Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 23

3040

1439 ജമാദുല്‍ ആഖിര്‍ 06

സബഅ് ഗോത്രത്തിന്റെ പരിണതിയില്‍നിന്ന് കേരള സമൂഹത്തിന് പഠിക്കാനുള്ളത്

അബ്ദുല്‍ കബീര്‍ കിഴക്കുമ്പാട്ട്

വിശുദ്ധ ഖുര്‍ആനിലെ കഥകളൊന്നും വെറും കഥപറച്ചിലല്ല. ഓരോ കാലത്തെയും മനുഷ്യജീവിതത്തെ ഏറ്റവും ഉത്തമമായി നിര്‍മിച്ചെടുക്കുന്നതിനുള്ള വിഭവങ്ങളുണ്ടതില്‍. അളവറ്റ അനുഗ്രഹങ്ങള്‍ നല്‍കപ്പെട്ടവരുടെയും അക്രമം പ്രവര്‍ത്തിച്ച് ദൈവകോപത്താല്‍ നശിപ്പിക്കപ്പെട്ടവരുടെയും കഥകളില്‍ പാഠങ്ങളുണ്ട്. ഓരോ ഖുര്‍ആന്‍ വായനയിലും അനേകം ജനപഥങ്ങളില്‍ കൂടിയാണ് നമ്മള്‍ കടന്നു പോകുന്നത്. അവ കാലദേശാതീതമായി നമ്മോട് സംവദിച്ചുകൊണ്ടിരിക്കുന്നു.

സൂറഃ സബഇലെ ഏതാനും വചനങ്ങളില്‍ അല്ലാഹു സബഅ് ഗോത്രത്തിന്റെ കഥ നമുക്ക് പറഞ്ഞുതരുന്നു. ദക്ഷിണ യമനില്‍ വസിച്ചിരുന്ന ഗോത്രസമൂഹമായിരുന്നു 'സബഅ്'. ഫലഭൂയിഷ്ടമായ മണ്ണായിരുന്നു അവരുടേത്. തെക്കും കിഴക്കുമുള്ള കടലില്‍നിന്ന് നീരാവിയായുയര്‍ന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന സമൃദ്ധമായ മഴവെള്ളം രണ്ടു മലകള്‍ക്കിടയില്‍ ശേഖരിച്ചുവെക്കാന്‍ കഴിയുന്ന ഭൂപ്രകൃതിയിലും അവര്‍ അനുഗ്രഹിക്കപ്പെട്ടിരുന്നു. മലകള്‍ക്കിടയില്‍ അണകെട്ടി വെള്ളം ശേഖരിച്ച് ഏതുസമയത്തും യഥേഷ്ടം തുറക്കുകയും അടക്കുകയും ചെയ്യാവുന്ന കൃത്രിമ ജലാശയം അവര്‍ ഉണ്ടാക്കി. അതിവിപുലമായ ഈ ജലശേഖരം അവരുടെ കാര്‍ഷിക പുരോഗതിയുടെ അടിസ്ഥാനമായിത്തീര്‍ന്നു.

സമൃദ്ധമായി വെള്ളം കിട്ടിയിരുന്നതുകൊണ്ട് സബഅ് പ്രദേശമാകെ പൂങ്കാവനസദൃശമായിരുന്നു. അവിടെ ക്ഷേമവും സമൃദ്ധിയും ഐശ്വര്യവും ആനന്ദവും കളിയാടി. അവര്‍ എല്ലാം സുഭിക്ഷമായി ആസ്വദിച്ചു സുഖിച്ചുകഴിഞ്ഞു. അല്ലാഹുവിന് നന്ദി കാണിക്കാനോ അവന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്താനോ അവര്‍ തയാറായില്ല. അവര്‍ക്ക് ലഭിച്ച സുഖസമൃദ്ധി അവരെ താന്തോന്നികളാക്കി. അപ്പോള്‍ അവരുടെ കാര്യത്തില്‍ ദൈവത്തിന്റെ ഇടപെടലുണ്ടായി. അണക്കെട്ടിലേക്കുള്ള ജലപ്രവാഹം ശക്തമായി. സമ്മര്‍ദം താങ്ങാനാവാതെ അണക്കെട്ടു പൊട്ടി.  വെള്ളം കൂലംകുത്തിയൊഴുകി. കൃഷിയെല്ലാം ഒലിച്ചുപോയി. നിരവധി പേര്‍ മുങ്ങിമരിച്ചു. തോട്ടങ്ങളും വാസസ്ഥലങ്ങളും നശിച്ചു. ജനങ്ങള്‍ ഛിന്നഭിന്നമായി. ക്രമേണ വെള്ളം വറ്റി. ഡാമിലെ ജലത്തെ ആശ്രയിച്ചിരുന്ന കാര്‍ഷിക മേഖല തരിശായി. കായ്കനികളും ഫലവൃക്ഷങ്ങളും നിറഞ്ഞുനിന്നിരുന്ന തോട്ടങ്ങളുടെ സ്ഥാനത്ത് അങ്ങിങ്ങായി മുള്‍ച്ചെടികളും പൊന്തക്കാടുകളും മാത്രം. ഉപയോഗശൂന്യമായതും ഉപജീവനയോഗ്യമല്ലാത്തതുമായ വൃക്ഷങ്ങളും ചെടികളും ബാക്കിയായി.

സബഅ് ഗോത്രത്തിന്റെ ചരിത്രം വായിക്കുമ്പോള്‍ കാലാവസ്ഥ കൊണ്ടും ഭൂപ്രകൃതികൊണ്ടും അനുഗൃഹീതമായ 'ദൈവത്തിന്റെ സ്വന്തം നാടി'ന് ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച ചിന്ത മനസ്സിലേക്ക് വരാതിരിക്കില്ല. 44 നദികളുടെ നീരൊഴുക്കും അനേകം ഉള്‍നാടന്‍ ജലസമ്പത്തും സമ്പന്നമായ വര്‍ഷകാല മഴസാന്നിധ്യവും മലയാള മണ്ണിനെ ഫലഭൂയിഷ്ടമാക്കി നിലനിര്‍ത്തി. 

കേരളത്തിന്റെ ഭൂഘടനയും സ്ഥാനവും അനേകം അനുഗ്രഹങ്ങളാല്‍ സമ്പന്നമാണ്. ഭൂമധ്യരേഖയില്‍നിന്ന് വളരെ അടുത്തായി കിടക്കുന്നതിനാല്‍ ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെങ്കിലും കടല്‍സാമീപ്യവും, പശ്ചിമഘട്ടനിരകള്‍ മഴമേഘങ്ങളെയും ഈര്‍പ്പത്തെയും തടഞ്ഞുനിര്‍ത്തുന്നതും മൂലം, സമശീതോഷ്ണ കാലാവസ്ഥയാണ് ലഭിക്കുന്നത്. കാലവര്‍ഷവും തുലാവര്‍ഷവും ചേര്‍ന്ന് രണ്ട് മഴക്കാലങ്ങള്‍ ലഭിക്കുന്നു. അതിനു പുറമെ വേനല്‍മഴയും. അന്തരീക്ഷ ഊഷ്മാവില്‍ വര്‍ഷത്തില്‍ ചെറിയ ഏറ്റക്കുറച്ചിലുകളേ ഉണ്ടാകാറുള്ളൂ.

നീരാവിയായ് ഉയര്‍ന്നു പൊങ്ങുന്ന ബാഷ്പകണങ്ങള്‍ കാര്‍മേഘങ്ങളായ് ഒഴുകുമ്പോള്‍ അവയെ ഈ മണ്ണില്‍ തന്നെ മഴയായി പെയ്യിക്കാന്‍ സാധിക്കുംവിധം തടഞ്ഞുനിര്‍ത്താന്‍ കെല്‍പ്പുള്ള മലനിരകളുടെ സാന്നിധ്യം ഈ മണ്ണിന് വന്‍ അനുഗ്രഹമാണ്. ഇതൊന്നും മനുഷ്യപ്രയത്‌നത്താല്‍ രൂപപ്പെട്ടതല്ല. മറിച്ച് സര്‍വശക്തനായ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളാണ്. ഈ ഭൂപ്രകൃതിയും കാലാവസ്ഥയും ആണ് കേരളത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം.

ഇന്ന് കാലാവസ്ഥയും ഭൂപ്രകൃതിയും മനുഷ്യകരങ്ങളുടെ ആര്‍ത്തിപൂണ്ട ഇടപെടലുകള്‍ കാരണം ഭീകരമായി മാറിയിട്ടുണ്ട്. സംസ്ഥാനത്ത് വര്‍ഷം തോറും മഴ കുറയുന്നു. കഴിഞ്ഞ വര്‍ഷം മുപ്പത്തിയാറ് ശതമാനം കുറഞ്ഞു. കിട്ടുന്ന മഴയുടെ അളവും വര്‍ഷംതോറും കുറയുന്നു. അന്തരീക്ഷത്തിലെ താപനില ഇതുമൂലം കഴിഞ്ഞ ഇരുപത് വര്‍ഷമായി ത്വരിത ഗതിയില്‍ കൂടിവരികയാണ്.

സാമൂഹിക ജീവിതത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചു. 1950-കളില്‍ വളരെ പിന്നാക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്  സാക്ഷ്യം വഹിച്ചിട്ടുണ്ട്. കടുത്ത ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ചിഹ്നങ്ങളായ മനുഷ്യരൂപങ്ങള്‍ ഇന്നും നമ്മുടെ ഓര്‍മകളുടെ പുസ്തകത്താളില്‍ ചിതലരിക്കാതെയുണ്ട്.

പ്രഭാതം മുതല്‍ പ്രദോഷം വരെ പണിയെടുത്താല്‍ കൂലിയായി കിട്ടുന്ന കുറച്ച്  ധാന്യങ്ങള്‍, പകര്‍ച്ചവ്യാധികള്‍ പെരുകുമ്പോള്‍ കൂട്ട മരണങ്ങള്‍, ജന്മിത്വത്തില്‍ മാനവും അഭിമാനവും പണയം വെക്കപ്പെട്ട പെണ്‍ജീവിതങ്ങള്‍, ചോദ്യം ചെയ്യുന്ന നാവുകളെ അരിഞ്ഞുകളയുന്ന തമ്പുരാക്കന്മാര്‍, നെടുവീര്‍പ്പിന്റെയും നൊമ്പരങ്ങളുടെയും പുകയുയരുന്ന ഓലപ്പുരകള്‍, ജീവിതഭാരത്താല്‍ നടുവൊടിഞ്ഞ കുടുംബനാഥന്മാര്‍. ഒരു ജനതയുടെ തേട്ടത്തിന് ഉത്തരം കിട്ടുകയായിരുന്നു. 

അടിച്ചമര്‍ത്തപ്പെട്ടവര്‍ വിമോചിതരായി. അടിമ ജീവിതം നയിച്ചിരുന്നവര്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചു. തങ്ങളെ ഭരിക്കേണ്ടവരെ തങ്ങള്‍ തന്നെ തെരഞ്ഞെടുത്തു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഉന്മാദ ലഹരിയില്‍ കലയും സാഹിത്യവും ജന്മിത്വത്തിന്റെ നരനായാട്ടുകളെ വരച്ചും നടിച്ചും ആവിഷ്‌കരിച്ചു. കിടപ്പാടമില്ലാത്തവര്‍ക്ക് തുണ്ടുഭൂമികള്‍ കിട്ടി. സ്വന്തം മണ്ണില്‍ സ്വന്തം കൂരയില്‍ ഭാര്യയോടും മക്കളോടുമൊത്ത് അഭിമാനത്തോടെ അന്തിയുറങ്ങി. പണിക്ക് കൂലി ഔദാര്യമല്ല പണിക്കാരന്റെ അവകാശമാണെന്ന പൊതുനിയമം പ്രാബല്യത്തിലായി. ജോലിയന്വേഷിച്ച് പുറംനാടുകള്‍ താണ്ടിയ പ്രവാസത്തിന്റെ പുലരിവെളിച്ചത്തില്‍ വിദേശനാണ്യം കേരളക്കരയിലേക്കൊഴുകി. 

ഓലമേഞ്ഞ കുടിലുകള്‍ ഓടു മേഞ്ഞവയായും പിന്നെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളായും രൂപാന്തരം പ്രാപിച്ചു. ഒരുവേള ഗള്‍ഫ് നാടുകളിലെ തന്റെ തൊഴിലുടമയേക്കാള്‍ വലിയ ആഡംബര വീടുകള്‍ നിര്‍മിച്ച് പണത്തിന്റെ പെരുമ കാട്ടി. അംബരചുംബികളായ സൗധങ്ങളും ആഢംബര വാഹനങ്ങളും കട്ട പതിച്ച മുറ്റങ്ങളും പരിചാരകരും ഒരു പുതിയ സംസ്‌കാരത്തെ നട്ടുവളര്‍ത്തി. 

ദാരിദ്ര്യത്തിന്റെ ഭൂതകാലത്തിനു മേല്‍ സമ്പന്നതയുടെ സൗധങ്ങള്‍ ഉയര്‍ന്നു പൊങ്ങി.

പത്തു പവന്‍ സ്വര്‍ണമുണ്ടെങ്കില്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടി ദാമ്പത്യജീവിതത്തിന്റെ തണലില്‍ പ്രവേശിക്കുമെങ്കില്‍ നൂറും ഇരുനൂ

റും പവന്‍ സ്വര്‍ണവും ആഡംബരക്കാറും ലക്ഷങ്ങള്‍ സ്ത്രീധനവും കൊടുത്ത് സ്വന്തം മക്കളെ ആഢ്യത്വത്തിന്റെ കൊടുമയില്‍ കെട്ടിച്ചു വിട്ട് ഒരു കൂട്ടര്‍ നിര്‍വൃതികൊണ്ടു. സ്വര്‍ണത്തില്‍ പൊതിഞ്ഞ് തന്റെ പെണ്‍കുട്ടിയെ മറ്റൊരു വീട്ടിലേക്ക് കച്ചവടം ചെയ്തയക്കുമ്പോള്‍, അയല്‍വീട്ടിലെ പാവപ്പെട്ട പെണ്‍കുട്ടി പണമില്ലാത്തതിന്റെ പേരില്‍ കരിപിടിച്ച സ്വപ്‌നങ്ങളുടെ ഇരുട്ടറകളില്‍ ജീവിതം തള്ളിനീക്കുമ്പോള്‍ അഹങ്കാരത്തിന്റെയും ഹുങ്കിന്റെയും അടയാളമായി ആനപ്പുറത്തും ജെ.സി.ബിയിലും അവര്‍ തങ്ങളുടെ മക്കളെ എഴുന്നള്ളിച്ചു.

എന്നാല്‍ ഇന്ന് കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസ പണമൊഴുക്ക് കുറഞ്ഞു. പണം കായ്ക്കുന്ന അറേബ്യന്‍ മണ്ണ് പ്രവാസികളെ കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. ഗള്‍ഫ് പണത്തെ ആശ്രയിച്ചു രൂപപ്പെട്ട സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലാണ്.

ആരോഗ്യരംഗവും ചടുലമായാണ് മാറിയത്. ആരോഗ്യത്തിന്റെ സൂചിക മേലോട്ട് കുതിക്കുന്നു എന്ന് ബന്ധപ്പെട്ടവര്‍ പറയുമ്പോള്‍ യഥാര്‍ഥത്തില്‍ രോഗത്തിന്റെ സൂചികയാണ് കുതിക്കുന്നത്. തിന്നാനില്ലാത്ത ഒരു ജനതയില്‍നിന്ന് തിന്ന് രോഗികളായ ഒരു ജനതയിലേക്കുള്ള പരിണാമം. ഇന്ന് ആളുകള്‍ പട്ടിണികൊണ്ടല്ല രോഗികളാകുന്നത്, അമിതാഹാരം കൊണ്ടാണ്. കൊഴുപ്പും കൊളസ്‌ട്രോളും നിറഞ്ഞ്  രക്തധമനികള്‍ക്ക് താങ്ങാനാവുന്നില്ല.  കാന്‍സര്‍ മലയാളക്കരയെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു.  ജീവിതശൈലി രോഗങ്ങളാണത്രെ മലയാളിക്ക് അധികവും. ആര്‍ത്തികള്‍ തീര്‍ക്കാനുള്ള ഓട്ടത്തിനിടയില്‍ പല മാനുഷിക മൂല്യങ്ങളും മണ്ണിനടിയിലായി.

ഇവിടെയാണ് വിശുദ്ധ ഖുര്‍ആന്റെ മുന്നറിയിപ്പിനെ പുനര്‍വായിക്കേണ്ടത്. സബഅ് ഗോത്രത്തിന്റെ അഭൂതപൂര്‍വമായ സമ്പദ്‌സമൃദ്ധിയും അതില്‍നിന്ന് പാഠമുള്‍ക്കൊള്ളാതിരുന്ന അവരെ അല്ലാഹു ദാരിദ്ര്യം കൊണ്ട് വീണ്ടും പരീക്ഷിച്ചതും.

സൂറത്ത് സബഅ് നമ്മള്‍ ആവര്‍ത്തിച്ചു വായിക്കുന്നുണ്ടാകും. പക്ഷേ, അത് നമ്മുടെ ചിന്തകളെ തൊട്ടുണര്‍ത്തണം. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ഉണ്ടെന്നാണല്ലൊ ആവര്‍ത്തിച്ചു വായിക്കുന്നത്. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്  സുവാര്‍ത്തയാണല്ലോ ഈ ഗ്രന്ഥം.

അല്ലാഹു നല്‍കിയ വെള്ളവും വായുവും ഭക്ഷണവും വസ്ത്രവും ജീവിതസൗകര്യങ്ങളും എല്ലാം ആവോളം ആസ്വദിക്കുകയും അവനെ ധിക്കരിക്കുകയും ചെയ്യുന്ന എല്ലാ വിഭാഗവും കാലദേശാതീതമായി, ഇത്തരം ശിക്ഷകളെ ഭയപ്പെടണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (1-3)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മങ്ങള്‍ പാഴാകുന്നതെപ്പോള്‍?
നൗഷാദ് ചേനപ്പാടി