Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 09

3042

1439 ജമാദുല്‍ ആഖിര്‍ 20

റബ്ബാനിയ്യ, സലഫിയ്യ, ഹറകിയ്യ പ്രസ്ഥാന പ്രവര്‍ത്തകന്റെ ത്രിമൂല ശിലകള്‍

ടി.കെ ഇബ്‌റാഹീം ടൊറണ്ടോ

ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകന്‍ തന്റെ വ്യക്തിത്വത്തെ നിരന്തരം വളര്‍ത്തിക്കൊണ്ടുവരണം. റബ്ബാനിയ്യ, സലഫിയ്യ, ഹറകിയ്യ എന്നീ ത്രിമൂല ശിലകളിലൂന്നി തന്റെ വ്യക്തിത്വത്തെ സദാ ജാഗ്രത്തായി പരിപാലിച്ചുകൊണ്ടിരിക്കണം. ഈ മൂന്ന് മൂലശിലകളെയും വിസ്തരിക്കുകയാണ് ഈ കുറിപ്പില്‍.

റബ്ബാനിയ്യ എന്നാല്‍ റബ്ബ് അഥവാ നാഥനുമായുള്ള അനുസ്യൂതമായ സാമീപ്യമാണ് ഉദ്ദേശിക്കുന്നത്. അല്ലാഹു പറയുന്നു: ''അല്ലാഹു ഒരാള്‍ക്ക് വേദവും തത്ത്വജ്ഞാനവും പ്രവാചകത്വവും നല്‍കുകയും എന്നിട്ട് അയാള്‍ ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവിന്റെ അടിമകളാകുന്നതിനു പകരം എന്റെ അടിമകളായിരിക്കുവിന്‍ എന്നു പറയുകയും ചെയ്യുക എന്നത് ഒരു മനുഷ്യന്നും ഭൂഷണമല്ല. പ്രത്യുത, 'നിങ്ങള്‍ പഠിക്കുകയും പഠിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വേദപുസ്തകം അനുശാസിക്കുംപടി നിഷ്‌കളങ്കരായ ദൈവഭക്തരായിരിക്കുവിന്‍' എന്നത്രെ അയാള്‍ പറയുക'' (ആലുഇംറാന്‍ 79).

റബ്ബാനിയ്യ സാക്ഷാത്കരിക്കാനും അത് ഇസ്‌ലാമിക വ്യക്തിത്വത്തില്‍ രൂഢമൂലമാക്കാനും രണ്ട് മാര്‍ഗങ്ങള്‍ ഈ സൂക്തം ഊന്നിപ്പറയുന്നു. ഒന്നാമത്തേത്, മറ്റുള്ളവരെ ഖുര്‍ആന്‍ പഠിപ്പിക്കുകയും അവര്‍ക്ക് വിജ്ഞാനം പകരുകയും ആ ദിവ്യചര്യയില്‍ അവരെ തര്‍ബിയത്ത് കൊടുത്ത് വളര്‍ത്തുകയും ചെയ്യുക.

രണ്ടാമത്തെ മാര്‍ഗം, അഥവാ റബ്ബാനിയായ വ്യക്തി സ്വയം പഠിക്കണം, പഠനത്തിനനുസരിച്ച് തന്റെ വ്യക്തിത്വത്തെ വളര്‍ത്തുകയും വേണം. റബ്ബാനിയ്യ ഏതൊരു പ്രസ്ഥാന പ്രവര്‍ത്തകന്റെയും വ്യക്തിത്വത്തിലെ വ്യതിരിക്തതയാണ്. തന്റെ സ്വത്വത്തില്‍ രൂഢമൂലമായിട്ടുള്ള പാശമാണത്. തന്റെ വ്യക്തിത്വത്തെയും ജീവിതത്തിന്റെ സകല രംഗങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്ന പാശം.

പ്രസ്ഥാന പ്രവര്‍ത്തകന്‍ തന്റെ ലക്ഷ്യത്തില്‍ റബ്ബാനിയാണ്, തന്റെ മാര്‍ഗത്തില്‍ റബ്ബാനിയാണ്, തന്റെ ഹൃദയത്തില്‍ റബ്ബാനിയാണ്, തന്റെ ബുദ്ധിയില്‍ റബ്ബാനിയാണ്, തന്റെ വിജ്ഞാനത്തില്‍ റബ്ബാനിയാണ്, ബന്ധുക്കളോടും മറ്റുള്ളവരോടുമുള്ള തന്റെ പെരുമാറ്റത്തില്‍ റബ്ബാനിയാണ്. ആ വ്യക്തി സദാ അല്ലാഹുവിനോടൊപ്പമാണ്. അല്ലാഹുവിങ്കലേക്ക് യാത്ര ചെയ്യുന്നവനാണ്. സകലതും അല്ലാഹുവിന് സമര്‍പ്പിച്ചവനാണ്. അഥവാ സാക്ഷാല്‍ അബ്ദുല്ല- അല്ലാഹുവിന്റെ ദാസന്‍. അവന്റെ മനസ്സിന്റെ വിഹാരരംഗവും ഹൃദയമന്ത്രങ്ങളുടെ കേന്ദ്രവും അല്ലാഹുവാണ്.

അവന്‍ സദാ അല്ലാഹുവുമായുള്ള സാമീപ്യത്തിന്റെ ഉത്തുംഗ ഗോപുരത്തില്‍ വിരാജിക്കുന്നു. പുറം ലോകമൊക്കെ മറന്ന് അല്ലാഹുവില്‍ ലയിക്കുന്നു. ഈ റബ്ബാനിയ്യ ആണ് പ്രസ്ഥാന പ്രവര്‍ത്തകന്റെ വ്യക്തിത്വത്തിന്റെ മൂലശില.

രണ്ടാമത്തെ മൂലശില 'സലഫിയ്യ' ആണ്. ഇത് കേള്‍ക്കുമ്പോള്‍ പലര്‍ക്കും അസ്വസ്ഥത തോന്നുണ്ടാവാം. സാക്ഷാല്‍ സലഫിയ്യത്തിനെക്കുറിച്ച അജ്ഞതയാണ് അതിന് കാരണം. സലഫിയ്യത്ത് 'സലഫി'ന്റെ ചേര്‍ച്ചയാണ്. സലഫ് കൊണ്ടുള്ള ഉദ്ദേശ്യമാകട്ടെ സ്വഹാബികള്‍, അവരുടെ അനുയായികള്‍ (താബിഉകള്‍), അവരുടെയും അനുയായികള്‍ എന്നിങ്ങനെ ഹിജ്‌റയുടെ ആദ്യ മൂന്ന് നൂറ്റാണ്ടുകളില്‍ ജീവിച്ച വിശിഷ്ട തലമുറകളാണ്. മുസ്‌ലിം സമുദായത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ നൂറ്റാണ്ടുകളാണവ. നബി(സ) പറഞ്ഞു: ''ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ ആദ്യം എന്റെ യുഗക്കാര്‍, പിന്നെ അതിനു തൊട്ടുള്ളവര്‍, പിന്നെ അതിനു തൊട്ടുള്ളവര്‍.''

ഈ മൂന്നു നൂറ്റാണ്ടുകളെയാണ് സ്വഹാബികളുടെ തലമുറ, താബിഉകളുടെ തലമുറ, താബിഉത്താബികളുടെ തലമുറ എന്ന് പറയുന്നത്. ഈ മൂന്ന് പ്രഥമ തലമുറകളിലാണ് നന്മകള്‍ സ്വാംശീകരിക്കപ്പെട്ടിരിക്കുന്നത്. കാരണം ഇസ്‌ലാം അതിന്റെ തനിമയോടെ ജ്യോതിസ്സിനിയായ നൂറ്റാണ്ടുകളാണവ. പ്രകാശിത ഇസ്‌ലാമിനെക്കുറിച്ച അന്നത്തെ മുസ്‌ലിംകളുടെ ധാരണ പൊതുവെ ശരിയും സാത്വികവുമായിരുന്നു. അവരുടെ ഇസ്‌ലാമികാനുധാവനം മൊത്തത്തില്‍ ശക്തവും ബലവത്തുമായിരുന്നു. മാര്‍ഗഭ്രംശം വന്ന വിഭാഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സമുദായഗാത്രത്തില്‍ അവ വേരൂന്നിയിരുന്നില്ല.

ആദ്യ മൂന്ന് നൂറ്റാണ്ടുകള്‍ക്കു ശേഷം പാളിച്ചകളും ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും വ്യാപകമായി. ജാഹിലീ ചിന്തകളും സിദ്ധാന്തങ്ങളും മുസ്‌ലിം സമൂഹങ്ങളിലേക്കും ആക്രമിച്ചുകയറി. ധാര്‍മികാനുധാവനം (അല്‍ ഇല്‍തിസാമുല്‍ അഖ്‌ലാഖി) അവര്‍ക്ക് നഷ്ടമാവാന്‍ തുടങ്ങി. ഇസ്‌ലാമിനെയും അതിന്റെ മൗലിക തത്ത്വങ്ങളെയും കുറിച്ച തെറ്റായ ധാരണകള്‍ പ്രചരിച്ചു. അഥവാ സുവര്‍ണ മൂന്ന് നൂറ്റാണ്ടുകള്‍ക്കു ശേഷം ഇസ്‌ലാമിന്റെ ശോഭ മങ്ങുകയാണുണ്ടായത്. സമുദായത്തിന്റെ അന്തസ്സ് അസ്തപ്രഭമായി. ഇസ്‌ലാമിനെയും അതിന്റെ മൗലികാശയങ്ങളെയും കുറിച്ച് - വിശ്വാസം, ഭരണം, ചരിത്രം, ഫിഖ്ഹ് തുടങ്ങി എല്ലാറ്റിലും- തെറ്റായ ധാരണകള്‍ പരന്നു. ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ ഇസ്‌ലാമിനെക്കുറിച്ച ധാരണകളും പിന്‍തലമുറക്കാരുടെ ധാരണയും തമ്മില്‍ വമ്പിച്ച അന്തരമുണ്ട്. സ്വഹാബത്തിന്റെയും താബിഉകളുടെയും താബിഉത്താബിഉകളുടെയും കാലത്തില്‍നിന്ന് അകലുംതോറും ഇസ്‌ലാമിനോടുള്ള ബന്ധവും അതിനെക്കുറിച്ച ധാരണയും ദുര്‍ബലമായിക്കൊണ്ടേയിരുന്നു.

ആദ്യ മൂന്ന് നൂറ്റാണ്ടുകളും പിന്നീടുള്ള തലമുറകളും തമ്മിലുള്ള വ്യത്യാസം പ്രവാചകന്‍(സ) പല ഹദീസുകളിലും വിവരിച്ചിട്ടുണ്ട്. മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ''നിങ്ങളിലേറ്റവും ഉത്തമന്മാര്‍ എന്റെ നൂറ്റാണ്ട്, പിന്നെ അതിന് തൊട്ടവര്‍, പിന്നെ അതിനടുത്തവര്‍...പിന്നെ വരുന്ന ജനങ്ങളില്‍ വിശ്വസ്തതയും സത്യസന്ധതയും നാമാവേശ

ഷമാകും. അവരില്‍ വണ്ണത്തടി സ്ഥലം പിടിക്കും.'' ഇതാണ് സലഫുസ്സ്വാലിഹിന്റെ സ്ഥാനമെങ്കില്‍ പിന്നീട് വരുന്ന നല്ല ആളുകളെല്ലാം അവരെ തുടരാന്‍ ബാധ്യസ്ഥരാണ്.

'അസ്സാബിഖൂനല്‍ അവ്വലൂന്‍' എന്ന് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ടല്ലോ. സലഫുസ്സ്വാലിഹ് ആണ് അസ്സാബിഖൂനല്‍ അവ്വലൂന്‍ (പ്രഥമ മുന്‍ഗാമികള്‍). അല്ലാഹു പറയുന്നു: ''സത്യദീനിന്റെ വിളി കേള്‍ക്കുന്നതില്‍ ഒന്നാമന്മാരായി മുന്നേറിയ മുഹാജിറുകളും അന്‍സ്വാറുകളും, അവര്‍ക്കു ശേഷം സത്യസന്ധമായി അവരെ പിന്തുടര്‍ന്നവരുമുണ്ടല്ലോ, അല്ലാഹു അവരില്‍ സംപ്രീതനായിരിക്കുന്നു. അവര്‍ അവനിലും സംതൃപ്തരായിരിക്കുന്നു. അല്ലാഹു അവര്‍ക്കുവേണ്ടി, താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങള്‍ ഒരുക്കിവെച്ചിട്ടുണ്ട്. അവര്‍ അതിലെ നിത്യവാസികളാകും. ഇത് മഹത്തായ വിജയം തന്നെയാകുന്നു'' (അത്തൗബ 100). 

'നല്ല നിലയില്‍ അവരെ പിന്തുടര്‍ന്നവര്‍' എന്ന പ്രയോഗം സ്വഹാബത്തിന്റെ തലമുറക്കു ശേഷം വന്ന എല്ലാ തലമുറകളെയും ഉള്‍ക്കൊള്ളുന്നു. ഇന്നുള്ള സ്വാലിഹുകള്‍ വരെ അത് നീണ്ടുപോകുന്നു. ഇതേ ആശയം ഉള്‍ക്കൊള്ളുന്ന മറ്റൊരു ഖുര്‍ആനിക സൂക്തം കാണുക: ''അവരോ, പ്രാര്‍ഥിക്കുന്നു: നാഥാ, ഞങ്ങള്‍ക്കും ഞങ്ങള്‍ക്കു മുമ്പേ വിശ്വാസികളായിത്തീര്‍ന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, ഞങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വാസികളോട് വിദ്വേഷമുണ്ടാക്കരുതേ, ഞങ്ങളുടെ നാഥാ, നീ കനിവുറ്റവനും ദയാപരനുമല്ലോ'' (അല്‍ ഹശ്ര്‍ 10).

മുമ്പ് വന്ന രണ്ട് സൂക്തങ്ങളിലും മുഹാജിറുകളെയും അന്‍സ്വാറുകളെയും കുറിച്ചായിരുന്നു. ഈ സൂക്തമാവട്ടെ അവരുടെ ശേഷമുള്ള പിന്‍ഗാമി(സലഫു)കളെക്കുറിച്ചാണ്. പിന്‍ഗാമി(ഖലഫുസ്സ്വാലിഹ്)ക്ക് മുന്‍ഗാമി (സലഫുസ്സ്വാലിഹ്)യോടുള്ളത് ആദരവിന്റെയും സ്‌നേഹബഹുമാനങ്ങളുടെയും പരകോടിയാണെന്നും ഈ സൂക്തം സ്പഷ്ടമാക്കുന്നു.

ഓരോ സലഫും അമാനത്തും ഖിലാഫത്തും (വിശ്വസിച്ചേല്‍പിക്കപ്പെട്ട ദൗത്യവും ഇസ്‌ലാമിന്റെ പ്രതിനിധാനവും) അവര്‍ക്കു ശേഷമുള്ള ഖലഫിന് കൈമാറുന്നു. സലഫിന്റെ ചര്യ പിന്തുടരുന്നുണ്ട് ഖലഫ്. ആ ബന്ധം ഇടമുറിയാതെ തുടര്‍ന്നു പോവുന്നു. സലഫിന്റെയും ഖലഫിന്റെയും ആ അനുഗൃഹീത കാരവാന്‍ യാത്ര തുടരുന്നു.

പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളാണ് ഹറകിയ്യ കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രസ്ഥാന പ്രവര്‍ത്തകന്‍ സലഫുസ്സ്വാലിഹിന്റെ വിജ്ഞാനവും സന്മാര്‍ഗവും അടുത്തറിയാന്‍ ഏറെ ബാധ്യസ്ഥനാണ്. ഇസ്‌ലാമിനെയും അതിന്റെ വിജ്ഞാനങ്ങളെയും സലഫുസ്സ്വാലിഹിന്റെ കണ്ണാടിയിലൂടെ നോക്കിക്കാണാന്‍ അവന് സാധിക്കണം.

സദ്‌വൃത്തരായ മുന്‍ഗാമികളുടെ ചിന്താ-കര്‍മ രീതിയുടെ മൂലതത്ത്വങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: 

1. ഖുര്‍ആനിനോടുള്ള ആഭിമുഖ്യം. വ്യാഖ്യാനത്തിലും ഗ്രാഹ്യത്തിലും നിര്‍ധാരണത്തിലുമെല്ലാം ഇത് പ്രതിഫലിക്കും. ഖുര്‍ആന്റെ അടിസ്ഥാനോദ്ദേശ്യങ്ങള്‍ ഗ്രഹിച്ച ശേഷം ഖുര്‍ആനിക തത്ത്വങ്ങള്‍ പ്രയോഗവത്കരിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. അങ്ങനെ ഖുര്‍ആന്‍ ലക്ഷ്യമാക്കുന്ന സമൂഹസൃഷ്ടിക്കായി പ്രവര്‍ത്തിക്കുക.

2. നബിചരിതത്തെ അതിന്റെ മുഴുവന്‍ തലങ്ങളിലും ഉള്‍ക്കൊള്ളുക. ജീവിതത്തിന്റെ മുഴുമേഖലകളിലും നബി(സ)യുടെ മാര്‍ഗദര്‍ശനം മനസ്സിലാക്കുക. അത് പൂര്‍ണമായി പിന്തുടരുക.

3. സ്വഹീഹായ ഹദീസുകളില്‍ ആവിഷ്‌കൃതമായ പ്രവാചകചര്യയെ, ഖുര്‍ആനുമായി സംയോജിപ്പിക്കുക. ഖുര്‍ആനിലൂടെ അവ മനസ്സിലാക്കുക. ഇസ്‌ലാമിനെ മനസ്സിലാക്കാനും അതിന്റെ നിയമങ്ങള്‍ നിര്‍ധാരണം ചെയ്യാനും ഖുര്‍ആനോടൊപ്പം സുന്നത്തിനെയും അവലംബിക്കുക.

4. ഖുര്‍ആനും സുന്നത്തുമനുസരിച്ച് ജീവിച്ച സ്വഹാബികളുടെ ജീവിതം പഠിക്കുക.

5. ഖുര്‍ആനിനോടും സുന്നത്തിനോടും എതിരു നില്‍ക്കുന്ന എല്ലാ തത്ത്വങ്ങളെയും അവ ആരുടേതായാലും നിരാകരിക്കുക.

6. ഖുര്‍ആനെയും സുന്നത്തിനെയും സത്യത്തിന്റെ തുലാസും വിധികര്‍ത്താവുമായി ഗണിക്കുക. സത്യത്തിന്റെ മാനദണ്ഡമായി മറ്റൊന്നും അംഗീകരിക്കാതിരിക്കുക.

7. കിതാബിനും സുന്നത്തിനുമനുസൃതമായി സമൂഹത്തെ സംഘടിപ്പിക്കുക. കടന്നുകയറുന്ന അന്യ ചിന്തകള്‍ക്കും പ്രവണതകള്‍ക്കുമെതിരെ നിലയുറപ്പിക്കുക.

ഇതാണ് 'സലഫിയ്യത്ത്' കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് പലരും ചെയ്യുന്ന പോലെ വളരെ കുടുസ്സായ അര്‍ഥത്തില്‍ സലഫിയ്യത്തിനെ മനസ്സിലാക്കാതിരിക്കുക. സലഫി എന്നത് ഒരു പ്രത്യേക സംഘത്തിന്റെ പേരായി ചിലര്‍ കരുതുന്നു. അല്ലെങ്കില്‍ ഒരു പ്രത്യേക ശൈഖിന്റെ അനുയായികളായോ ഒരു പ്രത്യേക രീതിയില്‍ ചരിക്കുന്നവരായോ അവരെ മനസ്സിലാക്കുന്നു. അത്തരം സലഫിയ്യത്ത് ഇവിടെ ഉദ്ദേശ്യമല്ല. അഖീദ, ഇബാദത്ത്, ഹദീസ്, ചരിത്രം തുടങ്ങി ഇസ്‌ലാമിക വിജ്ഞാന ശാഖകളില്‍ ഏതെങ്കിലും ചിലതില്‍ ഒതുങ്ങി നമ്മുടെ സലഫിയ്യത്ത് നില്‍ക്കുന്നതുമല്ല.

ഇതേവരെ വിവരിച്ച വിശാലാര്‍ഥത്തിലുള്ള സലഫിയ്യത്ത് പ്രസ്ഥാന പ്രവര്‍ത്തകന്റെ ത്രിമൂല ശിലകളൊന്നായിരിക്കണം. തെറ്റായ ചിന്താഗതികളിലും നിഗമനങ്ങളിലും ചെന്നു ചാടുന്നതില്‍നിന്നുള്ള ഒരു രക്ഷാകവചം കൂടിയാണ് സലഫിയ്യത്ത്.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (7-13)
എ.വൈ.ആര്‍

ഹദീസ്‌

നന്മ നന്മ കല്‍പ്പിക്കൂ, തിന്മ തടയൂ
കെ.സി ജലീല്‍ പുളിക്കല്‍