Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 02

3041

1439 ജമാദുല്‍ ആഖിര്‍ 13

സാമുദായിക മൈത്രി വളര്‍ത്തിയ പരിഭാഷാ യത്‌നങ്ങള്‍

അബ്ദുര്‍റഹ്മാന്‍ മങ്ങാട്

ഒരു ബഹുസ്വര സമൂഹത്തില്‍ മതങ്ങളും ദര്‍ശനങ്ങളും ചെലുത്തേണ്ട സ്വാധീനം എങ്ങനെയായിരിക്കണമെന്നതിന്റെ മികച്ച ഉദാഹരണമാണ് കേരളീയ ജീവിതം. മറ്റുള്ളവരെ ആദരിക്കാനും അംഗീകരിക്കാനുമുള്ള കേരളീയ മനസ്സ് പ്രശംസനീയമാണ്. പരസ്പരം അറിയാനും അടുക്കാനുമുള്ള കേരളീയ മനസ്സിന്റെ അഭിലാഷ പൂര്‍ത്തീകരണമാണ് നമ്മുടെ സാഹിത്യ രംഗത്തെ പാരസ്പര്യങ്ങള്‍. വിശുദ്ധ ഖുര്‍ആന്റെ മലയാളത്തിലുള്ള സമ്പൂര്‍ണ കാവ്യപരിഭാഷകള്‍ നിര്‍വഹിച്ച രണ്ട് അമുസ്‌ലിം പണ്ഡിത കവികളുണ്ട്. അമൃതവാണി രചിച്ച ചുനങ്ങാട് കെ.ജി രാഘവന്‍ നായരും ദിവ്യദീപ്തിയുടെ കര്‍ത്താവായ കോന്നിയൂര്‍ രാഘവന്‍ നായരും. വിശുദ്ധ ഖുര്‍ആന്ന് ഭാഗികമായ പരിഭാഷകള്‍ നിര്‍വഹിച്ചവരാണ് ഇ.വി കൃഷ്ണപിള്ളയും ഗുരു നിത്യചൈതന്യ യതിയും സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയും. ഹൈന്ദവ വേദങ്ങളും ദര്‍ശനങ്ങളും മിത്തുകളും പഠിക്കുന്നതില്‍ മുസ്‌ലിം സമൂഹം വളരെ പിറകിലാണെന്ന ആരോപണം എക്കാലവും നിലനിന്നിട്ടുണ്ട്. അറബി മലയാളത്തില്‍ വിരചിതമായ മാപ്പിള രാമായണവും വിക്രമാദിത്യ കഥകളും ഭാഷാ കുരുക്കില്‍ പെട്ട് മലയാളി വായനക്കാരന് അപ്രാപ്യമായതാണെന്ന് നമുക്ക് സമാധാനിക്കാം. പക്ഷേ, 720 പേജില്‍ വിരചിതമായ കരുമന്‍ ഗുരുക്കളുടെ നവീന രാമായണവും വിദ്വാന്‍ ഇസ്ഹാഖ് സാഹിബിന്റെ കൈരളി ഭഗവദ്ഗീതയും നമ്മുടെ സാഹിത്യ ചരിത്രത്തില്‍ ഇടം നേടാതെ പോയതിന് ഉത്തരവാദികള്‍ ആരാണ്? ഗ്രന്ഥകര്‍ത്താക്കള്‍ അമുസ്‌ലിംകളായിരുന്നിട്ടും അമൃത വാണിയും ദിവ്യ ദീപ്തിയും സാഹിത്യ ചരിത്രത്തില്‍ ഇടം നേടാതെ പോയത് അവ വിശുദ്ധ ഖുര്‍ആന്റെ പരിഭാഷ ആയതുകൊണ്ട് മാത്രമാണോ? തമസ്‌കരിക്കപ്പെട്ട കൃതികളില്‍ ചിലത് പരിചയപ്പെടുത്തുകയും സമുദായ സഹവര്‍ത്തിത്വത്തിന് അവ എത്രമാത്രം പ്രയോജനപ്രദമായെന്ന് അന്വേഷിക്കുകയുമാണ് ഈ ലേഖനത്തില്‍.

 

നവീന രാമായണം

മലയാളത്തിലെ രാമകഥാ സാഹിത്യത്തെ കുറിച്ച് പഠനം നടത്തിയവരൊക്കെ മറന്നുപോവുകയോ മനഃപൂര്‍വം അവഗണിക്കുകയോ ചെയ്ത കൃതിയാണ് 'നവീന രാമായണം.' പതിനായിരത്തിലധികം ഈരടികളുള്ള ബൃഹത്തായ രചനയാണിത്. പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്കില്‍ പുതുനഗരത്തിനടുത്തുള്ള കരിപ്പോട് സ്വദേശിയാണ് ഇതിന്റെ കര്‍ത്താവായ കരുമന്‍ ഗുരുക്കള്‍ (1889-1951) എന്ന മുസ്‌ലിം പണ്ഡിതന്‍. തമിഴ് മാതൃഭാഷയായ കുടുംബമാണ് ഗുരുക്കളുടേത്. പാലക്കാട്ടും പരിസരത്തും പത്തൊമ്പതാം നൂറ്റാണ്ടില്‍ എത്തിച്ചേര്‍ന്ന തമിഴ് റാവുത്തര്‍മാര്‍ മൈസൂര്‍ സുല്‍ത്താന്മാരുടെ പിരിച്ചുവിടപ്പെട്ട കുതിരപ്പടയാളികളുടെ പിന്മുറക്കാരാണ്. ഹൈദറലി ഖാന്റെ സൈന്യത്തില്‍ ചേരുന്നതിന് മുമ്പ് ഈ കുതിരപ്പടയാളികള്‍ യൂസുഫ് ഖാന്‍ എന്ന ഇടപ്രഭുവിന്റെ കീഴിലായിരുന്നു സൈനിക സേവനം നടത്തിയിരുന്നതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. മറവര്‍, കള്ളര്‍ എന്നീ സമുദായങ്ങളില്‍നിന്ന് സംഘടിതമായി മതപരിവര്‍ത്തനം ചെയ്തവരാണ് റാവുത്തര്‍മാരില്‍ ഭൂരിപക്ഷവും. വെള്ളാപ്പിള്ള സമുദായത്തില്‍നിന്ന് മതപരിവര്‍ത്തനം നടത്തി മുസ്‌ലിമായി മാറിയ ശേഷവും മധുര മീനാക്ഷിയോട് ഭക്ത്യാദരവ് പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു യൂസുഫ് ഖാന്‍. 1764-ല്‍ ബ്രിട്ടീഷുകാര്‍ ആര്‍ക്കാട് നവാബിന്റെ സഹായത്തോടെ അദ്ദേഹത്തെ വധിച്ചു. ചിതറിയോടിയ മുപ്പതിനായിരത്തോളം വരുന്ന കുതിരപ്പടയാളികള്‍ അവസാനം ചെന്നെത്തിയത് ഡിണ്ടിഗലില്‍ ഫൗജ്ദാറായിരുന്ന ഹൈദറലിയുടെ സമീപത്തായിരുന്നു. അങ്ങനെയാണ് അവര്‍ ഹൈദറലിയുടെ സേനയില്‍ അംഗങ്ങളായിത്തീരുന്നത്.

വൈദ്യം കുലത്തൊഴിലായി സ്വീകരിച്ച ഒരു തമിഴ് റാവുത്തര്‍ കുടുംബത്തില്‍ ജനിച്ച കരുമന്‍ ഗുരുക്കള്‍ താന്‍ എങ്ങനെ രാമായണത്തില്‍ ആകൃഷ്ടനായി എന്ന് നവീന രാമായണത്തിന്റെ ആമുഖത്തില്‍ വിശദീകരിച്ചിട്ടുണ്ട്. 'കമ്പരാമായണം ആധാരമാക്കി പതിനാല് ദിവസം നീണ്ടുനിന്നിരുന്ന തോല്‍പ്പാവക്കൂത്ത് കരിപ്പോട് ഭഗവതി ക്ഷേത്രത്തില്‍ അരങ്ങേറുമ്പോള്‍ ഗ്രന്ഥകാരന്റെ പിതാവ് അത് കാണാന്‍ പതിവായി പോകുമായിരുന്നു. ശ്രീരാമന്റെ അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കഥ പാവക്കൂത്തായി കൂത്തുമാടങ്ങളില്‍ അവതരിപ്പിക്കുമ്പോള്‍ പ്രധാന പുലവരും കാഴ്ചക്കാരും തമ്മില്‍ രാമായണകഥകളെ പറ്റി ചോദ്യോത്തര രൂപത്തില്‍ വാദപ്രതിവാദങ്ങള്‍ നടത്തുമായിരുന്നു. ഈ ചോദ്യോത്തരത്തില്‍ ഗ്രന്ഥകാരന്റെ പിതാവായ വാവന്‍ ഗുരുക്കള്‍ സജീവമായി പങ്കെടുത്തു. പാവക്കൂത്ത് വഴി കമ്പരാമായണത്തിലും ക്രമേണ ഇതര രാമായണങ്ങളിലും അഗാധമായ പാണ്ഡിത്യം നേടിയ പിതാവ് മുഖേനയാണ് കരുമന്‍ ഗുരുക്കള്‍ രാമായണത്തിലേക്ക് ആകൃഷ്ടനാകുന്നത്. അത് മാത്രമല്ല ബാല്യകാല സുഹൃത്തായ തപോവന സ്വാമികളുടെ (ചിന്മയാനന്ദ സ്വാമികളുടെ ഗുരു) പ്രേരണയും മറ്റൊരു നിമിത്തമാകാം.'

തമിഴ്‌നാട്ടില്‍ രാമായണ പഠനങ്ങളിലും രചനകളിലും കഴിവു തെളിയിച്ച ധാരാളം മുസ്‌ലിം പണ്ഡിതന്മാരുണ്ട്. കോട്ടാര്‍ ശൈഖ് തമ്പിപുലവര്‍ എന്ന മുസ്‌ലിം പണ്ഡിതന്‍ തമിഴ് സാഹിത്യത്തിലും ആധ്യാത്മ രാമായണത്തിലും അഗാധ പണ്ഡിതനായിരുന്നു.

വാത്മീകി രാമായണം, ആധ്യാത്മ രാമായണം, കമ്പ രാമായണം, തുളസീദാസ രാമായണം തുടങ്ങി ഇരുപതോളം രാമായണങ്ങള്‍ മനസ്സിരുത്തി പഠിച്ച ശേഷമാണ് ഗുരുക്കള്‍ രാമായണം രചിക്കുന്നത്. മഞ്ജരി, പാന, കാകളി എന്നീ ദ്രാവിഡ വൃത്തങ്ങളിലാണ് രചന പൂര്‍ത്തീകരിച്ചത്. കുലപതികളായ വാത്മീകി, കമ്പര്‍, തുളസീദാസന്‍, എഴുത്തഛന്‍ എന്നിവരെയെല്ലാം കവി തുടക്കത്തില്‍ സ്മരിക്കുന്നു. കഥാവതരണത്തില്‍ പ്രധാനമായും അവലംബിച്ചിട്ടുള്ളത് പാവക്കൂത്തുകാര്‍ ഉപയോഗിക്കാറുള്ള കമ്പരാമായണം അടല്‍പറ്റിനെയാണ്.

തമിഴിലും മലയാളത്തിലും അറിവുണ്ടായിരുന്ന കവിക്ക് സംസ്‌കൃതത്തിലും നല്ല പരിജ്ഞാനമുണ്ടായിരുന്നു. കരിപ്പോടിലെ കോവാണ്ടത്തു വീട്ടില്‍ അപ്പുക്കുട്ടി മന്നാടിയരായിരുന്നു ഗുരുക്കളുടെ സംസ്‌കൃതാധ്യാപകന്‍. ഇദ്ദേഹത്തില്‍നിന്നാണ് ഗുരുക്കള്‍ ശ്രീരാമ വേദാന്തവും ശ്രീകൃഷ്ണ വിലാസവും രഘുവംശവും മാഘവും പഠിച്ചതെന്ന് ആത്മകഥാപരമായ കുറിപ്പില്‍നിന്ന് മനസ്സിലാക്കാം. വൈദ്യവും ജ്യോതിഷവും പഠിച്ചത് സ്വപിതാവായ മാമന്‍ ഗുരുക്കളില്‍നിന്നു തന്നെയാണ്. സംസ്‌കൃത പരിജ്ഞാനം അല്‍പം പോലും ഇല്ലാത്തവര്‍ക്കും അഹിന്ദുക്കള്‍ക്കും ആദ്യ വായനയില്‍തന്നെ രാമായണ കഥയും ദര്‍ശനവും മനസ്സിലാക്കത്തക്ക രീതിയിലാണ് ഗുരുക്കള്‍ രചന നിര്‍വഹിച്ചിട്ടുള്ളത്.

മുസ്‌ലിം സമുദായത്തില്‍നിന്നുണ്ടാകുന്ന പ്രതികരണവും ഒരു മുസ്‌ലിം പണ്ഡിതന്‍ എഴുതിയ രാമായണം യാഥാസ്ഥിതിക ഹിന്ദുക്കള്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയും അദ്ദേഹത്തെ അലട്ടിയിരുന്നു. അതുകൊണ്ടുതന്നെ പ്രസാധനം നീണ്ടുപോയി. കവിയും പണ്ഡിതനുമായ വടവനൂര്‍ വടക്കേപ്പാട്ട് നാരായണന്‍ നായരുടെയും സംസ്‌കൃത പണ്ഡിതനായ ഗോവിന്ദ മേനോന്റെയും അംഗീകാരത്തിനു ശേഷമാണ് സ്വന്തം ചെലവില്‍ പുസ്തകം പ്രസിദ്ധീകരിച്ചത്. കൊല്ല വര്‍ഷം 1112/1937-ല്‍ ഒലവക്കോട് ശ്രീരാമകൃഷ്‌ണോദയം പ്രസ്സില്‍നിന്നാണ് ആയിരം കോപ്പി അച്ചടിച്ചത്.

നവീന രാമായണത്തിനു പുറമെ നമരാത്രി ആഗമം (1949), പാലാഴി മഥനം (1950), വാമലശാസ്ത്ര വൃത്താന്തം (1951), ഹരിഹരപുത്ര മാഹാത്മ്യം (1951) തുടങ്ങി മറ്റു കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുഭോഗജാതക രഹസ്യം (ജ്യോതിഷം) വൈദ്യ സാരാമൃതം (വൈദ്യം) എന്നീ കൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടില്ല.

 

ശ്രീ കൈരളി ഭഗവത്ഗീത

ഭഗവത്ഗീതക്ക് ഒരു മുസ്‌ലിം പണ്ഡിതന്‍ തയാറാക്കിയ വിവര്‍ത്തനമാണ് ശ്രീ കൈരളി ഭഗവത്ഗീത. ഇതിന്റെ രചന നിര്‍വഹിച്ചത് വിദ്വാന്‍ എ. ഇസ്ഹാഖ് സാഹിബ് (1917-1998). ഒരു മുഗള്‍ രാജാകുമാരന്‍ ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളീയ മുസ്‌ലിം പണ്ഡിതന്മാര്‍ ഇത്തരം പരിശ്രമങ്ങളില്‍ ഏര്‍പ്പെടുന്നത് വളരെ അപൂര്‍വമാണ്. അതിനാല്‍ കേരളീയ സാംസ്‌കാരിക ചരിത്രത്തിന് അതുല്യമായ സംഭാവനയാണ് ഇസ്ഹാഖ് സാഹിബ് നല്‍കിയത്. ഭഗവത് ഗീതക്ക് പുറമെ മനുസ്മൃതി, തിരുക്കുറള്‍, നീതിശതകം തുടങ്ങിയ കൃതികളുടെ കാവ്യപരിഭാഷയും അദ്ദേഹം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

1917-ല്‍ കരുനാഗപ്പള്ളി താലൂക്കില്‍ മരുതൂര്‍ കുളങ്ങര തെക്കുംമുറിയില്‍ വാഴത്തും വീട്ടില്‍ കച്ചവടക്കാരനായ അലിക്കുഞ്ഞിന്റെ പുത്രനായാണ് ജനനം. ചെറുപ്പത്തില്‍തന്നെ ഭാഷാപഠനത്തില്‍ പ്രത്യേകം താല്‍പര്യം പ്രകടിപ്പിച്ചു. സംസ്‌കൃതപഠനത്തിന് പിതാവിന്റെയും അമ്മാവനായ യൂസുഫ് ഇസ്സുദ്ദീന്‍ മൗലവിയുടെയും പ്രോത്സാഹനമുണ്ടായിരുന്നു. കരുനാഗപ്പള്ളി എല്‍.പി സ്‌കൂളില്‍ മലയാള അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ ഇസ്ഹാഖ് മദ്രാസ് സര്‍വകലാശാലയില്‍നിന്ന് മലയാളം വിദ്വാന്‍ പരീക്ഷ പാസ്സായി. മലയാളം പണ്ഡിറ്റായി സ്ഥാനക്കയറ്റത്തോടെയാണ് പാലക്കാട് ജില്ലയിലെ കണ്ണാടി ഹൈസ്‌കൂളില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്കിലെ അലനെല്ലൂര്‍ ഹൈസ്‌കൂളില്‍നിന്ന് 22 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ചു.

ഭഗവത്ഗീതയുടെ മുഖവുരയില്‍ അദ്ദേഹം എഴുതുന്നു: ''വിഭിന്ന മതങ്ങളും മത വിഭാഗങ്ങളും അടങ്ങുന്ന ഭാരതത്തിന്റെ ദേശീയോദ്ഗ്രഥനത്തിനും മതമൈത്രിക്കും ഗീതാപഠനം അത്യന്താപേക്ഷിതമാണെന്ന് എനിക്കു തോന്നി. അങ്ങനെയാണ് ഭഗവത്ഗീതയുടെ സമഗ്രമായ പഠനത്തിനുള്ള അദമ്യമായ അഭിനിവേശം എന്റെ ഉള്ളില്‍ തികട്ടി വളര്‍ന്നു സമ്പുഷ്ടമായത്.

കാലം പിന്നെയും കടന്നുപോയി. പാലക്കാട് ഹൈസ്‌കൂള്‍ പണ്ഡിറ്റായി ഞാന്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ സമീപത്ത് സ്ഥിതി ചെയ്യുന്ന രണാശ്രമത്തിലും ഒലവക്കോട് ദിവ്യജീവന നഗരിയിലും നടന്നുവന്ന ഗീതാക്ലാസ്സുകളില്‍ പങ്കുകൊള്ളാനുള്ള ഭാഗ്യം എനിക്ക് കൈവന്നു. അക്കാലത്തുതന്നെയാണ് ഗീത നന്നായി പഠിച്ച പല പണ്ഡിതന്മാരുമായുള്ള സന്തത സമ്പര്‍ക്കം സംലബ്ധമായതും. കൂടാതെ ഇസ്‌ലാംമത പണ്ഡിതന്മാരും ക്രിസ്തുമത പണ്ഡിതന്മാരും സ്വമത ഗ്രന്ഥങ്ങളിലുള്ള അവരുടെ അഗാധമായ അവഗാഹത്തിനൊപ്പം ഗീതാദി ഹിന്ദുമത ഗ്രന്ഥങ്ങളിലും വിജ്ഞാനം നേടി പരപ്രബോധകരായി ചെയ്യുന്ന പ്രഭാഷണങ്ങള്‍ ആയിടെ തുടരെ കേള്‍ക്കുന്നതിനും എനിക്കിടയായി. സാഹചര്യങ്ങള്‍ ഇങ്ങനെ ഒത്തിണങ്ങിയപ്പോള്‍ എന്റെ ഉള്ളിന്റെയുള്ളില്‍ ഗീതാസംബന്ധമായി ഉണ്ടായ ആഭിമുഖ്യം പരിഭാഷയായി ഉരുത്തിരിഞ്ഞുവന്നു എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ?''

എന്തിന് ഇങ്ങനെ ഒരു സാഹസത്തിന് മുതിര്‍ന്നു എന്ന ചോദ്യത്തിന് അദ്ദേഹത്തിന് വ്യക്തമായ മറുപടിയുണ്ട്: 'ഇന്നത്തെ കമ്യൂണിസം, സോഷ്യലിസം തുടങ്ങിയ വര്‍ഗ വിഭാഗങ്ങളുടെ ആദര്‍ശങ്ങളും ദ്വാപരയുഗത്തിലെ ഈ ശ്രീകൃഷ്‌ണോപദേശത്തില്‍ നമുക്ക് കാണാന്‍ കഴിയും. മറ്റുള്ളവര്‍ക്കും ചെല്ലേണ്ട ന്യായമായ ഭാഗം കൊടുക്കാതെ തന്നെത്താനെ ഭോഗങ്ങളെല്ലാം കുന്നുകൂട്ടി അനുഭവിക്കുന്നവന്‍ യഥാര്‍ഥ കള്ളനാണെന്നും അന്യോന്യം വിശാല മനസ്സോടെ സഹായിച്ചാല്‍ ശ്രേയസ്സ് പ്രാപിക്കാമെന്നുമുള്ള ഗീതാ പ്രഖ്യാപനം മറ്റെന്താണ് വിളിച്ചറിയിക്കുന്നത്' (ഗീതം അധ്യായം 3-11-ഉം 12-ഉം ശ്ലോകങ്ങള്‍).

''ഏകയോഗക്ഷേമമായ ഒരു സമൂഹത്തിലേക്കല്ലേ അത് വിരല്‍ ചൂണ്ടുന്നത്. മുസ്‌ലിംകളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനിലെ സകാത്തിന്റെ പദ്ധതി മേല്‍പ്പറഞ്ഞ ഭാഗവുമായി തട്ടിച്ചുനോക്കിയാല്‍ രണ്ടിലെയും ഏകവാക്യതയും ആര്‍ക്കും ബോധ്യപ്പെടുന്നതാണ്.

ഇങ്ങനെ വിവിധ മതശാസ്ത്രങ്ങള്‍ നിഷ്പക്ഷമായ താരതമ്യ വിവേചനം ചെയ്താല്‍ അവയുടെ സാദൃശ്യ സാധര്‍മ്യങ്ങള്‍ ആര്‍ക്കും ദര്‍ശിക്കാം. ഭാരതജനജീവിതത്തില്‍ മതേതരത്വത്തിനു സ്ഥിരപ്രതിഷ്ഠ കൈവന്നിരിക്കുന്നു. അത് ഒരു ദിവസം കൊണ്ട് കൈവന്നതല്ല. അനേകകാലമായി അനേകം പേര്‍ ആത്മാര്‍ഥമായും ആധികാരികമായും പരിശ്രമിച്ചതിന്റെ ഫലമാണ്. ഇത്തരുണത്തില്‍ മുസ്‌ലിം ആയ ഞാന്‍ ഗീത പരിഭാഷപ്പെടുത്താന്‍ തുനിഞ്ഞത് മതമൈത്രിയുടെ സിദ്ധാന്ത പ്രചാരണത്തിനു സഹായകമാകുമെന്നാണ് എന്റെ വിനീതമായ വിശ്വാസം.''

1977-ലാണ് കൈരളി ഭഗവത്ഗീതയുടെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത്. 1980-ല്‍ മറ്റൊരു പതിപ്പും പുറത്തിറങ്ങി. 2011-ല്‍ എന്‍.ബി.എസ് മൂന്നാം പതിപ്പും പുറത്തിറക്കി. കൈരളി ഭഗവത്ഗീതക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും കേരള-കേന്ദ്ര സര്‍ക്കാറുകളുടെ ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. ഭഗവത്ഗീത മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ആദ്യ മുസ്‌ലിം കേരളീയ പണ്ഡിതന്‍ എന്ന ബഹുമതിയും അദ്ദേഹത്തിനു സ്വന്തമാണ്.

മലയാള സാഹിത്യത്തിലെ കുലപതി ശൂരനാട് കുഞ്ഞന്‍ പിള്ളയുടെ അവതാരിക ഈ ഗ്രന്ഥത്തിന് മാറ്റുകൂട്ടുന്നു.കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ എ.എന്‍.പി ഉമ്മര്‍ കുട്ടി, ചട്ടമ്പി സ്വാമികളുടെ പരമ്പരയില്‍പെട്ട സന്യാസി വിദ്യാനന്ദ തീര്‍ഥപാദ സ്വാമികള്‍ (ശ്രീ നീലകണ്ഠ തീര്‍ഥ പാദാശ്രമം) തുടങ്ങിയവര്‍ ഈ പരിഭാഷയെ മുക്തകണ്ഠം പ്രശംസിച്ച് അഭിപ്രായങ്ങള്‍ എഴുതിയിരുന്നു.

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ അഭിപ്രായം കൂടി ഉദ്ധരിക്കാം: ''കേരളത്തിന്റെ സാംസ്‌കാരിക-സാഹിത്യ ചരിത്രത്തില്‍ എ. ഇസ്ഹാഖ് സാഹിബിന്റെ സ്ഥാനം അതുല്യമാണ്. അദ്ദേഹമാണ് ഭഗവത്ഗീതയും മനുസ്മൃതിയും ഉള്‍പ്പെടെയുള്ള ഹിന്ദുമത പ്രമാണ ഗ്രന്ഥങ്ങള്‍ സംസ്‌കൃത ഭാഷയില്‍നിന്ന് മലയാളത്തിലേക്ക് തര്‍ജമ ചെയ്ത ആദ്യത്തെ മുസ്‌ലിം. അദ്ദേഹത്തിന്റെ ശ്രീ കൈരളി ഭഗവദ്ഗീത എന്ന വിവര്‍ത്തന ഗ്രന്ഥം നിരണം കവികളും കുഞ്ഞിക്കുട്ടന്‍ തമ്പുരാനും രൈരു നായരും ഉള്‍പ്പെടുന്ന ഹിന്ദുക്കളായ കവികള്‍ നിര്‍വഹിച്ച ഭഗവത്ഗീതയുടെ പദ്യതര്‍ജമകളേക്കാള്‍ എല്ലാം അര്‍ഥത്തിലും മികച്ചതാണ്. ശൂരനാട് കുഞ്ഞന്‍ പിള്ളയും പി. ഗോവിന്ദപ്പിള്ളയും ചട്ടമ്പി സ്വാമികളുടെ പരമ്പരയില്‍ പെട്ട സന്യാസിയായ വിദ്യാനന്ദ തീര്‍ഥപാദ സ്വാമികളുമെല്ലാം ഇസ്ഹാഖ് സാഹിബിന്റെ ഭഗവത്ഗീത തര്‍ജമയെ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ടെങ്കിലും ഇക്കാലത്ത് മലയാളം ഐഛിക വിഷയമായെടുത്ത് ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവര്‍ക്ക് പോലും അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ ഗീതാ വിവര്‍ത്തനത്തെയോ കുറിച്ച് യാതൊന്നും അറിഞ്ഞുകൂടെന്നുള്ള സ്ഥിതിയാണ് നിലവിലുള്ളത്. പുതുതലമുറയെ ഗ്രസിച്ചിരിക്കുന്ന ഇത്തരം ചരിത്രപരമായ അജ്ഞതകള്‍ പരിഹരിക്കാന്‍ ചെയ്യേണ്ടതു ചെയ്തുകൊണ്ട് മാത്രമേ ഗുജറാത്തും മുസഫര്‍ നഗറും ഇല്ലാത്ത ഹിന്ദു-മുസ്‌ലിം മൈത്രിയുടെ കെട്ടുറപ്പുള്ള രാജ്യമായി ഭാരതത്തെ നിലനിര്‍ത്താനാവൂ.''

1998 ഒക്ടോബര്‍ 19-ന് 81-ാം വയസ്സില്‍ ഈ ലോകത്ത് നിന്ന് യാത്രയായ അദ്ദേഹം ശ്രീ കൈരളി ഭഗവത്ഗീത സമര്‍പ്പിച്ചിരിക്കുന്നത് അമ്മാവനായ യൂസുഫ് ഇസ്സുദ്ദീന്‍ മൗലവിക്കാണ്.

 

വിശുദ്ധ ഖുര്‍ആന്‍

കേരളീയ സമൂഹത്തിന്റെ മതേതര മതമൈത്രിക്ക് പ്രത്യക്ഷ സാക്ഷീകരണമാണ് അമുസ്‌ലിം പണ്ഡിതന്മാര്‍ നിര്‍വഹിച്ചിട്ടുള്ള വിശുദ്ധ ഖുര്‍ആന്‍ പഠനങ്ങളുടെ വിവര്‍ത്തനങ്ങളും. അവയില്‍ ഏതാനും ഗ്രന്ഥങ്ങളും വ്യക്തികളുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണമായി പദ്യ പരിഭാഷ നിര്‍വഹിച്ചിട്ടുള്ളവരാണ് കോന്നിയൂര്‍ രാഘവന്‍ നായരും ചുനങ്ങാട് കെ.ജി രാഘവന്‍ നായരും. കോന്നിയൂര്‍ രാഘവന്‍ നായരുടെ ദിവ്യദീപ്തിയെന്ന ഗ്രന്ഥം 2000 ജൂണില്‍ തിരുവനന്തപുരത്തു ജോര്‍ജ് ഓണക്കൂറിന് നല്‍കി ഒ.എന്‍.വി കുറുപ്പാണ് പ്രകാശനം നിര്‍വഹിച്ചത്. കോഴിക്കോട്ടെ യുവതയുടെ സഹസ്ഥാപനമായ സമന്വയം ബുക്‌സാണ് പ്രസാധകര്‍.

മറ്റൊരു സമ്പൂര്‍ണ പദ്യ പരിഭാഷയായ അമൃതവാണിയുടെ പ്രസാധകര്‍ കോഴിക്കോട് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസാണ്. വാണിദാസ് എളയാവൂരും ശൈഖ് മുഹമ്മദ് കാരകുന്നും കൂട്ടായി രചിച്ച ഖുര്‍ആന്‍ ലളിതസാരം, ഗുരു നിത്യചൈതന്യയതിയുടെ വിശുദ്ധ ഖുര്‍ആന്‍ ഹൃദയാജ്ഞലി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ 'ഒരു ഹിന്ദു സന്യാസി ഖുര്‍ആന്‍ വായിക്കുന്നു' എന്നിവ ഏറെ ശ്രദ്ധേയങ്ങളാണ്. സമകാലിക സാഹചര്യത്തില്‍ ഹിന്ദു പണ്ഡിതശ്രേഷ്ഠന്മാരുടെ ഖുര്‍ആന്‍ വായനകളും പഠനങ്ങളും സമൂഹങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയും സഹവര്‍ത്തിത്വവും വളര്‍ത്താന്‍ ഏറെ പ്രയോജനം ചെയ്യും.

കേരളത്തിലെ ആദ്യത്തെ അമുസ്‌ലിം ഖുര്‍ആന്‍ പരിഭാഷകന്‍ ഇ.വി കൃഷ്ണപിള്ളയായിരിക്കും. പച്ചക്കുതിര 2009 ജൂലൈ ലക്കത്തില്‍ ഇ.പി രാജഗോപാലന്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ വായിക്കാം: ''പി.കെ മൂസ മൗലവിയാണ് മലയാളത്തില്‍ ആദ്യമായ ഖുര്‍ആന്‍ വിവര്‍ത്തനം നടത്തി പൂര്‍ത്തിയാക്കി പ്രസിദ്ധീകരിച്ചത്. 'പരിശുദ്ധ ഖുര്‍ആന്‍' എന്നാണ് പേര്. തലശ്ശേരി മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റിയിലൂടെ പ്രസിദ്ധീകൃതമായാണ് രണ്ടു വാള്യങ്ങളില്‍ അത് വന്നത്. 1935-ല്‍ ഒന്നാം വാള്യവും 38-ല്‍ രണ്ടാം വാള്യവും പുറത്തുവന്നു. എന്നാല്‍ അതിനു ഒരു ദശകം മുമ്പ് തന്നെ മലയാളത്തിന് ഒരു ഖുര്‍ആന്‍ വിവര്‍ത്തനം കൈവരുമായിരുന്നു. ഇ.വി കൃഷ്ണപിള്ളയുടേതാകുമായിരുന്നു അത്.

ഇ.വി തന്റെ ആത്മകഥയായ ജീവിതസ്മരണകളില്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. മുപ്പതാം അധ്യായത്തിന്റെ ഒടുവിലത്തെ ഖണ്ഡികയില്‍ 1922-ല്‍ (കൊല്ലവര്‍ഷം 1097-ല്‍ എന്നാണ് ഇ.വി എഴുതുന്നത്) അദ്ദേഹം ഒരു വടക്കന്‍ യാത്ര നടത്തുന്നത് ഗുരുവായൂര്‍ വരെ എത്തി. കല്‍കുളത്ത് അസിസ്റ്റന്റ് തഹസില്‍ദാറായി ജോലി നോക്കുന്ന സമയമായിരുന്നു. ആ മുഷിപ്പന്‍ പണിയില്‍നിന്ന് അവധിയെടുത്തായിരുന്നു യാത്ര. യാത്രക്കു ശേഷം താന്‍ ഏറ്റെടുത്ത ഒരു സാഹിത്യ പ്രവര്‍ത്തനമാണ് ഖുര്‍ആന്‍ വിവര്‍ത്തനം. ഇ.വിക്ക് അറബി ഭാഷ അറിയില്ല. അലി സഹോദരന്മാരില്‍പെട്ട മുഹമ്മദലിയുടെ ഇംഗ്ലീഷിലുള്ള വിവര്‍ത്തനം വെച്ചായിരുന്നു ഈ യത്‌നം. അത് ഭാഷാപോഷിണി മാസികയിലാണ് പ്രസിദ്ധപ്പെടുത്തിവന്നത്. പുസ്തകമായൊന്ന് പ്രകാശിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ട്? ഇതാണ് ഈ കുറിപ്പിന്റെ വിഷയം. ഇ.വിയെ ഉദ്ധരിക്കാം: ''ഈ ശ്രമം മുസ്‌ലിംകള്‍ എതിര്‍ത്തു. പലരും ഭീഷണിക്കത്തുകള്‍ അയച്ചു. വയ്യാവേലിക്കും വഴക്കിനും പോകേണ്ടെന്നു വെച്ച് ഞാന്‍ ആ യത്‌നം ഉപേക്ഷിച്ചു.''

ലേഖകന്‍ തുടരുന്നു: ''മുസ്‌ലിംകളെക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളും കൊളോണിയല്‍ ഇടപെടല്‍ കൊണ്ട് നാട്ടില്‍ പ്രചരിച്ചിരുന്നു. ഗുണ്ടര്‍ട്ട് പോലും ഇക്കാര്യത്തില്‍ പിറകിലായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഖുര്‍ആനിന്റെ ദര്‍ശനം മലയാളികള്‍ക്ക് കിട്ടുന്നത് ഒരു ഉച്ചാട ക്രിയയായിത്തന്നെ മാറും എന്നും ഇ.വിയെപോലെ ഭാഷാപോഷിണിക്കാരും വിശ്വസിച്ചിരിക്കണം. എന്നാല്‍ ഇതിനെ ഈ നിലയില്‍ സ്വസ്ഥചിത്തരായി കാണാന്‍ മുസ്‌ലിം സമുദായത്തില്‍ ആളുകള്‍ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. ഭൂരിപക്ഷത്തിന്റെ അപക്വമായ സാംസ്‌കാരിക ബോധമാണ് 'എതിര്‍പ്പായും' ഭീഷണിക്കത്തുകളായും മാറിയത്.'' 

ഈ വിഷയകമായ മറ്റു കൃതികള്‍ അടുത്തകാലത്ത് രചിക്കപ്പെട്ടവയാണ്. അവ ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (4-6)
എ.വൈ.ആര്‍