Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 09

3042

1439 ജമാദുല്‍ ആഖിര്‍ 20

പേര്‍ഷ്യന്‍ കോളനികള്‍ (ബനൂഹനീഫ)

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-47

ബനൂഹനീഫക്കാര്‍ ജീവിച്ചിരുന്നത് നജ്ദിലായിരുന്നു. അക്കാലത്തെ അറേബ്യയിലെ ഏറ്റവും ശക്തമായ ഗോത്രങ്ങളിലൊന്ന്. മേഖല വളരെ ഫലഭൂയിഷ്ഠമായിരുന്നതിനാല്‍ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ഭരണകാലത്ത് ഇവിടത്തെ ഒരു ഗവണ്‍മെന്റ് മേച്ചില്‍പുറത്തു തന്നെ മുപ്പതിനായിരത്തോളം ഒട്ടകങ്ങള്‍ മേയാറുണ്ടായിരുന്നുവത്രെ. ഇടതൂര്‍ന്ന വനങ്ങളും അവിടെ ഉണ്ടായിരുന്നു.1 യമാമ നഗരം (ഇന്നത് നിലവിലില്ല. ആധുനിക റിയാദിന് സമീപം തന്നെയാവാം അതിന്റെ സ്ഥാനം) ആയിരുന്നു ഈ ഗോത്രത്തിന്റെ ആസ്ഥാനം. അത് അറേബ്യയുടെ ധാന്യപ്പുര2യായിരുന്നു. ഈ മേഖലയില്‍നിന്നുള്ള ധാന്യ ഇറക്കുമതിയെയായിരുന്നു മക്കക്കാര്‍ വളരെയേറെ ആശ്രയിച്ചിരുന്നത്.3 ധാന്യപ്പൊടിയും കാരക്കച്ചുളകളും കുഴച്ച് വേവിച്ചാണ് ബനൂഹനീഫക്കാര്‍ തങ്ങള്‍ക്ക് ആരാധിക്കാനുള്ള വിഗ്രഹങ്ങളെ ഉണ്ടാക്കിയിരുന്നത് എന്ന് കേള്‍ക്കുമ്പോള്‍ അതിനാല്‍തന്നെ നമുക്ക് അത്ഭുതം തോന്നുകയുമില്ല. ഒരു ക്ഷാമകാലത്ത് ഇതില്‍പെട്ട ഏറ്റവും ഭീമാകാരമായ വിഗ്രഹത്തെ വിശന്നു വലഞ്ഞ ജനം വലിച്ച് താഴെയിടുകയും അതിനെ വലിച്ചുകീറി അകത്താക്കുകയും ചെയ്തിട്ടുണ്ട്. ഗോത്രത്തിന്റെ എതിരാളികള്‍ക്ക് അത് പരിഹസിക്കാനുള്ള അവസരവും നല്‍കി. എതിര്‍ ഗോത്രചേരിയിലെ ഒരു കവിയുടെ ആക്ഷേപഹാസ്യം ഇങ്ങനെ:

ബനൂഹനീഫ അവരുടെ ദൈവങ്ങളെ വിഴുങ്ങും

വരള്‍ച്ചയിലും പട്ടിണിയിലും

അവര്‍ക്ക് അവരുടെ ദൈവത്തെ പേടിയില്ലെന്നേ-

ദൈവം തങ്ങളെ എന്തെങ്കിലുമൊക്കെ

ചെയ്‌തേച്ചുകളയുമെന്ന്.4

ഈ ഗോത്രത്തിന്റെ നല്ലതും ചീത്തയുമായ ഗുണങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു സംഭവമുണ്ട്. കിലാബ് ഗോത്രത്തില്‍പെട്ട ഒരാള്‍ തന്റെ സുന്ദരിയായ ഭാര്യയുമൊന്നിച്ച് ബനൂഹനീഫക്കാരനായ ഉമൈറു ബ്‌നു സുല്‍മ അല്‍ഹനഫിയുടെ അടുത്ത് അഭയം തേടി. ഈ ഉമൈറിന് ഒരു സഹോദരനുണ്ടായിരുന്നു. ഖുറൈന്‍ എന്നു പേര്‍. അയാള്‍ ഈ സ്ത്രീയെ ശല്യം ചെയ്യാന്‍ തുടങ്ങി. നിവൃത്തിയില്ലാതെ കിലാബ് ഗോത്രക്കാരനായ ഈ അഭയാര്‍ഥി തന്റെ ഭാര്യയോട് ആ ചെറുപ്പക്കാരനുമായി ഇനി സംസാരിക്കാന്‍ പോകരുതെന്ന് വിലക്കി. ശുണ്ഠി കയറിയ ഖുറൈന്‍ തന്റെ സഹോദരന്‍ സ്ഥലത്തില്ലാത്ത ഒരവസരത്തിനു വേണ്ടി കാത്തുനിന്നു. അവസരം ഒത്തുകിട്ടിയപ്പോള്‍ അയാള്‍ കിലാബുകാരനായ അഭയാര്‍ഥിയെ കൊലപ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ ഈ വിവരമറിഞ്ഞു. അദ്ദേഹം ബനൂഹനീഫയുടെ ആവാസ സ്ഥലത്ത് വരികയും തന്റെ സഹോദരന് അഭയം നല്‍കിയ ഉമൈറിന്റെ പിതാവ് സുല്‍മ എന്നയാളുടെ ഖബ്‌റിങ്കല്‍ പോയി ഈ കൊലപാതകത്തില്‍ മനംനൊന്ത് കവിത ആലപിക്കുകയും ചെയ്തു. ഉമൈര്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് തന്റെ സഹോദരന്‍ ചെയ്ത ക്രൂരകൃത്യവും ഇരയുടെ സഹോദരന്‍ തന്റെ പിതാവിന്റെ കുഴിമാടത്തില്‍ ചെന്ന് കവിത ചൊല്ലിയതുമൊക്കെ അറിയുന്നത്. ഉടന്‍ തന്നെ തന്റെ കുറ്റവാളിയായ സഹോദരനെ പിടിച്ചുകെട്ടി ഇരയുടെ സഹോദരന് കൈമാറി; പ്രതിക്രിയ നടത്താന്‍. കുറ്റവാളിയുടെ മറ്റു ബന്ധുക്കള്‍ നഷ്ടപരിഹാരത്തുകയായി സാധാരണ നല്‍കുന്നതിനേക്കാളും ഇരട്ടി വരെ തരാമെന്ന് പറഞ്ഞുനോക്കിയെങ്കിലും ഇരയുടെ സഹോദരന്‍ വഴങ്ങിയില്ല. ഇരയുടെ സഹോദരനായ കിലാബ് ഗോത്രക്കാരന് തന്റെ 'ബന്ദി'യുമായി സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിന് ഗോത്രാതിര്‍ത്തിയായ യമാമ താഴ്‌വര വരെ ഉമൈര്‍ അവരെ അനുഗമിക്കുകയും ചെയ്തു. എന്നിട്ട് തന്റെ സഹോദരനെ ഒരു ഈത്തപ്പനയില്‍ ബന്ധിച്ചു. വിടപറയാന്‍ നേരം കിലാബ് ഗോത്രക്കാരനോട് ഇങ്ങനെ പറയുകയും ചെയ്തു: 'നിങ്ങളേതായാലും നഷ്ടപരിഹാരത്തുക സ്വീകരിച്ചില്ല. എങ്കില്‍ എനിക്കൊരു ഉപകാരം ചെയ്യണം. ഞാന്‍ എന്റെ വീടെത്തുന്നതുവരെ നിങ്ങള്‍ കാത്തുനില്‍ക്കണം. പിന്നെ നിങ്ങള്‍ എന്റെ സഹോദരനെ എന്ത് വേണമെങ്കിലും ചെയ്‌തോളൂ. ഇനിയൊരിക്കലും നിങ്ങള്‍ എന്റെ മുമ്പില്‍ വന്നുപോവുകയുമരുത്.'5

ഈ ഗോത്രത്തിലെ മുഖ്യന്മാരെ പേര്‍ഷ്യന്‍ രാജാക്കന്മാര്‍ പല പാരിതോഷികങ്ങളും നല്‍കി സന്തോഷിപ്പിച്ചിരുന്നു. അങ്ങനെയാണ് ഇവിടെ പേര്‍ഷ്യന്‍ സ്വാധീനം ശക്തിപ്പെടുന്നത്. ബനൂഹനീഫക്ക് വ്യവസ്ഥാപിതമായ ഒരു ഭരണസംവിധാനമൊന്നും ഉണ്ടാക്കാന്‍ പറ്റിയിരുന്നില്ല. പ്രവാചകന്റെ ആഗമനത്തിനു തൊട്ടുമുമ്പ് യമാമ നഗരം കിന്‍ദ രാജാവായിരുന്ന മുആവിയതുബ്‌നു ഹുജ്‌റിന്റെ ആസ്ഥാനമായിരുന്നു. യഥാര്‍ഥ കിന്‍ദ രാജ്യത്തുനിന്ന് തന്റെ കിരീടാവകാശിയായ സഹോദരനുമായി തെറ്റിപ്പിരിഞ്ഞാണ് അദ്ദേഹം ഇത് സ്ഥാപിച്ചത്.6

യമാമ മേഖലയിലെ മുശഖര്‍ (ഹജര്‍) വാര്‍ഷികച്ചന്ത മൊത്തം അറേബ്യയുടെയും സംസാര വിഷയമായിരുന്നു. മുഹര്‍റം പത്തിനാണ് അത് നടന്നുവന്നിരുന്നത്. ഇരുപതു ദിവസം വരെ നീണ്ടുനില്‍ക്കും.7 കഅ്ബയിലേക്ക് തീര്‍ഥാടനത്തിന് പോവുക എന്നതാണ് ബനൂഹനീഫക്കാരെ ആകര്‍ഷിച്ചിരുന്നതെങ്കില്‍8 ഖുറൈശികളില്‍ ചിലര്‍ യമാമയിലും ഉമാനിലുമായി കുടിയേറിപ്പാര്‍ക്കാനും ഈ അവസരം പ്രയോജനപ്പെടുത്തിയിരുന്നു.9

ബനൂ ഹനീഫയിലെ ഥുമാമതുബ്‌നു ഉതാലിനെയും ഹൗദ ബ്‌നു അലിയെയും കുറിക്കാന്‍ ഇബ്‌നു ഹിശാം10 'യമാമയിലെ രണ്ട് രാജാക്കന്മാര്‍' എന്ന് പ്രയോഗിക്കുന്നുണ്ട്. തുല്യപദവിയുള്ള രണ്ട് ഗോത്രമുഖ്യന്മാരായിരിക്കുമോ ഇവര്‍? അക്കാര്യത്തില്‍ തീര്‍ച്ചയില്ലെങ്കിലും, അവരിലൊരാളായ ഥുമാമതു ബ്‌നു ഉതാല്‍ ഒരിക്കല്‍ മക്ക സന്ദര്‍ശിക്കുന്നുണ്ട്. അന്ന് പ്രവാചകന്‍ മക്കയില്‍ തന്നെയുണ്ട്; മദീനയിലേക്ക് ഹിജ്‌റ പോയിട്ടില്ല. ഥുമാമയെ പ്രവാചകന്‍ ഇസ്‌ലാമിലേക്ക് ക്ഷണിച്ചപ്പോള്‍ വളരെ ക്രുദ്ധനായിട്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി: 'ഇക്കാര്യം വീണ്ടും പറഞ്ഞാല്‍ ഞാന്‍ നിങ്ങളെ കൊല്ലും.'11 പിന്നീട്, തന്നെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രവാചകന്‍ ഒരു കത്തു കൊടുത്തപ്പോള്‍ ആ സന്ദേശവാഹകനെ വരെ വകവരുത്താനായിരുന്നു ഥുമാമയുടെ പരിപാടി; അദ്ദേഹത്തിന്റെ ഒരു അമ്മാവനാണ് ഈ കൃത്യത്തില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്.12 പിന്നെയും അല്‍പ്പം കഴിഞ്ഞ് ഒരു മുസ്‌ലിം സൈനിക വിംഗ് ഥുമാമയെ പിടികൂടുകയും മദീനയില്‍ കൊണ്ടുവന്ന് മസ്ജിദുന്നബവിയുടെ ഒരു തൂണില്‍ കെട്ടിയിടുകയും ചെയ്തു. ഇബ്‌നു ഹിശാം പറയുന്നത്,13 പട്രോള്‍ നടത്തിക്കൊണ്ടിരുന്ന ഈ മുസ്‌ലിം സൈനിക വിംഗിന് തങ്ങള്‍ പിടിച്ചുകൊണ്ടു വന്നത് ഥുമാമയെയാണെന്ന് അറിയില്ലായിരുന്നു എന്നാണ്. പ്രവാചകനാണ് അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. തടവുകാരനോട് നല്ല നിലയില്‍ പെരുമാറാന്‍ പ്രത്യേകം നിര്‍ദേശിക്കുകയും ചെയ്തു. തന്റെ വീട്ടില്‍നിന്ന് ഭക്ഷണമെത്തിക്കാനുള്ള ഏര്‍പ്പാടുമുണ്ടാക്കി. ഭക്ഷണക്കൊതിയനായിരുന്നു ഈ ഥുമാമ. ഒരു പെണ്ണൊട്ടകത്തിന്റെ മൊത്തം പാല്‍ കുടിച്ചിട്ടും അയാള്‍ക്ക് മതിയായിരുന്നില്ല. ആ വഴി കടന്നുപോകുമ്പോഴെല്ലാം പ്രവാചകന്‍ അയാളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കും. അയാളുടെ മറുപടി എപ്പോഴും ഇതായിരുന്നു: 'നിങ്ങളെന്നെ കൊല്ലുകയാണെങ്കില്‍ അതൊരു രക്തം ചിന്തലിന്റെ (ദൂദം) പേരിലായിരിക്കും. ഇനി നിങ്ങള്‍ നഷ്ടപരിഹാരത്തുക ചോദിക്കുന്നുണ്ടെങ്കില്‍, തുക എത്രയായിരുന്നാലും ചോദിച്ചോളൂ' (ഥുമാമ സൂചിപ്പിക്കുന്ന 'രക്തം ചിന്തല്‍' എന്താണെന്ന് വ്യക്തമല്ല). അയാള്‍ ഉത്തരം നല്‍കിക്കഴിഞ്ഞാല്‍ പ്രവാചകന്‍ ഉടന്‍ സ്ഥലം വിടും. അധികമൊന്നും സംസാരിക്കാന്‍ നില്‍ക്കില്ല. ബന്ധനസ്ഥനായിരിക്കുന്നത് പള്ളിക്കകത്തായിരുന്നതിനാല്‍ അവിടെ നടക്കുന്ന കാര്യങ്ങളെല്ലാം അയാള്‍ കാണുന്നുണ്ടായിരുന്നു. ഇസ്‌ലാം എന്താണെന്ന് നേരില്‍ കണ്ടറിയാനും കഴിഞ്ഞു. മൂന്നാം ദിവസവും പ്രവാചകന്‍ ആ വഴി വന്നപ്പോള്‍ ചോദ്യം ആവര്‍ത്തിച്ചു. മുമ്പ് പറഞ്ഞ അതേ മറുപടി തന്നെയാണ് ഥുമാമക്ക് പറയാനുണ്ടായിരുന്നത്. ഉടന്‍ തന്നെ, നഷ്ടപരിഹാരത്തുകയൊന്നും വാങ്ങാതെ അയാളെ വെറുതെ വിട്ടയക്കാന്‍ പ്രവാചകന്‍ ഉത്തരവിട്ടു. മോചിതനായ അദ്ദേഹം പള്ളിവിട്ട് പുറത്തിറങ്ങി അല്‍ബഖീഅ് വനപ്രദേശത്ത് പോയി കുളിച്ചു. എന്നിട്ട് പ്രവാചക സന്നിധിയില്‍ തിരിച്ചെത്തി താന്‍ ഇസ്‌ലാം സ്വീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചു. എന്നിട്ട് ഇത്രകൂടി പറഞ്ഞു: 'കുറച്ചു മുമ്പ് വരെ നിങ്ങളായിരുന്നു ഞാന്‍ ഏറ്റവുമധികം വെറുത്തിരുന്ന വ്യക്തി; ഇപ്പോള്‍ മറ്റാരേക്കാളും കൂടുതലായി ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, വൈകുന്നേരമായപ്പോള്‍ പരിചാരകര്‍ പതിവു പോലെ ഭക്ഷണവുമായെത്തി. പക്ഷേ, ഏവരെയും അമ്പരപ്പിച്ചുകൊണ്ട്, കൊണ്ടുവന്ന ഭക്ഷണത്തിന്റെ വളരെ കുറച്ച് മാത്രമേ അദ്ദേഹം ഭക്ഷിച്ചുള്ളൂ. ഇക്കാര്യം പ്രവാചകന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അവിടുന്ന് ഇങ്ങനെ നിരീക്ഷിച്ചു: 'അതില്‍ അത്ഭുതമില്ല. വിശ്വാസി ഒരു വയറിലേക്കാണ് ഭക്ഷിക്കുന്നത്; അവിശ്വാസി ഏഴു വയറിലേക്കും.' ശേഷം ഥുമാമ മദീനയില്‍നിന്ന് സ്വന്തം നാട്ടിലേക്ക് മടക്കയാത്ര ആരംഭിച്ചു. മക്ക വഴിയാണ് പോകുന്നത്. ഇസ്‌ലാമിലെ നമസ്‌കാരം പരസ്യമായി അനുഷ്ഠിച്ചുകൊണ്ട് അദ്ദേഹം അവിടെ കൂടിയ മക്കക്കാരെ അമ്പരപ്പിച്ചു. അവര്‍ അദ്ദേഹത്തെ പിടികൂടി കൊല്ലാനൊരുങ്ങിയപ്പോള്‍ ആരോ ഇടപെട്ട് തടഞ്ഞു. യമാമയില്‍നിന്ന് ധാന്യമെത്തുന്നതുകൊണ്ടാണ് മക്കക്കാര്‍ ജീവിച്ചുപോകുന്നത്. അവരുടെ ഗോത്രമുഖ്യനെ കൊന്നാല്‍ അവര്‍ വെറുതെയിരിക്കുമോ? ഇടപെട്ടയാള്‍ ഓര്‍മിപ്പിച്ചു. അങ്ങനെ ഥുമാമയെ അവര്‍ പോകാന്‍ അനുവദിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'ഇനി ഒരു മണി ധാന്യം നിങ്ങളുടെ നാട്ടിലേക്ക് എന്റെ നാട്ടില്‍നിന്ന് വരില്ല; പ്രവാചകന്‍ പ്രത്യേകം അനുവാദം നല്‍കിയാലല്ലാതെ.' ഈ തീരുമാനം മക്കയെ പട്ടിണിയിലെത്തിച്ചു. ഒടുവില്‍ മക്കയിലെ പ്രതിയോഗികള്‍ക്ക് ഈ ഉപരോധം നീക്കിക്കിട്ടാന്‍ പ്രവാചകനോട് താഴ്മയായി കേഴുകയല്ലാതെ നിവൃത്തിയില്ലെന്നു വന്നു. മക്കക്കാരുടെ ആവശ്യപ്രകാരം പ്രവാചകന്‍ ഥുമാമയോട് ഉപരോധം നീക്കാന്‍ ആവശ്യപ്പെടുകയും അദ്ദേഹമത് അംഗീകരിക്കുകയും ചെയ്തു. ഹി. ആറാം വര്‍ഷം തുടക്കത്തിലാണ് ഈ സംഭവം.14 എന്നാല്‍, ഇബ്‌നു ഹിശാമിന്റെ വിവരണത്തില്‍ 'യമാമയിലെ രണ്ട് രാജാക്കന്മാരുടെ' സംഭവം നടന്നത് ഹിജ്‌റ ഏഴാം വര്‍ഷം തുടക്കത്തിലാണ് എന്നാണുള്ളത്. അതിന്റെയര്‍ഥം, പ്രവാചകന്‍ ഇസ്‌ലാമിലേക്ക് ക്ഷണിച്ച് കത്തയച്ചത് ഥുമാമക്കായിരിക്കില്ല; രണ്ടാമത്തെ ഗോത്രമുഖ്യനായ ഹൗദബ്‌നു അലിക്ക് ആയിരിക്കും. അത് അയച്ചിട്ടുണ്ടാവുക ഥുമാമ വഴിക്കും. കാരണം അപ്പോഴേക്കും ഥുമാമ ഇസ്‌ലാം സ്വീകരിച്ചിരുന്നുവല്ലോ. രണ്ട് ഗോത്രമുഖ്യന്മാരും താമസിച്ചിരുന്നതും ഒരേ പ്രദേശത്ത് തന്നെയായിരുന്നുതാനും.

സലീത്വു ബ്‌നു അംറ് എന്ന സ്വഹാബി അബ്‌സീനിയയില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തെയാണ് ഹൗദബ്‌നു അലിക്കുള്ള കത്തുമായി പ്രവാചകന്‍ പറഞ്ഞയക്കുന്നത്. കാരണമദ്ദേഹം ഇടക്കിടെ യമാമ15 സന്ദര്‍ശിക്കുന്ന ആളായിരുന്നു.

ചരിത്രകാരനായ വസീമാഹ് അതേ ചരിത്രസ്രോതസ്സില്‍ ഉദ്ധരിക്കുന്ന വേറെ ചില സംഭവങ്ങളുണ്ട്. സാസാനി ചക്രവര്‍ത്തി ഗോത്രമുഖ്യനായ ഹൗദയെ ഒരു കിരീടമണിയിച്ചിരുന്നുവത്രെ. ഇതു കണ്ട പ്രവാചകന്റെ ദൂതന്‍ അദ്ദേഹത്തോട് പറഞ്ഞു: 'നോക്കൂ, ഹൗദാ! താങ്കള്‍ പരിഹാസ്യനായി നില്‍ക്കുന്ന ഗോത്രമുഖ്യനാണ്. താങ്കളുടെ കീഴില്‍ കുറച്ച് മനുഷ്യാത്മാക്കളുണ്ട്. അവര്‍ പോകുന്നത് നരകത്തിലേക്കാണെന്ന് ഓര്‍മവേണം. യഥാര്‍ഥ ഗോത്രമുഖ്യന്‍ സ്വന്തത്തിനു വേണ്ടി വിശ്വാസത്തിന്റെ കവചം പണിയുന്നവനാണ്. എന്നിട്ട് യഥാര്‍ഥ ഭക്തിയുടേതായ മാര്‍ഗങ്ങള്‍ തെരഞ്ഞു പോകുന്നവനും....' ഇങ്ങനെ പോയി ദൂതന്റെ ഉപദേശങ്ങള്‍. തൊപ്പി, വിലപിടിച്ച രത്‌നക്കല്ല് തുടങ്ങിയവയൊക്കെ പേര്‍ഷ്യന്‍ രാജാവില്‍നിന്ന് സമ്മാനമായി കിട്ടിയതിനാല്‍ 'കിരീടം വെച്ചവന്‍' (ദൂതാജ്) എന്ന വിശേഷണം ലഭിച്ചിരുന്നു ഹൗദക്ക്.16 പേര്‍ഷ്യയിലെ ഖൊസ്‌റുക്കളുടെ സഖ്യകക്ഷിയായിരുന്ന ഹൗദ, നജ്ദിലൂടെ യാത്ര ചെയ്യുന്ന ഇറാനിയന്‍ കച്ചവട സംഘങ്ങളുടെ സംരക്ഷണവും ഏറ്റെടുത്തിരുന്നു. പ്രവാചകന്‍ എഴുതിയ എഴുത്തും ഹൗദ നല്‍കിയ മറുപടിയും അതേപോലെ സൂക്ഷിച്ചുവെക്കപ്പെട്ടിട്ടുണ്ട്. ഹൗദയുടെ മറുപടി ഇങ്ങനെയായിരുന്നു: 'എത്ര മഹത്തായ ഒന്നിലേക്കാണ് താങ്കള്‍ എന്നെ ക്ഷണിക്കുന്നത്! എത്ര മനോഹരം! ഞാന്‍ എന്റെ സമൂഹത്തിന്റെ കവിയും പ്രഭാഷകനുമാണ്. അറബികള്‍ എന്റെ പദവിയെ മാനിക്കുന്നു. അതിനാല്‍ താങ്കള്‍ക്കുള്ള അധികാരത്തിന്റെ ഒരു പങ്ക് എനിക്കും നല്‍കുക. എങ്കില്‍ താങ്കളെ ഞാന്‍ പിന്തുടരാം.'17 ഈ മറുപടി പ്രവാചകന്‍ മുഖവിലക്കെടുത്തിരിക്കാന്‍ സാധ്യതയില്ല. കാരണം, യഥാര്‍ഥ വിശ്വാസമല്ല, തന്റെ ഭൗതികമായ താല്‍പര്യങ്ങളാണ് ഹൗദ കത്തിലൂടെ പ്രകടിപ്പിക്കുന്നത്. ഏറെക്കഴിയുന്നതിനു മുമ്പ് പ്രായം ചെന്ന ഈ യമാമ ഗോത്ര നേതാവ് മരണപ്പെടുകയും ചെയ്തു. രണ്ടു വര്‍ഷം കഴിഞ്ഞ് ബനൂഹനീഫക്കാര്‍ വളരെ പ്രബലമായ ഒരു പ്രതിനിധിസംഘത്തെ മദീനയിലേക്ക് പറഞ്ഞുവിടുന്നുണ്ട്. ഇസ്‌ലാം ഒരു രാഷ്ട്രീയ ശക്തിയായി നിലയുറപ്പിക്കുന്നതില്‍ അവര്‍ക്കുള്ള ഉള്‍ഭയമാവാം അതിന് നിമിത്തമായിട്ടുണ്ടാവുക. പ്രവാചക സന്ദേശത്തില്‍ അവര്‍ക്ക് ദൃഢവിശ്വാസം കൈവന്നതിന്റെ അടയാളമായൊന്നും ആ നീക്കത്തെ കണ്ടുകൂടാ.

റംല ബിന്‍ത് ഹാരിസ് എന്ന മുസ്‌ലിം വനിതയുടെ വസതിയായിരുന്നു അക്കാലത്ത് മദീനയിലെ ഔദ്യോഗിക അതിഥി മന്ദിരം. പ്രവാചകനെ കാണാനെത്തുന്ന ഗോത്രപ്രതിനിധികള്‍ അവിടെയാണ് താമസിക്കുക. ബനൂഹനീഫ ഗോത്രപ്രതിനിധികളും താമസിച്ചത് അവിടെത്തന്നെ. അവര്‍ക്കു വേണ്ട ഭക്ഷണവും അവിടെ എത്തിക്കൊണ്ടിരിക്കും. 'ചിലപ്പോള്‍ റൊട്ടിയും മാംസവും, ചിലപ്പോള്‍ റൊട്ടിയും പാലും, മറ്റു ചിലപ്പോള്‍ റൊട്ടിയും വെണ്ണയും കാരക്കയും'18. സുഹൈലി19യുടെ അഭിപ്രായത്തില്‍, ബനൂഹനീഫ പ്രതിനിധി സംഘത്തിലെ പ്രധാനി മുസൈലിമ എന്നൊരാളായിരുന്നു. 148 വയസ്സ് പ്രായമുള്ളയാള്‍! പ്രവാചകന്റെ പിതാവ് അബ്ദുല്ല ജനിക്കും മുമ്പേ ജനിച്ചയാള്‍. മുസൈലിമ തന്റെ നാട്ടില്‍ അറിയപ്പെട്ടിരുന്നത്, 'യമാമയിലെ കാരുണ്യവാന്‍' (റഹ്മാനുല്‍ യമാമഃ) എന്ന പേരിലായിരുന്നു. പ്രവാചകനും ഹൗദ ബ്‌നു അലിയും തമ്മിലുള്ള കത്തിടപാടുകളെ കുറിച്ചൊക്കെ അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നിരിക്കണം. ചില (രാഷ്ട്രീയ) ആനുകൂല്യങ്ങള്‍ വകവെച്ചുതരണം എന്ന് മുസൈലിമ ആവശ്യപ്പെടാറുണ്ടായിരുന്നു. അന്നേരം പ്രവാചകന്‍ തന്റെ മുമ്പിലുള്ള ഈത്തപ്പന മട്ടല്‍ കൈയിലെടുത്ത് ഇങ്ങനെ പറയും: 'ഇതാണ് നിങ്ങള്‍ ചോദിക്കുന്നതെങ്കില്‍ പോലും ഞാനത് നല്‍കാന്‍ പോകുന്നില്ല.'20

മുസൈലിമ അതിഥികളെ സ്വീകരിക്കുമ്പോള്‍ സ്വന്തം മുഖം തുണിവിരികളാല്‍ മൂടുമായിരുന്നു. വളരെ വിചിത്രമായ ആചാരം. താന്‍ വളരെ പ്രധാനപ്പെട്ട വ്യക്തിത്വമാണെന്നും സാധാരണക്കാര്‍ക്കൊന്നും മുഖം നല്‍കാന്‍ കഴിയില്ലെന്നും ദ്യോതിപ്പിക്കുകയായിരിക്കാം ഇതിലൂടെ. ഇബ്‌നു ഹിശാം നല്‍കുന്ന മറ്റൊരു വിവരണമനുസരിച്ച് ബനൂഹനീഫ പ്രതിനിധി സംഘത്തോടൊപ്പം വന്ന മുസൈലിമ അതിഥി മന്ദിരത്തില്‍ തങ്ങുകയല്ലാതെ പ്രവാചകനെ നേരില്‍ ചെന്ന് കാണാന്‍ തയാറായില്ല. കൂടിയാലോചനക്കൊടുവില്‍ ബനൂഹനീഫ ഗോത്രം ഇസ്‌ലാം സ്വീകരിക്കാന്‍ സന്നദ്ധരായപ്പോള്‍ അവിടെ ഹാജറുള്ള എല്ലാ പ്രതിനിധി സംഘാംഗങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്‍കാന്‍ പ്രവാചകന്‍ ഉത്തരവിട്ടു. ഹാജരാകാത്ത ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. സാധനസാമഗ്രികളും ഒട്ടകങ്ങളും കളവ് പോകാതെ നോക്കാന്‍ തങ്ങളുടെ വന്ദ്യവയോധികനായ ഗോത്രമുഖ്യനെ അതിഥി മന്ദിരത്തിലിരുത്തിയാണ് തങ്ങള്‍ വന്നതെന്ന് പറഞ്ഞപ്പോള്‍ പ്രവാചകന്റെ മറുപടി: 'ആ വ്യക്തിയെയും ഒട്ടും കുറവ് വരാത്ത രീതിയില്‍ ആദരിക്കണം.' മറ്റു പ്രതിനിധിസംഘാംഗങ്ങള്‍ക്ക് നല്‍കിയ അതേ സമ്മാനം മുസൈലിമക്കും പ്രവാചകന്‍ കൊടുത്തയച്ചു. പ്രതിനിധിസംഘം യമാമയിലേക്ക് തിരിച്ചു പോകുന്നതിനിടയില്‍ മുസൈലിമ താന്‍ ദൈവനിയുക്തനായ പ്രവാചകനാണെന്ന് പുലമ്പാന്‍ തുടങ്ങി. മുഹമ്മദ് തന്നെയും തന്നെ അംഗീകരിച്ചിട്ടുണ്ടെന്ന് വാദിച്ചു (മുസൈലിമക്ക് അയാളുടെ അഭാവത്തില്‍ സമ്മാനം നല്‍കിയപ്പോള്‍ പ്രവാചകന്‍ പറഞ്ഞ വാക്കുകളാണ് അതിനുള്ള തെളിവ്!). തനിക്ക് ലഭിച്ച 'ദിവ്യസൂക്തങ്ങളും' മുസൈലിമ ഉരുവിടാന്‍ തുടങ്ങി. വിശുദ്ധ ഖുര്‍ആന്റെ പാരഡിയല്ലാതെ മറ്റൊന്നുമായിരുന്നില്ല അത്. ചില 'അത്ഭുതങ്ങളും' കാണിക്കുന്നുണ്ടായിരുന്നു. ഒരു മുട്ട കുപ്പിക്കഴുത്തിലൂടെ അതിന്റെ ഉള്ളിലേക്ക് തള്ളിക്കയറ്റുക പോലുള്ളവ.21 ഇതിനേക്കാളൊക്കെ പൊതുജനത്തെ ആകര്‍ഷിച്ചിട്ടുണ്ടാവുക മുസൈലിമയുടെ ഇസ്‌ലാം 'പരിഷ്‌കരണങ്ങള്‍' ആവാം. മദ്യനിരോധം താന്‍ നീക്കിക്കളയുന്നു എന്നയാള്‍ പ്രഖ്യാപിച്ചു. വ്യഭിചാരവും ഇനിമേല്‍ പാപമല്ല. ഇബ്‌നു ഹിശാമി22ന്റെ വിവരണപ്രകാരം, അഞ്ചു നേരത്തെ നമസ്‌കാരവും വേണ്ടെന്നു വെച്ചു. സുഹൈലി23 പറയുന്നത്, മുസൈലിമയുടെ ഒരു ബാങ്കു വിളിക്കാരനെ കുറിച്ചാണ്. അയാളെക്കുറിച്ച് വിചിത്രമായ കഥകളും എഴുതുന്നുണ്ട്. ഏതായാലും തുടക്കത്തില്‍ മുസൈലിമ നമസ്‌കാര സമയം രണ്ടായി കുറച്ചിട്ടുണ്ടാവും (ഉദാഹരണത്തിന് പ്രഭാതത്തിലും രാത്രിയിലും). പിന്നെ നമസ്‌കാരം തന്നെ വേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിയിട്ടുണ്ടാവും.

മുസൈലിമ ഒരു സഹപ്രവാചകന്റെ റോളിലാണ് അവതരിച്ചത്. മുഹമ്മദ് നബിയോടൊപ്പം പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രവാചകന്‍.24 ഇത് സൂചിപ്പിച്ചുകൊണ്ട് മുഹമ്മദ് നബിക്ക് കത്തെഴുതുകയും തന്നെ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 'ഖുറൈശികള്‍ നീതിയെ സ്‌നേഹിക്കുന്നവരല്ല' എന്ന തന്റെ ഭയാശങ്കകള്‍ അറിയിക്കുകയും ചെയ്തിരുന്നു. വളരെ ഹ്രസ്വമായിരുന്നു പ്രവാചകന്‍ അതിന് നല്‍കിയ മറുപടി: 'ദൈവദൂതന്‍ മുഹമ്മദില്‍നിന്ന് കള്ളപ്രവാചകന്‍ മുസൈലിമക്ക്. സത്യപാതയില്‍ ചരിക്കുന്നവര്‍ക്ക് സമാധാനമുണ്ടാവട്ടെ. ഭൂമി ദൈവത്തിന് അവകാശപ്പെട്ടതാണ്. താനിഛിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. എല്ലാ നന്മകളും ദൈവത്തെ മാത്രം ഭയപ്പെടുന്നവര്‍ക്കുള്ളതാണ്.'

മതപരിത്യാഗത്തിനെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പ്രവാചകന്‍ ആ മേഖലയിലെ തന്റെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും, ഏറെക്കഴിയുന്നതിനു മുമ്പ് അവിടുന്ന് അന്ത്യശ്വാസം വലിച്ചു. ഈ കാലുമാറ്റത്തിനെതിരെ കര്‍ശന നടപടികളുമായി മുന്നോട്ടു വന്നത് പ്രവാചകന്റെ പിന്‍ഗാമിയായി അധികാരത്തിലെത്തിയ അബൂബക്ര്‍ സിദ്ദീഖാണ്. രക്തപങ്കിലമായ പോരാട്ടങ്ങളാണ് പിന്നീട് അരങ്ങേറിയത്. ഒടുവില്‍ മുസ്‌ലിം സേനാധിപന്‍ ഖാലിദുബ്‌നുല്‍ വലീദ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിച്ചു. വയസ്സ് നൂറ്റിയമ്പത് ആയിരുന്നെങ്കിലും തമീം ഗോത്രക്കാരി സജാഹുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നതിന് മുസൈലിമക്ക് അത് തടസ്സമായിരുന്നില്ല. താനൊരു പ്രവാചകയാണെന്ന് സ്വയം വാദിച്ചുപോന്ന സജാഹാകട്ടെ, ഭര്‍ത്താവിനു വേണ്ടി തന്റെ പ്രവാചകത്വ പദവി കൈയൊഴിയാനും മടി കാണിച്ചില്ല. എണ്ണത്തില്‍ മുസൈലിമയുടെ സൈന്യം തന്നെയായിരുന്നു കൂടുതല്‍. പക്ഷേ, മുസൈലിമയും കൂടെയുള്ള ഒരുപാടാളുകളും യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ബനൂഹനീഫ ഗോത്രത്തലവന്മാരിലൊരാളായ ഥുമാമതുബ്‌നു ഉതാല്‍ ഈ ഘട്ടത്തില്‍ മുസ്‌ലിം സേനയോടൊപ്പം ഉറച്ചു നില്‍ക്കുകയും ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ മുസൈലിമക്ക് സദ്ബുദ്ധി ഉപദേശിച്ചുകൊണ്ട് അദ്ദേഹം ഒരു കത്ത് വരെ എഴുതുന്നുണ്ടെന്ന് വാഖിദി25 രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ ഗോത്രത്തിലെ മറ്റൊരു പ്രമുഖനാണ് മുജ്ജാഹു ബ്‌നു മുറാഹ്. ചില അസാധാരണത്വങ്ങളൊക്കെയുള്ള വ്യക്തിയായിരുന്നു. ഈ ഗോത്രത്തില്‍നിന്ന് ഇദ്ദേഹത്തിന് മാത്രമാണ് പ്രവാചകന്‍ ഭൂമി പതിച്ചുകൊടുത്തത്26 അദ്ദേഹത്തിന്റെ സഹോദരനെ ബനൂദുഹുല്‍ ഗോത്രം വധിക്കുകയായിരുന്നു. ഈ ഗോത്രത്തിനെതിരെ പ്രതികാര നടപടി സ്വീകരിക്കാമെന്നും നഷ്ടപരിഹാരത്തുക അവരില്‍നിന്ന് വാങ്ങിത്തരാമെന്നും വാഗ്ദാനം ചെയ്ത് പ്രവാചകന്‍ അദ്ദേഹത്തിന് കത്തയച്ചിരുന്നു.27 തൊട്ടുടനെ പ്രവാചകന്‍ മരണപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ കലാപകാരികളായ മതപരിത്യാഗികളുടെ കൂടെയാണ് മുജ്ജാഹ് ചേര്‍ന്നത്. ഖാലിദുബ്‌നുല്‍ വലീദ് അദ്ദേഹത്തെ ഉപരോധിച്ചുവെങ്കിലും ഖാലിദിനെ തെറ്റിദ്ധരിപ്പിച്ച് കഠിനമായ പ്രതികാര നടപടികളില്‍നിന്ന് രക്ഷപ്പെട്ടു.28

യഥാര്‍ഥത്തില്‍ ആ യുദ്ധത്തില്‍ ആ ഗോത്രത്തിലെ പോരാളികള്‍ ഏതാണ്ട് മുഴുവനായിത്തന്നെ വധിക്കപ്പെട്ടിരുന്നു. ഉപരോധിക്കപ്പെട്ട കോട്ടയിലുണ്ടായിരുന്നത് സ്ത്രീകളും കുട്ടികളും മാത്രം. മുജ്ജാഹ് ആകട്ടെ ഈ സ്ത്രീകളെയും കുട്ടികളെയും പുരുഷ പോരാളികളുടെ സൈനിക വസ്ത്രങ്ങള്‍ അണിയിപ്പിച്ചു. ദൂരെനിന്ന് നോക്കിയ മുസ്‌ലിം സൈന്യം ശത്രുക്കള്‍ ഇനിയും ബാക്കിയുണ്ടല്ലോ എന്ന് തെറ്റിദ്ധരിച്ച് കുറേക്കൂടി അവധാനപൂര്‍ണമായ നിലപാട് കൈക്കൊണ്ടു. മുജ്ജാഹ് തെറ്റുകള്‍ ഏറ്റുപറഞ്ഞ് വീണ്ടും ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ ഖലീഫ അബൂബക്ര്‍ സിദ്ദീഖ് അദ്ദേഹത്തിന് മാപ്പു നല്‍കുകയാണുണ്ടായത്.  

(തുടരും)

 

കുറിപ്പുകള്‍

1. എന്‍സൈക്ലോപീഡിയ ഓഫ് ഇസ്‌ലാം, നജ്ദിനെക്കുറിച്ച ഭാഗം.

2. ത്വബരി I, 1919

3. ഇബ്‌നു ഹിശാം പേ: 997-998

4. ലിസാനുല്‍ അറബ്, അബൂസൈദ് അന്‍ബല്‍ഖി - അല്‍ ബദ്ഉ വത്താരീഖ് IV, 3132

5. ഇബ്‌നു ഹബീബ് - അല്‍ മുഹബ്ബര്‍ പേ: 351-352

6. അതേ പുസ്തകം പേ: 369

7. അതേ പുസ്തകം പേ: 268

8. ഇബ്‌നുഹിശാം പേ: 283

9. ഇബ്‌നു ഹബീബ് - മുഹബ്ബര്‍ പേ: 168-169

10. ഇബ്‌നുഹിശാം പേ: 971

11. ഇബ്‌നു ഹജര്‍, ഇസ്വാബ, No: 961

12. ഇബ്‌നുസഅ്ദ് V, 401

13. ഇബ്‌നു ഹിശാം പേ: 996

14. ദിയാര്‍ ബക്‌രി - താരീഖുല്‍ ഖമീസ് II, 3

15. സുഹൈലി II, 253

16. ഇബ്‌നു ദുറൈദ് - ഇഗ്തിഖാഖ്, പേ: 209

17. വസാഇഖ്, No: 68

18. ഇബ്‌നു സഅ്ദ് I/ii, പേ: 56

19. സുഹൈലി II, 340

20. ഇബ്‌നുസഅ്ദ് I/ii പേ: 25, ഇബ്‌നുഹിശാം പേ: 945-946

21. സുഹൈലി II, 340

22. ഇബ്‌നുഹിശാം പേ: 946

23. സുഹൈലി II, 340341

24. വസാഇഖ് No: 205-206

25. കിതാബു രിദ്ദ, പേ: 76, വസാഇഖില്‍ ഉദ്ധരിച്ചത്

26. വസാഇഖ് No: 69

27. അതേ കൃതി No: 70

28. അതേ കൃതി No: 71

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (7-13)
എ.വൈ.ആര്‍

ഹദീസ്‌

നന്മ നന്മ കല്‍പ്പിക്കൂ, തിന്മ തടയൂ
കെ.സി ജലീല്‍ പുളിക്കല്‍