Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 02

3041

1439 ജമാദുല്‍ ആഖിര്‍ 13

സുന്നത്തും ബിദ്അത്തും വിശ്വാസ കാര്യങ്ങളില്‍ പരിമിതമോ?

ഇ.എന്‍ ഇബ്‌റാഹീം

സുന്നത്തിനെ ആചാരപരമെന്നും വിശ്വാസപരമെന്നും രണ്ടായി തിരിക്കാം. അതേ തരംതിരിവ് ബിദ്അത്തിന്റെ കാര്യത്തിലും വരും. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അധ്യാപനങ്ങള്‍, അവ രണ്ടില്‍നിന്നുമായി സ്വഹാബിമാര്‍ ഉള്‍ക്കൊണ്ടത് -അതാണ് അഹ്‌ലുസ്സുന്നയുടെ വിശ്വാസങ്ങള്‍ക്ക് ആധാരം. അതിനാല്‍ തന്നെ ആ വിശ്വാസസരണിയില്‍ ഉറച്ചു നില്‍ക്കുന്നവരെ അഹ്‌ലുസ്സുന്ന എന്നോ രക്ഷപ്പെടാവുന്ന കക്ഷി (അല്‍ഫിര്‍ഖത്തുന്നാജിയ) എന്നോ ഒക്കെ പറഞ്ഞുവരുന്നു. പ്രസ്തുത സരണിയില്‍നിന്ന് ഭിന്നിച്ചു പോയ സംഘങ്ങളെ അഹ്‌ലുല്‍ ബിദ്അ എന്നോ അഹ്‌ലുല്‍ അഹ്‌വാഅ് എന്നോ അഹ്‌ലുര്‍റഅ്‌യ് എന്നോ അഹ്‌ലുല്‍ ബിദഅ് വല്‍ അഹ്‌വാഅ് എന്നോ ഒക്കെ വിളിച്ചുവരുന്നു.

എന്നാല്‍ ആദര്‍ശവ്യതിയാനം സംഭവിച്ചിട്ടില്ലെങ്കിലും ആചാരാനുഷ്ഠാനങ്ങളില്‍ പുതിയ രീതികള്‍ കൊള്ളുന്നതും ബിദ്അത്ത് എന്ന ഗണത്തില്‍ തന്നെയാണ് പൗരാണിക പണ്ഡിതന്മാര്‍ എണ്ണിയിട്ടുള്ളത്. അത്തരക്കാരെ ബിദ്അത്ത് സംഘങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു മാത്രം. അതിന്റെ അര്‍ഥം കര്‍മരംഗത്തുള്ള ബിദ്അത്തിനെ ന്യായീകരിക്കാമെന്നോ അത് അഭികാമ്യമാണെന്നോ അല്ല. രണ്ടുതരം ബിദ്അത്തും പരിവര്‍ജ്യം തന്നെ. രണ്ടും അധിക്ഷേപാര്‍ഹവും. ഈ ഒരു വസ്തുത അംഗീകരിക്കാന്‍ കൂട്ടാക്കാത്തതാണ് കര്‍മരംഗത്തെ ബിദ്അത്തിനെ താലോലിക്കുന്നവര്‍ക്ക് പറ്റിയ തെറ്റ്. സുന്നത്ത് എന്ന് പേരിട്ട് വിളിച്ചാല്‍ പിന്നെ ഏത് അത്യാചാരവും 'പുണ്യം' എന്ന നില അങ്ങനെ വന്നതാണ്. അതിനുവേണ്ടി ഏതറ്റം വരെ പോകാനും അവര്‍ തെല്ലും മടിക്കുകയില്ല. സുന്നത്തിനെയും ബിദ്അത്തിനെയും വിശ്വാസകാര്യങ്ങളില്‍ പരിമിതപ്പെടുത്താനും എന്നിട്ട് സുന്നത്തും ബിദ്അത്തും സംബന്ധിച്ച് എഴുതിയവരൊക്കെയും സുന്നത്ത്-ബിദ്അത്തുകളുടെ യഥാര്‍ഥ വിവക്ഷ മനസ്സിലാക്കാതെ കണ്ട കിതാബുകളില്‍നിന്നെല്ലാം തോന്നിയ ഇബാറത്തുകള്‍ അങ്ങനെത്തന്നെ വാരിവലിച്ചെഴുതുകയാണ് ചെയ്യുന്നതെന്ന് കുറ്റപ്പെടുത്താനും അവര്‍ ധൈര്യപ്പെട്ടുകളയും. അതിനുവേണ്ടി ചില ഇബാറത്തുകള്‍ അവര്‍ ഉദ്ധരിച്ചെന്നും വരും. ഈ വരികള്‍ അതിന്റെ ഒരു ഉദാഹരണമാണ്.

'ഹാഫിള് ഇബ്‌നു റജബ് തന്നെ വ്യക്തമാക്കുന്നു: പില്‍ക്കാല പണ്ഡിതന്മാര്‍ അധിക പേരും സുന്നത്ത് എന്ന പദം വിശ്വാസ കാര്യങ്ങള്‍ക്ക് മാത്രം പരിമിതമായുപയോഗിക്കുന്നു. കാരണം, ദീനിന്റെ അടിസ്ഥാനപരമായ മൗലിക കാര്യങ്ങള്‍ അവയാണല്ലോ. അതിനെതിരായി വിശ്വസിക്കുന്നവനാകട്ടെ, അതിഭയങ്കരമായ ആപത്തിന്റെ വക്കത്തുമാണ്' (ജാമിഉല്‍ ഉലൂമി വല്‍ഹികം 2:282).

(അഹ്‌ലുസ്സുന്ന; നജീബ് മൗലവി പേ: 60)

ഈ ഉദ്ധരണിയുടെ ബലത്തില്‍ മൗലവി കട്ടായം പറയുന്നത് കാണുക:

'ചുരുക്കത്തില്‍ സുന്നത്തും ബിദ്അത്തും എന്ന പ്രയോഗത്തിലെ സുന്നത്ത് ഹദീസിലെ സുന്നത്തല്ല. ദീനിന്റെ പ്രമാണങ്ങളിലുളള സുന്നത്തുമല്ല, കര്‍മശാസ്ത്രവിധികളില്‍പെട്ട സുന്നത്തുമല്ല. ഇസ്‌ലാം ദീനിനെ മൊത്തമായുള്‍ക്കൊള്ളുന്ന വ്യാപകാര്‍ഥത്തിലുള്ള സുന്നത്തുമല്ല. ഇസ്‌ലാമിന്റെ മൗലിക കാര്യങ്ങള്‍- വിശ്വാസകാര്യങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന പ്രയോഗമാണത്. ബിദ്അത്ത് എന്നത് ഇതിന്റെ നേര്‍ വിപരീതമായ വിശ്വാസ കാര്യങ്ങള്‍ക്കുള്ള നാമമാണ്' (പേ: 60).

ഇപ്പറഞ്ഞത് ഒരു സര്‍വാംഗീകൃത തത്ത്വവും സുന്നത്ത്- ബിദ്അത്ത് എന്നീ പ്രയോഗങ്ങള്‍ വിശ്വാസകാര്യങ്ങളുമായി മാത്രം ബന്ധപ്പെട്ടതുമാണെന്ന മട്ടിലാണ് മൗലവിയുടെ പരാമര്‍ശം. പില്‍ക്കാല പണ്ഡിതന്മാരിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം മാത്രമാണതെന്നും മറിച്ച് അഭിപ്രായമുളളവര്‍ -സുന്നത്ത്- ബിദ്അത്ത് എന്ന പ്രയോഗം വിശ്വാസകാര്യങ്ങളില്‍ മാത്രമല്ല ആചാരാനുഷ്ഠാനങ്ങളില്‍ കൂടി പ്രയോഗിക്കുന്നതാണെന്നും അഭിപ്രായമുള്ളവര്‍ പില്‍ക്കാല പണ്ഡിതന്മാരില്‍ തന്നെയുമുണ്ടെന്നുമുള്ള കാര്യം പാടേ തമസ്‌കരിക്കുന്ന മട്ടിലാണ് പരാമര്‍ശം. മുന്‍ഗാമികള്‍ ഏതായാലും അത്തരമൊരു വിഭജനം നടത്തിയിട്ടില്ല. അഹ്‌ലുസ്സുന്ന വല്‍ജമാഅ എന്നതിലെ സുന്നത്തിന്റെ വിവക്ഷ ആദര്‍ശരംഗത്തെ ശരിയായ കാഴ്ചപ്പാടാണെന്നും നേര്‍വിരുദ്ധമായി അഹ്‌ലുല്‍ ബിദ്അ എന്ന് പറയുമ്പോള്‍ ആദര്‍ശരംഗത്തെ വ്യതിയാനത്തെക്കുറിക്കുന്നു എന്നുമാണ് അവര്‍ പറഞ്ഞതിന്റെ പൊരുള്‍. എന്നാല്‍ ആചാരാനുഷ്ഠാനരംഗത്ത് സുന്നത്തും ബിദ്അത്തുമില്ലെന്ന് ആരും പറഞ്ഞിട്ടില്ല. ഇമാം ഇബ്‌നു റജബിനെ തന്നെ ഉദ്ധരിക്കാം:

'സഞ്ചരിക്കുന്ന പാത, അതാണ് സുന്നത്ത്; റസൂലും ഖുലഫാഉര്‍റാശിദുകളും കൈക്കൊണ്ട വിശ്വാസം, വാക്ക്, പ്രവൃത്തി എല്ലാം അത് ഉള്‍ക്കൊള്ളുന്നുണ്ട്. ഇതാണ് സമ്പൂര്‍ണ സുന്നത്ത്. അതിനാല്‍ തന്നെ അതെല്ലാം ഉള്‍ക്കൊള്ളുന്നതെന്തോ അതിനാണ് സലഫ് സുന്നത്ത് എന്ന് പ്രയോഗിച്ചിട്ടുളളത്. ഹസന്‍, ഔസാഈ, ഫുദൈലുബ്‌നു ഇയാള് എന്നിവരില്‍നിന്ന് ഇതേ ആശയം ഉദ്ധരിച്ചു വന്നിട്ടുണ്ട്.

പില്‍ക്കാല പണ്ഡിതന്മാരില്‍ പലരും സുന്നത്തിനെ വിശ്വാസ കാര്യങ്ങളില്‍ പരിമിതപ്പെടുത്തുന്നുണ്ട്. അതാണ് ദീനിന്റെ അടിസ്ഥാനം എന്നതാണ് കാരണം. അതില്‍ ഭിന്നത പുലര്‍ത്തുന്നവര്‍ മഹാ അപകടത്തിലാണ്. അധികാരികളെ കേള്‍ക്കാനും അനുസരിക്കാനും കല്‍പിച്ച ശേഷം ഇത് പറഞ്ഞതില്‍ അല്ലാഹുവിനെ അനുസരിക്കുന്നതുമായി ബന്ധപ്പെട്ടു മാത്രമേ അധികാരികളെ അനുസരിക്കാവൂ എന്ന സൂചനയുണ്ട്. നന്മയിലേ അനുസരണമുള്ളൂ എന്ന് നബി(സ)യില്‍നിന്ന് പ്രബലമായി വന്നിട്ടുമുണ്ടല്ലോ.'

മുസ്‌നദില്‍ അനസില്‍നിന്നുദ്ധരിച്ചു വന്നിരിക്കുന്നു. മുആദുബ്‌നു ജബല്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, താങ്കളുടെ ചര്യ പിന്തുടരാത്ത, താങ്കളുടെ കല്‍പന പാലിക്കാത്ത അധികാരികളാണ് ഞങ്ങള്‍ക്കുള്ളതെങ്കില്‍ അവരുടെ കല്‍പന സംബന്ധിച്ച് താങ്കള്‍ക്ക് എന്താണ് കല്‍പിക്കാനുള്ളത്?' അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: 'അല്ലാഹുവിനെ അനുസരിക്കാത്തവനെ അനുസരിക്കാവതല്ല.'

ഇബ്‌നു മസ്ഊദില്‍നിന്നുള്ള ഹദീസ് എന്ന നിലക്ക് ഇബ്‌നുമാജ ഉദ്ധരിച്ചിട്ടുണ്ട്. നബി(സ) പറഞ്ഞു; എനിക്കു ശേഷം ചിലര്‍ നിങ്ങളുടെ അധികാരികളായിവരും. അവര്‍ സുന്നത്ത് അണച്ചുകളയും. ബിദ്അത്ത് പ്രവര്‍ത്തിക്കുകയും ചെയ്യും. അവര്‍ നമസ്‌കാരം സമയം തെറ്റിക്കും. ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ അവരെ കണ്ടെത്തിയാല്‍ ഞാന്‍ എങ്ങനെ പ്രവര്‍ത്തിക്കണം? അവിടുന്ന് പറഞ്ഞു; അല്ലാഹുവിനെ ധിക്കരിച്ചവരെ അനുസരിക്കാവതല്ല.

അധികാരികളെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യാന്‍ പൊതുനിര്‍ദേശം നല്‍കിയ ശേഷം തന്റെയും ഖുലഫാഉര്‍റാശിദുകളുടെയും സുന്നത്ത് പിന്‍പറ്റണമെന്ന് നിര്‍ദേശിച്ചത് ഖുലഫാഉര്‍റാശിദീന്റെ സുന്നത്ത് തന്റെ സുന്നത്ത് പോലെ തന്നെ പിന്തുടരപ്പെടേണ്ടതാണെന്നതിനുള്ള തെളിവാണ്. മറ്റ് അധികാരികളുടേത് അങ്ങനെയല്ല.'

(ജാമിഉല്‍ ഉലൂമി വല്‍ ഹികം. ഇബ്‌നു റജബ്: 2:120,121. 28-ാം ഹദീസിന്റെ വിശദീകരണം).

മേല്‍ ഉദ്ധരണി വ്യക്തമാക്കുന്ന കാര്യം ഇതാണ്: സലഫ് (മുന്‍ഗാമികള്‍, സ്വഹാബിമാരും താബിഉകളും അടങ്ങുന്ന ആദ്യതലമുറ) പറയുന്നത് സുന്നത്ത് എന്നത് വിശ്വാസം, പ്രവൃത്തി, വാക്ക് എല്ലാറ്റിനും മൊത്തത്തില്‍ പറയുന്ന പ്രയോഗമാണ്. എന്നാല്‍, പിന്‍ഗാമികളില്‍ കുറേ പേര്‍ പറയുന്നത് സുന്നത്ത് എന്നത് വിശ്വാസവുമായി മാത്രം ബന്ധപ്പെടുത്തിയുള്ള പ്രയോഗമാണ് എന്നത്രെ.

ഇവിടെ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട്; പൂര്‍വഗാമികള്‍ പറഞ്ഞതാണോ പരിഗണിക്കേണ്ടത്, അതോ പിന്‍ഗാമികളിലെ ചിലര്‍ പറഞ്ഞതോ? പൂര്‍വഗാമികള്‍ പറഞ്ഞതാണ് പരിഗണനീയം എന്നാവും കളങ്കമറ്റ മനസ്സില്‍നിന്നുതിരുന്ന മറുപടി. പൂര്‍വികരെ പിന്‍പറ്റുക എന്നത് അഹ്‌ലുസ്സുന്നത്ത് അംഗീകരിച്ച ഒരു പൊതു തത്ത്വമാണ് എന്നതാണ് കാരണം.

ഇബ്‌നു ഹജറുല്‍ ഹൈതമി സവാജിറില്‍ പറഞ്ഞത് ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്. അദ്ദേഹം എഴുതുന്നു:

'ഇജ്മാഅ് പ്രമാണമാണെന്നതിന്റെ തെളിവിന്റെ കൂട്ടത്തില്‍ ഹാകിം അല്‍ മുസ്തദ്‌റകില്‍ ഉദ്ധരിച്ചിട്ടുണ്ട്. അബൂഹുറയ്‌റ(റ)യില്‍നിന്ന്; അദ്ദേഹം പറഞ്ഞു; അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു; ഒരു നിര്‍ബന്ധ നമസ്‌കാരം ശേഷമുള്ള നമസ്‌കാരം വരെ, അത് രണ്ടിനുമിടക്ക് സംഭവിക്കുന്ന തെറ്റുകള്‍ക്കുള്ള പ്രാശ്ചിത്തമാണ്. ഒരു ജുമുഅ അടുത്ത ജുമുഅ വരെയും ഒരു റമദാന്‍ അടുത്ത റമദാന്‍ വരെയും അത് രണ്ടിനും ഇടക്കുള്ളതിനുള്ള പ്രായശ്ചിത്തമാണ്. പിന്നെ നബി(സ) പറഞ്ഞു: മൂന്ന് സംഗതികള്‍ക്കൊഴികെ; അല്ലാഹുവില്‍ പങ്കുചേര്‍ക്കുക, ഇമാമുമായുള്ള കരാര്‍ (സഫഖത്) ലംഘിക്കുക, സുന്നത്ത് വര്‍ജിക്കുക.

ഞങ്ങള്‍ പറഞ്ഞു: പങ്കുചേര്‍ക്കല്‍, അതെന്താണെന്ന് ഞങ്ങള്‍ക്കറിയാം. ഇമാമുമായുള്ള കരാറിന്റെ ലംഘനവും സുന്നത്തിന്റെ വര്‍ജനവും എന്താണ്? റസൂല്‍ പറഞ്ഞു: ഒരാള്‍ക്ക് കൈയടിച്ച് ബൈഅത്ത് ചെയ്യുകയും പിന്നെ അയാളുമായി എതിരിട്ട് അയാളെ വാള്‍ കൊണ്ടു കൊല്ലുകയും ചെയ്യുക എന്നതാണ് സഫഖയുടെ ലംഘനം. സുന്നത്തിന്റെ വര്‍ജനം അല്‍ ജമാഅത്തില്‍നിന്ന് പുറത്തു പോവലും.

ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടില്ലെങ്കിലും ഇത് മുസ്‌ലിമിന്റെ ഉപാധിയനുസരിച്ച് സ്വഹീഹാണെന്നും ഹാകിം പറഞ്ഞു. അഹ്മദിന്റെയും അബൂദാവൂദിന്റെയും ഒരു പാഠം ഇതിനെ ബലപ്പെടുത്തുന്നുണ്ട്. ഒരു ചാണെങ്കിലും അല്‍ജമാഅത്തില്‍നിന്ന് അകലം പാലിക്കുന്നവര്‍ തന്റെ കഴുത്തില്‍നിന്ന് ഇസ്‌ലാമിന്റെ വടം ഊരിയെറിഞ്ഞുകഴിഞ്ഞു.

ജലാലുല്‍ ബുല്‍ഖൈനി പറഞ്ഞു: ബിദ്അത്തിനെ പിന്തുടരുക എന്നതാണ് അതിന്റെ വിവക്ഷ. അതില്‍നിന്ന് അല്ലാഹു നമുക്ക് മുക്തി നല്‍കുമാറാകട്ടെ!

'പുതുതായി വല്ലതും ആവിഷ്‌കരിച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു.' എന്നത് പ്രബലമായി വന്നിട്ടുള്ളതാണ്. 'ആറു പേര്‍, അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ കൂട്ടിച്ചേര്‍ക്കുന്നവന്‍. അല്ലാഹുവിന്റെ ഖദ്‌റിനെ തള്ളിപ്പറയുന്നവന്‍. നിന്റെ സമൂഹത്തിനു മേല്‍ ധിക്കാരപൂര്‍വം ആധിപത്യം സ്ഥാപിക്കുന്നവന്‍. തുടര്‍ന്ന് അല്ലാഹു പ്രതാപം നല്‍കിയവനെ ഇകഴ്ത്തുകയും അല്ലാഹു ഇകഴ്ത്തിയവന് പ്രതാപം കല്‍പിക്കുകയും ചെയ്തവന്‍. അല്ലാഹു പവിത്രത നല്‍കിയതിന്റെ പവിത്രത നശിപ്പിച്ചവന്‍. എന്റെ സന്താനപരമ്പരയില്‍നിന്ന് അല്ലാഹു പവിത്രത നല്‍കിയതിന്റെ പവിത്രത നശിപ്പിച്ചവന്‍. എന്റെ ചര്യ ഉപേക്ഷിച്ചവനും അങ്ങനെതന്നെ.

എന്റെ ചര്യ അവഗണിച്ചവന്‍ എന്നില്‍ പെട്ടവനല്ല എന്നതും പ്രബലമാണ്.

ത്വബറാനി ഉദ്ധരിച്ചിട്ടുണ്ട്; 'തങ്ങളുടെ പ്രവാചകനു ശേഷം ദീനില്‍ പുതുതായി വല്ലതും ആവിഷ്‌കരിച്ച ഏതൊരു സമൂഹവും സമാനമായ സുന്നത്ത് നഷ്ടപ്പെടുത്തിയവരാണ്.'

തബറാനിയും ഇബ്‌നു അബീആസിമും ഉദ്ധരിച്ചിട്ടുണ്ട്. 'ആകാശത്തിനു ചുവട്ടില്‍ പിന്തുടരപ്പെടുന്ന ദേഹേഛയേക്കാള്‍ അല്ലാഹുവിങ്കല്‍ ഏറെ ഗൗരവമുള്ള ഒരു ഇലാഹിനും കീഴ്‌വണങ്ങപ്പെട്ടിട്ടില്ല.'

(അസ്സവാജിര്‍ 1:99. 51-ാമത് മഹാപാപം. സുന്നത്തിന്റെ വര്‍ജനം).

മുകളില്‍ കൊടുത്ത ഉദ്ധരണിയിലെ ഹദീസുകളില്‍ പറഞ്ഞ സുന്നത്തും ബിദ്അത്തും വിശ്വാസപരം മാത്രമല്ല, ആചാരാനുഷ്ഠാനങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ്. ചൊല്ലും ചെയ്തിയും കൂടി ഉള്‍ക്കൊള്ളുന്നത്. നബി(സ)യുടെയും ഖുലഫാഇന്റെയും സുന്നത്ത് എന്ന് പറയുമ്പോഴും അതത്രയും ഉദ്ദേശ്യമാണ്. അതുകൊണ്ടാണ് അഹ്‌ലുസ്സുന്നത്തിന്റെ മൗലിക തത്ത്വങ്ങളെക്കുറിച്ച് പറയുമ്പോള്‍ വിശ്വാസ കാര്യങ്ങള്‍ക്കൊപ്പം ചില കര്‍മശാസ്ത്ര മസ്അലകളും അതില്‍ കടന്നുവരുന്നത്. നബി(സ)യും ഖുലഫാഉര്‍റാശിദുകളും കൈക്കൊണ്ടുപോന്ന വിശ്വാസം, പ്രവൃത്തി, വാക്ക് എല്ലാം ഉള്‍ക്കൊള്ളുന്നതാണ് പൂര്‍ണ സുന്നത്ത് എന്ന് ഇമാം ഇബ്‌നുറജബ് പറയാന്‍ കാരണവും അതുതന്നെ.

സ്വഹാബിമാരും താബിഉകളും സുന്നത്ത് കൈക്കൊള്ളുകയും ബിദ്അത്ത് വെടിയുകയും ചെയ്തത് വിശ്വാസപരമാണോ കര്‍മപരമാണോ എന്ന് നോക്കിയിട്ടായിരുന്നില്ല. നബി(സ)യുടെ ചര്യയില്ലാത്തതും പ്രമാണത്തിന്റെ പിന്‍ബലമില്ലാത്തതും എന്ന പരിഗണന നല്‍കിയിട്ടായിരുന്നു. അതുകൊണ്ടാണ് അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ഇപ്രകാരം പറഞ്ഞത്:

'സുന്നത്തില്‍ മിതത്വം ശീലിപ്പിക്കുന്നതാണ് കഠിനാധ്വാനം ചെയ്ത് ബിദ്അത്ത് ചെയ്യുന്നതിനേക്കാള്‍ നല്ലത്' (സുനനുദ്ദാരിമി 1/77 ബാബുന്‍ ഫീ അറാനിയത്തി അഖ്ദിര്‍റഅ്‌യ്).

അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ മുകളില്‍ ഉദ്ധരിച്ച അസറിന് നമ്മുടെ മൗലവി നല്‍കുന്ന അര്‍ഥം ഇപ്രകാരമാണ്:

'പുത്തന്‍ വിശ്വാസത്തോടെ കഠിനാധ്വാനം ചെയ്ത് സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നതിലേറെ നല്ലത് സുന്നീ വിശ്വാസത്തില്‍ മിതമായി കര്‍മങ്ങള്‍ ചെയ്യുന്നതാണ്' (അഹ്‌ലുസ്സുന്ന; നജീബ് മൗലവി പേ: 58).

ഇത്തരമൊരു അര്‍ഥകല്‍പന അനാവശ്യവും അബദ്ധവുമാണ്. അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ കാലത്ത് പുത്തന്‍ വിശ്വാസങ്ങള്‍ക്ക് പ്രഹരം കിട്ടി തുടങ്ങിയിരുന്നില്ല. ഉസ്മാനുബ്‌നു അഫ്ഫാന്റെ ഭരണകാലത്ത് ഹിജ്‌റ 32-ലാണ് അബ്ദുല്ലാഹിബ്‌നു മസ്ഊദ് മരിച്ചത്. പുതിയ പ്രസ്ഥാനങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത് ഉസ്മാന്റെ വധവും കഴിഞ്ഞ് പിന്നെയും അല്‍പം കഴിഞ്ഞാണ്. മാത്രവുമല്ല, വിശ്വാസപരമായ വ്യതിയാനങ്ങളെയും പുത്തന്‍ കാഴ്ചപ്പാടുകളെയും മാത്രമല്ല, കര്‍മരംഗത്ത് ഉടലെടുക്കുന്ന പുതിയതും നിസ്സാരവുമായ രീതികളെപ്പോലും സ്വഹാബിമാര്‍ വളരെ ഗൗരവത്തില്‍ തന്നെയാണ് കണക്കിലെടുത്തിരുന്നത് എന്നത് അനിഷേധ്യ വസ്തുതയാണ്. വിശ്വാസപരമായി മുസ്‌ലിം സമൂഹത്തില്‍ പുത്തന്‍ കാഴ്ചപ്പാടുകള്‍ രൂപപ്പെടുന്നതും ചേരിതിരിവുണ്ടാവുന്നതും ഉസ്മാന്റെ(റ) വധത്തിനു ശേഷമാണ്; അലി(റ)യുടെ കാലത്ത് ഖവാരിജുകള്‍ രംഗപ്രവേശം ചെയ്തതോടുകൂടി. അതിനു മുമ്പ് അബ്ദുല്ലാഹിബ്‌നു സബഇന്റെ ചില പ്രചാരണങ്ങളും മറ്റുചില ഒറ്റപ്പെട്ട സംഗതികളും മാറ്റി നിര്‍ത്തിയാല്‍ വിശ്വാസരംഗത്ത് അത് അത്രമേല്‍ പ്രചാരം നേടിയിരുന്നില്ല. രാഷ്ട്രീയ രംഗമാണ് അല്‍പം കലുഷിതമായിരുന്നത്. അനുഷ്ഠാന രംഗത്തെ പുതിയ രീതികള്‍ (ബിദ്അത്തുകള്‍) രൂപപ്പെട്ടുവന്നതിന്റെ ഉദാഹരണം ഇമാം ദാരിമി തന്നെ തന്റെ സുനനില്‍ ഉദ്ധരിച്ചത് കാണാന്‍ കഴിയും. പുതിയ ആവിഷ്‌കാര(ഇബ്തിദാഅ്)മല്ല അനുധാവനമാ(ഇത്തിബാഅ്)ണ് വേണ്ടതെന്ന് സ്വഹാബിമാര്‍ പറയാന്‍ കാരണവും അതാണ്. ഉസ്മാനുബ്‌നു ഹാദിറുല്‍ അസ്ദി പറയുന്നു; ഞാന്‍ ഇബ്‌നു അബ്ബാസിന്റെ അടുത്ത് ചെന്നു. ഞാന്‍ പറഞ്ഞു: എന്നെ ഉപദേശിക്കണം. അദ്ദേഹം പറഞ്ഞു; 'അതേ, തഖ്‌വ കൈക്കൊള്ളുക, ചൊവ്വേ നിലകൊള്ളുക. അനുധാവനം ചെയ്യുക. പുതിയതൊന്നും ആവിഷ്‌കരിക്കാതിരിക്കുക' (ദാരിമി 1:57 മുഖവുരയിലെ 19-ാം അധ്യായം ബാബു മന്‍ ഹാബല്‍ ഫുത്‌യാ.)

ഇബ്‌നു സീരീന്‍ പറഞ്ഞു; 'അസറിലുള്ളപ്പോള്‍- സ്വഹാബിമാരുടെ രീതി കൈക്കൊള്ളുക എന്നതാണ് അസര്‍- ശരിയായ പാതയിലാണെന്നാണ് അവരുടെ- താബിഉകളുടെ- നിലപാട്' (സുനനുദ്ദാരിമി അതേ അധ്യായം).

വാക്കുകളെ തെളിവിന്റെ പിന്‍ബലമില്ലാതെ ദുര്‍വ്യാഖ്യാനിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ചവരാണ് അഹ്‌ലുസ്സുന്നത്തിലെ പൂര്‍വികരായ പ്രാമാണിക പണ്ഡിതന്മാര്‍. അഹ്‌ലുസ്സുന്നത്തിന്റെ ഇമാം എന്ന പേരില്‍ വിശ്രുതനായ അബുല്‍ ഹസന്‍ അശ്അരിയടക്കം ആ ഗണത്തിലാണുള്ളത്. അതൊന്നും തെല്ലും പരിഗണിക്കാതെയാണ് അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ മുകളില്‍ കൊടുത്ത പ്രസ്താവത്തിലെ സുന്നത്ത്- ബിദ്അത്ത് പ്രയോഗങ്ങളെ മൗലവി വിശ്വാസപരം എന്ന് വ്യാഖ്യാനിച്ചിരിക്കുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (4-6)
എ.വൈ.ആര്‍