Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 09

3042

1439 ജമാദുല്‍ ആഖിര്‍ 20

മൗലാനാ മൗദൂദിയും കെ. കരുണാകരനും

മാള ടി.എ മുഹമ്മദ് മൗലവി/സി.എസ് ഷാഹിന്‍

മാളക്കടുത്ത് ചക്കാംപറമ്പിലെ അമ്പലത്തില്‍ ഉത്സവം നടക്കുകയായിരുന്നു. ധാര്‍മിക ബോധമില്ലാത്ത രണ്ട് മുസ്‌ലിം കുട്ടികള്‍ ഉത്സവത്തിനിടയില്‍ ചെറിയ തല്ലുണ്ടാക്കി. ആലപ്പുഴയിലെ പ്രബല കുടുംബാംഗമായ എച്ച്.ഒ അബ്ദുല്‍ ഖാദറാണ് അന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പത്തിലായിരുന്നു. തല്ലുകേസ് അദ്ദേഹത്തിന്റെ അടുത്തെത്തി. രണ്ട് പേരില്‍ ഒരാളെ വിളിച്ച് അദ്ദേഹം ശക്തമായി ശകാരിച്ചു. ഒന്ന് വിരട്ടി വിടുകയും ചെയ്തു. കുറച്ച് കഴിഞ്ഞപ്പോള്‍ അവനും അവന്റെ ഉപ്പയും സ്റ്റേഷനിലേക്ക് കയറിവന്നു. ഹറാംപിറന്നവന്‍ തുടങ്ങിയ തെറിവിളികള്‍ ഡി.വൈ.എസ്.പിക്ക് നേരെ ചൊരിഞ്ഞു. കേട്ട തെറിയുടെ ആഘാതത്തില്‍ അദ്ദേഹം സ്തംഭിച്ചുനിന്നു. സര്‍വീസില്‍ ഇങ്ങനെ ഒരു അനുഭവം മുമ്പ് ഉണ്ടായിട്ടില്ല. ആ ദിവസം അങ്ങനെ തീര്‍ന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അഞ്ച് ജീപ്പ് നിറയെ പോലീസ് മാളയിലെത്തി. അവര്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു. പലരെയും അറസ്റ്റ് ചെയ്തു. ചിലരെ മര്‍ദിച്ചു. മറ്റു ചിലരെ ചോദ്യം ചെയ്തു. പോലീസ് പ്രദേശത്ത് തമ്പടിച്ചു. മുസ്‌ലിം സമുദായത്തിലെ ആര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. ലീഗിന്റെ പ്രാദേശിക നേതാവ് ഉള്‍പ്പെടെ പലരും ഒളിവില്‍ പോയി. ഈ സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന് ഒരു പിടിത്തവുമില്ല. പല വഴികളും ആലോചിച്ചുകൊണ്ടിരിക്കെ ഇബ്‌റാഹിം സുലൈമാന്‍ സേട്ടിന്റെ ചിത്രം മനസ്സില്‍ തെളിഞ്ഞു. എറണാകുളത്തുള്ള അഡ്വക്കറ്റ് പി.കെ കുഞ്ഞാലുവുമായി ബന്ധപ്പെട്ട് സുലൈമാന്‍ സേട്ട് സാഹിബിനെ കാണാന്‍ ഏര്‍പ്പാട് ചെയ്തു. ഞങ്ങള്‍ എറണാകുളത്ത് ചെന്നു. കുഞ്ഞാലു വക്കീലിനെ കണ്ട ശേഷം സേട്ടിന്റെ വീട്ടില്‍ പോയി. മാളയിലെ ഭീകരാവസ്ഥ അദ്ദേഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുകയും പരിഹാരമുണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ ഇപ്പോള്‍ തന്നെ ഫോണ്‍ ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. താങ്കള്‍ ഞങ്ങളുടെ കൂടെ മാളയിലേക്ക് വരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. 'അത് വേണോ?' എന്ന് സേട്ട് സാഹിബ്. 'വന്നേ പറ്റൂ' എന്ന് ഞങ്ങളും. അങ്ങനെ അദ്ദേഹം ഞങ്ങളുടെ കൂടെ പോന്നു. നേരെ മാള ജുമുഅത്ത് പള്ളിയിലേക്കാണ് പോയത്. സേട്ട് വന്ന വിവരം അറിഞ്ഞപ്പോള്‍ ആളുകള്‍ തടിച്ചുകൂടി (എറണാകുളത്തുനിന്ന് മാളയിലേക്കുള്ള യാത്രക്കിടെ നടന്ന സംഭവങ്ങളെല്ലാം അദ്ദേഹത്തിന് കൃത്യമായി വിശദീകരിച്ചുകൊടുത്തിരുന്നു). പള്ളിയില്‍നിന്നും സ്റ്റേഷനിലേക്ക് പോകാന്‍ കാറ് തയാറായി. കാറ് വേണ്ട, നടന്നുപോകാം എന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. ആ പറച്ചിലിന് വ്യക്തമായ ഉദ്ദേശ്യമുണ്ടായിരുന്നു. മുസ്‌ലിംകള്‍ അനാഥരല്ല എന്ന് അങ്ങാടിയിലുള്ള വിവിധ ജാതിമതവിഭാഗങ്ങള്‍ അറിയട്ടെ. മുസ്‌ലിംകള്‍ക്കും നേതാക്കളുണ്ടെന്ന് ബോധ്യപ്പെടട്ടെ. അതിനു വേണ്ടിയാണ് അങ്ങാടിയിലൂടെ നടക്കാന്‍ തീരുമാനിച്ചത്. സേട്ട് സാഹിബും ഞങ്ങളും അങ്ങാടിയിലേക്കിറങ്ങി. അദ്ദേഹത്തിന്റെ വേഷവും വ്യക്തിപ്രഭാവവും ഗാംഭീര്യവും കണ്ട് ജനങ്ങള്‍ അന്തംവിട്ട് നിന്നു. ആളാരാണെന്ന് അറിയാന്‍ അവര്‍ക്ക് ആകാംക്ഷയായി. ഞങ്ങള്‍ സ്റ്റേഷനിലെത്തി. എസ്.ഐ, എ.എസ്.ഐ തുടങ്ങിയവരോട് സേട്ട് സാഹിബ് സംസാരിച്ചു. ഞങ്ങള്‍ പറഞ്ഞതിന് നേര്‍വിപരീതമായ കാര്യങ്ങളാണ് അവര്‍ അദ്ദേഹത്തോട് പറഞ്ഞത്. അത് കേട്ടുകൊണ്ടിരിക്കെ ഇടക്കിടെ സേട്ട് സാഹിബ് ഞങ്ങളുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു. ശേഷം ഡി.വൈ.എസ്.പിയെ കാണാന്‍ മാളയില്‍നിന്ന് ഇരിങ്ങാലക്കുടയിലേക്ക് പോയി. പക്ഷേ, കാണാന്‍ പറ്റിയില്ല. ഫോണില്‍ വിളിച്ച് കിട്ടിയതുമില്ല. സേട്ട് സാഹിബ് വന്ന വിവരം അറിഞ്ഞ് ഒഴിഞ്ഞുമാറിയതായിരിക്കാം. തൃശൂരിലേക്ക് പോയി ഡി.എസ്.പിയെ കണ്ട് വിശദമായി സംസാരിച്ചു. സേട്ട് സാഹിബിന്റെ നിര്‍ബന്ധം പരിഗണിച്ച് ഡി.എസ്.പി ഉത്തരവാദപ്പെട്ടവരെ ഫോണില്‍ വിളിച്ചു. ആരെയും അന്വേഷിച്ച് ഇനി മാളയിലേക്ക് ചെല്ലേണ്ടതില്ല എന്ന് നിര്‍ദേശിച്ചു. അതോടെ മാളയിലുള്ളവര്‍ക്ക് ശ്വാസം വീണു. ഡി.എസ്.പി ചക്കേരിയുടെ കൈയില്‍ പിടിച്ച് ഞാന്‍ പറഞ്ഞു: 'സാറേ, മാളയില്‍ 95 ശതമാനവും മീന്‍പിടിത്തക്കാരും ചുമട്ടു തൊഴിലാളികളുമാണ്. ഒരു ദിവസം പണിക്ക് പോയില്ലെങ്കില്‍ കുടുംബം പട്ടിണിയിലാകും. അതുകൊണ്ട് കേസ് ഒഴിവാക്കണം.' അദ്ദേഹം എന്റെ മുഖത്തേക്ക് വല്ലാതെ തുറിച്ചുനോക്കി. ഒന്നും പറഞ്ഞില്ല. എന്തായാലും, മാസങ്ങള്‍ കഴിഞ്ഞ് കോടതി കേസ് വിളിച്ചു. ഡി.വൈ.എസ്.പി എച്ച്. ഒ അബ്ദുല്‍ ഖാദര്‍ ഹാജരായില്ല. അങ്ങനെ കേസ് തള്ളപ്പെട്ടു. എല്ലാവരും രക്ഷപ്പെട്ടു.

ഈ സംഭവത്തില്‍, പോലീസിന്റെ ക്രൂരമര്‍ദനത്തിനിരയായ കുഞ്ഞുമോന്‍ എന്നയാളെ ചികിത്സിക്കാനും പറവൂരില്‍ ഉഴിച്ചില്‍ നടത്താനും ആവശ്യമായ ചെലവ് ഞങ്ങള്‍ വഹിച്ചു. കൊടിയ ജമാഅത്ത് വിരോധിയായിരുന്നു കുഞ്ഞുമോന്‍.

1969-ല്‍ ആണെന്ന് തോന്നുന്നു, ആര്‍.എസ്.എസ്സിനെയും ജമാഅത്തെ ഇസ്‌ലാമിയെയും നിരോധിക്കണമെന്ന് എ.ഐ.സി.സി പ്രമേയം പാസ്സാക്കി. ഉടന്‍ ജമാഅത്ത് കേന്ദ്രത്തില്‍നിന്ന് സര്‍ക്കുലര്‍ വന്നു. കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കളെ സന്ദര്‍ശിച്ച് ജമാഅത്തിനെ പരിചയപ്പെടുത്തുകയും തെറ്റിദ്ധാരണ നീക്കുകയും ചെയ്യണമെന്ന് നിര്‍ദേശമുണ്ടായി. അതനുസരിച്ച്, ഞാനും പുത്തന്‍ചിറ ഹമീദ് മാഷും മാരേക്കാട് ഖാദര്‍കുട്ടി മാഷും ചേര്‍ന്ന് കെ. കരുണാകരന്റെ അപ്പോയിന്‍മെന്റ് വാങ്ങി. അദ്ദേഹം അന്ന് എം.എല്‍.എ ആണ്. മാളയിലെ കോണ്‍ഗ്രസ് ഓഫീസില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. പ്രശ്‌നം സംസാരിച്ചപ്പോള്‍ കണ്ണിറുക്കി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'ജമാഅത്തിനെ വലിച്ചിട്ടത് തൂക്കം ഒപ്പിക്കാനാണ്.' എന്നാലും എ.ഐ.സി.സി യോഗം ചേരുമ്പോള്‍ തെറ്റിദ്ധാരണ നീക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. കേന്ദ്ര നിര്‍ദേശപ്രകാരം 'ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം', 'ഇസ്‌ലാമിനെ പരിചയപ്പെടുക' എന്നീ പുസ്തകങ്ങള്‍ കരുണാകരന് നല്‍കി. കരുണാകരന്‍ പുസ്തകം കൈയിലെടുത്തു. ചട്ടയില്‍ മൗലാനാ മൗദൂദി എന്ന പേര് കണ്ടതും ആവേശത്തോടെ അദ്ദേഹം പറഞ്ഞു: 'മൗലാനാ മൗദൂദിയോ, അത് ഞങ്ങളുടെ ആളാണ്.' ഞങ്ങള്‍ അത്ഭുതപ്പെട്ടു. 'സാറേ, മൗലാനാ മൗദൂദി ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപക നേതാവാണ്.' അപ്പോള്‍ അദ്ദേഹം പ്രതികരിച്ചു: 'ഏത് സ്ഥാപക നേതാവായാലും മൗദൂദി ഞങ്ങളുടെ ആളാണ്.' അങ്ങനെ പറയാനുള്ള കാരണം ചോദിച്ചപ്പോള്‍ അദ്ദേഹം വ്യക്തമാക്കി: 'മൗലവിക്കറിയില്ലേ, ഇന്ത്യാ വിഭജന പ്രക്ഷോഭം നടക്കുന്ന സന്ദര്‍ഭം. വിഭജനത്തിനെതിരെ മൗലാനാ ആസാദിനെ പോലെ ശക്തമായി പോരാടിയ വ്യക്തിയാണ് മൗദൂദി. ഈ വിഷയത്തിലുള്ള മൗദൂദിയുടെ ലേഖനങ്ങളും പ്രഭാഷണങ്ങളും എ.ഐ.സി.സി ഇന്ത്യയൊട്ടുക്കും സൗജന്യമായി വിതരണം ചെയ്തിരുന്നു.' രണ്ട് കൈപടങ്ങളും നീട്ടി അഭിമാനത്തോടെ കരുണാകരന്‍ തുടര്‍ന്നു: 'ഇതാ ഈ കൈകള്‍കൊണ്ട് ധാരാളം ലഘുലേഖകള്‍ ഞാനും വിതരണം ചെയ്തിട്ടുണ്ട്.'

കരുണാകരനുമായുള്ള എന്റെ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ആ ബന്ധം തുടര്‍ന്നു. വളരെ പെട്ടെന്ന് അത് സൗഹൃദമായി വളര്‍ന്നു. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി മാറി.

ജമാഅത്തിനെ നിരോധിക്കുന്ന സന്ദര്‍ഭത്തില്‍ കരുണാകരന്‍ ആഭ്യന്തര മന്ത്രിയായിരുന്നു. രാജ്യം സ്തംഭിച്ചുപോയ അടിയന്തരാവസ്ഥാ ദിനങ്ങള്‍. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം മാളയിലേക്ക് ഫോണ്‍ചെയ്തു. മാളയില്‍ പ്രശ്‌നങ്ങള്‍ വല്ലതുമുണ്ടോ എന്ന് കോണ്‍ഗ്രസ് നേതാവ് വര്‍ഗീസ് പെരേപ്പാടനോട് അന്വേഷിച്ചു. രണ്ടു ദിവസം മുമ്പ് മൗലവിയെ അറസ്റ്റ് ചെയ്ത് ഇരിങ്ങാലക്കുട സബ്ജയിലിലേക്ക് കൊണ്ടുപോയി എന്ന് അദ്ദേഹം കരുണാകരനെ അറിയിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടത് ഞാനാണ് എന്നാണ് അദ്ദേഹം ധരിച്ചത്. ജാമ്യത്തിലിറക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ഉടന്‍ ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. യഥാര്‍ഥത്തില്‍ അന്ന് മാളയില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടത് അബ്ദുസ്സലാം മൗലവി, പി.എ അലിക്കുഞ്ഞ് പുത്തന്‍ചിറ, ടി.എ ഹമീദ് മാഷ് പുത്തന്‍ചിറ എന്നിവരായിരുന്നു. കരുണാകരന്റെ അറിയിപ്പ് കിട്ടിയതോടെ ഞങ്ങള്‍ ജാമ്യത്തിന് ഊര്‍ജിതമായ ശ്രമം നടത്തി. മൂവര്‍ക്കും ജാമ്യം ലഭിക്കുകയും ചെയ്തു.

ഇരിങ്ങാലക്കുട സബ്ജയിലില്‍ ഒരു വാര്‍ഡന്‍ അബ്ദുസ്സലാം മൗലവിയുടെ താടി നിര്‍ബന്ധിച്ച് വടിപ്പിച്ചു. കാശ് കിട്ടാന്‍ വേണ്ടി ചെയ്ത പണിയാണ്. മൗലവിയുണ്ടോ കാശ് കൊടുക്കുന്നു! ഈ സംഭവം മുജാഹിദുകള്‍ വളച്ചൊടിച്ചു. എങ്ങനെയെങ്കിലും ജയിലില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മൗലവി താടി വടിച്ചുകളഞ്ഞു എന്ന് അവര്‍ പ്രചരിപ്പിച്ചു.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ സി.പി മേനോന്‍ മാതൃഭൂമിയില്‍ സുദീര്‍ഘമായ ഒരു ലേഖനം എഴുതി. ആര്‍.എസ്.എസ് ഒരു സാംസ്‌കാരിക സംഘടനയാണെന്നും അതിനെ നിരോധിച്ചത് ശരിയായില്ലെന്നും അദ്ദേഹം അതില്‍ വിശദീകരിച്ചു. അത് വായിച്ചപ്പോള്‍ ഞങ്ങള്‍ ചിന്തിച്ചു: അടിയന്തരാവസ്ഥയായിട്ടും മറ്റുള്ളവര്‍ക്ക് ഇങ്ങനെയൊക്കെ എഴുതുകയും പറയുകയും ചെയ്യാമെങ്കില്‍ നമുക്ക് എന്തുകൊണ്ട് അതായിക്കൂടാ? ഞങ്ങള്‍ ഉടന്‍ കെ.പി.സി.സി മെമ്പറായിരുന്ന മാളയിലെ എ.എം അലി മാഷിനെ ചെന്ന് കണ്ടു. നമുക്കൊരുമിച്ച് കരുണാകരനെ കാണണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അലിമാഷ് സമ്മതിച്ചു. അടുത്തദിവസം തന്നെ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. മാഷും ഞാനും സി.കെ.ബി വാളൂരും ആലുവയില്‍നിന്ന് ലിബാസ് അലി സാഹിബും അബ്ദുസ്സലാം മൗലവിയും തിരുവനന്തപുരത്തെത്തി. രാവിലെ പതിനൊന്ന് മണിക്ക് പ്രാതല്‍ കഴിച്ചത് കരുണാകരന്റെ വീട്ടില്‍നിന്നായിരുന്നു. പതിനൊന്നരക്ക് വന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞു. അതിനിടയില്‍ അലി മാഷ് വികാരഭരിതനായി: 'താങ്കളുടെ ഭരണകാലത്ത് ഞങ്ങളുടെ ഒരു മൗലവിക്ക് താടിവെച്ച് ജീവിക്കാന്‍ കഴിയാതെയായല്ലോ.' ഇതു കേട്ടപ്പോള്‍ കരുണാകരന്‍ ആകെ വിളറി. സംഭവത്തിന്റെ വിശദീകരണം ചോദിച്ചു. അബ്ദുസ്സലാം മൗലവിക്കുണ്ടായ ദുരനുഭവം അറിയിച്ചു. ഉടനെ അദ്ദേഹം ഐ.ജിയെ ഫോണില്‍ വിളിച്ചു. ഇങ്ങനെയൊരു സംഭവം കേള്‍ക്കുന്നുണ്ടെന്നും അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് തരണമെന്നും ആവശ്യപ്പെട്ടു. ശേഷം അദ്ദേഹം അസംബ്ലിയിലേക്ക് പോയി. ഒന്നര മണിക്ക് തിരിച്ചു വന്നപ്പോള്‍ ഞങ്ങളോട് പറഞ്ഞു: 'താടി വടിപ്പിച്ച വാര്‍ഡനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.' ഞങ്ങള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം. ഒന്നരമണിക്കൂറിനുള്ളിലല്ലേ അന്വേഷണവും റിപ്പോര്‍ട്ടും നടപടിയും ഉണ്ടായത് (സസ്‌പെന്‍ഷനിലായ പോലീസൂകാരന്‍ മൗലവിയുടെ അടുക്കല്‍ വന്ന് കൈയും കാലും പിടിച്ചു. കുടുംബം പട്ടിണിയിലാകുമെന്ന് കരഞ്ഞു പറഞ്ഞു. ഒടുവില്‍, പരാതിയില്ല എന്ന് മൗലവി എഴുതിക്കൊടുത്തു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെട്ടു).

ഊണ് കഴിഞ്ഞ് കാര്യങ്ങള്‍ വിശദമായി കരുണാകരനോട് സംസാരിക്കാന്‍ തുടങ്ങി: 'കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി ജമാഅത്തുകാര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അവര്‍ക്കെല്ലാം ജാമ്യം കിട്ടാന്‍ വേണ്ടത് ചെയ്യണം.' അപ്പോള്‍ ചിരിച്ചുകൊണ്ട് കരുണാകരന്‍: 'ഒരു സംസ്ഥാനത്തെ മുഴുവന്‍ കൈകാര്യം ചെയ്യാനല്ലേ നിങ്ങള്‍ പറയുന്നത്! ശരി, ഒരു മെമ്മോറാണ്ടം എഴുതിത്തരൂ.' ജമാഅത്തെ ഇസ്‌ലാമി നിരോധനം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയല്ല. ആയതിനാല്‍ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവര്‍ക്കും ജാമ്യം നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞങ്ങള്‍ ഒരു മെമ്മോറാണ്ടം എഴുതി നല്‍കി. അത് വായിച്ച ശേഷം കരുണാകരന്‍ നിര്‍ദേശിച്ചു: 'ഒന്നു രണ്ടു പേര്‍ ജയിലില്‍ കിടക്കണം. എല്ലാവരെയും ഒന്നിച്ച് വിട്ടയച്ചാല്‍ പ്രധാനമന്ത്രി എന്ത് വിചാരിക്കും. ജയിലില്‍ കഴിയേണ്ട ആളുകള്‍ ആരൊക്കെയാണെന്ന് നിങ്ങള്‍ പറഞ്ഞാല്‍ മതി.' 'ഒന്ന് ഞാന്‍ തന്നെ' - ഉടന്‍ അബ്ദുസ്സലാം മൗലവി പറഞ്ഞു. ഞങ്ങള്‍ അത് സമ്മതിച്ചില്ല. ഞാന്‍ കരുണാകരനോട് പറഞ്ഞു: 'പേരൊന്നും ഞങ്ങള്‍ പറയുന്നില്ല. സാര്‍ തന്നെ തീരുമാനിച്ചാല്‍ മതി.'

ആ ദിവസങ്ങളില്‍ കേരളത്തിന്റെ നാനാഭാഗത്തുനിന്നും പല ജമാഅത്തുകാരും മാളയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. കരുണാകരനുമായുള്ള ബന്ധം വഴി ചെയ്യാവുന്നതെല്ലാം ഞങ്ങള്‍ ചെയ്തു. എങ്കിലും ചില സ്ഥലങ്ങളില്‍ ജാമ്യം കിട്ടുന്നതില്‍ തടസ്സം നേരിട്ടു. വീണ്ടും കരുണാകരനെ കണ്ട് വിവരം പറഞ്ഞു. അപ്പോള്‍ അദ്ദേഹം: 'അത് നിങ്ങള്‍ക്ക് മനസ്സിലായില്ലേ. നിങ്ങളോട് ശത്രുതയുള്ളവര്‍ കളിക്കുന്ന കളിയാണ്. അവരുമായി മയത്തില്‍ ബന്ധപ്പെട്ടാല്‍ പരിഹാരമുണ്ടാകും.'

അടിയന്തരാവസ്ഥാ ദിനങ്ങളിലും മാള മഹല്ലില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ട് പോയി. ഒരു നല്ല മദ്‌റസാ കെട്ടിടം പണിയാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞാനും അബ്ദുസ്സലാം മൗലവിയും കൊടുങ്ങല്ലൂര്‍, ചാവക്കാട്, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങി. അഭ്യുദയകാംക്ഷികളെ ചെന്ന് കണ്ടു. മഹല്ലില്‍ മദ്‌റസക്ക് വേണ്ടി ഒരു വാര്‍ക്ക കെട്ടിടം പണികഴിപ്പിച്ചു.

മാളക്കടുത്ത് കുണ്ടൂ ക്രിസ്ത്യന്‍ പള്ളിയുടെ നൂറാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തത് കരുണാകരന്‍. എനിക്കും സ്വാമിക്കും ആശംസാ പ്രസംഗം. ഉദ്ഘാടനത്തിന് നിലവിളക്ക് കത്തിക്കാന്‍ തുടങ്ങി. എന്നെയും അതിന് ഒരാള്‍ നിര്‍ബന്ധിച്ചു. 'ഏയ്, മൗലവി വേണ്ട' എന്നു പറഞ്ഞ് കരുണാകരന്‍ എന്നെ പിടിച്ചുമാറ്റി. ഈയിടക്ക് നിലവിളക്ക് കൊളുത്തല്‍ വിവാദമുണ്ടായപ്പോള്‍ ഈ സംഭവം എന്റെ ഓര്‍മയിലേക്ക് വീണ്ടും കടന്നുവന്നു. ഈത്തപ്പഴം കരുണാകരന് വലിയ ഇഷ്ടമായിരുന്നു. ഇതറിഞ്ഞ എം.എ യൂസുഫലി ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം നല്ല ഇനം ഈത്തപ്പഴം കരുണാകരനു വേണ്ടി വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് അയച്ചുകൊടുക്കുമായിരുന്നു.

 

ഫീല്‍ഡില്‍

വ്യക്തികളില്‍നിന്ന് വ്യക്തികളിലേക്കുള്ള പ്രയാണം. പ്രസ്ഥാനം പകര്‍ന്നു കൊടുക്കാനുള്ള ആവേശം. പ്രഭാഷണങ്ങളും സന്ദര്‍ശനങ്ങളും. എന്റെ പ്രവര്‍ത്തന പാത അങ്ങനെ തെളിഞ്ഞു വരികയായിരുന്നു. ജനങ്ങളുമായി ഇഴുകിച്ചേരുന്ന പ്രകൃതം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. പ്രസ്ഥാന പ്രവര്‍ത്തന രംഗത്ത് അത് ഏറെ ഗുണം ചെയ്തു. മാള കേന്ദ്രീകരിച്ചായിരുന്നു ആദ്യകാല പ്രവര്‍ത്തനങ്ങള്‍. മാളയിലെ പ്രവര്‍ത്തന വിപുലീകരണം ലക്ഷ്യം വെച്ച് ഒരു ട്രസ്റ്റ് രൂപീകരിച്ചു. ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റ് (ഐ.എസ്.ടി) എന്ന് പേര് നല്‍കി. പി.കെ ബഷീറുദ്ദീന്‍ സാഹിബ്, പി.എം കൊച്ചു മുഹമ്മദ്, കെ.എസ് മജീദ്, ഇ.എസ് റഹ്മത്തുല്ലാ മാഷ്, പി.കെ റഹീം സാഹിബ്, കെ.എം സഈദ് മാഷ്, സി.കെ.ബി വാളൂര്‍, സി.എം മുഹമ്മദ്, കെ.എം ഉമ്മര്‍ തുടങ്ങിയവരായിരുന്നു ട്രസ്റ്റ് അംഗങ്ങള്‍. ഐ.എസ്.ടിയും പള്ളിയും വികസിച്ചുകൊണ്ടിരുന്നു. ഐ.എസ്.ടിയുടെ ആഭിമുഖ്യത്തില്‍ മൂന്ന് മതവിഭാഗങ്ങളില്‍പെട്ട കുടുംബങ്ങള്‍ക്ക് വേണ്ടി സമൂഹ വിവാഹം നടത്താന്‍ തീരുമാനിച്ചു. അതിന്റെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത് കെ. കരുണാകരനായിരുന്നു. ഐ.എസ്.ടി ഗ്രൗണ്ടില്‍ നടന്ന സമൂഹ വിവാഹത്തില്‍ കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് ഖുത്വ്ബ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ ടിക്കാറാം മീണ അതിഥിയായിരുന്നു. വടക്കേ ഇന്ത്യക്കാരനായ അദ്ദേഹം ആശംസാ പ്രസംഗത്തില്‍ ആവേശത്തോടെ ആവര്‍ത്തിച്ച് പറഞ്ഞു: 'മതസൗഹാര്‍ദം എന്നൊന്നുണ്ടെങ്കില്‍ അത് ഇവിടെയാണ്. ഇവിടെയാണ്, ഇവിടെയാണ്.'

1979-ല്‍ കെ.സി അബ്ദുല്ല മൗലവിയുടെ സാന്നിധ്യത്തില്‍ ജമാഅത്ത് അംഗമായി. തുടര്‍ന്ന് സംഘടനയുടെ മുഴുസമയ പ്രവര്‍ത്തകനായി നിശ്ചയിക്കപ്പെട്ടു. തൃശൂര്‍ ജില്ലാ നാസിം, പാലക്കാട് ജില്ലാ നാസിം, സംസ്ഥാന കൂടിയാലോചനാ സമിതിയംഗം തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കപ്പെട്ടു. പ്രവര്‍ത്തകരോടൊപ്പം ജീവിച്ച കാലം. അവരോടൊപ്പം ഉണ്ടും ഉറങ്ങിയും സന്തോഷവും സങ്കടവും പരസ്പരം പങ്കുവെച്ചും കഴിഞ്ഞ ദിനരാത്രങ്ങള്‍. മധുരിക്കുന്ന ഓര്‍മകളായി അത് ഇന്നും മനസ്സില്‍ അവശേഷിക്കുന്നു. ഈ വാര്‍ധക്യകാലത്ത് ആ സ്മരണകള്‍ നല്‍കുന്ന സന്തോഷം ചെറുതല്ല.

പാലക്കാട് ജില്ലാ നാസിം ആയിരിക്കെ ഒരു സൗഹൃദവേദിക്ക് രൂപം നല്‍കി. വ്യത്യസ്ത മതങ്ങളിലെ പ്രമുഖരുടെ സക്രിയ പങ്കാളിത്തമുള്ള പാലക്കാട് സൗഹൃദവേദി. അല്ലാഹുവിന് സ്തുതി. ഇന്നും അത് വ്യവസ്ഥാപിതമായി മുന്നോട്ടു പോകുന്നു. പാലക്കാട്ട് മതസൗഹാര്‍ദം ശക്തിപ്പെടുത്തുന്നതില്‍ സൗഹൃദവേദി വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്.

കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ വഅ്‌ളിന് പോവുക പതിവായിരുന്നു. മുസ്‌ലിം സമൂഹത്തിന്റെ സംസ്‌കരണത്തില്‍ വഅ്‌ള് ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. ദുബൈ, അബൂദബി, മസ്‌കത്ത്, സുഊദി അറേബ്യ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ നാടുകള്‍ പ്രസ്ഥാന ആവശ്യങ്ങള്‍ക്കായി ഒന്നിലധികം തവണ സന്ദര്‍ശിച്ചിട്ടുണ്ട്. ഗ്രൂപ്പ് ലീഡറായി രണ്ടു തവണ ഹജ്ജും രണ്ട് തവണ ഉംറയും നിര്‍വഹിച്ചു. ഒരിക്കല്‍ മൊയ്തു മൗലവിയോടൊപ്പം ഒന്നര മാസത്തെ സുഊദി സന്ദര്‍ശനം. പ്രശസ്ത പണ്ഡിതന്‍ ശൈഖ് ഇബ്‌നു ബാസിന്റെ സല്‍ക്കാരം.  നിമിഷ നേരം കൊണ്ട് അറബിയില്‍ കവിതയുണ്ടാക്കാന്‍ ശേഷിയുള്ള പ്രതിഭയായിരുന്നു മൊയ്തു മൗലവി. ഞങ്ങള്‍ സുഊദിയിലെ ഒരു റോഡിലൂടെ നടക്കുകയാണ്. അറ്റമില്ലാതെ നീണ്ടുകിടക്കുന്ന റോഡ് നോക്കി മൗലവി കവിത ചൊല്ലി:

''ഈ വഴി അറ്റമില്ലാതെ നീണ്ടു കടക്കുകയാണ്

ശൂന്യതയിലേക്കാണോ അതോ ആകാശത്തിലേക്കാണോ

അത് നീങ്ങിക്കൊണ്ടിരിക്കുന്നത്''

ഞങ്ങള്‍ നടത്തം തുടരുകയാണ്. ഒരു സൂചനാ ബോര്‍ഡ് പെട്ടെന്ന് എന്റെ കണ്ണില്‍ പെട്ടു. ശാരിഅ് മൗദൂദി (മൗദൂദി റോഡ്) എന്നാണ് അതില്‍ എഴുതിയിരിക്കുന്നത്. ഞാന്‍ ആവശേത്തോടെ മൗലവിയുടെ കൈ പിടിച്ച് പറഞ്ഞു: 'ഇത് കണ്ടോ മൗലവി?' അപ്പോള്‍ മൗലവി വീണ്ടും കവിത ചൊല്ലി. 'എല്ലാ റോഡുകളും മൗദൂദിയുടേതാകട്ടെ.'

ഇടക്കിടെ കെ.സി അബ്ദുല്ല മൗലവിയെ കാണാറുണ്ടായിരുന്നു. കാണുമ്പോഴെല്ലാം വായനയെക്കുറിച്ച് അദ്ദേഹം അന്വേഷിക്കും. വായിക്കുന്ന പുസ്തകങ്ങളുടെ പേരുകള്‍ പറയുമ്പോള്‍ അദ്ദേഹം ഇങ്ങനെ പ്രതികരിക്കും: 'അതൊക്കെ മനുഷ്യനിര്‍മിതങ്ങളാണ്. ന്യൂനതകളുണ്ടാകും. കാലപ്പഴക്കം അതിന്റെ ഉള്ളടക്കത്തെ ബാധിക്കും. അവ വായിക്കുന്നതോടൊപ്പം ഖുര്‍ആനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിരന്തരം പാരായണം നടത്തുക. ആഴത്തിലേക്കിറങ്ങി ചിന്തിക്കുക.' ഒരായുസ്സ് മുഴുവന്‍ ഖുര്‍ആനില്‍ ജീവിച്ച സാത്വികന്‍. അദ്ദേഹം രോഗിയായി കോഴിക്കോട്ട് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞാന്‍ സന്ദര്‍ശിക്കാന്‍ പോയി. അര്‍ധബോധാവസ്ഥയിലായിരുന്നു. ഇടക്ക് അദ്ദേഹം കൈകൊണ്ട് എന്തോ ആംഗ്യം കാണിച്ചു. പേന ചോദിച്ചതാണ്. പേന കൊടുത്തു. അല്‍പം കഴിഞ്ഞ് കടലാസ് ചോദിച്ചപ്പോള്‍ അതും നല്‍കി. അതില്‍ എന്തൊക്കെയോ അദ്ദേഹം എഴുതി. കടലാസ് വാങ്ങി നോക്കുമ്പോള്‍ കുറച്ച് വരകള്‍ മാത്രമാണ് കണ്ടത്. എന്റെ കണ്ണ് നിറഞ്ഞുപോയി. മരണത്തിന് അല്‍പം മുമ്പും ഇതു തന്നെയായിരുന്നു അവസ്ഥ.

ജില്ലാ നാസിം സ്ഥാനത്തുനിന്ന് ഒഴിഞ്ഞശേഷം മറ്റൊരു ചുമതല പ്രസ്ഥാനം ഏല്‍പിച്ചു. പണ്ഡിതന്മാരെയും ഖത്വീബുമാരെയും കാണുക. അവര്‍ക്ക് പ്രസ്ഥാനത്തെ പരിചയപ്പെടുത്തുക. പ്രസ്ഥാനത്തിലേക്ക് അവരെ അടുപ്പിക്കുക. പ്രത്യേകിച്ചും തെക്കന്‍ മേഖലകളില്‍. ഇതനുസരിച്ച് മൂന്ന് വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. ഏകദേശം 150-ല്‍ അധികം പണ്ഡിതന്മാരുമായി ബന്ധം സ്ഥാപിച്ചു. അവരുമായി ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്തി. വളരെ ഫലപ്രദമായ പദ്ധതിയായിരുന്നു അത്. അതുകൊണ്ടുതന്നെ പ്രസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു പണ്ഡിത സംഘടന രൂപീകരിക്കണമെന്ന് പലപ്പോഴും നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു (അല്‍ഹംദുലില്ലാഹ്, ഇപ്പോള്‍ അതും യാഥാര്‍ഥ്യമായി). ആ സന്ദര്‍ഭത്തിലാണ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായത്. അങ്ങനെ പ്രസ്തുത സന്ദര്‍ശനങ്ങള്‍ നിലച്ചു. ഇപ്പോള്‍ മാളയിലും തൃശൂര്‍ ജില്ലയിലുമായി ആരോഗ്യം അനുവദിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.

രണ്ട് മക്കളാണ്. മൂത്തത് മകള്‍. അബ്ദുസ്സലാം മൗലവിയുടെ മകന്‍ മുഹമ്മദലിയാണ് അവളെ വിവാഹം ചെയ്തത്. മകന്‍ അഹ്മദ് നജീബ്, ആലുവ അസ്ഹറുല്‍ ഉലൂമില്‍ പഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ ചെറിയ കച്ചവടവുമായി മാളയില്‍ തന്നെയാണ്. കൂടെ പ്രഭാഷണവും പ്രസ്ഥാന പ്രവര്‍ത്തനവും.

വര്‍ഷങ്ങള്‍ക്കു മുമ്പ് പൊന്നാനിയിലെ പ്രവര്‍ത്തകരോടൊപ്പം ഇമ്പിച്ചിബാവയുടെ വീട്ടില്‍ പോയി. ഭാര്യ ഫാത്വിമാ ബീവിയുമായി കുറേ നേരം സംസാരിച്ചു. പൊന്നാനി ചെയര്‍പേഴ്‌സനായിരുന്നു അവര്‍. ഞാനും ഇമ്പിച്ചിബാവയും തമ്മിലുള്ള പഴയകാല ബന്ധം അവരുമായി പങ്കുവെച്ചു. പര്‍ദാധാരണിയായ ഫാത്വിമ തികഞ്ഞ ദീനീനിഷ്ഠയോടെയാണ് ജീവിക്കുന്നത്. ഇമ്പിച്ചി മരണപ്പെട്ടപ്പോള്‍ മാധ്യമം പത്രത്തില്‍ വന്ന ഒരു അനുസ്മരണ കുറിപ്പ് സംസാരത്തിനിടയില്‍ കടന്നുവന്നു. മദീനയില്‍ പ്രവാചകന്റെ ഖബ്ര്‍ സന്ദര്‍ശിക്കാനുള്ള ക്യൂവില്‍ നില്‍ക്കുകയായിരുന്നു ഇമ്പിച്ചിബാവ. ആ സമയത്ത് അദ്ദേഹത്തിന്റെ കവിള്‍തടങ്ങളിലൂടെ കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ലേഖകന്‍ അത് വിശദീകരിച്ചത് ഇപ്രകാരമാണ്: 'പ്രവാചകന്‍ അനുഭവിച്ച കൊടിയ പീഡനങ്ങള്‍ ഓര്‍ത്തിട്ടാകാം അദ്ദേഹം കരഞ്ഞത്. അല്ലെങ്കില്‍, നബിയുടെ യഥാര്‍ഥ അനുയായി ആകാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം കൊണ്ട്.'

യാത്ര പറഞ്ഞ് ഇറങ്ങാന്‍ നേരം ഞാന്‍ ഫാത്വിമയോട് പറഞ്ഞു: അല്ലാഹുവിനെ മുറുകെ പിടിക്കുക. അദ്ദേഹത്തിനുവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുക; ഇവിടെ ഞങ്ങള്‍ ഒരുമിച്ച് സന്തോഷത്തോടെ ജീവിച്ചതുപോലെ പരലോകത്തും ഞങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ ഒരുമിച്ചു ജീവിക്കാന്‍ തൗഫീഖ് നല്‍കണേ. ഇത്രയും പറഞ്ഞപ്പോള്‍ അവരുടെ മനസ്സ് വിങ്ങി. കണ്ണുകള്‍ നിറഞ്ഞു. പൊട്ടിക്കരഞ്ഞു. ഞാനും കരഞ്ഞുപോയി. പിന്നെ ഒന്നും പറയാന്‍ നിന്നില്ല. സലാം പറഞ്ഞ് ഇറങ്ങി. 

(അവസാനിച്ചു)

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (7-13)
എ.വൈ.ആര്‍

ഹദീസ്‌

നന്മ നന്മ കല്‍പ്പിക്കൂ, തിന്മ തടയൂ
കെ.സി ജലീല്‍ പുളിക്കല്‍