിന്റെ ഘടകങ്ങളുമാണെങ്കില്‍ (അക്കാര്യവും ജാവേദ് സാഹിബ് അംഗീകരിക്കുന്നുണ്ട്), ഇഖാമത്തുദ്ദീനിന്റെ രണ്ട് വിവക്ഷകള്‍ പ്രകാരവും അതിന്റെ പരിധിയില്‍നിന്ന് അവ പുറത്തുപോവുകയില്ല. വ്യക്തി/സ്വത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം എന്നാണ് വാദമെങ്കില്‍ ദഅ്‌വത്ത്, ജിഹാദ്, ദൈവിക ദീനിനെ സഹായിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെ വിധികളൊക്കെയും വ്യക്തിയുമായും ബന്ധപ്പെട്ടതല്ലേ? അപ്പോള്‍ സ്വാഭാവികമായും അവക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതും ഇഖാമത്തുദ്ദീനിന്റെ ഭാഗം തന്നെ.

ഇഖാമത്തുദ്ദീനിനു വേണ്ടി ശ്രമിക്കണം എന്ന ഖുര്‍ആന്റെ ആജ്ഞ ഏതെങ്കിലും ചില ഖുര്‍ആനിക സൂക്തങ്ങളില്‍ മാത്രം ഉള്‍ച്ചേര്‍ന്ന ഒന്നല്ല. ഖുര്‍ആന്റെ ആശയക്രമീകരണത്തില്‍ മര്‍മപ്രധാന സ്ഥാനത്ത് നിലകൊള്ളുന്ന ഒന്നാണത്. ദീനിന്റെ വിജയം/മേധാശക്തി (ഇള്ഹാറുദ്ദീന്‍), നീതി (ഖിസ്ത്വ്/അദ്ല്‍)ക്കു വേണ്ടി നിലകൊള്ളല്‍, ജനത്തിനു മുമ്പില്‍ സത്യത്തിന്റെ സാക്ഷികളാവുക (ശഹാദതുന്‍ അലന്നാസ്), നന്മ കല്‍പിക്കലും തിന്മ തടയലും (അംറുന്‍ ബില്‍ മഅ്‌റൂഫ്, നഹ്‌യുന്‍ അനില്‍ മുന്‍കര്‍), ദീനീപ്രബോധനം (ദഅ്‌വത്തുദ്ദീന്‍) ഇങ്ങനെ പല സംജ്ഞകളില്‍ ഇഖാമത്തുദ്ദീന്‍ എന്ന ആശയത്തെ തന്നെയാണ് ഖുര്‍ആന്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഈ ആശയങ്ങളൊക്കെ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതോടൊപ്പം എല്ലാ ജനവിഭാഗങ്ങള്‍ക്കും ഈ ആശയങ്ങള്‍ അവര്‍ക്ക് ബോധ്യമാകുംവിധം പരിചയപ്പെടുത്തണമെന്നതും ദീനിന്റെ തേട്ടമാണ്.

ഇതിനുവേണ്ടി നമ്മളാല്‍ കഴിയുന്ന അധ്വാന പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കണം. ഇതെല്ലാം ചേര്‍ന്ന ഒന്നാണ്, മൗലാനാ മൗദൂദിയും ഇസ്‌ലാമിക പ്രസ്ഥാനവും ഇഖാമത്തുദ്ദീന്‍ എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്

(തുടരും)

കുറിപ്പുകള്‍

1. മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ - തഅ്ബീര്‍ കി ഗലത്വി, മക്തബ രിസാല, ന്യൂദല്‍ഹി, മൂന്നാം എഡിഷന്‍.

2. ശൂറ അധ്യായത്തിലെ സൂക്തം ഇങ്ങനെ: ''നൂഹിനോട് കല്‍പിച്ചതും, നിനക്ക് നാം ദിവ്യബോധനമായി നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് അനുശാസിച്ചതുമായ കാര്യം തന്നെ അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് നിയമമായി നിശ്ചയിച്ചുതന്നിരിക്കുന്നു. 'നിങ്ങള്‍ ഈ ദീന്‍ സ്ഥാപിക്കുക, അതില്‍ ഭിന്നിക്കാതിരിക്കുക' എന്നതാണത്'' (42:13).

3. സ്വഫ്ഫ് അധ്യായത്തിലെ സൂക്തം: ''അല്ലാഹുവാണ് തന്റെ ദൂതനെ നേര്‍മാര്‍ഗവും സത്യമതവുമായി നിയോഗിച്ചത്. മറ്റെല്ലാ ജീവിത ക്രമങ്ങളേക്കാളും അതിനെ വിജയിപ്പിച്ചെടുക്കാന്‍. ബഹുദൈവാരാധകര്‍ക്ക് അതെത്ര അനിഷ്ടകരമാണെങ്കിലും'' (61:9). തൗബ (9:33), ഫത്ഹ് (48:28) അധ്യായങ്ങളിലും ഇതേ കാര്യം ആവര്‍ത്തിച്ചിരിക്കുന്നു.

4. ഡോ. മുഹമ്മദ് റദിയ്യുല്‍ ഇസ്‌ലാം നദ്‌വി- ഇഖാമത്തെ ദീന്‍ ഔര്‍ നഫാദെ ശരീഅത്ത്, ന്യൂദല്‍ഹി (2012), പേ: 10-18

5. മൗലാനാ സ്വദ്‌റുദ്ദീന്‍ ഇസ്‌ലാഹിയുടെ കത്ത്. തജല്ലി മാസിക, ദയൂബന്ദ്, ഫെബ്രുവരി-മാര്‍ച്ച് (1965). പേ: 51

6. ജാവേദ് അഹ്മദ് ഗാമിദി - തഅ്‌വീല്‍ കി ഗലത്വി (ബുര്‍ഹാന്‍ എന്ന ശീര്‍ഷകത്തിലുള്ള ലേഖന സമാഹാരം), പ്രസാധനം: അല്‍ മൗരിദ്, ലാഹോര്‍ (2010), പേ: 169-180

7. മൗലാനാ ഗൗഹര്‍ റഹ്മാന്‍ - തഫ്ഹീമുല്‍ മസാഇല്‍, അഞ്ചാം വാള്യം, മക്തബെ മദ്‌റസ തഫ്ഹീമുല്‍ ഖുര്‍ആന്‍, മര്‍ദാന്‍ (പാകിസ്താന്‍), 2000, പേ: 367-409

8. ഡോ. റദിയ്യുല്‍ ഇസ്‌ലാം നദ്‌വി- ഇഖാമത്തെ ദീന്‍ ഔര്‍ നഫാദെ ശരീഅത്ത്, പേ: 27-31

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (23-25)
എ.വൈ.ആര്‍

ഹദീസ്‌

വിജയവീഥിയിലെ വഴിവെളിച്ചം
ടി.ഇ.എം റാഫി വടുതല