Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 02

3041

1439 ജമാദുല്‍ ആഖിര്‍ 13

മയക്കുമരുന്നിനെതിരായ ലേഖനങ്ങള്‍ പ്രചരിപ്പിക്കണം

എം.എ അഹ്മദ് തൃക്കരിപ്പൂര്‍

പതിയിരിക്കുന്ന ലഹരിക്കുഴികളെക്കുറിച്ച് സി.എസ് ഷാഹിനും 'തലമുറകളെ റാഞ്ചുന്ന ഉന്മാദച്ചുഴി' എന്ന ശീര്‍ഷകത്തില്‍ മജീദ് കുട്ടമ്പൂരുമെഴുതിയ ലേഖനങ്ങളാണ് (9-2-2018) ഈ കുറിപ്പിന് പ്രേരകം.

രണ്ട് ലേഖനങ്ങളും പ്രബോധനം വായനക്കാരില്‍ മാത്രം ഒതുങ്ങേണ്ടതല്ല. ഇവ ലഘുലേഖയാക്കി മുഴുവന്‍ ജനങ്ങള്‍ക്കും എത്തിക്കാന്‍ ശ്രമിക്കണം. മുന്‍ഗാമികളായ പ്രസ്ഥാന ബന്ധുക്കള്‍ വാരികയില്‍ വരുന്ന പ്രധാന ലേഖനങ്ങള്‍ ലഘുലേഖയായി പ്രസിദ്ധീകരിച്ച് ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. അതിനു വേണ്ടിവരുന്ന സാമ്പത്തിക ചെലവ് അവര്‍ ഭാരമായി കണ്ടിട്ടില്ല. നന്മയിലേക്ക് ക്ഷണിക്കുകയും തിന്മയെ തടയുകയും ചെയ്യുന്ന ഒരു ഉമ്മത്ത് നിങ്ങളില്‍ നിന്നുണ്ടാവട്ടെ എന്ന ഖുര്‍ആന്‍ സൂക്തം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗവുമാണിത്. 

മുസ്‌ലിംകള്‍ മാത്രമല്ല, നമ്മുടെ മുന്നിലുള്ള ഇതര മതസ്ഥരായ സമസൃഷ്ടികളും മദ്യത്തിലും മയക്കുമരുന്നിലും പെട്ട് നശിക്കുന്നത് നോക്കിനില്‍ക്കേണ്ടവരല്ല പ്രസ്ഥാന ബന്ധുക്കള്‍! മുംബൈ പോലുള്ള വന്‍ നഗരങ്ങളില്‍ പുറം രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രത്യേക തരം പാമ്പിനെ കൂട്ടിലാക്കി അവയെ കൊണ്ട് ലഹരിയാവശ്യമുള്ളവരുടെ നാവില്‍ കൊത്തിച്ച് മയക്കുമരുന്നിനു പകരം വിഷം കയറ്റുന്ന പ്രവണത വരെയുണ്ടത്രെ. സ്‌പെഷ്യലെന്ന പേര് നല്‍കി തയാറാക്കുന്ന പ്രത്യേകതരം സിഗററ്റും ബീഡിയും വഴിയും ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്ന അവസ്ഥയുണ്ടെന്നും പറയപ്പെടുന്നു.

വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്  നമ്മുടെ സന്താനങ്ങളെ രഹസ്യമായും തന്ത്രപരമായും മയക്കുമരുന്നിന് അടിമപ്പെടുത്തുമ്പോള്‍ വഞ്ചിക്കപ്പെട്ടാണിവര്‍ ഉപയോഗത്തിലേക്ക് എടുത്തുചാടുന്നത്. ഒരിക്കല്‍ അടിമപ്പെട്ടവരെ ഇതില്‍നിന്നും മോചിതരാക്കാന്‍ ഏറെ പണിപ്പെടേണ്ടിവരും. മദ്യപാനം ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് നിര്‍ലജ്ജം പറയുന്നവര്‍ കൂടി നമ്മിലുണ്ടാവുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

സര്‍ക്കാറും നിയമപാലകരും മാത്രം എത്ര ശ്രദ്ധിച്ചാലും ഇതിന് കടിഞ്ഞാണിടാനാവുകയില്ല. രക്ഷിതാക്കളും സദാചാര ധാര്‍മിക മൂല്യങ്ങള്‍ മാനിക്കുന്ന എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിച്ചാലേ ഇതിനെതിരായ പ്രവര്‍ത്തനം വിജയപ്രദമാവുകയുള്ളൂ. ആദ്യം ഇതിന്റെ വ്യാപനത്തെക്കുറിച്ചുള്ള അറിവ് ജനങ്ങളിലെത്തിക്കണം. ഇത് കണ്ടില്ലെന്ന് നടിച്ചാല്‍ വിദൂരമല്ലാത്ത ഭാവിയില്‍ കേരളത്തിലെ യുവജനം നമ്മുടെ കൈവിട്ടു പോകും. അത്തരക്കാരെ രക്ഷിതാക്കള്‍ക്കും സമൂഹത്തിനും തിരിച്ചുകിട്ടാന്‍ സാധ്യത കുറവാണ്.

അപ്പര്‍ പ്രൈമറി മുതലുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കുട്ടികളുടെ കുരുന്നു ഹൃദയങ്ങളില്‍ അങ്കുരിപ്പിക്കാന്‍ കഴിയുംവിധം ഉള്‍പ്പെടുത്തുകയും വേണം.

 

 

ജാതിഭ്രാന്തിനെക്കുറിച്ച്

ഫസല്‍ കാതിക്കോട് എഴുതിയ 'ജാതിഭ്രാന്തിലേക്ക് തിരിച്ചുനടക്കുന്ന കേരളം' (ലക്കം 37) എന്ന ലേഖനം സംഘ് പരിവാറിന്റെ ഹിഡന്‍ അജണ്ട തുറന്നുകാട്ടാന്‍ പര്യാപ്തമായി. സവര്‍ണ ജാതികളുടെ അടിസ്ഥാന ഗ്രന്ഥമായ മനുസ്മൃതിയുടെ വിശ്വാസ പ്രമാണത്തിന്റെ ഭാഗമായ ജാതിവ്യവസ്ഥയെ കേരളം കൈയൊഴിഞ്ഞിരുന്നുവെന്നത് വെറും മിഥ്യാധാരണയാണ്. അവര്‍ണന് ക്ഷേത്ര പ്രവേശനം ലഭിച്ചത് പോലും നിര്‍ബന്ധിതാവസ്ഥയിലായിരുന്നല്ലോ? കൂട്ടത്തോടെ മതംമാറുമെന്ന ഭീഷണിക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ലാതെ മുട്ടുമടക്കേണ്ടിവന്ന സാഹചര്യം പകല്‍പോലെ വെളിപ്പെട്ടു കിടക്കുന്നതല്ലേ ഇന്നും. അവര്‍ണന് പ്രവേശനമില്ലാത്ത എത്രയോ ക്ഷേത്രങ്ങള്‍ സാക്ഷര സുന്ദര കേരളത്തില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുമ്പോഴും ഹിന്ദു ഐക്യമെന്ന മോഹന സങ്കല്‍പം നമ്മെ നോക്കി പല്ലിളിക്കുന്നുണ്ടാവാം. ജാതീയ അടിമത്തത്തിനെതിരെ ധീരമായി പോരാടിയ ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും പിന്മുറക്കാര്‍ അധികാരത്തിന്റെ ശീതളഛായ നുകരാന്‍ സവര്‍ണകൂടാരത്തില്‍ എത്തിപ്പെട്ട വൈരുധ്യവും കാണാതെ പോകരുത്. വര്‍ണാശ്രമ സിദ്ധാന്തത്തിന്റെ പ്രയോക്താക്കള്‍ അധികാരസോപാനത്തിലെത്തിയാല്‍ ദുരന്തം ഏറ്റുവാങ്ങുക മുസ്‌ലിംകള്‍ മാത്രമാകും എന്നു മനോമുകുരത്തില്‍ ആശ്വാസം കൊണ്ടവര്‍ ഈ വൈകിയ വേളയിലെങ്കിലും തിരിച്ചറിവ് നേടിയതിന്റെ ശുഭസൂചന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കാണാന്‍ കഴിഞ്ഞതില്‍ ആശ്വസിക്കാം. ജാതി മേല്‍ക്കോയ്മയെ മാനസികമായി പൊതുസമൂഹം അംഗീകരിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവല്ലേ ഭക്ഷണ സാധനങ്ങളും ഭക്ഷണശാലകളും ഉയര്‍ന്ന ജാതി ബ്രാന്‍ഡില്‍ സുലഭമായി മാര്‍ക്കറ്റു ചെയ്യുമ്പോള്‍ അവര്‍ണ ജാതി നാമത്തില്‍ ഇത്തരം ഒരു സ്ഥാപനവും കേരളത്തില്‍ പോലും കാണാന്‍ കഴിയാത്തത്. സവര്‍ണത എന്നത് വെറുമൊരു ജാതീയതയല്ല അതൊരു സംസ്‌കാരവും സിദ്ധാന്തവുമാണെന്ന തിരിച്ചറിവു പോലും പലര്‍ക്കുമില്ല. സ്വയം മാറ്റത്തിന് തയാറാകാത്ത ഒരു സമൂഹത്തെയും ദൈവം കൈപിടിച്ചുയര്‍ത്തുകയില്ല എന്ന ഖുര്‍ആനികാധ്യാപനം എക്കാലവും പ്രസക്തം തന്നെ.

കെ.എ ജബ്ബാര്‍ അമ്പലപ്പുഴ

 

 

 

വീണ്ടും രഥമുരുളുമ്പോള്‍

ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടോ അല്ലാതെയോ ആശയ പ്രചാരണ യാത്ര നടത്താന്‍ ഏത് സംഘടനക്കും അവകാശമുണ്ട്. അത് രാഷ്ട്രീയ സംഘടനകളായാലും സന്നദ്ധ സംഘടനകളായാലും നിയമം ഒരുപോലെയാണ്. നമ്മുടെ സംസ്ഥാനത്ത് അത് നിര്‍ബാധം നടന്നുവരുന്നുമുണ്ട്. അതിലൊന്നും ആരും ആശങ്കപ്പെടാറുമില്ല.

എന്നാല്‍, ഇന്ത്യാ മഹാരാജ്യം ആശങ്കയോടെ വീക്ഷിക്കേ ഒരു യാത്ര ഇതാ പുറപ്പെട്ടിരിക്കുന്നു. അയോധ്യയില്‍നിന്ന് ആരംഭിച്ച രഥയാത്ര തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് സമാപിക്കുന്നത്. സംഘ് പരിവാറിന്റെ കീഴില്‍ നടക്കുന്നതുകൊണ്ടും രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടിയായതുകൊണ്ടുമാണ് രാജ്യം ഈ യാത്രയെ ആശങ്കയോടെയും ഭീതിയോടെയും നോക്കിക്കാണുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അയോധ്യയില്‍നിന്ന് ഇപ്പോള്‍ രഥമുരുളുന്നത് എന്ന കാര്യം ഉറപ്പാണ്. അയോധ്യാ പ്രശ്‌നത്തില്‍ ഇതിന് മുമ്പും രഥം ഉരുണ്ടിട്ടുണ്ട്. 1990-ല്‍ ലാല്‍ കൃഷ്ണ അദ്വാനി നയിച്ച ആ രഥയാത്ര സൃഷ്ടിച്ച രാഷ്ട്രീയ, വര്‍ഗീയ അത്യാഹിതങ്ങള്‍ രാഷ്ട്രഗാത്രത്തില്‍ ഏല്‍പിച്ച ആഴമേറിയ മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല. സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും അന്ന് ഒരുപാടുണ്ടായിട്ടുണ്ട്. യഥാസമയം ലാലുപ്രസാദ് യാദവ് അദ്വാനിയെ പിടിച്ചുകെട്ടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി എന്നു മാത്രം.

അന്നത്തേതിലേറെ രാജ്യം സംഘര്‍ഷഭരിതമാണിന്ന്. ചെറിയൊരു തീപ്പൊരി വീണാല്‍ ആകെ ആളിക്കത്തും, തീര്‍ച്ച. അതുകൊണ്ടുതന്നെ രഥം വീണ്ടും ഉരുളുമ്പോള്‍ രാജ്യനന്മയില്‍ താല്‍പര്യമുള്ളവരെല്ലാം ഭീതിയിലാണ്. വിശിഷ്യാ 'രാം രാജ്യരഥ് യാത്ര' എന്ന് പേരിട്ട് വര്‍ഗീയ വൈരം കത്തിക്കാനുപകരിക്കുന്ന മുദ്രാവാക്യങ്ങളുയര്‍ത്തി രഥമുരുട്ടുമ്പോള്‍. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുക, ഞായറാഴ്ചക്കു പകരം വ്യാഴാഴ്ച വാരാന്ത്യ അവധിയാക്കുക, വര്‍ഷത്തിലൊരു ദിവസം ലോക ഹിന്ദു ദിനമായി പ്രഖ്യാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് യാത്രയില്‍ ഉയര്‍ത്തുന്നത്. ഇതില്‍ ആദ്യ മുദ്രാവാക്യം തന്നെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് തീ കൊളുത്താന്‍ മതിയായതാണ്.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് മുന്നേറിയ അന്നത്തെ യാത്രയിലൂടെയാണ് ഭാരതത്തിന്റെ മതേതര പൈതൃകത്തിന്റെ കഴുത്തറുത്ത ബാബരി മസ്ജിദ് ധ്വംസനത്തിന് ഊര്‍ജമായി മാറിയ വര്‍ഗീയ ചിത്തഭ്രമം ഒരു വിഭാഗം ഹൈന്ദവ മനസ്സുകളില്‍ സംഘികള്‍ സൃഷ്ടിച്ചെടുത്തതെന്ന് മാലോകര്‍ക്കെല്ലാം അറിയാം. അതുകൊണ്ടുതന്നെ ഈ യാത്ര തടഞ്ഞേ തീരൂ. തടയാന്‍ ലാലു സര്‍ക്കാര്‍ അന്ന് കാണിച്ച ത്രാണി വേണ്ടിവന്നാല്‍ മാതൃകയാക്കാന്‍ സംസ്ഥാന ഭരണകൂടങ്ങള്‍ മടിക്കരുത്.

കെ.പി അബൂബക്കര്‍ മുത്തനൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (4-6)
എ.വൈ.ആര്‍