Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 02

3041

1439 ജമാദുല്‍ ആഖിര്‍ 13

ടെയ്‌ലര്‍ അബ്ബാസ്‌ക്ക

ഇ.വി അബ്ദുല്‍ വാഹിദ്, ചാലിയം

ചാലിയത്തിന്റെ നവോത്ഥാന വഴികളില്‍ ജീവിതം അടയാളപ്പെടുത്തി നടന്നുനീങ്ങിയ പച്ചമനുഷ്യനായിരുന്നു മുല്ലക്കാന്റകത്ത് ടെയ്‌ലര്‍ അബ്ബാസ്‌ക്ക (88). പണ്ഡിതനോ എഴുത്തുകാരനോ പ്രഭാഷകനോ ആയിരുന്നില്ല അദ്ദേഹം. സ്വയം അനുഭവിച്ചറിഞ്ഞ നിരര്‍ഥകമായ അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും കലഹിച്ച്, അവയോട് രാജിയാവാന്‍ നില്‍ക്കാതെ തന്റെ ചിന്തയെയും കര്‍മമണ്ഡലത്തെയും ഉദ്ദീപിപ്പിച്ച് സ്വയം സംസ്‌കരിച്ചെടുത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. നൂറുദ്ദീന്‍ ശൈഖിന്റെ നാമത്തില്‍ പടുത്തുയര്‍ത്തിയ ചാലിയം യാറത്തിന്റെ പരിപാലകരായിരുന്ന പിതാവ് ഇല്ലിക്കല്‍ നൂറായിന്‍ കുട്ടി മൊല്ലയുടെയും പിതാമഹന്‍ ഇല്ലിക്കല്‍ മൂലയില്‍ കുഞ്ഞഹമ്മദ് മൊല്ലയുടെയും കര്‍മരീതികള്‍ അനുധാവനം ചെയ്യാന്‍ കൂട്ടാക്കാതെ തന്റെ യുവത്വത്തില്‍തന്നെ വേറിട്ടൊരു സരണി അബ്ബാസ്‌ക്ക വെട്ടിത്തെളിച്ചു. നവോത്ഥാന സംരംഭങ്ങളുടെ കാലൊച്ചകള്‍ക്കുനേരെ കണ്ണും കാതും തുറന്നുവെച്ചപ്പോള്‍ ലഭ്യമായ ലഘുലേഖകളും മാസികകളും, ഉല്‍പതിഷ്ണുക്കളും യാഥാസ്ഥിതികരുമായ ഒരുകൂട്ടം പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളും ഖണ്ഡന-മണ്ഡന പ്രസംഗങ്ങളുടെ വിശകലനങ്ങളുമൊക്കെയാണ് അബ്ബാസ്‌ക്കയില്‍ മാറ്റത്തിന്റെ തിരി കൊളുത്തിയത്. ഇതിന്റെ അനന്തരഫലമായിരുന്നു ചാലിയത്ത്  'ഹിദായത്തുല്‍ അനാം ജമാഅത്ത്' എന്ന പേരില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ ബീജാവാപം. അതിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു അബ്ബാസ്‌ക്ക. മുസ്‌ലിം സമൂഹത്തെ ഉദ്ബുദ്ധമാക്കാന്‍ ഇരുപക്ഷത്തെയും അണിനിരത്തി വാദപ്രതിവാദങ്ങള്‍ ഒരുക്കിയും പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിച്ചും മാതൃഭാഷയില്‍ ജുമുഅ ഖുത്വ്ബ ആവിഷ്‌കരിച്ചും സഹയാത്രികരായ പി.ബി മുഹമ്മദ് കോയ ഹാജി, സി.കെ കോയ, ഉമ്മര്‍കോയ, സി.പി അബ്ദുല്‍ അസീസ് എന്നിവരുമൊത്ത് അദ്ദേഹം മുന്നില്‍ നടന്നു.

നിരന്തര വായനയുടെയും അന്വേഷണത്തിന്റെയും ഫലമായാണ് മുജാഹിദ് പ്രസ്ഥാനത്തില്‍ ചരിച്ചുകൊണ്ടിരിക്കെത്തന്നെ അബ്ബാസ്‌ക്ക ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ ആകൃഷ്ടനായത്. പഴയ പ്രബോധനം പ്രതിപക്ഷ പത്രത്തിന് ഈ മാറ്റത്തില്‍ വലിയ പങ്കുണ്ട്. തന്റെ ടെയ്‌ലര്‍ ഷോപ്പില്‍ നിത്യസന്ദര്‍ശകരായിരുന്ന ജമാഅത്ത് പ്രവര്‍ത്തകര്‍ കൊണ്ടോട്ടി എന്‍.എം ബാവ, സി.സി അബ്ദുല്‍ ഖാദിര്‍ മൗലവി, എം.വി സിയാലിക്കോയ ഹാജി എന്നിവരുമായുള്ള സമ്പര്‍ക്കവും ഇതിന് ആക്കംകൂട്ടി.

പണ്ഡിതശ്രേഷ്ഠരുമായുള്ള കത്തിടപാടുകളിലൂടെ അഭിപ്രായ ഭിന്നതകളുള്ള വിഷയങ്ങളില്‍ ലിഖിതരൂപത്തില്‍ വിദഗ്‌ധോപദേശം സമാഹരിക്കാറുണ്ടായിരുന്നു അദ്ദേഹം. സി.എന്‍ അഹ്മദ് മൗലവി, മൗലവി അബുസ്സ്വബാഹ്, എടവണ്ണ അലവി മൗലവി, കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍, എടവണ്ണ അബ്ദുസ്സലാം സുല്ലമി, കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം, അലി മണിക്ഫാന്‍, കോയക്കുട്ടി ഫാറൂഖി എന്നിവരുമായെല്ലാം ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നു. 

ചാലിയം മസ്ജിദ് അല്‍ഫൗസിന്റെ പ്രസിഡന്റും ജമാഅത്ത് കാര്‍കുനുമായിരുന്നു അബ്ബാസ്‌ക്ക. തര്‍ക്കവിഷയങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിലും അറ്റുപോകുന്ന കുടുംബ ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കുന്നതിലും ഒരു നല്ല മധ്യസ്ഥനായിരുന്നു അദ്ദേഹം. ഒട്ടനേകം നല്ല വിവാഹബന്ധങ്ങള്‍ അബ്ബാസ്‌ക്ക മുഖേന സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഭൂമിയുടെ ക്രയവിക്രയം 'മാഫിയ'കളുടെ കൈകളില്‍ എത്താതിരുന്ന കാലത്ത് പ്രസ്തുത മേഖലയിലും അദ്ദേഹം വഴികാട്ടിയായിരുന്നു. കുടുംബ ബന്ധങ്ങള്‍ പുലര്‍ത്തുന്നതിലും സഹായങ്ങള്‍ എത്തിക്കുന്നതിലും അദ്ദേഹം ദത്തശ്രദ്ധനായിരുന്നു. (അബ്ബാസ്‌ക്കയുടെ അനുഭവങ്ങള്‍ പ്രബോധനം പ്രസിദ്ധീകരിച്ചിരുന്നു. 2017 ജനുവരി 27).

 

 

സുഹറത്ത

എസ്.ആര്‍.എം റോഡിലെ വനിതാ കാര്‍കുന്‍ ഹല്‍ഖയിലെ അംഗമായിരുന്നു സുഹറത്ത. സ്വാര്‍ഥതയും കാപട്യവുമില്ലാത്ത വ്യക്തിത്വം. സ്‌ക്വാഡ് പ്രവര്‍ത്തനത്തിലും പ്രയാസങ്ങളില്‍ സഹായം നല്‍കാനും അതീവ താല്‍പര്യം. ഖുര്‍ആന്‍ ക്ലാസെടുക്കാനും റമദാന്‍ പ്രശ്‌നോത്തരി പോലുള്ള മത്സരങ്ങളിലും ഔത്സുക്യമുണ്ടായിരുന്നു. അസുഖത്തിന്റെ വേദനകള്‍ മറന്ന് അവസാനം വരെ പ്രസ്ഥാനത്തില്‍ സജീവമായിരുന്നു.

ആരിഫ

 

 

ഈരോളി മുഹമ്മദ്

രാമനാട്ടുകരയിലും പരിസരങ്ങളിലും പ്രസ്ഥാനം നട്ടുവളത്താന്‍ മുമ്പില്‍ നടന്നവരില്‍ ഒരാളായിരുന്നു ഈരോളി മുഹമ്മദ് എന്ന ഇ. മുഹമ്മദ് സാഹിബ്. അച്ചനമ്പലത്തെ ടി.ടി. മുഹമ്മദ് കുട്ടി സാഹിബിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രസ്ഥാനത്തിന് ഒരിടവും അംഗീകാരവും ഉണ്ടാക്കിയെടുക്കുന്നതില്‍ മറ്റുള്ളവരോടൊപ്പം മുഹമ്മദ് സാഹിബും പങ്കുവഹിച്ചു. വിപുലമായ വ്യക്തിബന്ധവും സൗഹൃദവും ഉണ്ടായിരുന്ന  അദ്ദേഹം സൗമ്യവും സരസവുമായ സംഭാഷണത്തിനുടമയായിരുന്നു. രാമനാട്ടുകര ടൗണിലെ പച്ചക്കറി കച്ചവടം വഴി വലിയൊരു  കുടുംബത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം നിര്‍വഹിച്ചു. പ്രസ്ഥാനത്തിന്റെ പരിപാടികള്‍ക്ക് ഇതൊന്നും തടസ്സമായില്ല. കാര്യമായ ഔപചാരിക വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലെങ്കിലും ഉയര്‍ന്ന ചിന്തയും നിരൂപണ ശേഷിയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ഭാര്യയും നാല് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളും  അടങ്ങിയതാണ് മുഹമ്മദ് സാഹിബിന്റെ കുടുംബം. മക്കളെ വിദ്യാസമ്പന്നരായി വളര്‍ത്താനും പ്രസ്ഥാനവഴികളിലൂടെ നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

എ. അബ്ദുല്ല മൗലവി രാമനാട്ടുകര

 

 

കെ.വി മുഹമ്മദലി മാസ്റ്റര്‍

ആദ്യകാല ജമാഅത്ത് പ്രവര്‍ത്തകനായിരുന്നു കെ.വി മുഹമ്മദലി മാസ്റ്റര്‍ വടക്കാങ്ങര(84). വടക്കാങ്ങര പ്രാദേശിക ജമാഅത്ത് അംഗം, നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് സ്ഥാപകാംഗം, വടക്കാങ്ങര വെല്‍ഫെയര്‍ സൊസൈറ്റി, മക്കരപ്പറമ്പ് മസ്ജിദ് ഉമറുല്‍ ഫാറൂഖ്, കുഴാപറമ്പ് മസ്ജിദ് റഹ്മാന്‍ സ്ഥാപകാംഗം എന്നീ നിലകളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ലളിതജീവിതം, സൗമ്യസ്വഭാവം തുടങ്ങിയവയില്‍ മാതൃക. കുടുംബത്തിന്റെ ഇസ്‌ലാമികവല്‍ക്കരണത്തില്‍ പ്രത്യേകം ശ്രദ്ധിച്ചു. ഖുര്‍ആന്‍ പഠനസംരംഭങ്ങള്‍ക്ക് നിര്‍ലോഭമായ സഹായങ്ങളും നല്‍കി. താമസിക്കുന്ന വീട്ടുവളപ്പില്‍ മുപ്പത് സെന്റ് സ്ഥലം ഈ ആവശ്യത്തിനായി വഖ്ഫ് ചെയ്തു. മസ്ജിദ് നിര്‍മാണം, വിപുലീകരണം തുടങ്ങിയവക്കായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളെ കണ്ടറിഞ്ഞ് സഹായിച്ചു.

നിര്‍ണായക ഘട്ടത്തില്‍ ഒട്ടനവധി തവണ പ്രസ്ഥാനത്തെ സാമ്പത്തികമായി സഹായിച്ചു. വടക്കാങ്ങര, മക്കരപ്പറമ്പ്, മങ്കട ഭാഗങ്ങളില്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ കഠിനാധ്വാനം ചെയ്ത വ്യക്തിയാണ് അദ്ദേഹം. ഒരു നാട് മുഴുവന്‍ ബഹുമാനിക്കുന്ന വ്യക്തിയായി മുഹമ്മദലി മാസ്റ്റര്‍ മാറിയതില്‍ അദ്ദേഹത്തിന്റെ വിനയത്തിന് വലിയ പങ്കുണ്ട്. ജീവിതത്തില്‍ വളരെയേറെ ചിട്ടയും നിഷ്ഠയുമുള്ള വ്യക്തിത്വമായിരുന്നു.

മലപ്പുറം ജില്ലയിലെ പെരിമ്പലത്തെ പ്രശസ്തമായ കൂരിമണ്ണില്‍ വടക്കെ മണ്ണില്‍ മൊയ്തു-ബിരിയുമ്മ ദമ്പതികളുടെ പുത്രന്‍ കെ.വി പിന്നീട് വടക്കാങ്ങര കുഴാപറമ്പിലേക്ക് താമസം മാറ്റുകയായിരുന്നു.

സമുദായം വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞുനിന്ന കാലത്ത് എം.എ, ബി.എഡ് കരസ്ഥമാക്കി. അധ്യാപകനായും പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ച കെ.വി ഉപവിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്. ശേഷം തിരൂര്‍ക്കാട്, കൊണ്ടോട്ടി, വടക്കാങ്ങര എന്നീ പ്രദേശങ്ങളിലെ മജ്‌ലിസ് സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സര്‍വീസില്‍ വരുന്നതിനു മുമ്പ് ശാന്തപുരം ഇസ്‌ലാമിയാ കോളേജിലും സേവനമനുഷ്ഠിച്ചിരുന്നു.

ഇസ്‌ലാമിക സാഹിത്യങ്ങള്‍ വാങ്ങുകയും വായിക്കുകയും വായിപ്പിക്കുകയും ചെയ്യുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. വീട്ടില്‍ പേരക്കുട്ടികള്‍ വിരുന്ന് വന്നാല്‍ തിരിച്ചു പോകുന്നതിനു മുമ്പ് വായിച്ചു തീര്‍ക്കണമെന്ന് പറഞ്ഞ് പ്രത്യേകം സാഹിത്യങ്ങള്‍ അവര്‍ക്കായി തെരഞ്ഞു വെക്കാറുണ്ടായിരുന്നു. കുടുംബത്തിലും പരിസര പ്രദേശങ്ങളിലും ദൂരെ ദിക്കിലുമുള്ള പരിചിതരായ പാവങ്ങളെ ഉദാരമായി സഹായിച്ചുകൊണ്ടിരുന്നു. വിഷന്‍ 2026-ന്റെ പരിപാടികളില്‍ സജീവ സാമ്പത്തിക പങ്കാളിത്തം വഹിച്ചിരുന്നു. കൃഷി, ആടുമാടുകളെ വളര്‍ത്തല്‍ തുടങ്ങിയവയിലും തല്‍പരനായിരുന്നു.

ധൂര്‍ത്തും ദുര്‍വ്യയവും ജീവിതത്തില്‍ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല അതിനാരെയും അനുവദിച്ചിരുന്നുമില്ല. സ്ത്രീധനം, പലിശ, അന്ധവിശ്വാസങ്ങള്‍ തുടങ്ങിയ തിന്മകള്‍ക്കെതിരെ വീട്ടിലും കുടുംബത്തിലും സമൂഹത്തിലും ഉത്തമ മാതൃക കാട്ടി. സ്ഥായിയായ ദാനധര്‍മങ്ങള്‍ കൊണ്ടും ഉദാരതകള്‍കൊണ്ടും സമ്പുഷ്ടമായ ആ ജീവിതം, മക്കളും മരുമക്കളും പേരമക്കളും പ്രസ്ഥാനമാര്‍ഗത്തിലുണ്ടെന്ന ചാരിതാര്‍ഥ്യത്തോടെയാണ് അവസാനിച്ചത്.

വടക്കാങ്ങരയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കാമ്പും കാതലുമായിരുന്ന മര്‍ഹൂം കരുവാട്ടില്‍ കുട്ട്യാപ്പു സാഹിബിന്റെ മകള്‍ സൈനബയാണ് സഹധര്‍മിണി.

സയ്യിദ് ഹുസൈന്‍ തങ്ങള്‍, വടക്കാങ്ങര

 

 

സെയ്തു മുഹമ്മദ് 

 

കേരള ജമാഅത്തെ ഇസ്‌ലാമിയുടെ മൂന്നാമത്തെ ഘടകം സ്ഥാപിതമായ കക്കോടിയിലെയും പരിസരപ്രദേശങ്ങളിലെയും പ്രസ്ഥാന വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ച വ്യക്തികളിലൊരാളായിരുന്നു പാണക്കോട്ടില്‍ സെയ്തു മുഹമ്മദ് (93). 23-ാം വയസ്സില്‍ ജമാഅത്ത് അംഗമായ അദ്ദേഹം ഹാജി സാഹിബിന്റെ നേരിട്ടുള്ള ശിക്ഷണം ലഭിച്ച വ്യക്തികളിലൊരാളാണ്. ഒന്നിലധികം തവണ കക്കോടി പ്രാദേശിക ജമാഅത്തിന്റെ അമീര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. കക്കോടി മസ്വാലിഹുല്‍ മുസ്‌ലിമീന്‍ സംഘത്തിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

ബീഡിത്തെറുപ്പുകാരനായി ഉപജീവനം ആരംഭിച്ച്, പിന്നീട് കച്ചവടക്കാരനായി മാറിയ സെയ്തു മുഹമ്മദ്ക്ക പരന്ന വായനയിലുടെ ലഭിച്ച അറിവ് ജാതിമതഭേദമന്യേ എല്ലാവരിലും എത്തിക്കാന്‍ ഉത്സാഹിച്ചു. കക്കോടിയിലെ സഹോദര സമുദായങ്ങള്‍ക്കിടയില്‍ പ്രത്യേക സ്ഥാനം ലഭിച്ചത് അവരോടുള്ള അടുത്ത ബന്ധം മൂലമായിരുന്നു. തന്റെ പീടികയില്‍ സ്ഥിരമായി ചായപ്പൊടി എത്തിച്ചിരുന്ന സഹോദര സമുദായത്തില്‍പെട്ട പ്രധാന കച്ചവടക്കാരനെ പ്രബോധനത്തിന്റെ സ്ഥിരം വായനക്കാരനാക്കിയത് അക്കാലത്ത് മറ്റുള്ളവര്‍ക്ക് അത്ഭുതമായിരുന്നു.

നന്മണ്ട, ബാലുശ്ശേരി, ശിവപുരം ഭാഗങ്ങളില്‍ പ്രസ്ഥാനത്തിന്റെ സന്ദേശമെത്തിക്കാന്‍ തന്റെ സൈക്കിളില്‍ സ്ഥിരമായി പോയിരുന്ന സെയ്തുക്ക പരമാവധിപേരെ പ്രബോധനം വായനക്കാരാക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഉപജീവനത്തിന്റെ ഭാഗമായി മദ്രാസ്, മുംബൈ, ഖത്തര്‍ എന്നിവിടങ്ങളില്‍ എത്തിപ്പെട്ടപ്പോഴും കക്കോടിയില്‍നിന്ന് ചേന്ദമംഗല്ലൂരിലേക്ക് താമസം മാറിയപ്പോഴും ദഅ്‌വ പ്രവര്‍ത്തനങ്ങളിലും സ്‌ക്വാഡുകളിലും അദ്ദേഹം മറ്റുള്ളവര്‍ക്ക് മാതൃകയായി.

ഭാര്യ: ഖദീജ. മക്കള്‍: ഹാമിദലി, ജമീല, അബ്ദുല്‍ ജബ്ബാര്‍ (ഖത്തര്‍), അശ്‌റഫ്, റസിയ, സല്‍മ, ജാഫര്‍ ഖാന്‍.

വി. സാലിഹ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (4-6)
എ.വൈ.ആര്‍