Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 23

3040

1439 ജമാദുല്‍ ആഖിര്‍ 06

മതംമാറ്റവും നിയമക്കുരുക്കുകളും

വിവരാവകാശ നിയമപ്രകാരം സാമൂഹിക പ്രവര്‍ത്തകനായ അനില്‍ ഗല്‍ഗാലിക്ക് അറിയേണ്ടിയിരുന്നത്, കഴിഞ്ഞ മൂന്നര വര്‍ഷക്കാലത്തിനിടക്ക് മഹാരാഷ്ട്ര സംസ്ഥാനത്ത് എത്ര പേര്‍ ഏതൊക്കെ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തു എന്നായിരുന്നു. അതിന് മറുപടി നല്‍കിയത് മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് ഗവണ്‍മെന്റ് പ്രിന്റിംഗ് ആന്റ് സ്റ്റേഷനറി (ഡി.ജി.പി.എസ്) ആണ്. മറുപടി ഇങ്ങനെയായിരുന്നു: 1687 പേരാണ് മതം മാറിയത്. മതം മാറിയവരില്‍ 1,166 പേര്‍ ഹിന്ദു മതത്തില്‍നിന്നുള്ളവരാണ്. ഇവരില്‍ 664 പേര്‍ ഇസ്‌ലാമിലേക്കാണ് മാറിയത്. ബാക്കിയുള്ളവര്‍ ബുദ്ധമതത്തിലേക്കും (258) ക്രിസ്തുമതത്തിലേക്കും (138) ജൈന മതത്തിലേക്കും (88) സിഖ് മതത്തിലേക്കും (11) മാറി. 263 മുസ്‌ലിംകളും മതം മാറിയിട്ടുണ്ട്. അതില്‍ 228 പേര്‍ ഹിന്ദു മതം തെരഞ്ഞെടുത്തപ്പോള്‍ (87 ശതമാനം) 21 പേര്‍ ക്രിസ്തു മതവും പന്ത്രണ്ട് പേര്‍ ബുദ്ധമതവും രണ്ടു പേര്‍ ജൈന മതവും തെരഞ്ഞെടുത്തു. റിപ്പോര്‍ട്ട് പ്രകാരം മൊത്തം മതം മാറ്റങ്ങളില്‍ 44 ശതമാനം ഇസ്‌ലാമിലേക്കും 21 ശതമാനം ഹിന്ദു മതത്തിലേക്കുമാണ്. ഇത് രജിസ്റ്റര്‍ ചെയ്യപ്പെട്ട കണക്കുകള്‍ മാത്രമാണെന്നും മതപരിവര്‍ത്തിതരുടെ എണ്ണം ഇതിനേക്കാളൊക്കെ എത്രയോ കൂടുതലാണെന്നും ആ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്.

സാമൂഹിക പ്രവര്‍ത്തകനായ അനില്‍ ഗല്‍ഗാലി മതപരിവര്‍ത്തനം സംബന്ധിച്ച് മഹാരാഷ്ട്രയിലെ വിവരങ്ങള്‍ മാത്രം ചോദിച്ചറിയാന്‍ കാരണമുണ്ട്. സംഘ് പരിവാര്‍ ഭരിക്കുന്ന സംസ്ഥാനമാണത്. ആര്‍.എസ്.എസ്സിന്റെ ബൗദ്ധിക കേന്ദ്രവും അവിടെയാണ്. ഘര്‍വാപ്പസി വിഷയത്തില്‍ ബി.ജെ.പിയുടെ അതേ നിലപാടുള്ള ശിവസേനയും സംസ്ഥാനത്ത് പ്രബല സാന്നിധ്യമാണ്. കേന്ദ്ര ഭരണവും സംസ്ഥാന ഭരണവും ഒന്നിച്ച് കൈപ്പിടിയിലൊതുക്കിയതോടെ സംസ്ഥാനത്ത് സംഘ് പരിവാറിന്റെ ഘര്‍വാപ്പസി യത്‌നങ്ങളും സജീവമായി. മതം മാറുന്നവന്റെ മുന്നില്‍ പുതുതായി ഉയര്‍ന്നുവരുന്ന കടമ്പകള്‍ക്ക് കൈയും കണക്കുമില്ലാതായി. 'ലൗ ജിഹാദ്' തനി കെട്ടുകഥയാണെന്ന് പൊതു സമൂഹത്തിന് ബോധ്യമായിട്ടും മതം മാറുന്നവരെ അതിന്റെ പേരില്‍ വ്യാപകമായി തല്ലിച്ചതക്കാന്‍ തുടങ്ങിയത് മതം മാറാന്‍ ആഗ്രഹിക്കുന്നവന്റെ മനസ്സില്‍ ഭയം ജനിപ്പിക്കാന്‍ വേണ്ടി തന്നെയാണ്. അങ്ങനെയുള്ള ഒരു സംസ്ഥാനത്ത് ഈ ഭീഷണികള്‍ വിലപ്പോവുന്നുണ്ടോ എന്നറിയാന്‍ തന്നെയാവും അനില്‍ ഗല്‍ഗാലി വിവരാവകാശ നിയമത്തിന്റെ സഹായം തേടിയത്.

ഏറ്റവ്യത്യാസങ്ങളോടെ എല്ലാ മതങ്ങളിലേക്കും മതംമാറ്റം നടക്കുന്നുണ്ടെങ്കിലും ഇസ്‌ലാമിലേക്ക് മാറുമ്പോഴാണ് അത് കൂടുതല്‍ ഒച്ചപ്പാടുകളും സംഘര്‍ഷങ്ങളുമുണ്ടാക്കുന്നത്. കേരളത്തിലെ ഹാദിയ സംഭവം മികച്ച ഉദാഹരണമാണല്ലോ. ഇത്തരം പ്രശ്‌നങ്ങളില്‍ തല്‍പര കക്ഷികള്‍ മാത്രമല്ല രംഗത്തുള്ളത്. കേരളത്തില്‍ വരെ ഭരണകൂട സംവിധാനങ്ങള്‍ മതം മാറിയവരെ പീഡിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കുകയാണ്. അതൊന്നും പക്ഷേ ജനങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നില്ല എന്നാണ് മേല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സ്ഥാനമോഹങ്ങളില്‍ പ്രലോഭിതരായി മതം മാറുന്നവരുണ്ടാവാം. പക്ഷേ, ബഹുഭൂരിപക്ഷവും സത്യാന്വേഷണത്തിന്റെ ഫലമായോ ജാതിപീഡനത്തില്‍നിന്ന് രക്ഷപ്പെടാനോ ആണ് മതം മാറുന്നത്. മതംമാറ്റ സ്വാതന്ത്ര്യത്തിന് കുരുക്കുകള്‍ പണിയുന്നതിനു പകരം, അതിന് കാരണമാകുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ തയാറാവുകയാണ് ബന്ധപ്പെട്ടവര്‍ വേണ്ടത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (1-3)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മങ്ങള്‍ പാഴാകുന്നതെപ്പോള്‍?
നൗഷാദ് ചേനപ്പാടി